വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 10/1 പേ. 5-9
  • ഒരു അപൂർവ ക്രിസ്‌തീയ പൈതൃകം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു അപൂർവ ക്രിസ്‌തീയ പൈതൃകം
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പിതാവ്‌ ബൈബിൾസ​ത്യം പഠിക്കു​ന്നു
  • ശുശ്രൂ​ഷ​യി​ലെ നേര​ത്തെ​യുള്ള തുടക്കം
  • മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ദൈവത്തെ സേവിക്കൽ
  • എന്റെ മുത്തശ്ശീ​മു​ത്ത​ശ്ശൻമാർ നൽകിയ പരിശീ​ല​നം
  • പീഡന​ങ്ങ​ളു​ടെ വർഷങ്ങൾ
  • മാതാ​പി​താ​ക്ക​ളു​ടെ മാർഗ​നിർദേ​ശ​ത്തി​നു നന്ദി
  • വിവാ​ഹ​വും സഞ്ചാര​പ്ര​വർത്ത​ന​വും
  • മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കൽ
  • ദൈവത്തെ സ്‌നേഹിക്കാൻ മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിച്ചു
    വീക്ഷാഗോപുരം—1999
  • ഞങ്ങളുടെ സമ്പന്നമായ ആത്മീയ പൈതൃകം
    വീക്ഷാഗോപുരം—1995
  • ദൈവവുമായും എന്റെ അമ്മയുമായും ഞാൻ സമാധാനത്തിലായി
    2015 വീക്ഷാഗോപുരം
  • മാതാ​വോ പിതാ​വോ രോഗി​യാ​ണെ​ങ്കിൽ
    യുവജനങ്ങൾ ചോദിക്കുന്നു
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 10/1 പേ. 5-9

ഒരു അപൂർവ ക്രിസ്‌തീയ പൈതൃ​കം

ബ്ലോസം ബ്രാൻറ്‌ പറഞ്ഞ പ്രകാരം

ഞാൻ ജനിച്ച ദിവസ​മായ 1923 ജനുവരി 17-ാം തീയതി ടെക്‌സാ​സി​ലെ സാൻ അന്റോ​ണി​യോ​യിൽ മഞ്ഞു​പൊ​ഴി​യു​ന്നു​ണ്ടാ​യി​രു​ന്നു. പുറത്തു നല്ല തണുപ്പാ​യി​രു​ന്നു, എന്നാൽ ഞാൻ സ്‌നേ​ഹ​മുള്ള ക്രിസ്‌തീയ മാതാ​പി​താ​ക്ക​ളായ ജഡ്‌ജി​ന്റെ​യും ഹെലൻ നോറീ​സി​ന്റെ​യും ഊഷ്‌മ​ള​മായ കരങ്ങളി​ലേക്കു സ്വാഗ​ത​പൂർവം സ്വീക​രി​ക്ക​പ്പെട്ടു. എനിക്ക്‌ ഓർമ​വെ​ച്ച​നാൾമു​തൽ എന്റെ മാതാ​പി​താ​ക്കൾ ചെയ്‌ത​തെ​ല്ലാം യഹോ​വ​യാം ദൈവ​ത്തോ​ടുള്ള അവരുടെ ആരാധ​നയെ കേന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു.

അമ്മയ്‌ക്ക്‌ എട്ടു വയസ്സു പ്രായ​മാ​യി​രുന്ന 1910-ൽ അവരുടെ മാതാ​പി​താ​ക്കൾ പെൻസിൽവേ​നി​യാ​യി​ലെ പിററ്‌സ്‌ബർഗി​ന​ടു​ത്തു​നി​ന്നു ടെക്‌സാ​സി​ലെ ആൽവിനു പുറത്തുള്ള ഒരു കൃഷി​യി​ട​ത്തി​ലേക്കു താമസം മാററി. അവി​ടെ​വെച്ച്‌ ഒരു അയൽവാ​സി​യിൽനി​ന്നു ബൈബിൾസ​ത്യ​ങ്ങൾ പഠിക്കാൻ കഴിഞ്ഞ​തിൽ അവർ ആഹ്ലാദി​ച്ചു. മമ്മിയു​ടെ ശേഷി​ച്ച​കാ​ലം രാജ്യ​പ്ര​ത്യാ​ശ​യിൽ തത്‌പ​ര​രായ ആളുകളെ അന്വേ​ഷി​ച്ചു​കൊ​ണ്ടു ചെലവ​ഴി​ച്ചു. ടെക്‌സാ​സി​ലെ ഹൂസ്‌റ​റ​ണി​ലേക്കു കുടും​ബം മാറി​ത്താ​മ​സി​ച്ച​തി​നു​ശേഷം 1912-ൽ അവർ സ്‌നാ​പ​ന​മേ​ററു.

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​റ​റി​യു​ടെ ആദ്യ​പ്ര​സി​ഡൻറായ ചാൾസ്‌ ററി. റസ്സലിനെ, അദ്ദേഹം ഹൂസ്‌റ​റ​ണി​ലെ അവരുടെ സഭ സന്ദർശിച്ച സമയത്ത്‌ അമ്മയും അവരുടെ മാതാ​പി​താ​ക്ക​ളും ആദ്യമാ​യി കണ്ടു. സൊ​സൈ​റ​റി​യു​ടെ സഞ്ചാര​പ്ര​തി​നി​ധി​കൾക്കു വീട്ടു​കാർ കൂടെ​ക്കൂ​ടെ തങ്ങളുടെ ഭവനങ്ങ​ളിൽ ആതിഥ്യ​മ​രു​ളി​യി​രു​ന്നു, അവർ അന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌ പിൽഗ്രിംസ്‌ എന്നായി​രു​ന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞ​പ്പോൾ മമ്മി അവരുടെ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ഇല്ലി​നോ​യി​സി​ലെ ചിക്കാ​ഗോ​യി​ലേക്കു താമസം മാററി, റസ്സൽ സഹോ​ദരൻ അവിടത്തെ സഭയും സന്ദർശി​ക്കു​മാ​യി​രു​ന്നു.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ്പ​തി​നെ​ട്ടിൽ മുത്തശ്ശി​ക്കു സ്‌പാ​നി​ഷ്‌ഫ്‌ളൂ പിടി​പെട്ടു. അതു നിമിത്തം ആരോ​ഗ്യം ക്ഷയിച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ അവരെ കൂടുതൽ ചൂടനു​ഭ​വ​പ്പെ​ടുന്ന കാലാ​വ​സ്ഥ​യു​ള്ള​ട​ത്തേക്കു മാററി​ത്താ​മ​സി​പ്പി​ക്ക​ണ​മെന്നു ഡോക്ടർമാർ നിർദേ​ശി​ച്ചു. മുത്തശ്ശൻ പുൾമാൻ റെയിൽവേ കമ്പനി​യിൽ ജോലി​നോ​ക്കി​യി​രു​ന്ന​തി​നാൽ, 1919-ൽ അദ്ദേഹം തിരികെ ടെക്‌സാ​സി​ലേക്ക്‌ ഒരു സ്ഥലംമാ​ററം തരപ്പെ​ടു​ത്തി. അവിടെ സാൻ അന്റോ​ണി​യോ​യിൽ മമ്മി സഭയിലെ ഒരു തീക്ഷ്‌ണ​ത​യുള്ള അംഗമായ ജഡ്‌ജ്‌ നോറീസ്‌ എന്ന ഒരു യുവാ​വി​നെ കണ്ടുമു​ട്ടി. കണ്ടപാടെ അവർ ആകൃഷ്ട​രാ​യി, കാല​ക്ര​മ​ത്തിൽ അവർ വിവാ​ഹി​ത​രാ​കു​ക​യും ജഡ്‌ജ്‌ എന്റെ പിതാ​വാ​കു​ക​യും ചെയ്‌തു.

