ഒരു മത്സരാത്മക സമൂഹത്തിൽ മനസ്സമാധാനം
“ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം” എന്ന് യേശു തന്റെ അപ്പോസ്തലൻമാരെ ബുദ്ധ്യുപദേശിച്ചു. അപ്പോസ്തലൻമാർ തങ്ങൾക്കിടയിൽ ഏററവും വലിയവൻ ആരാണെന്നു തർക്കിക്കുകയായിരുന്നു. അത്തരം പ്രവണതയെ യേശു വെറുത്തിരുന്നു എന്ന് അവർക്ക് അറിയാമായിരുന്നു. ആത്മീയ പുരോഗതി കൈവരിക്കാനുള്ള ഒരു മാർഗമെന്ന നിലയിൽ തന്റെ ശിഷ്യൻമാരെ അവിടുന്ന് ഒരിക്കലും മത്സരത്തിലാക്കിയില്ല.—മർക്കൊസ് 9:33-37.
ഭൂമിയിലേക്കു വരുന്നതിനുമുമ്പു യേശുക്രിസ്തു ആദിമ മനുഷ്യജോഡികളുടെ സൃഷ്ടിയിൽ പങ്കെടുക്കുകയും അവർ നിർമിക്കപ്പെട്ട വിധം അറിയുകയും ചെയ്തിരുന്നു. (കൊലൊസ്സ്യർ 1:15, 16) മററുള്ളവർക്കെതിരെ നിർദാക്ഷിണ്യം മത്സരിക്കാതെതന്നെ പുരോഗതി കൈവരിക്കാനുള്ള കഴിവോടെയാണ് ആദിമ മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. തങ്ങളുടെ ശിരസ്സ് ആരെന്നു നിശ്ചയിക്കാൻ തങ്ങൾക്കിടയിൽത്തന്നെ പോരാടേണ്ട ആവശ്യം മനുഷ്യർക്ക് ഇല്ലായിരുന്നു, അതിജീവനത്തിനായുള്ള പോരാട്ടത്തിൽ മൃഗങ്ങളുമായും അവർ മത്സരിച്ചില്ല.—ഉല്പത്തി 1:26; 2:20-24; 1 കൊരിന്ത്യർ 11:3.
മത്സരാത്മാവിന്റെ ഉത്ഭവം
കഴുത്തറപ്പൻ മത്സരാത്മാവു മനുഷ്യ സമൂഹത്തിൽ ഒരു പ്രബല ശക്തിയായിത്തീർന്നത് എങ്ങനെയാണ്? മനുഷ്യ ചരിത്രത്തിലെ ആദ്യ കൊലപാതകകൃത്യം അതിനുള്ള ഒരു സൂചന നൽകുന്നുണ്ട്. ആദ്യ മനുഷ്യ ദമ്പതികളുടെ മൂത്ത പുത്രനായ കയീന്റെ ഭാഗത്തെ മത്സരാത്മാവാണു ദുരന്തത്തിന് ഇടയാക്കിയത്. ഹാബേലിന്റെ ബലിയിൽ ദൈവം പ്രസാദിച്ചു, എന്നാൽ കയീന്റേതിൽ പ്രസാദിച്ചില്ല എന്ന കാരണത്താൽ കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊന്നു. കയീൻ “ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നു” എന്നു ബൈബിൾ പറയുന്നു.—1 യോഹന്നാൻ 3:12; ഉല്പത്തി 4:4-8.
