ഒറ്റയ്ക്കെങ്കിലും ഒരിക്കലും ഉപേക്ഷിക്കപ്പെട്ടില്ല
ആഡ ലൂയിസ് പറഞ്ഞപ്രകാരം
എല്ലായ്പോഴും ഒറ്റയ്ക്കായിരിക്കുന്നത് എന്റെ ഒരു പ്രവണതയായിരുന്നു. ചെയ്യുന്നതെന്തും ഉറച്ച തീരുമാനത്തോടെ—മറ്റുള്ളവർ ചിലപ്പോഴെല്ലാം അതിനെ മർക്കടമുഷ്ടി എന്നു വിളിക്കുന്നു—ചെയ്യുന്ന ആളായിരുന്നു ഞാൻ. വെട്ടിത്തുറന്നു സംസാരിക്കുന്നത് എത്ര എളുപ്പമാണെന്നും എനിക്കറിയാം, ഈ സ്വഭാവവിശേഷം വർഷങ്ങളിലുടനീളം എന്നെ കുഴപ്പത്തിൽ ചാടിച്ചിട്ടുണ്ട്.
എങ്കിലും, എന്റെ വ്യക്തിത്വത്തിലെ ബലഹീനതകൾ നിമിത്തം യഹോവയാം ദൈവം എന്നെ തള്ളിക്കളയാത്തതിൽ ഞാൻ നന്ദിയുള്ളവളാണ്. അവന്റെ വചനത്തിന്റെ പഠനം മൂലം എന്റെ വ്യക്തിത്വത്തിൽ മാറ്റം വരുത്താനും അങ്ങനെ ഏതാണ്ട് 60 വർഷത്തോളം അവന്റെ രാജ്യ താത്പര്യങ്ങൾക്കായി സേവിക്കാനും എനിക്കു കഴിഞ്ഞിരിക്കുന്നു. ചെറുപ്പംമുതലേ ഞാനൊരു കുതിര പ്രേമിയാണ്, കൂടാതെ എന്റെ ഒരുതരം മുരടൻ സ്വഭാവത്തെ നിയന്ത്രിക്കുന്നതിനുള്ള ദൈവസഹായം, കടിഞ്ഞാൺ ഉപയോഗിച്ച് ഒരു കുതിരയെ എങ്ങനെ നിയന്ത്രിക്കാമെന്നു മിക്കപ്പോഴും എന്നെ ഓർമിപ്പിക്കുമായിരുന്നു.
1908-ൽ ദക്ഷിണ ഓസ്ട്രേലിയയിലെ മൗണ്ട് ഗാമ്പിയറിലുള്ള ഒരു നീലത്തടാകത്തിനു സമീപമായിരുന്നു ഞാൻ ജനിച്ചത്. എന്റെ മാതാപിതാക്കൾക്ക് ഒരു ക്ഷീരവ്യവസായശാലയുണ്ടായിരുന്നു, ഞാൻ എട്ടു മക്കളിൽ മൂത്ത മകളും. ഞങ്ങളെല്ലാം തീരെ ചെറുപ്പമായിരിക്കുമ്പോൾതന്നെ പിതാവു മരിച്ചു. അതോടെ ക്ഷീരവ്യവസായശാല നോക്കിനടത്തേണ്ട കൂടുതൽ ഉത്തരവാദിത്വവും എന്റെ ചുമലിലായി. കാരണം, കുടുംബ വരുമാനത്തിന് എന്റെ മൂത്ത രണ്ടു സഹോദരൻമാർക്കു വീട്ടിൽനിന്നു ദൂരെ വേലചെയ്യേണ്ടിയിരുന്നു. ക്ഷീരവ്യവസായശാലയിൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടായിരുന്നു.
ബൈബിൾ സത്യവുമായുള്ള ആദ്യ സമ്പർക്കം
ഞങ്ങളുടെ കുടുംബം പ്രസ്ബിറ്റേറിയൻ പള്ളിയിലാണു പൊയ്ക്കൊണ്ടിരുന്നത്, ഞങ്ങളതിൽ സജീവാംഗങ്ങളായിരുന്നു. ഒരു സൺഡേസ്കൂൾ അധ്യാപികയായിത്തീർന്ന ഞാൻ ആത്മീയവും ധാർമികവുമായി ശരിയെന്നു ഞാൻ വിശ്വസിച്ച കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഗൗരവമുള്ളതായി കരുതി.
