ഞാൻ വിലതീരാത്ത നിധി കണ്ടെത്തി
ഫ്ളോറൻസ് വിഡോസൻ പറഞ്ഞ പ്രകാരം
സമയം സന്ധ്യയോടടുത്തപ്പോൾ ഞങ്ങൾ കായലരികത്തുതമ്പടിക്കാൻ തീരുമാനിച്ചു. സ്ത്രീകളായ രണ്ടു പേർക്കു തമ്പടിക്കാൻ പററിയ സ്ഥലമല്ലായിരുന്നു അതെങ്കിലും ഒരു രാത്രിയല്ലേ, കുഴപ്പമൊന്നുമുണ്ടാവില്ല എന്നു ഞങ്ങൾ വിചാരിച്ചു. ഞാൻ കൂടാരം നിലത്ത് ഉറപ്പിക്കുംനേരം മാർജരി വൈകുന്നേരത്തെ ഭക്ഷണം പാകംചെയ്തു.
ഞാൻ അവസാനത്തെ ആപ്പ് അടിച്ചിറക്കിയതേയുണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ഒരു കറുത്ത മരക്കുററിക്ക് അടുത്തായി എന്തോ അനങ്ങുന്നതു കണ്ടു. “ആ മരക്കുററി അനങ്ങുന്നതു നിങ്ങൾ കണ്ടോ?” ഞാൻ മാർജരിയോടു വിളിച്ചുചോദിച്ചു.
“ഇല്ലല്ലോ,” തെല്ലു പരിഭ്രമത്തോടെ അവർ മറുപടി പറഞ്ഞു.
“പക്ഷേ, അതു ശരിക്കും അനങ്ങി,” ഞാൻ വിളിച്ചു പറഞ്ഞു. “ആ പാത്രം ഇങ്ങുതരൂ!”
അതെടുത്ത്, മഴുവും തോളിലേന്തി ഞാൻ കായലിനടുത്തേക്കു കുതിച്ചു. ഞാൻ മരക്കുററിക്കു സമീപമെത്തിയതും അതിനു പിന്നിൽനിന്ന് ഒരു മനുഷ്യൻ മുന്നോട്ടു വന്നു!
പതറിക്കൊണ്ടാണെങ്കിലും ഞാൻ ചോദിച്ചു, “കായലിലെ വെള്ളം കുടിക്കാൻ കൊള്ളുമോ?”
“ഇല്ല, കുടിക്കാൻ കൊള്ളില്ല, നിങ്ങൾക്കു കുടിക്കാൻ വെള്ളം വേണമെങ്കിൽ ഞാൻ സംഘടിപ്പിച്ചുതരാം,” എന്ന് അദ്ദേഹം പരുഷമായി പറഞ്ഞു.
ഒട്ടും താമസിയാതെ അയാളുടെ വാഗ്ദാനം ഞാൻ വേണ്ടന്നുവെച്ചു. എന്തൊരാശ്വാസം, അയാൾ പെട്ടെന്നു നടന്നകന്നു. വിറങ്ങലിച്ച്, തത്രപ്പെട്ട് ഞാൻ മാർജരിയുടെ അടുക്കലെത്തി നടന്നതെല്ലാം പറഞ്ഞു. ഞങ്ങൾ പൊടുന്നനെ കൂടാരമെല്ലാം അഴിച്ചെടുത്തു കെട്ടി സ്ഥലം വിട്ടു. പിന്നീടു ഞങ്ങൾക്കറിയാൻ കഴിഞ്ഞു, ആ മനുഷ്യൻ ജയിലിൽനിന്നു പുറത്തു വന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന്.
പണ്ട് 1937-ൽ നിധിവേട്ടക്കാർ സ്വർണപ്പാടങ്ങളിൽ തമ്പടിക്കുമായിരുന്നെങ്കിലും ഒരു വ്യത്യസ്ത തരത്തിലുള്ള നിധിവേട്ടക്കാരായിരുന്നു ഞങ്ങൾ. ദൈവത്തിനു വിലപ്പെട്ട ആളുകളെയായിരുന്നു ഞങ്ങൾ തിരഞ്ഞത്.
