വ്യാജ ഉപദേഷ്ടാക്കൻമാർക്കെതിരെയുള്ള യഹോവയുടെ ന്യായവിധി
“യരൂശലേമിലെ പ്രവാചകൻമാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; . . . അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറ പോലെയും ഇരിക്കുന്നു.”—യിരെമ്യാവു 23:14.
1. ദിവ്യ പഠിപ്പിക്കലിൽ ഏർപ്പെടുന്ന ഏതൊരാളും ഗൗരവതരമായ ഒരു ഉത്തരവാദിത്വമാണ് ഏറെറടുക്കുന്നത്, എന്തുകൊണ്ട്?
ദിവ്യ പഠിപ്പിക്കലിൽ ഏർപ്പെടുന്ന ഏതൊരാളും ഗൗരവതരമായ ഒരു ഉത്തരവാദിത്വമാണ് ഏറെറടുക്കുന്നത്. “സഹോദരൻമാരേ, അധികം ശിക്ഷാവിധി വരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കൻമാർ ആകരുതു” എന്നു യാക്കോബ് 3:1 മുന്നറിയിപ്പു നൽകുന്നു. അതേ, സ്വീകാര്യമായ വിധത്തിൽ കണക്കുബോധിപ്പിക്കുന്നതിൽ, പൊതുവേയുള്ള ക്രിസ്ത്യാനികളെക്കാൾ കൂടുതൽ ഗൗരവമായ ഉത്തരവാദിത്വത്തിൻകീഴിലാണു ദൈവവചനത്തിന്റെ ഉപദേഷ്ടാക്കൻമാർ. വ്യാജ ഉപദേഷ്ടാക്കൻമാർ എന്നു തെളിയുന്നവർക്ക് ഇത് എന്തർഥമാക്കും? യിരെമ്യായുടെ നാളിലെ സാഹചര്യം നമുക്കൊന്നു നോക്കാം. അത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ എങ്ങനെ മുൻനിഴലാക്കി എന്നു നമുക്കു നോക്കാം.
2, 3. യരുശലേമിലെ വ്യാജ ഉപദേഷ്ടാക്കൻമാരെ സംബന്ധിച്ച് ഏതു ന്യായവിധിയാണു യിരെമ്യായിലൂടെ യഹോവ നൽകിയത്?
2 യോശിയാ രാജാവിന്റെ ഭരണത്തിന്റെ 13-ാം വർഷത്തിൽ, പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 647-ൽ യിരെമ്യാ യഹോവയുടെ പ്രവാചകനായി നിയോഗിക്കപ്പെട്ടു. യഹൂദക്കെതിരെ യഹോവക്ക് ഒരു പരാതിയുണ്ടായിരുന്നു. അതുകൊണ്ട് അതു പ്രഖ്യാപിക്കുന്നതിന് അവിടുന്ന് യിരെമ്യാവിനെ വിട്ടു. യരുശലേമിലെ വ്യാജ പ്രവാചകർ അഥവാ ഉപദേഷ്ടാക്കൻമാർ ദൈവത്തിന്റെ ദൃഷ്ടിയിൽ “അതിഭയങ്കരമായുള്ളതു” ചെയ്യുകയായിരുന്നു. യരുശലേമിനെയും യഹൂദയെയും ദൈവം സോദോമിനോടും ഗൊമോറയോടും ഉപമിക്കാൻ തക്കവണ്ണം അവരുടെ വഷളത്തം അത്ര വലുതായിരുന്നു. യിരെമ്യാവു 23-ാം അധ്യായം ഇതിനെക്കുറിച്ചു നമ്മോടു പറയുന്നു. 14-ാം വാക്യം പറയുന്നു:
3 “യെരൂശലേമിലെ പ്രവാചകൻമാരിൽ ഞാൻ അതിഭയങ്കരമായുള്ളതു [“ഭയങ്കര കാര്യങ്ങൾ,” NW] കണ്ടിരിക്കുന്നു. അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറ പോലെയും ഇരിക്കുന്നു.”
4. യരുശലേമിലെ ഉപദേഷ്ടാക്കൻമാരുടെ വളരെ മോശമായ ധാർമിക മാതൃക ഇന്നത്തെ ക്രൈസ്തവലോകത്തിന്റേതിനോടു സമാന്തരമായിരിക്കുന്നതെങ്ങനെ?
4 അതേ, ഈ പ്രവാചകർ അഥവാ ഉപദേഷ്ടാക്കൻമാർ സ്വയം ധാർമികമായി വളരെ മോശമായ ദൃഷ്ടാന്തങ്ങൾ വെച്ചു, ഫലത്തിൽ അതുതന്നെ ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇന്നത്തെ ക്രൈസ്തവലോകത്തിലെ അവസ്ഥകൾ നോക്കൂ! അവ യിരെമ്യായുടെ നാളിലുണ്ടായിരുന്നവയെപ്പോലെ തന്നെയല്ലേ? പുരോഹിതൻമാർ വ്യഭിചാരികളെയും സ്വവർഗരതിക്കാരെയും തങ്ങളുടെ സ്ഥാനങ്ങളിൽ നിലനിൽക്കാനും സഭാശുശ്രൂഷകളിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാൻപോലും അനുവദിക്കുന്നു. ആ സ്ഥിതിക്ക്, സഭാംഗങ്ങളായി പേർ ചാർത്തിയിട്ടുള്ള ഒട്ടധികം പേരും അധാർമികരായിരിക്കുന്നതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ?
