മത്സരം വിജയത്തിനുള്ള താക്കോലോ?
“വിജയിച്ചാൽ എല്ലാമായെന്നല്ല, അതാണ് ഏകസംഗതി.” ഒരു അമേരിക്കൻ ഫുട്ബോൾ കോച്ച് ആയ വിൻസ് ലാംബാർഡി പറഞ്ഞതായി പലപ്പോഴും ഉദ്ധരിക്കാറുള്ള ഈ വാക്കുകളെ അന്വർഥമാക്കിക്കൊണ്ടാണ് ഇന്നു പലരും ജീവിക്കുന്നത്. മത്സരവ്യവസ്ഥയെ പൊക്കിപ്പിടിക്കുന്നതിൽ ഇപ്പോൾ മുൻ കമ്യൂണിസ്ററ് രാജ്യങ്ങളും ഒത്തുചേർന്നിരിക്കുന്നു. തങ്ങളുടെ കമ്പോളങ്ങളിൽ മത്സരം സംജാതമാകണം, അതാണ് സമൃദ്ധിയിലേക്കുള്ള ടിക്കററ് എന്ന് അവർ പറയുന്നു. പൂർവദേശരാജ്യങ്ങളിൽ അനേകം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ മററുള്ളവർക്കെതിരെ മത്സരിപ്പിക്കുകയും പ്രവേശനപ്പരീക്ഷകൾ കടന്നുപററാനുള്ള തന്ത്രങ്ങൾ ഹ്രസ്വകാലംകൊണ്ട് തീവ്രമായി പഠിപ്പിക്കുന്ന സ്കൂളുകളിൽ അയയ്ക്കുകയും ചെയ്യുന്നു. പേരുകേട്ട ഒരു സ്കൂളിൽ പ്രവേശനം ലഭിക്കുന്നതാണു വരാനുള്ള ഐശ്വര്യത്തിന്റെ താക്കോൽ എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഇക്കാര്യത്തിൽ കമ്പം കാണിക്കുന്ന മാതാപിതാക്കൾ.
മത്സരം വിജയത്തിനുള്ള താക്കോലാണ് എന്ന് അനേകരും അടിയുറച്ചു വിശ്വസിക്കുന്നു. അവരുടെ വിശ്വാസപ്രകാരം, പരസ്പരം മത്സരിക്കുന്നതു മുഖേനയാണു മനുഷ്യർ പുരോഗതി പ്രാപിച്ചിട്ടുള്ളത്. വൻകിട കമ്പനികളുടെ എക്സിക്യൂട്ടിവുകളുമായി ജപ്പാനിലെ ഫെഡറേഷൻ ഓഫ് ഇക്കണോമിക് ഓർഗനൈസേഷൻ അഭിമുഖം നടത്തിയപ്പോൾ അവരിൽ 65.9 ശതമാനം പേർ പറഞ്ഞതു “സ്ഥാനക്കയററത്തിനുവേണ്ടിയുള്ള മത്സരമാണു ജപ്പാനിലെ കമ്പനികളുടെ ഓജസ്സിന് ഉറവിടം” എന്നാണ്. ജപ്പാനിലെ കമ്പനികൾ കുറെ നാളത്തേക്കു വിജയിച്ചുകൊണ്ടിരുന്നതായി കാണപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, മത്സരം വാസ്തവത്തിൽ വിജയത്തിനുള്ള താക്കോലാണോ?
വാസ്തവത്തിൽ പ്രതിഫലദായകമോ?
മററുള്ളവർക്കെതിരെ മത്സരിക്കുന്നവർ സ്വാർഥമായ, ഞാൻ-മുമ്പൻ മനോഭാവം പ്രകടിപ്പിക്കുന്നു. മററുള്ളവർ മോശമായി ചെയ്യുമ്പോൾ അവർക്കു സന്തോഷമാണ്, അതു തങ്ങളുടെ പ്രകടനത്തെ മികവുററതാക്കുമെന്ന് അവർ വിചാരിക്കുന്നു. തങ്ങളുടെ സ്വാർഥലാഭത്തിനായി അവർ മററുള്ളവർക്കു ഹാനികരമായ തന്ത്രങ്ങൾ ആവിഷ്കരിച്ചേക്കാം. മത്സരത്തിലൂടെ വിജയം നേടാനുള്ള അത്തരം ചെയ്തികൾ എന്തിലേക്കായിരിക്കും നയിക്കുക? തന്റെ കമ്പനിയിലെ ഉന്നത പടവുകളിലെത്തണം എന്നു ലക്ഷ്യംവെച്ചുകൊണ്ടുള്ള പരക്കംപാച്ചിലിൽ ആമഗ്നനായിത്തീർന്ന യാസൂവോ തന്റെ മുൻകാല ഗതിയെ അനുസ്മരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “മത്സരത്തിന്റേതായ ആത്മാവും സ്ഥാനക്കയററ ചിന്തയുമായിരുന്നു എന്നെ ഭരിച്ചിരുന്നത്, മററുള്ളവരുമായി എന്നേത്തന്നെ താരതമ്യപ്പെടുത്തിയ ഞാൻ അവരെക്കാൾ ശ്രേഷ്ഠനാണെന്നു തോന്നി. ആളുകൾക്ക് എനിക്കുള്ളതിനെക്കാൾ മികച്ച ഒരു സ്ഥാനം ലഭിച്ചാൽ കമ്പനിയുടെ ഉദ്യോഗസ്ഥ കാര്യാദികളെക്കുറിച്ചു ദിവസവും കുററം പറയുകയായി പിന്നെ എന്റെ പതിവ്. സുഹൃത്തുക്കൾ എന്നു ശരിക്കും പറയാൻ എനിക്കാരുമില്ലായിരുന്നു.”
