ഭോഷ്കു പറയാൻ കഴിയാത്ത ദൈവത്താൽ പരിപാലിക്കപ്പെട്ടു
മേരി വില്ലീസ് പറഞ്ഞപ്രകാരം
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭവിഷ്യത്തുകൾ 1932-ഓടെ പശ്ചിമ ഓസ്ട്രേലിയയുടെ നാട്ടിൻപുറത്ത് എത്തിയിരുന്നു. അന്ന് എനിക്കു 19 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. എങ്കിലും, എലൻ ഡേവീസിനും എനിക്കും 1,00,000 ചതുരശ്രകിലോമീറററോളം വരുന്ന പ്രദേശത്തു പ്രസംഗ നിയമനം ലഭിച്ചു. ഞങ്ങൾ തുടക്കംകുറിക്കേണ്ടിയിരുന്നത് വിലൂന എന്ന ചെറിയ പട്ടണത്തിൽനിന്നായിരുന്നു. അതിന്റെ സ്ഥാനം പശ്ചിമ ഓസ്ട്രേലിയയുടെ തലസ്ഥാനനഗരിയായ പെർത്തിലുള്ള ഞങ്ങളുടെ വീട്ടിൽനിന്ന് ഏതാണ്ടു 950 കിലോമീററർ വടക്കുകിഴക്കായിട്ടാണ്.
അങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര സഹൃദയനായ ഒരു റെയിൽവേ ഗാർഡിനോടൊപ്പം ഒരു ഗുഡ്സ് ട്രെയിനിന്റെ പാചകമുറിയിൽ (Caboose) ആയിരുന്നു. ട്രെയിൻ വശത്തേക്ക് ഒതുക്കി നിർത്തുന്ന ഓരോ തവണയും അവിടെ എത്രസമയം തങ്ങേണ്ടിവരുമെന്ന് ആ ഗാർഡ് ദയാപുരസ്സരം ഞങ്ങളോടു പറഞ്ഞു. ഒററപ്പെട്ടുകിടക്കുന്ന റെയിൽവേ അധിവാസപ്രദേശങ്ങളിൽ സാക്ഷ്യം നൽകുന്നതിന് ഇതു ഞങ്ങൾക്ക് അവസരമേകി. ഒടുവിൽ ഞങ്ങൾ വിലൂനയിൽ ഖനിത്തൊഴിലാളികൾ താമസിക്കുന്ന പട്ടണത്തിൽ ഒരു മണൽക്കാററിൻ മധ്യേ എത്തിച്ചേർന്നു.
എന്നാൽ, വിലൂനയിൽ ട്രെയിൻ നിർത്തുന്നിടം പട്ടണത്തിൽനിന്ന് ഏകദേശം മൂന്നു കിലോമീററർ ദൂരെയായിരുന്നു. ഞങ്ങൾ രണ്ടാളും അത്ര കരുത്തുററവരായിരുന്നില്ല. തന്നെയുമല്ല ഞങ്ങളുടെ പക്കൽ സാഹിത്യങ്ങൾ നിറച്ച ഭാരം കൂടിയ മൂന്നു കാർട്ടനുകളും രണ്ടു സ്യൂട്ട്കേസുകളും ഉണ്ടായിരുന്നു. ഞങ്ങൾക്കെന്തു ചെയ്യാൻ പററും? ഒരു തണ്ടിൽ ഒരു കാർട്ടൺ ഞാത്തിയിട്ടു ഞങ്ങൾ ഇരുവരും ഓരോ അററത്തുപിടിച്ചു വഹിച്ചുകൊണ്ടുപോയി. അങ്ങനെ ഞങ്ങൾ കാർട്ടനുകൾ ഓരോന്നായി ചുമന്നുകൊണ്ടുപോയി. മൂന്നു കിലോമീററർ അകലെയുള്ള പട്ടണത്തിലേക്കു മൂന്നു കാർട്ടനുകളും പെട്ടികളും സ്യൂട്ട്കേസുകളും കൊണ്ടെത്തിക്കുന്നതിന് മൊത്തം ഏഴു തവണ വന്നുപോകേണ്ടിവന്നു. ഞങ്ങളുടെ കൈക്കു വളരെ വേദന അനുഭവപ്പെട്ടതിനാൽ വിശ്രമിക്കുന്നതിനുവേണ്ടി ഇടയ്ക്കിടെ നിൽക്കേണ്ടതായുംവന്നു.