5. ക്രൈസ്തവലോകത്തിന്റെ അധാർമികാവസ്ഥ സോദോമിന്റേതിനെക്കാളും ഗൊമോറയുടേതിനെക്കാളും വഷളായിരിക്കുന്നതെന്തുകൊണ്ട്?
5 യരുശലേമിലെ നിവാസികളെ യഹോവ സോദോമിലും ഗൊമോറയിലും ഉണ്ടായിരുന്നവരോട് ഉപമിച്ചു. എന്നാൽ ക്രൈസ്തവലോകത്തിന്റെ അധാർമികാവസ്ഥ സോദോമിന്റേതിനെക്കാളും ഗൊമോറയുടേതിനെക്കാളും വഷളാണ്. അതേ, അതു യഹോവയുടെ ദൃഷ്ടിയിൽ ഏറെ അപലപനീയമാണ്. അവളുടെ ഉപദേഷ്ടാക്കൻമാർ ക്രിസ്തീയ ധാർമിക നിയമങ്ങളെ പരിഹസിക്കുകയാണ്. അങ്ങനെ വഷളത്തം പ്രവർത്തിക്കാനുള്ള വഞ്ചകമായ സകലതരം വശീകരണങ്ങളും പതിയിരിക്കുന്ന ധാർമിക അധഃപതനത്തിന്റെ ഒരു അന്തരീക്ഷം ഉളവാക്കുന്നു. വഷളത്തം ഇന്നു വെറും സാധാരണമാണെന്നു വീക്ഷിക്കാൻ തക്കവണ്ണം ഈ ധാർമികാവസ്ഥ അത്ര പ്രബലമാണ്.
“വ്യാജത്തിൽ നടക്കുന്നു”
6. യരുശലേമിലെ പ്രവാചകരുടെ വഷളത്തത്തെക്കുറിച്ചു യിരെമ്യാ എന്താണു പറഞ്ഞത്?
6 ഇനി 14-ാം വാക്യം യരുശലേമിലെ പ്രവാചകരെക്കുറിച്ചു പറയുന്നതെന്തെന്നു ശ്രദ്ധിക്കുക. അവർ “വ്യാജത്തിൽ നടക്കു”കയായിരുന്നു. കൂടാതെ 15-ാം വാക്യത്തിന്റെ അവസാനഭാഗം ഇങ്ങനെ പറയുന്നു: “യെരൂശലേമിലെ പ്രവാചകൻമാരിൽനിന്നല്ലോ വഷളത്തം [“വിശ്വാസത്യാഗം,” NW] ദേശത്തെല്ലാടവും പരന്നിരിക്കുന്നത്.” പിന്നെ 16-ാം വാക്യം ഇതുകൂടി പറയുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകൻമാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു.”
7, 8. യരുശലേമിലെ വ്യാജപ്രവാചകരെപ്പോലെതന്നെയാണ് ക്രൈസ്തവലോകത്തിലെ പുരോഹിതൻമാരും, എന്തുകൊണ്ട്, പള്ളിയിൽപോക്കുകാരെ ഇത് എങ്ങനെയാണു ബാധിച്ചിരിക്കുന്നത്?
7 യരുശലേമിലെ വ്യാജപ്രവാചകരെപ്പോലെ ക്രൈസ്തവലോകത്തിലെ പുരോഹിതൻമാരും വിശ്വാസത്യാഗപരമായ പഠിപ്പിക്കലുകളെ, ദൈവവചനത്തിൽ ഇല്ലാത്ത പഠിപ്പിക്കലുകളെ പ്രചരിപ്പിച്ചുകൊണ്ടു വ്യാജത്തിൽ നടക്കുന്നു. ഈ വ്യാജ പഠിപ്പിക്കലുകളിൽ ചിലത് എന്താണ്? ദേഹിയുടെ അമർത്ത്യത, ത്രിത്വം, ശുദ്ധീകരണസ്ഥലം, എന്നേക്കും ആളുകളെ ദണ്ഡിപ്പിക്കുന്നതിനുള്ള തീനരകം. ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നത് അവർ പ്രസംഗിച്ചുകൊണ്ടു തങ്ങളുടെ കേൾവിക്കാരുടെ കർണങ്ങൾക്ക് ഇക്കിളികൂട്ടുകയും ചെയ്യുന്നു. ക്രൈസ്തവലോകത്തിനു ദൈവസമാധാനം ഉള്ളതിനാൽ അവളെ യാതൊരു ആപത്തും അഭിമുഖീകരിക്കുന്നില്ലെന്ന് അവർ ഓതിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ പുരോഹിതൻമാർ “സ്വന്തഹൃദയത്തിലെ ദർശനമത്രേ” സംസാരിക്കുന്നത്. അതു വ്യാജമാണ്. ഇത്തരം നുണകൾ വിശ്വസിക്കുന്നവർ ആത്മീയമായി വിഷലിപ്തമാക്കപ്പെടുകയാണ്. അവർ തങ്ങളുടെ നാശത്തിലേക്കു വഴിതെററിക്കപ്പെടുകയാണ്!
