യഹോവയുടെ സാക്ഷികൾ ഒരു വ്യക്തിപൂജാപ്രസ്ഥാനമോ?
യേശുക്രിസ്തു കുടിയനും ഭക്ഷണപ്രിയനും ശബത്ത് ലംഘകനും കള്ളസാക്ഷിയും ദൈവദൂഷകനും സാത്താന്റെ സന്ദേശവാഹകനുമാണെന്നു കുററമാരോപിക്കപ്പെട്ടു. വിധ്വംസകപ്രവർത്തകനെന്ന കുററവും അവിടുത്തെമേൽ ആരോപിക്കപ്പെട്ടു.—മത്തായി 9:34; 11:19; 12:24; 26:65; യോഹന്നാൻ 8:13; 9:16; 19:12.
യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനുംശേഷം അവിടുത്തെ ശിഷ്യൻമാർ അതേപോലെ ഗൗരവമായ കുററാരോപണത്തിന് ഇരകളായി. ‘ഈ മനുഷ്യർ ഭൂലോകത്തെ തലകീഴ്മറിച്ചു’ എന്ന് അലറിവിളിച്ച ജനക്കൂട്ടം ഒന്നാം നൂററാണ്ടിലെ ഒരു കൂട്ടം ക്രിസ്ത്യാനികളെ നഗരാധിപൻമാരുടെ അടുക്കലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. (പ്രവൃത്തികൾ 17:6) മറെറാരവസരത്തിൽ, അപ്പോസ്തലനായ പൗലോസിനെയും അദ്ദേഹത്തിന്റെ മിത്രമായിരുന്ന ശീലാസിനെയും ഫിലിപ്പി നഗരത്തെ വളരെ അസ്വസ്ഥമാക്കുന്നുവെന്നു പഴിചാരി ന്യായാധിപൻമാരുടെ മുമ്പാകെ കൊണ്ടുവന്നു.—പ്രവൃത്തികൾ 16:20.
പിന്നീടു പൗലോസ് “ശല്യക്കാരനും ലോകം മുഴുവനുമുള്ള യഹൂദരുടെയിടയിൽ ഒരു പ്രക്ഷോഭകാരി” ആണെന്നും “ദേവാലയംപോലും മുഴുവൻ അശുദ്ധമാക്കാൻ” ശ്രമിക്കുന്നവനാണെന്നുമുള്ള കുററം ആരോപിക്കപ്പെട്ടു. (പ്രവർത്തനങ്ങൾ 24:5, 6 പി.ഒ.സി. ബൈബിൾ) “ഇതു ഞങ്ങൾക്കറിയാം. ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകൾ എതിർത്തു സംസാരിക്കുന്നുണ്ട്” എന്ന് റോമയിലെ യഹൂദ പ്രമാണികൾ സമ്മതിച്ചുപറഞ്ഞപ്പോൾ അവർ യേശുവിന്റെ അനുഗാമികളുടെ അവസ്ഥ കൃത്യമായി വർണിക്കുകയായിരുന്നു.—പ്രവർത്തനങ്ങൾ 28:22, പി.ഒ.സി. ബൈ.
