“യഹോവയുടെ കൈ”എന്റെ ജീവിതത്തിൽ
ലോറൻസ് തോംസൺ പറഞ്ഞ പ്രകാരം
1946-ലെ ഒരു രാത്രി, ആകാശത്തിൻ കുറുകെ നൃത്തമാടുന്ന ഉത്തര ധ്രുവദീപ്തി നോക്കിക്കൊണ്ടു ഞാനും ഡാഡിയും കാറിലിരുന്നു. ഞങ്ങൾ യഹോവയുടെ മാഹാത്മ്യത്തെയും ഞങ്ങളുടെ അല്പത്വത്തെയും സംബന്ധിച്ചു സംസാരിച്ചു. കാനഡയിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ച വർഷങ്ങളിലെ സംഭവശകലങ്ങൾ ഞങ്ങൾ ഭാവനയിൽക്കണ്ടു. ആ വർഷങ്ങളിൽ യഹോവ തന്റെ ജനത്തെ എപ്രകാരം താങ്ങി നയിച്ചുവെന്നതിന്റെ ഒരു സജീവ വർണന ഡാഡി എനിക്കു നൽകി.
എനിക്ക് അന്നു 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും ഡാഡി പറഞ്ഞതിന്റെ സത്യം എനിക്കു വിലമതിക്കാൻ കഴിഞ്ഞു. ഇനിയും ചെയ്യപ്പെടേണ്ടതായ പ്രസംഗവേലയുടെ അടിയന്തിരതയും വ്യാപ്തിയും സംബന്ധിച്ച് അദ്ദേഹം എന്നിൽ ഒരു ധാരണ ഉളവാക്കി. വാസ്തവത്തിൽ യഹോവയുടെ കൈ ഒരിക്കലും കുറുതായിപ്പോയിട്ടില്ലെന്ന് അദ്ദേഹം സംഖ്യാപുസ്തകം 11:23 ഉദ്ധരിച്ചുകൊണ്ട് എന്നോട് ഊന്നിപ്പറഞ്ഞു. യഹോവയിലുള്ള നമ്മുടെ വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും അഭാവം മാത്രമേ അവിടുന്ന് നമുക്കു ചെയ്തുതരുന്ന സംഗതികളുടെ അളവിനെ പരിമിതപ്പെടുത്തുകയുള്ളൂ. ഞാൻ ഒരിക്കലും മറക്കുകയില്ലാത്ത, ഒരു അമൂല്യ പിതൃ-പുത്ര സംഭാഷണമായിരുന്നു അത്.
വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ, വിശേഷിച്ച് 1939-ൽ പ്രസിദ്ധീകരിച്ച രക്ഷ (Salvation) എന്ന പുസ്തകത്തിന്റെ പഠനം എന്റെ ആദിമകാല ജീവിതത്തെ കാര്യമായി ബാധിച്ചു. മനസ്സിൽ തട്ടുന്ന അതിന്റെ പ്രാരംഭദൃഷ്ടാന്തം ഞാൻ ഒരിക്കലും മറക്കില്ല. “നിറയെ യാത്രക്കാരുമായി എക്സ്പ്രസ് തീവണ്ടി മണിക്കൂറിൽ 160 കിലോമീററർ വേഗതയിൽ പായുകയായിരുന്നു. വളവു തിരിഞ്ഞെത്തുന്ന ഒരു പാലത്തിലൂടെ അതിന് ഒരു നദി കുറുകെ കടക്കണം . . . തീവണ്ടിയുടെ പിറകിലുള്ള കമ്പാർട്ടുമെൻറിലെ രണ്ടു യാത്രക്കാർ . . . പാലത്തിന്റെ അങ്ങേയററം തീപിടിച്ചു നദിയിലേക്കു വീഴുന്നതു കണ്ടു. തങ്ങൾ ഒരു വലിയ അപകടത്തിൽപ്പെട്ടിരിക്കുകയാണെന്ന് അവർ മനസ്സിലാക്കി. അതു ശരിക്കും ഒരു അടിയന്തിര സ്ഥിതിവിശേഷംതന്നെ. അകത്തുള്ള അനേകം യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ തക്കവണ്ണം തീവണ്ടി സമയത്തു നിർത്താനാകുമോ?”
ദൃഷ്ടാന്തം ബാധകമാക്കിക്കൊണ്ട്, പുസ്തകം ഇപ്രകാരം ഉപസംഹരിച്ചു: “അതുപോലെ ഇന്നു ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും ജനങ്ങളും ഏററവും വലിയ അടിയന്തിരതയെ മുഖാമുഖം കാണുകയാണ്. അർമഗെദോന്റെ വിപത്തു തൊട്ടു മുന്നിലാണെന്നു ദൈവം കല്പിക്കുമ്പോൾ അവർക്കു മുന്നറിയിപ്പു ലഭിക്കുന്നു. . . . മുന്നറിയിപ്പു കൊടുത്തിട്ടുള്ളതുകൊണ്ട്, അപ്രകാരം മുന്നറിയിപ്പു ലഭിച്ച ഓരോരുത്തരും താൻ എടുക്കാനുദ്ദേശിക്കുന്ന നിലപാട് ഇപ്പോൾ തിരഞ്ഞെടുക്കണം.”
