ലോകമതങ്ങളുടെ പാർലമെൻറ്—അതു വിജയിക്കുമോ?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിമൂന്നിലെ വേനൽക്കാലത്ത് അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസിലുള്ള ചിക്കാഗോയിൽവെച്ചു നടത്തപ്പെട്ട ലോകമതങ്ങളുടെ രണ്ടാം പാർലമെൻറിൽ നൂറുകണക്കിനു മതനേതാക്കൾ ഒരുമിച്ചുകൂടി. ബുദ്ധമതം, ക്രൈസ്തവമതം, ഹിന്ദുമതം, യഹൂദമതം, ഇസ്ലാംമതം എന്നിവയുടെയെല്ലാം പ്രതിനിധികൾ ഉണ്ടായിരുന്നു. മന്ത്രവാദിനികളും ദേവതാരാധകരും സന്നിഹിതരായിരുന്നു. അവരെല്ലാം യുദ്ധം അവസാനിപ്പിക്കുന്നതിൽ തങ്ങൾക്കുള്ള പങ്കിനെപ്പററി ചർച്ചചെയ്തു. “ഇന്നു ലോകത്തിൽ നടക്കുന്ന വൻപോരാട്ടങ്ങളിൽ മൂന്നിൽ രണ്ടിനും മതത്തിന്റെ കൂട്ടുണ്ട്” എന്നു പാർലമെൻറിന്റെ അധ്യക്ഷൻ സമ്മതിച്ചുപറഞ്ഞു.
നൂറു വർഷം മുമ്പ്
പാർലമെൻറ് വിജയകരമായിരുന്നുവോ? നൂറു വർഷം മുമ്പു നടന്ന ലോകമതങ്ങളുടെ ആദ്യ പാർലമെൻറിൽ എന്തു സംഭവിച്ചുവെന്നു നോക്കുക. 1893-ലെ വേനൽക്കാലത്തു ചിക്കാഗോയിൽത്തന്നെ ആയിരുന്നു അതും നടന്നത്, 40-ലധികം മതങ്ങളാണ് അന്നു പ്രതിനിധാനം ചെയ്യപ്പെട്ടത്. ലോകമതങ്ങളുടെ പാർലമെൻറ് സമിതി ഇങ്ങനെ സമ്മതിക്കുന്നു: 1893-ൽ പങ്കെടുത്തവർ “പരസ്പരധാരണ, സമാധാനം, പുരോഗതി എന്നിവയെ പരിപുഷ്ടിപ്പെടുത്താൻ ഉതകുന്ന സാർവദേശീയ മിശ്രവിശ്വാസ യോഗങ്ങളുടെ പരമ്പരയിൽ ആദ്യത്തേതാണ് ഇതെന്നു വിശ്വസിച്ചു. പക്ഷേ, സംഭവിച്ചത് അങ്ങനെ ആയിരുന്നില്ല. മതപരമായ അസഹിഷ്ണുതയും അക്രമവും കഴിഞ്ഞ 100 വർഷത്തെ യുദ്ധങ്ങളുടെ ഭാഗമായിരുന്നു, ഇന്നും അങ്ങനെതന്നെ തുടരുന്നു.” എന്തുകൊണ്ടാണീ പരാജയം? മിശ്രവിശ്വാസമെന്ന ആശയത്തെത്തന്നെ ദൈവം അംഗീകരിക്കുന്നില്ല എന്നതാണ് അതിനുള്ള കാരണം. ബൈബിൾ പറയുന്നു: “നിങ്ങൾ അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്.”—2 കൊരിന്ത്യർ 6:14-17.