1931-ൽ എന്റെ വല്ല്യപ്പൻ മരിച്ചു. അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന ജെ. എഫ്. റതർഫോർഡ് എഴുതിയ പല പുസ്തകങ്ങളും ഉണ്ടായിരുന്നു. ഞാൻ ദൈവത്തിന്റെ കിന്നരം, സൃഷ്ടി (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. വായിക്കുന്തോറും ഞാൻ ഭയപരവശയായി, കാരണം ഞാൻ വിശ്വസിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്ന അനേകം കാര്യങ്ങൾ ബൈബിളിന്റെ പിന്തുണയുള്ളതല്ല എന്ന് അറിയാൻ കഴിഞ്ഞു.
മനുഷ്യദേഹി അമർത്ത്യമല്ലെന്നും മരിക്കുമ്പോൾ അനേകരും സ്വർഗത്തിൽ പോവുകയില്ലെന്നും ദുഷ്ടൻമാർക്കു നരകാഗ്നിയിൽ നിത്യദണ്ഡനമില്ലെന്നും അറിഞ്ഞപ്പോൾ ഞാൻ സ്തബ്ധയായി. വാരംതോറുമുള്ള ശബത്താചരണം ഒരു ക്രിസ്തീയ നിബന്ധനയല്ലെന്നു കണ്ടെത്തിയതും എന്നെ അസ്വസ്ഥയാക്കി. തൻമൂലം ഞാൻ നിർണായകമായ ഒരു തീരുമാനത്തെ അഭിമുഖീകരിച്ചു: ഒന്നുകിൽ ക്രൈസ്തവലോകത്തിലെ പരമ്പരാഗത പഠിപ്പിക്കലിനോടു ചേർന്നു നിൽക്കുക അല്ലെങ്കിൽ ബൈബിൾ സത്യം പഠിപ്പിക്കാൻ തുടങ്ങുക. പ്രസ്ബിറ്റേറിയൻ സഭയുമായുള്ള സകല ബന്ധവും വിച്ഛേദിക്കുന്നതിന് എനിക്ക് അധികസമയം വേണ്ടിവന്നില്ല.
ഇപ്പോൾ വാസ്തവത്തിൽ ഒറ്റയ്ക്കായി
പള്ളി വിടുന്നതിനും ഇനി മേലാൽ സൺഡേസ്കൂളിൽ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള എന്റെ തീരുമാനം അറിയിച്ചപ്പോൾ എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുൻ പള്ളിയംഗങ്ങൾക്കും തെല്ലും സന്തോഷം തോന്നിയില്ല. റതർഫോർഡ് ജഡ്ജിയുടെ ആളുകളെന്നു പറയപ്പെടുന്നവരുമായി ഞാൻ ബന്ധപ്പെടുന്നുവെന്ന് അവർ മനസ്സിലാക്കിയപ്പോൾ അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിനു തുല്യമായി, കുറ്റം പറച്ചിൽ കൂടി. വാസ്തവത്തിൽ എന്നെ സമുദായഭ്രഷ്ടയാക്കിയില്ല, എങ്കിലും, ചുരുക്കിപ്പറഞ്ഞാൽ കുടുംബാംഗങ്ങളിലും മുൻ സുഹൃത്തുക്കളിലുംപെട്ട മിക്കവരും എന്റെ നേർക്കു തണുപ്പൻ പ്രതികരണമാണു കാണിച്ചത്.
ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകങ്ങളിൽ പട്ടികപ്പെടുത്തിയ തിരുവെഴുത്തുകൾ അധികമധികം പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്തോറും പരസ്യമായി പ്രസംഗിക്കുന്നതിന്റെ ആവശ്യകത ഞാൻ കൂടുതലായി കാണാൻ തുടങ്ങി. യഹോവയുടെ സാക്ഷികൾ തങ്ങളുടെ പരസ്യശുശ്രൂഷയുടെ ഭാഗമെന്നനിലയിൽ വീടുതോറും പോയതായി ഞാൻ മനസ്സിലാക്കി. എന്നാൽ അന്ന് ഞങ്ങളുടെ ജില്ലയിൽ സാക്ഷികളില്ലായിരുന്നു. തൻമൂലം ദൈവരാജ്യത്തെപ്പറ്റിയുള്ള സുവാർത്ത പ്രസംഗിക്കുന്നതിന് ആരും എന്നെ പ്രോത്സാഹിപ്പിക്കുകയോ അത് എങ്ങനെ ചെയ്യണമെന്നു കാണിച്ചുതരുകയോ ചെയ്തില്ല. (മത്തായി 24:14) എനിക്ക് വളരെയധികം ഏകാന്തത അനുഭവപ്പെട്ടു.
എന്നിരുന്നാലും, മറ്റുള്ളവരോടു പ്രസംഗിക്കുന്നതിനുള്ള ബൈബിൾ കൽപ്പന എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു, എങ്ങനെയെങ്കിലും പ്രസംഗവേല തുടങ്ങിയേ പറ്റൂ എന്നു ഞാൻ തീരുമാനിച്ചുറച്ചു. ഏറെ പ്രാർഥനക്കുശേഷം, അയൽക്കാരുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിനും എന്റെ പഠനങ്ങളിൽനിന്നു ഞാൻ എന്തു പഠിച്ചുവെന്നു പറയുന്നതിനും അക്കാര്യങ്ങൾ അവരുടെ സ്വന്തം ബൈബിളിൽനിന്നു കാണിച്ചുകൊടുക്കുന്നതിനും ഞാൻ തീരുമാനിച്ചു. ഞാൻ ആദ്യം സന്ദർശിച്ചത് എന്റെ മുൻ സൺഡേസ്കൂൾ സൂപ്രണ്ടിന്റെ വീടായിരുന്നു. അദ്ദേഹത്തിന്റെ തണുപ്പൻ പ്രതികരണവും ഞാൻ സഭ ഉപേക്ഷിച്ചതു സംബന്ധിച്ചുള്ള നിഷേധാത്മകമായ അഭിപ്രായങ്ങളും തീർച്ചയായും പ്രോത്സാഹജനകമായ ഒരു തുടക്കമല്ലായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽനിന്നിറങ്ങിയപ്പോൾ എനിക്ക് ഊഷ്മളമായ ഉത്സാഹവും അസാധാരണമായ ഒരു ആന്തരിക ബലവും അനുഭവപ്പെടുകയും തുടർന്ന് മറ്റു ഭവനങ്ങൾ സന്ദർശിക്കുകയും ചെയ്തു.
നേരിട്ടുള്ള എതിർപ്പൊന്നും ഉണ്ടായിരുന്നില്ല, എങ്കിലും ഞാൻ നേരത്തെ പോയിക്കൊണ്ടിരുന്ന പള്ളിയിലെ അംഗങ്ങളെ സന്ദർശിച്ചപ്പോൾ അവരിൽ കണ്ട ഉദാസീനതയിൽ എനിക്കു വിസ്മയം തോന്നി. ഏറ്റവും കഠിനമായ എതിർപ്പ് എന്റെ മൂത്ത സഹോദരനിൽനിന്ന് അനുഭവിക്കേണ്ടിവന്നത് എന്നിൽ അത്ഭുതവും നിരാശയും ജനിപ്പിച്ചു. അത് യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഓർമിക്കാൻ ഇടയാക്കി: “അമ്മയപ്പൻമാരും സഹോദരൻമാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏൽപ്പിച്ചുകൊടു”ക്കും, “എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.”—ലൂക്കൊസ് 21:16, 17.