കുതിച്ചുപായുന്ന തീവണ്ടി, കത്തുന്ന പാലം, പ്രസംഗവേലയുടെ അടിയന്തിരത എന്നിവ എന്റെ മനസ്സിൽ മായാത്തവിധം പതിഞ്ഞുപോയിരുന്നു.
പ്രാരംഭകാല പ്രസംഗ പ്രവർത്തനം
എനിക്ക് 5 വയസ്സായപ്പോൾ, അതായത് 1938-ൽ, ഞാൻ പ്രസംഗവേലയിൽ പങ്കുകൊള്ളാൻ തുടങ്ങി. രണ്ടു പയനിയർമാരായ (മുഴുസമയ ശുശ്രൂഷകർ) ഹെൻട്രിയും ആലീസ് ട്വീഡും എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നു, ആളുകളുമായി സംസാരിച്ചുകൊണ്ടു ദിവസവും 10 മുതൽ 12 വരെ മണിക്കൂറുകൾ ഞങ്ങൾ ചെലവിടുമായിരുന്നു. യഹോവയുടെ സേവനത്തിലെ ആ മുഴുദിവസങ്ങൾ ഞാൻ ശരിക്കും ആസ്വദിച്ചു. അതുകൊണ്ടു പിറേറവർഷം എന്നെ ഒരു പ്രസാധകനായിത്തീരാനും എന്റെ പ്രവർത്തനം റിപ്പോർട്ടു ചെയ്യാനും ഡാഡിയും മമ്മിയും അനുവദിച്ചപ്പോൾ ഞാൻ പുളകംകൊണ്ടു.
ആ ആദിമ ദിനങ്ങളിൽ, വ്യാജമതത്തെ തുറന്നു കാണിക്കുകയും ദൈവരാജ്യത്തെ പരസ്യപ്പെടുത്തുകയും ചെയ്ത മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകളുമേന്തി പട്ടണങ്ങളിലെ പ്രധാന നിരത്തിലൂടെ നടന്നു ഞങ്ങൾ വിജ്ഞാനജാഥകളിൽ പങ്കെടുത്തു. കൊണ്ടുനടക്കാവുന്ന ഗ്രാമഫോൺ റിക്കാർഡുകൾ ഉപയോഗിച്ച് ഞങ്ങൾ വീട്ടുകാരെ അവരുടെ വീട്ടുവാതിക്കൽച്ചെന്നു ബൈബിളധിഷ്ഠിത സന്ദേശങ്ങൾ അതിലൂടെ കേൾപ്പിക്കുമായിരുന്നു. വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡിന്റെ പ്രസംഗങ്ങൾ ഞങ്ങൾ കേൾപ്പിക്കുമായിരുന്നു, അവയിൽ ചിലത് എനിക്കു മനഃപാഠമായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുന്നത് എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്: “മതം ഒരു കെണിയും കപട പദ്ധതിയും ആണെന്ന് പലപ്പോഴും പറയാറുണ്ട്!”
കാനഡയിൽ ഞങ്ങളുടെ വേല നിരോധിക്കപ്പെട്ടു
രണ്ടാം ലോകമഹായുദ്ധ കാലത്ത്, നാസി ജർമനിയിലും മററു രാജ്യങ്ങളിലും സംഭവിച്ചതുപോലെ കാനഡയിലും യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടു. അതുകൊണ്ടു ഞങ്ങൾ ബൈബിൾ മാത്രം ഉപയോഗിച്ചു, എന്നാൽ ബൈബിൾ പ്രബോധനങ്ങൾ അനുസരിച്ചു ദൈവം ഭരമേൽപ്പിച്ച വേല ഞങ്ങൾ തുടരുകതന്നെ ചെയ്തു. (മത്തായി 28:19, 20; പ്രവൃത്തികൾ 5:29) ഞങ്ങളുടെ യോഗസ്ഥലങ്ങളിലും വീടുകളിലും പൊലീസ് നടത്തിയിരുന്ന മിന്നൽപ്പരിശോധനകളെ നേരിടാൻ ഞങ്ങൾ പഠിച്ചു. ന്യായാധിപൻമാർക്കു മുമ്പാകെ മൊഴി നൽകാനും ക്രോസ്സ്വിസ്താരം ചെയ്യുന്നവർക്ക് ഉത്തരം കൊടുക്കാനും ഞങ്ങൾ പരിചിതരായിത്തീരുകയും ചെയ്തു.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽനിന്നു വീട്ടുവാതിൽക്കലേക്കും വരാന്തകളിലേക്കും ചെറുപുസ്തകങ്ങൾ എറിഞ്ഞിടുന്നതിൽ ഞാനും ജ്യേഷ്ഠൻ ജിമ്മും വിദഗ്ധരായിത്തീർന്നു. അതിനു പുറമേ, ഞങ്ങൾ സന്ദേശവാഹകരായും ചിലപ്പോഴൊക്കെ, ഐക്യനാടുകളിൽ കൺവെൻഷനുകളിൽ സംബന്ധിക്കാൻ അതിർത്തി കടന്നുപോകുന്നവർക്കുവേണ്ടി പാറാവുകാരായും പ്രവർത്തിച്ചു.