8 ഈ വ്യാജ ഉപദേഷ്ടാക്കൻമാരെക്കുറിച്ച് 21-ാം വാക്യത്തിൽ യഹോവ പറയുന്നതു പരിചിന്തിക്കുക: “ഞാൻ ഈ പ്രവാചകൻമാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.” അതുകൊണ്ട് ഇന്ന്, പുരോഹിതൻമാർ ദൈവത്താൽ അയയ്ക്കപ്പെട്ടിട്ടില്ല, അവർ അവിടുത്തെ സത്യം ഒട്ടു പഠിപ്പിക്കുന്നുമില്ല. ഫലമോ? പള്ളിയിൽപോക്കുകാരുടെ ഇടയിലെ ഞെട്ടിക്കുന്ന ബൈബിൾ അജ്ഞത. എന്തുകൊണ്ടെന്നാൽ അവരുടെ ശുശ്രൂഷകർ അവർക്കു ലൗകിക തത്ത്വശാസ്ത്രങ്ങളാണു വിളമ്പിക്കൊടുക്കുന്നത്.
9, 10. (എ) ഏതുതരം സ്വപ്നങ്ങളായിരുന്നു യരുശലേമിലെ വ്യാജ ഉപദേഷ്ടാക്കൻമാർക്ക് ഉണ്ടായിരുന്നത്? (ബി) സമാനമായി ക്രൈസ്തവലോകത്തിലെ പുരോഹിതൻമാർ “വ്യാജ സ്വപ്നങ്ങൾ” പഠിപ്പിച്ചിരിക്കുന്നതെങ്ങനെ?
9 കൂടുതലായി, പുരോഹിതൻമാർ ഇന്നു വ്യാജ പ്രത്യാശകൾ വിളംബരം ചെയ്യുകയാണ്. 25-ാം വാക്യം ശ്രദ്ധിക്കുക: “ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകൻമാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു.” അവ ഏതുതരം സ്വപ്നങ്ങളാണ്? 32-ാം വാക്യം നമ്മോടു പറയുന്നു; “വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടും വ്യർഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെററിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.”
10 ഈ പുരോഹിതൻമാർ എന്തു വ്യാജ സ്വപ്നങ്ങൾ അഥവാ പ്രത്യാശകളാണു പഠിപ്പിച്ചിരിക്കുന്നത്? എന്തിന്, ഇന്നു സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള മമനുഷ്യന്റെ ഏക പ്രത്യാശ ഐക്യരാഷ്ട്രങ്ങൾ ആണെന്നുതന്നെ. സമീപ വർഷങ്ങളിൽ അവർ യു.എൻ.-നെ “ഐകമത്യത്തിന്റെയും സമാധാനത്തിന്റെയും അവസാന പ്രതീക്ഷ,” “സമാധാനത്തിന്റെയും നീതിയുടെയും പരമോന്നത വേദി,” “ലോകസമാധാനത്തിനുവേണ്ടിയുള്ള ലോകോത്തരമായ ആശാകേന്ദ്രം” എന്നൊക്കെ വിളിച്ചിരിക്കുന്നു. എന്തൊരു മിഥ്യാബോധം! മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ ദൈവരാജ്യമാണ്. എന്നാൽ യേശുവിന്റെ പ്രസംഗത്തിന്റെ കേന്ദ്ര വിഷയമായിരുന്ന ആ സ്വർഗീയ ഗവൺമെൻറിനെക്കുറിച്ചുള്ള സത്യം പുരോഹിതൻമാർ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നില്ല.
11. (എ) യരുശലേമിലെ വ്യാജപ്രവാചകർ ദൈവത്തിന്റെതന്നെ നാമത്തിൻമേൽ എന്തു മോശമായ ഫലമുളവാക്കി? (ബി) യിരെമ്യാവർഗത്തിൽനിന്നു വ്യത്യസ്തമായി വ്യാജമത ഉപദേഷ്ടാക്കൻമാർ ദിവ്യനാമത്തോട് എന്തു ചെയ്തിരിക്കുന്നു?