എന്റെ കുടുംബ പശ്ചാത്തലം
നൂറു വർഷം മുമ്പ്, വിക്ടോറിയ സ്റേറററിൽ പോർപങ്ക എന്ന കൊച്ചുഗ്രാമത്തിലെ ഒരു കൊല്ലപ്പണിക്കാരനായിരുന്നു എന്റെ പിതാവ്. 1895-ൽ ജനിച്ച ഞാൻ നാലു സഹോദരങ്ങൾക്കൊപ്പം വളർന്നുവന്നതു ബഫല്ലോ പർവതത്തിന്റെ താഴ്വരയിലുള്ള അവൻസ് നദിക്കടുത്തായിരുന്നു. യൂണിയൻ സഭയിലെ സജീവപ്രവർത്തകരായിരുന്നു എന്റെ മാതാപിതാക്കൾ. ഞാനാണെങ്കിലോ, സൺഡേ-സ്കൂളിൽ പോയിരുന്നു, എന്റെ പിതാവായിരുന്നു അതിന്റെ സൂപ്രണ്ട്.
1909-ൽ ഒരു കടുത്ത ഹൃദ്രോഗ ബാധയെത്തുടർന്ന് എന്റെ അമ്മ പിതാവിന്റെ കൈകളിൽ കിടന്നു മരിച്ചു. പിന്നെ, 1914-ൽ എന്റെ സഹോദരൻമാരിൽ ഒരുവൻ വീടു വിട്ടുപോയി, ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശവമായിരുന്നു വീട്ടിൽ കൊണ്ടുവന്നത്. ആത്മഹത്യയായിരുന്നു അത്. ആത്മഹത്യ ക്ഷമിക്കപ്പെടുകയില്ലാത്ത പാപമായതിനാൽ അദ്ദേഹത്തിനു ലഭിക്കുക നരകമാണെന്ന സഭാപഠിപ്പിക്കൽ ഞങ്ങളുടെ ദുഃഖത്തിന്റെ ആഴം കൂട്ടാനേ ഉപകരിച്ചുള്ളൂ.
പിന്നീട് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു, വിദേശസേവനത്തിന് എന്റെ രണ്ടു സഹോദരൻമാർ പേർ കൊടുക്കുകയും ചെയ്തു. രക്തം ചിന്തലിന്റെയും യാതനകളുടെയും ഭീതിജനകമായ വാർത്ത ഞങ്ങൾ ആറു ചെറുപ്പക്കാരികളെയും പിതാവിനെയും യോഹന്നാന്റെ ബൈബിൾ പുസ്തകത്തിന്റെ ഒരു പഠനം തുടങ്ങാൻ പ്രേരിപ്പിച്ചു.
യഥാർഥ നിധി കണ്ടെത്തൽ
ചാൾസ് റെറയ്സ് റസ്സൽ രചിച്ച സമയം സമീപിച്ചിരിക്കുന്നു [ഇംഗ്ലീഷ്] എന്ന പുസ്തകത്തിന്റെ ഒരു പ്രതി എലൻ ഹഡ്സണിന്റെ കൈവശമുണ്ടായിരുന്നു. അതിനോടുള്ള അവരുടെ ആവേശം ഗ്രൂപ്പിൽ ശേഷിക്കുന്ന ഞങ്ങളെ സ്വാധീനിച്ചു. തിരുവെഴുത്തുകളുടെ പഠനങ്ങൾ [ഇംഗ്ലീഷ്] എന്ന പേരിൽ ആറു വാല്യങ്ങളുടെ പരമ്പരയിൽപ്പെട്ട ഒന്നു മാത്രമാണ് ആ പുസ്തകം എന്നു മനസ്സിലാക്കിയ അവർ ശേഷിക്കുന്ന ഭാഗങ്ങൾ അയച്ചുതരണം എന്നാവശ്യപ്പെട്ടുകൊണ്ടു മെൽബണിലെ അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടനക്കു കത്തയച്ചു. വാരംതോറുമുള്ള പഠനങ്ങളിൽ യുഗങ്ങളിലൂടെയുള്ള ദൈവിക പദ്ധതി [ഇംഗ്ലീഷ്] എന്ന ആദ്യ വാല്യം ഉപയോഗിക്കാൻ ഞങ്ങളുടെ ഗ്രൂപ്പു തീരുമാനിച്ചു.