ഒൻറാരിയോയിലെ പോർട്ട് ആർതറിന്റെ (ഇപ്പോൾ തണ്ടർ ബേ) അതിർത്തി പ്രദേശത്തു മരങ്ങളും കുററിച്ചെടികളും നിറഞ്ഞ രണ്ട് ഏക്കറിനുള്ളിലായിരുന്നു ഞങ്ങളുടെ വീട് സ്ഥിതിചെയ്തിരുന്നത്. ഞങ്ങൾക്ക് ഒരു പശുവും പശുക്കുട്ടിയും പിന്നെ കുറെ പന്നികളും കോഴികളും ഉണ്ടായിരുന്നു, ദൈവരാജ്യം പ്രസംഗിക്കുന്നതിന്റെപേരിൽ തടവിലാക്കാൻവേണ്ടി വേട്ടയാടപ്പെടുകയായിരുന്ന യുവാക്കളായ സഹക്രിസ്ത്യാനികളെ സഹായിക്കുകയെന്ന ഞങ്ങളുടെ ജോലിക്ക് ഇതെല്ലാം ശരിക്കും ഒരു പുകമറയായി ഉതകി.
രാത്രിയാകുന്നതോടെ യുവക്രിസ്ത്യാനികളെ വഹിച്ചുകൊണ്ടുവരുന്ന കാറുകളും ട്രക്കുകളും ട്രെയ്ലറുകളും വിജനമായ ഞങ്ങളുടെ മുററത്തു വന്നുപോയിക്കൊണ്ടിരുന്നു. അവരെ താമസിപ്പിക്കുക, ഒളിപ്പിക്കുക, വേഷപ്രച്ഛന്നരാക്കുക, ഭക്ഷണംകൊടുക്കുക, അവസാനം അവരെ യാത്രയാക്കുക, ഇതെല്ലാം ഞങ്ങൾക്കൊരു പതിവായി. എന്റെ പിതാവും മാതാവും ഈ ആദ്യകാല പ്രവർത്തകരുമൊക്കെ അർപ്പണബോധമുള്ളവരായിരുന്നു, യഹോവയാം ദൈവത്തെ സേവിക്കുന്നതിനും സ്നേഹിക്കുന്നതിനും എന്റെ യുവഹൃദയത്തെ രൂപപ്പെടുത്തിയത് അവരൊക്കെയായിരുന്നു.
1941 ആഗസ്ററിൽ ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും വനത്തിനുള്ളിലെ ഒരു ചെറിയ തടാകത്തിൽവെച്ചു സ്നാപനമേൽക്കുകയും ചെയ്തു. വിളക്കു തെളിച്ച കൂടാരത്തിൽ രാത്രി വൈകിയുള്ള ഈ സന്ദർഭത്തിനുവേണ്ടി ഞങ്ങൾ കുറേപ്പേർ ഒരുമിച്ചുകൂടിയിരുന്നു. പ്രത്യക്ഷത്തിൽ സംശയം തോന്നിയ പൊലീസുകാർ റോന്തു ചുററി, സേർച്ച്ലൈററ് ഉപയോഗിച്ചു തടാകം അരിച്ചുപെറുക്കിയെങ്കിലും ഞങ്ങളെ കണ്ടെത്താനായില്ല.
മുഴുസമയ ശുശ്രൂഷയുടെ അനേകം വശങ്ങൾ
1951-ൽ ഞാൻ ഹൈസ്കൂൾ പാസായി, അതിനുശേഷം ഒൻറാരിയോയിലെ കൊബർഗിൽ പയനിയർ നിയമനം ഏറെറടുക്കാൻ ഏതാണ്ട് 1,600 കിലോമീറററോളം യാത്രചെയ്തു. സഭ തീരെ ചെറുതായിരുന്നു, എനിക്ക് ഒരു പയനിയർ കൂട്ടാളി ഉണ്ടായിരുന്നുമില്ല. എന്നാൽ യഹോവയുടെ കൈ കുറുതായിപ്പോയിട്ടില്ല എന്ന് ഓർത്തുകൊണ്ടു ഞാൻ ഒരു മുറി വാടകയ്ക്കെടുത്തു, സ്വന്തമായി പാചകം ചെയ്തു, യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നതിൽ സന്തുഷ്ടനുമായിരുന്നു. അടുത്തവർഷം, ടൊറാന്റോയിലുള്ള വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കാൻ എന്നെ ക്ഷണിച്ചു. ഭാവിയിലെ രാജ്യശുശ്രൂഷയ്ക്കുവേണ്ടി എന്നെ ശുദ്ധിചെയ്ത പല വിലപ്പെട്ട പാഠങ്ങളും അവിടെവെച്ചു ഞാൻ പഠിച്ചു.