നന്നേ ചെറുപ്പത്തിൽത്തന്നെ ഞാൻ അനുഭവപരിചയമുള്ള ഒരു കുതിരസവാരിക്കാരിയായി തീർന്നു. അതുകൊണ്ട് ആളുകളുടെ ഭവനത്തിലെത്തിച്ചേരുന്നതിനുള്ള ഏറ്റവും വേഗം കൂടിയ രീതി കുതിരപ്പുറത്തേറിയുള്ള യാത്രയാണെന്നു ഞാൻ ഉറപ്പിച്ചു. അടുത്തുള്ള ഗ്രാമപ്രദേശത്ത് ഏറെദൂരം എത്തിച്ചേരുന്നതിന് അതുമൂലം എനിക്കു കഴിഞ്ഞു. എന്നിരുന്നാലും, ഒരു ഉച്ചനേരം എന്റെ കുതിര തെന്നുന്ന ഒരു റോഡിൽ ഇടറിവീണു, എന്റെ തലയോട്ടിക്കു കാര്യമായ പൊട്ടലുണ്ടായി. ഞാൻ അതിജീവിക്കുകയില്ലെന്നുവരെ ഭയപ്പെട്ടു. ആ വീഴ്ചക്കുശേഷം, വഴികൾ നനഞ്ഞോ തെന്നിയോ കിടക്കുന്നപക്ഷം കുതിരപ്പുറത്തു സഞ്ചരിക്കുന്നതിനു പകരം കുതിരയെ ഉപയോഗിച്ചുകൊണ്ടുള്ള സൾക്കിയിൽ (ഇരുചക്രവണ്ടി) സഞ്ചരിക്കുമായിരുന്നു.a
സ്ഥാപനവുമായുള്ള സമ്പർക്കം
എനിക്ക് അപകടം സംഭവിച്ചു കുറച്ചുനാളുകൾക്കു ശേഷം ഒരു കൂട്ടം മുഴുസമയപ്രവർത്തകർ, ഇപ്പോൾ പയനിയർമാർ എന്നു വിളിക്കപ്പെടുന്നവർ, മൗണ്ട് ഗാമ്പിയർ ജില്ല സന്ദർശിച്ചു. അങ്ങനെ, ആദ്യമായി സഹവിശ്വാസികളുമായി മുഖാമുഖം സംസാരിക്കുന്നതിന് എനിക്കു കഴിഞ്ഞു. പരസ്യ പ്രസംഗവേല കൂടുതൽ സംഘടിതമായ വിധത്തിൽ എങ്ങനെ നടത്തണമെന്ന് വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ചിലേക്ക് എഴുതി ചോദിക്കാൻ പോകുന്നതിനുമുമ്പ് അവർ എന്നെ പോത്സാഹിപ്പിച്ചു.
സൊസൈറ്റിക്ക് എഴുതിയതിന്റെ ഫലമായി പുസ്തകങ്ങളും ചെറുപുസ്തകങ്ങളും വീടുകൾതോറും എന്നെ സ്വയം പരിചയപ്പെടുത്തുന്നതിന് അച്ചടിച്ച സാക്ഷ്യ കാർഡും എനിക്കു ലഭിച്ചു. ബ്രാഞ്ച് ഓഫീസുമായി തപാലിലൂടെയുള്ള സമ്പർക്കം നിമിത്തം എന്റെ ആത്മീയ സഹോദരീസഹോദരൻമാരുമായി കുറച്ച് അടുത്തതുപോലെ എനിക്ക് അനുഭവപ്പെട്ടു. എന്നാൽ പയനിയർമാരുടെ കൂട്ടം അടുത്ത പട്ടണത്തിലേക്കു പോയപ്പോൾ എനിക്ക് എന്നത്തെക്കാളധികം ഏകാന്തത അനുഭവപ്പെട്ടു.
ദിവസേനയുള്ള ക്രമമായ എന്റെ സാക്ഷീകരണ റോന്തു—കൂടുതലും കുതിരയും സൾക്കിയും ഉപയോഗിച്ചുകൊണ്ട്—നിമിത്തം ഞാൻ ജില്ലയിൽ വിഖ്യാതയായി. അതേസമയംതന്നെ ക്ഷീരവ്യവസായശാലയിലെ കാര്യങ്ങൾ നോക്കിനടത്തുന്നതിനും എനിക്കു കഴിഞ്ഞു. അതിനോടകം എന്റെ കുടുംബാംഗങ്ങൾ ഈ ദിനചര്യയെ എതിർക്കുന്നതു നിർത്തി, കൈകടത്താൻ യാതൊരു ശ്രമവും ചെയ്തില്ല. നാലു വർഷത്തോളം ഞാൻ സുവാർത്തയുടെ ഒറ്റപ്പെട്ട, സ്നാപനമേൽക്കാത്ത പ്രഘോഷകയായി സേവനമനുഷ്ഠിച്ചു.
