എന്റെ മാതാപിതാക്കളുടെ കാൽചുവടുകൾ പിന്തുടർന്നുകൊണ്ട്
ഹിൽഡ പജെറ്റ് പറഞ്ഞപ്രകാരം
“എന്റെ ജീവിതം അത്യുന്നതന്റെ സേവനത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്, രണ്ട് യജമാനന്മാരെ സേവിക്കാൻ എനിക്കാവില്ല,” പത്ര റിപ്പോർട്ടു പറഞ്ഞു. 1941-ൽ ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് നാഷനൽ സർവിസ് അധികാരികൾക്കു നൽകിയ എന്റെ പ്രസ്താവനയിലെ ആ വാക്കുകൾ രണ്ടാം ലോകമഹായുദ്ധകാലത്ത് ആശുപത്രിസേവനം അനുഷ്ഠിക്കാനുള്ള അവരുടെ നിർദേശം ഞാൻ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി. ഞാൻ അതു നിരസിച്ചതുകൊണ്ട് അതിനുശേഷം താമസിയാതെ എന്റെമേൽ കുറ്റം ചുമത്തപ്പെടുകയും എന്നെ മൂന്നുമാസത്തെ തടവിനു വിധിക്കുകയും ചെയ്തു.
എന്നെ ഈ ദുരവസ്ഥയിൽ എത്തിച്ചതെന്താണ്? അല്ല, അത് യൗവനചാപല്യമോ വിപ്ലവ പ്രവർത്തനമോ അല്ലായിരുന്നു. മറിച്ച്, അതിനുള്ള കാരണങ്ങൾ എന്റെ ബാല്യകാലവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
രാജ്യത്തിനുവേണ്ടി ഡാഡിയുടെ തക്ഷ്ണത
1914 ജൂൺ 5-ന് ഉത്തര ഇംഗ്ലണ്ടിൽ ലീഡ്സിന് അടുത്തുള്ള ഹോസ്ഫർത്തിലാണു ഞാൻ പിറന്നത്. എന്റെ മാതാപിതാക്കളായ അറ്റ്ക്കൻസൻ പജെറ്റും പാറ്റി പജെറ്റും പ്രിമിറ്റീവ് മെഥഡിസ്റ്റ് പള്ളിയിൽ സൺഡേ സ്കൂൾ അധ്യാപകരും ഗായക സംഘത്തിലെ അംഗങ്ങളുമായിരുന്നു, അതിലെ ഓർഗൻ വായനക്കാരനായിരുന്നു ഡാഡി. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഞങ്ങളുടെ കുടുംബം എല്ലാംകൊണ്ടും ഒരു സന്തുഷ്ട കുടുംബമായിരുന്നു, ഒരു കാര്യമൊഴിച്ചാൽ. ലോകാവസ്ഥകൾ ഡാഡിയെ അലട്ടി. യുദ്ധത്തെയും അക്രമത്തെയും വെറുത്തിരുന്ന അദ്ദേഹം “നീ കൊല ചെയ്യരുത്” എന്ന ബൈബിൾ കൽപ്പനയിൽ വിശ്വസിച്ചിരുന്നു.—പുറപ്പാടു 20:13, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
1915-ൽ എല്ലാ യുവാക്കളും സ്വമേധയാ സൈന്യത്തിൽ ചേരുന്നതിനും അങ്ങനെ നിർബന്ധിത സേവനം ഒഴിവാക്കുന്നതിനും ഗവൺമെൻറ് ആഹ്വാനംചെയ്തു. ഒരു സൈനികനായി പേർചാർത്തുന്നതിനു ഡാഡി ഒരു ദിവസം മുഴുവൻ മഴയത്ത് ആശങ്കകളോടെ തന്റെ ഊഴവും കാത്തുനിന്നു. പിറ്റേന്നുതന്നെ അദ്ദേഹത്തിന്റെ മുഴു ജീവിതത്തിനും മാറ്റംവന്നു!
ഒരു വലിയ വീട്ടിൽ പ്ലംബർ ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം മറ്റൊരു ജോലിക്കാരനോടു ലോകാവസ്ഥകളെക്കുറിച്ചു സംസാരിച്ചു. കർത്താവിന്റെ രത്നങ്ങൾ ശേഖരിക്കൽ (ഇംഗ്ലീഷ്) എന്ന ഒരു ചെറിയ ലഘുലേഖ തോട്ടക്കാരൻ അദ്ദേഹത്തിനു നൽകി. ഡാഡി അതു വീട്ടിൽ കൊണ്ടുപോയി പലവട്ടം വായിച്ചു. “സത്യം ഇതാണെന്നുവരികിൽ മറ്റെല്ലാം തെറ്റായിരിക്കണം,” അദ്ദേഹം പറഞ്ഞു. പിറ്റേന്ന് അദ്ദേഹം കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. തുടർന്നുള്ള മൂന്നാഴ്ചകൾ എന്നും അതിരാവിലെവരെ അദ്ദേഹം ബൈബിൾ പഠിച്ചു. താൻ സത്യം കണ്ടെത്തിയെന്ന് അദ്ദേഹത്തിനറിയാമായിരുന്നു! 1916 ജനുവരി 2-ാം തീയതി ഞായറാഴ്ച അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പ് ഇങ്ങനെ പറയുന്നു: “രാവിലെ പള്ളിയിൽ പോയി, വൈകിട്ട് ഐ.ബി.എസ്.എ.-യിൽ [അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികളുടെ സംഘടന എന്നാണ് അന്നു യഹോവയുടെ സാക്ഷികൾ ഇംഗ്ലണ്ടിൽ അറിയപ്പെട്ടിരുന്നത്] പോയി—എബ്രായർ 6:9-20-ന്റെ അധ്യയനം നടത്തി—സഹോദരങ്ങളുടെപക്കൽ എന്റെ ആദ്യ സന്ദർശനം.”