ഒരു വർഷത്തിലധികം ടൊറാന്റോയിൽ പയനിയറായി സേവിച്ചശേഷം ഞാൻ ലൂസി ട്രൂഡോയെ വിവാഹം കഴിച്ചു, 1954-ലെ ശിശിരത്തിൽ ഞങ്ങൾക്കു ക്യൂബെക്കിലെ ലെവീസിലേക്ക് ഒരു പയനിയർ നിയമനം ലഭിക്കുകയും ചെയ്തു. കൊടും തണുപ്പായിരുന്ന കാലാവസ്ഥ; ധൈര്യംകെടുത്തുംവിധം ഉപദ്രവിക്കുന്ന ആളുകളും പൊലീസും; വശമാക്കുകയെന്നാൽ അതൊരു വെല്ലുവിളിയായിരുന്ന ഫ്രഞ്ചു ഭാഷ. ഈ സംഗതികളിലെല്ലാം യഹോവയുടെ കൈ കുറുതായിപ്പോയില്ലായിരുന്നു, അങ്ങനെ പ്രയാസമേറിയ സമയങ്ങൾ ഉണ്ടായിരുന്നു, ഒപ്പം വളരെയധികം അനുഗ്രഹങ്ങളും.
ഉദാഹരണത്തിന്, 1955-ലെ വലിയ യൂറോപ്യൻ സാർവദേശീയ കൺവെൻഷനുകളിലേക്കു പ്രതിനിധികളെ കൊണ്ടുപോകുന്നതിനു സൊസൈററി ഉപയോഗിക്കാൻ പരിപാടിയിട്ട രണ്ടു കപ്പലുകൾ (അരൂസ സ്ററാർ, അരൂസ കുലം എന്നിവ) പരിശോധിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. സൊസൈററിയുടെ ബിസിനസ് ലഭിക്കാൻ ഉത്സുകരായി കപ്പൽ കമ്പനികളുടെ അധികാരികൾ കൂടെക്കൂടെ ഞങ്ങളോട് ആതിഥ്യമര്യാദ പ്രകടിപ്പിക്കാറുണ്ടായിരുന്നു, അന്ന് അതു ക്യൂബെക്കിലെ സമ്മർദപൂരിതമായ ശുശ്രൂഷയിൽനിന്നുള്ള രസകരമായ ഒരു വിടുതലായിരുന്നു.
1955-ന്റെ ഒടുവിൽ, ഒരു സഞ്ചാരമേൽവിചാരകനായി സേവിക്കാൻ എന്നെ ക്ഷണിച്ചു, ആ ശിശിരകാലം ഞങ്ങൾ തണുത്തു മരവിച്ച വടക്കേ ഒൻറാരിയോയിലെ വിദൂരസഭകൾ സന്ദർശിച്ചുകൊണ്ടു ചെലവഴിച്ചു. പിറേറവർഷം ഐക്യനാടുകളിൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ സംബന്ധിച്ചതിനുശേഷം ഞങ്ങളെ തെക്കേ അമേരിക്കയിലെ ബ്രസീലിലേക്കു മിഷനറിമാരായി നിയമിച്ചയച്ചു.
പുതിയ നിയമനത്തിൽ ഞങ്ങൾ ഉത്സാഹത്തോടെ ഏർപ്പെട്ടു, താമസിയാതെ പോർച്ചുഗീസ് ഭാഷയിൽ പ്രസംഗിക്കാനും പഠിപ്പിക്കാനും പ്രാപ്തി നേടി. 1957-ന്റെ ആരംഭത്തിൽ ഒരു സഞ്ചാരമേൽവിചാരകനായി സേവിക്കാൻ എനിക്കു വീണ്ടും നിയമനം ലഭിച്ചു. ഇത്തവണ ഉത്തരമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പിനു പകരം പൊള്ളുന്ന ചൂടുമായി ഞങ്ങൾക്കു മല്ലിടേണ്ടതുണ്ടായിരുന്നു. പലപ്പോഴും ഞങ്ങൾക്കു യാത്ര നിർത്തി ഷൂസിൽനിന്നു ചുട്ടുപഴുത്ത മണൽ മാറേറണ്ടതായോ ക്ഷീണം മാററാൻ കരിമ്പു ചവച്ചു നീർ കുടിക്കേണ്ടതായോ വന്നിട്ടുണ്ട്. എന്നാലും അനുഗ്രഹങ്ങളുണ്ടായിരുന്നു.
റാഷെൻറി ഫാഷൂ എന്ന പട്ടണത്തിലെ പൊലീസ് മേധാവിയോടു ഞാൻ സംസാരിച്ചു, അയാൾ എല്ലാ കടക്കാരോടും കടയടച്ച് ഓരോരുത്തരും ടൗൺ സ്ക്വയറിലേക്കു പോകാൻ കൽപ്പിച്ചു. പടർന്നു പന്തലിച്ചുനിന്നിരുന്ന ഒരു പൂമരത്തണലിൽനിന്നുകൊണ്ടു ഞാൻ സകല പട്ടണവാസികളോടും ഒരു ബൈബിൾപ്രസംഗം നടത്തി. ഇന്ന് അവിടെ സാക്ഷികളുടെ ഒരു സഭയുണ്ട്.
ബ്രസീലിൽ ഞങ്ങളുടെ കുട്ടികളെ വളർത്തൽ
1958-ൽ ലൂസി ഗർഭിണിയായപ്പോൾ ഞങ്ങൾ ജൂയിസ് ദേ ഫോറയിൽ താമസിച്ചു പ്രത്യേകപയനിയർമാരായി സേവനമനുഷ്ഠിച്ചു. തുടർന്നുള്ള രണ്ടു വർഷങ്ങളിൽ ഞങ്ങൾക്കു രണ്ടു പെൺമക്കൾ ജനിച്ചു, സൂസനും കിമ്മും. പട്ടണത്തിൽ ഒരു പുതുമയായിത്തീർന്ന അവർ ശുശ്രൂഷയിൽ ഒരു യഥാർഥ അനുഗ്രഹമായി മാറി. കുട്ടികളെ ഇരുത്തിക്കൊണ്ടുപോകാവുന്ന നാലുചക്രവണ്ടിയും തള്ളി കല്ലുപാകിയ തെരുവിലൂടെ ഞങ്ങൾ നടക്കുമ്പോൾ അവരെ കാണുവാൻ ആളുകൾ പുറത്തേക്കുവരുമായിരുന്നു. ഭൂമധ്യരേഖയ്ക്കു തൊട്ടു തെക്കുള്ള റെസീഫേയിൽ രാജ്യപ്രഘോഷകരുടെ ആവശ്യം വലുതായിരുന്നതിനാൽ ഞങ്ങൾ കടുത്ത ചൂടുള്ള ആ പ്രദേശത്തേക്കു പോയി.
1961-ൽ സൗ പൗളോ കൺവെൻഷനു പോകുന്ന സാക്ഷികൾക്കുവേണ്ടി വിമാനയാത്ര ഏർപ്പാടാക്കാൻ മാത്രമല്ല ആ പ്രസിദ്ധ കൺവെൻഷനിൽ എനിക്കും കൂടാൻ കഴിഞ്ഞു. പറന്നുയർന്ന് ഏകദേശം 20 മിനിററു കഴിഞ്ഞപ്പോഴേക്കും യാത്രക്കാരെയെല്ലാം ക്യാബിന്റെയടുത്തേക്ക് എടുത്തെറിഞ്ഞുകൊണ്ടു വിമാനം പെട്ടെന്നു നേരേ താഴേക്കു മൂക്കുകുത്താൻ തുടങ്ങി. വിമാനത്തിന്റെ അകമാകെ തകർന്നിരുന്നു; സീററുകൾ അതിന്റെ സ്ഥാനത്തുനിന്നു തെറിച്ചുപോയി, യാത്രക്കാർക്കു പരിക്കേററു രക്തമൊലിക്കുന്നുണ്ടായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, വിമാനം ഇടിച്ചിറങ്ങുന്നതൊഴിവാക്കാൻ പൈലററിനു കഴിഞ്ഞു, ഞങ്ങൾ സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. ആർക്കും ഗുരുതരമായ പരിക്കില്ലായിരുന്നതിനാൽ ഞങ്ങൾക്കു മറെറാരു വിമാനത്തിൽ സൗ പൗളോയിലേക്കു പോകാൻ സാധിച്ചു. ഞങ്ങൾ അത്ഭുതകരമായ ഒരു കൺവെൻഷൻ ആസ്വദിച്ചു, എന്നാൽ ഇനി ഒരിക്കലും വിമാനത്തിൽ യാത്രചെയ്യില്ലെന്നു ഞാൻ പറഞ്ഞു!
