ജീവിതകഥ
പല വിധങ്ങളിൽ ഞങ്ങൾ ദൈവത്തിന്റെ അനർഹദയ അനുഭവിച്ചറിഞ്ഞു
ദൈവഭയമുള്ള ഒരാളായിരുന്നു എന്റെ പപ്പ ആർതർ ഗെസ്റ്റ്. ഒരു മെഥഡിസ്റ്റ് ശുശ്രൂഷകനാകണമെന്നായിരുന്നു യുവപ്രായത്തിൽ അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ബൈബിൾവിദ്യാർഥികൾ എന്ന സംഘടനയുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും അവരോടൊപ്പം സഹവസിക്കാൻതുടങ്ങുകയും ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ മാറി. 1914-ൽ 17 വയസ്സുള്ളപ്പോൾ അദ്ദേഹം സ്നാനമേറ്റു. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. പപ്പയെ സൈനികസേവനത്തിനു വിളിച്ചു. എന്നാൽ ആയുധമെടുക്കാൻ വിസമ്മതിച്ചതിന് അദ്ദേഹത്തെ പത്തു മാസത്തെ തടവിനു വിധിച്ച് കനഡയിലെ ഒണ്ടേറിയോയിലുള്ള കിംഗ്സ്റ്റൺ ജയിലിലേക്ക് അയച്ചു. ജയിൽമോചിതനായശേഷം അദ്ദേഹം ഒരു കോൽപോർട്ടറായി (മുൻനിരസേവകനായി) മുഴുസമയസേവനം ആരംഭിച്ചു.
എന്റെ പപ്പയും മമ്മിയും വിവാഹിതരായത് 1926-ലാണ്. ഹേസൽ വിൽക്കിൻസൺ എന്നാണ് എന്റെ മമ്മിയുടെ പേര്. 1908-ൽ സത്യം പഠിച്ചയാളാണ് എന്റെ മമ്മിയുടെ മമ്മി. 1931 ഏപ്രിൽ 24-ന് ആർതർ-ഹേസൽ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തവനായി ഞാൻ ജനിച്ചു. ദൈവസേവനത്തിലായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ മുഖ്യശ്രദ്ധ. പപ്പയ്ക്കു ബൈബിളിനോട് ആഴമായ ആദരവുണ്ടായിരുന്നു. ഞങ്ങളുടെ ഉള്ളിലും ദൈവവചനത്തോടു വിലമതിപ്പു വളരാൻ അതു കാരണമായി; ഇന്നോളം അതിനു കുറവ് വന്നിട്ടില്ല. വീടുതോറുമുള്ള ശുശ്രൂഷയിൽ ഞങ്ങൾ കുടുംബം ഒരുമിച്ച് ക്രമമായി ഏർപ്പെട്ടു.—പ്രവൃ. 20:20.
പപ്പയെപ്പോലെ നിഷ്പക്ഷത കാണിക്കുന്നു, മുൻനിരസേവനം ചെയ്യുന്നു
1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അടുത്ത വർഷം കനഡയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിരോധനം വന്നു. പതാകയെ വന്ദിക്കുന്നതും ദേശീയഗാനം പാടുന്നതും ഉൾപ്പെടുന്ന ദേശഭക്തിപരമായ ചടങ്ങുകൾ സ്കൂളുകളിൽ നടത്തിയിരുന്നു. എന്നെയും എന്റെ ചേച്ചി ഡൊറോത്തിയെയും ഈ ചടങ്ങുകളുടെ സമയത്ത് ക്ലാസ്സിന്റെ വെളിയിൽ വിടുമായിരുന്നു. എന്നാൽ ഒരു ദിവസം ടീച്ചർ, ഞാൻ പേടിത്തൊണ്ടനാണെന്നു പറഞ്ഞ് എന്നെ കളിയാക്കി. അന്നത്തെ ക്ലാസ്സ് കഴിഞ്ഞപ്പോൾ കൂടെ പഠിക്കുന്നവർ എന്നെ ഉപദ്രവിക്കുകയും ഇടിച്ച് താഴെയിടുകയും ചെയ്തു. പക്ഷേ ആ സംഭവം, “മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്” എന്ന എന്റെ തീരുമാനം ഉറപ്പിക്കുകയാണു ചെയ്തത്.—പ്രവൃ. 5:29.