കൺവെൻഷനും ഒടുവിൽ സ്നാപനവും
1938 ഏപ്രിലിൽ റതർഫോർഡ് സഹോദരൻ ഓസ്ട്രേലിയ സന്ദർശിച്ചു. വൈദികരുടെ ശക്തമായ എതിർപ്പു നിമിത്തം സിഡ്നി ടൗൺ ഹാളിന്റെ കോൺട്രാകറ്റ് റദ്ദാക്കേണ്ടിവന്നു. എന്നിരുന്നാലും, അവസാന നിമിഷം സ്പോർട്സ് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുവാദം ലഭിക്കുകയുണ്ടായി. ക്രമീകരണങ്ങളിൽ ഉണ്ടായ നിർബന്ധിത മാറ്റംകൊണ്ടു പ്രയോജനമുണ്ടായി, കാരണം വലിയ സ്പോർട്സ് ഗ്രൗണ്ടുകളിൽ അനേകായിരങ്ങളെ ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നു. ഏതാണ്ട് 12,000 ആളുകൾ വന്നുചേർന്നു, നമ്മുടെ യോഗങ്ങൾക്കെതിരെ വൈദികപ്രേരണകൊണ്ടുണ്ടായ എതിർപ്പിൽ ജിജ്ഞാസപൂണ്ടാണ് അനേകരും വന്നതെന്നതു സ്പഷ്ടമാണ്.
റതർഫോർഡ് സഹോദരന്റെ സന്ദർശനത്തോടു ബന്ധപ്പെട്ട് അടുത്തുള്ള സിഡ്നി ഉപനഗരത്തിലും പലനാളുകൾ നീണ്ടുനിന്ന ഒരു കൺവെൻഷൻ നടന്നു. യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ഒടുവിൽ ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തിയത് അവിടെവച്ചാണ്. വിസ്തൃതമായ ഓസ്ട്രേലിയാ ഭൂഖണ്ഡത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള നൂറുകണക്കിനു സഹോദരീസഹോദരൻമാരോടൊപ്പം ഒടുവിൽ സമ്മേളിക്കാൻ കഴിഞ്ഞതിൽ എനിക്കനുഭവപ്പെട്ട സന്തോഷം നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ?
തിരികെ മൗണ്ട് ഗാമ്പിയറിലേക്ക്
വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്കു തികച്ചും ഏകാന്തത അനുഭവപ്പെട്ടു, എങ്കിലും രാജ്യവേലയിൽ എന്നാലാകുന്നതു ചെയ്യാൻ ഞാൻ എന്നത്തെക്കാളുമധികം നിശ്ചയദാർഢ്യമുള്ളവളായിരുന്നു. പെട്ടെന്നുതന്നെ ഞാൻ ആഗ്ന്യൂ കുടുംബവുമായി—ഹ്യൂ, അദ്ദേഹത്തിന്റെ ഭാര്യ, അവരുടെ നാലു മക്കൾ എന്നിവരുമായി—പരിചയപ്പെട്ടു. മൗണ്ട് ഗാമ്പിയറിൽനിന്നു വെറും 50 കിലോമീറ്റർ അകലെയുള്ള മിലിസെൻറ് എന്ന പട്ടണത്തിലാണ് അവർ താമസിച്ചിരുന്നത്. അവരോടൊപ്പം ഒരു ക്രമമായ ബൈബിളധ്യയനം നടത്തുന്നതിനു കുതിരയും സൾക്കിയും ഉപയോഗിച്ച് ഞാൻ വാരംതോറും ഒരു വശത്തേക്ക് 50 കിലോമീറ്റർ വീതം യാത്രചെയ്തു പോയിവരുമായിരുന്നു. അവർ സത്യം സ്വീകരിച്ചപ്പോൾ എന്റെ ഏകാന്തത ലഘൂകരിക്കപ്പെടുകയുണ്ടായി.