മത്സരത്തിന്റേതായ ആത്മാവിന് അകാല മരണത്തിനിടയാക്കാനും കഴിയും. എങ്ങനെ? കാറോഷിയെ അഥവാ അമിതാധ്വാനംമൂലം സംഭവിക്കുന്ന മരണത്തെ ടൈപ്പ്-എ പെരുമാററവുമായാണു ജപ്പാന്റെ മൈനീച്ചീ ഡെയ്ലി ന്യൂസ് ബന്ധപ്പെടുത്തുന്നത്. സമയം കാര്യക്ഷമമായി ഉപയോഗിച്ചു മത്സര മനോഭാവത്തോടെയും പകയോടെയും സമ്മർദത്തെ നേരിടുന്ന ഒരു പെരുമാററ ശൈലിയെയാണു ടൈപ്പ്-എ വരച്ചുകാണിക്കുന്നത്. കൊറോണറി ഹൃദയരോഗത്തിനു ടൈപ്പ്-എ പെരുമാററവുമായി ബന്ധമുണ്ടെന്ന് അമേരിക്കയിലെ കാർഡിയോളജിസ്ററുകളായ ഫ്രീഡ്മാനും റോസൻമാനും പറയുന്നു. അതേ, മത്സരത്തിന്റേതായ ആത്മാവുണ്ടായിരിക്കുന്നതു മാരകമായ ഫലങ്ങൾ ഉളവാക്കിയേക്കാം.
ജോലിസ്ഥലത്തെ മത്സരത്തിനു ശാരീരികവും മാനസികവുമായ മററു ക്രമക്കേടുകളിലേക്കും നയിക്കാനാവും. കയ്നോസ്കെ തന്നെ ഒരു ഉദാഹരണം. അദ്ദേഹം ജപ്പാനിലെ വൻകിട കാർ ഇടപാടുകാരിൽ മുൻപന്തിയിൽ നിന്നിരുന്ന സെയിൽസ്മാനായിരുന്നു. മൊത്തം 1,250 കാറുകൾ വിററ് അദ്ദേഹം ഒരു റക്കോഡ് സ്ഥാപിച്ചു. കമ്പനി ആസ്ഥാനത്തെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുറിയിൽ അദ്ദേഹത്തിന്റെ ചിത്രം ഫ്രെയിംചെയ്തു തൂക്കിയിരുന്നു. സ്ഥാനക്കയററങ്ങൾക്കുവേണ്ടി തന്റെ സഹപ്രവർത്തകരെ ചവിട്ടുകല്ലായി ഉപയോഗിക്കുന്നത് അദ്ദേഹത്തിനു വെറുപ്പായിരുന്നെങ്കിലും അദ്ദേഹത്തിനു കമ്പനിയിൽനിന്നുള്ള സമ്മർദം മത്സരിക്കാനായിരുന്നു. അതിന്റെ ഫലമായി അദ്ദേഹത്തിനു ഒരു വർഷത്തിനുള്ളിൽ ഉദരത്തിന്റെ ഉൾഭിത്തിയിലും ചെറുകുടലിലും അൾസർ പിടിപെട്ടു. അതേവർഷം അദ്ദേഹത്തിന്റെ കമ്പനിയിലെ 15 എക്സിക്യൂട്ടിവുകൾ ആശുപത്രിയിലായി, ഒരാൾ ആത്മഹത്യ ചെയ്തു.
വീട്ടിലാണെങ്കിലോ, അയൽക്കാർക്കുള്ള സകലതും തനിക്കുംവേണമെന്ന മനോഭാവം ഒരിക്കലും അവസാനിക്കാത്ത മത്സരമനോഭാവത്തോടെ വസ്തുവകകൾകൊണ്ടു ജാട കാണിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാൻ 2:16) പണമൊഴുകുന്നതു ഭൂമിയിലെ വ്യാപാരികളിലേക്കാണ് എന്നതിനാൽ ഇതുകൊണ്ടുള്ള മെച്ചം വാണിജ്യവ്യവസ്ഥക്കു മാത്രമാണ്.—വെളിപ്പാടു 18:11 താരതമ്യപ്പെടുത്തുക.
കിടമത്സരവും മത്സരത്തിന്റേതായ ആത്മാവും ജോലിയിൽ കാര്യക്ഷമത ഉളവാക്കുമെങ്കിലും ശലോമോൻ ഇങ്ങനെ നിരീക്ഷിച്ചതിൽ ഒട്ടും അതിശയമില്ല: “എല്ലാ കഠിനപ്രയത്നവും ജോലിയിലെ എല്ലാ കാര്യക്ഷമതയും ഒരുവനു മറെറാരുവനോടുള്ള മത്സരത്തെ അർഥമാക്കുന്നു എന്നു ഞാൻ കണ്ടു; അതും മായയും കാററിനെ പിടിക്കാനുള്ള ശ്രമവും അത്രേ.” (സഭാപ്രസംഗി 4:4, NW) അതുകൊണ്ടു മത്സരാത്മക സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് എങ്ങനെയാണു മനസ്സമാധാനം കാത്തുസൂക്ഷിക്കാനാവുക? ഉത്തരം ലഭിക്കാനായി മത്സരത്തിന്റെ ആശയം ആദ്യമായി എവിടെയാണ് ആരംഭിച്ചത് എന്നു നമുക്കു നോക്കാം.