11 27-ാം വാക്യം നമ്മോടു കൂടുതൽ കാര്യങ്ങൾ പറയുന്നു: “അവരുടെ പിതാക്കൻമാർ ബാൽനിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചുപറയുന്ന സ്വപ്നങ്ങൾകൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാൻ വിചാരിക്കുന്നു.” ആളുകൾ ദൈവത്തിന്റെ നാമം മറന്നുകളയാൻ യരുശലേമിലെ വ്യാജപ്രവാചകർ ഇടയാക്കി. ഇന്നത്തെ വ്യാജമത ഉപദേഷ്ടാക്കൻമാരും അതുതന്നെ ചെയ്തിട്ടില്ലേ? അതിലും വഷളായി, അവർ യഹോവ എന്ന ദൈവനാമം മറച്ചുവെക്കുന്നു. അത് ഉപയോഗിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് അവർ പഠിപ്പിക്കുകയും തങ്ങളുടെ ബൈബിൾ പരിഭാഷകളിൽനിന്ന് അതു മാററുകയും ചെയ്യുന്നു. ദൈവത്തിന്റെ നാമം യഹോവയാണെന്ന് ആളുകളെ പഠിപ്പിക്കുന്ന ആരെയും അവർ ശക്തമായി എതിർക്കുന്നു. എന്നാൽ തങ്ങളുടെ സഹകാരികളോടൊപ്പം യിരെമ്യാവർഗം, ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പ്, യേശു ചെയ്തതുപോലെതന്നെ ചെയ്തിരിക്കുന്നു. അവർ ലക്ഷക്കണക്കിനാളുകളെ ദൈവനാമം പഠിപ്പിച്ചിരിക്കുന്നു.—യോഹന്നാൻ 17:6.
അവരുടെ അപലപനീയതയെ വെളിപ്പെടുത്തുന്നു
12. (എ) വ്യാജമത ഉപദേഷ്ടാക്കൻമാർക്കു വലിയ രക്തപാതകക്കുററം ഉള്ളതെന്തുകൊണ്ട്? (ബി) രണ്ടു ലോകമഹായുദ്ധങ്ങളിൽ പുരോഹിതവർഗത്തിന്റെ പങ്ക് എന്തായിരുന്നു?
12 പുരോഹിതൻമാർ ആടുകളെ നാശത്തിലേക്കുള്ള വിശാലമായ പാതയിലൂടെ നയിക്കുന്ന വ്യാജ ഉപദേഷ്ടാക്കൻമാരാണെന്നു യിരെമ്യാവർഗം ആവർത്തിച്ചു തുറന്നുകാട്ടിയിട്ടുണ്ട്. അതേ, ആ സ്വപ്നക്കാർ യഹോവയുടെ പ്രതികൂല ന്യായവിധി അർഹിക്കുന്നത് എന്തുകൊണ്ട് എന്ന് ഈ ശേഷിപ്പു വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, “ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും” രക്തം മഹാബാബിലോനിലാണു കണ്ടെത്തപ്പെട്ടത് എന്നു പറയുന്ന വെളിപ്പാടു 18:24-ലേക്കു യഹോവയുടെ ദാസൻമാർ പലപ്പോഴും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. മതപരമായ ഭിന്നതകൾ കാരണം അരങ്ങേറിയ യുദ്ധങ്ങളെക്കുറിച്ചെല്ലാം ഒന്നു ചിന്തിച്ചുനോക്കൂ. വ്യാജമത ഉപദേഷ്ടാക്കൻമാരുടെ രക്തപാതകക്കുററം എത്ര വലുതാണ്! അവരുടെ പഠിപ്പിക്കലുകൾ ഭിന്നതക്ക് ഇടയാക്കുകയും വിഭിന്ന വിശ്വാസങ്ങളിലും ദേശീയ സമൂഹങ്ങളിലും ഉള്ളവരുടെ വിദ്വേഷത്തെ വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചു പ്രസംഗകർ ആയുധം സമ്മാനിക്കുന്നു [ഇംഗ്ലീഷ്] എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “യുദ്ധത്തിന് അതിന്റെ വികാരതീവ്രമായ ആത്മീയ പ്രാധാന്യവും ആവേശവും നൽകിയതു പുരോഹിതൻമാർ ആണ്. . . . അങ്ങനെ സഭ യുദ്ധപരിപാടികളിൽ ആഴത്തിൽ ആമഗ്നമായി.” രണ്ടാം ലോകമഹായുദ്ധത്തിലും ഇതേ സംഗതി സത്യമായിരുന്നു. യുദ്ധം ചെയ്യുന്ന രാഷ്ട്രങ്ങളെ പുരോഹിതൻമാർ പൂർണമായും പിന്താങ്ങുകയും അവരുടെ സൈന്യങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. ഒരേ മതക്കാർ പരസ്പരം കശാപ്പു ചെയ്ത രണ്ടു ലോകമഹായുദ്ധങ്ങൾ ക്രൈസ്തവലോകത്തിൽ തുടങ്ങി. ക്രൈസ്തവലോകത്തിനുള്ളിലെ മതേതരവും മതപരവുമായ കക്ഷികൾ ഇന്നുവരെയും രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്നതിൽ തുടർന്നുകൊണ്ടിരിക്കുന്നു. അവരുടെ വ്യാജ പഠിപ്പിക്കലിന്റെ ഫലം, എത്ര ഭയാനകം!
13. ക്രൈസ്തവലോകത്തിലെ പുരോഹിതൻമാർക്കു യഹോവയുമായി ഒരു ബന്ധവുമില്ലെന്നു യിരെമ്യാവു 23:22 തെളിയിക്കുന്നതെങ്ങനെ?