പൊടിപടലം, നോവുന്ന കൈകൾ, തളർന്ന കാലുകൾ ഇങ്ങനെയൊക്കെയായിട്ടും ആ വെല്ലുവിളിയും സാഹസവും ഞങ്ങൾ ആസ്വദിച്ചു. യഹോവ ഞങ്ങളോടൊപ്പമുണ്ടെന്നു ഞങ്ങൾക്കിരുവർക്കും അനുഭവപ്പെട്ടു. കാരണം, വളരെ അകലെ ഒററപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ പ്രസംഗത്തിന്റെ ഈ പരുക്കൻ തുടക്കത്തെ തരണംചെയ്യാൻ അവിടുന്ന് ഞങ്ങളെ പരിപാലിക്കുകയായിരുന്നു. പെട്ടെന്നുതന്നെ ഞങ്ങളുടെ വേലയിൻമേലും അവിടുത്തെ അനുഗ്രഹം ഞങ്ങൾ കണ്ടു. കാരണം, ഞങ്ങളുടെ ആ യാത്രയിലെ ശ്രമങ്ങളുടെ ഫലമായി യുവാവായ ബോബ് ഹോൺ ബൈബിൾ സത്യം സ്വീകരിക്കാനിടയായി. ബെഥേൽ സേവനത്തിൽ കുറേ വർഷങ്ങൾ ചെലവിടാൻ ബോബിനു കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 1982-ൽ മരിക്കുന്നതുവരെ ഏതാണ്ട് 50 വർഷത്തോളം അദ്ദേഹം ദൈവസേവനത്തിൽ വിശ്വസ്തതയോടെ തുടർന്നു.
തീരപ്രദേശത്തെ ജെരാൾഡ്ടണിലേക്കുള്ള 725 കിലോമീററർ യാത്രയ്ക്കിടയിൽ ഞങ്ങൾ ഗ്രാമപ്രദേശങ്ങളിൽ പ്രസംഗിച്ചു. അവിടെനിന്നു ഞങ്ങൾ പെർത്തിലേക്കു തിരിച്ചു. ചിലപ്പോഴെല്ലാം റെയിൽവേയുടെ വെറും വിശ്രമമുറിയിൽ ഞങ്ങൾ അന്തിയുറങ്ങി. ഒരിക്കൽ തീവണ്ടിപ്പാളത്തിനു സമീപമുണ്ടായിരുന്ന വൈക്കോൽക്കൂനയിൽപ്പോലും കിടന്നുറങ്ങേണ്ടിവന്നു.
വീട്ടിലുണ്ടാക്കിയ ഗോതമ്പു ബിസ്കററു നിറച്ച ഒരു തലയണക്കവിയനും ഞങ്ങളോടൊപ്പം കരുതിയിരുന്നു. യാത്രയുടെ ആദ്യപകുതിയിൽ ഇതായിരുന്നു ഞങ്ങളുടെ മുഖ്യ ഭക്ഷണം. ചിലപ്പോഴെല്ലാം പാത്രം കഴുകിയും ഭോജനശാലകളുടെയും ഊണുമുറികളുടെയും തറ തേച്ചുകഴുകിയും ഞങ്ങൾ ഊണിനുള്ള വകനേടി. മററു ചില സമയങ്ങളിൽ പൊള്ളുന്ന വെയിലത്തു പയറോ അമരയോ പറിക്കുന്ന വേലചെയ്യുമായിരുന്നു. ബൈബിൾ സാഹിത്യം സ്വീകരിച്ച താത്പര്യമുള്ള ആളുകളിൽനിന്നു കിട്ടിയ സംഭാവനകൾ ഞങ്ങളുടെ ചെലവുകൾ വഹിക്കാൻ സഹായകമായി.
യഹോവയിലുള്ള വിശ്വാസം നിലനിർത്തുന്നതിനും പ്രയാസകരമായ സാഹചര്യങ്ങളെ സന്തോഷപൂർവം നേരിടുന്നതിനും ആ നാളുകളിൽ എന്നെ സഹായിച്ചത് എന്റെ അമ്മയുടെ മാതൃകയും അമ്മയിൽനിന്നു ലഭിച്ച പ്രാരംഭ പരിശീലനവുമായിരുന്നു.