ചുരുങ്ങിയ സമയത്തിനകം ഞങ്ങൾ സംഘടിത സാക്ഷീകരണത്തിനുവേണ്ടി ഒരു കൂട്ടമായിത്തീർന്നു. സന്തോഷകരമെന്നു പറയട്ടെ, എന്റെ അമ്മ പിന്നീട് താത്പര്യമെടുക്കുകയും പുതുതായി രൂപീകരിച്ച കൂട്ടത്തോടൊപ്പം അധ്യയനത്തിനുവേണ്ടി പോയിവരുന്നതിന് 100 കിലോമീറ്ററുള്ള യാത്രയിൽ എന്നോടൊപ്പം വരാൻ തുടങ്ങുകയും ചെയ്തു. അന്നുമുതൽ അമ്മ എല്ലായ്പോഴും പ്രോത്സാഹനവും സന്തോഷവും നൽകിക്കൊണ്ടിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ അമ്മ സ്നാപനമേൽക്കുകയും ചെയ്തു. ഇനിയിപ്പോൾ ഏകാന്തതയുടെ പ്രശ്നമുദിക്കുന്നില്ല!
ഞങ്ങളുടെ ചെറിയ കൂട്ടം നാലു പയനിയർമാരെ ഉത്പാദിപ്പിച്ചു, മൂന്ന് ആഗ്ന്യൂ പെൺകുട്ടികളും—ക്രിസ്റ്റൽ, എസ്റ്റൽ, ബെറ്റി—ഞാനും. പിന്നീട്, 1950-കളിൽ ഈ മൂന്നു സഹോദരിമാരും വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുത്തു. അവർ മിഷനറിമാരായി ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കു നിയമിക്കപ്പെട്ടു. അവർ ഇപ്പോഴും വിശ്വസ്തരായി സേവനമനുഷ്ഠിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം എസ്റ്റലിന് ഓസ്ട്രേലിയയിലേക്കു മടങ്ങേണ്ടിവന്നു.
1941 ജനുവരിയിൽ ഓസ്ട്രേലിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടു. തൻമൂലം ഞങ്ങൾ പെട്ടെന്നു കർമനിരതരായി. ശുശ്രൂഷയിൽ ഉപയോഗിക്കുന്ന സകലതും—സാഹിത്യം, കൂടെ കൊണ്ടുനടക്കാവുന്ന ഗ്രാമഫോൺ, റെക്കോർഡു ചെയ്യപ്പെട്ട ബൈബിൾ പ്രസംഗങ്ങൾ തുടങ്ങിയവ—ഒരു വലിയ തകരപ്പെട്ടിയിലാക്കി. എന്നിട്ട് ആ തകരപ്പെട്ടി ഒരു ഷെഡ്ഡിൽ വച്ചിട്ട് ഒരു കെട്ടു വൈക്കോൽകൊണ്ട് അതു മറച്ചുവെച്ചു.
നിരോധനത്തിൻ മധ്യേയും ഞങ്ങൾ വീടുതോറുമുള്ള ശുശ്രൂഷ തുടർന്നു, എന്നാൽ ജാഗ്രതയോടെ, വീട്ടുകാരുമായി സംസാരിക്കുമ്പോൾ ബൈബിൾ മാത്രം ഉപയോഗിച്ചുകൊണ്ട്. ഞാൻ മാസികകളും ചെറുപുസ്തകങ്ങളും എന്റെ കുതിരക്കോപ്പിനടിയിൽ മറെച്ചു വെക്കും, രാജ്യസന്ദേശത്തിൽ യഥാർഥ താത്പര്യം കണ്ടെത്തിയാൽ മാത്രമേ അവ വെളിയിലെടുക്കുമായിരുന്നുള്ളൂ. ഒടുവിൽ, 1943 ജൂണിൽ നിരോധനം എടുത്തുമാറ്റപ്പെട്ടു, ഞങ്ങൾ വീണ്ടുമൊരിക്കൽക്കൂടി സാഹിത്യങ്ങൾ പരസ്യമായി സമർപ്പിക്കാൻ തുടങ്ങി.