അതേ, ദുഷ്ടനും പിശാചുമായ സാത്താനാണു മത്സരാത്മാവിന്റെ കാരണഭൂതനും പരിപോഷകനും. ഉന്നത പദവികൾ ഉണ്ടായിരുന്ന, ദൈവത്തിന്റെ ഒരു ദൂതപുത്രൻ ആയിരുന്നിട്ടും അവൻ പിന്നെയും ആഗ്രഹിച്ചു. (യെഹെസ്കേൽ 28:14, 15 താരതമ്യപ്പെടുത്തുക.) ഹവ്വായെ വശീകരിച്ചപ്പോൾ അവൻ തന്റെ സ്വന്തം ആഗ്രഹം വെളിപ്പെടുത്തി. വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ അവൾ “ദൈവത്തെപ്പോലെ ആകും” എന്ന് അവൻ പറഞ്ഞു. (ഉല്പത്തി 3:4, 5) വാസ്തവത്തിൽ യഹോവയോടു മത്സരിച്ചു ദൈവത്തെപ്പോലെ ആകാൻ ആഗ്രഹിച്ചതു സാത്താനായിരുന്നു. ദൈവത്തിനെതിരായ മത്സരാത്മക ചിന്ത അവനെ മത്സരത്തിലേക്ക് ഇളക്കിവിട്ടു.—യാക്കോബ് 1:14, 15.
ഈ ആത്മാവിനു പടർന്നുപിടിക്കുന്ന സ്വഭാവമുണ്ട്. പ്രാരംഭ കുടുംബക്രമീകരണത്തിന്റെ ദൈവദത്ത സമാധാനം സാത്താന്റെ സ്വാധീനത്തിൻകീഴിൽ തകർന്നു. (ഉല്പത്തി 3:6, 16) ദൈവത്തിനെതിരായ തന്റെ മത്സരം ആരംഭിച്ചത് എന്നോ അന്നുമുതൽ മത്സരത്തിന്റേതായ ഒരാത്മാവിനെ ഊട്ടിവളർത്തിക്കൊണ്ട്, കഴുത്തറപ്പൻ മത്സരമാണു വിജയത്തിനുള്ള താക്കോൽ എന്നു സ്ത്രീപുരുഷൻമാരെ വിശ്വസിപ്പിച്ചുകൊണ്ടുപോലും സാത്താൻ മനുഷ്യവർഗത്തിനുമേൽ ആധിപത്യം നടത്തിയിരിക്കുന്നു. എന്നുവരികിലും, “ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു” എന്നു ബൈബിൾ വിശദീകരിക്കുന്നു. (യാക്കോബ് 3:14-16) അങ്ങനെ സാത്താൻ മനുഷ്യനിൽനിന്ന് അവന്റെ മനസ്സിന്റെ സന്തോഷവും സമാധാനവും കവർന്നെടുത്തിരിക്കുന്നു.
മത്സരം കൂടാതെയുള്ള വിജയം
സാത്താന്റെ മാർഗത്തിൽനിന്നും തികച്ചും വ്യത്യസ്തമായി, മത്സരം കൂടാതെയുള്ള വിജയത്തിന്റെ ദൃഷ്ടാന്തങ്ങൾ ബൈബിൾ നൽകുന്നുണ്ട്. അതിൽ ഏററവും പ്രമുഖമായതു യേശുക്രിസ്തുവിന്റേതാണ്. ദൈവത്തിന്റെ രൂപത്തിൽ സ്ഥിതിചെയ്യുകയായിരുന്നെങ്കിലും താൻ ദൈവത്തോടു സമനാണെന്ന് അവിടുന്ന് ഒരിക്കലും ചിന്തിച്ചില്ല, പകരം ദാസരൂപമെടുത്തു ഭൂമിയിൽ വന്നു. അതിലുപരി, അവിടുന്ന് തന്നേത്തന്നെ താഴ്ത്തി ദണ്ഡനസ്തംഭത്തിലെ മരണത്തോളം അനുസരണയുള്ളവനായിത്തീർന്നു. മത്സരത്തിന്റേതായ ഒരു ലാഞ്ചനയുമില്ലാത്ത ഈ അനുസരണ മനോഭാവം യേശുവിനു ദിവ്യപ്രീതി ലഭിക്കാനിടയാക്കി. “അതുകൊണ്ടു ദൈവവും അവനെ ഏററവും ഉയർത്തി സകല നാമത്തിന്നും മേലായ നാമം നൽകി.” (ഫിലിപ്പിയർ 2:5-9) ഒരു സൃഷ്ടിക്ക് അതിനെക്കാൾ വലുതായ എന്തു വിജയമാണു നേടാനാവുക? വേറൊരു സൃഷ്ടിക്കും സാധിക്കാത്ത അളവിൽ അവിടുന്ന് പിതാവിനെ പ്രീതിപ്പെടുത്തി, ഇത് അവിടുന്ന് ചെയ്തതോ, സ്പർധയുടേയോ മത്സരത്തിന്റേയോ ആത്മാവു കൂടാതെയും.—സദൃശവാക്യങ്ങൾ 27:11.
