ഒരു അപൂർവ ക്രിസ്തീയ പൈതൃകം
ബ്ലോസം ബ്രാൻറ് പറഞ്ഞ പ്രകാരം
ഞാൻ ജനിച്ച ദിവസമായ 1923 ജനുവരി 17-ാം തീയതി ടെക്സാസിലെ സാൻ അന്റോണിയോയിൽ മഞ്ഞുപൊഴിയുന്നുണ്ടായിരുന്നു. പുറത്തു നല്ല തണുപ്പായിരുന്നു, എന്നാൽ ഞാൻ സ്നേഹമുള്ള ക്രിസ്തീയ മാതാപിതാക്കളായ ജഡ്ജിന്റെയും ഹെലൻ നോറീസിന്റെയും ഊഷ്മളമായ കരങ്ങളിലേക്കു സ്വാഗതപൂർവം സ്വീകരിക്കപ്പെട്ടു. എനിക്ക് ഓർമവെച്ചനാൾമുതൽ എന്റെ മാതാപിതാക്കൾ ചെയ്തതെല്ലാം യഹോവയാം ദൈവത്തോടുള്ള അവരുടെ ആരാധനയെ കേന്ദ്രീകരിച്ചായിരുന്നു.
അമ്മയ്ക്ക് എട്ടു വയസ്സു പ്രായമായിരുന്ന 1910-ൽ അവരുടെ മാതാപിതാക്കൾ പെൻസിൽവേനിയായിലെ പിററ്സ്ബർഗിനടുത്തുനിന്നു ടെക്സാസിലെ ആൽവിനു പുറത്തുള്ള ഒരു കൃഷിയിടത്തിലേക്കു താമസം മാററി. അവിടെവെച്ച് ഒരു അയൽവാസിയിൽനിന്നു ബൈബിൾസത്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിൽ അവർ ആഹ്ലാദിച്ചു. മമ്മിയുടെ ശേഷിച്ചകാലം രാജ്യപ്രത്യാശയിൽ തത്പരരായ ആളുകളെ അന്വേഷിച്ചുകൊണ്ടു ചെലവഴിച്ചു. ടെക്സാസിലെ ഹൂസ്ററണിലേക്കു കുടുംബം മാറിത്താമസിച്ചതിനുശേഷം 1912-ൽ അവർ സ്നാപനമേററു.
വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ആദ്യപ്രസിഡൻറായ ചാൾസ് ററി. റസ്സലിനെ, അദ്ദേഹം ഹൂസ്ററണിലെ അവരുടെ സഭ സന്ദർശിച്ച സമയത്ത് അമ്മയും അവരുടെ മാതാപിതാക്കളും ആദ്യമായി കണ്ടു. സൊസൈററിയുടെ സഞ്ചാരപ്രതിനിധികൾക്കു വീട്ടുകാർ കൂടെക്കൂടെ തങ്ങളുടെ ഭവനങ്ങളിൽ ആതിഥ്യമരുളിയിരുന്നു, അവർ അന്ന് അറിയപ്പെട്ടിരുന്നത് പിൽഗ്രിംസ് എന്നായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ മമ്മി അവരുടെ മാതാപിതാക്കളോടൊപ്പം ഇല്ലിനോയിസിലെ ചിക്കാഗോയിലേക്കു താമസം മാററി, റസ്സൽ സഹോദരൻ അവിടത്തെ സഭയും സന്ദർശിക്കുമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിപ്പതിനെട്ടിൽ മുത്തശ്ശിക്കു സ്പാനിഷ്ഫ്ളൂ പിടിപെട്ടു. അതു നിമിത്തം ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ അവരെ കൂടുതൽ ചൂടനുഭവപ്പെടുന്ന കാലാവസ്ഥയുള്ളടത്തേക്കു മാററിത്താമസിപ്പിക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചു. മുത്തശ്ശൻ പുൾമാൻ റെയിൽവേ കമ്പനിയിൽ ജോലിനോക്കിയിരുന്നതിനാൽ, 1919-ൽ അദ്ദേഹം തിരികെ ടെക്സാസിലേക്ക് ഒരു സ്ഥലംമാററം തരപ്പെടുത്തി. അവിടെ സാൻ അന്റോണിയോയിൽ മമ്മി സഭയിലെ ഒരു തീക്ഷ്ണതയുള്ള അംഗമായ ജഡ്ജ് നോറീസ് എന്ന ഒരു യുവാവിനെ കണ്ടുമുട്ടി. കണ്ടപാടെ അവർ ആകൃഷ്ടരായി, കാലക്രമത്തിൽ അവർ വിവാഹിതരാകുകയും ജഡ്ജ് എന്റെ പിതാവാകുകയും ചെയ്തു.
പിതാവ് ബൈബിൾസത്യം പഠിക്കുന്നു
ജഡ്ജ് (“ന്യായാധിപൻ”) എന്ന അദ്ദേഹത്തിന്റെ അസാധാരണ നാമം ജനിച്ചപ്പോൾത്തന്നെ ഇട്ടതായിരുന്നു. അദ്ദേഹത്തിന്റെ ഡാഡി ആദ്യമായി കുട്ടിയെക്കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “ഈ ശിശു ഒരു ജഡ്ജിയെപ്പോലെ ഗൗരവമുള്ളവനാണ്,” അങ്ങനെ അത് അദ്ദേഹത്തിന്റെ പേരായിത്തീർന്നു. ആയിരത്തിത്തൊള്ളായിരത്തിപ്പതിനേഴിൽ, ഡാഡിക്കു 16 വയസ്സുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിനു വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്ട് സൊസൈററി അച്ചടിച്ച മരിച്ചവർ എവിടെ?, ദേഹി എന്താകുന്നു? എന്നീ ലഘുലേഖകൾ ലഭിച്ചു. രണ്ടുവർഷം മുമ്പായിരുന്നു ഡാഡിയുടെ പിതാവ് മരിച്ചത്, മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിനു ലഘുലേഖ ഉത്തരം പ്രദാനം ചെയ്തു. അതേത്തുടർന്നു താമസിയാതെ അദ്ദേഹം ബൈബിൾവിദ്യാർഥികളുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, യഹോവയുടെ സാക്ഷികൾ അന്ന് അപ്രകാരമായിരുന്നു അറിയപ്പെട്ടിരുന്നത്.