പെട്ടെന്നുതന്നെ എതിർപ്പു തലപൊക്കി. ഡാഡിക്കു ഭ്രാന്തുപിടിച്ചെന്നു ഞങ്ങളുടെ ബന്ധുക്കളും പള്ളിയിലെ സുഹൃത്തുക്കളും വിചാരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തിനു മാറ്റമുണ്ടായില്ല. യോഗങ്ങളും പഠനവും അദ്ദേഹത്തിനു ജീവനു തുല്യമായിരുന്നു. കൂടാതെ, മാർച്ചിൽ അദ്ദേഹം യഹോവയ്ക്കായുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഏതാനും വാരങ്ങൾ യോഗങ്ങൾക്കു ഡാഡി തനിയെ പൊയ്ക്കൊണ്ടിരുന്നു, അതോടെ അമ്മ എതിർപ്പുനിർത്തി. അവർ എന്നെ എന്റെ ശിശുവാഹനത്തിലിരുത്തി ലീഡ്സിലേക്ക് എട്ടു കിലോമീറ്റർ നടന്ന്, യോഗം തീർന്ന ഉടനെ എത്തിച്ചേർന്നു. ഡാഡിയുടെ സന്തോഷം നിങ്ങൾക്കു വിഭാവനം ചെയ്യാവുന്നതേയുള്ളു. അന്നു മുതൽക്കു ഞങ്ങളുടെ കുടുംബം യഹോവയുടെ സേവനത്തിൽ ഏകീഭവിച്ചു.
ഒരു സന്നദ്ധ സൈനികനായെങ്കിലും പിന്നീട് ഏതാനും ആഴ്ചകൾക്കുശേഷം മനസ്സാക്ഷിപരമായി വിസമ്മതമുള്ളവനായിത്തീർന്നവൻ എന്നനിലയിൽ ഡാഡിയുടെ നിലപാടു തികച്ചും ദുഷ്കരമായിരുന്നു. തോക്കുപയോഗിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വിസമ്മതിച്ചു. കൂടാതെ, 1916 ജൂലൈ ആയപ്പോഴേക്കും അഞ്ചു സൈനിക കോടതികളിൽ ആദ്യത്തേതിനെ അഭിമുഖീകരിച്ചു, അത് അദ്ദേഹത്തെ 90 ദിവസത്തേക്കു ജയിൽശിക്ഷക്കു വിധിച്ചു. ആദ്യത്തെ ശിക്ഷാവിധി കഴിഞ്ഞപ്പോൾ ഡാഡിക്കു രണ്ടാഴ്ചത്തേക്ക് അവധി ലഭിച്ചു. അതേത്തുടർന്നു മറ്റൊരു സൈനിക കോടതി അദ്ദേഹത്തെ വീണ്ടും 90 ദിവസത്തേക്കു ജയിൽശിക്ഷയ്ക്കു വിധിച്ചു. രണ്ടാമത്തെ തടവിനെത്തുടർന്ന് അദ്ദേഹത്തെ റോയൽ ആർമി മെഡിക്കൽ സേനാവിഭാഗത്തിലേക്കു സ്ഥലംമാറ്റി. 1917 ഫെബ്രുവരി 12-ന് സൈനിക കപ്പലിൽ ഫ്രാൻസിലെ റൂവാനിലേക്കു യാത്ര തിരിച്ചു. തന്റെ നിലപാടു ഹേതുവായി അവിടെ ദിവസേന കൂടുതൽ വെറുപ്പിനു പാത്രമായെന്ന് അദ്ദേഹത്തിന്റെ ഡയറി വ്യക്തമാക്കി. വീണ്ടും യുദ്ധത്തിലേർപ്പെടാൻ സൈനികരെ സജ്ജരാക്കുകയാണു താനെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അദ്ദേഹം വീണ്ടും സഹകരിക്കാൻ വിസമ്മതിച്ചു. ഇത്തവണ സൈനിക കോടതി അദ്ദേഹത്തെ റൂവാനിലുള്ള ബ്രിട്ടീഷ് സൈനിക ജയിലിൽ അഞ്ചു വർഷത്തെ ശിക്ഷക്കു വിധിച്ചു. ഒരു മനസ്സാക്ഷിപരമായ വിസമ്മതമുള്ളവൻ എന്നനിലയിൽ സിവിൽ ജയിലിലേക്കു സ്ഥലംമാറ്റത്തിനു ഡാഡി തുടർച്ചയായി അഭ്യർഥിച്ചപ്പോൾ മൂന്നു മാസത്തേക്കു ഭക്ഷണം റൊട്ടിയും വെള്ളവും മാത്രമാക്കിക്കൊണ്ട് അദ്ദേഹത്തെ ശിക്ഷിച്ചു. അതിനുശേഷം അദ്ദേഹത്തിനു തൂക്കം കൂടുന്നതുവരെ ജയിലിലെ സാധാരണ ഭക്ഷണം നൽകി; പിന്നീട് ആ മുഴു പ്രക്രിയയും ആവർത്തിക്കുകയുണ്ടായി. പകൽ സമയത്തു പിന്നിലും രാത്രിയിലും ഭക്ഷണസമയങ്ങളിലും മുന്നിലുമായി അദ്ദേഹത്തിന്റെ കൈകളിൽ വിലങ്ങുവെച്ചിരുന്നു. തീരെ ചെറിയ വിലങ്ങുകൾ മാംസത്തോടു ചേർത്തു കൊളുത്തിയതുമൂലം പഴുത്തു വ്രണമായതിന്റെ പാടുകൾ അദ്ദേഹത്തിന്റെ കൈത്തണ്ടകളിൽ ജീവിതകാലം മുഴുവൻ ഉണ്ടായിരുന്നു. അരയോടുചേർത്തു കെട്ടിയ കാൽച്ചങ്ങലകളും അദ്ദേഹത്തിനിട്ടിരുന്നു.
അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തുന്നതിനു സൈനിക അധികാരികൾ പഠിച്ച പണി പതിനെട്ടും നോക്കി, എന്നാൽ അതുകൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല. ബൈബിളും പുസ്തകങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പക്കൽനിന്നെടുത്തു. വീട്ടിൽനിന്നുള്ള കത്തൊന്നും കിട്ടിയില്ലെന്നു മാത്രമല്ല അദ്ദേഹത്തിന് അയയ്ക്കാനും കഴിഞ്ഞില്ല. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ തന്റെ ആത്മാർഥത പ്രകടമാക്കുന്നതിന് ഒരു നിരാഹാര സത്യഗ്രഹം നടത്താൻ അദ്ദേഹം തീരുമാനിച്ചു. എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതെ ഏഴു ദിവസത്തോളം അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തന്മൂലം, ഗുരുതരമായി രോഗബാധിതനായി ജയിലിലെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റേണ്ട നിലയിലെത്തി. അദ്ദേഹം തന്റെ ആത്മാർഥത തെളിയിച്ചു. എങ്കിലും അതിലൂടെ അദ്ദേഹത്തിനു തന്റെ ജീവൻതന്നെയും ഏതാണ്ടു നഷ്ടപ്പെടുമെന്ന നിലയിലെത്തിയിരുന്നു. ആ വിധത്തിൽ ജീവൻ അപായപ്പെടുത്തിയതു തെറ്റായിപ്പോയെന്നും വീണ്ടും അത്തരമൊരു സംരംഭത്തിനു താൻ മേലാൽ മുതിരുകയില്ലെന്നും അദ്ദേഹം പിൽക്കാല വർഷങ്ങളിൽ സമ്മതിച്ചു പറഞ്ഞു.
1918 നവംബറിൽ യുദ്ധം അവസാനിച്ചു. ഡാഡി അപ്പോഴും റൂവാനിൽ ജയിലിലായിരുന്നു. എന്നാൽ പിറ്റേ വർഷം ആദ്യം ഇംഗ്ലണ്ടിലുള്ള സിവിൽ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റുകയുണ്ടായി. തന്റെ വിലയേറിയ ബൈബിളും പുസ്തകങ്ങളും സഹിതം അമ്മയുടെ കത്തുകളും കെട്ടുകളും ലഭിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം വിഭാവനം ചെയ്തുനോക്കൂ! അദ്ദേഹത്തെ വിൻചെസ്റ്ററിലുള്ള ജയിലിലേക്കു കൊണ്ടുപോയി. തന്റെ യുദ്ധകാല അനുഭവങ്ങൾക്കു സമാനമായ അനുഭവങ്ങളുള്ള ഒരു യുവ സഹോദരനെ അവിടെവെച്ച് അദ്ദേഹം കണ്ടുമുട്ടി. ഫ്രാങ്ക് പ്ലാറ്റ് എന്നായിരുന്നു ആ യുവാവിന്റെ പേര്, അദ്ദേഹം പിന്നീടു ലണ്ടൻ ബെഥേലിൽ വർഷങ്ങളോളം സേവനമനുഷ്ഠിക്കുകയുണ്ടായി. പിറ്റേന്നു പരസ്പരം കാണാൻ അവർ ക്രമീകരണങ്ങൾ ചെയ്തെങ്കിലും ഫ്രാങ്കിനെ മറ്റെങ്ങോട്ടോ സ്ഥലം മാറ്റി.
1919 ഏപ്രിൽ 12-ന് അമ്മയ്ക്ക് ഒരു ടെലഗ്രാം കിട്ടി: “ഹല്ലെലൂയ്യാ! വീട്ടിലേക്കു വരുന്നു—ലണ്ടൻ വിളിക്കുന്നു.” മൂന്നു വർഷത്തെ പരിശോധനയ്ക്കും പീഡനത്തിനും വേർപാടിനും ശേഷം എന്തൊരാനന്ദ സമയം! ലണ്ടൻ ബെഥേലിലുള്ള സഹോദരങ്ങൾക്കു ഫോൺ ചെയ്ത് അവരെ കാണുകയായിരുന്നു ഡാഡിയുടെ ആദ്യത്തെ പരിപാടി. 34 ക്രാവൻ ടെറസിൽ അദ്ദേഹത്തിനു സ്നേഹനിർഭരമായ സ്വാഗതം ലഭിച്ചു. കുളിയും ഷേവും കഴിഞ്ഞു മറ്റൊരാളുടെ സൂട്ടും തൊപ്പിയും ധരിച്ചു ഡാഡി വീട്ടിൽ തിരിച്ചെത്തി. നിങ്ങൾക്കു ഞങ്ങളുടെ പുനഃസംഗമം വിഭാവനം ചെയ്യാനാവുമോ? അന്നെനിക്ക് ഏതാണ്ട് അഞ്ചു വയസ്സുണ്ടായിരുന്നു, എനിക്ക് അദ്ദേഹത്തെ ഓർമയില്ലായിരുന്നു.
മോചിതനായശേഷം ഡാഡി ഹാജരായ ആദ്യത്തെ യോഗം സ്മാരകമായിരുന്നു. പടികൾ കയറി ഹാളിലെത്തിയപ്പോൾ ആദ്യം കണ്ടുമുട്ടിയതോ, മറ്റാരെയുമല്ല, ലീഡ്സിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയ ഫ്രാങ്ക് പ്ലാറ്റിനെ. തങ്ങളുടെ അനുഭവങ്ങൾ പങ്കിടുന്നതിൽ അവർ എത്രമാത്രം ആനന്ദഭരിതരായി! അന്നുമുതൽ ആശുപത്രി വിടുന്നതുവരെ ഫ്രാങ്ക് ഞങ്ങളുടെ വീട് അദ്ദേഹത്തിന്റെ രണ്ടാമത്തെ വീടായി കണക്കാക്കി.
