വ്യക്തിപൂജാപ്രസ്ഥാനങ്ങൾ—അവ എന്താണ്?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിമൂന്ന് ഫെബ്രുവരി 28-ന് നൂറിലധികം നിയമനിർവഹണ ഏജൻറുമാർ ഡസൻകണക്കിനു പുരുഷൻമാരും സ്ത്രീകളും കുട്ടികളും താമസിക്കുന്ന കെട്ടിടങ്ങളുള്ള ഒരു കോമ്പൗണ്ടിൽ മിന്നലാക്രമണം നടത്തി. അതിന്റെ ഉദ്ദേശ്യം നിയമവിരുദ്ധമായ ആയുധങ്ങൾ കണ്ടെടുക്കുകയും കുററവാളിയെന്നു സംശയിച്ചിരുന്ന ഒരാളെ അറസ്ററു ചെയ്യുകയുമായിരുന്നു. എന്നാൽ കെട്ടിടങ്ങളുടെ ഉള്ളിൽനിന്നും അവർക്കുനേരെയുണ്ടായ വെടിയുണ്ടകളുടെ തുരുതുരാ വർഷം ഏജൻറുമാരെ ആശ്ചര്യഭരിതരാക്കി. അവർ തിരികെ നിറയൊഴിച്ചു.
ഈ ഏററുമുട്ടലിൽ പത്തുപേർ മരിക്കുകയും അനേകർക്കു പരിക്കേൽക്കുകയും ചെയ്തു. തുടർന്നുള്ള 50 ദിവസങ്ങളിൽ നൂറുകണക്കിനു ഗവൺമെൻറ് പ്രതിനിധികൾ ഒരു ചെറിയ യുദ്ധത്തിന് ആവശ്യമായ തോക്കുകൾ സഹിതം ആ കോമ്പൗണ്ടിന് ഉപരോധം ഏർപ്പെടുത്തി. ചുരുങ്ങിയത് 17 കുട്ടികളുൾപ്പെടെ 86 പേരുടെ മരണത്തിൽ കലാശിച്ചു, അത് ഈ സ്തംഭവനാവസ്ഥക്കു വിരാമം കുറിച്ചു.
എന്നാൽ ആരായിരുന്നു ഈ ശത്രു? മയക്കുമരുന്നു കവർച്ചസംഘമോ? അതോ ഒരു ഗെറില്ല വിഭാഗമോ? അല്ല. നിങ്ങൾക്ക് ഒരുപക്ഷേ അറിയാവുന്നതുപോലെ “ശത്രു” മത ഭക്തരുടെ ഒരു കൂട്ടം, ഒരു വ്യക്തിപൂജാപ്രസ്ഥാനത്തിന്റെ അംഗങ്ങളായിരുന്നു. അവരുടെ ദുരന്തം യു.എസ്.എ.യുടെ സെൻട്രൽ ടെക്സാസിൽ അറിയപ്പെടാതെ കിടന്ന ഒരു സമൂഹത്തെ അന്തർദേശീയ ശ്രദ്ധാകേന്ദ്രമാക്കിമാററി. റേഡിയോയിലും ടെലിവിഷനിലും പത്രമാസികകളിലും മതഭ്രാന്തരായ വ്യക്തിപൂജാപ്രസ്ഥാനങ്ങളുടെ അപകടസാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെയും വിശകലനങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രളയമായിരുന്നു.
വ്യക്തിപൂജാപ്രസ്ഥാനത്തിലെ അംഗങ്ങളെ അവരുടെ നേതാക്കൻമാർ മരണത്തിലേക്കു നയിച്ചിട്ടുള്ള മുൻ സംഭവങ്ങളെക്കുറിച്ചു പൊതുജനങ്ങളെ ഓർമപ്പെടുത്തി: കാലിഫോർണിയയിൽ 1969-ൽ നടന്ന മാൻസൻ കൊലപാതകം; ഗയാനയിലെ ജോൺസ്ടൗണിൽ വ്യക്തിപൂജാപ്രസ്ഥാനത്തിലെ അംഗങ്ങൾ 1978-ൽ നടത്തിയ കൂട്ട ആത്മഹത്യ; വ്യക്തിപൂജാപ്രസ്ഥാന നേതാവായിരുന്ന കൊറിയയിലെ പാക് സുൻജാ 1987-ൽ ആസൂത്രണംചെയ്ത, 32 അംഗങ്ങളുടെ മരണത്തിൽ കലാശിച്ച കൊലപാതക-ആത്മഹത്യാ കരാർ. ഈ ആളുകളിൽ മിക്കവരും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുകയും ബൈബിളിൽ വിശ്വസിക്കുന്നുവെന്നു ഭാവിക്കുകയും ചെയ്തിരുന്നുവെന്നതു ശ്രദ്ധേയമാണ്.