ഒരു ക്രിസ്തീയ പൈതൃകം
എന്റെ അമ്മയ്ക്ക് സ്രഷ്ടാവിൽ ദൃഢമായ വിശ്വാസമുണ്ടായിരുന്നു. എനിക്ക് ഓർമവെച്ച നാൾമുതൽ മക്കളായ ഞങ്ങളോട് അമ്മ ദൈവത്തെക്കുറിച്ചു സംസാരിക്കുമായിരുന്നു. അങ്ങനെയിരിക്കെ, സ്കൂളിൽ വെച്ചുനടന്ന, ഏഴു വയസ്സുണ്ടായിരുന്ന എന്റെ സഹോദരന്റെ ദാരുണമായ അപകട മരണം വേദനാജനകമായ രീതിയിൽ അമ്മയുടെ വിശ്വാസത്തെ പരിശോധിച്ചു. ദൈവത്തിനെതിരെ കയ്പുള്ള മനോഭാവം വളർത്തിയെടുക്കുന്നതിനു പകരം അമ്മ ആത്മാർഥമായി ബൈബിൾ പഠിക്കാൻ തുടങ്ങി. കഴിയുമെങ്കിൽ അത്തരം ദുരന്തങ്ങളുടെ കാരണമറിയാൻ അവർ ആഗ്രഹിച്ചു. അമ്മയുടെ ബൈബിൾ സത്യാന്വേഷണത്തിനു പ്രതിഫലം കിട്ടി. അങ്ങനെ 1920-കളുടെ ആരംഭത്തിൽ സത്യദൈവമായ യഹോവക്കായുള്ള സമർപ്പണം അമ്മ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
അന്നുമുതൽക്ക് മിക്കപ്പോഴും ഞങ്ങളുമായുള്ള അമ്മയുടെ സംസാരം ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉറപ്പുള്ളതാണ് എന്നതിൽ ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു. എന്തുതന്നെ സംഭവിച്ചാലും ‘ദൈവത്തിനു ഭോഷ്കു പറയാനാകില്ല’ എന്ന് എല്ലായ്പോഴും മനസ്സിൽ വയ്ക്കുവാൻ അമ്മ ഞങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. (തീത്തൊസ് 1:2) തന്നിമിത്തം, എന്റെ സഹോദരിയും ഞാനും ഞങ്ങളുടെ സഹോദരൻമാരും ഞങ്ങളുടെ കുടുംബങ്ങളും പേരക്കിടാങ്ങളും ഇന്നു യഹോവയാം ദൈവത്തിന്റെ സ്തുതിപാഠകരാണ്. ഞങ്ങളുടെ മരുമക്കളിൽ രണ്ടുപേർ, അലൻ മേസനും പോൾ മേസനും സഞ്ചാരമേൽവിചാരകൻമാരായി സേവനമനുഷ്ഠിക്കുന്നു.
സുവിശേഷഘോഷണം നടത്താൻ മുന്നമേ ഉണ്ടായ ആഗ്രഹം
ഞാൻ പഠിത്തത്തിൽ മോശമായിരുന്നു. അങ്ങനെ 1926-ൽ എനിക്കു 13 വയസ്സുണ്ടായിരുന്നപ്പോൾ സ്കൂൾ വിദ്യാഭ്യാസം നിർത്തി. എങ്കിലും ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ മററുള്ളവരുമായി പങ്കിടുന്നതിന് ഒരു ശക്തമായ ആഗ്രഹം ഞാൻ വളർത്തിയെടുത്തു. മററുള്ളവരെ സഹായിക്കാൻ മതിയായ വിദ്യാഭ്യാസം എനിക്കില്ലെന്നായിരുന്നു പിതാവിന്റെ ധാരണ. എന്നാൽ അമ്മ ഇപ്രകാരം പറഞ്ഞു: “ആസന്നമായിരിക്കുന്ന അർമഗെദോൻ യുദ്ധത്തെക്കുറിച്ചും സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കുമെന്നതിനെക്കുറിച്ചും മാത്രം അവൾ ആളുകളോടു പറഞ്ഞാൽ അതുപോലും ദൈവരാജ്യത്തെ പ്രസിദ്ധമാക്കും.” അങ്ങനെ, 1930 വരെ സ്നാപനമേററിരുന്നില്ലെങ്കിൽപ്പോലും കൗമാരപ്രായത്തിൽത്തന്നെ ഞാൻ വീടുതോറുമുള്ള പ്രസംഗവേലയിൽ പങ്കുപററാൻ തുടങ്ങി. സ്നാപനത്തിനുശേഷം ഉടനെതന്നെ പെർത്തിനു ചുററുമുള്ള പ്രദേശത്തു ഞാൻ മുഴുസമയ സുവിശേഷപ്രവർത്തനം തുടങ്ങി.