പുതിയ നിയമനങ്ങൾ
1943-ൽ ഒരു പയനിയർ എന്നനിലയിൽ ഞാൻ എന്നെത്തന്നെ ലഭ്യമാക്കി. തുടർന്നുവന്ന വർഷം മറ്റൊരു നിയമനത്തിനായി ഞാൻ മൗണ്ട് ഗാമ്പിയറിൽനിന്നു യാത്രയായി. ആദ്യം, സൊസൈറ്റിയുടെ സ്ട്രാത്ത്ഫീൽഡിലുള്ള ബ്രാഞ്ച് ഓഫീസിൽ കുറച്ചുനാൾ സേവിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. അതേത്തുടർന്ന്, ന്യൂ സൗത്ത് വെയിൽസിന്റെ ദക്ഷിണ ഭാഗം, ഉത്തര വിക്ടോറിയ എന്നീ ചെറിയ പട്ടണങ്ങളിൽ എനിക്കു നിയമനം ലഭിച്ചു. എന്നിരുന്നാലും, ആത്മീയമായി ഏറ്റവും പ്രതിഫലദായകമായിരുന്ന നിയമനങ്ങളിലൊന്ന് മെൽബൺ നഗരത്തിലെ വലിയ ഒരു സഭയോടൊത്തുള്ള നിയമനമായിരുന്നു. നാട്ടിൻപുറത്തുള്ള ഒരു ചെറിയ പട്ടണത്തിൽനിന്നു വന്ന എനിക്ക് അവിടത്തെ സേവനത്തിലൂടെ ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
വിക്ടോറിയ ജില്ലയിലെ താഴ്ന്ന ഗിപ്പ്സ്ലാൻഡ് പ്രദേശത്തെ നിയമനത്തിൽ ഞാനും എന്റെ പയനിയർ പങ്കാളിയായ ഹെലൻ ക്രോഫർഡും അനേകം ബൈബിളധ്യയനങ്ങൾ നടത്തുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സഭ രൂപം കൊള്ളുന്നതു കാണുകയും ചെയ്തു. ആ ജില്ലയിൽ വലിയ ഗ്രാമപ്രദേശമുണ്ടായിരുന്നു. ഗതാഗതത്തിന് ഞങ്ങളുടെ പക്കൽ ആശ്രയയോഗ്യമല്ലാത്ത പഴയ ഒരു കാറ് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞങ്ങൾ അത് ഓടിക്കുമായിരുന്നു, എങ്കിലും അനേകം തവണ ഞങ്ങൾക്ക് ഉന്തേണ്ടിവന്നു. ഒരു കുതിരക്കുവേണ്ടി ഞാൻ എത്രയോ കൊതിച്ചു! ചിലപ്പോഴൊക്കെ ഞാൻ വാസ്തമായും പറയുമായിരുന്നു: “ഒരു കുതിരക്കുവേണ്ടി ഞാൻ എന്തും (രാജ്യമൊഴികെ) നൽകാൻ തയ്യാറാണ്!” ഇന്ന് ആ ജില്ലയിലെ മിക്ക പട്ടണങ്ങളിലും വളരെ ശക്തമായ സഭകളും നല്ല രാജ്യഹാളുകളും ഉണ്ട്.