ഉചിതമായിത്തന്നെ, 1893 സെപ്ററംബറിലെ സീയോന്റെ വീക്ഷാഗോപുരം [ഇംഗ്ലീഷ്] ലോകമതങ്ങളുടെ പാർലമെൻറിനു തിരുവെഴുത്തുപരമായ പിന്തുണയില്ലെന്നു വിശേഷവിധമായി വിവരിച്ച് ഇങ്ങനെ പറഞ്ഞപ്പോൾ അതു കളിതമാശ പറയുകയായിരുന്നില്ല: “ബാബിലോന്റെ നാശാവശിഷ്ടങ്ങളിൽനിന്നും മററു പുരാതന നഗരങ്ങളിൽനിന്നും വിസ്മയംകൊള്ളിക്കുന്ന ഒട്ടനവധി ചുട്ട മൺ-സിലിണ്ടറുകൾ അവർ കുഴിച്ചെടുത്തിട്ടുണ്ട്, എന്നാൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ചിലതുമുണ്ട്. . . . മോവാബ്യരുടെയും അമോന്യരുടെയും ഏദോമ്യരുടെയും . . . ‘മതങ്ങളുടെ പാർലമെൻറ്’ മോശയും യോശുവയും വിളിച്ചുകൂട്ടിയതായി പറയുന്ന എന്തെങ്കിലുമൊന്ന് അവർ കണ്ടെത്തിയിട്ടില്ല. പ്രായംചെന്നവനും ദൃഢഗാത്രനുമായ ശമുവേൽ ആളയച്ചു ദാഗോന്റെ പുരോഹിതപ്രതിനിധികളെ ഗത്തിൽനിന്നും എക്രോനിൽനിന്നും ശീലോവിൽ കൂട്ടിവരുത്തി യഹോവയുടെ പുരോഹിതൻമാരുമായി ഒരു ചർച്ചാസമ്മേളനം നടത്താൻ തുനിഞ്ഞതിന്റെ സൂചന നൽകുന്ന ഒന്നുംതന്നെ അവർ കണ്ടെത്തിയില്ല. . . . ഓരോരുത്തരുടെയും മതത്തോടുള്ള ഒരു പരസ്പര ആദരവു വളർത്തിയെടുക്കണം എന്ന കാഴ്ചപ്പാടിൽ അവരവരുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള ഒരാഴ്ചത്തെ ചർച്ചക്കായി ബാലിന്റെയും മോലേക്കിന്റെയും പുരോഹിതരുമൊത്തുള്ള ഒരു ‘സമ്മേളനം’ നടത്താൻ തുകൽപട്ടയണിഞ്ഞ ഏലിയാവ് നിർദേശിച്ചു എന്നു പറയുന്ന എന്തെങ്കിലുമൊന്ന് അവർ കണ്ടെത്തിയില്ല.”
ദൈവരാജ്യം—ഒരേയൊരു പ്രത്യാശ
ലോകമതങ്ങളുടെ പാർലമെൻറ് വിജയിക്കുകയില്ല. “ക്രമരാഹിത്യം,” “കോലാഹലം,” “ഭ്രാന്താലയം,” പാർലമെൻറിനോടുള്ള ബന്ധത്തിൽ പത്രങ്ങളും പ്രതിനിധികളും ഉപയോഗിച്ച ചില പദങ്ങളാണിവ. ഒരു റിപ്പോർട്ടനുസരിച്ച്, രാഷ്ട്രീയ ഭിന്നതകളുടെ പേരിൽ ഉടലെടുത്ത രണ്ടു ലഹളകൾ ശാന്തമാക്കാൻ പൊലീസ് രംഗത്തിറങ്ങേണ്ടിവന്നു. “ലോകസമാധാനം നേടുന്നതിനും സകല ആളുകൾക്കുമിടയിൽ ഒരു ധാരണയുണ്ടാക്കുന്നതിനും ഐക്യരാഷ്ട്രങ്ങളോട് ഒപ്പം പ്രവർത്തിക്കാൻ മതങ്ങളുടെ സ്ഥിരമായ ഒരു ലോകപാർലമെൻറ് സ്ഥാപിക്കുക”യാണു തങ്ങളുടെ ഉദ്ദേശ്യങ്ങളിലൊന്ന് എന്ന് അതിന്റെ പാർലമെൻറ് 1952-ലെ ഒരു പ്രമാണരേഖയിൽ പട്ടികപ്പെടുത്തുകയുണ്ടായി. ഇതിനു നേർവിപരീതമായിട്ടാണു യേശു പറഞ്ഞത്, തന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എന്ന്. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഒരേയൊരു പരിഹാരം എന്നനിലയിൽ ബൈബിൾ ചൂണ്ടിക്കാട്ടുന്നതു ദൈവരാജ്യത്തെയാണ്.—ദാനീയേൽ 2:44; യോഹന്നാൻ 18:36.