പിതാവ്‌ ബൈബിൾസ​ത്യം പഠിക്കു​ന്നു

ജഡ്‌ജ്‌ (“ന്യായാ​ധി​പൻ”) എന്ന അദ്ദേഹ​ത്തി​ന്റെ അസാധാ​രണ നാമം ജനിച്ച​പ്പോൾത്തന്നെ ഇട്ടതാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ഡാഡി ആദ്യമാ​യി കുട്ടി​യെ​ക്ക​ണ്ട​പ്പോൾ ഇങ്ങനെ പറഞ്ഞു: “ഈ ശിശു ഒരു ജഡ്‌ജി​യെ​പ്പോ​ലെ ഗൗരവ​മു​ള്ള​വ​നാണ്‌,” അങ്ങനെ അത്‌ അദ്ദേഹ​ത്തി​ന്റെ പേരാ​യി​ത്തീർന്നു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ്പ​തി​നേ​ഴിൽ, ഡാഡിക്കു 16 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ അദ്ദേഹ​ത്തി​നു വാച്ച്‌ ടവർ ബൈബിൾ ആൻറ്‌ ട്രാക്ട്‌ സൊ​സൈ​ററി അച്ചടിച്ച മരിച്ചവർ എവിടെ?, ദേഹി എന്താകു​ന്നു? എന്നീ ലഘു​ലേ​ഖകൾ ലഭിച്ചു. രണ്ടുവർഷം മുമ്പാ​യി​രു​ന്നു ഡാഡി​യു​ടെ പിതാവ്‌ മരിച്ചത്‌, മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യായി​രുന്ന അദ്ദേഹ​ത്തി​നു ലഘുലേഖ ഉത്തരം പ്രദാനം ചെയ്‌തു. അതേത്തു​ടർന്നു താമസി​യാ​തെ അദ്ദേഹം ബൈബിൾവി​ദ്യാർഥി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി, യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അപ്രകാ​ര​മാ​യി​രു​ന്നു അറിയ​പ്പെ​ട്ടി​രു​ന്നത്‌.

പെട്ടെ​ന്നു​ത​ന്നെ ഡാഡി സഭാ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കു​കൊ​ള്ളാൻ ആഗ്രഹി​ച്ചു. അദ്ദേഹ​ത്തി​നു പ്രസം​ഗ​വേല നിർവ​ഹി​ക്കാ​വുന്ന ഒരു പ്രദേശം തരപ്പെ​ടു​ത്തി, സ്‌കൂൾ വിട്ട​ശേഷം ലഘുലേഖ വിതരണം ചെയ്യാൻ അദ്ദേഹം സൈക്കി​ളിൽ അവി​ടേക്കു പോകു​മാ​യി​രു​ന്നു. രാജ്യ​പ്ര​ത്യാ​ശ പങ്കു​വെ​ക്കു​ന്ന​തിൽ അദ്ദേഹം മുഴു​വ​നാ​യി ആമഗ്നനാ​യി​ത്തീ​രു​ക​യും 1918 മാർച്ച്‌ 24-ന്‌ യഹോ​വ​ക്കുള്ള തന്റെ സമർപ്പണം ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.

അടുത്ത​വർഷം, മമ്മി സാൻ അന്റോ​ണി​യോ​യി​ലേക്കു താമസം മാറി​വ​ന്ന​പ്പോൾ, ഡാഡി പറഞ്ഞ​പോ​ലെ താൻ ഇതുവരെ കണ്ടിട്ടു​ള്ള​തി​ലേ​ക്കും​വെച്ച്‌ “ഏററവും മധുര​മാർന്ന പുഞ്ചി​രി​യി​ലും ഏററവും നീലയായ കണ്ണുക​ളി​ലും” പെട്ടെ​ന്നു​തന്നെ ആകൃഷ്ട​നാ​യി. തങ്ങൾ വിവാ​ഹി​ത​രാ​കാൻ ആഗ്രഹി​ക്കു​ന്നു​വെന്നു താമസി​യാ​തെ അറിയി​ച്ചു​വെ​ങ്കി​ലും അമ്മയുടെ മാതാ​പി​താ​ക്കളെ ബോധ്യ​പ്പെ​ടു​ത്തു​ന്ന​തിന്‌ അവർ നന്നേ പാടു​പെട്ടു. എന്നുവ​രി​കി​ലും, 1921 ഏപ്രിൽ 15-നു വിവാഹം നടന്നു. രണ്ടു​പേർക്കും മുഴു​സമയ ശുശ്രൂ​ഷ​യാ​യി​രു​ന്നു ജീവി​ത​ല​ക്ഷ്യം.

ശുശ്രൂ​ഷ​യി​ലെ നേര​ത്തെ​യുള്ള തുടക്കം

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​രു​പത്തി​ര​ണ്ടിൽ, ഒഹായോ സീഡാർ പോയിൻറ്‌ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ ആസൂ​ത്രണം ചെയ്‌തു​കൊ​ണ്ടു മമ്മിയും ഡാഡി​യും തിരക്കി​ലാ​യി​രുന്ന സമയത്താ​ണു മമ്മി എന്നെ ഗർഭം ധരിച്ചി​രി​ക്കു​ന്നു​വെന്ന്‌ അറിയു​ന്നത്‌. ഞാൻ ജനിച്ച​ശേഷം അധികം താമസി​യാ​തെ, ഡാഡിക്ക്‌ 22 വയസ്സാ​യി​രു​ന്ന​പ്പോൾ അദ്ദേഹം സഭയുടെ സർവിസ്‌ ഡയറക്ട​റാ​യി നിയമി​ത​നാ​യി. ഇതിന്റെ അർഥം വയൽസേവന ക്രമീ​ക​ര​ണങ്ങൾ അദ്ദേഹം ചെയ്യു​മെ​ന്നാ​യി​രു​ന്നു. ഞാൻ ജനിച്ച്‌ ഏതാനും ആഴ്‌ച​കൾക്കു​ള്ളിൽ എന്നെയും​കൊ​ണ്ടു മമ്മി വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യ്‌ക്കു പോയി. വാസ്‌ത​വ​ത്തിൽ എന്റെ വല്യപ്പ​നും വല്യമ്മ​യും ഞാൻ അവരോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ ഉണ്ടായി​രി​ക്കു​ന്നത്‌ ഇഷ്ടപ്പെട്ടു.

എനിക്കു രണ്ടു വയസ്സു മാത്രം പ്രായ​മാ​യി​രു​ന്ന​പ്പോൾ ടെക്‌സാ​സി​ലെ ഡള്ളാസി​ലേക്കു താമസം മാററിയ എന്റെ മാതാ​പി​താ​ക്കൾ മൂന്നു വർഷം കഴിഞ്ഞു പയനി​യർമാ​രാ​യി മുഴു​സമയ ശുശ്രൂഷ ആരംഭി​ച്ചു. രാത്രി​യിൽ അവർ റോഡ​രി​കിൽ ഒരു കട്ടിലിൽ ഉറങ്ങി, എന്നെ അവർ കാറിന്റെ പിൻസീ​റ​റിൽ കിടത്തി. തീർച്ച​യാ​യും അതൊരു രസമായി ഞാൻ കരുതി, എന്നാൽ പയനിയർ ജീവി​ത​ത്തിന്‌ അപ്പോ​ഴും അവർ തയ്യാറാ​യി​രു​ന്നി​ല്ലെന്നു താമസി​യാ​തെ വ്യക്തമാ​യി. അതു​കൊണ്ട്‌ ഡാഡി ഒരു ബിസി​നസ്‌ ആരംഭി​ച്ചു. കാല​ക്ര​മ​ത്തിൽ വീണ്ടും പയനി​യ​റിംഗ്‌ തുടങ്ങു​ന്ന​തി​ന്റെ ഒരുക്ക​മെ​ന്ന​നി​ല​യിൽ ഡാഡി താമസ​സൗ​ക​ര്യ​മുള്ള ഒരു ചെറിയ വണ്ടി (trailer) പണിക​ഴി​പ്പി​ച്ചു.