1969-ൽ ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിലേക്ക് എനിക്കു നിയമനം ലഭിച്ചു. പല വിദേശ എംബസികളിലെ വ്യക്തികളുമായി മിക്കപ്പോഴും ബന്ധപ്പെടുമായിരുന്നതിനാൽ വെല്ലുവിളിയുയർത്തിയ, സാക്ഷീകരണ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ പറ്റിയ സ്ഥലമായിരുന്നു ഇത്. ഞാനിപ്പോഴും ഇവിടെ സേവനമനുഷ്ഠിക്കുന്നു. എന്നാൽ സമീപവർഷങ്ങളിൽ ഞാനെന്റെ സാക്ഷ്യവേല കൂടുതലും നഗരത്തിലെ വ്യവസായ മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
1973-ൽ ഐക്യനാടുകളിലെ വലിയ കൺവെൻഷനുകളിൽ ഹാജരാകുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. എന്റെ ജീവിതത്തിലെ മറ്റൊരു വിശേഷ സംഭവം, 1979-ൽ ഒരു കൺവെൻഷൻ പ്രതിനിധിയായിരിക്കുന്നതിനും ഇസ്രായേലിലും ജോർദാനിലും ചുറ്റിസഞ്ചരിക്കുന്നതിനും എനിക്കു കഴിഞ്ഞു എന്നതാണ്. ബൈബിളിൽ സൂചിപ്പിച്ചിരിക്കുന്ന യഥാർഥ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യാൻ കഴിഞ്ഞതു വാസ്തവത്തിൽ പ്രചോദനമേകുന്ന അനുഭവമായിരുന്നു. ചാവുകടലിൽ, നിലയില്ലാത്ത വെള്ളത്തിൽ ഒഴുകുന്നത് എങ്ങനെയെന്ന് അനുഭവിച്ചറിയാനും എനിക്കു കഴിഞ്ഞു. കൂടാതെ ജോർദാനിലെ പെട്ര സന്ദർശിച്ചപ്പോൾ ഒരിക്കൽക്കൂടെ കുതിരസവാരി ചെയ്യുന്നതിനുള്ള അവസരം എനിക്കു ലഭിച്ചു. അത്, ചിതറിക്കിടക്കുന്ന പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാജ്യസന്ദേശവുമായി എത്തിച്ചേരുന്നതിന് കുതിരകൾ എന്നെ പ്രാപ്തയാക്കിയ ആദ്യകാലങ്ങളെപ്പറ്റി അനുസ്മരിക്കുന്നതിന് എന്റെ ഓർമയെ തൊട്ടുണർത്തി.
തുടർന്നുള്ള മുഴുസമയ സേവനം
പയനിയർ സേവന സ്കൂൾ, സർക്കിട്ട് സമ്മേളനങ്ങളോടുള്ള ബന്ധത്തിൽ നടക്കുന്ന പയനിയർ യോഗങ്ങൾ എന്നിവയും സഞ്ചാരമേൽവിചാരകൻമാരിൽനിന്ന് എനിക്കു ലഭിക്കുന്ന പ്രോത്സാഹനവും പോലുള്ള പ്രത്യേക കരുതലുകൾ പ്രായാധിക്യത്തിലും മുഴുസമയ സേവനം തുടരുന്നതിനുള്ള എന്റെ ആഗ്രഹത്തെ ഉണർവുള്ളതാക്കി നിർത്തി. എന്നെ സംബന്ധിച്ചിടത്തോളം ഏകാന്തതയുടെ നാളുകൾ കഴിഞ്ഞകാല സംഭവമായിരിക്കാൻ യഹോവ ദയാപുരസ്സരം കാര്യാദികളെ നയിച്ചുവെന്ന് എനിക്കു വാസ്തവമായും പറയാൻ കഴിയും.
എനിക്കിപ്പോൾ 87 വയസ്സുണ്ട്. യഹോവയെ 60 വർഷം സേവിച്ചശേഷം, വെട്ടിത്തുറന്ന സംസാര പ്രകൃതമുള്ളവരോടും തികച്ചും സ്വതന്ത്രരായിരിക്കുന്നവരോടും എനിക്ക് ഒരു വാക്കു ചൊല്ലാനുണ്ട്: എല്ലായ്പോഴും യഹോവയുടെ മാർഗനിർദേശത്തിനു കീഴ്പെടുക. നമ്മുടെ വെട്ടിത്തുറന്നുള്ള സംസാരപ്രകൃതി നിയന്ത്രിക്കുന്നതിനു യഹോവ നമ്മെ സഹായിക്കട്ടെ, ഒറ്റയ്ക്കെന്നു മിക്കപ്പോഴും നമുക്കു തോന്നിയാലും നമ്മെ ഒരിക്കലും കൈവെടിയുകയില്ലെന്ന് അവൻ നിരന്തരം ഓർമിപ്പിക്കട്ടെ.
[അടിക്കുറിപ്പുകൾ]
a ഒരാൾക്കിരിക്കാവുന്ന ഇരുചക്രമുള്ള ഒരു വാഹനമാണു സൾക്കി.