കത്തിയെരിയുന്ന നരകമില്ലെന്നു മനസ്സിലാക്കിയ എന്റെയും പിതാവിന്റെയും സന്തോഷമൊന്ന് ഊഹിക്കുക. എന്റെ സഹോദരൻ നരകാഗ്നിയിൽ ബന്ധനസ്ഥനാണെന്ന ഭയം ഇല്ലാതായി. മരിച്ചവർ, എവിടെയോ ദണ്ഡനമനുഭവിച്ചു ജീവിക്കുകയല്ല, മറിച്ച് ഉറക്കത്തിലെന്നപോലെ അബോധാവസ്ഥയിലാണെന്ന സത്യം ഞങ്ങൾ പഠിച്ചു. (സഭാപ്രസംഗി 9:5, 10; യോഹന്നാൻ 11:11-14) ഞങ്ങൾ പഠിച്ചുകൊണ്ടിരുന്ന സത്യം അയൽക്കാരോടു പ്രസംഗിക്കാൻ പോകണമെന്നു ഞങ്ങളുടെ ബൈബിളധ്യയന ഗ്രൂപ്പിലെ ചിലർ തീരുമാനിച്ചു. ഞങ്ങൾ അടുത്തുള്ള വീടുകളിലേക്കു നടന്നും പട്ടണത്തിനു പുറത്തുള്ള വീടുകളിലേക്കു സൈക്കിളിലും ഇരുചക്ര-കുതിരവണ്ടികളിലും പോയി.
ലോകമഹായുദ്ധം അവസാനിച്ച ദിവസമായ 1918 നവംബർ 11-നായിരുന്നു വീടുതോറുമുള്ള സാക്ഷീകരണത്തിലേക്കുള്ള എന്റെ കന്നിപ്രവേശം. ഞാനുൾപ്പെടെ ഞങ്ങളുടെ അധ്യയന ഗ്രൂപ്പിലെ മൂന്നു പേർ ജനങ്ങളുടെ പ്രസംഗപീഠം [ഇംഗ്ലീഷ്] എന്ന ലഘുലേഖ വിതരണം ചെയ്യാൻ 80 കിലോമീററർ യാത്ര ചെയ്ത് വാംഗരട്ട എന്ന പട്ടണത്തിലേക്കു പോയി. വർഷങ്ങൾക്കു ശേഷം ആ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തു പ്രസംഗനിയമനത്തിലായിരിക്കുമ്പോഴായിരുന്നു എനിക്ക് ആരംഭത്തിൽ സൂചിപ്പിച്ച ആ അനുഭവം ഉണ്ടായത്.
1919-ൽ മെൽബണിൽ ബൈബിൾ വിദ്യാർഥികളുടെ ഒരു കൺവെൻഷനിൽ ഞാൻ സംബന്ധിക്കുകയുണ്ടായി. അവിടെവച്ചായിരുന്നു, അതായത് 1919 ഏപ്രിൽ 22-ന്, യഹോവക്കുള്ള എന്റെ സമർപ്പണം ഞാൻ ജലനിമജ്ജനത്താൽ പ്രതീകപ്പെടുത്തിയത്. സ്വർഗരാജ്യമെന്ന ആത്മീയ നിധിയോടും യഹോവയുടെ ഭൗമിക സ്ഥാപനത്തോടുമുള്ള എന്റെ വിലമതിപ്പിനെ ആ ആത്മീയ വിരുന്ന് ആഴമുള്ളതാക്കി.—മത്തായി 13:44.
കൺവെൻഷൻ കഴിഞ്ഞു ഞാൻ വീട്ടിലേക്കു തിരിച്ചുപോയില്ല, പകരം ഒരു മുഴുസമയ സുവിശേഷപ്രവർത്തകയായ ജാൻ നിക്കൽസനിനോടൊപ്പം ഒരു മാസത്തെ സാക്ഷീകരണത്തിനു പോകാനുള്ള ക്ഷണം സ്വീകരിച്ചു. കിങ് നദീതീരത്തെ കൃഷിക്കാരുടെയും കന്നുകാലിവളർത്തുകാരുടെയും സമൂഹങ്ങളിലേക്കായിരുന്നു ഞങ്ങളുടെ നിയമനം. ഏതാനും വർഷങ്ങൾക്കു മുമ്പ്, ഹിമനദിയിൽനിന്നുള്ള മനുഷ്യൻ [ഇംഗ്ലീഷ്] എന്ന സിനിമയുടെ പശ്ചാത്തലം ഈ മലമ്പ്രദേശമായിരുന്നു.