അടുത്ത വർഷം, അതായത് 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന നമ്മുടെ പുതിയ പേരു ഞങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഈ വിശുദ്ധ നാമം ഞങ്ങൾ ഉപയോഗിക്കുന്നതിനെ അനേകം വീട്ടുകാരും എതിർക്കുകയും പരുഷമായി പ്രതികരിക്കുകയുമുണ്ടായി. എങ്കിലും അസുഖകരമായ എതിർപ്പുകളൊന്നും വകവയ്ക്കാതെ ഞാൻ ശുശ്രൂഷയിൽ നിരന്തരം പങ്കെടുത്തു. എന്റെ ദാസർക്കു ‘ഞാൻ നൽകുന്ന പ്രാപ്തിയിൽ ആശ്രയിക്കാ’നാകും എന്നു വാഗ്ദത്തം ചെയ്യുമ്പോൾ ദൈവം ഭോഷ്കു പറയുകയല്ല എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.—1 പത്രൊസ് 4:11; ഫിലിപ്പിയർ 4:13.
“മഹാപുരുഷാര”ത്തെ തിരിച്ചറിയിക്കൽ
വിശാലമായ ഓസ്ട്രേലിയ ഭൂഖണ്ഡത്തിന്റെ മറുവശത്തു പ്രവർത്തിക്കുന്നതിന് എനിക്ക് 1935-ൽ നിയമനം ലഭിച്ചു. അതേത്തുടർന്നു വർഷങ്ങളോളം പെർത്തിലെ എന്റെ ആദ്യത്തെ വീട്ടിൽനിന്ന് 4,000 കിലോമീററർ അകലെയുള്ള ന്യൂ സൗത്ത് വെയിൽസിലെ ന്യൂ ഇംഗ്ലണ്ട് ജില്ലയിൽ ഒരു പയനിയർ ശുശ്രൂഷകയായി ഞാൻ സേവനമനുഷ്ഠിച്ചു.
അതുവരെ ഞാൻ യേശുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകത്തിന്റെ ചിഹ്നങ്ങളായ പുളിപ്പില്ലാത്ത അപ്പത്തിലും ചുവന്ന വീഞ്ഞിലും പങ്കുകൊള്ളുമായിരുന്നു. എല്ലാവർക്കും പ്രത്യേകിച്ച്, തീക്ഷ്ണതയുള്ള മുഴുസമയ ശുശ്രൂഷകർക്കു ചെയ്യാൻ കഴിയുന്ന ശരിയായ കാര്യമായിരുന്നു ഇതെങ്കിലും എനിക്കു സ്വർഗീയ പ്രത്യാശയുണ്ടെന്ന കാര്യത്തിൽ ഒരിക്കലും ഉറച്ച ബോധ്യമില്ലായിരുന്നു. പിന്നീട്, ഭൂമിയിലെ നിത്യജീവിതത്തിനു പ്രത്യാശയുള്ള ഒരു മഹാപുരുഷാരം കൂട്ടിവരുത്തപ്പെടുകയാണ് എന്ന് 1935-ൽ ഞങ്ങൾക്കു വ്യക്തമാക്കിത്തന്നു. ആ മഹാപുരുഷാരത്തിന്റെ ഭാഗമാണു ഞങ്ങളെന്നു മനസ്സിലാക്കാൻ കഴിഞ്ഞതിൽ ഞങ്ങളിലനേകരും ആഹ്ളാദിക്കുകയും ചിഹ്നത്തിൽ പങ്കുകൊള്ളുന്നതു നിർത്തുകയും ചെയ്തു. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) യഹോവ വാഗ്ദത്തം ചെയ്തപോലെ ബൈബിൾ സത്യം ക്രമാനുഗതമായി ശക്തിയോടെ പ്രകാശിക്കുകയായിരുന്നു.—സദൃശവാക്യങ്ങൾ 4:18.