ഞാൻ സ്‌കൂ​ളിൽ പോകു​ന്ന​തി​നു മുമ്പു​തന്നെ അമ്മ എന്നെ എഴുതാ​നും വായി​ക്കാ​നും പഠിപ്പി​ച്ചു, എനിക്ക്‌ ഒന്നുമു​തൽ നാലു​വ​രെ​യുള്ള ഗുണന​പ്പ​ട്ടിക അറിയാ​മാ​യി​രു​ന്നു. പഠിക്കാൻ എന്നെ സഹായി​ക്കു​ന്ന​തി​ലാ​യി​രു​ന്നു എപ്പോ​ഴും അവരുടെ ശ്രദ്ധ. അവർ പാത്രങ്ങൾ കഴുകു​മ്പോൾ അവ തുടച്ച്‌ ഉണക്കു​ന്ന​തി​നു​വേണ്ടി അവർക്ക​ടു​ത്താ​യി ഒരു കസേര​യിൽ എന്നെ നിർത്തു​ക​യും തിരു​വെ​ഴു​ത്തു​കൾ ഹൃദി​സ്ഥ​മാ​ക്കാൻ അവർ എന്നെ പഠിപ്പി​ക്കു​ക​യും രാജ്യ​ഗീ​തങ്ങൾ അല്ലെങ്കിൽ അവയെ അന്നു പറഞ്ഞി​രു​ന്ന​പ്ര​കാ​രം സ്‌തു​തി​ഗീ​തങ്ങൾ (hymns) ആലപി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ദൈവത്തെ സേവിക്കൽ

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​മു​പ്പത്തൊ​ന്നിൽ, ഒഹാ​യോ​യി​ലെ കൊളം​ബ​സിൽ നടന്ന പുളക​പ്ര​ദ​മായ കൺ​വെൻ​ഷ​നിൽ ഞങ്ങൾ എല്ലാവ​രും സംബന്ധി​ച്ചു. അവി​ടെ​വ​ച്ചാ​ണു നമ്മൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേർ സ്വീക​രി​ച്ചത്‌. എനിക്ക്‌ അന്ന്‌ എട്ടു വയസ്സേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും, ഞാൻ കേട്ടി​ട്ടു​ള്ള​തി​ലേ​ക്കും​വെച്ച്‌ ഏററവും മനോ​ഹ​ര​മായ പേരാണ്‌ അതെന്ന്‌ എനിക്കു തോന്നി. ഞങ്ങൾ വീട്ടിൽ തിരി​ച്ചെ​ത്തി​യ​ശേഷം താമസി​യാ​തെ ഡാഡി​യു​ടെ ബിസി​നസ്‌ കത്തിച്ചാ​മ്പ​ലാ​യി, എന്നാൽ പയനി​യ​റിംഗ്‌ വീണ്ടും തുടങ്ങ​ണ​മെ​ന്ന​തി​നുള്ള “കർത്താ​വി​ന്റെ ഇഷ്ടം” എന്നനി​ല​യിൽ അവർ അതിനെ കണ്ടു. അങ്ങനെ 1932-ന്റെ വേനൽക്കാ​ലം​തൊട്ട്‌ അനേകം വർഷങ്ങൾ ഞങ്ങൾ മുഴു​സമയ ശുശ്രൂഷ ആസ്വദി​ച്ചു.

അപ്പോ​ഴും സാൻ അന്റോ​ണി​യോ​യിൽത്തന്നെ ആയിരുന്ന മമ്മിയു​ടെ മാതാ​പി​താ​ക്ക​ളു​ടെ അടുത്തു താമസി​ക്കാൻവേണ്ടി എന്റെ മാതാ​പി​താ​ക്കൾ സെൻട്രൽ ടെക്‌സാ​സിൽ പയനി​യ​റിംഗ്‌ നടത്തി. നിയമ​ന​സ്ഥ​ല​ങ്ങ​ളിൽനി​ന്നു നിയമ​ന​സ്ഥ​ല​ങ്ങ​ളി​ലേ​ക്കുള്ള മാററം ഞാൻ എന്റെ സ്‌കൂൾ കൂടെ​ക്കൂ​ടെ മാറു​ന്ന​തി​നെ അർഥമാ​ക്കി. അവർ എന്നെ വേണ്ടവി​ധ​ത്തിൽ പരിച​രി​ക്കു​ന്നി​ല്ലെ​ന്ന​പോ​ലെ, ചില​പ്പോ​ഴൊ​ക്കെ ചിന്തയി​ല്ലാത്ത സുഹൃ​ത്തു​ക്കൾ പറയു​മാ​യി​രു​ന്നു, “നിങ്ങൾക്ക്‌ എന്തു​കൊണ്ട്‌ ഒരു സ്ഥലത്തു സ്ഥിരമാ​യി താമസിച്ച്‌ ആ കുട്ടി​ക്കു​വേണ്ടി ഒരു ഭവനമു​ണ്ടാ​ക്കി​ക്കൂ​ടാ?” എന്നാൽ ഞങ്ങളുടെ ജീവിതം ആവേശ​ജ​ന​ക​മാ​ണെ​ന്നും ഞാൻ ഡാഡി​യെ​യും മമ്മി​യെ​യും അവരുടെ ശുശ്രൂ​ഷ​യിൽ സഹായി​ക്കു​ക​യാ​ണെ​ന്നും ഞാൻ വിചാ​രി​ച്ചു. വാസ്‌ത​വ​ത്തിൽ പിന്നീട്‌ എന്റെതന്നെ ജീവി​ത​ശൈലി ആകേണ്ടി​യി​രുന്ന സംഗതി​ക്കു​വേണ്ടി ഞാൻ പരിശീ​ലനം നേടു​ക​യും തയ്യാറാ​കു​ക​യും ആയിരു​ന്നു.

സ്‌നാ​പ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ന്ന​താ​യി ഞാൻ ഡാഡി​യോ​ടും മമ്മി​യോ​ടും മാസങ്ങ​ളോ​ളം പറഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു, അവരും അതി​നെ​ക്കു​റിച്ച്‌ എന്നോടു കൂടെ​ക്കൂ​ടെ സംസാ​രി​ക്കു​മാ​യി​രു​ന്നു. എന്റെ തീരു​മാ​നം എത്ര ഗൗരവ​മു​ള്ള​താ​ണെന്ന്‌ ഞാൻ അറിയു​ന്നു​വെന്ന്‌ ഉറപ്പാ​ക്കാൻ അവർ ആഗ്രഹി​ച്ചി​രു​ന്നു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​മു​പ്പത്തി​നാല്‌ ഡിസംബർ 31-ാം തീയതി എന്റെ ജീവി​ത​ത്തി​ലെ പ്രാധാ​ന്യ​മുള്ള ഈ സംഭവ​ത്തി​ന്റെ ദിവസം വന്നെത്തി. എന്നിരു​ന്നാ​ലും ഞാൻ ഇതുമാ​യി യഹോ​വയെ പ്രാർഥ​ന​യിൽ സമീപി​ച്ചി​ട്ടു​ണ്ടെന്ന്‌ അതിനു തലേരാ​ത്രി​യിൽ ഡാഡി ഉറപ്പാക്കി. എന്നിട്ട്‌ അദ്ദേഹം മനോ​ജ്ഞ​മായ ഒരു കൃത്യം നിർവ​ഹി​ച്ചു. അദ്ദേഹം ഞങ്ങളെ​യെ​ല്ലാ​വ​രെ​യും മുട്ടിൻമേൽ നിർത്തി​യിട്ട്‌ ഒരു പ്രാർഥന നടത്തി. തന്റെ കൊച്ചു​മ​ക​ളു​ടെ ജീവിതം യഹോ​വക്കു സമർപ്പി​ക്കാ​നുള്ള അവളുടെ തീരു​മാ​ന​ത്തിൽ താൻ അതീവ സന്തുഷ്ട​നാ​ണെന്ന്‌ അദ്ദേഹം യഹോ​വ​യോ​ടു പറഞ്ഞു. ആ രാത്രി ഞാൻ ഒരുകാ​ല​ത്തും മറക്കി​ല്ലെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും!