സ്പഷ്ടമായും, ആ നാളുകളിൽ സാധാരണമായി അംഗീകരിക്കപ്പെട്ടിരുന്ന സാമൂഹിക പെരുമാററങ്ങൾക്കു വിരുദ്ധമായ മൗലിക വീക്ഷണങ്ങളും ആചാരങ്ങളുമുള്ള മതവിഭാഗമായിട്ടാണ് യേശുക്രിസ്തു സ്ഥാപിച്ച ഈ പുതിയ വിഭാഗത്തെ ചിലർ കരുതിയിരുന്നത്. സംശയലേശമെന്യേ, ഇന്ന് അനേകരും ആ ക്രിസ്ത്യാനികളെ ഒരു നാശകരമായ വ്യക്തിപൂജാപ്രസ്ഥാനമായിട്ടു കണക്കാക്കുമായിരുന്നു. കുററാരോപകർ മിക്കപ്പോഴും സമുദായത്തിൽ പേരുകേട്ടവരും ബഹുമാന്യരുമാണെന്നത് ആരോപണത്തിനു കൂടുതൽ ആക്കം കൂട്ടുന്നതായി തോന്നിക്കുന്നു. യേശുവിനും അവിടുത്തെ ശിഷ്യൻമാർക്കും എതിരായിട്ടുള്ള കുററാരോപണങ്ങൾ അനേകരും വിശ്വസിച്ചു. എങ്കിലും, ഒരുപക്ഷേ നിങ്ങൾക്കറിയാവുന്നപ്രകാരം ഈ കുററാരോപണങ്ങളെല്ലാം കള്ളമായിരുന്നു! ആളുകൾ ഈ സംഗതികൾ പറഞ്ഞുവെന്നുള്ള വസ്തുത അവയെ വാസ്തവമാക്കിത്തീർത്തില്ല.
ഇന്നത്തെ അവസ്ഥയോ? സാധാരണമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സാമൂഹിക പെരുമാററങ്ങൾക്കു വിരുദ്ധമായ മൗലിക വീക്ഷണങ്ങളും ആചാരങ്ങളുമുള്ള ഒരു മതവിഭാഗമായി യഹോവയുടെ സാക്ഷികളെ പരാമർശിക്കുന്നതു കൃത്യമായിരിക്കുമോ? യഹോവയുടെ സാക്ഷികൾ ഒരു വ്യക്തിപൂജാപ്രസ്ഥാനമാണോ?
തെളിവുകൾ കാണിക്കുന്നത്
“അന്ധകാരത്തിലിരുന്നുകൊണ്ടു കുട്ടികളെ കശാപ്പുചെയ്യുകയും സ്വയം കൊല്ലുകയും ചെയ്യുന്ന ഒരുതരം അധോലോക മതവിഭാഗമായിട്ടാണു യഹോവയുടെ സാക്ഷികളെക്കുറിച്ചു ഞങ്ങളോടു പറഞ്ഞിരുന്നത്” എന്നു റഷ്യയിലെ സെൻറ് പീറേറഴ്സ്ബർഗിലെ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. എന്നിരുന്നാലും, റഷ്യയിലെ ജനങ്ങൾ ഈയിടെ സാക്ഷികളുടെ യഥാർഥ സ്വഭാവവുമായി നല്ലവണ്ണം പരിചിതരായിരിക്കുന്നു. അന്തർദേശീയ കൺവെൻഷനോടുള്ള ബന്ധത്തിൽ യഹോവയുടെ സാക്ഷികളോടൊപ്പം പ്രവർത്തിച്ചശേഷം അതേ ഉദ്യോഗസ്ഥൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എനിക്കറിയാവുന്ന അനേകം ആളുകളെക്കാൾപോലും മെച്ചമായ, ക്രമനിലയുള്ള, പ്രസന്നവദരായ ആളുകളെ ഞാൻ ഇപ്പോൾ കാണുന്നു. അവർ സമാധാനപ്രിയരും ശാന്തരുമാണ്, അവർ പരസ്പരം അഗാധമായി സ്നേഹിക്കുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “അവരെക്കുറിച്ച് ആളുകൾ ഇപ്രകാരമുള്ള നുണകൾ പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു തീർത്തും മനസ്സിലാകുന്നില്ല.”