പ്രസംഗവേലയിലെ പുതിയ രീതികൾ
1930-കളുടെ മധ്യത്തിൽ ഞങ്ങൾ ശുശ്രൂഷയിൽ ഫോണോഗ്രാഫ് ഉപയോഗിക്കാൻ തുടങ്ങി. അതുകൊണ്ട് ഭാരമുള്ള ഫോണോഗ്രാഫ് വയ്ക്കുന്നതിനുവേണ്ടി മാത്രമല്ല റെക്കോർഡുകളും സാഹിത്യ ബാഗുകളുംകൂടെ വഹിക്കുന്നതിനുവേണ്ടി ഞങ്ങളുടെ ബലിഷ്ഠമായ സൈക്കിളിന്റെ മുമ്പിലും പിമ്പിലും സാധനങ്ങൾ വയ്ക്കുന്നതിനുള്ള കാരിയർ പിടിപ്പിക്കേണ്ടിവന്നു. സൈക്കിളിൽ സാധനങ്ങൾ വെച്ചുനിറച്ചാൽപ്പിന്നെ ഞാൻ വളരെ ശ്രദ്ധചെലുത്തേണ്ടതുണ്ടായിരുന്നു കാരണം അതു മറിഞ്ഞുവീണാൽപ്പിന്നെ നിവർത്താൻ സാധിക്കാത്തവിധം അത്ര കനമായിരുന്നു അതിന്!
ഏതാണ്ട് ആ കാലത്തുതന്നെയാണ് ഇൻഫോർമേഷൻ മാർച്ചസ് എന്നു പറയപ്പെട്ടിരുന്ന പരിപാടിയും ഞങ്ങൾ തുടങ്ങിയത്. ശ്രദ്ധപിടിച്ചുപററുന്ന മുദ്രാവാക്യങ്ങൾ അച്ചടിച്ച പ്ലാക്കാർഡുകൾ അല്ലെങ്കിൽ പരസ്യപ്പലകകൾ മുമ്പിലും പിമ്പിലും തൂക്കിയിട്ടുകൊണ്ടു പട്ടണത്തിന്റെ പ്രധാന തെരുവുകളിലൂടെ ഞങ്ങൾ നടന്നു. ഈ വേല വിശ്വാസത്തിന്റെ ഒരു പ്രത്യേക പരിശോധനയായി ഞാൻ കണ്ടെത്തി, പ്രത്യേകിച്ചും എന്നെ അറസ്ററു ചെയ്തു രാത്രിമുഴുവൻ ലിസ്മോർ പട്ടണത്തിലെ ഒരു ചെറിയ ജയിൽമുറിയിൽ അടച്ചിട്ടപ്പോൾ. തലമുടി ചീകാൻപോലും സമ്മതിക്കാതെ പിറേറന്നു കോടതി മുമ്പാകെ എന്നെ ഹാജരാക്കിയപ്പോൾ ഞാൻ നാണം കൊണ്ടു ചൂളിപ്പോയി! എങ്കിലും വാഗ്ദത്തം ചെയ്തപ്രകാരം യഹോവ ഒരിക്കൽക്കൂടെ എന്നെ ബലപ്പെടുത്തി. അറസ്ററു ചെയ്ത കോൺസ്ററബിളിന്റെ മതത്തെ ധിക്കരിക്കുന്നതായിരുന്നു എന്റെ പ്ലാക്കാർഡ് എന്നതായിരുന്നു അയാളുടെ ഏക കുററാരോപണം. ഇക്കാരണത്താൽ കേസു തള്ളിപ്പോയി.