1921-ൽ ഞങ്ങൾക്കു ദൈവത്തിന്റെ കിന്നരം [ഇംഗ്ലീഷ്] എന്ന ഒരു ഉത്തമ ബൈബിൾപഠനസഹായി ലഭിച്ചു. സൺഡേ സ്കൂളിൽ ക്ലാസ്സെടുക്കുന്നതിനു പാഠപുസ്തകമായി പിതാവ് ഇത് ഉപയോഗിച്ചപ്പോൾ പല മാതാപിതാക്കളും എതിർക്കുകയും അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഉടനടി അങ്ങനെ ചെയ്തു. പിന്നീട്, നരകം, “അതെന്താണ്? അവിടെ ആരാണ് ഉള്ളത്? അവർക്കു പുറത്തുവരാനാകുമോ?” എന്നീ അത്യാകർഷകമായ ചോദ്യങ്ങൾ അവതരിപ്പിക്കുന്ന, നരകം [ഇംഗ്ലീഷ്] എന്ന പേരിലുള്ള ഒരു ചെറുപുസ്തകം ഞങ്ങൾക്കു ലഭിച്ചു. ഈ വിഷയം സംബന്ധിച്ച് അതിൽ കൊടുത്തിരിക്കുന്ന വ്യക്തമായ ബൈബിൾ തെളിവിൽ അങ്ങേയററം പുളകമണിഞ്ഞ പിതാവ്, പിന്നെ ഒട്ടും താമസിച്ചില്ല, അതിന്റെ പ്രതികൾ വീടുതോറും വിതരണം ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ ഗ്രാമത്തിലും അടുത്ത പ്രദേശത്തുമായി നൂറുകണക്കിനു പ്രതികളാണ് അദ്ദേഹം സമർപ്പിച്ചത്.
പിതാവുമൊത്തുള്ള പ്രസംഗപര്യടനങ്ങൾ
അവസാനം, മററു പ്രദേശങ്ങളിലുള്ള ആളുകളുടെ അടുത്തു രാജ്യസന്ദേശവുമായി ചെന്നെത്താൻ പിതാവ് ഒരു വാഹനം വാങ്ങി. ഒരു കൊല്ലപ്പണിക്കാരനായ അദ്ദേഹത്തിനു കൂടുതൽ പരിചയം കുതിരകളുമായിട്ടായതിനാൽ കാറിന്റെ ഡ്രൈവർ ഞാനാകേണ്ടിവന്നു. രാത്രിയിൽ ഹോട്ടലിൽ തങ്ങുകയാണ് ആരംഭത്തിൽ ഞങ്ങൾ ചെയ്തിരുന്നത്. ഇതു ചെലവേറിയ ഒന്നായതുകൊണ്ട്, ഞങ്ങൾ കൂടാരമടിച്ചു താമസിക്കാൻ തുടങ്ങി.
കാറിന്റെ മുൻസീററ് പിതാവു നിവർത്തിയിട്ടുതരുമായിരുന്നു, ഇതുമൂലം എനിക്കു കാറിൽ ഉറങ്ങാമായിരുന്നു. പിതാവിന് ഉറങ്ങാൻ ഞങ്ങൾ ചെറിയൊരു കൂടാരം ഉണ്ടാക്കുമായിരുന്നു. ഇങ്ങനെ ആഴ്ചകളോളം കൂടാരങ്ങളിൽ താമസിച്ചശേഷം ഞങ്ങൾ പോർപങ്കയിലേക്കു തിരിച്ചു പോരും, അവിടെ അദ്ദേഹം വീണ്ടും ആല തുറക്കും. അടുത്ത പ്രസംഗയാത്രക്കാവശ്യമായ പണം സ്വരൂപിക്കാൻ മാത്രം ഇടപാടുകാർ എപ്പോഴും ഉണ്ടാകുമായിരുന്നതിൽ ഞങ്ങൾ അത്ഭുതപ്പെട്ടിരുന്നു.
ശരിയായ മനോനിലയുള്ള അനേകർ ഞങ്ങളുടെ സന്ദർശനങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും അവസാനം ബൈബിളധ്യയനങ്ങൾ സ്വീകരിക്കുകയും ചെയ്തു. പോർപങ്കയിൽനിന്നുള്ള ഞങ്ങളുടെ ചെറിയ സംഘം ആദ്യമായി സേവിച്ച സ്ഥലത്ത് ഇപ്പോൾ ഏഴു സഭകളുണ്ട്, അവർക്കെല്ലാം സ്വന്തം രാജ്യഹാളുമുണ്ട്. തീർച്ചയായും, “അല്പകാര്യങ്ങളുടെ ദിവസത്തെ” നിന്ദിക്കാൻ ആർക്കാണു കഴിയുക?—സെഖര്യാവു 4:10.