സ്വർഗത്തിലെ എണ്ണമററ വിശ്വസ്ത ദൂതൻമാർ ഇതേ മനോഭാവംതന്നെ പ്രകടമാക്കുന്നു. ദൂതൻമാരുടെ തലവനായിരുന്ന യേശു അവരെക്കാൾ അല്പം താഴ്ന്നവനായി ഭൂമിയിലേക്കു വന്നുവെങ്കിലും അവിടുത്തെ ആവശ്യങ്ങൾക്ക് അവർ മനസ്സോടെ സേവനമനുഷ്ഠിച്ചു. വ്യക്തമായും, പ്രധാനദൂതന്റെ സ്ഥാനം പിടിച്ചെടുത്തു സാഹചര്യത്തെ മുതലെടുക്കാനുള്ള ഒരു ചിന്തയേയും അവർ താലോലിച്ചില്ല.—മത്തായി 4:11; 1 തെസ്സലൊനീക്യർ 4:16; എബ്രായർ 2:7.
“ദൂതൻമാരെ വിധിക്കാൻ” കഴിയുമാറ് ഏതാനും അപൂർണ മനുഷ്യരെ അമർത്ത്യ ആത്മജീവനിലേക്ക് ഉയർത്താനുള്ള ദൈവോദ്ദേശ്യത്തോടു ദൂതൻമാർ പ്രതികരിച്ച വിധം നാം പരിചിന്തിക്കുമ്പോൾ മത്സരാത്മക മനോഭാവത്തോടുള്ള അവരുടെ വിമുഖത അതിലും കൂടുതലായി പ്രകടമാണ്. (1 കൊരിന്ത്യർ 6:3) യഹോവയെ സേവിക്കുന്നതിലുള്ള അനുഭവത്താൽ സമ്പന്നരായ ദൂതൻമാർക്കു നല്ല കാര്യങ്ങൾ ചെയ്യുന്നതിന് അപൂർണ മനുഷ്യരെക്കാൾ വളരെ കൂടുതലായ കഴിവുണ്ട്. എന്നിട്ടും, ഭൂമിയിലെ അഭിഷിക്തർക്കു ലഭിക്കാൻ പോകുന്നതിനെപ്പററി അസൂയപ്പെടാതെ ദൂതൻമാർ ഇവരെ സന്തോഷത്തോടെ സേവിക്കുന്നു. (എബ്രായർ 1:14) അവരുടെ ഉത്തമമായ, മത്സരാത്മകമല്ലാത്ത മനോഭാവം പരമാധികാരിയാം കർത്താവായ യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ സേവിക്കുന്നതിൽ തുടരാൻ അവരെ പ്രാപ്തരാക്കുന്നു.