വീണ്ടും പടിഞ്ഞാറോട്ട്
1940-കളുടെ ആരംഭത്തിൽ പശ്ചിമ ഓസ്ട്രേലിയയിലെ നാട്ടിൻപുറത്തുള്ള ചെറുപട്ടണങ്ങളിലേക്ക് എനിക്കു വീണ്ടും നിയമനം കിട്ടി. ഓർമയിൽ കുടികൊള്ളുന്ന അനുഭവങ്ങളും ആത്മീയമായ അനുഗ്രഹങ്ങളും ഇവിടെ ഞാൻ തുടർച്ചയായി ആസ്വദിച്ചു. നോർഥാമിലെ എന്റെ നിയമനവേളയിൽ പട്ടണത്തിൽനിന്ന് ഏതാണ്ടു 11 കിലോമീററർ അകലെ ഫ്ളോ ററിമ്മൻസ് എന്നു പേരുള്ള തിരക്കുള്ള ഒരു കുടുംബിനിയെ ഞാൻ കണ്ടുമുട്ടി. അവർ റിക്കൻസിലിയേഷൻ എന്ന പുസ്തകം സ്വീകരിക്കുകയും താമസിയാതെ യഹോവയുടെ ഒരു സമർപ്പിത സാക്ഷിയായിത്തീരുകയും ചെയ്തു. അവൾ ഇപ്പോഴും രാജ്യസേവനത്തിൽ സജീവയാണ്. അന്നു നാലു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവളുടെ മകൾ ഇപ്പോൾ ഒരു പ്രത്യേകപയനിയറാണ്.
അവിസ്മരണീയമായ വേറെയും അനുഭവങ്ങളുണ്ട്. ഒരിക്കൽ എന്റെ പങ്കാളിയും ഞാനുംകൂടെ നോർഥാമിലെ ഒരു പാലത്തിലൂടെ കുതിരവണ്ടിയിൽ യാത്രചെയ്യുകയായിരുന്നു. അപ്പോഴതാ കുതിര പെട്ടെന്നൊരു മരണപ്പാച്ചൽ. ഞങ്ങളാകെ പേടിച്ചു വിറച്ചുപോയി, കാരണം താഴെ അവോൻ നദിയിൽ വെള്ളം നീർച്ചുഴിയിട്ടാണ് ഒഴുകുന്നത്. ഏതാണ്ട് ഒരു കിലോമീറററിലധികം ദൂരം ചെന്നപ്പോൾ കുതിര വേഗത കുറച്ചു.
വിവാഹവും കുടുംബവും
ഞാൻ 1950-ൽ ആർഥർ വില്ലീസിനെ വിവാഹം കഴിച്ചു. അദ്ദേഹവും അനേകവർഷങ്ങളായി പയനിയർസേവനം നടത്തുകയായിരുന്നു. ഞങ്ങൾ പശ്ചിമ ഓസ്ട്രേലിയയിലെ ചെറുപട്ടണമായ പിൻജെല്ലിയിൽ താമസമുറപ്പിച്ചു. അവിടെവെച്ചു ഞങ്ങൾക്ക് മകൻ ബൻഡ്ലീയും മകൾ യൂനിസും പിറന്നു. കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം തീരാറായപ്പോൾ വീണ്ടും പയനിയറായി പേർ ചാർത്താൻ ആർഥർ തീരുമാനിച്ചു. യോഗ്യതപ്രാപിച്ച ഉടനെതന്നെ നിരന്തരപയനിയറിങ് നടത്താൻ പിതാവിന്റെ നല്ല മാതൃക കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
പ്രസംഗവേലക്കായി ആർഥർ കുട്ടികളെ മിക്കപ്പോഴും വളരെ ദൂരെയുള്ള ഗ്രാമപ്രദേശങ്ങളിലേക്കു കൊണ്ടുപോകുമായിരുന്നു. ചില സന്ദർഭങ്ങളിൽ അദ്ദേഹം ഓരോ രാത്രിയിലും വെളിയിൽ താവളമടിച്ചുകൊണ്ടു മക്കളോടൊപ്പം ഒരാഴ്ചയോ ചിലപ്പോൾ അതിലധികമോ സമയം വീട്ടിൽനിന്നു മാറിനിൽക്കുമായിരുന്നു. ഈ ദിനങ്ങളിൽ ഞാൻ വീട്ടിൽ തങ്ങി ഗൃഹോപകരണങ്ങളുടെ കച്ചവടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും അവർക്കു മൂന്നുപേർക്കും പയനിയറിങ് ചെയ്യാൻ സൗകര്യമുണ്ടാക്കിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.