അമ്മയുടെ വിശ്വസ്ത സേവനം
ഡാഡി ദൂരെയായിരുന്ന നാളെല്ലാം അധികാരികളിൽനിന്നു ലഭിച്ച തുച്ഛമായ വരുമാനം തികയാതെ വന്നതിനാൽ അമ്മ തുണി അലക്കിക്കൊടുക്കുന്ന തൊഴിലിൽ ഏർപ്പെട്ടു. സഹോദരങ്ങൾ ഞങ്ങളോടു വളരെ ദയ കാണിച്ചു. ഏതാനും ആഴ്ചകളോളം സഭയിലെ മൂപ്പന്മാരിലൊരാൾ ഒരു അജ്ഞാതനിൽനിന്നുള്ള സമ്മാനമടങ്ങിയ ചെറിയ ഒരു കവറ് അമ്മയുടെ കയ്യിൽ കൊടുക്കുമായിരുന്നു. ആ പരിശോധനാത്മകമായ കാലങ്ങളിൽ തന്നെ യഹോവയിലേക്ക് അടുപ്പിച്ചതും സഹിച്ചുനിൽക്കാൻ സഹായിച്ചതും സഹോദരങ്ങളുടെ സ്നേഹമായിരുന്നുവെന്ന് അമ്മ എല്ലായ്പോഴും പറയുമായിരുന്നു. ഡാഡിയുടെ അസാന്നിദ്ധ്യത്തിലെല്ലാം അവർ വിശ്വസ്തതയോടെ സഭായോഗങ്ങൾക്കു ഹാജരായി. ഒരു വർഷത്തിലേറെ ഡാഡിയെപ്പറ്റി അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന യാതൊരു വിവരവും ലഭിച്ചില്ല, മമ്മിക്കനുഭവപ്പെട്ട ഏറ്റവും ശക്തമായ പീഡനവും അതായിരുന്നു. അതോടൊപ്പം കൂനിന്മേൽകുരുവെന്നവണ്ണം 1918-ൽ എനിക്കും അമ്മയ്ക്കും സ്പാനിഷ് ഫ്ളൂ പിടിപെട്ടു. ഞങ്ങൾക്കു ചുറ്റുപാടും ആളുകൾ മരിച്ചുവീഴുകയായിരുന്നു. അയൽക്കാരെ സഹായിക്കാൻ പോയ അയൽക്കാർ രോഗബാധിതരായി. ആളുകളുടെ പ്രതിരോധ ശക്തി കുറയാൻ ഇടയാക്കിയത് അപ്പോഴുണ്ടായിരുന്ന ഭക്ഷ്യക്ഷാമമാണെന്ന കാര്യത്തിൽ സംശയമില്ല.
അപ്പോസ്തലനായ പത്രോസിന്റെ വാക്കുകൾ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വാസ്തവമെന്നു തെളിഞ്ഞു: “അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ . . . ദൈവം . . . ഉറപ്പിച്ചു ശക്തീകരിക്കും”! (1 പത്രൊസ് 5:10) എന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ യഹോവയിൽ അചഞ്ചലമായ വിശ്വാസം പടുത്തുയർത്താൻ അവരെ സഹായിച്ചു, അവൻ നമുക്കായി കരുതുന്നുവെന്നും യഹോവയുടെ സ്നേഹത്തിൽനിന്നു നമ്മെ അകറ്റാൻ ഒന്നിനും കഴിയുകയില്ലെന്നും അത് അവർക്കുറപ്പേകി. വിശ്വാസത്തിൽ അത്തരം ശിക്ഷണം ലഭിച്ചതിൽ ഞാൻ പ്രത്യേകിച്ചും അനുഗൃഹീതയാണ്.—റോമർ 8:38, 39; 1 പത്രൊസ് 5:7.
യൗവനയുക്ത സേവനം
ഡാഡിയുടെ മോചനത്തെത്തുടർന്നു രാജ്യസേവനം ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി. അസുഖം കാരണമല്ലാതെ എന്നെങ്കിലും യോഗം മുടക്കിയതായിട്ടു ഞാൻ ഓർക്കുന്നില്ല. വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഒരു കൺവെൻഷനിൽ പങ്കെടുക്കുന്നതിനുവേണ്ടി ഡാഡി പ്ലെയ്റ്റു ക്യാമറയും അമ്മയുടെ സ്വർണവളയും വിറ്റു. അവധിക്കാലം ചെലവഴിക്കാൻ ഞങ്ങൾക്കു വകയില്ലായിരുന്നെങ്കിലും ഞങ്ങൾ ഒരിക്കലും കൺവെൻഷനുകൾ മുടക്കിയിട്ടില്ല, ഇംഗ്ലണ്ടിൽ നടന്നതുൾപ്പെടെ.
യുദ്ധം കഴിഞ്ഞുള്ള ആദ്യത്തെ രണ്ടുമൂന്നു വർഷം നവോന്മേഷം പകർന്ന സമയങ്ങളായിരുന്നു. ഡാഡിയും അമ്മയും കൂട്ടായ്മയുടെയും സഹവാസത്തിന്റെയും അവസരങ്ങളെല്ലാം മുഴുവനായി പ്രയോജനപ്പെടുത്തി. മറ്റുള്ള സഹോദരീസഹോദരന്മാരെ ഞങ്ങൾ സന്ദർശിക്കുന്നതു ഞാൻ ഓർക്കുന്നു. മുതിർന്നവർ സത്യം സംബന്ധിച്ച പുതിയ അറിവിനെക്കുറിച്ചു മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടിയെന്ന നിലയിൽ ഞാൻ ഒരിടത്തിരുന്നു ചായംതേയ്ക്കുകയും പടംവരയ്ക്കുകയും ചെയ്യുമായിരുന്നു. ഒരുമിച്ചിരുന്നുള്ള സംസാരം, ഓർഗൻ ഉപയോഗിച്ചുള്ള പാട്ടുപാടൽ, ആഹ്ലാദകരമായ സഹവാസം ആസ്വദിക്കൽ എന്നിവയെല്ലാം അവരെ ഏറെ സന്തുഷ്ടരും ഉന്മേഷമുള്ളവരുമാക്കിത്തീർത്തു.
എന്റെ ശിക്ഷണത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ വളരെ കർക്കശരായിരുന്നു. അഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ പോലും ഞാൻ സ്കൂളിൽ വ്യത്യസ്തയായിരുന്നു. ക്ലാസിൽ വേദോപദേശം പഠിപ്പിക്കുന്ന സമയത്തു വായിക്കുന്നതിനുവേണ്ടി ഞാൻ “പുതിയ നിയമം” കൂടെക്കൊണ്ടുപോകുമായിരുന്നു. പിന്നീട്, സ്മാരകദിനാഘോഷങ്ങളിൽ പങ്കെടുക്കാഞ്ഞതിനാൽ “മനസ്സാക്ഷിപരമായ വിസമ്മതമുള്ളവൾ” എന്നനിലയിൽ മുഴു സ്കൂളിന്റെയും മുമ്പാകെ എന്നെ നടത്തിച്ചു.a എന്റെ ശിക്ഷണത്തിൽ എനിക്കൊരു ഖേദവുമില്ല. വാസ്തവത്തിൽ അതൊരു സംരക്ഷണമായിരുന്നു, കൂടാതെ ‘ഞെരുക്കമുള്ള വഴി’യിൽ നിലനിൽക്കുന്നത് അത് എളുപ്പമാക്കിത്തീർത്തു. യോഗങ്ങൾക്കായാലും ശരി സേവനത്തിനായാലും ശരി, എന്റെ മാതാപിതാക്കൾ പോകുന്നിടത്തെല്ലാം ഞാനുമുണ്ടാകുമായിരുന്നു.—മത്തായി 7:13, 14.