ഇനി, ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിച്ചുവരുന്ന ദൈവത്തിന്റെ പുരാതന വിശ്വസ്ത ദാസൻമാരുടെ കാര്യം ചിന്തിച്ചുനോക്കുക. വിശ്വാസത്തിന്റെ ഒരു മുന്തിയ മാതൃകയായിരുന്ന അബ്രഹാമിനെ “വിശ്വാസമുള്ള എല്ലാവരുടെയും പിതാവ്” എന്നു വിളിച്ചിരിക്കുന്നു. (റോമർ 4:9, 11, NW) ഇയ്യോബ് സഹിഷ്ണുതയുടെ ഒരു ഒന്നാന്തരം മാതൃക വെച്ചു. (യാക്കോബ് 5:11) “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായ” മോശ ഇസ്രായേൽ ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചു. (സംഖ്യാപുസ്തകം 12:3) അപൂർണ മനുഷ്യർക്കിടയിൽ വിശ്വാസം, സഹിഷ്ണുത, സൗമ്യത എന്നിവയുടെ കാര്യത്തിൽ ഇതിലും മെച്ചമായ മാതൃക വെച്ചിരിക്കുന്നതാരാണ്? എന്നിരുന്നാലും, അവർക്കെല്ലാം അവകാശമായി ലഭിക്കാൻ പോകുന്നതു സ്വർഗരാജ്യത്തിന്റെ ഭൗമിക മേഖലയാണ്. (മത്തായി 25:34; എബ്രായർ 11:13-16) യോഹന്നാൻ സ്നാപകനെപ്പോലെ, അവർക്കു ലഭിക്കുക “സ്വർഗ്ഗരാജ്യത്തിലെ ഏററവും ചെറിയവനെ”ക്കാൾ താഴ്ന്ന പദവിയായിരിക്കും. (മത്തായി 11:11) തങ്ങളുടെ വിശ്വാസമോ സഹിഷ്ണുതയോ സൗമ്യതയോ സ്വർഗത്തിൽ ജീവൻ നൽകപ്പെട്ടവരുടേതിനു തുല്യമായിരുന്നു അഥവാ ചില സംഗതികളിൽ അവരുടേതിനെക്കാൾ കൂടുതലായിരുന്നു എന്നു പരാതിപ്പെടുന്ന കാര്യം അവർ ചിന്തിക്കുകപോലും ചെയ്യുമോ? ഇല്ലെന്ന് ഉറപ്പാണ്! അവർ ദൈവരാജ്യത്തിന്റെ സന്തുഷ്ടരായ ഭൗമിക പ്രജകളായിരിക്കും.
ഇന്നും, മത്സരാത്മക മനോഭാവമില്ലാതെ സന്തുഷ്ടരായിരിക്കുന്നവർ നമുക്കു ചുററുമുണ്ട്. ആദ്യ ലേഖനത്തിൽ സൂചിപ്പിച്ച യാസൂവോ സ്വർണത്തിന്റെ ഊഹകച്ചവടത്തിൽ ഏർപ്പെട്ടു തന്റെ സകല സ്വത്തും വിററുമുടിച്ചു കടക്കയത്തിൽ മുങ്ങി. “സുഹൃത്തുക്കൾ” അദ്ദേഹത്തെ ഉപേക്ഷിച്ചു. ഭാര്യ യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അവരുടെ യോഗത്തിന് അയാളും പോയി, കുടുംബത്തിനു താൻ വരുത്തിക്കൂട്ടിയ കഷ്ടപ്പാടുകളെക്കുറിച്ചുള്ള ആഴമായ കുററബോധമായിരുന്നു അതിനുപിന്നിൽ. അവസാനം മത്സരാത്മകത വലിച്ചെറിഞ്ഞ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീർന്നു. ദുരിതങ്ങൾ നേരിടുന്ന അവസരങ്ങളിൽ തന്നെ സഹായിക്കാൻ മനസ്സൊരുക്കം കാട്ടുന്ന പ്രകൃതക്കാരായ ക്രിസ്തീയ സുഹൃത്തുക്കളുടെ കൂട്ടത്തിലായിരിക്കുന്നതിൽ അയാൾ ഇപ്പോൾ സന്തോഷിക്കുന്നു.