ആദിവാസികളുടെ ഇടയിലുള്ള ശുശ്രൂഷ
ഒരു പ്രഭാതത്തിൽ ഗ്രാമീണ പര്യടനം കഴിഞ്ഞു കുടുംബം മടങ്ങിയെത്തിയ ഉടനെ ഞങ്ങൾ ഒരു അപ്രതീക്ഷിത അതിഥിയെ സ്വീകരിക്കാനിടയായി. വന്നയാൾ ഒരു ആദിവാസിയായിരുന്നു. അയാൾ ചോദിച്ചു: “തിരികെ വരാൻ ഞാൻ എന്തു ചെയ്യണം?” ആദ്യം ഞങ്ങളൊന്നു പതറി. എന്നാൽ മദ്യപാനിയെന്ന കാരണത്താൽ അനേകം വർഷങ്ങൾക്കുമുമ്പ് അയാളെ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കിയതാണെന്ന് ആർഥർ പിന്നീടു തിരിച്ചറിഞ്ഞു. അന്നുമുതൽ അയാൾ മുഴുക്കുടിയും കുന്നുകൂടുന്ന കടവും നിമിത്തം ഞെട്ടിപ്പിക്കുന്ന രീതിയിൽ ചീത്തപ്പേരു സമ്പാദിച്ചു.
യഹോവയുടെ ശുദ്ധമായ സ്ഥാപനത്തിലേക്കു പുനഃസ്ഥിതീകരിക്കുന്നതിന് അയാൾ എന്തു ചെയ്യണമെന്ന് ആർഥർ അയാൾക്കു വിശദീകരിച്ചുകൊടുത്തു. അധികമൊന്നും സംസാരിക്കാതെ അയാൾ ശാന്തനായി തിരികെപ്പോയി. അയാൾ എന്തുചെയ്യുമെന്നു ഞങ്ങളെല്ലാം വിചാരിച്ചു. അടുത്ത ഏതാനും മാസങ്ങളിൽ സംഭവിച്ചതു ഞങ്ങളാരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. അയാൾ വരുത്തിയ മാററങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു! അയാൾ മദ്യത്തിന്റെ അടിമത്തത്തിൽനിന്നു മോചനം നേടുകമാത്രമല്ല ആ ജില്ലയിലെ ആളുകളെ സന്ദർശിച്ച് അയാൾ കൊടുക്കാനുള്ള കടത്തെക്കുറിച്ച് അവരെ ഓർമിപ്പിക്കുകയും കടപ്പെട്ടിരുന്നതു പിന്നീട് തിരിച്ചുകൊടുക്കുകയും ചെയ്തു! ഇന്ന് അദ്ദേഹം വീണ്ടും ഒരു ക്രിസ്തീയ സഹോദരനായിത്തീർന്നിരിക്കുന്നു. കൂടാതെ, കുറേക്കാലം പയനിയർ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
പിൻജെല്ലിയിൽ അനേകം ആദിവാസിജനങ്ങൾ ഉണ്ടായിരുന്നു. ദൈവവചനത്തിലെ സത്യം പഠിച്ച് അതു സ്വീകരിക്കുന്നതിന് എളിമയുള്ള ഈ ജനങ്ങളെ സഹായിക്കുന്ന ഏററവും സന്തുഷ്ടദായകമായ ശുശ്രൂഷ ഞങ്ങൾ ആസ്വദിച്ചു. സത്യം പഠിക്കുവാൻ ഓസ്ട്രേലിയക്കാരായ അനേകം ആദിവാസികളെ സഹായിക്കുന്നതിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചു വിശ്വാസത്തെ എത്രമാത്രം ബലിഷ്ഠമാക്കുന്ന ഒരു സംഗതിയായിരുന്നിട്ടുണ്ടെന്നോ!