1942 ജൂലൈയിൽ 11 വയസ്സുള്ളപ്പോൾ ഒരു കൃഷിയിടത്തിലെ വാട്ടർ ടാങ്കിൽ ഞാൻ സ്നാനമേറ്റു. സ്കൂൾ അടയ്ക്കുന്ന മാസങ്ങളിൽ ഞാൻ അവധിക്കാല മുൻനിരസേവനം (ഇപ്പോൾ സഹായ മുൻനിരസേവനം എന്ന് അറിയപ്പെടുന്നു.) ചെയ്തിരുന്നു. ഒരു അവധിക്കാലത്ത് ഞാൻ മൂന്നു സഹോദരങ്ങളോടൊപ്പം വടക്കൻ ഒണ്ടേറിയോയിലെ നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശത്ത് ചെന്ന് അവിടെയുള്ള മരംവെട്ടുകാരോടു സാക്ഷീകരിച്ചു.
1949 മെയ് 1-നു ഞാൻ ഒരു സാധാരണ മുൻനിരസേവകനായി. ആ സമയത്ത് കനഡ ബ്രാഞ്ചിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബ്രാഞ്ചിൽ സഹായിക്കാൻ എന്നെ ഒരു ബഥേലംഗമായി ഡിസംബർ 1-ന് അങ്ങോട്ടു ക്ഷണിച്ചു. അച്ചടിശാലയിലായിരുന്നു എന്റെ നിയമനം. ഫ്ളാറ്റ്ബെഡ് പ്രസ്സ് എന്ന അച്ചടിയന്ത്രം പ്രവർത്തിപ്പിക്കാൻ ഞാൻ പഠിച്ചു. ആഴ്ചകളോളം എന്റെ ജോലി രാത്രികളിലായിരുന്നു. കനഡയിൽ യഹോവയുടെ സാക്ഷികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉപദ്രവത്തെക്കുറിച്ച് പറയുന്ന ഒരു ലഘുലേഖ അച്ചടിക്കുകയായിരുന്നു ഞങ്ങൾ.
പിന്നീട് ഞാൻ സർവീസ് ഡിപ്പാർട്ടുമെന്റിലായിരിക്കെ, ചില മുൻനിരസേവകരുമായി അഭിമുഖം നടത്തി. നമ്മുടെ പ്രവർത്തനത്തിനു വളരെയധികം എതിർപ്പു നേരിട്ടുകൊണ്ടിരുന്ന ക്യുബെക്കിൽ സേവിക്കാൻ പോകുന്ന വഴിക്കു ബ്രാഞ്ചോഫീസ് സന്ദർശിക്കാൻ എത്തിയതായിരുന്നു അവർ. ആൽബെർട്ടയിലെ എഡ്മണ്ടനിൽനിന്നുള്ള മേരി സാസൂലയായിരുന്നു അവരിൽ ഒരാൾ. മേരിയും മൂത്ത ആങ്ങളയായ ജോയും ബൈബിൾപഠനം നിറുത്താൻ വിസമ്മതിച്ചതു കാരണം തികഞ്ഞ ഓർത്തഡോക്സ് വിശ്വാസികളായ മാതാപിതാക്കൾ അവരെ വീട്ടിൽനിന്ന് പുറത്താക്കി. 1951 ജൂണിൽ അവർ സ്നാനമേറ്റു, ആറു മാസം കഴിഞ്ഞപ്പോൾ മുൻനിരസേവനം ചെയ്യാനും തുടങ്ങി. അഭിമുഖം നടത്തുന്നതിനിടെ ഞാൻ ആത്മീയകാര്യങ്ങളിൽ മേരിക്കുള്ള താത്പര്യം ശ്രദ്ധിച്ചു. ഞാൻ ചിന്തിച്ചു: ‘ഞാൻ ഉദ്ദേശിക്കുന്നതുപോലെയാണു കാര്യങ്ങളെങ്കിൽ ഈ പെൺകുട്ടിയെയായിരിക്കും ഞാൻ വിവാഹം കഴിക്കുക.’ ഒൻപതു മാസം കഴിഞ്ഞ് 1954 ജനുവരി 30-നു ഞങ്ങൾ വിവാഹിതരായി. ഒരാഴ്ച കഴിഞ്ഞ് സർക്കിട്ട് വേലയ്ക്കുള്ള പരിശീലനത്തിനായി ഞങ്ങളെ ക്ഷണിച്ചു. അടുത്ത രണ്ടു വർഷം ഞങ്ങൾ വടക്കൻ ഒണ്ടേറിയോയിലെ ഒരു സർക്കിട്ടിൽ സേവിച്ചു.