മനസ്സമാധാനം നിലനിർത്തേണ്ട വിധം
ദയാരഹിതവും മത്സരാത്മകവുമായ ഈ സമൂഹത്തിൽ മനസ്സമാധാനം നിലനിർത്തുക എല്ലായ്പോഴും എളുപ്പമല്ല. ദൈവരാജ്യം അവകാശമാക്കുന്നതിൽനിന്ന് ആളുകളെ തടയുന്ന “ജഡത്തിന്റെ പ്രവൃത്തികളാ”യ “ശത്രുത, കലഹം, അസൂയ, കോപാവേശപ്രകടനങ്ങൾ, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം” എന്നിവയെ ബൈബിൾ കുററംവിധിക്കുന്നു എന്നു നാം മനസ്സിലാക്കുന്നതു നന്നായിരിക്കും. മത്സരാത്മാവുമായി കൈകോർത്തുപോകുന്നവയാണ് ഈ പ്രവൃത്തികളെല്ലാം. അതുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഗലാത്യരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചതിൽ ഒരത്ഭുതവുമില്ല: “പരസ്പരം മത്സരം ഇളക്കിവിട്ടും ദ്വേഷിച്ചും നാം തൻകാര്യതത്പരർ ആകാതിരിക്കട്ടെ.”—ഗലാത്യർ 5:19-21, 26, NW.
തൻകാര്യതാത്പര്യം മാത്രം അന്വേഷിക്കുന്ന മത്സരത്തെ നേരിടുന്നതിനുള്ള താക്കോൽ എന്തെന്നു പൗലോസ് തന്റെ ലേഖനത്തിന്റെ സാഹചര്യത്തിലൂടെ പ്രകടമാക്കി. അദ്ദേഹം പറഞ്ഞു: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രീയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” (ഗലാത്യർ 5:22, 23) മാത്സര്യത്തെ മനസ്സിൽനിന്നു വലിച്ചെറിയാൻ ആത്മാവിന്റെ ഫലങ്ങൾ നമ്മെ സഹായിക്കുന്നു. ഉദാഹരണമായി സ്നേഹമെന്ന ഗുണംതന്നെ എടുക്കുക. “സ്നേഹം അസൂയപ്പെടുന്നില്ല,” എന്നു പൗലോസ് വിശദീകരിക്കുന്നു. “അതു പൊങ്ങച്ചം പറയുന്നില്ല, നിഗളിക്കുന്നില്ല, അയോഗ്യമായി പെരുമാറുന്നില്ല, അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല, പ്രകോപിതമാകുന്നില്ല.” (1 കൊരിന്ത്യർ 13:4-7, NW) സ്നേഹം നട്ടുവളർത്തുന്നെങ്കിൽ മത്സരാത്മാവിന്റെ പ്രേരകഘടകമായ അസൂയയെ നമുക്കു പിഴുതെറിയാനാവും. നിർദാക്ഷിണ്യമായ മത്സരാത്മക ചിന്തയുടെ അവശിഷ്ടങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അവയെ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും കഴുകിക്കളയാൻ ആത്മാവിന്റെ മററു ഫലങ്ങളും നമ്മെ സഹായിക്കും. എന്തെന്നാൽ, ഏതുവിധേനയും വിജയിക്കാൻവേണ്ടി മററുള്ളവർക്കെതിരെ മത്സരിക്കാൻ പ്രേരകമാകുന്ന ഏതൊരാഗ്രഹത്തെയും ആത്മനിയന്ത്രണംകൊണ്ടു പെട്ടെന്നു കീഴ്പെടുത്താനാവും!—സദൃശവാക്യങ്ങൾ 17:27.