യഹോവയുടെ സാക്ഷികൾ ആചാരാനുഷ്ഠാനപ്രകാരമുള്ള യോഗങ്ങൾ നടത്തുന്നില്ല, അവരുടെ ആരാധന രഹസ്യത്തിലുമല്ല. സാക്ഷിയല്ലാത്ത ഒരു ഗ്രന്ഥകാരിയായ ജൂലിയ മിച്ചൽ കോർബററ് കുറിക്കൊള്ളുന്നു: “അവർ പതിവായി ആഴ്ചയിൽ ഒന്നിലധികം പ്രാവശ്യം രാജ്യഹാളിൽ വന്നുചേരുമ്പോൾ (അവരുടെ യോഗസ്ഥലത്തെ പള്ളികൾ എന്നല്ല വിളിക്കുന്നത്), അവരുടെ സമയത്തിന്റെ സിംഹഭാഗവും ബൈബിളധ്യയനത്തിനും ചർച്ചയ്ക്കുമായി ചെലവിടുന്നു.” അവരുടെ യോഗസ്ഥലത്തെ രാജ്യഹാൾ എന്ന ബോർഡുകൊണ്ടു വ്യക്തമായി തിരിച്ചറിയിക്കുന്നു. യോഗങ്ങളിൽ ആർക്കും പങ്കെടുക്കാവുന്നതാണ്, ഹാജരാകാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നുമുണ്ട്. ക്ഷണിക്കപ്പെടാത്ത അതിഥികൾക്കും തീർച്ചയായും സ്വാഗതമുണ്ട്.
“സാക്ഷികൾ സത്യസന്ധരും മര്യാദയുള്ളവരും കഠിനാധ്വാനികളുമെന്ന സൽപ്പേരു നേടിയിരിക്കുന്നു” എന്നു കോർബററ് അമേരിക്കയിലെ മതം [ഇംഗ്ലീഷ്] എന്ന തന്റെ ഗ്രന്ഥത്തിൽ കൂട്ടിച്ചേർക്കുന്നു. സാക്ഷികളല്ലാത്ത അനേകരും യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് അവർക്ക് വികൃതമോ അവലക്ഷണമോ ആയ എന്തെങ്കിലുമൊന്നില്ലെന്ന് സത്വരം സമ്മതിച്ചുപറയും. അംഗീകരിക്കപ്പെട്ടിരിക്കുന്ന സാമൂഹികപെരുമാററങ്ങൾക്കു വിരുദ്ധമല്ല അവരുടെ നടത്ത. സാക്ഷികൾ “വ്യക്തിപരമായ നടത്തയിൽ ഒരു ഉന്നത ധാർമിക സംഹിതക്കുവേണ്ടി നിർബന്ധംപിടിക്കുന്നവരാണ്” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക കൃത്യതയോടെ പ്രസ്താവിക്കുന്നു.
60 മിനിററ് എന്ന ടിവി വാർത്താ ചിത്രീകരണത്തിൽ സാക്ഷികൾക്കെതിരെ നടത്തിയ പക്ഷപാതപരമായ ഒരു റിപ്പോർട്ടിനു മറുപടിയായി ഐക്യനാടുകളിലെ ഒരു ടെലിവിഷൻ സ്റേറഷനിലെ ന്യൂസ് ആൻഡ് സ്പെഷ്യൽ പ്രോജക്ട്സിന്റെ ഡയറക്ടർ യഹോവയുടെ സാക്ഷികൾക്ക് ഇങ്ങനെ എഴുതി. “നിങ്ങളുടെ വിശ്വാസപ്രകാരം കൂടുതൽ ആളുകൾ ജീവിച്ചിരുന്നെങ്കിൽ ഈ ദേശം ഇപ്പോഴുള്ളവിധത്തിൽ ആയിരിക്കുകയില്ലായിരുന്നു. നിങ്ങളുടെ സ്ഥാപനം സ്നേഹത്തിലും സൃഷ്ടികർത്താവിലുള്ള ഒരു ശക്തമായ വിശ്വാസത്തിലും അധിഷ്ഠിതമാണ് എന്നറിയാവുന്ന ഒരു പത്രലേഖകനാണു ഞാൻ. എല്ലാ പത്രലേഖകരും പക്ഷപാതമുള്ളവരല്ല എന്നു നിങ്ങളറിയാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
കീർത്തികേട്ട ഒരു മതം
യഹോവയുടെ സാക്ഷികൾ അതിർകടന്ന വീക്ഷണഗതിയുള്ള ഒരു ചെറിയ മതവിഭാഗമാണെന്നു പറയുന്നത് ഉചിതമാണോ? ഒരർഥത്തിൽ, മററു ചില മതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യഹോവയുടെ സാക്ഷികൾ അംഗസംഖ്യയിൽ കുറവാണ്. എന്നിരുന്നാലും, “ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ” എന്നു യേശു പറഞ്ഞത് അനുസ്മരിക്കുക.—മത്തായി 7:13, 14.