പെട്ടെന്നുതന്നെ ഡാഡി സഭാപ്രവർത്തനങ്ങളിൽ പങ്കുകൊള്ളാൻ ആഗ്രഹിച്ചു. അദ്ദേഹത്തിനു പ്രസംഗവേല നിർവഹിക്കാവുന്ന ഒരു പ്രദേശം തരപ്പെടുത്തി, സ്കൂൾ വിട്ടശേഷം ലഘുലേഖ വിതരണം ചെയ്യാൻ അദ്ദേഹം സൈക്കിളിൽ അവിടേക്കു പോകുമായിരുന്നു. രാജ്യപ്രത്യാശ പങ്കുവെക്കുന്നതിൽ അദ്ദേഹം മുഴുവനായി ആമഗ്നനായിത്തീരുകയും 1918 മാർച്ച് 24-ന് യഹോവക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്തു.
അടുത്തവർഷം, മമ്മി സാൻ അന്റോണിയോയിലേക്കു താമസം മാറിവന്നപ്പോൾ, ഡാഡി പറഞ്ഞപോലെ താൻ ഇതുവരെ കണ്ടിട്ടുള്ളതിലേക്കുംവെച്ച് “ഏററവും മധുരമാർന്ന പുഞ്ചിരിയിലും ഏററവും നീലയായ കണ്ണുകളിലും” പെട്ടെന്നുതന്നെ ആകൃഷ്ടനായി. തങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നു താമസിയാതെ അറിയിച്ചുവെങ്കിലും അമ്മയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നതിന് അവർ നന്നേ പാടുപെട്ടു. എന്നുവരികിലും, 1921 ഏപ്രിൽ 15-നു വിവാഹം നടന്നു. രണ്ടുപേർക്കും മുഴുസമയ ശുശ്രൂഷയായിരുന്നു ജീവിതലക്ഷ്യം.
ശുശ്രൂഷയിലെ നേരത്തെയുള്ള തുടക്കം
ആയിരത്തിത്തൊള്ളായിരത്തിരുപത്തിരണ്ടിൽ, ഒഹായോ സീഡാർ പോയിൻറ് കൺവെൻഷനിൽ പങ്കെടുക്കാൻ ആസൂത്രണം ചെയ്തുകൊണ്ടു മമ്മിയും ഡാഡിയും തിരക്കിലായിരുന്ന സമയത്താണു മമ്മി എന്നെ ഗർഭം ധരിച്ചിരിക്കുന്നുവെന്ന് അറിയുന്നത്. ഞാൻ ജനിച്ചശേഷം അധികം താമസിയാതെ, ഡാഡിക്ക് 22 വയസ്സായിരുന്നപ്പോൾ അദ്ദേഹം സഭയുടെ സർവിസ് ഡയറക്ടറായി നിയമിതനായി. ഇതിന്റെ അർഥം വയൽസേവന ക്രമീകരണങ്ങൾ അദ്ദേഹം ചെയ്യുമെന്നായിരുന്നു. ഞാൻ ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ എന്നെയുംകൊണ്ടു മമ്മി വീടുതോറുമുള്ള ശുശ്രൂഷയ്ക്കു പോയി. വാസ്തവത്തിൽ എന്റെ വല്യപ്പനും വല്യമ്മയും ഞാൻ അവരോടൊപ്പം ശുശ്രൂഷയിൽ ഉണ്ടായിരിക്കുന്നത് ഇഷ്ടപ്പെട്ടു.
എനിക്കു രണ്ടു വയസ്സു മാത്രം പ്രായമായിരുന്നപ്പോൾ ടെക്സാസിലെ ഡള്ളാസിലേക്കു താമസം മാററിയ എന്റെ മാതാപിതാക്കൾ മൂന്നു വർഷം കഴിഞ്ഞു പയനിയർമാരായി മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. രാത്രിയിൽ അവർ റോഡരികിൽ ഒരു കട്ടിലിൽ ഉറങ്ങി, എന്നെ അവർ കാറിന്റെ പിൻസീററിൽ കിടത്തി. തീർച്ചയായും അതൊരു രസമായി ഞാൻ കരുതി, എന്നാൽ പയനിയർ ജീവിതത്തിന് അപ്പോഴും അവർ തയ്യാറായിരുന്നില്ലെന്നു താമസിയാതെ വ്യക്തമായി. അതുകൊണ്ട് ഡാഡി ഒരു ബിസിനസ് ആരംഭിച്ചു. കാലക്രമത്തിൽ വീണ്ടും പയനിയറിംഗ് തുടങ്ങുന്നതിന്റെ ഒരുക്കമെന്നനിലയിൽ ഡാഡി താമസസൗകര്യമുള്ള ഒരു ചെറിയ വണ്ടി (trailer) പണികഴിപ്പിച്ചു.
ഞാൻ സ്കൂളിൽ പോകുന്നതിനു മുമ്പുതന്നെ അമ്മ എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചു, എനിക്ക് ഒന്നുമുതൽ നാലുവരെയുള്ള ഗുണനപ്പട്ടിക അറിയാമായിരുന്നു. പഠിക്കാൻ എന്നെ സഹായിക്കുന്നതിലായിരുന്നു എപ്പോഴും അവരുടെ ശ്രദ്ധ. അവർ പാത്രങ്ങൾ കഴുകുമ്പോൾ അവ തുടച്ച് ഉണക്കുന്നതിനുവേണ്ടി അവർക്കടുത്തായി ഒരു കസേരയിൽ എന്നെ നിർത്തുകയും തിരുവെഴുത്തുകൾ ഹൃദിസ്ഥമാക്കാൻ അവർ എന്നെ പഠിപ്പിക്കുകയും രാജ്യഗീതങ്ങൾ അല്ലെങ്കിൽ അവയെ അന്നു പറഞ്ഞിരുന്നപ്രകാരം സ്തുതിഗീതങ്ങൾ (hymns) ആലപിക്കുകയും ചെയ്യുമായിരുന്നു.