പിൻജെല്ലിയിൽ ഒരു സഭ സ്ഥാപിതമായി. തുടക്കത്തിൽ അധികം അംഗങ്ങളും ആദിവാസികളിൽപ്പെട്ടവരായിരുന്നു. ഞങ്ങൾക്ക് അവരിലനേകരെയും എഴുതാനും വായിക്കാനും പഠിപ്പിക്കേണ്ടിവന്നു. ആദ്യവർഷങ്ങളിൽ അവർക്കെതിരെ ധാരാളം മുൻവിധിയുണ്ടായിരുന്നു, എന്നാൽ അവരുടെ ശുദ്ധമായ ജീവിതരീതിയും ആശ്രയയോഗ്യരായ പൗരൻമാരെന്ന നിലയും നിമിത്തം ആദിവാസി സാക്ഷികളെ പട്ടണത്തിലെ ജനങ്ങൾ ആദരിക്കാൻ തുടങ്ങി.
യഹോവയുടെ നിലയ്ക്കാത്ത സഹായം
ദൈവത്തെ 57 വർഷം വിശ്വസ്തതയോടെ സേവിച്ച എന്റെ പ്രിയ ഭർത്താവ് 1986-ന്റെ ആരംഭത്തിൽ മരണമടഞ്ഞു. പിൻജെല്ലിയിലുള്ള എല്ലാ വ്യാപാരികളും ആ പട്ടണത്തിലുള്ള എല്ലാ ജനങ്ങളും അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു. പെട്ടെന്നുണ്ടായ ഈ നഷ്ടം സഹിക്കുന്നതിനുവേണ്ട ബലം നൽകിക്കൊണ്ട് യഹോവ വീണ്ടും എന്നെ പരിപാലിച്ചു.
എന്റെ മകൻ ബൻഡ്ലീ പശ്ചിമ ഓസ്ട്രേലിയയുടെ വടക്കുഭാഗത്ത് ഒരു മൂപ്പനായി സേവിക്കുന്നു. അവിടെവെച്ച് അവനും അവന്റെ ഭാര്യ ലോർണയും തങ്ങളുടെ കുടുംബത്തെ സത്യത്തിൽ വളർത്തിക്കൊണ്ടുവന്നു. എന്റെ മകൾ യൂനിസ് ഇന്നുവരെ മുഴുസമയ സേവനത്തിൽ തുടർന്നിരിക്കുന്നുവെന്നതാണ് എനിക്ക് അതീവ സന്തോഷം പകരുന്ന മറെറാരു സംഗതി. അവളും അവളുടെ ഭർത്താവ് ജെഫും പയനിയർമാരായി സേവിക്കുന്നു. ഞാനിപ്പോൾ അവരോടൊപ്പമാണു താമസിക്കുന്നത്. തന്നെയുമല്ല, തുടർച്ചയായി സഹായ പയനിയറിങ് ചെയ്യുന്നതിലുള്ള അനുഗ്രഹവും ഞാൻ ആസ്വദിക്കുന്നുണ്ട്.
തന്റെ സേവകർ നേരിടേണ്ടി വന്നേക്കാവുന്ന ഏതു സാഹചര്യങ്ങളെയും തരണംചെയ്യുന്നതിന് ആവശ്യമായ ബലം നൽകുമെന്ന യഹോവയുടെ സ്നേഹപുരസ്സരമായ വാഗ്ദത്തത്തിന്റെ നിവൃത്തി അറുപതിലധികം വർഷങ്ങളായി ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു. അവിടുത്തെ ഒരിക്കലും സംശയിക്കുകയോ നിസ്സാരനായി കരുതുകയോ ചെയ്യാതിരുന്നാൽ നമ്മുടെ എല്ലാ ആവശ്യങ്ങളും അവിടുന്ന് നിവർത്തിച്ചുതരും. ദൈവത്തിന്റെ കൈ പ്രവർത്തിച്ചുകണ്ടതുമൂലം എന്റെ വിശ്വാസം ബലിഷ്ഠമായിരിക്കുന്നു. നമുക്കു ഗ്രഹിക്കാവുന്നതിലും അധികമായ അനുഗ്രഹങ്ങൾ അവിടുന്ന് നൽകുന്നതെങ്ങനെയെന്നും ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. (മലാഖി 3:10) വാസ്തവമായും ദൈവത്തിനു ഭോഷ്കു പറയാൻ കഴിയില്ല!
[27-ാം പേജിലെ ചിത്രം]
മേരി 1933-ൽ
[29-ാം പേജിലെ ചിത്രം]
മേരിയും ആർഥറും പിൽക്കാല വർഷങ്ങളിൽ