എന്നിരിക്കിലും യഹോവയുടെ സാക്ഷികൾ ഒരു വിധത്തിലും അതിർകടന്ന വീക്ഷണഗതിയുള്ള ഒരു ചെറിയ വ്യക്തിപൂജാപ്രസ്ഥാനമല്ല. 1993-ന്റെ വസന്തത്തിൽ, സാക്ഷികൾ ആഘോഷിച്ച ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് 1 കോടി 10 ലക്ഷത്തിൽ അധികം ആളുകൾ ഹാജരായി. എന്നാൽ അവരുടെ സംഖ്യയെക്കാൾ കൂടുതൽ പ്രധാനമായിട്ടുള്ളത് ലോകവ്യാപകമായി അവർക്കു പ്രശംസ കൈവരുത്തിയിരിക്കുന്ന അവരുടെ സാൻമാർഗിക സ്വഭാവവിശേഷവും മാതൃകായോഗ്യമായ പെരുമാററവുമാണ്. അറിയപ്പെടുന്ന, ഉത്തമവിശ്വാസമുള്ള ഒരു മതമായി അനേകം രാജ്യങ്ങളിലും അവർ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനുള്ള കാരണം നിസ്സംശയമായും ഇതുതന്നെയാണ്.
യൂറോപ്യൻ മനുഷ്യാവകാശക്കോടതി അടുത്തയിടെ നടത്തിയ ഒരു പ്രഖ്യാപനമാണ് ഏററവും മുന്തിയ ദൃഷ്ടാന്തം. സാക്ഷികൾ ചിന്താസ്വാതന്ത്ര്യവും മനസ്സാക്ഷിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ആസ്വദിക്കേണ്ടതുണ്ടെന്നും അവർക്ക് അവരുടെ വിശ്വാസത്തെക്കുറിച്ചു പറയുന്നതിനും അതു മററുള്ളവരെ പഠിപ്പിക്കുന്നതിനുമുള്ള അവകാശമുണ്ടെന്നും അതു പ്രഖ്യാപിച്ചു. യഹോവയുടെ സാക്ഷികൾ വഞ്ചനാപരവും സദാചാരവിരുദ്ധവുമായ തന്ത്രങ്ങൾ ഉപയോഗിച്ചു പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിലോ തങ്ങളുടെ അനുഗാമികളുടെ മനസ്സിനെ നിയന്ത്രിക്കുന്നതിനു കൗശലപരമായ രീതികൾ ഉപയോഗിക്കുന്നതിലോ ആയിരുന്നു പ്രസിദ്ധരെങ്കിൽ സംഗതി ഇങ്ങനെ ആകുമായിരുന്നില്ല.
ലോകമെമ്പാടും അസംഖ്യം ആളുകൾ യഹോവയുടെ സാക്ഷികളുമായി സുപരിചിതരാണ്. സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്ന ലക്ഷക്കണക്കിന് ആളുകളോട് അല്ലെങ്കിൽ എപ്പോഴെങ്കിലും അവരോടൊപ്പം ബൈബിൾ പഠിച്ചിട്ടുള്ളവരോടു ഞങ്ങൾ ചോദിക്കുകയാണ്, നിങ്ങളെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്നതിനുള്ള എന്തെങ്കിലും ഉദ്യമം ഉണ്ടായിരുന്നിട്ടുണ്ടോ? മനസ്സിനെ വശീകരിക്കുന്നതിനുള്ള ഏതെങ്കിലും മാർഗങ്ങൾ യഹോവയുടെ സാക്ഷികൾ ഉപയോഗിച്ചിട്ടുണ്ടോ? നിസ്സംശയമായും “ഇല്ല” എന്നതായിരിക്കും നിങ്ങളുടെ തുറന്ന മറുപടി. സ്പഷ്ടമായും, ഈ രീതികൾ ഉപയോഗിച്ചിരുന്നെങ്കിൽ യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായ ഏതു വാദത്തിനും പ്രതിവാദം നടത്തുവാൻ അവർക്ക് ഇരകളായ ഒരു വൻ കൂട്ടംതന്നെ ഉണ്ടാകുമായിരുന്നു.