മാതാപിതാക്കളോടൊപ്പം ദൈവത്തെ സേവിക്കൽ
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊന്നിൽ, ഒഹായോയിലെ കൊളംബസിൽ നടന്ന പുളകപ്രദമായ കൺവെൻഷനിൽ ഞങ്ങൾ എല്ലാവരും സംബന്ധിച്ചു. അവിടെവച്ചാണു നമ്മൾ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചത്. എനിക്ക് അന്ന് എട്ടു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ഞാൻ കേട്ടിട്ടുള്ളതിലേക്കുംവെച്ച് ഏററവും മനോഹരമായ പേരാണ് അതെന്ന് എനിക്കു തോന്നി. ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയശേഷം താമസിയാതെ ഡാഡിയുടെ ബിസിനസ് കത്തിച്ചാമ്പലായി, എന്നാൽ പയനിയറിംഗ് വീണ്ടും തുടങ്ങണമെന്നതിനുള്ള “കർത്താവിന്റെ ഇഷ്ടം” എന്നനിലയിൽ അവർ അതിനെ കണ്ടു. അങ്ങനെ 1932-ന്റെ വേനൽക്കാലംതൊട്ട് അനേകം വർഷങ്ങൾ ഞങ്ങൾ മുഴുസമയ ശുശ്രൂഷ ആസ്വദിച്ചു.
അപ്പോഴും സാൻ അന്റോണിയോയിൽത്തന്നെ ആയിരുന്ന മമ്മിയുടെ മാതാപിതാക്കളുടെ അടുത്തു താമസിക്കാൻവേണ്ടി എന്റെ മാതാപിതാക്കൾ സെൻട്രൽ ടെക്സാസിൽ പയനിയറിംഗ് നടത്തി. നിയമനസ്ഥലങ്ങളിൽനിന്നു നിയമനസ്ഥലങ്ങളിലേക്കുള്ള മാററം ഞാൻ എന്റെ സ്കൂൾ കൂടെക്കൂടെ മാറുന്നതിനെ അർഥമാക്കി. അവർ എന്നെ വേണ്ടവിധത്തിൽ പരിചരിക്കുന്നില്ലെന്നപോലെ, ചിലപ്പോഴൊക്കെ ചിന്തയില്ലാത്ത സുഹൃത്തുക്കൾ പറയുമായിരുന്നു, “നിങ്ങൾക്ക് എന്തുകൊണ്ട് ഒരു സ്ഥലത്തു സ്ഥിരമായി താമസിച്ച് ആ കുട്ടിക്കുവേണ്ടി ഒരു ഭവനമുണ്ടാക്കിക്കൂടാ?” എന്നാൽ ഞങ്ങളുടെ ജീവിതം ആവേശജനകമാണെന്നും ഞാൻ ഡാഡിയെയും മമ്മിയെയും അവരുടെ ശുശ്രൂഷയിൽ സഹായിക്കുകയാണെന്നും ഞാൻ വിചാരിച്ചു. വാസ്തവത്തിൽ പിന്നീട് എന്റെതന്നെ ജീവിതശൈലി ആകേണ്ടിയിരുന്ന സംഗതിക്കുവേണ്ടി ഞാൻ പരിശീലനം നേടുകയും തയ്യാറാകുകയും ആയിരുന്നു.
സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നതായി ഞാൻ ഡാഡിയോടും മമ്മിയോടും മാസങ്ങളോളം പറഞ്ഞുകൊണ്ടേയിരുന്നു, അവരും അതിനെക്കുറിച്ച് എന്നോടു കൂടെക്കൂടെ സംസാരിക്കുമായിരുന്നു. എന്റെ തീരുമാനം എത്ര ഗൗരവമുള്ളതാണെന്ന് ഞാൻ അറിയുന്നുവെന്ന് ഉറപ്പാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിനാല് ഡിസംബർ 31-ാം തീയതി എന്റെ ജീവിതത്തിലെ പ്രാധാന്യമുള്ള ഈ സംഭവത്തിന്റെ ദിവസം വന്നെത്തി. എന്നിരുന്നാലും ഞാൻ ഇതുമായി യഹോവയെ പ്രാർഥനയിൽ സമീപിച്ചിട്ടുണ്ടെന്ന് അതിനു തലേരാത്രിയിൽ ഡാഡി ഉറപ്പാക്കി. എന്നിട്ട് അദ്ദേഹം മനോജ്ഞമായ ഒരു കൃത്യം നിർവഹിച്ചു. അദ്ദേഹം ഞങ്ങളെയെല്ലാവരെയും മുട്ടിൻമേൽ നിർത്തിയിട്ട് ഒരു പ്രാർഥന നടത്തി. തന്റെ കൊച്ചുമകളുടെ ജീവിതം യഹോവക്കു സമർപ്പിക്കാനുള്ള അവളുടെ തീരുമാനത്തിൽ താൻ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം യഹോവയോടു പറഞ്ഞു. ആ രാത്രി ഞാൻ ഒരുകാലത്തും മറക്കില്ലെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും!