എന്റെ മുത്തശ്ശീ​മു​ത്ത​ശ്ശൻമാർ നൽകിയ പരിശീ​ല​നം

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​രു​പ​ത്തെ​ട്ടി​നും 1938-നും ഇടയിൽ സാൻ അന്റോ​ണി​യോ​യി​ലുള്ള എന്റെ മുത്തശ്ശ​നെ​യും മുത്തശ്ശി​യെ​യും സന്ദർശി​ച്ചു​കൊ​ണ്ടു ഞാൻ വളരെ​യ​ധി​കം സമയം ചെലവ​ഴി​ച്ചു. അവരുടെ പതിവു​ക്രമം ഏതാണ്ട്‌ എന്റെ മാതാ​പി​താ​ക്ക​ളു​ടേതു തന്നെയാ​യി​രു​ന്നു. മുത്തശ്ശി ഒരു കോൽപോർട്ടർ ആയിരു​ന്നു, പയനി​യർമാ​രെ അന്ന്‌ അങ്ങനെ​യാ​യി​രു​ന്നു വിളി​ച്ചി​രു​ന്നത്‌. പിന്നീട്‌ അവർ ഒരു അംശകാല പയനിയർ ആയിത്തീർന്നു. മുത്തശ്ശൻ 1929 ഡിസം​ബ​റിൽ പയനി​യ​റാ​യി നിയമി​ത​നാ​യി, അതിനാൽ വയൽസേ​വനം എല്ലായ്‌പോ​ഴും ദിവ​സേ​ന​യുള്ള ഒരു പ്രവർത്ത​ന​മാ​യി​രു​ന്നു.

രാത്രി​യിൽ മുത്തശ്ശൻ എന്നെ കൈക​ളി​ലേ​ന്തി​ക്കൊണ്ട്‌ നക്ഷത്ര​ങ്ങ​ളു​ടെ പേരുകൾ പഠിപ്പി​ക്കു​മാ​യി​രു​ന്നു. അദ്ദേഹം ഓർമ​യിൽനിന്ന്‌ എന്നെ കവിത ചൊല്ലി​കേൾപ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അദ്ദേഹം റെയിൽറോ​ഡി​നു​വേണ്ടി ജോലി ചെയ്‌തി​രുന്ന സമയത്ത്‌ അദ്ദേഹ​ത്തോ​ടൊ​പ്പം ഞാൻ പലപ്രാ​വ​ശ്യം പൾമാൻസ്‌ തീവണ്ടി​യിൽ യാത്ര ചെയ്‌തു. ഞാൻ വിഷമ​ത്തി​ലാ​യി​രു​ന്ന​പ്പോൾ എല്ലായ്‌പോ​ഴും അദ്ദേഹത്തെ എനിക്ക്‌ ആശ്രയി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അദ്ദേഹം എന്നെ ആശ്വസി​പ്പി​ക്കു​ക​യും എന്റെ കണ്ണുനീർ തുടയ്‌ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. പെരു​മാ​റ​റ​ദോ​ഷ​ങ്ങൾക്കു ഞാൻ ശാസി​ക്ക​പ്പെട്ട്‌ ആശ്വാ​സം​തേടി അദ്ദേഹ​ത്തി​ന​ടു​ത്തു ചെല്ലു​മ്പോൾ അദ്ദേഹം നിസ്സാ​ര​മ​ട്ടിൽ പറയു​മാ​യി​രു​ന്നു (ആ വാക്കുകൾ ആ സമയത്ത്‌ എനിക്കു മനസ്സി​ലാ​കു​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അവയുടെ സ്വരം വളരെ വ്യക്തമാ​യി​രു​ന്നു): “ഓമനേ, കുററ​ക്കാ​രന്റെ വഴി കാഠി​ന്യ​മേ​റി​യ​താണ്‌.”

പീഡന​ങ്ങ​ളു​ടെ വർഷങ്ങൾ

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​മു​പ്പ​ത്തൊ​മ്പ​തിൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം ആരംഭി​ച്ചു, യഹോ​വ​യു​ടെ ജനം പീഡന​വും ജനക്കൂ​ട്ട​ത്താ​ലുള്ള അക്രമ​ങ്ങ​ളും അനുഭ​വി​ച്ചു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​മു​പ്പ​ത്തൊ​മ്പ​തി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേക്ക്‌ മമ്മി കടുത്ത രോഗാ​വ​സ്ഥ​യി​ലാ​കു​ക​യും അവസാനം ശസ്‌ത്ര​ക്രിയ ആവശ്യ​മാ​യി​വ​രി​ക​യും ചെയ്‌ത​തി​നെ​ത്തു​ടർന്ന്‌ ഞങ്ങൾ സാൻ അന്റോ​ണി​യോ​യി​ലേക്കു തിരികെ പോയി.

സാൻ അന്റോ​ണി​യോ​യു​ടെ തെരു​വു​ക​ളിൽ ഞങ്ങൾ മാസി​കാ​വേല ചെയ്യു​മ്പോൾ ആളുകൾ പ്രതി​ഷേ​ധ​പൂർവം ഒന്നിച്ചു​കൂ​ടു​മാ​യി​രു​ന്നു. എന്നാൽ ഓരോ ആഴ്‌ച​യും ഒരു കുടും​ബ​മെ​ന്ന​നി​ല​യിൽ ഞങ്ങൾ അവിടെ ഉണ്ടാകു​മാ​യി​രു​ന്നു, ഓരോ​രു​ത്ത​രും അവരവ​രു​ടെ നിയമിത സ്ഥാനങ്ങ​ളിൽ തന്നെ. അവർ ഡാഡിയെ ഇഴച്ചു​വ​ലിച്ച്‌ പൊലീസ്‌ സ്‌റേ​റ​ഷ​നി​ലേക്കു കൊണ്ടു​പോ​കു​ന്നതു ഞാൻ പലപ്പോ​ഴും നോക്കി​നി​ന്നു.

മമ്മിക്കു പയനി​യ​റിംഗ്‌ നിറു​ത്തേ​ണ്ടി​വ​ന്നു​വെ​ങ്കി​ലും ഡാഡി അതു തുടരു​വാൻ ശ്രമിച്ചു. എന്നിരു​ന്നാ​ലും, അംശകാല ജോലി​യിൽനി​ന്നു വേണ്ടത്ര വരുമാ​ന​മു​ണ്ടാ​ക്കാൻ കഴിയാ​ഞ്ഞ​തി​നാൽ അദ്ദേഹ​ത്തി​നും അതു നിറു​ത്തേ​ണ്ടി​വന്നു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​മു​പ്പ​ത്തൊ​മ്പ​തിൽ ഞാൻ എന്റെ സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി, ഞാനും ഒരു ജോലി​യിൽ പ്രവേ​ശി​ച്ചു.