എന്നിരുന്നാലും, ഈ ഗുണങ്ങൾ നട്ടുവളർത്താൻ ദൈവാത്മാവു നമ്മുടെമേൽ പ്രവർത്തിക്കാൻ നാം അനുവദിക്കണം. പ്രാർഥനയിൽ ഉററിരുന്നുകൊണ്ടും നമ്മെ സഹായിക്കാൻ ദൈവാത്മാവിനുവേണ്ടി യാചിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ ഈ ആരോഗ്യകരമായ പ്രവർത്തനത്തിന് ഇടംനൽകാൻ നമുക്കു കഴിയും. (ലൂക്കൊസ് 11:13) നമ്മുടെ പ്രാർഥനക്ക് ഉത്തരമായി ദൈവം നമുക്ക് എന്തു പ്രദാനം ചെയ്യും? ബൈബിൾ ഉത്തരം നൽകുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:6, 7.
യേശുവിന്റെ അപ്പോസ്തലൻമാരുടെ കാര്യത്തിൽ ഇതു വ്യക്തമായിരുന്നു. യേശു ശിഷ്യൻമാരോടൊത്തുള്ള തന്റെ അവസാന രാത്രിയിൽ കർത്താവിന്റെ സന്ധ്യാഭക്ഷണം ആരംഭിച്ചശേഷംപോലും തങ്ങൾക്കിടയിൽ ഏററവും വലിയവനെന്നു തോന്നിയത് ആരാണെന്നതിനെക്കുറിച്ച് അവർ കലഹിക്കുകയായിരുന്നു. (ലൂക്കൊസ് 22:24-27) അവരുടെ ചിന്തയെ നേരെയാക്കാൻ യേശു വ്യത്യസ്ത സന്ദർഭങ്ങളിൽ അവരെ സഹായിക്കാൻ ശ്രമിച്ചിരുന്നു, പക്ഷേ മത്സരാത്മാവ് അവരിൽ രൂഢമൂലമായിരുന്നു. (മർക്കൊസ് 9:34-37; 10:35-45; യോഹന്നാൻ 13:12-17) എന്നുവരികിലും, ആ തർക്കത്തിനുശേഷം 50 ദിവസം കഴിഞ്ഞപ്പോഴായിരുന്നു അവർക്കു പരിശുദ്ധാത്മാവിനെ ലഭിക്കുന്നത്, അതോടെ അവരുടെ മനോഭാവം മാറി. പെന്തക്കോസ്ത് ദിനത്തിൽ തടിച്ചുകൂടിയ ആകാംക്ഷാഭരിതരായ ജനാവലിയോടു തങ്ങളെ പ്രതിനിധീകരിച്ച് ആർ സംസാരിക്കും എന്നതിനെചൊല്ലി ഒരു തർക്കവുമുണ്ടായില്ല.—പ്രവൃത്തികൾ 2:14-21.
ക്രിസ്തീയ സഭയുടെമേൽ ഏതെങ്കിലുംതരത്തിലുള്ള മനുഷ്യാധിപത്യത്തിന് ഒരു സ്ഥാനവുമില്ല. യേശുവിന്റെ മരണസമയത്ത് ഒരു ശിഷ്യൻപോലുമല്ലാതിരുന്ന യാക്കോബ് ആണു പരിച്ഛേദനയെ സംബന്ധിച്ചുള്ള ഒരു പ്രശ്നം പരിഹരിക്കേണ്ടിവന്ന ഒരു പ്രധാന യോഗത്തിൽ അധ്യക്ഷം വഹിച്ചത്. ക്രിസ്തീയ സഭയുടെ ഭരണസംഘത്തിന്റെ യോഗത്തിൽ നേതൃത്വമെടുക്കേണ്ടിയിരുന്നത് ആരാണ് എന്നതിനെക്കുറിച്ചു തർക്കത്തിന്റെ ഒരു ലാഞ്ചനയുമില്ല. അപ്പോസ്തലൻമാർ മത്സരാത്മാവിനാൽ കറപുരണ്ടിരുന്ന സമയത്തിൽനിന്നും എന്തൊരു മാററം! പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവർ യേശുവിന്റെ പഠിപ്പിക്കലുകൾ അനുസ്മരിക്കുകയും അവിടുന്ന് നൽകിയ പാഠങ്ങളുടെ അർഥം ഗ്രഹിക്കാൻ തുടങ്ങുകയും ചെയ്തു.—യോഹന്നാൻ 14:26.