എന്റെ മുത്തശ്ശീമുത്തശ്ശൻമാർ നൽകിയ പരിശീലനം
ആയിരത്തിത്തൊള്ളായിരത്തിരുപത്തെട്ടിനും 1938-നും ഇടയിൽ സാൻ അന്റോണിയോയിലുള്ള എന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും സന്ദർശിച്ചുകൊണ്ടു ഞാൻ വളരെയധികം സമയം ചെലവഴിച്ചു. അവരുടെ പതിവുക്രമം ഏതാണ്ട് എന്റെ മാതാപിതാക്കളുടേതു തന്നെയായിരുന്നു. മുത്തശ്ശി ഒരു കോൽപോർട്ടർ ആയിരുന്നു, പയനിയർമാരെ അന്ന് അങ്ങനെയായിരുന്നു വിളിച്ചിരുന്നത്. പിന്നീട് അവർ ഒരു അംശകാല പയനിയർ ആയിത്തീർന്നു. മുത്തശ്ശൻ 1929 ഡിസംബറിൽ പയനിയറായി നിയമിതനായി, അതിനാൽ വയൽസേവനം എല്ലായ്പോഴും ദിവസേനയുള്ള ഒരു പ്രവർത്തനമായിരുന്നു.
രാത്രിയിൽ മുത്തശ്ശൻ എന്നെ കൈകളിലേന്തിക്കൊണ്ട് നക്ഷത്രങ്ങളുടെ പേരുകൾ പഠിപ്പിക്കുമായിരുന്നു. അദ്ദേഹം ഓർമയിൽനിന്ന് എന്നെ കവിത ചൊല്ലികേൾപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം റെയിൽറോഡിനുവേണ്ടി ജോലി ചെയ്തിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം ഞാൻ പലപ്രാവശ്യം പൾമാൻസ് തീവണ്ടിയിൽ യാത്ര ചെയ്തു. ഞാൻ വിഷമത്തിലായിരുന്നപ്പോൾ എല്ലായ്പോഴും അദ്ദേഹത്തെ എനിക്ക് ആശ്രയിക്കാൻ കഴിയുമായിരുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയും എന്റെ കണ്ണുനീർ തുടയ്ക്കുകയും ചെയ്യുമായിരുന്നു. പെരുമാററദോഷങ്ങൾക്കു ഞാൻ ശാസിക്കപ്പെട്ട് ആശ്വാസംതേടി അദ്ദേഹത്തിനടുത്തു ചെല്ലുമ്പോൾ അദ്ദേഹം നിസ്സാരമട്ടിൽ പറയുമായിരുന്നു (ആ വാക്കുകൾ ആ സമയത്ത് എനിക്കു മനസ്സിലാകുമായിരുന്നില്ലെങ്കിലും അവയുടെ സ്വരം വളരെ വ്യക്തമായിരുന്നു): “ഓമനേ, കുററക്കാരന്റെ വഴി കാഠിന്യമേറിയതാണ്.”
പീഡനങ്ങളുടെ വർഷങ്ങൾ
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊമ്പതിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു, യഹോവയുടെ ജനം പീഡനവും ജനക്കൂട്ടത്താലുള്ള അക്രമങ്ങളും അനുഭവിച്ചു. ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊമ്പതിന്റെ അവസാനമായപ്പോഴേക്ക് മമ്മി കടുത്ത രോഗാവസ്ഥയിലാകുകയും അവസാനം ശസ്ത്രക്രിയ ആവശ്യമായിവരികയും ചെയ്തതിനെത്തുടർന്ന് ഞങ്ങൾ സാൻ അന്റോണിയോയിലേക്കു തിരികെ പോയി.
സാൻ അന്റോണിയോയുടെ തെരുവുകളിൽ ഞങ്ങൾ മാസികാവേല ചെയ്യുമ്പോൾ ആളുകൾ പ്രതിഷേധപൂർവം ഒന്നിച്ചുകൂടുമായിരുന്നു. എന്നാൽ ഓരോ ആഴ്ചയും ഒരു കുടുംബമെന്നനിലയിൽ ഞങ്ങൾ അവിടെ ഉണ്ടാകുമായിരുന്നു, ഓരോരുത്തരും അവരവരുടെ നിയമിത സ്ഥാനങ്ങളിൽ തന്നെ. അവർ ഡാഡിയെ ഇഴച്ചുവലിച്ച് പൊലീസ് സ്റേറഷനിലേക്കു കൊണ്ടുപോകുന്നതു ഞാൻ പലപ്പോഴും നോക്കിനിന്നു.
മമ്മിക്കു പയനിയറിംഗ് നിറുത്തേണ്ടിവന്നുവെങ്കിലും ഡാഡി അതു തുടരുവാൻ ശ്രമിച്ചു. എന്നിരുന്നാലും, അംശകാല ജോലിയിൽനിന്നു വേണ്ടത്ര വരുമാനമുണ്ടാക്കാൻ കഴിയാഞ്ഞതിനാൽ അദ്ദേഹത്തിനും അതു നിറുത്തേണ്ടിവന്നു. ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊമ്പതിൽ ഞാൻ എന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, ഞാനും ഒരു ജോലിയിൽ പ്രവേശിച്ചു.
ഡാഡിയുടെ ജഡ്ജ് (“ന്യായാധിപൻ”) എന്ന പേര് ആ വർഷങ്ങളിൽ നന്നായി പ്രയോജനപ്പെട്ടു. ഉദാഹരണത്തിന്, സുഹൃത്തുക്കളുടെ ഒരു കൂട്ടം സാൻ അന്റോണിയോയ്ക്കു തൊട്ടു വടക്കു ഭാഗത്തുള്ള ഒരു പട്ടണത്തിൽ സാക്ഷീകരിക്കാൻവേണ്ടി പോയി, എന്നാൽ നഗരാധിപൻ അവരെയെല്ലാം ജയിലിലടയ്ക്കാൻ തുടങ്ങി. എന്റെ മുത്തശ്ശീമുത്തശ്ശൻമാർ ഉൾപ്പെടെ ഏതാണ്ടു 35 പേരെ അയാൾ അറസ്ററു ചെയ്തിരുന്നു. അവർ ഡാഡിയെ വിവരമറിയിച്ചതനുസരിച്ച് അദ്ദേഹം അവിടെ പാഞ്ഞെത്തി. അദ്ദേഹം നഗരാധിപന്റെ ആഫീസിലേക്കു ചെന്നു പറഞ്ഞു: “ഞാൻ സാൻ അന്റോണിയോയിൽനിന്നുള്ള ജഡ്ജ് നോറീസ് ആണ്.”