ലോകവ്യാപക പ്രസംഗപ്രവർത്തനം അതിവേഗം വളരുകയായിരുന്നതുകൊണ്ട് കൂടുതൽ മിഷനറിമാരെ ആവശ്യമായിവന്നു. കനഡയിലെ മരം കോച്ചുന്ന തണുപ്പും വേനൽക്കാലത്തെ ശല്യപ്പെടുത്തുന്ന കൊതുകുകളും സഹിക്കാൻ കഴിയുമെങ്കിൽ ഏതു നിയമനം ലഭിച്ചാലും, അവിടെ ഏതുതരത്തിലുള്ള പ്രതികൂലസാഹചര്യങ്ങളായാലും, അതിജീവിക്കാൻ കഴിയുമെന്നു ഞങ്ങൾക്ക് ഉറപ്പായിരുന്നു. അങ്ങനെ, 1956 ജൂലൈയിൽ ഞങ്ങൾ ഗിലെയാദ് സ്കൂളിന്റെ 27-ാമത്തെ ക്ലാസിൽനിന്ന് ബിരുദം നേടി. നവംബറിൽ ഞങ്ങൾ ഞങ്ങളുടെ നിയമനസ്ഥലമായ ബ്രസീലിൽ എത്തി.
ബ്രസീലിലെ മിഷനറിപ്രവർത്തനം
ബ്രസീലിലെ ബ്രാഞ്ചിൽ എത്തിയ ഞങ്ങൾക്കു പോർച്ചുഗീസ് ഭാഷ പഠിക്കേണ്ടിവന്നു. ആളുകളെ അഭിസംബോധന ചെയ്യാൻ പഠിക്കുകയും ഒരു മിനിട്ടു നേരത്തെ മാസികാവതരണം മനഃപാഠമാക്കുകയും ചെയ്തശേഷം ഞങ്ങൾ വയൽസേവനം ചെയ്യാൻ തുടങ്ങി. വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ ദൈവരാജ്യത്തിലെ അനുഗ്രഹങ്ങളെക്കുറിച്ച് പറയുന്ന തിരുവെഴുത്തുകൾ വായിക്കുന്നതാണു നല്ലതെന്നു ഞങ്ങളോടു പറഞ്ഞിരുന്നു. വയൽസേവനത്തിലെ ആദ്യദിവസം ഒരു സ്ത്രീ ഞാൻ പറഞ്ഞതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടു. അതുകൊണ്ട് ഞാൻ വെളിപാട് 21:3, 4 വായിച്ചുകേൾപ്പിച്ചു. വായിച്ചുകഴിഞ്ഞതും ഞാൻ ബോധംകെട്ട് വീണു! കടുത്ത ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരുന്നു കാരണം. എന്റെ ശരീരം അതുമായി ഒട്ടും പൊരുത്തപ്പെട്ടിട്ടില്ലായിരുന്നു. കുറെ കാലം ആ പ്രശ്നവുമായി എനിക്കു മല്ലിടേണ്ടിവന്നു.