“മനുഷ്യവർഗത്തിൽ ലയിച്ചിരിക്കുന്നു”
വ്യക്തിപൂജാപ്രസ്ഥാനത്തിലെ അംഗങ്ങൾ മിക്കപ്പോഴും കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പൊതുസമുദായത്തിൽനിന്നുപോലും തങ്ങളെത്തന്നെ ഒററപ്പെടുത്തുന്നു. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചു സംഗതി അപ്രകാരമാണോ? “ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ടവനല്ല” എന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഒരു പത്രപ്രവർത്തകൻ എഴുതി. എങ്കിലും “അവർക്ക് [യഹോവയുടെ സാക്ഷികൾക്ക്] അസാധാരണമായ ധാർമികബലം ഉണ്ട് എന്നതു സ്പഷ്ടമാണ്. . . . അവർ ഗവൺമെൻറ് അധികാരികളെ അംഗീകരിക്കുന്നു അതേസമയം ദൈവത്തിന്റെ രാജ്യത്തിനേ സകല മനുഷ്യരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രാപ്തിയുള്ളൂ എന്നു വിശ്വസിക്കുന്നു. എന്നാൽ ശ്രദ്ധിക്കുക—അവർ മതഭ്രാന്തരല്ല. അവർ മാനുഷികത്വത്തിൽ ലയിച്ചിരിക്കുന്ന ജനങ്ങളാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അവർ ബന്ധുക്കളിൽനിന്നും മററുള്ളവരിൽനിന്നും തങ്ങളെത്തന്നെ ഒററപ്പെടുത്തി സംഘങ്ങളായി ജീവിക്കുന്നുമില്ല. കുടുംബത്തെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും തങ്ങളുടെ തിരുവെഴുത്തുപരമായ ഉത്തരവാദിത്വമാണെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. സകല വർഗത്തിലും മതത്തിലും പെട്ട ആളുകളുമൊത്ത് അവർ ജീവിക്കുകയും വേല ചെയ്യുകയും ചെയ്യുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളും കരുണാമയമായ മററു സഹായ ഹസ്തങ്ങളും നീട്ടിക്കൊണ്ടു ക്ഷണത്തിൽ പ്രതികരിക്കുന്നവരാണ് അവർ.
അവർ അതുല്യമായ ഒരു വിദ്യാഭ്യാസ പരിപാടിയിൽ ഏർപ്പെട്ടിരിക്കുന്നു എന്നതാണ് ഏററവും പ്രധാനമായിട്ടുള്ളത്. തങ്ങളുടെ സമൂഹത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി സന്ദർശിക്കുന്നതിനു സംഘടിതമായ ഏർപ്പാടുള്ള എത്ര മതങ്ങളുണ്ട്? യഹോവയുടെ സാക്ഷികൾ 200-ലധികം രാജ്യങ്ങളിൽ 200-ലധികം ഭാഷകളിൽ ഇതു ചെയ്യുന്നു! സ്പഷ്ടമായും, യഹോവയുടെ സാക്ഷികൾ “മനുഷ്യവർഗത്തിൽ ലയിച്ചിരിക്കുകയാണ്.”