എന്നിരുന്നാലും, കൺവെൻഷൻ കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോൾ മറെറാരു നിയമനം എന്നെയും കാത്തുകിടന്നിരുന്നു. പൗഈ സംസ്ഥാനത്തു തെരേസിനയിലെ കാടിന്റെ ഏററവും ഉള്ളിലായി ഒരു കൺവെൻഷൻ നടത്തേണ്ടതിന്റെ ചുമതല എനിക്കായിരുന്നു. അങ്ങോട്ടു വിമാനത്തിൽ പോകണമായിരുന്നു. ഒന്നു വിരണ്ടുവെങ്കിലും യഹോവയുടെ കരങ്ങളിൽ ആശ്രയിച്ചുകൊണ്ടു ഞാൻ നിയമനം ഏറെറടുത്തു.
1962-ൽ റെസീഫേയിൽവെച്ചു ഞങ്ങളുടെ മകൻ, ഗ്രെഗ് ജനിച്ചു. കുടുംബം വലുതായിക്കൊണ്ടിരുന്നതിനാൽ എനിക്കു മേലാൽ പയനിയറിങ് നടത്താൻ കഴിയുമായിരുന്നില്ലെങ്കിലും ഒരു ചെറിയ സഭയ്ക്കുമേൽ ഒരു ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ എനിക്കു കഴിഞ്ഞു. ശുശ്രൂഷയിൽ ഞങ്ങളോടൊപ്പം ചേരുവാൻ കുട്ടികൾ എല്ലായ്പോഴും ഉത്സുകരായിരുന്നു, കാരണം ഞങ്ങൾ അവർക്ക് അത് രസകരമാക്കിത്തീർത്തിരുന്നു. വീട്ടുവാതിക്കൽ സുവാർത്തയുടെ അവതരണം നടത്താൻ അവർ ഓരോരുത്തർക്കും മൂന്നു വയസ്സു തൊട്ടു കഴിയുമായിരുന്നു. യോഗങ്ങൾക്കു സംബന്ധിക്കുന്നതോ വയൽസേവനത്തിൽ പങ്കുകൊള്ളുന്നതോ ഒരിക്കലും മുടക്കാതിരിക്കുക എന്നതു ഞങ്ങൾ ഒരു ശീലമാക്കി. കുടുംബത്തിൽ ഒരാൾ രോഗിയായിരിക്കുമ്പോൾപ്പോലും ഒരാൾ അയാളോടൊപ്പം വീട്ടിൽ തങ്ങും, മററുള്ളവരെല്ലാം യോഗത്തിനു സംബന്ധിക്കുകയോ വയൽശുശ്രൂഷയിൽ പങ്കുകൊള്ളുകയോ ചെയ്യും.
പോയ വർഷങ്ങളിലെല്ലാം, ഒരു കുടുംബമെന്ന നിലയിൽ കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതത്തിലെ അവരുടെ ലക്ഷ്യങ്ങളും ഞങ്ങൾ നിരന്തരം ചർച്ച ചെയ്യുമായിരുന്നു, യഹോവയുടെ സ്ഥാപനത്തിലെ ഒരു ജീവിതവൃത്തിക്കുവേണ്ടി അവരെ ഒരുക്കിക്കൊണ്ടായിരുന്നു അതു ചെയ്തത്. അവർ ടെലിവിഷൻപോലുള്ള ദുർബലപ്പെടുത്തുന്ന സ്വാധീനങ്ങൾക്കു വിധേയരാകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധാലുക്കളായിരുന്നു. കുട്ടികൾ അവരുടെ യൗവനപ്രായത്തിൽ എത്തുന്നതുവരെ ഞങ്ങളുടെ വീട്ടിൽ ഒരു ടിവി ഇല്ലായിരുന്നു. സാമ്പത്തികശേഷി ഉണ്ടായിരുന്നെങ്കിലും ഭൗതിക വസ്തുക്കൾകൊണ്ട് അവരെ ഞങ്ങൾ ദുഷിപ്പിച്ചില്ല. ഉദാഹരണത്തിന്, മൂന്നുപേർക്കും കൂടി ഉപയോഗിക്കാൻ ഒരു സൈക്കിൾ മാത്രമേ ഞങ്ങൾ വാങ്ങിയുള്ളൂ.
ബാസ്കററ്ബോൾ കളിക്കുക, നീന്തലിനു പോകുക, കുടുംബ വിനോദയാത്രകൾ നടത്തുക എന്നിങ്ങനെയുള്ള സംഗതികൾ സാധ്യമാകുന്നടത്തോളം ഞങ്ങൾ ഒരുമിച്ചു ചെയ്തു. ഞങ്ങളുടെ ഉല്ലാസയാത്രകളൊക്കെ ക്രിസ്തീയ കൺവെൻഷനുകളിൽ പങ്കെടുക്കുന്നതിനോടുള്ള ബന്ധത്തിലോ വ്യത്യസ്ത രാജ്യങ്ങളിലെ ബെഥേൽഭവനങ്ങൾ സന്ദർശിക്കുന്നതിനോടുള്ള ബന്ധത്തിലോ ആയിരുന്നു. ഞങ്ങളുടെ കുട്ടികളുടെ ഹൃദയത്തിൽ എന്താണുള്ളത് എന്ന് എനിക്കും ലൂസിക്കും പഠിക്കാൻ കഴിയേണ്ടതിന് ഈ യാത്രകൾ ഞങ്ങൾക്കു സ്വതന്ത്രമായി ഒരുമിച്ചു സംസാരിക്കാനുള്ള സമയം നൽകി. ആ ഉല്ലാസപ്രദമായ വർഷങ്ങൾക്കു ഞങ്ങൾ യഹോവയോടു വളരെയധികം നന്ദിയുള്ളവരാണ്!