“ന്യായാധിപനായ അങ്ങേയ്ക്കുവേണ്ടി ഞാൻ എന്താണു ചെയ്യേണ്ടത്?” എന്നു നഗരാധിപൻ ചോദിച്ചു.
“ഈ ആളുകളെ ജയിലിൽനിന്നു മോചിപ്പിക്കാനാണു ഞാൻ വന്നിരിക്കുന്നത്,” എന്നു ഡാഡി മറുപടി പറഞ്ഞു. അതോടെ ജാമ്യം കൂടാതെതന്നെ നഗരാധിപൻ അവരെ വിട്ടയച്ചു—കൂടുതലായ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല!
ഡാഡിക്കു നഗരത്തിന്റെ വ്യാപാരപ്രദേശത്തുള്ള ഓഫീസ് കെട്ടിടങ്ങളിൽ സാക്ഷീകരിക്കാൻ താത്പര്യമായിരുന്നു, വിശേഷിച്ച് ന്യായാധിപൻമാരെയും അഭിഭാഷകരെയും സന്ദർശിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. റിസപ്ഷനിസ്ററിനോട് അദ്ദേഹം പറയുമായിരുന്നു: “ഞാൻ ജഡ്ജ് നോറീസ് ആണ്, ഞാൻ ഇന്ന ജഡ്ജിയെ കാണാനാണു വന്നത്.”
എന്നിട്ട്, ജഡ്ജിയെ കണ്ടുമുട്ടുമ്പോൾ ആദ്യമേ അദ്ദേഹം എല്ലായ്പോഴും ഇങ്ങനെ പറയുമായിരുന്നു: “ഇപ്പോൾ, എന്റെ ആഗമനോദ്ദേശ്യത്തെ കുറിച്ചു പറയുന്നതിനുമുമ്പ് താങ്കളെക്കാൾ ദീർഘകാലമായി ഞാൻ ഒരു ജഡ്ജിയാണ് എന്നു വിവരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജീവിതകാലമെല്ലാം ഒരു ജഡ്ജിയാണ്.” എന്നിട്ട് തന്റെ പേർ ലഭിച്ച വിധം അദ്ദേഹം വിവരിക്കുമായിരുന്നു. ഇത് അവർക്ക് ഒരു സൗഹാർദപരമായ തുടക്കം പ്രദാനം ചെയ്തു, ആ നാളുകളിൽ അദ്ദേഹം ജഡ്ജിമാരുമായി നല്ല ബന്ധങ്ങൾ നട്ടുവളർത്തി.
മാതാപിതാക്കളുടെ മാർഗനിർദേശത്തിനു നന്ദി
ഞാൻ വികാരവിക്ഷുബ്ധമായ കൗമാര വർഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു, ഡാഡിയും മമ്മിയും എന്നെ നോക്കി എന്റെ പുറപ്പാട് എന്തിനാണെന്നു വിചാരിച്ച് അത്ഭുതപ്പെടുകയും ഉത്കണ്ഠാകുലരാകുകയും ചെയ്തിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. ഡാഡിയുടെയും മമ്മിയുടെയും ഉത്തരം ഇല്ല എന്നായിരിക്കും എന്നറിഞ്ഞുകൊണ്ടുതന്നെ, എല്ലാ കുട്ടികളും ചെയ്യാറുള്ളതുപോലെ, എന്തെങ്കിലും ചെയ്യാനോ എവിടെയെങ്കിലും പോകാനോ അനുവാദം ചോദിച്ചുകൊണ്ടു ഞാൻ പലപ്രാവശ്യം അവരെ പരീക്ഷിച്ചു. ചിലപ്പോൾ കരയുകയും ചെയ്തു. “പോയി, നിനക്കിഷ്ടമുള്ളതു ചെയ്തോ. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല” എന്ന് അവർ എപ്പോഴെങ്കിലും പറഞ്ഞിരുന്നെങ്കിൽ, വാസ്തവത്തിൽ, ഞാൻ വല്ലാതെ പരിഭ്രമിക്കുമായിരുന്നു.
അവരുടെ നിലവാരങ്ങൾക്കു മാററംവരുത്താൻ അവരെ സ്വാധീനിക്കുന്നതിന് എനിക്കു കഴിയില്ലെന്ന അറിവ് എനിക്ക് ഒരു സുരക്ഷിതത്വബോധം നൽകി. വാസ്തവത്തിൽ, മററു ചെറുപ്പക്കാർ ബുദ്ധിശൂന്യമായ വിനോദങ്ങൾ ശുപാർശ ചെയ്തപ്പോൾ ഇത് എനിക്ക് അവരോട് ഇങ്ങനെ പറയുക എളുപ്പമാക്കി: “ഇതിന് എന്റെ ഡാഡി എന്നെ അനുവദിക്കില്ല.” എനിക്കു 16 വയസ്സായപ്പോൾ ഡാഡി എനിക്കു ഡ്രൈവിംഗ് പഠിക്കാനും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും വേണ്ട ക്രമീകരണങ്ങൾ ചെയ്തുതന്നു. കൂടാതെ, ഏതാണ്ട് ആ സമയത്തുതന്നെ വീടിന്റെ ഒരു താക്കോലും എന്നെ ഏൽപ്പിച്ചു. അദ്ദേഹത്തിന് എന്നെ വിശ്വാസമുണ്ട് എന്നത് എന്നിൽ വലിയ മതിപ്പുളവാക്കി. ഞാൻ വളരെ വളർന്നിരിക്കുന്നതായി എനിക്കു തോന്നി, അത് എനിക്ക് ഒരു ഉത്തരവാദിത്വബോധവും അവരുടെ വിശ്വാസം കളഞ്ഞുകുളിക്കാതിരിക്കാനുള്ള ഒരു ആഗ്രഹവും പ്രദാനം ചെയ്തു.