1931-ൽ “യഹോവയുടെ സാക്ഷികൾ” എന്ന നമ്മുടെ പുതിയ പേർ സ്വീകരിച്ച പ്രത്യേക യോഗത്തിൽ സംബന്ധിക്കാൻ ഡാഡിയും ഞാനും അപകടങ്ങൾ പതിയിരിക്കുന്ന റോഡിലൂടെ ഏതാണ്ടു 300 കിലോമീററർ വാഹനമോടിച്ചുപോയി. തിരുവെഴുത്തുപരമായ ഈ അനുപമ നാമം ഞങ്ങളെ രണ്ടു പേരെയും ആനന്ദപുളകിതരാക്കി. (യെശയ്യാവു 43:10-12) അതുവരെ അറിയപ്പെട്ടിരുന്ന, അത്ര വ്യതിരിക്തമല്ലാത്ത “അന്തർദേശീയ ബൈബിൾ വിദ്യാർഥികൾ” എന്ന പേരിനെക്കാൾ എത്രയധികമായി അതു ഞങ്ങളെ തിരിച്ചറിയിച്ചു.
ഒരു ദിവസം ബെതങ്കെ പട്ടണത്തിൽ സാക്ഷീകരിക്കുമ്പോൾ ഞാൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രാദേശിക ശുശ്രൂഷകനെ കണ്ടുമുട്ടി. കോപാകുലനായ അദ്ദേഹം ഞങ്ങൾ സമർപ്പിച്ച എല്ലാ പുസ്തകങ്ങൾക്കുംവേണ്ടി തെരച്ചിൽ ആരംഭിച്ച് അവയെല്ലാം തന്നെ ഏൽപ്പിക്കാൻ ആളുകളോട് ആവശ്യപ്പെട്ടു. അതിനുശേഷം പട്ടണത്തിന്റെ കേന്ദ്രഭാഗത്തുവെച്ച് ആളുകൾ കാൺകെ അദ്ദേഹം പുസ്തകങ്ങൾ കത്തിച്ചുകളഞ്ഞു. പക്ഷേ ഈ നിന്ദ്യപ്രവൃത്തി അദ്ദേഹത്തിനുതന്നെ തിരിച്ചടിയായി.
നടന്നതൊക്കെയും ഞാൻ സൊസൈററിയെ ധരിപ്പിച്ചശേഷം പുരോഹിതൻ ചെയ്തതിനെ അപലപിക്കുന്ന ഒരു പ്രതിഷേധക്കുറിപ്പ് അച്ചടിച്ചിറക്കി. ഒപ്പം, ഡിസ്ട്രിക്ററ് മുഴുവനും ആ കുറിപ്പു വിതരണം ചെയ്യാൻ പല കാറുകൾ നിറയെ സാക്ഷികളെ ഏർപ്പാടാക്കി. ഞാനും പിതാവും അതേ പട്ടണം വീണ്ടും സന്ദർശിച്ചപ്പോൾ ഞങ്ങൾ മുമ്പത്തെക്കാൾ കൂടുതൽ പുസ്തകങ്ങളാണു സമർപ്പിച്ചത്. “വിലക്കപ്പെട്ട” സാഹിത്യത്തിൽ എന്താണുള്ളത് എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു ആളുകൾക്ക്!
ഞങ്ങളുടെ പ്രസംഗവേലയുടെ ഫലമായി വടക്കുകിഴക്കൻ വിക്ടോറിയയിൽ ബൈബിൾസത്യം സ്വീകരിച്ച ആദ്യ വ്യക്തിയായിരുന്നു മിൽട്ടൻ ഗിബ്. ഞങ്ങൾ അയാൾക്കു കൊടുത്തിട്ടുപോരുന്ന പ്രസിദ്ധീകരണങ്ങൾ ഞങ്ങളുടെ സന്ദർശനത്തിനിടയ്ക്കുള്ള സമയങ്ങളിൽ അയാൾ സസൂക്ഷ്മം പഠിക്കുമായിരുന്നു. ഒരിക്കൽ മടങ്ങിച്ചെന്ന നേരം അയാൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു, കാരണം അയാൾ പറയുകയാണ്: “ഞാനിപ്പോൾ നിങ്ങളുടെ ശിഷ്യരിൽ ഒരാളാണ്.”