അവസാനം, ഭൂമധ്യരേഖയ്ക്കടുത്ത് ഉഷ്ണമേഖലാപ്രദേശത്തുള്ള ഞങ്ങളുടെ പത്തു വർഷത്തെ വാസം ലൂസിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു. അതുകൊണ്ട്, ദക്ഷിണമേഖലയിലെ പരാന സംസ്ഥാനത്തു ക്യൂരിററിബായിൽ കൂടുതൽ മിതമായ കാലാവസ്ഥയുള്ള സ്ഥലത്തേക്കുള്ള ഒരു നിയമനമാററം ഞങ്ങൾ സ്വാഗതം ചെയ്തു.
കാനഡയിലേക്കു മടങ്ങുന്നു
ബ്രസീലിലെ 20 വർഷങ്ങൾക്കുശേഷം, അതായത് 1977-ൽ, എന്റെ രോഗിയായ പിതാവിനെ പരിരക്ഷിക്കുന്നതിനുവേണ്ടി ഞാനും ലൂസിയും കുട്ടികളെയുംകൊണ്ടു കാനഡയിലേക്കു മടങ്ങി. എന്റെ കുടുംബത്തിനു സാംസ്കാരികമായി അത് എന്തൊരു വ്യത്യസ്ത സാഹചര്യമായിരുന്നു! പക്ഷേ ആത്മീയമായി ഒരു വ്യത്യാസവും ഞങ്ങൾക്ക് അനുഭവപ്പെട്ടില്ലായിരുന്നു, കാരണം സ്നേഹപൂർവകമായ ക്രിസ്തീയ സാഹോദര്യത്തിന്റെ കാര്യത്തിൽ മുമ്പുണ്ടായിരുന്ന അതേ പ്രവർത്തനരീതി ഞങ്ങൾ നിലനിർത്തിയിരുന്നു.
കാനഡയിൽ ഞങ്ങളുടെ പെൺമക്കൾ ഓരോരുത്തരായി മുഴുസമയ പയനിയർ ശുശ്രൂഷയിൽ പ്രവേശിച്ചപ്പോൾ മുഴുസമയ ശുശ്രൂഷ ഒരു കുടുംബവൃത്തിയായിത്തീർന്നു. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു ഞങ്ങളുടെ ഈ കുടുംബസംരംഭത്തിന്. അംശകാല ജോലിയിൽനിന്നുള്ള ഏതൊരു വരുമാനവും ഞങ്ങളുടെ കുടുംബത്തിന്റെയും ഞങ്ങളുടെ അങ്ങിങ്ങായുള്ള പ്രദേശം പ്രവർത്തിച്ചുതീർക്കാൻ ആവശ്യമായിരുന്ന മൂന്നു വാഹനങ്ങളുടെയും ചെലവുകൾക്കായുള്ള ഫണ്ടിൽ ഇട്ടു. എല്ലാ ആഴ്ചയും കുടുംബ ബൈബിളധ്യയനത്തിനുശേഷം ഞങ്ങളുടെ കുടുംബപദ്ധതികൾ ചർച്ച ചെയ്തു. ഞങ്ങൾ എങ്ങോട്ടു പോകുന്നുവെന്നും ജീവിതംകൊണ്ടു ഞങ്ങൾ എന്താണു ചെയ്യുന്നതെന്നും തിട്ടപ്പെടുത്താൻ ഈ ചർച്ചകൾ ഓരോരുത്തർക്കും അവസരമേകി.
മൂത്ത സഹോദരിമാരെപ്പോലെതന്നെ ഞങ്ങളുടെ മകൻ ഗ്രെഗിനും മുഴുസമയ ശുശ്രൂഷയായിരുന്നു ലാക്ക്. അഞ്ചു വയസ്സായപ്പോൾ മുതൽ, ബെഥേൽ എന്നു വിളിക്കുന്ന സൊസൈററിയുടെ ഒരു ബ്രാഞ്ച് ഓഫീസിൽ വേല ചെയ്യാനുള്ള ആഗ്രഹം അവൻ പ്രകടമാക്കി. അവൻ ഒരിക്കലും ആ ലക്ഷ്യം മറന്നുകളഞ്ഞില്ല, ഹൈസ്കൂൾ പാസായശേഷം അവൻ തന്റെ അമ്മയോടും എന്നോടും ഇങ്ങനെ ചോദിച്ചു: “ഞാൻ ബെഥേലിലേക്ക് അപേക്ഷ അയയ്ക്കട്ടെ?”