ആ നാളുകളിൽ വിവാഹത്തെ സംബന്ധിച്ച് അധികം ബുദ്ധ്യുപദേശം ലഭിച്ചിരുന്നില്ല, എന്നാൽ ബൈബിളും “കർത്താവിൽ മാത്രം” വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ച് അതു പറയുന്നതും ഡാഡിക്ക് അറിയാമായിരുന്നു. (1 കൊരിന്ത്യർ 7:39) ഞാൻ എപ്പോഴെങ്കിലും ലോകക്കാരനായ ഒരു യുവാവിനെ വീട്ടിലേക്കു കൊണ്ടുവന്നാൽ അല്ലെങ്കിൽ അത്തരം ഒരുവനുമായി സമ്പർക്കം പുലർത്താനാലോചിച്ചാൽ അതു തന്നെ അങ്ങേയററം നിരാശപ്പെടുത്തുമെന്ന് അദ്ദേഹം എന്നെ വ്യക്തമായി ധരിപ്പിച്ചു. ഇക്കാര്യത്തിൽ ഡാഡി പറയുന്നതു ശരിയാണെന്ന് എനിക്കറിയാമായിരുന്നു, എന്തുകൊണ്ടെന്നാൽ, “കർത്താവിൽ” വിവാഹിതരായതുകൊണ്ടു ഞാൻ അവരുടെ വിവാഹജീവിതത്തിൽ സന്തുഷ്ടിയും ഐക്യവും ദർശിച്ചിരുന്നു.
എനിക്കു 18 വയസ്സുള്ളപ്പോൾ, 1941-ൽ സഭയിലെ ഒരു യുവാവുമായി ഞാൻ പ്രേമത്തിലാണെന്നു തിരിച്ചറിഞ്ഞു. അദ്ദേഹം ഒരു പയനിയറും അഭിഭാഷകനാകാൻ പഠിക്കുന്നവനും ആയിരുന്നു. ഞാൻ ആവേശഭരിതയായി. ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നു മാതാപിതാക്കളോടു പറഞ്ഞപ്പോൾ അതിനു വിസമ്മതമോ നിരുത്സാഹമോ പ്രകടിപ്പിക്കുന്നതിനു പകരം അവർ ഇതു മാത്രം പറഞ്ഞു: “ഞങ്ങൾക്കു നിന്നോട് ഒരപേക്ഷയുണ്ട്, നീ നന്നേ ചെറുപ്പമാണെന്നു ഞങ്ങൾ വിചാരിക്കുന്നു. നീ ഒരു വർഷംകൂടി കാത്തിരിക്കണമെന്നാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങൾ വാസ്തവത്തിൽ പ്രേമത്തിലാണെങ്കിൽ ഒരു വർഷമൊന്നും ഒരു പ്രശ്നമല്ല.”
ആ ജ്ഞാനമേറിയ ഉപദേശം ശ്രദ്ധിച്ചതിൽ ഞാൻ അതീവ നന്ദിയുള്ളവളാണ്. ഒരു വർഷത്തിനുള്ളിൽ ഞാൻ ഏതാണ്ടു പക്വതയിൽ എത്തുകയും ഈ യുവാവിന് ഒരു ഉത്തമ വിവാഹപങ്കാളിക്ക് ആവശ്യമായ ഗുണങ്ങൾ ഇല്ലെന്നു മനസ്സിലാക്കാൻ തുടങ്ങുകയും ചെയ്തു. അവസാനം അയാൾ സ്ഥാപനം വിട്ടുപോയി, എന്റെ ജീവിതത്തിലെ ഒരു വൻദുരന്തം ആകുമായിരുന്നതിൽനിന്നു ഞാൻ രക്ഷപെട്ടു. നമുക്ക് ആശ്രയിക്കാൻ കഴിയുന്ന തീരുമാനങ്ങൾ എടുക്കുന്ന വിവേകമതികളായ മാതാപിതാക്കൾ ഉണ്ടായിരിക്കുന്നത് എത്ര വിശിഷ്ടം!
വിവാഹവും സഞ്ചാരപ്രവർത്തനവും
പയനിയറിംഗിലും അംശകാല ജോലിയിലും ആയി ആറു വർഷം ചെലവഴിച്ചുകഴിഞ്ഞപ്പോൾ 1946-ലെ ശീതകാലത്ത് ഞാൻ കണ്ടിട്ടുള്ളതിലേക്കും ഏററവും ഉത്തമനായ യുവാവ് രാജ്യഹാളിലേക്കു കടന്നുവന്നു. ജീൻ ബ്രാൻറിനെ സഹോദരങ്ങൾക്കുവേണ്ടിയുള്ള ഞങ്ങളുടെ സഞ്ചാരദാസനു ഒരു സഹായിയായി നിയമിച്ചിരുന്നു, സഞ്ചാരമേൽവിചാരകൻമാരെ അന്ന് അങ്ങനെയാണ് വിളിച്ചിരുന്നത്. പരസ്പരം ആകർഷിക്കപ്പെട്ട ഞങ്ങൾ 1947 ആഗസ്ററ് 5-നു വിവാഹിതരായി.