കാംപസ് എന്ന നഗരത്തിലായിരുന്നു ഞങ്ങളുടെ നിയമനം. അവിടെ ഇപ്പോൾ 15 സഭകളുണ്ട്. എന്നാൽ ഞങ്ങൾ ചെന്ന കാലത്ത് ആ നഗരത്തിൽ സഭയൊന്നുമില്ലായിരുന്നു, ഒരു ചെറിയ കൂട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ നാലു സഹോദരിമാർ താമസിച്ചിരുന്ന ഒരു മിഷനറിഭവനവും. എസ്ഥേർ ട്രേസി, റമോണ ബൗർ, ലൂയീസ ഷ്വാർട്സ്, ലൊറൈൻ ബ്രൂക്സ് (ഇപ്പോൾ ലൊറൈൻ വോളൻ) എന്നിവരായിരുന്നു അവർ. തുണി അലക്കാൻ സഹായിക്കുന്നതും പാചകം ചെയ്യാനുള്ള വിറക് എത്തിക്കുന്നതും ആയിരുന്നു മിഷനറിഭവനത്തിലെ എന്റെ ജോലി. ഒരു തിങ്കളാഴ്ച രാത്രി വീക്ഷാഗോപുരപഠനത്തിനു ശേഷം ഞങ്ങളുടെ താമസസ്ഥലത്ത് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി. എന്റെ ഭാര്യ സോഫയിൽ കിടക്കുകയായിരുന്നു. ഞങ്ങൾ അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു. ഇടയ്ക്ക് എഴുന്നേൽക്കാനായി അവൾ തല പൊക്കിയപ്പോൾ തലയിണയ്ക്കടിയിൽനിന്ന് അതാ ഒരു പാമ്പ്! പിന്നെ ഞാൻ അതിനെ തല്ലിക്കൊല്ലുന്നതുവരെ ആകെ ഒച്ചപ്പാടും ബഹളവും ആയിരുന്നു.
ഒരു വർഷം പോർച്ചുഗീസ് ഭാഷ പഠിച്ചുകഴിഞ്ഞ് എന്നെ സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. ഗ്രാമപ്രദേശങ്ങളിലെ ഞങ്ങളുടെ ജീവിതം വളരെ ലളിതമായിരുന്നു. കറന്റില്ല; കിടക്കുന്നതാകട്ടെ പായയിൽ! യാത്രയാണെങ്കിലോ, കുതിരപ്പുറത്തും ചെറിയ കുതിരവണ്ടിയിലും ഒക്കെ. നിയമിച്ചുകൊടുത്തിട്ടില്ലാത്ത ഒരു പ്രദേശത്ത് സാക്ഷീകരണപരിപാടിക്കായി ഒരിക്കൽ ഞങ്ങൾ മലകൾക്കു മുകളിലുള്ള ഒരു പട്ടണത്തിലേക്കു ട്രെയിനിൽ പോയി. അവിടെ ഒരു വീട്ടിൽ വാടകയ്ക്കു താമസിച്ചു. ശുശ്രൂഷയിൽ ഉപയോഗിക്കാൻ ഞങ്ങൾക്കു ബ്രാഞ്ചോഫീസ് 800 മാസികകൾ അയച്ചുതന്നു. പോസ്റ്റോഫീസിൽ എത്തിയ മാസികക്കെട്ടുകൾ താമസസ്ഥലത്തേക്കു കൊണ്ടുവരാൻ ഞങ്ങൾക്കു പല പ്രാവശ്യം പോയിവരേണ്ടിവന്നു.
