ബൈബിൾ—ദൈവത്തിൽനിന്നുള്ള സന്ദേശം
യഹോവയുടെ നിശ്വസ്ത വചനമായ ബൈബിൾ അല്ലെങ്കിൽ വിശുദ്ധ തിരുവെഴുത്തുകൾ എക്കാലത്തെയും മഹത്തായ പുസ്തകമായി തിരിച്ചറിയിക്കപ്പെടുന്നു. ഇതിനു കാരണം അതിന്റെ കാലപ്പഴക്കം, മൊത്തത്തിലുള്ള പ്രചാരം, മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന ഭാഷകളുടെ എണ്ണം, സാഹിത്യത്തിലെ ഒരു ഉത്തമസൃഷ്ടി എന്ന നിലയിലുള്ള അതിന്റെ മാഹാത്മ്യം, മുഴുമനുഷ്യവർഗവും അതിനു കൽപ്പിക്കുന്ന വലിയ പ്രാധാന്യം എന്നിവയാണ്. മറ്റെല്ലാ പുസ്തകങ്ങളിൽനിന്നും വ്യത്യസ്തമായ അത് ഒന്നിന്റെയും അനുകരണമല്ല. തനതായ ഗുണവിശേഷങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് അത് അതിന്റെ നിരുപമനായ ഗ്രന്ഥകർത്താവിനു മഹത്ത്വം കരേറ്റുന്നു. അനേകം ശത്രുക്കളുടെ വെറുപ്പു സമ്പാദിച്ചതിനാൽ മറ്റൊരു പുസ്തകവും അഭിമുഖീകരിച്ചിട്ടില്ലാത്തവിധം വന്യമായ എതിർപ്പുകൾ നേരിടേണ്ടിവന്നുവെന്നതും അതിനെ വ്യതിരിക്തമാക്കുന്നു.
ലത്തീൻ ഭാഷയിലൂടെ വരുന്ന “ബൈബിൾ” എന്ന പദം, “ചെറുപുസ്തകങ്ങൾ” എന്നർഥമുള്ള ബിബ്ലിയ എന്ന ഗ്രീക്കുപദത്തിൽനിന്ന് എടുത്തതാണ്. ഈ ശേഖരം ആശയവിനിയമം നടത്തുന്ന ദൈവത്തിന്റെ ലിഖിതമൊഴികളാണ്. അതായത് ദൈവത്തിന്റെ വചനമാണ്. ‘യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന വചനം’ (ആവർത്തനപുസ്തകം 8:3), ‘യഹോവ കല്പിച്ചിട്ടുള്ള വചനങ്ങൾ’ (യോശുവ 24:27), ‘യഹോവയുടെ കല്പനകൾ’ (എസ്രാ 7:11), “യഹോവയുടെ ന്യായപ്രമാണം,” “യഹോവയുടെ സാക്ഷ്യം,” “യഹോവയുടെ ആജ്ഞകൾ” (സങ്കീർത്തനം 19:7, 8), “യഹോവയുടെ അരുളപ്പാടു” (യെശയ്യാവു 38:4), ‘ദൈവത്തിന്റെ വായിൽകൂടി വരുന്ന വചനം’ (മത്തായി 4:4), ‘കർത്താവിന്റെ വചനം’ (1 തെസ്സലൊനീക്യർ 4:15) എന്നീ പദപ്രയോഗങ്ങളിൽനിന്നും ഇതു മനസ്സിലാക്കാവുന്നതാണ്. ഈ രേഖകളെ കൂടെക്കൂടെ “ദൈവത്തിന്റെ” വിശുദ്ധ “അരുളപ്പാടുകൾ” ആയിട്ടാണ് പറഞ്ഞിരിക്കുന്നത്.—റോമർ 3:2; പ്രവൃത്തികൾ 7:38; എബ്രായർ 5:12; 1 പത്രൊസ് 4:11.