13 ദയവായി യിരെമ്യാവു 23-ാം അധ്യായം 22-ാം വാക്യം ശ്രദ്ധിക്കുക: “അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.” ക്രൈസ്തവലോകത്തിലെ മതപ്രവാചകർ യഹോവയുടെ ഉററവരുടെ കൂട്ടത്തിൽ, വിശ്വസ്തനും വിവേകിയുമായ അടിമയെപ്പോലെ യഹോവയുമായി അടുത്ത ബന്ധത്തിൽ നിൽക്കുകയായിരുന്നെങ്കിൽ, അപ്പോൾ അവരും ദൈവത്തിന്റെ നിലവാരങ്ങൾക്കൊത്തു ജീവിക്കുമായിരുന്നു. അവരും ക്രൈസ്തവലോകത്തിലെ ആളുകളെ ദൈവത്തിന്റെ സ്വന്തം വചനങ്ങൾ കേൾപ്പിക്കുമായിരുന്നു. മറിച്ച്, ആധുനികകാല വ്യാജ ഉപദേഷ്ടാക്കൻമാർ തങ്ങളുടെ അനുഗാമികളെ ദൈവത്തിന്റെ പ്രതിയോഗിയായ പിശാചായ സാത്താന്റെ, അന്ധത ബാധിച്ച ദാസൻമാരാക്കിത്തീർത്തിരിക്കുന്നു.
14. 1958-ൽ ക്രൈസ്തവലോകത്തിലെ പുരോഹിതൻമാരെക്കുറിച്ച് ഏതു ശക്തമായ തുറന്നുകാട്ടൽ നടത്തി?
14 പുരോഹിതവർഗത്തെക്കുറിച്ചുള്ള യിരെമ്യാവർഗത്തിന്റെ തുറന്നുകാട്ടൽ ശക്തമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, 1958-ൽ ന്യൂയോർക്കു നഗരത്തിൽവെച്ചു നടത്തിയ യഹോവയുടെ സാക്ഷികളുടെ ദിവ്യേഷ്ട അന്തർദേശീയ സമ്മേളനത്തിൽ വാച്ച് ടവർ സൊസൈററിയുടെ വൈസ് പ്രസിഡൻറ് ഭാഗികമായി ഇങ്ങനെ ഒരു പ്രസ്താവന അവതരിപ്പിച്ചു: “സകല കുററകൃത്യങ്ങളുടെയും ദുഷ്പെരുമാററങ്ങളുടെയും വിദ്വേഷത്തിന്റെയും സ്പർധയുടെയും മുൻവിധികളുടെയും . . . ഭ്രാന്തമായ അന്ധാളിപ്പിന്റെയും കാരണം തെററായ മതം, വ്യാജമതം ആണെന്ന് അർഥശങ്കയുടെ ധ്വനിയോ സങ്കോചമോ കൂടാതെ ഞങ്ങൾ പ്രഖ്യാപിക്കുന്നു; അവയ്ക്കു പിന്നിൽ മമനുഷ്യന്റെ അദൃശ്യ ശത്രുവായ പിശാചായ സാത്താനാണുള്ളത്. ലോകാവസ്ഥക്ക് ഏററവും ഉത്തരവാദികളായ മനുഷ്യർ മത ഉപദേഷ്ടാക്കൻമാരും നേതാക്കൻമാരും ആണ്; ഇവരിൽ ഏററവും അപലപിക്കപ്പെടേണ്ടവർ ക്രൈസ്തവലോകത്തിലെ മതപുരോഹിതൻമാരാണ്. . . . ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ഇത്രയും വർഷങ്ങൾക്കുശേഷവും ദൈവത്തോടുള്ള ബന്ധത്തിൽ ക്രൈസ്തവലോകം നിൽക്കുന്നതു യിരെമ്യായുടെ നാളിലെ ഇസ്രായേലിനെപ്പോലെയാണ്. അതേ, യരുശലേമിനു സംഭവിച്ചതായി യിരെമ്യാ കണ്ടതിനെക്കാൾ വളരെയധികം ഭയാനകവും വിനാശകരവുമായ ഒരു നാശത്തെയാണു ക്രൈസ്തവലോകം അഭിമുഖീകരിക്കുന്നത്.”
വ്യാജ ഉപദേഷ്ടാക്കൻമാരുടെ ന്യായവിധി
15. സമാധാനത്തെ സംബന്ധിച്ച് ഏതു പ്രവചനങ്ങളാണു പുരോഹിതവർഗം നടത്തിയിട്ടുള്ളത്? അവ നിവർത്തിക്കപ്പെടുമോ?