1962-ൽ ബ്രസീലിലെങ്ങും സഹോദരന്മാർക്കും മിഷനറിമാരായ സഹോദരിമാർക്കും വേണ്ടി രാജ്യശുശ്രൂഷാസ്കൂൾ നടത്തി. മനൗസ്, ബെലേം, ഫോർട്ടലിസ, റിസീഫീ, സാൽവഡോർ എന്നീ സ്ഥലങ്ങളിൽ നടത്തിയ സ്കൂളുകളിൽ ഞാൻ പഠിപ്പിച്ചു. ആറു മാസം ഞാൻ ഒരു സ്കൂളിൽനിന്ന് മറ്റൊരു സ്കൂളിലേക്കുള്ള യാത്രയിലായിരുന്നു—പക്ഷേ മേരിയില്ലാതെ! മനൗസിലെ പ്രശസ്തമായ ഓപ്പറ ഹൗസിൽ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വം എനിക്കു ലഭിച്ചു. കനത്ത മഴ കാരണം ഒരിടത്തും ശുദ്ധജലം കിട്ടാനില്ലായിരുന്നു. ഭക്ഷണം വിളമ്പുന്നതിനു പറ്റിയ ഒരു സ്ഥലം ഒരുക്കാനും ഞങ്ങൾക്കു കഴിഞ്ഞില്ല. (അക്കാലത്ത് കൺവെൻഷനുകളിൽ ഭക്ഷണം വിളമ്പിയിരുന്നു.) ഞാൻ പട്ടാളത്തിലെ ഓഫീസർമാരുമായി സംസാരിച്ചു. ദയാലുവായ ഒരു ഓഫീസർ കൺവെൻഷന് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്യാൻ സന്തോഷത്തോടെ ഏർപ്പാടു ചെയ്തു. ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും വേണ്ടി വലിയ രണ്ടു ടെന്റുകൾ സ്ഥാപിക്കുന്നതിനു പട്ടാളക്കാരെ അയയ്ക്കുകയും ചെയ്തു.
ഒറ്റയ്ക്കായിരുന്ന ഈ സമയത്ത് മേരി ഒരു പോർച്ചുഗീസ് വ്യാപാരപ്രദേശത്താണു സാക്ഷീകരിച്ചത്. പണം ഉണ്ടാക്കുന്നതിൽ മാത്രമായിരുന്നു അവിടത്തെ ആളുകൾക്കു താത്പര്യം. അതുകൊണ്ട് മേരിക്ക് ആരുമായും ബൈബിൾവിഷയങ്ങൾ സംസാരിക്കാൻ കഴിഞ്ഞില്ല. മേരി ചില ബഥേലംഗങ്ങളോടു പറഞ്ഞു: “എന്തു വന്നാലും ശരി, ഞാൻ ഒരിക്കലും പോർച്ചുഗലിൽ പോകില്ല.” അതിശയമെന്നല്ലാതെ എന്തു പറയാൻ! ദിവസമേറെ കഴിയുന്നതിനു മുമ്പ്, പോർച്ചുഗലിൽ സേവിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്തു ഞങ്ങൾക്കു കിട്ടി. മേരി ഞെട്ടിപ്പോയി! ആ സമയത്ത് അവിടെ പ്രസംഗപ്രവർത്തനം നിരോധിച്ചിരിക്കുകയായിരുന്നെങ്കിലും ഞങ്ങൾ ആ നിയമനം സ്വീകരിച്ചു.
പോർച്ചുഗലിലെ പ്രവർത്തനം
1964 ആഗസ്റ്റിൽ ഞങ്ങൾ പോർച്ചുഗലിലെ ലിസ്ബണിൽ എത്തി. അവിടത്തെ സഹോദരങ്ങൾക്കു പോർച്ചുഗീസ് രഹസ്യപോലീസിന്റെ (PIDE) ഉപദ്രവം ഒരുപാട് ഏൽക്കേണ്ടിവന്നിരുന്ന സമയമായിരുന്നു അത്. അതുകൊണ്ട് ഞങ്ങളെ സ്വീകരിക്കാൻ ആരെയും ഏർപ്പാടാക്കിയിരുന്നില്ല. അവിടത്തെ സാക്ഷികളുമായി യാതൊരു വിധത്തിലും ബന്ധപ്പെടാതിരിക്കാനും ഞങ്ങൾ ശ്രദ്ധിച്ചു. രാജ്യത്ത് സ്ഥിരമായി താമസിക്കാനുള്ള അനുമതി കിട്ടുന്നതുവരെ ഞങ്ങൾ ഒരു വീട്ടിൽ വാടകയ്ക്കു താമസിച്ചു. വിസ കിട്ടിയതിനു ശേഷം ഞങ്ങൾ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്തു. ഒടുവിൽ 1965 ജനുവരിയിൽ ഞങ്ങൾ ബ്രാഞ്ചോഫീസുമായി ബന്ധപ്പെട്ടു. അഞ്ചു മാസത്തിനു ശേഷം ഞങ്ങൾ ആദ്യമായി ഒരു മീറ്റിങ്ങിനു പോയി. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ!