ബൈബിളിന്റെ ഉള്ളടക്കം
ഉള്ളടക്കത്തിൽ ഈ സർവോത്തമ ഗ്രന്ഥം ഭൂതകാലത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു, വർത്തമാനകാലത്തെക്കുറിച്ചു വിശദീകരിക്കുന്നു, ഭാവികാലം മുൻകൂട്ടിപ്പറയുകയും ചെയ്യുന്നു. ആരംഭത്തിൽതന്നെ അവസാനത്തെക്കുറിച്ച് അറിയാവുന്ന ഒരുവനു മാത്രം ചെയ്യാൻ സാധിക്കുന്ന സംഗതിയാണിത്. (യെശയ്യാവു 46:10) ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിപ്പിനെക്കുറിച്ചു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ബൈബിൾ തുടർന്ന് ഭൂമിയെ മനുഷ്യവാസത്തിനായി ഒരുക്കുന്ന സംഭവങ്ങളുടെ വിസ്തരിച്ചുള്ള ഒരു വിവരണം നൽകുന്നു. അതിനുശേഷം മനുഷ്യോത്പത്തി—ഒരു ജീവദാതാവിൽനിന്നു മാത്രം ജീവൻ ഉത്ഭവിക്കുന്ന വിധം—സംബന്ധിച്ച യഥാർഥ ശാസ്ത്രീയ വിശദീകരണം നൽകുന്നു—ഇപ്പോൾ ഗ്രന്ഥകർത്താവിന്റെ സ്ഥാനത്തുള്ള സ്രഷ്ടാവിനു മാത്രം വിശദീകരിക്കാൻ സാധിക്കുന്ന വിവരങ്ങൾ. (ഉല്പത്തി 1:26-28; 2:7) എന്തുകൊണ്ടാണ് ആളുകൾ മരിക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരണത്തോടൊപ്പം ബൈബിളിൽ ആദിയോടന്തം നിറഞ്ഞുനിൽക്കുന്ന അതിന്റെ സുപ്രധാന പ്രതിപാദ്യവിഷയവും അവതരിപ്പിക്കപ്പെട്ടു. വാഗ്ദത്ത സന്തതിയായ ക്രിസ്തുവിന്റെ കീഴിലുള്ള യഹോവയുടെ രാജ്യം മുഖേന സാധ്യമാകുന്ന അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനവും ഭൂമിയെക്കുറിച്ചുള്ള അവന്റെ ഉദ്ദേശ്യത്തിന്റെ ആത്യന്തിക നിവൃത്തിയും ഉൾപ്പെടുന്ന ഈ പ്രതിപാദ്യവിഷയം ‘സ്ത്രീയുടെ സന്തതി’യെക്കുറിച്ചു പറയുന്ന ആദ്യ പ്രവചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു. (ഉല്പത്തി 3:15) “സന്തതി”യെക്കുറിച്ചുള്ള ഈ പ്രവചനത്തെക്കുറിച്ച് വീണ്ടും സൂചിപ്പിച്ചത് 2,000-ത്തിലേറെ വർഷത്തിനു ശേഷം ദൈവം അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞപ്പോഴാണ്: “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 22:18) 800 വർഷം പിന്നിട്ടശേഷം അബ്രാഹാമിന്റെ പിൻഗാമിയായ ദാവീദ് രാജാവുമായി വീണ്ടും വാഗ്ദാനം പുതുക്കി. കാലം കടന്നുപോകവേ യഹോവയുടെ പ്രവാചകന്മാർ പ്രതീക്ഷയുടെ ഈ തീനാളം പ്രഭാപൂർണമായി അണയാതെ സൂക്ഷിച്ചു. (2 ശമൂവേൽ 7:12, 16; യെശയ്യാവു 9:6, 7) ദാവീദിന് 1,000-ത്തിലേറെ വർഷം കഴിഞ്ഞും ഏദെനിലെ ആദ്യത്തെ പ്രവചനത്തിന് 4,000 വർഷത്തിനു ശേഷവും വാഗ്ദത്ത സന്തതിയായ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടു—“അവന്റെ പിതാവായ ദാവീദിന്റെ സിംഹാസന”ത്തിന്റെ നിയമപ്രകാരമുള്ള അവകാശി. (ലൂക്കൊസ് 1:31-33; ഗലാത്യർ 3:16) “സർപ്പ”ത്തിന്റെ ഭൗമസന്തതിയാൽ മരണത്തിൽ ചതയ്ക്കപ്പെട്ട ഈ “അത്യുന്നതന്റെ പുത്രൻ” ആദാമിന്റെ സന്തതികൾക്കു നഷ്ടപ്പെട്ട ജീവന്റെ അവകാശം വീണ്ടെടുക്കുന്നതിനുള്ള മറുവില പ്രദാനം ചെയ്യുകവഴി മനുഷ്യവർഗത്തിനു നിത്യജീവൻ ലഭിക്കാനുള്ള ഒരേയൊരു മാർഗം തുറന്നുകൊടുത്തു. അതിനുശേഷം അവൻ ഉയർത്തപ്പെട്ടു. “പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ” താഴെ ഭൂമിയിലേക്കു വലിച്ചെറിയുന്നതിനും ഒടുക്കം എന്നെന്നേക്കുമായി നശിപ്പിച്ചു കളയുന്നതിനുമുള്ള നിയമിത സമയം വരുന്നതുവരെ അവൻ അവിടെ കാത്തിരുന്നു. അങ്ങനെ ഉല്പത്തിയിൽ അവതരിപ്പിക്കുകയും ബൈബിളിന്റെ ശേഷിച്ച ഭാഗങ്ങളിലുടനീളം വികസിപ്പിക്കുകയും വിപുലമാക്കുകയും ചെയ്ത ആ നിരുപമമായ പ്രതിപാദ്യവിഷയം, വെളിപ്പാടിലെ അവസാനത്തെ അധ്യായങ്ങളിലൂടെ ഒരു പ്രൗഢമായ പരിസമാപ്തിയിലെത്തുന്നു—യഹോവയുടെ മഹത്തായ ഉദ്ദേശ്യം അവന്റെ രാജ്യം മുഖേന സ്ഥാപിക്കുന്നതിനെക്കുറിച്ചു പ്രതിപാദിക്കുകവഴി.—വെളിപ്പാടു 11:15; 12:1-12, 17; 19:11-16; 20:1-3, 7-10; 21:1-5; 22:3-5.
വിവരങ്ങളുടെ ഒരു ഭണ്ഡാരഗൃഹം
66 ചെറുപുസ്തകങ്ങളടങ്ങുന്ന ഈ ഗ്രന്ഥശാലയിൽ, രാജ്യത്തെക്കുറിച്ചും യഹോവയുടെ നാമത്തെക്കുറിച്ചുമുള്ള മുഖ്യപ്രതിപാദ്യവിഷയം മറ്റനേകം വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി ഇഴചേർത്തിരിക്കുന്നു. കൃഷി, വാസ്തുവിദ്യ, ജ്യോതിശ്ശാസ്ത്രം, രസതന്ത്രം, വാണിജ്യം, എൻജിനീയറിങ്, മാനവസംസ്കാരശാസ്ത്രം, ഭരണതന്ത്രം, ശുചിത്വം, സംഗീതം, കവിത, ഭാഷാശാസ്ത്രം, യുദ്ധതന്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ അതു സ്പർശിക്കുന്നുണ്ടെങ്കിലും അവയെല്ലാം മുഖ്യപ്രതിപാദ്യവിഷയം വികസിപ്പിക്കുന്നതിന് സന്ദർഭവശാൽ മാത്രം ഉപയോഗിക്കുന്നതാണ്. അല്ലാതെ ഉപന്യാസമെന്ന നിലയിലല്ല. എന്തൊക്കെയാണെങ്കിലും, പുരാവസ്തു ഗവേഷകർക്കും പുരാലിഖിത പഠിതാക്കൾക്കും ആവശ്യമായ വസ്തുതകളുടെ ഒരു ഭണ്ഡാരംതന്നെ അതിലുണ്ട്.
ചരിത്രത്തെ സത്യംസത്യമായി അവതരിപ്പിക്കുകയും ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഒരു കൃതിയെന്ന നിലയിൽ ബൈബിൾ മറ്റെല്ലാ പുസ്തകങ്ങളെയും കടത്തിവെട്ടുന്നു. എന്നിരുന്നാലും, പ്രവചനങ്ങളുടെ മേഖലയിലാണ് അത് ഏറ്റവും മൂല്യവത്തായിരിക്കുന്നത്. നിത്യതയുടെ രാജാവിനു മാത്രം വെളിപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ അത് കൃത്യതയോടെ ഭാവിയെക്കുറിച്ചു മുൻകൂട്ടിപ്പറയുന്നു. നൂറ്റാണ്ടുകളിലൂടെയുള്ള ലോകശക്തികളുടെ ഒന്നിനു പുറകേ ഒന്നായുള്ള പ്രയാണത്തെക്കുറിച്ച്—വർത്തമാനകാലത്തെ പ്രസ്ഥാനങ്ങളുടെ ഉദയവും വിനാശവുംപോലും—ബൈബിളിലെ ദൂരവ്യാപകമായ പ്രവചനങ്ങൾ പ്രാവചനികമായി കൂട്ടിയിണക്കിയിരിക്കുന്നു.