നമ്മെ സംബന്ധിച്ചും ഇതേസംഗതി സത്യമായിരിക്കാൻ കഴിയും. മററുള്ളവർക്കു നഷ്ടംവരുത്തിക്കൊണ്ടു പുരോഗതി കൈവരിക്കാൻ അവരുമായി മത്സരിക്കാൻ പ്രേരിപ്പിക്കുന്ന, അവശേഷിക്കുന്ന ഏതൊരു ആഗ്രഹത്തെയും മറികടക്കാൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്കു സാധിക്കും. അതുപോലെതന്നെ, സകല ചിന്തകളെയും വെല്ലുന്ന മനസ്സമാധാനം നേടുകയും ചെയ്യാം. കഴുത്തറപ്പൻ മത്സരത്തിന്റെ ഉറവായ പിശാചായ സാത്താൻ പെട്ടെന്നുതന്നെ അഗാധത്തിൽ തളയ്ക്കപ്പെടും, നിഷ്ക്രിയനാക്കപ്പെടും എന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. (വെളിപ്പാടു 20:1-3) അയൽക്കാർ തമ്മിലുള്ള കിടമത്സരം മേലാൽ ഉണ്ടായിരിക്കില്ല. പുരോഗതിയില്ലാത്ത ഒരു സമൂഹമായിരിക്കുമോ ഫലം? ഒരു കാരണവശാലും അല്ല! മനുഷ്യർ പൂർണതയിലേക്ക് ഉയരും, അത് അവർക്കിടയിലെ ഏതെങ്കിലും മത്സരത്തിലൂടെ ആയിരിക്കില്ല, മറിച്ച് അതു യേശുവിന്റെ മറുവിലയാഗം അവർക്കായി ബാധകമാക്കുന്നതിലൂടെ ആയിരിക്കും.—1 യോഹന്നാൻ 2:1, 2.
ഒരിക്കൽ ലൗകിക വിജയങ്ങളുടെ മഹത്ത്വം അനുഭവിച്ചിരുന്ന, നേരത്തെ സൂചിപ്പിച്ച കയ്നോസ്കെ മാനസികമായും ശാരീരികമായും തളർന്നു, അങ്ങനെ അവസാനം ജോലിയും ഉപേക്ഷിച്ചു. “ഇപ്പോൾ, എന്റെ ജീവിതം യഥാർഥ സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു. യേശുവിന്റെ ജീവിതത്തിൽ യഥാർഥ വിജയം കളിയാടിയിരുന്നത് എന്തുകൊണ്ടെന്നു കാണാൻ അയാൾക്ക് അവസരമുണ്ടായി. ദൈവത്തിന്റെ ലോകവിസ്തൃതമായ സഭയിൽ തനിക്കാവുന്നതെല്ലാം ചെയ്തുകൊണ്ട് അദ്ദേഹം ഇപ്പോൾ നവോൻമേഷം കണ്ടെത്തുന്നു. അങ്ങനെ മത്സരം ഉണ്ടായിരിക്കുകയില്ലാത്ത പുതിയ ലോകത്തിനുവേണ്ടി അദ്ദേഹം ഒരുക്കപ്പെടുകയാണ്. നിങ്ങൾ നിങ്ങളുടെ സ്ഥലത്തെ രാജ്യഹാളുകളിലൊന്നു സന്ദർശിക്കുകയും യഹോവയുടെ സാക്ഷികളുമൊത്തു സഹവസിക്കുകയും ചെയ്യുന്നെങ്കിൽ ഈ പുതിയ ലോക സമൂഹത്തിന്റെ ഒരു മുൻവീക്ഷണം നിങ്ങൾക്കും ലഭിക്കും.
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ മനുഷ്യസമൂഹം സമാധാനവും സഹകരണവും ആസ്വദിക്കും