15 ഈ മുന്നറിയിപ്പുണ്ടായിരുന്നിട്ടും അതിനുശേഷം പുരോഹിതൻമാർ എങ്ങനെയാണു പ്രവർത്തിച്ചിരിക്കുന്നത്? 17-ാം വാക്യം പ്രസ്താവിക്കുന്നതുപോലെതന്നെ: “എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നു പറയുന്നു.” ഇതു സത്യമാണോ? അല്ല! പുരോഹിതവർഗത്തിന്റെ ഈ പ്രവചനങ്ങളിലെ പൊള്ളത്തരം യഹോവ തുറന്നുകാട്ടും. അവിടുത്തെ നാമത്തിൽ അവർ സംസാരിക്കുന്നത് അവിടുന്ന് നിവർത്തിക്കുകയില്ല. എന്നിരുന്നാലും, ദൈവവുമായി തങ്ങൾക്കുള്ള സമാധാനം സംബന്ധിച്ചു പുരോഹിതവർഗം നൽകുന്ന വ്യാജ ഉറപ്പു വളരെ വഞ്ചകമാണ്!
16. (എ) ഈ ലോകത്തിന്റെ ധാർമികാവസ്ഥ എന്താണ്, ആരുകൂടെ അതിന് ഉത്തരവാദിയാണ്? (ബി) ഈ ലോകത്തിന്റെ തരംതാഴ്ന്ന ധാർമിക വീക്ഷണങ്ങളെ സംബന്ധിച്ചു യിരെമ്യാവർഗം എന്തു ചെയ്തുകൊണ്ടിരിക്കുന്നു?
16 നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ: ‘എന്ത്, പുരോഹിതവർഗത്തിന്റെ വ്യാജ പഠിപ്പിക്കലുകൾക്ക് എന്നെ വിഡ്ഢിയാക്കാനാകുമെന്നോ? ഒരിക്കലുമില്ല!’ കൊള്ളാം, അത്രക്ക് ഉറപ്പു പറയേണ്ട! പുരോഹിതൻമാരുടെ വ്യാജ ഉപദേശങ്ങൾ കുടിലമായ ഒരു ഭയങ്കര ധാർമികാന്തരീക്ഷത്തെയാണ് ഊട്ടിവളർത്തിയിരിക്കുന്നത് എന്ന് ഓർക്കുക. അവരുടെ അനുവാദാത്മക പഠിപ്പിക്കലുകൾ മിക്കവാറും എന്തിനെയും, എത്ര അധാർമികമായവയെയും, നീതീകരിക്കുന്നു. അതോടൊപ്പം ഈ അധഃപതിച്ച ധാർമികാവസ്ഥ ചലച്ചിത്രങ്ങൾ, ടിവി, മാഗസിനുകൾ, സംഗീതം എന്നിങ്ങനെ വിനോദങ്ങളുടെ എല്ലാ രംഗങ്ങളിലേക്കും വ്യാപിക്കുന്നു. അതുകൊണ്ടു നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്, ഇല്ലെങ്കിൽ അധഃപതിച്ചതെങ്കിലും കൗശലപൂർവം വശീകരിക്കുന്ന ധാർമികാന്തരീക്ഷത്തിന്റെ സ്വാധീനത്തിൽ നാം വീണുപോകും. ചെറുപ്പക്കാർ തരംതാഴ്ന്ന വീഡിയോകളിലും സംഗീതത്തിലും കുടുങ്ങിപ്പോയേക്കാം. എന്തും ആകാം എന്ന ആളുകളുടെ ഇന്നത്തെ ഈ മനോഭാവം പുരോഹിതവർഗത്തിന്റെ വ്യാജോപദേശങ്ങളുടെയും ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അവർ പരാജയപ്പെടുന്നതിന്റെയും നേരിട്ടുള്ള ഫലമാണ് എന്നോർക്കുക. യിരെമ്യാവർഗം ഈ അധാർമിക വീക്ഷണങ്ങളോടു പോരാടുകയും ക്രൈസ്തവലോകത്തെ ഗ്രസിച്ചുകളയുന്ന ചീത്തത്തത്തെ തള്ളിക്കളയാൻ യഹോവയുടെ ദാസരെ സഹായിക്കുകയും ചെയ്യുകയാണ്.
17. (എ) യിരെമ്യാ പറയുന്നതനുസരിച്ച്, ദുഷ്ട യരുശലേമിനുമേൽ എന്തു ന്യായവിധി വരുമായിരുന്നു? (ബി) ഉടൻ ക്രൈസ്തവലോകത്തിന് എന്തു സംഭവിക്കും?
17 ക്രൈസ്തവലോകത്തിലെ വ്യാജ ഉപദേഷ്ടാക്കൻമാർക്കു വലിയ ന്യായാധിപനായ യഹോവയിൽനിന്ന് എന്തു ന്യായവിധിയായിരിക്കും ലഭിക്കുക? 19, 20, 39, 40 എന്നീ വാക്യങ്ങൾ ഉത്തരം തരുന്നു: “യഹോവയുടെ ക്രോധം എന്ന വലിയ കൊടുങ്കാററു, വലിയ ചുഴലിക്കാററുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടൻമാരുടെ തലമേൽ ചുററിയടിക്കും. തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; . . . ഞാൻ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കൻമാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽനിന്നു എറിഞ്ഞുകളയും. അങ്ങനെ ഞാൻ നിങ്ങൾക്കു നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.” അതെല്ലാം ദുഷ്ട യരുശലേമിനും അതിന്റെ ആലയത്തിനും സംഭവിച്ചു, ഇപ്പോൾ സമാനമായ ഒരു വിനാശം പെട്ടെന്നുതന്നെ ദുഷ്ട ക്രൈസ്തവലോകത്തിനും ഭവിക്കും!