കുറച്ചു നാളുകൾക്കുശേഷം ഡാഡിയും ജീനും ചേർന്ന് ഒരു അക്കൗണ്ടിംഗ് ഓഫീസ് ആരംഭിച്ചു. എന്നാൽ ഡാഡി ജീനിനോടു പറഞ്ഞു: “ഈ ഓഫീസ് നമ്മെ ഒരു യോഗത്തിൽനിന്നോ ഒരു ദിവ്യാധിപത്യ നിയമനത്തിൽനിന്നോ തടയുന്ന ദിവസം ഇതു പൂട്ടി താക്കോൽ ഞാൻ വലിച്ചെറിയും.” ഈ ആത്മീയ വീക്ഷണത്തെ യഹോവ അനുഗ്രഹിച്ചു, ഓഫീസ് ഞങ്ങളുടെ ഭൗതിക ആവശ്യങ്ങൾ മതിയായ രീതിയിൽ നിറവേററുകയും പയനിയറിംഗിനു സമയം അനുവദിക്കുകയും ചെയ്തു. ഡാഡിയും ജീനും നല്ല ബിസിനസുകാരായിരുന്നു, ഞങ്ങൾക്കു എളുപ്പത്തിൽ സമ്പന്നരാകാൻ കഴിയുമായിരുന്നു, എന്നാൽ ഞങ്ങളുടെ ലക്ഷ്യം അതായിരുന്നില്ല.
ആയിരത്തിത്തൊള്ളായിരത്തമ്പത്തിനാലിൽ ജീൻ സർക്കിട്ട് വേലയ്ക്കു ക്ഷണിക്കപ്പെട്ടു, ഇതു ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാററത്തെ അർഥമാക്കി. എന്റെ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? ഒരിക്കൽക്കൂടി, അവരുടെ താത്പര്യം തങ്ങളിൽത്തന്നെ ആയിരുന്നില്ല, മറിച്ച് ദൈവരാജ്യ താത്പര്യങ്ങളിലും തങ്ങളുടെ കുട്ടികളുടെ ആത്മീയ സുസ്ഥിതിയിലുമായിരുന്നു. “നിങ്ങൾ ഞങ്ങൾക്കു കൊച്ചുമക്കളെ തരാത്തത് എന്തുകൊണ്ടാണ്?” എന്ന് അവർ ഒരിക്കലും ഞങ്ങളോടു പറഞ്ഞിട്ടില്ല. അതിനു പകരം, “മുഴുസമയ സേവനത്തിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് എന്താണു ചെയ്യാൻ കഴിയുക?” എന്നാണ് അവർ എല്ലായ്പോഴും ചോദിച്ചിരുന്നത്.
അങ്ങനെ ഞങ്ങൾക്ക് അവരെ വിട്ടുപിരിയാനുള്ള ദിവസം വന്നുചേർന്നപ്പോൾ ഞങ്ങളുടെ മഹത്തായ പദവിയിൽ അത്യധികം ആഹ്ലാദിക്കുന്ന പ്രോത്സാഹനത്തിന്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ അവരെ ഉപേക്ഷിക്കുകയാണെന്ന ഒരു തോന്നൽ അവർ ഞങ്ങളിൽ ഒരിക്കലും ഉളവാക്കിയില്ല, മറിച്ച് അവർ എല്ലായ്പോഴും ഞങ്ങളെ നൂറു ശതമാനവും പിന്തുണച്ചു. ഞങ്ങൾ വീടു വിട്ടശേഷം അവർ പത്തുവർഷത്തോളം പയനിയർവേലയിൽ തിരക്കോടെ ഏർപ്പെട്ടു. സാൻ അന്റോണിയോയുടെ നഗരമേൽവിചാരകനായി നിയമിതനായ ഡാഡി ആ പദവിയിൽ 30 വർഷത്തോളം തുടർന്നു. ആയിരത്തിത്തൊള്ളായിരത്തിരുപതുകളിലെ ഒരു സഭയിൽനിന്ന് 1991-ൽ അദ്ദേഹം മരിക്കുന്നതിനുമുമ്പ് 71 സഭകളായുള്ള അതിന്റെ വളർച്ച കാണാൻ സാധിച്ചതിൽ അദ്ദേഹം ആനന്ദിച്ചു.
എനിക്കും ജീനിനും ജീവിതം ആവേശപൂർണമായിരുന്നു. മുപ്പത്തൊന്നിലധികം സംസ്ഥാനങ്ങളിലെ പ്രിയ സഹോദരീസഹോദരൻമാരെ സേവിക്കുന്നതിന്റെ സമൃദ്ധമായ സന്തോഷം ഞങ്ങൾക്കുണ്ടായിരുന്നു, ഒരുപക്ഷേ എല്ലാററിനെക്കാളും ഉജ്ജ്വലം 1957-ൽ വാച്ച്ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദിന്റെ 29-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ ലഭിച്ച പദവിയായിരുന്നു. അതിനുശേഷം ഞങ്ങൾ സഞ്ചാരപ്രവർത്തനത്തിലേക്കു തിരിച്ചുവന്നു. മാതാപിതാക്കൾ 80 വയസ്സു പിന്നിട്ടിരുന്നു, ആരോഗ്യമാണെങ്കിൽ ക്ഷയിക്കുകയുമായിരുന്നു. അതുകൊണ്ട് മുപ്പതു വർഷത്തെ സർക്കിട്ട്-ഡിസ്ട്രിക്ററ് വേലയ്ക്കുശേഷം 1984-ൽ സൊസൈററി ജീനിനു സാൻ അന്റോണിയോയിൽ ദയാപൂർവം ഒരു സർക്കിട്ട് നിയമനം നൽകി.
മാതാപിതാക്കളെ പരിപാലിക്കൽ
സാൻ അന്റോണിയോയിലേക്കു മടങ്ങിവന്നിട്ടു വെറും ഒന്നര വർഷം കഴിഞ്ഞപ്പോൾ മമ്മി ഒരു അർധബോധാവസ്ഥയിലാകുകയും മരിക്കുകയും ചെയ്തു. അതെല്ലാം സംഭവിച്ചതു വളരെ പെട്ടെന്നായിരുന്നു, ഞാൻ അവരോടു പറയാൻ ആഗ്രഹിച്ചതൊന്നും എനിക്കു പറയാൻ കഴിഞ്ഞില്ല. ഡാഡിയുമായി കൂടുതൽ സംസാരിക്കാൻ ഇത് എന്നെ പഠിപ്പിച്ചു. അറുപത്തഞ്ചു വർഷത്തെ വിവാഹജീവിതത്തിനുശേഷം സംഭവിച്ച ഭാര്യയുടെ നഷ്ടം ഡാഡിക്ക് വളരെയധികം അനുഭവപ്പെട്ടു, എന്നാൽ സ്നേഹവും പിന്തുണയും നൽകാൻ ഞങ്ങളുണ്ടായിരുന്നു.
ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കുന്നതിലും പഠനത്തിലും സേവനത്തിലും ഉള്ള ഡാഡിയുടെ ജീവിത മാതൃക മരണംവരെ തുടർന്നു. വായന അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഞങ്ങൾ സേവനത്തിനു പോകുമ്പോൾ അദ്ദേഹം ഒററയ്ക്കാകുമായിരുന്നു. വീട്ടിൽ തിരിച്ചെത്തി ഞാൻ ചോദിക്കുമായിരുന്നു, “അങ്ങേയ്ക്ക് ഏകാന്തതയനുഭവപ്പെട്ടോ?” വായനയിലും പഠനത്തിലും തിരക്കോടെ മുഴുകിയിരുന്ന അദ്ദേഹത്തിന് അങ്ങനെ ഒരു ചിന്തപോലും മനസ്സിൽ വന്നിരുന്നില്ല.
ആജീവനാന്തം ഞങ്ങൾ നിലനിർത്തിയ മറെറാരു ശീലവുമുണ്ടായിരുന്നു. ദൈനംദിന തിരുവെഴുത്തുവാക്യം പരിചിന്തിക്കുന്നതിന് ഭക്ഷണം, വിശേഷിച്ചു പ്രഭാതഭക്ഷണം, ഒരുമിച്ചിരുന്നു കഴിക്കണമെന്നു ഡാഡി എല്ലായ്പോഴും നിർബന്ധിച്ചിരുന്നു. എന്റെ ചെറുപ്പകാലത്ത് അതു ചെയ്യാതെ എന്നെ വീട്ടിനു പുറത്തു വിടുമായിരുന്നില്ല. ചിലപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “അപ്പോൾ ഡാഡി, ഞാൻ സ്കൂളിൽ (അല്ലെങ്കിൽ ജോലിക്ക്) എത്തിച്ചേരാൻ വൈകുമല്ലോ.”
“നീ താമസിച്ച് എത്തിച്ചേരാൻ ഇടയാക്കുന്നതു വാക്യപരിചിന്തനമല്ല; നീ സമയത്ത് എഴുന്നേററില്ല,” എന്ന് അദ്ദേഹം പറയുമായിരുന്നു. ഞാൻ അവിടെ തങ്ങി അതു കേൾക്കണമായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന നാളുകൾവരെ ഈ നല്ല മാതൃക നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കി. അദ്ദേഹം എനിക്കു നൽകിയ മറെറാരു പൈതൃകമാണിത്.
ഡാഡി തന്റെ മരണംവരെ മാനസികമായി ജാഗരൂകനായിരുന്നു. അദ്ദേഹം ഒരിക്കലും ബഹളം കൂട്ടുകയോ പരാതിപ്പെടുകയോ ചെയ്യാഞ്ഞത് അദ്ദേഹത്തെ പരിചരിക്കുന്നത് എളുപ്പമാക്കി. ചിലപ്പോഴൊക്കെ അദ്ദേഹം തന്റെ സന്ധിവീക്കത്തെപ്പററി സൂചിപ്പിക്കുമായിരുന്നു. അദ്ദേഹത്തിനു വാസ്തവത്തിലുള്ളത് “ആദാമ്യാപൂർണത”യാണെന്നു ഞാൻ അദ്ദേഹത്തെ ഓർമിപ്പിക്കുമായിരുന്നു. അതു കേട്ട് അദ്ദേഹം ചിരിക്കുമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്ന് നവംബർ 30-ലെ പ്രഭാതത്തിൽ ഞാനും ജീനും ഡാഡിയുടെ അടുത്തിരിക്കുമ്പോൾ അദ്ദേഹം മരണത്തിൽ നിദ്ര പ്രാപിച്ചു.
എനിക്കിപ്പോൾ വയസ്സ് 70 കഴിഞ്ഞിരിക്കുന്നു. എന്റെ സ്നേഹമുള്ള ക്രിസ്തീയ മാതാപിതാക്കളുടെ നല്ല മാതൃകയിൽനിന്നു ഞാൻ ഇപ്പോഴും പ്രയോജനമനുഭവിക്കുന്നുണ്ട്. ഈ പൈതൃകത്തെ വരുംകാലങ്ങളിലെല്ലാം ഉചിതമായി ഉപയോഗിച്ചുകൊണ്ട് അതിനോടുള്ള എന്റെ മുഴുവിലമതിപ്പും ഞാൻ തെളിയിക്കുമാറാകട്ടെ എന്നാണ് എന്റെ ആത്മാർഥമായ പ്രാർഥന.—സങ്കീർത്തനം 71:17, 18.
[5-ാം പേജിലെ ചിത്രം]
മമ്മിയും ഞാനും
[7-ാം പേജിലെ ചിത്രം]
1. എന്റെ ആദ്യത്തെ കൺവെൻഷൻ: 1923 സെപ്ററംബർ, ടെക്സാസിലെ സാൻ മാർക്കസ്
2. ഡാഡിയുടെ അവസാനത്തെ കൺവെൻഷൻ: 1991 ജൂൺ, ടെക്സാസിലെ ഫോർട്ട് വർത്ത് (ഇരിക്കുന്നത് ഡാഡി)
[9-ാം പേജിലെ ചിത്രം]
ജീനും ബ്ലോസം ബ്രാൻറും