ബൈബിളിന്റെ കർശനമായ പിൻപററൽ
യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ ക്രൈസ്തവലോകത്തിലെ സഭകൾ പ്രദാനം ചെയ്യുന്നതിൽനിന്നു വ്യത്യസ്തമാണെന്നു സമ്മതിക്കുന്നു. യഹോവയാണു സർവശക്തനായ ദൈവമെന്നും യേശു ത്രിയേക ദൈവത്തിന്റെ ഭാഗമായിരിക്കുന്നതിനു പകരം അവിടുത്തെ പുത്രനാണ് എന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിനു ദൈവത്തിന്റെ രാജ്യംമുഖേന മാത്രമേ ആശ്വാസം കൈവരുത്താൻ കഴിയുകയുള്ളുവെന്ന ഉറപ്പാണ് അവരുടെ വിശ്വാസത്തിന്റെ നങ്കൂരം. ഈ ദുഷിച്ച വ്യവസ്ഥിതിയുടെമേൽ ആസന്നമായിരിക്കുന്ന നാശത്തെക്കുറിച്ച് അവർ ആളുകൾക്കു മുന്നറിയിപ്പു നൽകുന്നു. അനുസരണയുള്ള മനുഷ്യവർഗത്തിനുവേണ്ടി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഭൗമിക പറുദീസയെക്കുറിച്ച് അവർ പ്രസംഗിക്കുന്നു. അവർ കുരിശിനെ പൂജിക്കുന്നില്ല. അവർ ക്രിസ്മസ് ആഘോഷിക്കുന്നില്ല. ദേഹി നശ്വരമാണെന്നും നരകാഗ്നി ഇല്ലെന്നും അവർ വിശ്വസിക്കുന്നു. അവർ രക്തം ഭക്ഷിക്കുകയോ രക്തപ്പകർച്ച സ്വീകരിക്കുകയോ ചെയ്യുന്നില്ല. അവർ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നതിൽനിന്നും യുദ്ധത്തിൽ പങ്കെടുക്കുന്നതിൽനിന്നും ഒഴിഞ്ഞിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ എന്തുകൊണ്ട് ഇത്രമാത്രം വ്യത്യസ്തമായിരിക്കുന്നുവെന്നു നിങ്ങൾ എന്നെങ്കിലും നിങ്ങളോടുതന്നെ ചോദിച്ചിട്ടുണ്ടോ?
യഹോവയുടെ സാക്ഷികളുടെ “ബൈബിളിന്റെ കർശനമായ വ്യാഖ്യാനം മററുള്ളവർ നിസ്സാരമായി കരുതുന്ന അനേകം പ്രവർത്തനങ്ങളെ നിരോധിക്കുന്നു . . . , ഇതെല്ലാം ആദിമ നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ ദൃഷ്ടാന്തവും ബൈബിളിലെ വചനങ്ങളും പിന്തുടരുന്നതിനുള്ള ശ്രമത്തിന്റെ ഫലമാണ്” എന്നു മസാച്ചുസെററ്സിലെ ഒരു വാർത്താപത്രമായ ദ ഡെയ്ലി ഹാംപ്ഷിർ ഗസററ് വിശദീകരിക്കുന്നു. “അവർ വിശ്വസിക്കുന്നതെല്ലാം ബൈബിളിൽ അധിഷ്ഠിതമാണ്. പാരമ്പര്യത്തെ മുഴുവനായും പിഴുതുമാററുന്ന ബൈബിളിന്റെ ആധികാരികതയെ ലവലേശം ചോദ്യം ചെയ്യാതെ അവർ വിശ്വാസത്തിന്റെ ഓരോ പ്രസ്താവനക്കും ‘തെളിവു വാക്യം നൽകുന്നു.’ (അതായത്, പിന്തുണയ്ക്കുന്നതിന് ഒരു ബൈബിൾ പരാമർശം പ്രദാനം ചെയ്യുന്നു)” എന്ന് ദ എൻസൈക്ലോപീഡിയ ഓഫ് റിലിജൻ സമ്മതിക്കുന്നു. “ഈ വിഭാഗം ബൈബിളധ്യയനമെന്ന അതിന്റെ കേന്ദ്രബിന്ദുവിൽനിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല, അവരുടെ പഠിപ്പിക്കലുകൾ വിപുലമായ തിരുവെഴുത്തു പരാമർശനങ്ങളാൽ പിന്തുണയ്ക്കപ്പെട്ടിരിക്കുന്നു” എന്ന് അമേരിക്കയിലെ മതം എന്ന ഗ്രന്ഥം പ്രസ്താവിക്കുന്നു.