ബൈബിൾ ദൈവത്തിന്റെ വചനമായി ആദരിക്കുന്ന അനേകരും ഈ വ്യക്തിപൂജാപ്രസ്ഥാനക്കാരാലുള്ള തിരുവെഴുത്തുകളുടെ ദുരുപയോഗത്തിൽ ഞെട്ടിത്തരിക്കുന്നുവെന്നതു സ്പഷ്ടമാണ്. തത്ഫലമായി, വ്യക്തിപൂജാപ്രസ്ഥാനങ്ങളെ നിരീക്ഷിക്കുകയും അവയുടെ അപകടകരമായ ആചാരങ്ങൾ വെട്ടിത്തുറന്നു കാട്ടുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നൂറുകണക്കിനു സ്ഥാപനങ്ങൾ നിലവിൽവന്നിട്ടുണ്ട്. ചുരുക്കം ചില വർഷങ്ങൾക്കുള്ളിലെ ഒരു പുതിയ സഹസ്രാബ്ദത്തിന്റെ ആഗമനം വ്യക്തിപൂജാപ്രസ്ഥാനങ്ങളുടെ വ്യാപനത്തിനു വഴിമരുന്നിട്ടേക്കാമെന്ന് വ്യക്തിപൂജാപ്രസ്ഥാനങ്ങളുടെ പെരുമാററം നിരീക്ഷിക്കുന്ന വിദഗ്ധർ മുൻകൂട്ടിപ്പറയുന്നു. ആയിരക്കണക്കിനു വ്യക്തിപൂജാപ്രസ്ഥാനങ്ങൾ “നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുന്നതിനും നിങ്ങളുടെ ആത്മാക്കളെ ദുഷിപ്പിക്കുന്നതിനും ഒരുങ്ങി നിൽക്കുന്നു. . . . ചുരുക്കം ചിലരേ സായുധരായിട്ടുള്ളൂവെങ്കിലും മിക്കവരും അപകടകാരികളാണെന്നു പരിഗണിക്കപ്പെടുന്നു. അവർ നിങ്ങളെ ചതിക്കുകയും നിങ്ങളെ കൊള്ളയടിക്കുകയും നിങ്ങളുടെ വിവാഹവും ശവസംസ്കാരവുമൊക്കെ നടത്തിത്തരുകയും ചെയ്യുന്നു”വെന്ന് വ്യക്തിപൂജാപ്രസ്ഥാനവിരുദ്ധ വിഭാഗങ്ങൾ പറയുന്നതായി ഒരു വാർത്താ പത്രിക ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിപൂജാപ്രസ്ഥാനം എന്നാലെന്താണ്?
“വ്യക്തിപൂജാപ്രസ്ഥാനം” എന്ന പദത്തിന്റെ സൂചനാപ്രയോഗങ്ങളെക്കുറിച്ചു മുഴുവനായി അറിഞ്ഞുകൂടാത്ത അനേകരും അത് നിർലോഭമായി ഉപയോഗിക്കുന്നു. ആശയക്കുഴപ്പം തടയുന്നതിനു ചില വേദശാസ്ത്രജ്ഞൻമാർ വാസ്തവത്തിൽ ആ പദപ്രയോഗം ഒഴിവാക്കുന്നു.