“യഹോവയുടെ ഭാരം” പ്രഖ്യാപിക്കൽ
18, 19. യഹൂദയോടു യിരെമ്യാ പ്രഖ്യാപിച്ച “യഹോവയുടെ ഭാരം” എന്താണ്, അതിന്റെ വിവക്ഷ എന്താണ്?
18 അതുകൊണ്ട്, യിരെമ്യാവർഗത്തിന്റെയും അവരുടെ സഹകാരികളുടെയും ഉത്തരവാദിത്വമെന്താണ്? 33-ാം വാക്യം നമ്മോടു പറയുന്നു: “ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോടു; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.”
19 “ഭാരം” എന്നതിന്റെ എബ്രായ പദത്തിനു രണ്ടർഥം ഉണ്ട്. അതിന് അതിപ്രധാനമായ ദിവ്യ അരുളപ്പാടിനെയോ ഒരുവനെ ഭാരപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന എന്തിനെയെങ്കിലുമോ പരാമർശിക്കാൻ കഴിയും. ഇവിടെ “യഹോവയുടെ ഭാരം” എന്ന പ്രയോഗം ഒരു അതിപ്രധാനമായ പ്രവചനത്തെ—യരുശലേം നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നു എന്ന പ്രഖ്യാപനത്തെ—പരാമർശിക്കുന്നു. എന്നാൽ യിരെമ്യാ യഹോവയിൽനിന്ന് അവർക്ക് ആവർത്തിച്ചു നൽകിയ ഇത്തരം കടുത്ത പ്രവചനമൊഴികൾ കേൾക്കാൻ ജനങ്ങൾ ഇഷ്ടപ്പെട്ടോ? ഇല്ല, ജനങ്ങൾ യിരെമ്യായെ പുച്ഛിച്ചു, ‘എന്തു പ്രവചനം (ഭാരം) ആണ് ഇപ്പോൾ നിനക്കുള്ളത്? നിന്റെ പ്രവചനം അസുഖകരമായ മറെറാരു ഭാരമായിരിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്!’ എന്നാൽ യഹോവ അവരോട് എന്താണു പറഞ്ഞത്? “നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും” എന്ന്. അതേ, ഈ ആളുകൾ യഹോവക്ക് ഒരു ഭാരമായിരുന്നു, അതിനാൽ മേലാൽ തന്നെ ഭാരപ്പെടുത്താതിരിക്കേണ്ടതിന് അവിടുന്ന് അവരെ നീക്കാൻ പോകുകയായിരുന്നു.
20. ഇന്നു “യഹോവയുടെ ഭാരം” എന്താണ്?
20 ഇന്നു “യഹോവയുടെ ഭാരം” എന്താണ്? അതു ദൈവവചനത്തിൽനിന്നുള്ള അതിപ്രധാനമായ പ്രാവചനിക സന്ദേശമാണ്. അതു ക്രൈസ്തവലോകത്തിന്റെ ഉറപ്പായ നാശപ്രഖ്യാപനമാകുന്ന ശിക്ഷാവിധിയാൽ ഭാരിച്ചതാണ്. യഹോവയുടെ ജനത്തെ സംബന്ധിച്ചാണെങ്കിലോ, നമുക്കു “യഹോവയുടെ” ഈ “ഭാരം” പ്രഖ്യാപിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമുണ്ട്. അന്ത്യം അടുക്കുന്തോറും ക്രൈസ്തവലോകത്തിലെ വഴിതെററിയ ആളുകൾ യഹോവയാം ദൈവത്തിന് ഒരു “ഭാരം,” “അതിഭയങ്കര ഭാരം” [NW] ആണെന്നും ക്രൈസ്തവലോകത്തെ വിനാശത്തിനായി തള്ളിക്കളഞ്ഞുകൊണ്ട് ഈ “ഭാര”ത്തെ അവിടുന്ന് പെട്ടെന്നുതന്നെ നീക്കം ചെയ്യുമെന്നും നാം എല്ലാവരോടും പറയേണ്ടതുണ്ട്.
21. (എ) പൊ.യു.മു. 607-ൽ യരുശലേം നശിപ്പിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു? (ബ) യരുശലേമിന്റെ നാശത്തെത്തുടർന്നു വ്യാജ പ്രവാചകർക്കും യഹോവയുടെ യഥാർഥ പ്രവാചകനും എന്തു സംഭവിച്ചു, അത് ഇന്നു നമുക്ക് എന്ത് ഉറപ്പുതരുന്നു?