സഹോദരങ്ങളുടെ വീടുകളിൽ പോലീസ് എന്നും തിരച്ചിൽ നടത്തുന്നുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി. രാജ്യഹാളുകൾ അടച്ചുപൂട്ടിയിരുന്നതു കാരണം വീടുകളിലായിരുന്നു മീറ്റിങ്ങുകൾ നടത്തിയിരുന്നത്. ചോദ്യം ചെയ്യലിനും തിരിച്ചറിയിക്കൽ രേഖകൾ ഹാജരാക്കുന്നതിനും വേണ്ടി നൂറുകണക്കിനു സഹോദരങ്ങൾക്കു പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടിവന്നു. പ്രത്യേകിച്ചും, മീറ്റിങ്ങുകൾ നടത്തുന്നവരുടെ പേരുകൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് അവർ സഹോദരങ്ങളെ ഉപദ്രവിക്കുമായിരുന്നു. അതുകൊണ്ട് എല്ലാവർക്കും അറിയാവുന്ന പേര് വിളിക്കുന്നതിനു പകരം അവർക്കുള്ള മറ്റു പേരുകളാണു സഹോദരങ്ങൾ ഉപയോഗിച്ചിരുന്നത്. അതായത്, ജോസെയെന്നോ പൗളോയെന്നോ ഒക്കെ. ഞങ്ങളും അതുതന്നെ ചെയ്തു.
സഹോദരങ്ങൾക്ക് ആത്മീയഭക്ഷണം എത്തിച്ചുകൊടുക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവനും. വീക്ഷാഗോപുരത്തിലെ പഠനലേഖനങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും സ്റ്റെൻസിൽ എന്നു വിളിക്കുന്ന ഒരു തരം ഷീറ്റിൽ ആദ്യം ടൈപ്പു ചെയ്യും. പിന്നീട് അത് ഉപയോഗിച്ച് മിമിയോഗ്രാഫ് മെഷീനിൽ പ്രസിദ്ധീകരണങ്ങളുടെ കോപ്പികൾ ഉത്പാദിപ്പിക്കും. സ്റ്റെൻസിലുകൾ ടൈപ്പു ചെയ്യുന്നതായിരുന്നു മേരിയുടെ നിയമനം.
സന്തോഷവാർത്തയ്ക്കുവേണ്ടി കോടതിയിൽ
1966 ജൂണിൽ ശ്രദ്ധേയമായ ഒരു കേസിന്റെ വാദം ലിസ്ബണിൽ നടന്നു. ഒരു വീട്ടിൽവെച്ച് നടത്തിയ നിയമവിരുദ്ധമായ മീറ്റിങ്ങിൽ പങ്കുപറ്റിയെന്ന് ആരോപിച്ച് ഫേജോ സഭയിലെ 49 പേരെയും വിചാരണയ്ക്കു ഹാജരാക്കി. വിചാരണയ്ക്കും ചോദ്യം ചെയ്യലിനും അവരെ മുന്നമേ ഒരുക്കുന്നതിനു ഞാൻ എതിർഭാഗം വക്കീലായി അഭിനയിച്ച് അവരെ പലതും പഠിപ്പിച്ചിരുന്നു. കേസ് തോൽക്കുമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അതുവഴി ഒരു വലിയ സാക്ഷ്യം കൊടുക്കാൻ കഴിയുമെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. ഒന്നാം നൂറ്റാണ്ടിലെ ഗമാലിയേലിന്റെ വാക്കുകൾ ധൈര്യത്തോടെ ഉദ്ധരിച്ചുകൊണ്ടാണു ഞങ്ങളുടെ വക്കീൽ അദ്ദേഹത്തിന്റെ വാദം അവസാനിപ്പിച്ചത്. (പ്രവൃ. 5:33-39) ആ 49 സഹോദരങ്ങളെയും ജയിൽശിക്ഷയ്ക്കു വിധിച്ചു. 45 ദിവസംമുതൽ അഞ്ചര മാസംവരെ നീളുന്നതായിരുന്നു അവരുടെ ശിക്ഷാകാലയളവ്. കേസ് വലിയ വാർത്തയായി. എന്നാൽ സന്തോഷകരമായ ഒരു കാര്യം, നമ്മുടെ ധീരനായ ആ വക്കീൽ മരിക്കുന്നതിനു മുമ്പ് ബൈബിൾപഠനം സ്വീകരിക്കുകയും മീറ്റിങ്ങുകൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്തു.