“മിൽട്ടൻ, അങ്ങനെയല്ല കാര്യങ്ങൾ. എന്റെ ശിഷ്യരിൽ ഒരാളാകാൻ നിങ്ങൾക്കാകില്ല” എന്ന് അയാളുടെ തീരുമാനത്തിൽ സന്തുഷ്ടയെങ്കിലും ഞാൻ വിശദീകരിച്ചു.
“ശരി, അങ്ങനെയെങ്കിൽ ഞാൻ റതർഫോർഡിന്റെ [വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡൻറ്] ശിഷ്യരിൽ ഒരുവനാണ്.”
“അല്ല, റതർഫോർഡിന്റെയും ശിഷ്യരിൽ ഒരുവനല്ല, പകരം ക്രിസ്തുവിന്റെ ശിഷ്യരിൽ ഒരുവനാകാം” എന്നു ഞാൻ വീണ്ടും ചൂണ്ടിക്കാട്ടി.
പല വർഷങ്ങളായി ഞാൻ കാത്തിരുന്ന വിലതീരാത്ത അനേകം നിധികളിൽ ഒരാൾ മാത്രമായിരുന്നു മിൽട്ടൻ ഗിബ്. അദ്ദേഹവും അദ്ദേഹത്തിന്റെ രണ്ടു പുത്രൻമാരും ക്രിസ്തീയ മൂപ്പൻമാരാണ്, മററു കുടുംബാംഗങ്ങൾ സഭയിലെ സജീവ പ്രവർത്തകരും.
വ്യത്യസ്ത പരിശോധനകളെ അഭിമുഖീകരിക്കൽ
1941 ജനുവരിയിൽ ഓസ്ട്രേലിയയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുമേൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും ബൈബിൾ മാത്രം ഉപയോഗിച്ചുകൊണ്ടു ഞങ്ങൾ പ്രസംഗവേല തുടർന്നുപോന്നു. എന്നാൽ ഗുരുതരമായി രോഗബാധിതനായ എന്റെ പിതാവിനെ ശുശ്രൂഷിക്കാൻ എന്നെ വീട്ടിലേക്കു വിളിച്ചു വരുത്തിയപ്പോൾ എന്റെ പയനിയറിങ് അഥവാ മുഴുസമയ ശുശ്രൂഷ മുടങ്ങി. പിന്നീട്, ഞാനും രോഗിയായിത്തീർന്നു, ഗുരുതരമായ ഒരു ഓപ്പറേഷൻ വേണ്ടിവന്നു. എനിക്കു പൂർവാരോഗ്യസ്ഥിതിയിലെത്താൻ കുറച്ചു കാലം വേണ്ടിവന്നു. പക്ഷേ “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു പറഞ്ഞ ദൈവവാഗ്ദാനത്തിന്റെ സത്യത എനിക്ക് അനുഭവപ്പെട്ടു. (എബ്രായർ 13:5) ഒരു ക്രിസ്തീയ സഹോദരി ഇങ്ങനെ പറഞ്ഞുകൊണ്ട് എനിക്കു പൂർണവിശ്വാസം പകർന്നുതന്നു: “ഫ്ളോറൻസ്, നിങ്ങൾ ഒരിക്കലും ഒററയ്ക്കല്ല. യഹോവ എല്ലായ്പോഴും നിങ്ങളുടെ കൂടെയുണ്ടല്ലോ.”
അപ്പോഴേക്കും എന്റെ പ്രിയ പിതാവിന്റെ അസുഖം കലശലായി, 13 ആഴ്ചയോളം ആ നില തുടർന്നു. 1946 ജൂലൈ 26-ന് അദ്ദേഹം മരണത്തിൽ നിദ്രപ്രാപിച്ചു. നീണ്ട ജീവിതകാലം ആസ്വദിച്ച അദ്ദേഹത്തിനുണ്ടായിരുന്നതു സ്വർഗീയ പ്രത്യാശയായിരുന്നു. (ഫിലിപ്പിയർ 3:14) ആദ്യകാല വർഷങ്ങളൊക്കെയും ഡാഡിയോടുകൂടെ ആയിരുന്ന എനിക്ക്, അപ്പോൾ എന്റെ 51-ാമത്തെ വയസ്സിൽ, ഏകാന്തത അനുഭവപ്പെട്ടു. അങ്ങനെയിരിക്കെയാണ് എന്റെ ഭർത്താവാകാൻ പോകുന്നയാളെ ഞാൻ കണ്ടുമുട്ടുന്നത്. 1947-ൽ ഞങ്ങൾ വിവാഹിതരായി, പിന്നെ ഒരുമിച്ചു പയനിയറിങും തുടങ്ങി. പക്ഷേ ഈ സന്തുഷ്ട കാലഘട്ടം അധികം നീണ്ടുനിന്നില്ല. 1953-ൽ അദ്ദേഹത്തിന് ഒരു ആഘാതമുണ്ടായി, അതോടെ അദ്ദേഹം മാറാരോഗിയായിത്തീർന്നു.