സ്വന്തമായി ആദ്യം പ്രസംഗവേല ചെയ്ത ഞായറാഴ്ച എനിക്കു നല്ല ഓർമയുണ്ട്. എനിക്കു വെറും 12 വയസ്സേ ഉണ്ടായിരുന്നുള്ളു. കൗമാരപ്രായത്തിലായിരുന്നപ്പോൾ ഒരു ഞായറാഴ്ച ദിവസം വീട്ടിലിരിക്കാൻ പോവുകയാണെന്നു ഞാൻ വിളിച്ചുപറഞ്ഞത് ഓർക്കുന്നു. ആരും എന്നെ വിമർശിക്കുകയോ പ്രസംഗത്തിനുപോകാൻ സമ്മർദം ചെലുത്തുകയോ ചെയ്തില്ല. അതുകൊണ്ട്, ഞാൻ പൂന്തോട്ടത്തിലിരുന്നു ബൈബിൾ വായിക്കാൻ തുടങ്ങി, എനിക്ക് ആകെ അസ്വസ്ഥതതോന്നി. ഇങ്ങനെ ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ഡാഡിയോടു പറഞ്ഞു: “ഇന്നു ഞാനും ഡാഡിയോടൊപ്പം പോരുന്നുണ്ട്!” അന്നുതുടങ്ങി ഇന്നേവരെ ഞാൻ പിന്തിരിഞ്ഞു നോക്കിയിട്ടില്ല.
1931 എത്ര മഹത്തായ വർഷമായിരുന്നു! ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേരു സ്വീകരിച്ചുവെന്നു മാത്രമല്ല, ലണ്ടനിലെ അലക്സാണ്ട്ര പാലസിൽവെച്ചുള്ള ഒരു ദേശീയ കൺവെൻഷനിൽ ഞാൻ ജലനിമജ്ജനമേൽക്കുകയും ചെയ്തു. ആ ദിനം ഞാനൊരിക്കലും മറക്കുകയില്ല. ഞങ്ങൾ നീണ്ട കറുത്ത അങ്കികൾ ധരിച്ചു, നേരത്തെ ഏതോ സ്നാപനാർഥി ഉപയോഗിച്ചതുമൂലം നനഞ്ഞ അങ്കിയായിരുന്നു എനിക്കു കിട്ടിയത്!
കുഞ്ഞിലേ മുതലുള്ള എന്റെ ആഗ്രഹം ഒരു കോൽപോർട്ടർ ആകണമെന്നായിരുന്നു, മുഴുസമയ പ്രസംഗകർ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിനു കടപ്പെട്ടിരിക്കുന്നതായി പ്രായമാകുന്തോറും എനിക്ക് അനുഭവപ്പെട്ടു. അതുകൊണ്ട്, 1933 മാർച്ചിൽ, 18-ാം വയസ്സിൽ ഞാൻ മുഴുസമയ സേവകരുടെ അണിയിൽ ചേർന്നു.
വലിയ നഗരങ്ങളിൽ നടത്താറുള്ള “പയനിയർ വാരങ്ങൾ” ഞങ്ങൾക്കു പ്രത്യേക ആനന്ദത്തിനു വകനൽകിയിരുന്നു. ഒരു ഡസൻ മുഴുസമയ സേവകർ ഒരുമിച്ചുകൂടി പ്രാദേശിക സഹോദരങ്ങളുടെ വീട്ടിൽ താമസിച്ച് ഒരു സംഘമായി പ്രവർത്തിക്കും. മതനേതാക്കന്മാർക്കും മറ്റു പ്രമുഖ വ്യക്തികൾക്കും ഞങ്ങൾ ചെറുപുസ്തകം വിതരണം ചെയ്തു. അവരെ അഭിമുഖീകരിക്കുന്നതിനു ധൈര്യം വേണ്ടിയിരുന്നു. മിക്കപ്പോഴും ഞങ്ങൾക്കു ശകാരം നേരിടേണ്ടിവന്നു, ഞങ്ങളിലനേകരുടെയും മുഖത്തിനുനേരെ വീട്ടുകാർ കതക് ആഞ്ഞടക്കുകയുണ്ടായി. ഇതു ഞങ്ങളെ വിഷമിപ്പിച്ചില്ല, ക്രിസ്തുവിന്റെ നാമത്തിൽ നിന്ദ സഹിക്കേണ്ടിവന്നതിൽ ആനന്ദിക്കാൻ പോന്നവിധം അത്രമാത്രം ഉത്സാഹം ഞങ്ങൾക്കുണ്ടായിരുന്നു.—മത്തായി 5:11, 12.
ലീഡ്സിൽ ഞങ്ങൾ ഗ്രാമഫോണും ഉച്ചഭാഷിണിയും വഹിച്ചുകൊണ്ടുപോകുന്നതിന് ഒരു ശിശുവാഹനം, ത്രിചക്രവാഹനം, കൂടുതലായി ഒരാൾക്കിരിക്കാൻ സൗകര്യമേർപ്പെടുത്തിയ ഡാഡിയുടെ മോട്ടോർസൈക്കിൾ എന്നിവയും പിന്നീട് അദ്ദേഹത്തിന്റെ കാറും ഉപയുക്തമാക്കിത്തീർത്തു. രണ്ടു സഹോദരങ്ങൾ ഉപകരണങ്ങളുമായി തെരുവിലേക്കിറങ്ങും. എന്നിട്ട് ആളുകൾ വീട്ടിൽനിന്നു പുറത്തുവരുന്നതിന് ഒരു റെക്കോർഡു ചെയ്ത സംഗീതം പാടിക്കും, അതേത്തുടർന്ന് റതർഫോർഡ് സഹോദരന്റെ റെക്കോർഡു ചെയ്ത പ്രസംഗവും കേൾപ്പിക്കും. അതിനുശേഷം അവർ അടുത്ത തെരുവിലേക്കു നീങ്ങുമ്പോൾ പ്രസാധകരായ ഞങ്ങൾ ആളുകൾക്കു ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുമായിരുന്നു.