“പരമ്പരാഗതമായി, ഏതു രീതിയിലുള്ള ആരാധനയെയും മതപരമായ ചടങ്ങുകളെയും വ്യക്തിപൂജാപ്രസ്ഥാനം എന്ന പദപ്രയോഗം അർഥമാക്കുന്നു”വെന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു. ആ വ്യവസ്ഥപ്രകാരം എല്ലാ മതസ്ഥാപനങ്ങളെയും വ്യക്തിപൂജാപ്രസ്ഥാനങ്ങളായി കണക്കാക്കാം. എന്നിരുന്നാലും, ഇന്നത്തെ സാധാരണ ഉപയോഗത്തിൽ “വ്യക്തിപൂജാപ്രസ്ഥാനം” എന്ന പദത്തിന് ഒരു വ്യത്യസ്ത അർഥമുണ്ട്. “1900-ങ്ങളുടെ മധ്യത്തിൽ വ്യക്തിപൂജാപ്രസ്ഥാനങ്ങളെ സംബന്ധിച്ചുള്ള ശ്രുതി ആ പദപ്രയോഗത്തിന്റെ അർഥത്തിനു ഭേദഗതി വരുത്തിയിരിക്കുന്നു. ഇന്ന് ആ പദം, പുതിയതും യാഥാസ്ഥിതികമല്ലാത്തതുമായ സിദ്ധാന്തങ്ങളും ആചാരങ്ങളും പുലർത്തുന്ന ജീവിച്ചിരിക്കുന്ന ഒരു നേതാവിനെ അനുഗമിക്കുന്ന കൂട്ടത്തെ കുറിക്കുന്നു” എന്ന് അതേ എൻസൈക്ലോപീഡിയ കുറിക്കൊള്ളുന്നു.
സാധാരണമായി, “വരശക്തിയുള്ള ഒരു വ്യക്തിയിൽനിന്ന് തങ്ങളുടെ താദാത്മ്യവും ഉദ്ദേശ്യവും പ്രാപിക്കുന്ന അതിർകടന്ന വീക്ഷണഗതിയുള്ള ചെറിയ വിഭാഗങ്ങളാണ്” വ്യക്തിപൂജാപ്രസ്ഥാനങ്ങൾ എന്ന് ആ പദത്തിന്റെ ജനസമ്മതിയുള്ള പ്രയോഗം അംഗീകരിച്ചുകൊണ്ട് ന്യൂസ്വീക്ക് മാഗസിൻ വിശദീകരിക്കുന്നു. സമാനമായി, “[വ്യക്തിപൂജാപ്രസ്ഥാനം] എന്ന പദംതന്നെ അവ്യക്തമാണ്. പക്ഷേ, സാധാരണമായി ഇത് ദൈവത്തിന്റെ മൂർത്തിമദ്ഭാവമാണു താനെന്നു സ്വയംപ്രഖ്യാപിക്കുന്ന വരശക്തിയുള്ള ഒരു വ്യക്തിയെ ചുററിപ്പററി നിർമിതമായിട്ടുള്ള ഒരു പുതിയ മതസംഹിതയെ കുറിക്കുന്നു” എന്ന് ഏഷ്യാവീക്ക് മാഗസിൻ പറയുന്നു.
യു.എസ്.എ.യിലെ മേരിലാൻഡ് സംസ്ഥാനത്തിന്റെ 100-ാമതു സമ്മേളനത്തിന്റെ സംയുക്ത പ്രമേയത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വ്യക്തിപൂജാപ്രസ്ഥാനത്തിന് അനാദരസൂചകമായ അർഥമാണു നൽകുന്നത്. “ഒരു വ്യക്തിക്കോ ആശയത്തിനോ അമിതമായ ഭക്തിപ്രദർശിപ്പിക്കുന്നതും അതിന്റെ നേതാവിന്റെ ലക്ഷ്യങ്ങൾ പുരോഗമിപ്പിക്കുന്നതിനു സദാചാരവിരുദ്ധവും കൃത്രിമവുമായ തന്ത്രങ്ങളാവിഷ്കരിച്ച് ആളുകളെ പ്രേരിപ്പിച്ചു വശപ്പെടുത്തുന്ന ഒരു വിഭാഗമോ പ്രസ്ഥാനമോ ആണ്” ഒരു വ്യക്തിപൂജാപ്രസ്ഥാനം എന്ന് ആ പ്രമേയം പ്രസ്താവിക്കുന്നു.
പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സാമുദായിക പെരുമാററചട്ടങ്ങൾക്കു വിരുദ്ധമായ മൗലിക കാഴ്ചപ്പാടുകളും ആചാരങ്ങളുമുള്ള മതവിഭാഗമായിട്ടാണ് വ്യക്തിപൂജാപ്രസ്ഥാനത്തെ പരക്കെ മനസ്സിലാക്കിയിരിക്കുന്നത്. അവർ തങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ മിക്കപ്പോഴും രഹസ്യമായി നടത്തുന്നു. ഈ വ്യക്തിപൂജാപ്രസ്ഥാന കൂട്ടങ്ങളിൽ പലതും വാസ്തവത്തിൽ സംഘങ്ങളായി സമൂഹത്തിൽനിന്നു തങ്ങളെത്തന്നെ ഒററപ്പെടുത്തുന്നു. ഒരു സ്വയംപ്രഖ്യാപിത നേതാവിനോടുള്ള അവരുടെ ഭക്തി നിരുപാധികവും അനന്യവുമായിരിക്കാനാണു സാധ്യത. മിക്കപ്പോഴും ഈ നേതാക്കൻമാർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നോ ദിവ്യത്വമുള്ളവരാണെന്നുപോലുമോ വീമ്പടിക്കുകയും ചെയ്യുന്നു.
ചിലപ്പോഴെല്ലാം വ്യക്തിപൂജാപ്രസ്ഥാന വിരുദ്ധ സ്ഥാപനങ്ങളും മാധ്യമങ്ങളും യഹോവയുടെ സാക്ഷികളെ ഒരു വ്യക്തിപൂജാപ്രസ്ഥാനമായി പരാമർശിച്ചിട്ടുണ്ട്. ഈയിടത്തെ കുറെ പത്രലേഖനങ്ങൾ ചോദ്യം ചെയ്യത്തക്ക ആചാരങ്ങളനുഷ്ഠിക്കുന്ന മതവിഭാഗങ്ങളോടൊപ്പം യഹോവയുടെ സാക്ഷികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികളെ അതിർകടന്ന വീക്ഷണഗതിയുള്ള ഒരു ചെറിയ മതവിഭാഗമായി പരാമർശിക്കുന്നതു ശരിയായിരിക്കുമോ? വ്യക്തിപൂജാപ്രസ്ഥാനത്തിലെ അംഗങ്ങൾ മിക്കപ്പോഴും സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും പൊതുസമുദായത്തിൽനിന്നുപോലും തങ്ങളെത്തന്നെ ഒററപ്പെടുത്തുന്നു. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചു വസ്തുത അങ്ങനെയാണോ? അംഗങ്ങളെ പുതുതായി ചേർക്കുന്നതിനുവേണ്ടി വഞ്ചനാത്മകവും സദാചാരവിരുദ്ധവുമായ തന്ത്രങ്ങൾ സാക്ഷികൾ ഉപയോഗിക്കുന്നുണ്ടോ?
വ്യക്തിപൂജാപ്രസ്ഥാനത്തിന്റെ നേതാക്കൻമാർ തങ്ങളുടെ അനുഗാമികളുടെ മനസ്സിനെ നിയന്ത്രിക്കുന്നതിനു കൃത്രിമ രീതികൾ പ്രയോഗിക്കുന്നതായാണ് അറിവ്. യഹോവയുടെ സാക്ഷികൾ ഇങ്ങനെ ചെയ്യുന്നുവെന്നതിന് എന്തെങ്കിലും തെളിവുണ്ടോ? അവരുടെ ആരാധന നടത്തുന്നതു രഹസ്യത്തിലാണോ? അവർ ഒരു മാനുഷനേതാവിനെ അനുഗമിക്കുകയും പൂജിക്കുകയും ചെയ്യുന്നുവോ? സ്പഷ്ടമായിപ്പറഞ്ഞാൽ യഹോവയുടെ സാക്ഷികൾ ഒരു വ്യക്തിപൂജാപ്രസ്ഥാനമാണോ?
[3-ാം പേജിലെ ചിത്രത്തിന്റെ കടപ്പാട്]
Jerry Hoefer/Fort Worth Star Telegram/Sipa Press