സാരമായി ബാധിക്കപ്പെട്ടതു ഭർത്താവിന്റെ സംസാരപ്രാപ്തിയായിരുന്നു, അദ്ദേഹവുമായി സംസാരിക്കുക മിക്കവാറും അസാധ്യമായിത്തീർന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിലെ ഏററവും വിഷമംപിടിച്ച കാര്യം അതായിരുന്നു. അദ്ദേഹം പറയാൻ കിണഞ്ഞു പരിശ്രമിക്കുന്നതെന്തെന്നു മനസ്സിലാക്കാനുള്ള മാനസിക വൈഷമ്യം തീർച്ചയായും കഠിനമായിരുന്നു. അടുത്തെങ്ങും ഒരു സഭപോലും ഇല്ലാതിരുന്ന ഒററപ്പെട്ട പ്രദേശത്താണു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിലും പരിശോധനയുടെ ആ വർഷങ്ങളിൽ യഹോവ ഞങ്ങളെ കൈവിട്ടില്ല. സംഘടനാപരമായ ഏററവും പുതിയ വിവരങ്ങളുമായി ഞാൻ പരിചയപ്പെട്ടു, കൂടാതെ വീക്ഷാഗോപുരം, ഉണരുക! എന്നിവയിലെ ആത്മീയഭക്ഷണം ലഭിക്കുന്നതിൽ ഞാൻ ഒരു മുടക്കവും വരുത്തിയില്ല. 1957 ഡിസംബർ 29-ന് എന്റെ ഭർത്താവു മൃതിയടഞ്ഞു.
അഡ്ലെയ്ഡിലെ ശുശ്രൂഷ
ഒരിക്കൽക്കൂടി ഞാൻ ഏകയായി. ഞാൻ എന്തു ചെയ്യും? ഏതാണ്ട് അഞ്ചു വർഷത്തെ ഇടവേളക്കുശേഷം മുഴുസമയ ശുശ്രൂഷകയായി എന്നെ വീണ്ടും തിരിച്ചെടുക്കുമോ? എന്നെ തിരിച്ചെടുക്കുകതന്നെ ചെയ്തു. അതിനാൽ ഞാൻ എന്റെ വീടു വിററ് ദക്ഷിണ ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ അഡ്ലെയ്ഡിലെത്തി, അവിടെ പയനിയർവേലയിൽ ഒരു പുതിയ തുടക്കം കുറിച്ചു. പയനിയർമാരെ ആവശ്യമുണ്ടായിരുന്ന ഒരു സമയമായിരുന്നു അത്. സഭ രൂപംകൊള്ളാൻ സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് എന്നെ നിയമിച്ചു.
നഗരത്തിലെ തിരക്കിനിടയിലൂടെ വാഹനമോടിക്കാൻ പേടിയുണ്ടായിരുന്നതുകൊണ്ടു ഞാൻ എന്റെ കാറു വിററ് വീണ്ടും സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങി. 86 വയസ്സുവരെ ഞാൻ അത് ഉപയോഗിച്ചു, അതുകൊണ്ട് ആ പ്രദേശങ്ങളിൽ “നീല സൈക്കിൾക്കാരി” എന്നാണു ഞാൻ അറിയപ്പെട്ടിരുന്നത്. കാലം കടന്നുപോയതോടെ വാഹനങ്ങൾക്കിടയിലൂടെ പോകുന്നത് എനിക്കു കൂടുതൽ ഭയമായി; സൈക്കിളിന്റെ മുൻചക്രം എപ്പോഴും വെട്ടുന്നതായി തോന്നി. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഒരു വേലിയിൽ ചെന്നുകയറിയതായിരുന്നു എന്റെ അവസാനത്തെ സൈക്കിൾകയററം. ‘മതിയായി,’ ഞാൻ എന്നോടുതന്നെ പറഞ്ഞു. അങ്ങനെ വീണ്ടും കാലുകൾതന്നെയായി ആശ്രയം.