വർഷങ്ങളോളം, ഓരോ ഞായറാഴ്ചയും യോഗത്തിനുശേഷം ഞങ്ങൾ ടൗൺ ഹാൾ കവലയിലേക്കു പോയി അവിടെയുള്ള സ്പീക്കേഴ്സ് കോർണറിൽ റതർഫോർഡു സഹോദരന്റെ ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗം കേൾക്കുകയും ലഘുലേഖകൾ കൊടുക്കുകയും താത്പര്യം കാണിച്ച ഏതൊരാളുമായും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഞങ്ങളവിടെ പ്രസിദ്ധരായി. പൊലീസുകാരുപോലും ഞങ്ങളെ ആദരിച്ചിരുന്നു. ഒരു വൈകുന്നേരം പതിവുപോലെ ഞങ്ങൾ അവിടെ കൂടിവന്നപ്പോൾ അകലെനിന്നു ചെണ്ടകളുടെയും വാദ്യമേളത്തിന്റെയും ശബ്ദം കേട്ടു. പെട്ടെന്നുതന്നെ, ഏതാണ്ട് നൂറു ഫാസിസ്റ്റുകളടങ്ങുന്ന ഒരു വൃന്ദം അടുത്തെത്തി. അവർ പിന്നിലൂടെവന്നു പതാക ഉയർത്തിപ്പിടിച്ചു ഞങ്ങളെ ചുറ്റിനിന്നു. വാദ്യമേളം നിന്നു, അപ്പോൾ നിശബ്ദത ഭേദിക്കുമാറു റതർഫോർഡ് സഹോദരന്റെ ശബ്ദം മുഴങ്ങി: “അവർ വേണമെങ്കിൽ അവരുടെ പതാകയെ വന്ദിക്കുകയോ മനുഷ്യരെ വാഴ്ത്തുകയോ എന്തുമാകട്ടെ. നാം നമ്മുടെ ദൈവമായ യഹോവയെ മാത്രമേ ആരാധിക്കുകയും വാഴ്ത്തുകയുമുള്ളൂ!” അടുത്തതായി എന്തു സംഭവിക്കുമെന്നു ഞങ്ങൾക്ക് ഉത്കണ്ഠയായി! ഒന്നും സംഭവിച്ചില്ല, അവർക്ക് ഒരു നല്ല സാക്ഷ്യം ലഭിച്ചതൊഴികെ. പൊലീസ് അവരെ നിശബ്ദരാക്കി. അങ്ങനെ പരസ്യപ്രസംഗത്തിന്റെ ശേഷിച്ചഭാഗം ഞങ്ങൾക്കു കേൾക്കാൻ സാധിച്ചു.
ഇതിനകം ഗ്രാമഫോൺ പ്രചാരത്തിലായി വരുകയായിരുന്നു. ഇത് ഒരു നല്ല സാക്ഷ്യം നൽകുന്നതിന് ഉതകി. അഞ്ചു മിനിറ്റു ദൈർഘ്യമുള്ള റെക്കോർഡു ചെയ്ത ബൈബിൾ പ്രസംഗം ആളുകൾ കേൾക്കുന്നതിനു വീട്ടുവാതിൽക്കൽ വെച്ചിട്ടു ഞങ്ങൾ ശ്രദ്ധാപൂർവം റെക്കോർഡിൽ ദൃഷ്ടികേന്ദ്രീകരിച്ചു. വീട്ടുകാർ മിക്കപ്പോഴും ഞങ്ങളെ അകത്തു വിളിച്ചിരുത്തുമായിരുന്നു, മടങ്ങിച്ചെന്നു കൂടുതൽ റെക്കോർഡുകൾ കേൾപ്പിക്കാൻ അവർ ആവശ്യപ്പെട്ടു.
എതിർപ്പും അക്രമവും പൊട്ടിപ്പുറപ്പെട്ടതുകൊണ്ട് 1939 വളരെയധികം തിരക്കും ബുദ്ധിമുട്ടും നിറഞ്ഞ വർഷമായിരുന്നു. ഞങ്ങളുടെ കൺവെൻഷനുകളിലൊന്നിനു മുമ്പ് സഹോദരന്മാർ തെരുവിൽവെച്ചു ജനങ്ങളുടെ ആക്രമണവും കൂക്കുവിളിയും അനുഭവിക്കുകയുണ്ടായി. തന്മൂലം സമ്മേളനസമയത്ത്, കുഴപ്പംപിടിച്ച പ്രദേശങ്ങളിൽ പ്രസംഗിക്കുന്നതിനു സഹോദരങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തെ കാറുകളിൽ അയയ്ക്കുന്നതിനു ക്രമീകരണങ്ങൾ ചെയ്തു അതേസമയം സഹോദരിമാരും മറ്റു സഹോദരന്മാരും കൂടുതൽ സുരക്ഷിതമായ ഇടങ്ങളിലേക്കു പോയി. ഒരു കൂട്ടത്തോടൊപ്പം ഒരു തെരുവിൽ പ്രവർത്തിക്കുമ്പോൾ പിൻവശത്തുള്ള വീടുകൾ സന്ദർശിക്കുന്നതിനു ഞാൻ ഒരു ഇടവഴിയിലേക്കിറങ്ങി. ഒരു വീട്ടിലായിരിക്കുമ്പോൾ ഒരു ആരവം ഉയർന്നുവരുന്നതു ഞാൻ കേട്ടു—തെരുവിൽനിന്ന് ആക്രോശവും കരച്ചിലും കേൾക്കാമായിരുന്നു. ബഹളം ഒതുങ്ങിയെന്നു ബോധ്യമാകുന്നതുവരെ വീട്ടുവാതിൽക്കലുണ്ടായിരുന്ന വ്യക്തിയുമായി ഞാൻ സംഭാഷണം തുടർന്നു. പിന്നെ ഞാൻ ഇടവഴിയിലൂടെ തെരുവിലേക്കു കയറിയപ്പോൾ എന്നെ കാണാഞ്ഞു മറ്റു സഹോദരീസഹോദരന്മാർ സംഭ്രാന്തരായിരിക്കുന്നതു കണ്ടു! അന്നു മറ്റൊരു സമയത്തു ബഹളക്കാർ ഞങ്ങളുടെ യോഗം കലക്കാൻ ശ്രമിച്ചു, എന്നാൽ സഹോദരന്മാർ അവരെ പുറത്തേക്കു കൊണ്ടുപോയി.
രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നു
ഇതിനകം നിർബന്ധിത സൈനികസേവനം പ്രാബല്യത്തിൽ വന്നു, ചെറുപ്പക്കാരായ അനേകം സഹോദരന്മാരെ 3 മുതൽ 12 വരെ മാസം ജയിലിലടച്ചു. ജയിൽ സന്ദർശിക്കുന്നതിനുള്ള കൂടുതലായ ഒരു പദവി പിന്നീടു ഡാഡിക്കു ലഭിച്ചു. ഞായറാഴ്ചതോറും അദ്ദേഹം തദ്ദേശ ജയിലിൽ വീക്ഷാഗോപുര അധ്യയനം നടത്തിയിരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം അദ്ദേഹം സഹോദരങ്ങളെ അവരുടെ ജയിലറകളിൽ സന്ദർശിച്ചു. ഒന്നാം ലോകമഹായുദ്ധക്കാലത്തു ദീർഘവും ദുഷ്കരവുമായ ജയിൽജീവിതം അനുഭവിച്ചറിഞ്ഞിരുന്നതിനാൽ സമാനമായ പീഡനങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ അദ്ദേഹം പ്രത്യേകിച്ചും സന്തോഷവാനായിരുന്നു. 1959-ൽ മരിക്കുന്നതുവരെ 20 വർഷം അദ്ദേഹം അതു ചെയ്തു.
1941 ആയപ്പോഴേക്കും നിഷ്പക്ഷത സംബന്ധിച്ച ഞങ്ങളുടെ നിലപാടു കാരണം അനേകർക്കു ഞങ്ങളുടെ നേരെയുണ്ടായ പാരുഷ്യവും വിദ്വേഷവുമായി ഞങ്ങൾ സുപരിചിതരായി. ഈ മനോഭാവത്തെ അഭിമുഖീകരിച്ചുകൊണ്ടു മാസികകളുമായി തെരുവിൽ നിൽക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. അതേസമയം ഞങ്ങളുടെ പ്രദേശത്തു താമസിപ്പിച്ച അഭയാർഥികളെ സഹായിക്കുന്നതിൽ ഞങ്ങൾ ആനന്ദമനുഭവിച്ചു. ലട്ട്വിയക്കാർ, പോളണ്ടുകാർ, ഇസ്തോനിയക്കാർ, ജർമൻകാർ എന്നിവർ—തങ്ങളുടെ ഭാഷകളിൽ വീക്ഷാഗോപുരവും ആശ്വാസവും (ഇപ്പോഴത്തെ ഉണരുക!) കണ്ടപ്പോൾ അവരുടെ കണ്ണുകൾ തിളങ്ങുന്നതു കാണുന്നത് എന്തൊരാനന്ദമായിരുന്നു!
അങ്ങനെയിരിക്കെ, രണ്ടാം ലോകമഹായുദ്ധക്കാലത്തു ഞാനെടുത്ത നിഷ്പക്ഷ നിലപാടു നിമിത്തം എന്നെ വിചാരണ ചെയ്യുന്നതിനു സമയമായി. 24 മണിക്കൂറിൽ 19 മണിക്കൂറും എന്നെ ജയിലറയിൽ ഇട്ടു, ജയിൽ ജീവിതം ദുഷ്കരമായി എനിക്കനുഭവപ്പെട്ടു. ആദ്യത്തെ മൂന്നു ദിവസമായിരുന്നു ഏറ്റവും കഷ്ടകരം, കാരണം ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. നാലാം ദിവസം എന്നെ ഗവർണറുടെ ഓഫീസിലേക്കു വിളിപ്പിച്ചു. അവിടെ വേറെ രണ്ടു പെൺകുട്ടികൾ നിൽക്കുന്നതു കണ്ടു. അതിലൊരുവൾ എന്നോട് മന്ദസ്വരത്തിൽ ചോദിച്ചു: “നീ എന്തിനാ ജയിലിലായത്?” “അതറിഞ്ഞാൽ നിനക്ക് അതിശയം തോന്നും,” ഞാൻ പറഞ്ഞു. വിറയലാർന്ന സ്വരത്തിൽ അവൾ ശബ്ദംതാഴ്ത്തി ചോദിച്ചു: “നീ യഹോവയുടെ സാക്ഷിയാണോ?” അവൾ ചോദിക്കുന്നതു മറ്റേ പെൺകുട്ടി കേട്ടിട്ടു ഞങ്ങളോടു രണ്ടുപേരോടുമായി ചോദിച്ചു: “നിങ്ങൾ യഹോവയുടെ സാക്ഷികളാണോ?” അതോടെ ഞങ്ങൾ മൂവരും പരസ്പരം ഗാഢമായി ആലിംഗനം ചെയ്തു. ഞങ്ങൾ മേലാൽ തനിച്ചായിരുന്നില്ല!
ആസ്വാദ്യമായ മുഴുസമയപ്രവർത്തനം
ജയിലിൽനിന്നു മോചിതയായശേഷം ഞാൻ എന്റെ മുഴുസമയസേവനം തുടർന്നു, 16 വയസ്സുള്ള ഒരു പെൺകുട്ടി സ്കൂൾ പഠനം കഴിഞ്ഞയുടനെ എന്നോടൊപ്പം ചേർന്നു. ഞങ്ങൾ യോർക്ക്ഷെയർ ഡെയിൽസിന്റെ അറ്റത്തുള്ള ഒരു മനോജ്ഞമായ ഇൽക്കീ പട്ടണത്തിലേക്കു പോയി. യോഗങ്ങൾ നടത്താൻ പറ്റിയ ഒരു സ്ഥലം കണ്ടെത്താൻ ആറു മാസം മുഴുവനും ഞങ്ങൾ ശ്രമിച്ചു. ഒടുവിൽ ഞങ്ങൾ ഒരു ചെറിയ ഗരാജു വാടകയ്ക്കെടുത്ത് അതു രാജ്യഹാളാക്കി മാറ്റി. വെളിച്ചവും ചൂടും പ്രദാനംചെയ്തുകൊണ്ടു ഡാഡി സഹായത്തിനെത്തി. അദ്ദേഹം ഞങ്ങൾക്കുവേണ്ടി ആ കെട്ടിടം മോടിപിടിപ്പിക്കുകയും ചെയ്തു. ആഴ്ചതോറും പരസ്യപ്രസംഗങ്ങൾ നടത്തുന്നതിനു സഹോദരന്മാരെ നിയമിച്ചുകൊണ്ടു സമീപത്തുള്ള സഭ വർഷങ്ങളോളം ഞങ്ങളെ പിന്തുണച്ചു. യഹോവയുടെ അനുഗ്രഹത്താൽ ഞങ്ങൾ അഭിവൃദ്ധിപ്പെടുകയും വളരുകയും ചെയ്തു. ഒടുവിൽ ഒരു സഭ സ്ഥാപിതമായി.
1959-ൽ ഡാഡി പെട്ടെന്നു രോഗബാധിതനായി. എന്നെ വീട്ടിലേക്കു വിളിപ്പിച്ചു, ഏപ്രിലിൽ അദ്ദേഹം മൃതിയടഞ്ഞു. അതേത്തുടർന്നുവന്ന വർഷങ്ങൾ പ്രയാസകരമായിരുന്നു. അമ്മയുടെ ആരോഗ്യം ക്ഷയിച്ചു, ഒപ്പം ഓർമശക്തിയും. എന്നെ സംബന്ധിച്ചിടത്തോളം അത് ഏറെ ദുഷ്കരമായിരുന്നു. എങ്കിലും യഹോവയുടെ ആത്മാവ് എന്നെ മുന്നോട്ടു നടത്തി, 1963-ൽ അമ്മ മരിക്കുന്നതുവരെ അവരെ ശുശ്രൂഷിക്കാൻ എനിക്കു കഴിഞ്ഞു.
വർഷങ്ങളിലുടനീളം എനിക്കു യഹോവയിൽനിന്ന് അനേകം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. വിവരിക്കാനാണെങ്കിൽ ഏറെയുണ്ട്. എന്റെ സ്വന്തസഭ വളർന്നു നാലായി വിഭജിച്ചതും പ്രസാധകരെയും പയനിയർമാരെയും അയയ്ക്കുന്നതും ചിലരെ ബൊളീവിയ, ലാവോസ്, ഉഗാണ്ട തുടങ്ങിയ വിദൂര ദേശങ്ങളിലേക്കു മിഷനറിമാരായി അയയ്ക്കുന്നതും ഞാൻ കണ്ടിരിക്കുന്നു. വിവാഹംചെയ്തു കുടുംബമായി താമസിക്കുന്നതിനുള്ള സാധ്യത എനിക്ക് ഒരിക്കലുമുണ്ടായില്ല. അതെന്നെ ദുഃഖിപ്പിച്ചിട്ടില്ല; ഞാൻ ഏറെ തിരക്കുള്ളവളായിരുന്നു. എനിക്കു സ്വന്തമായി ജഡിക ബന്ധുക്കളില്ലെന്നുവരികിലും കർത്താവിൽ അനേകം മക്കളും പേരക്കിടാങ്ങളും ഉണ്ടായിട്ടുണ്ട്, നൂറുമേനിപോലും.—മർക്കൊസ് 10:29, 30.
ക്രിസ്തീയ കൂട്ടായ്മ ആസ്വദിക്കുന്നതിനു ഞാൻ മിക്കപ്പോഴും യുവ പയനിയർമാരെയും മറ്റു യുവാക്കളെയും വീട്ടിലേക്കു ക്ഷണിക്കാറുണ്ട്. ഞങ്ങൾ ഒരുമിച്ചു വീക്ഷാഗോപുര അധ്യയനത്തിനു തയ്യാറാകുന്നു. എന്റെ മാതാപിതാക്കൾ ചെയ്തിരുന്നപോലെ ഞങ്ങളും അനുഭവങ്ങൾ പങ്കിടുകയും രാജ്യഗീതങ്ങൾ പാടുകയും ചെയ്യുന്നു. സുസ്മേരവദനരായ യുവജനങ്ങളുടെ മധ്യേ ഞാൻ യൗവനയുക്തവും സന്തുഷ്ടവുമായ വീക്ഷണഗതി പുലർത്തുന്നു. പയനിയർ സേവനത്തെക്കാൾ മെച്ചമായ ഒരു ജീവിതമില്ല. എന്റെ മാതാപിതാക്കളുടെ കാൽചുവടുകൾ പിന്തുടരാനുള്ള പദവി എനിക്കു ലഭിച്ചതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്. നിത്യതയിലുടനീളം ഞാൻ യഹോവയെ സേവിക്കുന്നതിൽ തുടരണേ എന്നാണ് എന്റെ പ്രാർഥന.
[അടിക്കുറിപ്പ]
a 1918-ലെയും പിന്നീട് 1945-ലെയും ശത്രുത അവസാനിച്ചതിന്റെ സ്മരണോത്സവം കൊണ്ടാടൽ.
[23-ാം പേജിലെ ചിത്രം]
ഹിൽഡ പജെറ്റ് മാതാപിതാക്കളായ അറ്റ്കിൻസനോടും പാറ്റിയോടുമൊപ്പം
[23-ാം പേജിലെ ചിത്രം]
സത്യത്തിൽ ഡാഡിയുടെ താത്പര്യമുണർത്തിയ ലഘുലേഖ