1966 ഡിസംബറിൽ എന്നെ ബ്രാഞ്ച് മേൽവിചാരകനായി നിയമിച്ചു. നിയമപരമായ കാര്യങ്ങൾക്കായിരുന്നു കൂടുതൽ സമയവും ഞാൻ ചെലവഴിച്ചത്. യഹോവയുടെ സാക്ഷികൾക്ക് ആരാധനാസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നു സ്ഥാപിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. (ഫിലി. 1:7) ഒടുവിൽ 1974 ഡിസംബർ 18-നു നമ്മുടെ പ്രവർത്തനത്തിനു നിയമാംഗീകാരം ലഭിച്ചു. ആ സന്തോഷം പങ്കിടാനായി പോർട്ടോയിലും ലിസ്ബണിലും ചരിത്രപ്രധാനമായ ഒരു മീറ്റിങ്ങ് നടത്തി. ലോകാസ്ഥാനത്തുനിന്ന് നേഥൻ നോർ സഹോദരനും ഫ്രെഡറിക് ഫ്രാൻസ് സഹോദരനും വന്നു. രണ്ടിടത്തുമായി മൊത്തം 46,870 പേർ ഹാജരായി.
അസോറസ്, കേപ് വേർഡെ, മദൈറ, സാവോടോം ആൻഡ് പ്രിൻസിപ്പെ തുടങ്ങി പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന പല ദ്വീപുകളിലും സന്തോഷവാർത്ത വ്യാപിക്കുന്നതിന് യഹോവ ഇടയാക്കി. അതുകൊണ്ടുതന്നെ ബ്രാഞ്ചിനു കൂടുതൽ സൗകര്യങ്ങൾ ആവശ്യമായിവന്നു. അങ്ങനെ 1988 ഏപ്രിൽ 23-നു പുതിയ ബ്രാഞ്ച് കെട്ടിടങ്ങളുടെ സമർപ്പണം നടന്നു. മിൽട്ടൻ ഹെൻഷൽ സഹോദരനായിരുന്നു അധ്യക്ഷൻ. കൂടിവന്ന 45,522 പേരും സന്തോഷഭരിതരായി. പോർച്ചുഗലിൽ മുമ്പ് മിഷനറിമാരായി സേവിച്ച 20 സഹോദരീസഹോദരന്മാർ ചരിത്രപ്രധാനമായ ആ പരിപാടിയിൽ പങ്കെടുത്തത് അതിനു മാറ്റുകൂട്ടി.