ഏതാനും വർഷങ്ങൾക്കു മുമ്പ്, ഞാൻ ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിക്കുന്നതിനിടയിൽ കാലുകൾക്ക് എന്തോ തകരാറു തോന്നി. അതേത്തുടർന്ന്, എന്റെ ഇടുപ്പുകളിൽ രണ്ട് ഓപ്പറേഷനും നടത്തി. എല്ലാം നേരെയായതായിരുന്നു, പക്ഷേ അപ്പോഴാണ് ഒരു വലിയ പട്ടി എന്നെ ഇടിച്ചിട്ടത്. ഇതു കാരണം കൂടുതൽ ചികിത്സ പിന്നെയും വേണ്ടിവന്നു. പിന്നെ വടിയും കുത്തിപ്പിടിച്ചായി നടത്തം. എന്റെ മനസ്സ് ഇപ്പോഴും ഊർജസ്വലമാണ്. അത് എന്റെ ഒരു സുഹൃത്തു പറഞ്ഞതുപോലെയാണ്: “പ്രായം ചെല്ലുന്ന നിങ്ങളുടെ ശരീരം നിങ്ങളുടെ യുവമനസ്സുമായി ഒത്തുപോകുന്നില്ലെന്നു തോന്നുന്നു.”
വർഷങ്ങൾകൊണ്ട് അഡ്ലെയ്ഡിലെ സഭ വളർന്നു വികസിക്കുന്നതും വിഭജിക്കപ്പെടുന്നതും ഞാൻ കണ്ടു. പിന്നെ 1983-ൽ, എനിക്ക് 88 വയസ്സുള്ളപ്പോൾ, കൈയാബ്രാമിലെ ഒരു കുടുംബത്തോടൊപ്പം കഴിയാനായി ഞാൻ അഡ്ലെയ്ഡ് വിട്ടുപോന്നു. അവിടെ ഞാനിപ്പോൾ 10 വർഷങ്ങൾ സന്തുഷ്ടമായി പിന്നിട്ടിരിക്കുന്നു. എനിക്ക് ഇപ്പോഴും വയൽശുശ്രൂഷയിൽ പങ്കെടുക്കാനാകുന്നുണ്ട്; എന്നിൽനിന്നു ക്രമമായി മാസികകൾ കൈപ്പററുന്നവരെ സന്ദർശിക്കാൻ സഭയിലെ സുഹൃത്തുക്കൾ എന്നെ വാഹനത്തിൽ കൊണ്ടുപോകും. അവരാണെങ്കിലോ, എനിക്കു സംസാരിക്കാൻ കഴിയേണ്ടതിന് ദയാപുരസ്സരം കാറിനടുത്തേക്കു വരുകയും ചെയ്യും.
98 വർഷത്തെ എന്റെ ജീവിതത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ എന്നോടൊപ്പം യഹോവയെ സ്തുതിച്ച അനേകം വിശ്വസ്തരെ, വിശേഷിച്ച് എന്റെ പ്രിയങ്കരനായ ഡാഡിയെ ഞാൻ കുളിർമയോടെ ഓർക്കുന്നു. പയനിയർ ശുശ്രൂഷയിൽ എന്റെ പങ്കാളികളായിരുന്ന എല്ലാ വിശ്വസ്തരെക്കാൾ കൂടുതൽ നാളുകൾ ഞാൻ ജീവിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിലെ ജീവന്റെ സമ്മാനപ്രത്യാശ പങ്കുവെക്കുന്നവരുമായി വീണ്ടും ഏകീകൃതരാകുന്നതിനെ സംബന്ധിച്ച എത്ര വലിയ സന്തോഷമാണ് എന്നെ കാത്തിരിക്കുന്നത്, സത്യമായും വിലതീരാത്ത ഒരു നിധിതന്നെ!
[28-ാം പേജിലെ ചിത്രം]
1919 ഏപ്രിൽ 22-നു ഞാൻ സ്നാപനമേററു
[31-ാം പേജിലെ ചിത്രം]
100 വയസ്സിനോട് അടുക്കുന്നുവെങ്കിലും യഹോവയെ സേവിക്കുന്നതിൽ ഞാൻ ഇപ്പോഴും സന്തുഷ്ടതന്നെ