മകനെ പിരിയാൻ അനുവദിക്കുന്നതു ഞങ്ങളുടെ ഹൃദയങ്ങളെ ഉലച്ചുവെങ്കിലും മടികൂടാതെ ഞങ്ങൾ മറുപടി പറഞ്ഞു: “യഹോവയുടെ സ്ഥാപനത്തിന്റെ ഹൃദയത്തിൽ, ബെഥേലിൽ യഹോവയുടെ കൈ നിനക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത്ര മറെറാരിടത്തും ഒരിക്കലും സാധിക്കില്ല.” രണ്ടു മാസത്തിനുള്ളിൽ അവൻ കാനഡയിലെ ബെഥേലിലേക്കു പോയി. അത് 1980-ലായിരുന്നു, അന്നുമുതൽ അവൻ അവിടെ സേവിക്കുന്നു.
1980-കൾ എനിക്കും ലൂസിക്കും പുതിയ വെല്ലുവിളികൾ ഉയർത്തി. ഞങ്ങൾ തുടങ്ങിയിടത്തു തിരിച്ചെത്തി—ഞങ്ങൾ ഇരുവരും തനിച്ചായി. അപ്പോഴേക്കും സൂസൻ വിവാഹം കഴിച്ചു ഭർത്താവുമൊത്തു പയനിയറിങ് നടത്തുകയായിരുന്നു. കിമ്മും ഗ്രെഗും ബെഥേലിൽ സേവിക്കുകയായിരുന്നു. ഞങ്ങൾ എന്തു ചെയ്യും? 1981-ൽ, ആ ചോദ്യത്തിനു പെട്ടെന്ന് ഉത്തരമായി, കാനഡയുടെ 2,000 കിലോമീറററോളം വിസ്തൃതമായി കിടക്കുന്ന ഒരു പോർച്ചുഗീസ് സർക്കിട്ടിൽ സേവിക്കാൻ ഞങ്ങളെ ക്ഷണിച്ചു. ഇപ്പോഴും ഞങ്ങൾ ഈ സഞ്ചാരവേല ആസ്വദിക്കുന്നു.
അതിനുശേഷം കിം വിവാഹിതയായി, ഗിലെയാദിൽ പങ്കെടുത്ത അവൾ ഇപ്പോൾ ബ്രസീലിൽ സർക്കിട്ട് വേലയിൽ ഭർത്താവുമൊത്തു സേവിക്കുന്നു. തങ്ങളുടെ രണ്ടു കുട്ടികളെ നോക്കിവളർത്തിക്കൊണ്ട് സൂസനും ഭർത്താവും ഇപ്പോഴും കാനഡയിൽത്തന്നെയാണ്, സൂസന്റെ ഭർത്താവു പയനിയറിങ് ചെയ്യുന്നു. മുഴുസമയ ശുശ്രൂഷയിലുള്ള ഞങ്ങളുടെ നിയമനങ്ങൾനിമിത്തം ഈ വർഷങ്ങളിൽ ഞങ്ങളുടെ കുടുംബം ശാരീരികമായി അകന്നിരിക്കുകയാണെങ്കിൽപ്പോലും ആത്മീയമായും വൈകാരികമായും ഞങ്ങൾ അടുത്തു നിലകൊള്ളുകയാണ്.
ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ ഞങ്ങളുടെ കുടുംബവുമൊത്തു ജീവിക്കുന്ന ഒരു ശോഭനമായ ഭാവിക്കുവേണ്ടി ഞാനും ലൂസിയും നോക്കിപ്പാർത്തിരിക്കുന്നു. (2 പത്രൊസ് 3:13) പുരാതന നാളിലെ മോശയെപ്പോലെ, സംഖ്യാപുസ്തകം 11:23-ലെ അലങ്കാരചോദ്യത്തിനുള്ള ഉത്തരത്തിന്റെ സത്യാവസ്ഥ ഞങ്ങൾ നേരിട്ട് അനുഭവിച്ചിരിക്കുന്നു: “യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.” തീർച്ചയായും, തങ്ങളുടെ മുഴുഹൃദയത്തോടെയുള്ള സേവനത്തിന്റെ പേരിൽ തന്റെ ദാസൻമാരെ അനുഗ്രഹിക്കുന്നതിൽനിന്നു യഹോവയെ തടയാൻ യാതൊന്നിനും കഴിയില്ല.
[25-ാം പേജിലെ ചിത്രം]
ഭാര്യ ലൂസിയുമൊത്ത്