“ദൈവഭയ”ഡിസ്ട്രിക്ററ് കൺവെൻഷനുഹാജരാകുവിൻ
ചില പ്രത്യേക ഉത്സവങ്ങൾക്കായി യഹോവയുടെ ദാസൻമാർ സംവത്സരംതോറും മൂന്നു പ്രാവശ്യം കൂടിവരണമെന്നു പുരാതനകാലത്തു മോശൈകന്യായപ്രമാണം നിഷ്കർഷിച്ചിരുന്നു. ഇവ സന്തുഷ്ടകരവും ആത്മീയമായി പരിപുഷ്ടിപകരുന്നതുമായ അവസരങ്ങളായിരുന്നു.—ആവർത്തനപുസ്തകം 16:16.
അതുപോലെ ആധുനിക നാളുകളിൽ യഹോവയുടെ ദാസൻമാർ പ്രത്യേക സമ്മേളനദിനത്തിനും ഇരുദിന സർക്കിട്ട് സമ്മേളനത്തിനും ത്രിദിന അല്ലെങ്കിൽ ചതുർദിന ഡിസ്ട്രിക്ററ് കൺവെൻഷനുംവേണ്ടി വർഷത്തിൽ മൂന്നുപ്രാവശ്യം കൂടിവരുന്നു. 1994-ലെ സേവനവർഷത്തിൽ “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടി യഹോവയുടെ സാക്ഷികൾ കൂടിവരുന്നതാണ്.
ദൈവഭയത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചു ദൈവവചനം ഒരു സംശയവും അവശേഷിപ്പിക്കുന്നില്ല. അപ്രകാരമുള്ള ഭയത്തെക്കുറിച്ച് ഏതാണ്ട് 200 പ്രാവശ്യം അതിൽ സൂചിപ്പിച്ചിട്ടുണ്ട്. സദൃശവാക്യങ്ങൾ 16:6-ൽ [NW] കാണാവുന്നപ്രകാരം ദൈവഭയം ഒരു സംരക്ഷണമാണ്. അവിടെ ഇങ്ങനെ പറയുന്നു: “യഹോവാഭയംകൊണ്ട് ഒരുവൻ ദോഷം വിട്ടകലുന്നു.” എന്തിന്, ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നുവെന്നു സങ്കീർത്തനം 111:10 നമ്മോടു പറയുന്നു!
ദൈവഭയത്തിനു രണ്ടു വശങ്ങളുണ്ടെന്നു പറയാവുന്നതാണ്. ഒരു സംഗതി, അത്തരം ഭയം സ്നേഹത്താൽ പ്രേരിതമാണ് എന്നതാണ്. നമുക്കു ദൈവത്തോടുള്ള അഗാധമായ സ്നേഹംമൂലം അവിടുത്തെ അസന്തുഷ്ടനാക്കാൻ നാം ഭയപ്പെടുന്നു. (സദൃശവാക്യങ്ങൾ 27:11) വീണ്ടും, ദൈവം “ദഹിപ്പിക്കുന്ന അഗ്നി”യാണെന്നു നമുക്കറിയാവുന്നതുകൊണ്ടു ദൈവഭയം നമ്മിൽ നട്ടുവളർത്താൻ വിവേകം നമ്മെ സഹായിക്കും.—എബ്രായർ 12:29.
ദൈവഭയത്തിൽ വളരുന്നതിനു ധാരാളമായ നിർദേശവും പ്രോത്സാഹനവും “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനിൽനിന്നു നമുക്കു ലഭിക്കും. പ്രസംഗങ്ങൾ, പ്രകടനങ്ങൾ, ഒരു നാടകം, അതുപോലെ അനുഭവങ്ങളുടെ പങ്കിടൽ എന്നിവയിലൂടെ അത്തരം പ്രബോധനം പ്രദാനംചെയ്യപ്പെടും.
പുരാതനകാലത്തെ ഇസ്രായേല്യർ തങ്ങളുടെ സമ്മേളനങ്ങൾക്കു വെറുങ്കയ്യോടെ വരരുതെന്നു കല്പിക്കപ്പെട്ടിരുന്നതുപോലെ നാം കൺവെൻഷന്റെ സന്തോഷത്തിനും വിജയത്തിനുംവേണ്ടി നമ്മുടെ പങ്കുവഹിക്കാൻ ആഗ്രഹിക്കേണ്ടതാണ്. (ആവർത്തനപുസ്തകം 16:17) യഹോവയുടെ വിരുന്നിനോട് ആദരവു പ്രദർശിപ്പിച്ചുകൊണ്ടു നമുക്കിതു ചെയ്യാവുന്നതാണ്. എങ്ങനെ? സമയനിഷ്ഠ പാലിച്ചുകൊണ്ടും പ്ലാററ്ഫോമിൽനിന്നു പറയുന്നകാര്യങ്ങൾക്ക് അതീവ ശ്രദ്ധ ചെലുത്തിക്കൊണ്ടും ഗീതങ്ങൾ പാടുന്നതിൽ മുഴുഹൃദയത്തോടെ പങ്കുചേർന്നുകൊണ്ടും തന്നെ. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ നാം സംഭാഷണങ്ങളിൽ ഏർപ്പെടുകയോ കറങ്ങിത്തിരിഞ്ഞു നടക്കുകയോ ചെയ്യരുത്. സ്വമേധയാ സേവനത്തിനു നമ്മെത്തന്നെ ലഭ്യമാക്കിക്കൊണ്ടു സംഭാവന ചെയ്യാനും നാം ആഗ്രഹിക്കും. കൺവെൻഷൻ സംഘാടനത്തിൽ അനേകം ഡിപ്പാർട്ടുമെൻറുകൾ ഉൾപ്പെടുന്നു, അവയുടെയെല്ലാം നടത്തിപ്പിന് ആളുകൾ ആവശ്യമാണ്. യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന അളവിനൊത്തവണ്ണം സാമ്പത്തികമായ സംഭാവന നൽകാനും നാം ആഗ്രഹിക്കും.
വെള്ളിയാഴ്ച രാവിലത്തെ പ്രാരംഭഗീതംമുതൽ ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള സമാപന പ്രാർഥനവരെയുള്ള “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷന്റെ മൂന്നു ദിവസവും സന്നിഹിതരായിരിക്കുവാൻ യഹോവയുടെ ഓരോ ദാസനും ഇപ്പോൾത്തന്നെ ആസൂത്രണങ്ങൾ ചെയ്യട്ടെ.