21 പൊ.യു.മു. 607-ൽ ബാബിലോന്യർ യരുശലേമിനെ നശിപ്പിച്ചപ്പോൾ യഹോവയുടെ ന്യായവിധി യിരെമ്യായുടെ നാളിൽ നിർവഹിക്കപ്പെട്ടു. പ്രവചിക്കപ്പെട്ടിരുന്നതുപോലെ, അതു ശാഠ്യക്കാരും അവിശ്വസ്തരുമായ ഇസ്രായേല്യർക്ക് ഒരു ‘നിന്ദയും അപമാന’വുമായിരുന്നു. (യിരെമ്യാവു 23:39, 40) അത്, യഹോവയെ തങ്ങൾ ആവർത്തിച്ചു ധിക്കരിച്ചതിനാൽ തങ്ങളുടെ തിൻമയുടെ പരിണതഫലങ്ങൾക്കൊത്തവണ്ണം യഹോവ അന്തിമമായി തങ്ങളെ കൈവിട്ടിരിക്കുന്നു എന്ന് അവർക്കു കാണിച്ചുകൊടുത്തു. ഇത് അവരുടെ അഹങ്കാരികളായ വ്യാജപ്രവാചകരുടെ വായടച്ചു. അപ്പോഴും യിരെമ്യായുടെ വായ് പ്രവചിച്ചുകൊണ്ടേയിരുന്നു. യഹോവ അദ്ദേഹത്തെ കൈവിട്ടില്ല. ഈ പ്രതിമാതൃകക്കു ചേർച്ചയായി, യഹോവയുടെ അതിപ്രധാന തീരുമാനം ക്രൈസ്തവലോകത്തിലെ പുരോഹിതൻമാരുടെയും അവരുടെ നുണകൾ വിശ്വസിച്ചവരുടെയും ജീവനെ തകർത്തുകളയുമ്പോൾ യിരെമ്യാവർഗത്തെ അവിടുന്നു കൈവിടുകയില്ല.
22. യഹോവയുടെ ന്യായവിധികളാൽ ക്രൈസ്തവലോകം ഏത് അവസ്ഥയിലാകും?
22 അതേ, പൊ.യു.മു. 607-നു ശേഷമുള്ള യരുശലേമിന്റെ ശൂന്യമായും പാഴായുമുള്ള അവസ്ഥ പോലെതന്നെയായിരിക്കും ക്രൈസ്തവലോകമതത്തിന്റെ സമ്പത്ത് അവളിൽനിന്നു പറിച്ചുമാററുകയും ലജ്ജാകരമായി അവളെ തുറന്നുകാട്ടുകയും ചെയ്തതിനുശേഷമുള്ള അവളുടെ അവസ്ഥയും. ഇതാണു വ്യാജ ഉപദേഷ്ടാക്കൻമാർക്കെതിരെ യഹോവ പ്രഖ്യാപിച്ചിരിക്കുന്ന അർഹമായ ന്യായവിധി. ഈ വിധി പരാജയപ്പെടുകയില്ല. കഴിഞ്ഞ കാലത്തു യിരെമ്യായുടെ നിശ്വസ്ത മുന്നറിയിപ്പിൻ സന്ദേശങ്ങളെല്ലാം സത്യമായി ഭവിച്ചതുപോലെതന്നെ അവയുടെ ആധുനികകാല നിവൃത്തിയിലും അതു സത്യമായി ഭവിക്കും. അതുകൊണ്ടു നമുക്കു യിരെമ്യായെപ്പോലെയാകാം. യഹോവയുടെ പ്രവാചക ഭാരം ആളുകളോടു നമുക്കു നിർഭയം പ്രഖ്യാപിക്കാം. അങ്ങനെ, അവിടുത്തെ നീതിയുള്ള വിധിയുടെ മുഴുഭാരവും സകല വ്യാജമത ഉപദേഷ്ടാക്കൻമാരുടെമേലും വരാൻ പോകുന്നതെന്തുകൊണ്ടെന്ന് അവർ അറിയട്ടെ!
പുനരവലോകന ചോദ്യങ്ങൾ
◻ യഹോവയുടെ വീക്ഷണത്തിൽ പുരാതന യരുശലേം എത്ര വഷളായിരുന്നു?
◻ ഏതു വിധങ്ങളിലാണു ക്രൈസ്തവലോകം ‘വ്യാജത്തിൽ നടന്നിരിക്കുന്നത്’?
◻ ആധുനികനാളിലെ പുരോഹിതവർഗത്തിന്റെ അപലപനീയത തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ ഇപ്പോൾ “യഹോവയുടെ ഭാരം” പ്രഖ്യാപിക്കപ്പെടുകയാണ്, എന്താണത്?
[8-ാം പേജിലെ ചിത്രം]
യിരെമ്യാ “ഭയങ്കര കാര്യങ്ങൾ” തുറന്നുകാട്ടി
[9-ാം പേജിലെ ചിത്രം]
“സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു”
[10-ാം പേജിലെ ചിത്രം]
നാശത്തിനുശേഷമുള്ള യരുശലേമിന്റെ അവസ്ഥ ക്രൈസ്തവലോകത്തിനു സംഭവിക്കാനിരിക്കുന്ന ഗതിയെ ചിത്രീകരിക്കുന്നു