ഡാഡി​യു​ടെ ജഡ്‌ജ്‌ (“ന്യായാ​ധി​പൻ”) എന്ന പേര്‌ ആ വർഷങ്ങ​ളിൽ നന്നായി പ്രയോ​ജ​ന​പ്പെട്ടു. ഉദാഹ​ര​ണ​ത്തിന്‌, സുഹൃ​ത്തു​ക്ക​ളു​ടെ ഒരു കൂട്ടം സാൻ അന്റോ​ണി​യോ​യ്‌ക്കു തൊട്ടു വടക്കു ഭാഗത്തുള്ള ഒരു പട്ടണത്തിൽ സാക്ഷീ​ക​രി​ക്കാൻവേണ്ടി പോയി, എന്നാൽ നഗരാ​ധി​പൻ അവരെ​യെ​ല്ലാം ജയിലി​ല​ട​യ്‌ക്കാൻ തുടങ്ങി. എന്റെ മുത്തശ്ശീ​മു​ത്ത​ശ്ശൻമാർ ഉൾപ്പെടെ ഏതാണ്ടു 35 പേരെ അയാൾ അറസ്‌ററു ചെയ്‌തി​രു​ന്നു. അവർ ഡാഡിയെ വിവര​മ​റി​യി​ച്ച​ത​നു​സ​രിച്ച്‌ അദ്ദേഹം അവിടെ പാഞ്ഞെത്തി. അദ്ദേഹം നഗരാ​ധി​പന്റെ ആഫീസി​ലേക്കു ചെന്നു പറഞ്ഞു: “ഞാൻ സാൻ അന്റോ​ണി​യോ​യിൽനി​ന്നുള്ള ജഡ്‌ജ്‌ നോറീസ്‌ ആണ്‌.”

“ന്യായാ​ധി​പ​നായ അങ്ങേയ്‌ക്കു​വേണ്ടി ഞാൻ എന്താണു ചെയ്യേ​ണ്ടത്‌?” എന്നു നഗരാ​ധി​പൻ ചോദി​ച്ചു.

“ഈ ആളുകളെ ജയിലിൽനി​ന്നു മോചി​പ്പി​ക്കാ​നാ​ണു ഞാൻ വന്നിരി​ക്കു​ന്നത്‌,” എന്നു ഡാഡി മറുപടി പറഞ്ഞു. അതോടെ ജാമ്യം കൂടാ​തെ​തന്നെ നഗരാ​ധി​പൻ അവരെ വിട്ടയച്ചു—കൂടു​ത​ലായ ചോദ്യ​ങ്ങ​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല!

ഡാഡിക്കു നഗരത്തി​ന്റെ വ്യാപാ​ര​പ്ര​ദേ​ശ​ത്തുള്ള ഓഫീസ്‌ കെട്ടി​ട​ങ്ങ​ളിൽ സാക്ഷീ​ക​രി​ക്കാൻ താത്‌പ​ര്യ​മാ​യി​രു​ന്നു, വിശേ​ഷിച്ച്‌ ന്യായാ​ധി​പൻമാ​രെ​യും അഭിഭാ​ഷ​ക​രെ​യും സന്ദർശി​ക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. റിസപ്‌ഷ​നി​സ്‌റ​റി​നോട്‌ അദ്ദേഹം പറയു​മാ​യി​രു​ന്നു: “ഞാൻ ജഡ്‌ജ്‌ നോറീസ്‌ ആണ്‌, ഞാൻ ഇന്ന ജഡ്‌ജി​യെ കാണാ​നാ​ണു വന്നത്‌.”

എന്നിട്ട്‌, ജഡ്‌ജി​യെ കണ്ടുമു​ട്ടു​മ്പോൾ ആദ്യമേ അദ്ദേഹം എല്ലായ്‌പോ​ഴും ഇങ്ങനെ പറയു​മാ​യി​രു​ന്നു: “ഇപ്പോൾ, എന്റെ ആഗമ​നോ​ദ്ദേ​ശ്യ​ത്തെ കുറിച്ചു പറയു​ന്ന​തി​നു​മുമ്പ്‌ താങ്ക​ളെ​ക്കാൾ ദീർഘ​കാ​ല​മാ​യി ഞാൻ ഒരു ജഡ്‌ജി​യാണ്‌ എന്നു വിവരി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ഞാൻ ജീവി​ത​കാ​ല​മെ​ല്ലാം ഒരു ജഡ്‌ജി​യാണ്‌.” എന്നിട്ട്‌ തന്റെ പേർ ലഭിച്ച വിധം അദ്ദേഹം വിവരി​ക്കു​മാ​യി​രു​ന്നു. ഇത്‌ അവർക്ക്‌ ഒരു സൗഹാർദ​പ​ര​മായ തുടക്കം പ്രദാനം ചെയ്‌തു, ആ നാളു​ക​ളിൽ അദ്ദേഹം ജഡ്‌ജി​മാ​രു​മാ​യി നല്ല ബന്ധങ്ങൾ നട്ടുവ​ളർത്തി.

മാതാ​പി​താ​ക്ക​ളു​ടെ മാർഗ​നിർദേ​ശ​ത്തി​നു നന്ദി

ഞാൻ വികാ​ര​വി​ക്ഷു​ബ്ധ​മായ കൗമാര വർഷങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​ക​യാ​യി​രു​ന്നു, ഡാഡി​യും മമ്മിയും എന്നെ നോക്കി എന്റെ പുറപ്പാട്‌ എന്തിനാ​ണെന്നു വിചാ​രിച്ച്‌ അത്ഭുത​പ്പെ​ടു​ക​യും ഉത്‌ക​ണ്‌ഠാ​കു​ല​രാ​കു​ക​യും ചെയ്‌തി​രു​ന്നു എന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. ഡാഡി​യു​ടെ​യും മമ്മിയു​ടെ​യും ഉത്തരം ഇല്ല എന്നായി​രി​ക്കും എന്നറി​ഞ്ഞു​കൊ​ണ്ടു​തന്നെ, എല്ലാ കുട്ടി​ക​ളും ചെയ്യാ​റു​ള്ള​തു​പോ​ലെ, എന്തെങ്കി​ലും ചെയ്യാ​നോ എവി​ടെ​യെ​ങ്കി​ലും പോകാ​നോ അനുവാ​ദം ചോദി​ച്ചു​കൊ​ണ്ടു ഞാൻ പലപ്രാ​വ​ശ്യം അവരെ പരീക്ഷി​ച്ചു. ചില​പ്പോൾ കരയു​ക​യും ചെയ്‌തു. “പോയി, നിനക്കി​ഷ്ട​മു​ള്ളതു ചെയ്‌തോ. ഞങ്ങൾക്ക്‌ ഒരു പ്രശ്‌ന​വു​മില്ല” എന്ന്‌ അവർ എപ്പോ​ഴെ​ങ്കി​ലും പറഞ്ഞി​രു​ന്നെ​ങ്കിൽ, വാസ്‌ത​വ​ത്തിൽ, ഞാൻ വല്ലാതെ പരി​ഭ്ര​മി​ക്കു​മാ​യി​രു​ന്നു.