ആരാണ് അവരുടെ നേതാവ്?
ബൈബിൾ പഠിപ്പിക്കലുകളോട് അടുത്തു പററിനിൽക്കുന്നുവെന്ന കാരണത്താലാണ് വ്യക്തിപൂജാപ്രസ്ഥാനങ്ങളുടെ തനിസ്വഭാവമായ മാനുഷനേതാക്കൻമാരെ പൂജിക്കലും ആരാധിക്കലും യഹോവയുടെ സാക്ഷികളുടെ ഇടയിൽ കാണാൻ കഴിയാത്തത്. അവർ പുരോഹിത-അൽമായ വീക്ഷണത്തെ തള്ളിക്കളയുന്നു. “ഒരു പുരോഹിത വർഗവും വിശേഷപ്പെട്ട സ്ഥാനപ്പേരുകളും നിരോധിക്കപ്പെട്ടിരിക്കുന്നു” എന്ന് ദ എൻസൈക്ലോപീഡിയ ഓഫ് റിലിജൻ യഹോവയുടെ സാക്ഷികളെക്കുറിച്ചു കൃത്യമായി പ്രസ്താവിക്കുന്നു.
തങ്ങളുടെ നേതാവും സഭയുടെ തലവനുമെന്ന നിലയിൽ അവർ യേശുക്രിസ്തുവിനെ അനുഗമിക്കുന്നു. “നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരൻമാരാണ്. ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്നു വിളിക്കരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേയുള്ളു സ്വർഗ്ഗസ്ഥനായ പിതാവ്. നിങ്ങൾ നേതാക്കൻമാർ എന്നും വിളിക്കപ്പെടരുത്. എന്തെന്നാൽ, ക്രിസ്തുവാണ് നിങ്ങളുടെ ഏകനേതാവ്” എന്നു പറഞ്ഞതു യേശുതന്നെയായിരുന്നു.—മത്തായി 23:8-12, പി.ഒ.സി. ബൈ.
യേശു ഭക്ഷണപ്രിയനും മദ്യപാനിയും ആയിരുന്നില്ല എന്നതുപോലെതന്നെ യഹോവയുടെ സാക്ഷികൾ ഒരു വ്യക്തിപൂജാപ്രസ്ഥാനമല്ല എന്നതും സ്പഷ്ടമാണ്. യേശുവിനെയും അവിടുത്തെ ശിഷ്യൻമാരെയും കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന എല്ലാവരും അവിടുത്തെക്കുറിച്ചു ദൂഷണം പറയുന്നതിന്റെ കെണിയിൽ അകപ്പെട്ടില്ല. ചിലർ വെറുതെ തെററിദ്ധരിപ്പിക്കപ്പെട്ടതാകാം. നിങ്ങൾക്കു യഹോവയുടെ സാക്ഷികളെ സംബന്ധിച്ചും അവരുടെ വിശ്വാസങ്ങളെ സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടെങ്കിൽ അവരെ നല്ലതുപോലെ അറിയുന്നതിന് എന്തുകൊണ്ടു ശ്രമിച്ചുകൂടാ? സത്യം അന്വേഷിക്കുന്ന സകലർക്കുമായി അവരുടെ രാജ്യഹാളിലേക്കുള്ള വാതിലുകൾ വിശാലമായി തുറന്നുകിടക്കുന്നു.
സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനത്തിനുവേണ്ടിയുള്ള അവരുടെ ഉത്സുകമായ അന്വേഷണത്തിൽനിന്നു നിങ്ങൾക്കും പ്രയോജനം നേടാനാകും, കൂടാതെ, “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ ദൈവത്തെ ആരാധിക്കുന്നതെങ്ങനെയെന്നും പഠിക്കുക.—യോഹന്നാൻ 4:23.