ദൈവത്തിന്റെ സത്യവചനം വളരെ പ്രായോഗികമായ ഒരു രീതിയിൽ മനുഷ്യനെ അജ്ഞതയിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും മനുഷ്യ തത്ത്വശാസ്ത്രങ്ങളിൽനിന്നും മനുഷ്യരുടെ അർഥമില്ലാത്ത ആചാരങ്ങളിൽനിന്നും സ്വതന്ത്രമാക്കുന്നു. (യോഹന്നാൻ 8:32) ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാണ്.’ (എബ്രായർ 4:12) ബൈബിളില്ലായിരുന്നെങ്കിൽ നാം യഹോവയെക്കുറിച്ച് അറിയുമായിരുന്നില്ല, ക്രിസ്തുവിന്റെ മറുവിലയാഗം മൂലം ലഭിക്കുന്ന അത്ഭുതകരമായ പ്രയോജനങ്ങളെക്കുറിച്ച് അറിയുമായിരുന്നില്ല, ദൈവത്തിന്റെ നീതിയുള്ള രാജ്യത്തിൽ അല്ലെങ്കിൽ അതിൻകീഴിൽ ലഭിക്കുന്ന നിത്യജീവൻ പ്രാപിക്കാൻ എന്തെല്ലാം ചെയ്യേണ്ടിയിരിക്കുന്നുവെന്നും അറിയുമായിരുന്നില്ല.
ബൈബിൾ മറ്റു വിധങ്ങളിലും ഏറ്റവും പ്രായോഗികമായ പുസ്തകമാണ്. കാരണം അത്, ക്രിസ്ത്യാനികൾക്ക് ഇപ്പോൾ എങ്ങനെ ജീവിക്കണമെന്നതിനും എങ്ങനെ തങ്ങളുടെ ശുശ്രൂഷ നിവർത്തിക്കണമെന്നതിനും ഈ ദൈവപ്രിയമില്ലാത്ത, ഉല്ലാസപ്രിയമായ വ്യവസ്ഥിതിയെ എങ്ങനെ അതിജീവിക്കണമെന്നതിനുമുള്ള നല്ല ബുദ്ധ്യുപദേശം നൽകുന്നു. തങ്ങളുടെ മനസ്സിനെ ലൗകിക ചിന്താഗതിയിൽനിന്ന് അകറ്റി നിർത്തിക്കൊണ്ട് “ഈ ലോകത്തിന്നു അനുരൂപമാകാതെ” ജീവിക്കണമെന്ന് ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നു. “ക്രിസ്തുയേശുവിലുള്ള ഭാവ”മായ താഴ്മയുടെ അതേ മനോഭാവം നട്ടുവളർത്തിക്കൊണ്ടും പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് പുതിയതു ധരിച്ചുകൊണ്ടുമാണ് അവർക്കിതു ചെയ്യാൻ സാധിക്കുന്നത്. (റോമർ 12:2; ഫിലിപ്പിയർ 2:5-8; എഫെസ്യർ 4:23, 24; കൊലൊസ്സ്യർ 3:5-10) ആത്മാവിന്റെ ഫലങ്ങളായ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” തുടങ്ങിയവ—ഇവയെ സംബന്ധിച്ച് ബൈബിളിലുടനീളം വളരെയേറെ എഴുതപ്പെട്ടിരിക്കുന്നു—പ്രകടമാക്കണമെന്നാണ് ഇതിന്റെയർഥം.—ഗലാത്യർ 5:22, 23; കൊലൊസ്സ്യർ 3:12-14.
അതുകൊണ്ട്, നാം ഈ 20-ാം നൂറ്റാണ്ടിൽ “ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ [ബൈബിളിനെ] കരുതിക്കൊ”ള്ളുന്നതിനു പരിശ്രമിക്കുന്നു. (2 പത്രൊസ് 1:19; സങ്കീർത്തനം 119:105) കാരണം, “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷി”ക്കുകയും വായിക്കുന്ന സംഗതികൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകയും ചെയ്യുന്ന വ്യക്തിയാണ് അഭിവൃദ്ധി പ്രാപിക്കുകയും സന്തുഷ്ടനായിരിക്കുകയും ചെയ്യുന്നത്.—സങ്കീർത്തനം 1:1, 2; യോശുവ 1:8.