അവരുടെ നിലവാ​ര​ങ്ങൾക്കു മാററം​വ​രു​ത്താൻ അവരെ സ്വാധീ​നി​ക്കു​ന്ന​തിന്‌ എനിക്കു കഴിയി​ല്ലെന്ന അറിവ്‌ എനിക്ക്‌ ഒരു സുരക്ഷി​ത​ത്വ​ബോ​ധം നൽകി. വാസ്‌ത​വ​ത്തിൽ, മററു ചെറു​പ്പ​ക്കാർ ബുദ്ധി​ശൂ​ന്യ​മായ വിനോ​ദങ്ങൾ ശുപാർശ ചെയ്‌ത​പ്പോൾ ഇത്‌ എനിക്ക്‌ അവരോട്‌ ഇങ്ങനെ പറയുക എളുപ്പ​മാ​ക്കി: “ഇതിന്‌ എന്റെ ഡാഡി എന്നെ അനുവ​ദി​ക്കില്ല.” എനിക്കു 16 വയസ്സാ​യ​പ്പോൾ ഡാഡി എനിക്കു ഡ്രൈ​വിംഗ്‌ പഠിക്കാ​നും ഡ്രൈ​വിംഗ്‌ ലൈസൻസ്‌ ലഭിക്കാ​നും വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​തന്നു. കൂടാതെ, ഏതാണ്ട്‌ ആ സമയത്തു​തന്നെ വീടിന്റെ ഒരു താക്കോ​ലും എന്നെ ഏൽപ്പിച്ചു. അദ്ദേഹ​ത്തിന്‌ എന്നെ വിശ്വാ​സ​മുണ്ട്‌ എന്നത്‌ എന്നിൽ വലിയ മതിപ്പു​ള​വാ​ക്കി. ഞാൻ വളരെ വളർന്നി​രി​ക്കു​ന്ന​താ​യി എനിക്കു തോന്നി, അത്‌ എനിക്ക്‌ ഒരു ഉത്തരവാ​ദി​ത്വ​ബോ​ധ​വും അവരുടെ വിശ്വാ​സം കളഞ്ഞു​കു​ളി​ക്കാ​തി​രി​ക്കാ​നുള്ള ഒരു ആഗ്രഹ​വും പ്രദാനം ചെയ്‌തു.

ആ നാളു​ക​ളിൽ വിവാ​ഹത്തെ സംബന്ധിച്ച്‌ അധികം ബുദ്ധ്യു​പ​ദേശം ലഭിച്ചി​രു​ന്നില്ല, എന്നാൽ ബൈബി​ളും “കർത്താ​വിൽ മാത്രം” വിവാഹം കഴിക്കു​ന്ന​തി​നെ സംബന്ധിച്ച്‌ അതു പറയു​ന്ന​തും ഡാഡിക്ക്‌ അറിയാ​മാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 7:39) ഞാൻ എപ്പോ​ഴെ​ങ്കി​ലും ലോക​ക്കാ​ര​നായ ഒരു യുവാ​വി​നെ വീട്ടി​ലേക്കു കൊണ്ടു​വ​ന്നാൽ അല്ലെങ്കിൽ അത്തരം ഒരുവ​നു​മാ​യി സമ്പർക്കം പുലർത്താ​നാ​ലോ​ചി​ച്ചാൽ അതു തന്നെ അങ്ങേയ​ററം നിരാ​ശ​പ്പെ​ടു​ത്തു​മെന്ന്‌ അദ്ദേഹം എന്നെ വ്യക്തമാ​യി ധരിപ്പി​ച്ചു. ഇക്കാര്യ​ത്തിൽ ഡാഡി പറയു​ന്നതു ശരിയാ​ണെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ, “കർത്താ​വിൽ” വിവാ​ഹി​ത​രാ​യ​തു​കൊ​ണ്ടു ഞാൻ അവരുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ സന്തുഷ്ടി​യും ഐക്യ​വും ദർശി​ച്ചി​രു​ന്നു.

എനിക്കു 18 വയസ്സു​ള്ള​പ്പോൾ, 1941-ൽ സഭയിലെ ഒരു യുവാ​വു​മാ​യി ഞാൻ പ്രേമ​ത്തി​ലാ​ണെന്നു തിരി​ച്ച​റി​ഞ്ഞു. അദ്ദേഹം ഒരു പയനി​യ​റും അഭിഭാ​ഷ​ക​നാ​കാൻ പഠിക്കു​ന്ന​വ​നും ആയിരു​ന്നു. ഞാൻ ആവേശ​ഭ​രി​ത​യാ​യി. ഞങ്ങൾ വിവാ​ഹി​ത​രാ​കാൻ ആഗ്രഹി​ക്കു​ന്നു​വെന്നു മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞ​പ്പോൾ അതിനു വിസമ്മ​ത​മോ നിരു​ത്സാ​ഹ​മോ പ്രകടി​പ്പി​ക്കു​ന്ന​തി​നു പകരം അവർ ഇതു മാത്രം പറഞ്ഞു: “ഞങ്ങൾക്കു നിന്നോട്‌ ഒരപേ​ക്ഷ​യുണ്ട്‌, നീ നന്നേ ചെറു​പ്പ​മാ​ണെന്നു ഞങ്ങൾ വിചാ​രി​ക്കു​ന്നു. നീ ഒരു വർഷം​കൂ​ടി കാത്തി​രി​ക്ക​ണ​മെ​ന്നാ​ണു ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌. നിങ്ങൾ വാസ്‌ത​വ​ത്തിൽ പ്രേമ​ത്തി​ലാ​ണെ​ങ്കിൽ ഒരു വർഷ​മൊ​ന്നും ഒരു പ്രശ്‌നമല്ല.”

ആ ജ്ഞാന​മേ​റിയ ഉപദേശം ശ്രദ്ധി​ച്ച​തിൽ ഞാൻ അതീവ നന്ദിയു​ള്ള​വ​ളാണ്‌. ഒരു വർഷത്തി​നു​ള്ളിൽ ഞാൻ ഏതാണ്ടു പക്വത​യിൽ എത്തുക​യും ഈ യുവാ​വിന്‌ ഒരു ഉത്തമ വിവാ​ഹ​പ​ങ്കാ​ളിക്ക്‌ ആവശ്യ​മായ ഗുണങ്ങൾ ഇല്ലെന്നു മനസ്സി​ലാ​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. അവസാനം അയാൾ സ്ഥാപനം വിട്ടു​പോ​യി, എന്റെ ജീവി​ത​ത്തി​ലെ ഒരു വൻദു​രന്തം ആകുമാ​യി​രു​ന്ന​തിൽനി​ന്നു ഞാൻ രക്ഷപെട്ടു. നമുക്ക്‌ ആശ്രയി​ക്കാൻ കഴിയുന്ന തീരു​മാ​നങ്ങൾ എടുക്കുന്ന വിവേ​ക​മ​തി​ക​ളായ മാതാ​പി​താ​ക്കൾ ഉണ്ടായി​രി​ക്കു​ന്നത്‌ എത്ര വിശിഷ്ടം!

വിവാ​ഹ​വും സഞ്ചാര​പ്ര​വർത്ത​ന​വും

പയനി​യ​റിം​ഗി​ലും അംശകാല ജോലി​യി​ലും ആയി ആറു വർഷം ചെലവ​ഴി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ 1946-ലെ ശീതകാ​ലത്ത്‌ ഞാൻ കണ്ടിട്ടു​ള്ള​തി​ലേ​ക്കും ഏററവും ഉത്തമനായ യുവാവ്‌ രാജ്യ​ഹാ​ളി​ലേക്കു കടന്നു​വന്നു. ജീൻ ബ്രാൻറി​നെ സഹോ​ദ​ര​ങ്ങൾക്കു​വേ​ണ്ടി​യുള്ള ഞങ്ങളുടെ സഞ്ചാര​ദാ​സനു ഒരു സഹായി​യാ​യി നിയമി​ച്ചി​രു​ന്നു, സഞ്ചാര​മേൽവി​ചാ​ര​കൻമാ​രെ അന്ന്‌ അങ്ങനെ​യാണ്‌ വിളി​ച്ചി​രു​ന്നത്‌. പരസ്‌പരം ആകർഷി​ക്ക​പ്പെട്ട ഞങ്ങൾ 1947 ആഗസ്‌ററ്‌ 5-നു വിവാ​ഹി​ത​രാ​യി.