വിശ്വസ്തരുടെ മാതൃക ഞങ്ങൾക്കു പ്രയോജനം ചെയ്തു
വിശ്വസ്തരായ സഹോദരങ്ങളുമായുള്ള സഹവാസം ഇക്കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം ഞങ്ങളുടെ ജീവിതം ധന്യമാക്കി. മേഖലാസന്ദർശനത്തിനു തിയോഡർ ജാരറ്റ്സ് സഹോദരന്റെ സഹായിയായി ഒരിക്കൽ പോയപ്പോൾ ഞാൻ വിലയേറിയ ഒരു പാഠം പഠിച്ചു. ഞങ്ങൾ സന്ദർശിച്ച ബ്രാഞ്ച് ഗുരുതരമായ ഒരു പ്രശ്നം നേരിടുകയായിരുന്നു. ചെയ്യാൻ കഴിയുന്നതെല്ലാം ബ്രാഞ്ച് കമ്മിറ്റിയിലെ അംഗങ്ങൾ ചെയ്തുകഴിഞ്ഞിരുന്നു. അവരെ സമാധാനിപ്പിച്ചുകൊണ്ട് ജാരറ്റ്സ് സഹോദരൻ പറഞ്ഞു: “ഇനി നമുക്കു കാത്തിരിക്കാം, പരിശുദ്ധാത്മാവ് പ്രവർത്തിക്കട്ടെ.” കുറെ വർഷം മുമ്പ് മേരിയും ഞാനും ബ്രൂക്ലിൻ സന്ദർശിക്കാൻ പോയപ്പോൾ ഫ്രാൻസ് സഹോദരനോടും മറ്റു ചിലരോടും ഒപ്പം ഒരു സായാഹ്നം ചെലവഴിക്കാൻ അവസരം കിട്ടി. ആ കൂടിവരവ് അവസാനിക്കുന്നതിനു മുമ്പ്, അനേകവർഷങ്ങളായി യഹോവയെ സേവിച്ചതിന്റെ അനുഭവത്തിൽനിന്ന് എന്തെങ്കിലും പറയാൻ ആവശ്യപ്പെട്ടപ്പോൾ ഫ്രാൻസ് സഹോദരൻ പറഞ്ഞു: “എനിക്കു പറയാനുള്ളത് ഇതാണ്: എന്തു വന്നാലും ശരി, യഹോവയുടെ ദൃശ്യസംഘടനയോടു പറ്റിനിൽക്കുക. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയെന്ന യേശുവിന്റെ കല്പന അനുസരിക്കുന്ന ഒരേ ഒരു സംഘടന ഇതാണ്.”
ഞാനും ഭാര്യയും ആ ഉപദേശം അനുസരിച്ചു. അതു ഞങ്ങൾക്കു വളരെ സന്തോഷം തരുകയും ചെയ്തു. ബ്രാഞ്ചുകളിൽ നടത്തിയ മേഖലാസന്ദർശനങ്ങളുടെ നല്ലനല്ല ഓർമകൾ ഞങ്ങൾ ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ചെയ്ത വിശ്വസ്തസേവനത്തിന് അവരെ അഭിനന്ദിക്കാനും യഹോവയെ സേവിക്കുകയെന്ന അതുല്യപദവിയിൽ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കാനും ഈ സന്ദർശനങ്ങൾ ഞങ്ങൾക്ക് അവസരങ്ങൾ നൽകി.
വർഷങ്ങൾ പലതു കടന്നുപോയിരിക്കുന്നു. ഞങ്ങൾക്കു രണ്ടു പേർക്കും പ്രായം 80 കഴിഞ്ഞു. മേരിക്കാണെങ്കിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. (2 കൊരി. 12:9) വിശ്വാസം കൂടുതൽ സ്ഫുടം ചെയ്യാനും നിഷ്കളങ്കത കാത്തുസൂക്ഷിക്കാനുള്ള ദൃഢനിശ്ചയം ശക്തമാക്കാനും ഞങ്ങൾ നേരിട്ട പരിശോധനകൾ ഞങ്ങളെ സഹായിച്ചിരിക്കുന്നു. കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾക്ക് ഉറപ്പായും ഒരു കാര്യം പറയാനാകും: യഹോവയുടെ അനർഹദയ ഞങ്ങൾ അനുഭവിച്ചിരിക്കുന്നു; ഒന്നല്ല, രണ്ടല്ല, പല വിധങ്ങളിൽ!a
a ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത്, 2015 ഒക്ടോബർ 25-നു ഡഗ്ലസ് ഗെസ്റ്റ് സഹോദരൻ യഹോവയോടു വിശ്വസ്തനായി മരിച്ചു.