കുറച്ചു നാളു​കൾക്കു​ശേഷം ഡാഡി​യും ജീനും ചേർന്ന്‌ ഒരു അക്കൗണ്ടിംഗ്‌ ഓഫീസ്‌ ആരംഭി​ച്ചു. എന്നാൽ ഡാഡി ജീനി​നോ​ടു പറഞ്ഞു: “ഈ ഓഫീസ്‌ നമ്മെ ഒരു യോഗ​ത്തിൽനി​ന്നോ ഒരു ദിവ്യാ​ധി​പത്യ നിയമ​ന​ത്തിൽനി​ന്നോ തടയുന്ന ദിവസം ഇതു പൂട്ടി താക്കോൽ ഞാൻ വലി​ച്ചെ​റി​യും.” ഈ ആത്മീയ വീക്ഷണത്തെ യഹോവ അനു​ഗ്ര​ഹി​ച്ചു, ഓഫീസ്‌ ഞങ്ങളുടെ ഭൗതിക ആവശ്യങ്ങൾ മതിയായ രീതി​യിൽ നിറ​വേ​റ​റു​ക​യും പയനി​യ​റിം​ഗി​നു സമയം അനുവ​ദി​ക്കു​ക​യും ചെയ്‌തു. ഡാഡി​യും ജീനും നല്ല ബിസി​ന​സു​കാ​രാ​യി​രു​ന്നു, ഞങ്ങൾക്കു എളുപ്പ​ത്തിൽ സമ്പന്നരാ​കാൻ കഴിയു​മാ​യി​രു​ന്നു, എന്നാൽ ഞങ്ങളുടെ ലക്ഷ്യം അതായി​രു​ന്നില്ല.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്ത​മ്പ​ത്തി​നാ​ലിൽ ജീൻ സർക്കിട്ട്‌ വേലയ്‌ക്കു ക്ഷണിക്ക​പ്പെട്ടു, ഇതു ഞങ്ങളുടെ ജീവി​ത​ത്തിൽ ഒരു വലിയ മാററത്തെ അർഥമാ​ക്കി. എന്റെ മാതാ​പി​താ​ക്കൾ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു? ഒരിക്കൽക്കൂ​ടി, അവരുടെ താത്‌പ​ര്യം തങ്ങളിൽത്തന്നെ ആയിരു​ന്നില്ല, മറിച്ച്‌ ദൈവ​രാ​ജ്യ താത്‌പ​ര്യ​ങ്ങ​ളി​ലും തങ്ങളുടെ കുട്ടി​ക​ളു​ടെ ആത്മീയ സുസ്ഥി​തി​യി​ലു​മാ​യി​രു​ന്നു. “നിങ്ങൾ ഞങ്ങൾക്കു കൊച്ചു​മ​ക്കളെ തരാത്തത്‌ എന്തു​കൊ​ണ്ടാണ്‌?” എന്ന്‌ അവർ ഒരിക്ക​ലും ഞങ്ങളോ​ടു പറഞ്ഞി​ട്ടില്ല. അതിനു പകരം, “മുഴു​സമയ സേവന​ത്തിൽ നിങ്ങളെ സഹായി​ക്കാൻ ഞങ്ങൾക്ക്‌ എന്താണു ചെയ്യാൻ കഴിയുക?” എന്നാണ്‌ അവർ എല്ലായ്‌പോ​ഴും ചോദി​ച്ചി​രു​ന്നത്‌.

അങ്ങനെ ഞങ്ങൾക്ക്‌ അവരെ വിട്ടു​പി​രി​യാ​നുള്ള ദിവസം വന്നു​ചേർന്ന​പ്പോൾ ഞങ്ങളുടെ മഹത്തായ പദവി​യിൽ അത്യധി​കം ആഹ്ലാദി​ക്കുന്ന പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ വാക്കുകൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളു. ഞങ്ങൾ അവരെ ഉപേക്ഷി​ക്കു​ക​യാ​ണെന്ന ഒരു തോന്നൽ അവർ ഞങ്ങളിൽ ഒരിക്ക​ലും ഉളവാ​ക്കി​യില്ല, മറിച്ച്‌ അവർ എല്ലായ്‌പോ​ഴും ഞങ്ങളെ നൂറു ശതമാ​ന​വും പിന്തു​ണച്ചു. ഞങ്ങൾ വീടു വിട്ട​ശേഷം അവർ പത്തുവർഷ​ത്തോ​ളം പയനി​യർവേ​ല​യിൽ തിര​ക്കോ​ടെ ഏർപ്പെട്ടു. സാൻ അന്റോ​ണി​യോ​യു​ടെ നഗര​മേൽവി​ചാ​ര​ക​നാ​യി നിയമി​ത​നായ ഡാഡി ആ പദവി​യിൽ 30 വർഷ​ത്തോ​ളം തുടർന്നു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​രു​പ​തു​ക​ളി​ലെ ഒരു സഭയിൽനിന്ന്‌ 1991-ൽ അദ്ദേഹം മരിക്കു​ന്ന​തി​നു​മുമ്പ്‌ 71 സഭകളാ​യുള്ള അതിന്റെ വളർച്ച കാണാൻ സാധി​ച്ച​തിൽ അദ്ദേഹം ആനന്ദിച്ചു.

എനിക്കും ജീനി​നും ജീവിതം ആവേശ​പൂർണ​മാ​യി​രു​ന്നു. മുപ്പ​ത്തൊ​ന്നി​ല​ധി​കം സംസ്ഥാ​ന​ങ്ങ​ളി​ലെ പ്രിയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രെ സേവി​ക്കു​ന്ന​തി​ന്റെ സമൃദ്ധ​മായ സന്തോഷം ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു, ഒരുപക്ഷേ എല്ലാറ​റി​നെ​ക്കാ​ളും ഉജ്ജ്വലം 1957-ൽ വാച്ച്‌ടവർ ബൈബിൾ സ്‌കൂൾ ഓഫ്‌ ഗിലെ​യാ​ദി​ന്റെ 29-ാമത്തെ ക്ലാസ്സിൽ സംബന്ധി​ക്കാൻ ലഭിച്ച പദവി​യാ​യി​രു​ന്നു. അതിനു​ശേഷം ഞങ്ങൾ സഞ്ചാര​പ്ര​വർത്ത​ന​ത്തി​ലേക്കു തിരി​ച്ചു​വന്നു. മാതാ​പി​താ​ക്കൾ 80 വയസ്സു പിന്നി​ട്ടി​രു​ന്നു, ആരോ​ഗ്യ​മാ​ണെ​ങ്കിൽ ക്ഷയിക്കു​ക​യു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ മുപ്പതു വർഷത്തെ സർക്കിട്ട്‌-ഡിസ്‌ട്രി​ക്‌ററ്‌ വേലയ്‌ക്കു​ശേഷം 1984-ൽ സൊ​സൈ​ററി ജീനിനു സാൻ അന്റോ​ണി​യോ​യിൽ ദയാപൂർവം ഒരു സർക്കിട്ട്‌ നിയമനം നൽകി.

മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കൽ

സാൻ അന്റോ​ണി​യോ​യി​ലേക്കു മടങ്ങി​വ​ന്നി​ട്ടു വെറും ഒന്നര വർഷം കഴിഞ്ഞ​പ്പോൾ മമ്മി ഒരു അർധ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും മരിക്കു​ക​യും ചെയ്‌തു. അതെല്ലാം സംഭവി​ച്ചതു വളരെ പെട്ടെ​ന്നാ​യി​രു​ന്നു, ഞാൻ അവരോ​ടു പറയാൻ ആഗ്രഹി​ച്ച​തൊ​ന്നും എനിക്കു പറയാൻ കഴിഞ്ഞില്ല. ഡാഡി​യു​മാ​യി കൂടുതൽ സംസാ​രി​ക്കാൻ ഇത്‌ എന്നെ പഠിപ്പി​ച്ചു. അറുപ​ത്തഞ്ചു വർഷത്തെ വിവാ​ഹ​ജീ​വി​ത​ത്തി​നു​ശേഷം സംഭവിച്ച ഭാര്യ​യു​ടെ നഷ്ടം ഡാഡിക്ക്‌ വളരെ​യ​ധി​കം അനുഭ​വ​പ്പെട്ടു, എന്നാൽ സ്‌നേ​ഹ​വും പിന്തു​ണ​യും നൽകാൻ ഞങ്ങളു​ണ്ടാ​യി​രു​ന്നു.

ക്രിസ്‌തീ​യ യോഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​ലും പഠനത്തി​ലും സേവന​ത്തി​ലും ഉള്ള ഡാഡി​യു​ടെ ജീവിത മാതൃക മരണം​വരെ തുടർന്നു. വായന അദ്ദേഹ​ത്തിന്‌ ഇഷ്ടമാ​യി​രു​ന്നു. ഞങ്ങൾ സേവന​ത്തി​നു പോകു​മ്പോൾ അദ്ദേഹം ഒററയ്‌ക്കാ​കു​മാ​യി​രു​ന്നു. വീട്ടിൽ തിരി​ച്ചെത്തി ഞാൻ ചോദി​ക്കു​മാ​യി​രു​ന്നു, “അങ്ങേയ്‌ക്ക്‌ ഏകാന്ത​ത​യ​നു​ഭ​വ​പ്പെ​ട്ടോ?” വായന​യി​ലും പഠനത്തി​ലും തിര​ക്കോ​ടെ മുഴു​കി​യി​രുന്ന അദ്ദേഹ​ത്തിന്‌ അങ്ങനെ ഒരു ചിന്ത​പോ​ലും മനസ്സിൽ വന്നിരു​ന്നില്ല.

ആജീവ​നാ​ന്തം ഞങ്ങൾ നിലനിർത്തിയ മറെറാ​രു ശീലവു​മു​ണ്ടാ​യി​രു​ന്നു. ദൈനം​ദിന തിരു​വെ​ഴു​ത്തു​വാ​ക്യം പരിചി​ന്തി​ക്കു​ന്ന​തിന്‌ ഭക്ഷണം, വിശേ​ഷി​ച്ചു പ്രഭാ​ത​ഭ​ക്ഷണം, ഒരുമി​ച്ചി​രു​ന്നു കഴിക്ക​ണ​മെന്നു ഡാഡി എല്ലായ്‌പോ​ഴും നിർബ​ന്ധി​ച്ചി​രു​ന്നു. എന്റെ ചെറു​പ്പ​കാ​ലത്ത്‌ അതു ചെയ്യാതെ എന്നെ വീട്ടിനു പുറത്തു വിടു​മാ​യി​രു​ന്നില്ല. ചില​പ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: “അപ്പോൾ ഡാഡി, ഞാൻ സ്‌കൂ​ളിൽ (അല്ലെങ്കിൽ ജോലിക്ക്‌) എത്തി​ച്ചേ​രാൻ വൈകു​മ​ല്ലോ.”

“നീ താമസിച്ച്‌ എത്തി​ച്ചേ​രാൻ ഇടയാ​ക്കു​ന്നതു വാക്യ​പ​രി​ചി​ന്ത​നമല്ല; നീ സമയത്ത്‌ എഴു​ന്നേ​റ​റില്ല,” എന്ന്‌ അദ്ദേഹം പറയു​മാ​യി​രു​ന്നു. ഞാൻ അവിടെ തങ്ങി അതു കേൾക്ക​ണ​മാ​യി​രു​ന്നു. തന്റെ ജീവി​ത​ത്തി​ന്റെ അവസാന നാളു​കൾവരെ ഈ നല്ല മാതൃക നിലനിൽക്കു​ന്നു​ണ്ടെന്ന്‌ അദ്ദേഹം ഉറപ്പാക്കി. അദ്ദേഹം എനിക്കു നൽകിയ മറെറാ​രു പൈതൃ​ക​മാ​ണിത്‌.

ഡാഡി തന്റെ മരണം​വരെ മാനസി​ക​മാ​യി ജാഗരൂ​ക​നാ​യി​രു​ന്നു. അദ്ദേഹം ഒരിക്ക​ലും ബഹളം കൂട്ടു​ക​യോ പരാതി​പ്പെ​ടു​ക​യോ ചെയ്യാ​ഞ്ഞത്‌ അദ്ദേഹത്തെ പരിച​രി​ക്കു​ന്നത്‌ എളുപ്പ​മാ​ക്കി. ചില​പ്പോ​ഴൊ​ക്കെ അദ്ദേഹം തന്റെ സന്ധിവീ​ക്ക​ത്തെ​പ്പ​ററി സൂചി​പ്പി​ക്കു​മാ​യി​രു​ന്നു. അദ്ദേഹ​ത്തി​നു വാസ്‌ത​വ​ത്തി​ലു​ള്ളത്‌ “ആദാമ്യാ​പൂർണത”യാണെന്നു ഞാൻ അദ്ദേഹത്തെ ഓർമി​പ്പി​ക്കു​മാ​യി​രു​ന്നു. അതു കേട്ട്‌ അദ്ദേഹം ചിരി​ക്കു​മാ​യി​രു​ന്നു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റെ​റാന്ന്‌ നവംബർ 30-ലെ പ്രഭാ​ത​ത്തിൽ ഞാനും ജീനും ഡാഡി​യു​ടെ അടുത്തി​രി​ക്കു​മ്പോൾ അദ്ദേഹം മരണത്തിൽ നിദ്ര പ്രാപി​ച്ചു.

എനിക്കി​പ്പോൾ വയസ്സ്‌ 70 കഴിഞ്ഞി​രി​ക്കു​ന്നു. എന്റെ സ്‌നേ​ഹ​മുള്ള ക്രിസ്‌തീയ മാതാ​പി​താ​ക്ക​ളു​ടെ നല്ല മാതൃ​ക​യിൽനി​ന്നു ഞാൻ ഇപ്പോ​ഴും പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്നുണ്ട്‌. ഈ പൈതൃ​കത്തെ വരും​കാ​ല​ങ്ങ​ളി​ലെ​ല്ലാം ഉചിത​മാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ അതി​നോ​ടുള്ള എന്റെ മുഴു​വി​ല​മ​തി​പ്പും ഞാൻ തെളി​യി​ക്കു​മാ​റാ​കട്ടെ എന്നാണ്‌ എന്റെ ആത്മാർഥ​മായ പ്രാർഥന.—സങ്കീർത്തനം 71:17, 18.

[5-ാം പേജിലെ ചിത്രം]

മമ്മിയും ഞാനും

[7-ാം പേജിലെ ചിത്രം]

1. എന്റെ ആദ്യത്തെ കൺ​വെൻ​ഷൻ: 1923 സെപ്‌റ​റം​ബർ, ടെക്‌സാ​സി​ലെ സാൻ മാർക്കസ്‌

2. ഡാഡി​യു​ടെ അവസാ​നത്തെ കൺ​വെൻ​ഷൻ: 1991 ജൂൺ, ടെക്‌സാ​സി​ലെ ഫോർട്ട്‌ വർത്ത്‌ (ഇരിക്കു​ന്നത്‌ ഡാഡി)

[9-ാം പേജിലെ ചിത്രം]

ജീനും ബ്ലോസം ബ്രാൻറും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക