ദൈവത്തെ സ്നേഹിക്കാൻ മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിച്ചു
എലിസബത്ത് ട്രേസി പറഞ്ഞ പ്രകാരം
സായുധരായ ആ പുരുഷന്മാർ മമ്മിയെയും ഡാഡിയെയും ബലമായി കാറിൽനിന്നു പുറത്തിറക്കി. അവർ അന്നു രാവിലെ ഞങ്ങൾക്കെതിരെ ജനക്കൂട്ടത്തെ ഇളക്കിവിട്ടിരുന്നു. ഞാനും ചേച്ചിയും കാറിന്റെ പിൻസീറ്റിൽ തനിച്ചായിരുന്നു. ഞങ്ങളുടെ മാതാപിതാക്കളെ ഇനി എന്നെങ്കിലും കാണാൻ സാധിക്കുമോ എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. യു.എസ്.എ.-യിലുള്ള അലബാമയിലെ സെൽമയിൽ വെച്ച് 1941-ൽ നടന്ന ഭീതിപ്പെടുത്തുന്ന ആ സംഭവത്തിലേക്കു നയിച്ചത് എന്താണ്? മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിച്ച കാര്യങ്ങൾക്ക് ഈ അനുഭവവുമായി എന്തു ബന്ധമാണ് ഉണ്ടായിരുന്നത്?
എന്റെ ഡാഡിയുടെ പേർ ഡൂയി ഫൗണ്ടൻ എന്നായിരുന്നു. തീരെ ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ മരിച്ചു പോയതിനാൽ, ടെക്സാസിലെ ഒരു കൃഷിയിടത്തിൽ താമസിച്ചിരുന്ന ഒരു ബന്ധുവാണു ഡാഡിയെ വളർത്തിയത്. പിൽക്കാലത്ത് ഡാഡി എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യാൻ തുടങ്ങി. 1922-ൽ, 23 വയസ്സുള്ളപ്പോൾ വിന്നി എന്നു പേരുള്ള സുന്ദരിയായ ഒരു ടെക്സാസുകാരിയെ അദ്ദേഹം വിവാഹം കഴിച്ചു. ഒരു കുടുംബമൊക്കെയായി അവിടെ സ്ഥിരതാമസമാക്കാൻ ഡാഡി ആസൂത്രണം ചെയ്തു തുടങ്ങി.
ടെക്സാസിന്റെ കിഴക്കു ഭാഗത്ത്, ഗരിസൻ എന്ന കൊച്ചു പട്ടണത്തിനടുത്തായി വൃക്ഷ നിബിഡമായ ഒരു പ്രദേശത്തു ഡാഡി വീടു പണിതു. അവിടെ അദ്ദേഹം പഞ്ഞിയും ചോളവും ഉൾപ്പെടെ പലതും കൃഷി ചെയ്തിരുന്നു. പലതരം വളർത്തു മൃഗങ്ങളെയും ഡാഡി വളർത്തിയിരുന്നു. ക്രമേണ ഞങ്ങൾ ജനിച്ചു—ഡൂയി 1924 മേയിലും എഡ്വിന 1925 ഡിസംബറിലും ഞാൻ 1929 ജൂണിലും.
ബൈബിൾ സത്യം പഠിക്കുന്നു
ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാംഗങ്ങൾ ആയിരുന്നതിനാൽ തങ്ങൾക്കു ബൈബിൾ നന്നായി അറിയാം എന്നായിരുന്നു മമ്മിയും ഡാഡിയും വിചാരിച്ചിരുന്നത്. എന്നാൽ 1932-ൽ, വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച വിമോചനം, ഗവൺമെന്റ് എന്നീ ഇംഗ്ലീഷ് പുസ്തകങ്ങൾ ജി. ഡബ്ലിയു. കുക്ക് എന്നയാൾ ഡാഡിയുടെ ജ്യേഷ്ഠൻ മൊൺറോ ഫൗണ്ടന് നൽകി. താൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ എന്റെ മാതാപിതാക്കളുമായി പങ്കിടുന്നതിന് മിക്ക ദിവസവും പ്രഭാത ഭക്ഷണത്തിന്റെ സമയത്തു മൊൺറോ അങ്കിൾ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഞങ്ങളോപ്പം വീക്ഷാഗോപുരത്തിലെ ഒരു ലേഖനം വായിച്ചിട്ട് “യാദൃച്ഛികമായി” ആ മാസിക വീട്ടിൽ ഇട്ടിട്ടു പോകും. പിന്നീട് മമ്മിയും ഡാഡിയും അതു വായിക്കുമായിരുന്നു.
ഒരു ഞായറാഴ്ച രാവിലെ മൊൺറോ അങ്കിൾ ഡാഡിയെ ഒരു അയൽക്കാരന്റെ വീട്ടിൽ വെച്ചു നടക്കുന്ന ബൈബിൾ അധ്യയനത്തിനു ക്ഷണിച്ചു. ഡാഡിയുടെ എല്ലാ ചോദ്യങ്ങൾക്കും മിസ്റ്റർ കുക്ക് ബൈബിളിൽ നിന്ന് ഉത്തരം നൽകുമെന്ന് അദ്ദേഹം ഡാഡിക്ക് ഉറപ്പു നൽകി. അധ്യയനത്തിനു ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഡാഡി ആവേശപൂർവം ഞങ്ങളോടു പറഞ്ഞു: “എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചെന്നു മാത്രമല്ല, മറ്റു പല വിവരങ്ങളും എനിക്കു മനസ്സിലാക്കാൻ സാധിച്ചു! എനിക്ക് എല്ലാം അറിയാമെന്നായിരുന്നു എന്റെ വിചാരം. എന്നാൽ, നരകത്തെയും ആത്മാവിന്റെ അമർത്യതയെയും ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെയും ദൈവരാജ്യം എങ്ങനെ സ്ഥാപിതമാകും എന്നതിനെയും കുറിച്ചൊക്കെ മിസ്റ്റർ കുക്ക് വിശദീകരിക്കാൻ തുടങ്ങിയപ്പോൾ എനിക്കു ബൈബിളിനെ കുറിച്ച് ഒന്നും അറിയില്ലെന്നു തോന്നി!”
ഞങ്ങളുടെ വീട്ടിൽ ധാരാളം പേർ വരിക പതിവായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വന്നു മധുരപലഹാരവും പോപ്കോൺ ഉണ്ടകളും ഉണ്ടാക്കുമായിരുന്നു. മമ്മി പിയാനോ വായിക്കുമ്പോൾ അവർ പാട്ടു പാടുമായിരുന്നു. ക്രമേണ, ഇത്തരം സംഗതികൾ ബൈബിൾ വിഷയങ്ങളുടെ ചർച്ചയ്ക്കു വഴിമാറി. ചർച്ച ചെയ്തിരുന്ന എല്ലാ വിവരങ്ങളും കുട്ടികളായിരുന്ന ഞങ്ങൾക്കു മനസ്സിലായില്ലെങ്കിലും, ദൈവത്തോടും ബൈബിളിനോടും ഞങ്ങളുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന ശക്തമായ സ്നേഹം നിമിത്തം മക്കളായ ഞങ്ങൾ ഓരോരുത്തരും ദൈവത്തോടും അവന്റെ വചനത്തോടും സമാനമായ സ്നേഹം നട്ടുവളർത്തി.
പ്രതിവാര ബൈബിൾ ചർച്ചകൾക്കായി വേറെ ചിലരും തങ്ങളുടെ വീടുകൾ ലഭ്യമാക്കി. അത്തരം ചർച്ചകൾ മിക്കപ്പോഴും പുതിയ വീക്ഷാഗോപുരത്തിലെ വിഷയങ്ങളെ ആസ്പദമാക്കി ഉള്ളതായിരുന്നു. സമീപ പട്ടണങ്ങളായ ആപ്പിൾബിയിലും നക്കൊഡൊച്ചെസിലും യോഗങ്ങൾ നടക്കുമ്പോഴെല്ലാം മഴയോ വെയിലോ ഗണ്യമാക്കാതെ ഞങ്ങളെല്ലാവരും ‘മോഡൽ എ ഫോർഡ്’ കാറിൽ അങ്ങോട്ടു പോകുമായിരുന്നു.
അവർ പഠിച്ചതനുസരിച്ചു പ്രവർത്തിക്കുന്നു
പഠിക്കുന്ന കാര്യങ്ങളനുസരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയാൻ ഞങ്ങളുടെ മാതാപിതാക്കൾക്കു ദീർഘനാൾ വേണ്ടിവന്നില്ല. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ ദൈവത്തോടുള്ള സ്നേഹം അവരെ പ്രേരിപ്പിച്ചു. (പ്രവൃത്തികൾ 20:35) എന്നാൽ, ഒരുവന്റെ മതവിശ്വാസം പരസ്യപ്പെടുത്തുന്നത് ഒരു വെല്ലുവിളി ആയിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ പൊതുവെ ലജ്ജാശീലരും താഴ്മയുള്ളവരും ആയിരുന്നതിനാൽ അവരുടെ കാര്യത്തിൽ അതു പ്രത്യേകിച്ചും വാസ്തവമായിരുന്നു. എങ്കിലും ദൈവത്തോടുള്ള സ്നേഹം അവർക്കു പ്രേരണയായി വർത്തിച്ചു, യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞങ്ങളെ പഠിപ്പിക്കാനും അത് അവരെ സഹായിച്ചു. ഡാഡി അത് ഇങ്ങനെ വ്യക്തമാക്കി: “യഹോവ കർഷകരെ സുവിശേഷ പ്രസംഗകരാക്കുന്നു!” 1933-ൽ, ടെക്സാസിലുള്ള ഹെൻഡേർസന് അടുത്തുള്ള ഒരു കുളത്തിൽ മമ്മിയും ഡാഡിയും യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
1935-ന്റെ ആരംഭത്തിൽ, നിത്യജീവൻ എന്ന ക്രിസ്തീയ പ്രത്യാശയെ കുറിച്ചു നിരവധി സംശയങ്ങൾ ഡാഡി വാച്ച് ടവർ സൊസൈറ്റിക്ക് എഴുതി ചോദിച്ചു. (യോഹന്നാൻ 14:2; 2 തിമൊഥെയൊസ് 2:11, 12; വെളിപ്പാടു 14:1, 3; 20:6) സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് ഡാഡിക്കു നേരിട്ടു മറുപടി നൽകി. ഡാഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു പകരം, മേയിൽ വാഷിങ്ടൺ ഡി.സി.-യിൽ നടക്കാനിരുന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനു ഹാജരാകാൻ റഥർഫോർഡ് സഹോദരൻ ഡാഡിയെ ക്ഷണിച്ചു.
‘അത് അസാധ്യം തന്നെ!’ ഡാഡി വിചാരിച്ചു. ‘65 ഏക്കർ നിലത്ത് പച്ചക്കറികൾ നട്ടിരിക്കുന്ന കർഷകരാണു ഞങ്ങൾ. കൺവെൻഷന്റെ സമയത്താണ് അവയുടെ വിളവെടുപ്പും വിൽപ്പനയുമൊക്കെ.’ എന്നാൽ, താമസിയാതെ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ വിളകളും വേലികളും പാലങ്ങളുമെല്ലാം ഒഴുകിപ്പോയി, ഒപ്പം ഡാഡിയുടെ ഒഴികഴിവുകളും. അങ്ങനെ, 1,600 കിലോമീറ്റർ വടക്കുകിഴക്കു നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാനായി വാടകയ്ക്കെടുത്ത ഒരു സ്കൂൾ ബസ്സിൽ മറ്റു സാക്ഷികളോടൊപ്പം ഞങ്ങളും യാത്ര തിരിച്ചു.
കൺവെൻഷനിൽ വെച്ച്, “മഹാകഷ്ടത്തെ” അതിജീവിക്കുന്ന “മഹാപുരുഷാര”ത്തെ തിരിച്ചറിയിച്ചുകൊണ്ടു നൽകിയ വ്യക്തമായ വിശദീകരണം ഡാഡിയെയും മമ്മിയെയും പുളകം കൊള്ളിച്ചു. (വെളിപ്പാടു 7:9, 14) പറുദീസാ ഭൂമിയിലെ നിത്യജീവനെ കുറിച്ചുള്ള പ്രത്യാശ ശേഷിച്ച ജീവിതകാലം മുഴുവൻ മമ്മിക്കും ഡാഡിക്കും പ്രചോദനമേകി. “സാക്ഷാലുള്ള ജീവനെ” അതായത്, യഹോവ വാഗ്ദാനം ചെയ്യുന്ന ഭൂമിയിലെ നിത്യജീവനെ, “[മുറുകെ] പിടിച്ചു കൊള്ളേണ്ടതിന്നു” അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. (1 തിമൊഥെയൊസ് 6:19; സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5) അന്നെനിക്ക് അഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സന്തോഷപ്രദമായ ആ അവസരത്തിൽ കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുന്നതു ഞാൻ ശരിക്കും ആസ്വദിച്ചു.
കൺവെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ ഞങ്ങൾ വീണ്ടും കൃഷിയിറക്കി. ആ തവണത്തെ വിളവെടുപ്പാകട്ടെ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം അത്ര മെച്ചമായിരുന്നു. യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ പ്രതിഫലം ലഭിക്കാതെ പോകില്ല എന്ന് അതു മമ്മിയെയും ഡാഡിയെയും ബോധ്യപ്പെടുത്തി. മാസം 52 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിക്കാൻ സമ്മതിച്ചുകൊണ്ട് അവർ ഒരു പ്രത്യേകതരം പ്രസംഗവേലയിൽ ഏർപ്പെട്ടു. പിറ്റേ തവണ കൃഷിയിറക്കാൻ സമയമായപ്പോൾ അവർ കൃഷിയിടം ഉൾപ്പെടെ സകലതും വിറ്റു! ഞങ്ങൾക്ക് അഞ്ചു പേർക്കും താമസിക്കത്തക്ക വിധത്തിൽ 20 അടി നീളവും 8 അടി വീതിയുമുള്ള ഒരു ട്രെയിലർ ഡാഡി ഉണ്ടാക്കി. എന്നിട്ട്, അതു വലിക്കാൻ രണ്ടു വാതിലുള്ള ഒരു പുതിയ ഫോർഡ് സെഡാൻ വണ്ടിയും വാങ്ങി. മൊൺറോ അങ്കിളും അതുതന്നെയാണു ചെയ്തത്, കുടുംബസമേതം ഒരു ട്രെയിലറിലേക്കു താമസം മാറി.
ഞങ്ങളെ സത്യം പഠിപ്പിക്കുന്നു
1936 ഒക്ടോബറിൽ ഡാഡിയും മമ്മിയും പയനിയറിങ്—മുഴു സമയ ശുശ്രൂഷയെ അങ്ങനെയാണു വിളിക്കുന്നത്—ആരംഭിച്ചു. ഞങ്ങൾ സകുടുംബം പൂർവ ടെക്സാസിലുള്ള പ്രദേശങ്ങളിൽ പ്രസംഗവേല തുടങ്ങി. അവിടെ രാജ്യസന്ദേശം കാര്യമായി എത്തിയിരുന്നില്ല. ഒരു വർഷത്തോളം പല സ്ഥലങ്ങളിലായി മാറിമാറി താമസിക്കേണ്ടി വന്നെങ്കിലും, ഞങ്ങൾക്കു പൊതുവെ ആ ജീവിതം ഇഷ്ടമായിരുന്നു. മറ്റുള്ളവർക്കു ബൈബിൾ സത്യങ്ങൾ പകർന്നു കൊടുക്കാനായി തങ്ങളെത്തന്നെ അർപ്പിച്ച ആദിമ ക്രിസ്ത്യാനികളെ പോലെ, മമ്മിയും ഡാഡിയും അവരുടെ വാക്കുകളിലൂടെയും മാതൃകകളിലൂടെയും ഞങ്ങളെ പഠിപ്പിച്ചു.
വീട് വേണ്ടെന്നു വെച്ചുകൊണ്ട് മമ്മി ചെയ്ത ത്യാഗങ്ങളെ ഞങ്ങൾ പ്രത്യേകിച്ചും വിലമതിച്ചിരുന്നു. എന്നിരുന്നാലും, മമ്മി ഉപേക്ഷിക്കാതിരുന്ന ഒന്നുണ്ടായിരുന്നു—തയ്യൽ മെഷീൻ. അത് ഏതായാലും നന്നായി. കാരണം, മമ്മിക്കു തയ്യൽ അറിയാമായിരുന്നതിനാൽ ഞങ്ങൾക്ക് എല്ലായ്പോഴും നന്നായി വസ്ത്രധാരണം ചെയ്യാൻ കഴിഞ്ഞിരുന്നു. ഓരോ കൺവെൻഷനും ആകർഷകമായ പുത്തൻ വസ്ത്രങ്ങൾ മമ്മി ഞങ്ങൾക്കു തയ്ച്ചു തരുമായിരുന്നു.
വാച്ച് ടവർ സൊസൈറ്റിയുടെ മൈക്ക് ഘടിപ്പിച്ച വണ്ടിയിൽ ഹെർമൻ ജി. ഹെൻഷൽ കുടുംബസമേതം ഞങ്ങളുടെ പ്രദേശത്തു വന്നതു ഞാൻ ഇപ്പോഴും ഓർക്കുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു വണ്ടി പാർക്ക് ചെയ്തിട്ട്, റെക്കോർഡു ചെയ്ത ഹ്രസ്വമായ ഒരു പ്രസംഗം ആളുകളെ കേൾപ്പിക്കുമായിരുന്നു. എന്നിട്ട്, അവർക്കു കൂടുതലായ വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനു വ്യക്തിപരമായി അവരെ സന്ദർശിക്കുമായിരുന്നു. ഡൂയി, ഹെർമന്റെ മകനായ, കൗമാര പ്രായത്തിലുള്ള മിൽട്ടണുമായി ചങ്ങാത്തത്തിലായി. മിൽട്ടൺ ഇന്നു വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റാണ്.
1937-ൽ ഒഹായോയിലെ കൊളംബസിൽ നടന്ന കൺവെൻഷനിൽ എഡ്വിന സ്നാപനമേറ്റു. മമ്മിക്കും ഡാഡിക്കും പ്രത്യേക പയനിയർമാരായി സേവിക്കാനുള്ള പദവിയും ലഭിച്ചു. അന്നൊക്കെ പ്രത്യേക പയനിയർമാർ ഓരോ മാസവും കുറഞ്ഞത് 200 മണിക്കൂർ എങ്കിലും സേവനത്തിൽ ചെലവഴിക്കേണ്ടിയിരുന്നു. ക്രിസ്തീയ നിയമനങ്ങളിൽ എന്റെ ഭർത്താവിനെ പിന്തുണയ്ക്കാൻ മമ്മിയുടെ നല്ല മാതൃക എന്നെ എത്രമാത്രം സഹായിച്ചിരിക്കുന്നു എന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്കു മനസ്സിലാക്കാനാകുന്നു.
ഒരു കുടുംബത്തോടൊപ്പം ബൈബിൾ അധ്യയനം നടത്തുമ്പോഴൊക്കെ അവിടുത്തെ കുട്ടികൾക്കു നല്ല മാതൃക കാട്ടിക്കൊടുക്കാൻ ഡാഡി ഞങ്ങളെയും കൊണ്ടുപോകുമായിരുന്നു. ബൈബിൾ വാക്യങ്ങൾ എടുത്തു വായിക്കാനും ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഡാഡി ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു. തത്ഫലമായി, ഞങ്ങൾ അധ്യയനം നടത്തിയ ചെറുപ്പക്കാരിൽ പലരും ഇന്നും യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നു. മാത്രമല്ല, അതു ഞങ്ങൾക്കു തന്നെയും ദൈവത്തെ സ്നേഹിക്കുന്നതിൽ തുടരാനുള്ള ശക്തമായ അടിത്തറ പ്രദാനം ചെയ്തു.
വളർന്നുവരവെ, രണ്ട് ഇളയ പെങ്ങന്മാരോടൊപ്പം സ്ഥലപരിമിതിയുള്ള ട്രെയിലറിൽ താമസിക്കുക എന്നത് എന്റെ സഹോദരനായ ഡൂയിക്ക് ദുഷ്കരമായി തോന്നി. തന്മൂലം, 1940-ൽ താമസം മാറ്റാനും മറ്റൊരു സാക്ഷിയോടൊപ്പം പയനിയർ ശുശ്രൂഷയിൽ ഏർപ്പെടാനും അവൻ തീരുമാനിച്ചു. ക്രമേണ, അവൻ ഒഡ്രി ബാരനെ വിവാഹം ചെയ്തു. അങ്ങനെ, ഞങ്ങളുടെ മാതാപിതാക്കളിൽ നിന്നു പലതും പഠിക്കാൻ ഒഡ്രിക്കും കഴിഞ്ഞു. ഒഡ്രിയും മമ്മിയെയും ഡാഡിയെയും അതിയായി സ്നേഹിച്ചിരുന്നു. 1944-ൽ ക്രിസ്തീയ നിഷ്പക്ഷതയുടെ പേരിൽ ഡൂയി തടവിലായപ്പോൾ ഒഡ്രി കുറച്ചു നാൾ ഞങ്ങളോടൊപ്പം ട്രെയിലറിലാണു താമസിച്ചത്.
1941-ൽ മിസൗറിയിലെ സെന്റ് ലൂയിസിൽ നടന്ന വലിയ കൺവെൻഷനിൽ റഥർഫോർഡ് സഹോദരൻ, മുൻനിരയിൽ ഒരു പ്രത്യേക ഭാഗത്ത് ഇരുന്നിരുന്ന 5-നും 18-നും ഇടയ്ക്കു പ്രായമുള്ള കുട്ടികളെ സംബോധന ചെയ്തുകൊണ്ടു പ്രസംഗിച്ചു. എഡ്വിനയും ഞാനും അദ്ദേഹത്തിന്റെ ശാന്തവും വ്യക്തവുമായ ശബ്ദം ശ്രദ്ധിച്ചു; സ്നേഹനിധിയായ ഒരു പിതാവ് വീട്ടിൽ സ്വന്തം കുട്ടികളോടു സംസാരിക്കുന്നതു പോലെയാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം മാതാപിതാക്കളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ഇന്നു ക്രിസ്തുയേശു, തന്റെ ഉടമ്പടി ജനതയെ തന്റെ മുമ്പാകെ കൂട്ടിച്ചേർത്തിരിക്കുന്നു; മക്കളെ നീതിയുടെ മാർഗത്തിൽ പ്രബോധിപ്പിക്കാൻ ഏറ്റവും ശക്തമായ വിധത്തിൽ അവൻ അവരോടു പറയുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “കുട്ടികളെ വീട്ടിൽ നിറുത്തി പഠിപ്പിക്കുക!” സന്തോഷകരമെന്നു പറയട്ടെ, ഞങ്ങളുടെ മാതാപിതാക്കൾ അതുതന്നെയാണു ചെയ്തതും!
ആ കൺവെൻഷനിൽ വെച്ച് യഹോവയുടെ ദാസരുടെ പ്രതിവാദം (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള പുതിയ ഒരു ചെറുപുസ്തകം ഞങ്ങൾക്കു ലഭിച്ചു. അതിൽ ഐക്യനാടുകളിലെ സുപ്രീം കോടതിയിലെ കേസുകൾ ഉൾപ്പെടെ യഹോവയുടെ സാക്ഷികൾ വിജയിച്ച കോടതി കേസുകൾ വിവരിച്ചിരുന്നു. കുടുംബത്തോടൊപ്പം ഡാഡി അതു ചർച്ച ചെയ്തു. ഏതാനും വാരങ്ങൾക്കു ശേഷം അലബാമയിലെ സെൽമയിൽ നടക്കാനിരുന്ന കാര്യങ്ങൾക്കായി ഞങ്ങൾ അങ്ങനെ സജ്ജരാകുകയാണെന്ന് അപ്പോൾ സ്വപ്നേപി വിചാരിച്ചിരുന്നില്ല.
സെൽമയിൽ ജനക്കൂട്ടത്തിന്റെ ആക്രമണം
ആ സംഭവം നടന്ന ദിവസം രാവിലെ ഡാഡി, നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടു ഞങ്ങളുടെ ശുശ്രൂഷ നിർവഹിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ കുറിച്ചു വിവരിക്കുന്ന ഒരു കത്തിന്റെ പ്രതികൾ സെൽമയിലെ ഷെരീഫിനും മേയർക്കും പൊലീസ് മേധാവിക്കും നൽകിയിരുന്നു. എന്നുവരികിലും, ഞങ്ങളെ പട്ടണത്തിൽ നിന്നു തുരത്താൻ തന്നെ അവർ തീരുമാനിച്ചു.
ഉച്ചതിരിഞ്ഞ് സായുധരായ അഞ്ചു പുരുഷന്മാർ ഞങ്ങളുടെ ട്രെയിലറിൽ വന്ന് എന്നെയും മമ്മിയെയും ചേച്ചിയെയും ബന്ദികളാക്കി. വിധ്വംസക പ്രവർത്തനത്തിനു വഴിതെളിച്ചേക്കാവുന്ന വസ്തുക്കൾ ട്രെയിലറിന് ഉള്ളിലെങ്ങാനും ഉണ്ടോ എന്നു പരിശോധിക്കാൻ അവർ അതിനുള്ളിൽ ഉണ്ടായിരുന്ന സകലതും കുഴച്ചുമറിച്ചു. ഡാഡി വെളിയിലായിരുന്നു. കാറുമായി ട്രെയിലർ ഘടിപ്പിക്കാൻ അവർ ഡാഡിയോട് ആജ്ഞാപിച്ചു, ആ സമയമെല്ലാം അവർ ഡാഡിയുടെ നേർക്കു തോക്കു ചൂണ്ടിപ്പിടിച്ചിരുന്നു. അപ്പോഴൊന്നും എനിക്കു തെല്ലും പേടി തോന്നിയില്ല. ഞങ്ങൾ അപകടകാരികളാണ് എന്ന് ഈ മനുഷ്യർ ചിന്തിച്ചത് എത്ര വിഡ്ഢിത്തമാണ് എന്നോർത്തപ്പോൾ എനിക്കും ചേച്ചിക്കും ചിരി അടക്കാനായില്ല. പക്ഷേ, പെട്ടെന്നു തന്നെ ഞങ്ങൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി, ഡാഡിയുടെ കനപ്പിച്ചുള്ള ഒരു നോട്ടം കണ്ടപ്പോഴാണെന്നു മാത്രം.
പുറപ്പെടാൻ ഒരുങ്ങവെ, എന്നോടും എഡ്വിനയോടും തങ്ങളുടെ കാറിൽ കയറാൻ ആ പുരുഷന്മാർ ആവശ്യപ്പെട്ടു. എന്നാൽ, ഡാഡി അതിനു തെല്ലും സമ്മതിച്ചില്ല. ഡാഡി പറഞ്ഞു: “എന്നെ കൊന്നിട്ടല്ലാതെ എന്റെ കുട്ടികളെ നിങ്ങൾക്കു കൊണ്ടുപോകാനാവില്ല!” കുറച്ചു സമയത്തെ ചർച്ചയ്ക്കു ശേഷം ഒരുമിച്ചു യാത്ര ചെയ്യാൻ അവർ ഞങ്ങളെ അനുവദിച്ചു. ആയുധ ധാരികളായ ആ പുരുഷന്മാർ ഞങ്ങളുടെ കാറിനെ പിന്തുടർന്നു. പട്ടണത്തിനു വെളിയിൽ, 25 കിലോമീറ്റർ അകലെ ഒരു ഹൈവേയുടെ അരികിൽ വണ്ടി നിർത്താൻ അവർ ആവശ്യപ്പെട്ടു. എന്നിട്ട് അവർ മമ്മിയെയും ഡാഡിയെയും ദൂരേക്കു കൊണ്ടുപോയി. മമ്മിയുടെയും ഡാഡിയുടെയും മനസ്സു മാറ്റാൻ അവർ ഓരോരുത്തരായി ശ്രമിച്ചു. “ഈ മതം ഉപേക്ഷിച്ച്, കൃഷിയിടത്തിലേക്കു മടങ്ങി നിങ്ങളുടെ പെൺകുട്ടികളെ നേരാംവണ്ണം വളർത്തൂ!” അവർ പറഞ്ഞു. ഡാഡി അവരോടു ന്യായവാദം ചെയ്യാൻ ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
ഒടുവിൽ അവരിൽ ഒരാൾ പറഞ്ഞു: “പൊയ്ക്കോളൂ, പക്ഷേ ഡാലസ് കൗണ്ടിയിലേക്കു എന്നെങ്കിലും മടങ്ങിവന്നാലുണ്ടല്ലോ, എല്ലാത്തിനെയും കൊന്നുകളയും!”
വീണ്ടും ഒരുമിച്ചായിരിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായി. അവിടെ നിന്ന് ഏഴു മണിക്കൂർ ദൂരം യാത്ര ചെയ്തശേഷം രാത്രിയിൽ ഞങ്ങൾ ഒരിടത്തു വണ്ടി പാർക്കു ചെയ്തു. അവരുടെ ലൈസൻസ് പ്ലേറ്റിന്റെ നമ്പർ ഞങ്ങൾ കുറിച്ചെടുത്തിരുന്നു. ഉടൻതന്നെ ഡാഡി കാര്യങ്ങളെല്ലാം അതുപടി വാച്ച് ടവർ സൊസൈറ്റിയെ അറിയിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം ആ പുരുഷന്മാർ അറസ്റ്റു ചെയ്യപ്പെട്ടു.
ഗിലെയാദ് മിഷനറി സ്കൂളിലേക്ക്
1946-ൽ, ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലുള്ള വാച്ച് ടവർ ബൈബിൾ ഗിലെയാദ് സ്കൂളിന്റെ 7-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കുന്നതിന് എഡ്വിനയ്ക്കു ക്ഷണം ലഭിച്ചു. അധ്യാപകരിൽ ഒരാളായിരുന്ന ആൽബർട്ട് ഷ്രോഡർ തന്റെ മുൻ പയനിയർ പങ്കാളി ആയിരുന്ന ബിൽ എൽറോഡിനോട് ചേച്ചിയുടെ നല്ല ഗുണങ്ങളെ കുറിച്ചു പറഞ്ഞു. ബിൽ അപ്പോൾ ബെഥേലിൽ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത് സേവിക്കുകയായിരുന്നു.a എഡ്വിനയും ബില്ലും തമ്മിൽ പരിചയപ്പെട്ടു, ചേച്ചി ബിരുദം നേടി ഒരു വർഷത്തിനു ശേഷം അവർ വിവാഹിതരായി. ബെഥേലിലെ അഞ്ചു വർഷത്തെ സേവനം ഉൾപ്പെടെ മുഴുസമയ സേവനത്തിൽ അവർ വർഷങ്ങളോളം തുടർന്നു. 1959-ൽ, തന്റെ പ്രിയ സുഹൃത്ത് ഇരട്ടക്കുട്ടികളുടെ—ഒരു ആണും ഒരു പെണ്ണും—പിതാവായ വിവരം ഷ്രോഡർ സഹോദരൻ 34-ാമത്തെ ഗിലെയാദ് ക്ലാസ്സിനോടു പറഞ്ഞു.
1947-ന്റെ അവസാനത്തിൽ മാതാപിതാക്കളോടൊപ്പം ഞാൻ മിസ്സിസ്സിപ്പിയിലെ മെറിഡിയിനിൽ സേവനമനുഷ്ഠിക്കവെ ഞങ്ങൾക്കു മൂന്നു പേർക്കും 11-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അതു ഞങ്ങളെ അതിശയിപ്പിച്ചു. കാരണം, ഗിലെയാദിലെ നിബന്ധന കണക്കിലെടുക്കുമ്പോൾ എനിക്കു പ്രായം തീരെ കുറവായിരുന്നു, മമ്മിക്കും ഡാഡിക്കും പ്രായം കൂടുതലും. എന്നാൽ, ഞങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തി. അങ്ങനെ കൂടുതലായ ബൈബിൾ പ്രബോധനം സ്വീകരിക്കുന്നതിനുള്ള അനർഹദയ ഞങ്ങൾക്കു ലഭിച്ചു.
മാതാപിതാക്കളോടൊപ്പം മിഷനറി സേവനം
തെക്കേ അമേരിക്കയിലെ കൊളംബിയയിൽ ആയിരുന്നു ഞങ്ങളുടെ മിഷനറി നിയമനം. ബിരുദം നേടി ഒരു വർഷത്തിനു ശേഷം, 1949 ഡിസംബറിൽ മാത്രമേ ഞങ്ങൾക്കു ബോഗൊട്ടായിലെ മിഷനറി ഭവനത്തിൽ എത്താൻ സാധിച്ചുള്ളൂ. അപ്പോൾ അവിടെ വേറെ മൂന്നു പേർ താമസിക്കുന്നുണ്ടായിരുന്നു. താൻ സ്പാനിഷ് പഠിച്ചെടുക്കുന്നതിനെക്കാൾ ആളുകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതായിരിക്കും കൂടുതൽ എളുപ്പമെന്ന് ആദ്യമൊക്കെ ഡാഡിക്കു തോന്നി! ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നതു ശരിതന്നെ, എങ്കിലും എത്രയോ അനുഗ്രഹങ്ങളാണു ഞങ്ങൾക്കു കൈവന്നത്! 1949-ൽ കൊളംബിയയിൽ നൂറു സാക്ഷികൾ പോലും ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് അവിടെ 1,00,000-ത്തിലധികം സാക്ഷികളുണ്ട്!
ബോഗൊട്ടായിൽ അഞ്ചു വർഷം സേവനമനുഷ്ഠിച്ച ശേഷം, മമ്മിക്കും ഡാഡിക്കും കാലി എന്ന നഗരത്തിലേക്കു നിയമനം ലഭിച്ചു. അതിനിടയിൽ, 1952-ൽ, കൊളംബിയയിൽ ഉണ്ടായിരുന്ന ഒരു സഹ മിഷനറിയായ റോബർട്ട് ട്രേസിയെ ഞാൻ വിവാഹം കഴിച്ചു.b 1982 വരെ ഞങ്ങൾ കൊളംബിയയിൽ താമസിച്ചു. തുടർന്നു ഞങ്ങൾക്ക് മെക്സിക്കോയിലേക്കു നിയമനം ലഭിച്ചു. ഇന്നും ഞങ്ങൾ അവിടെ സേവനത്തിൽ തുടരുന്നു. 1968-ൽ എന്റെ മാതാപിതാക്കൾക്ക് ചികിത്സാർഥം ഐക്യനാടുകളിലേക്കു മടങ്ങേണ്ടിവന്നു. ആരോഗ്യം വീണ്ടെടുത്തശേഷം അവർ അലബാമയിലെ മൊബീലിൽ പ്രത്യേക പയനിയർ സേവനത്തിൽ തുടർന്നു.
മാതാപിതാക്കളെ പരിചരിക്കുന്നു
വർഷങ്ങൾ കടന്നുപോകവെ മമ്മിയുടെയും ഡാഡിയുടെയും ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി, അവർക്കു കൂടുതൽ പിന്തുണയും ശ്രദ്ധയും ആവശ്യമായി വന്നു. അവരുടെ അഭ്യർഥനപ്രകാരം, എഡ്വിനയും ബില്ലും താമസിക്കുന്നതിന് അടുത്തായി, അലബാമയിലെ ഏഥൻസിൽ സേവിക്കുന്നതിന് അവർക്കു നിയമനം ലഭിച്ചു. പിന്നീട്, ഞങ്ങളുടെ കുടുംബാംഗങ്ങൾ സൗത്ത് കരോലിനയിൽ അടുത്തടുത്തു താമസിക്കുന്നതാണു നല്ലത് എന്നു ഡൂയിക്കു തോന്നി. അങ്ങനെ, മമ്മിയോടും ഡാഡിയോടുമൊപ്പം ബില്ലും കുടുംബവും ഗ്രീൻവുഡിലേക്കു താമസം മാറി. സ്നേഹപുരസ്സരമായ ഈ ക്രമീകരണത്തിന്റെ ഫലമായി, ഞങ്ങളുടെ മാതാപിതാക്കൾ നന്നായി പരിചരിക്കപ്പെടുന്നു എന്ന ഉറപ്പോടെ കൊളംബിയയിൽ മിഷനറി സേവനത്തിൽ തുടരാൻ എനിക്കും റോബർട്ടിനും സാധിച്ചു.
1985-ൽ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്നു ഡാഡി കിടപ്പിലായി, സംസാര ശേഷിയും നഷ്ടപ്പെട്ടു. മാതാപിതാക്കളെ ഏറ്റവും നന്നായി എങ്ങനെ പരിചരിക്കാമെന്നു ചർച്ച ചെയ്യാൻ ഞങ്ങൾ എല്ലാവരും ഒത്തുകൂടി. ഡാഡിക്ക് മുഖ്യമായി ഒഡ്രി പരിചരണമേകാനും ഞാനും റോബർട്ടും ഓരോ വാരവും പ്രോത്സാഹജനകമായ അനുഭവങ്ങൾ അടങ്ങുന്ന കത്തുകൾ അയച്ചുകൊണ്ടും സാധ്യമാകുമ്പോഴെല്ലാം സന്ദർശിച്ചുകൊണ്ടും സഹായമേകാനും തീരുമാനമായി.
ഡാഡിയെ ഞാൻ അവസാനമായി സന്ദർശിച്ചത് ഇന്നലെയെന്നോണം ഓർക്കുന്നു. ഡാഡിക്കു വ്യക്തമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഞങ്ങൾ മെക്സിക്കോയിലേക്കു മടങ്ങുകയാണെന്നു പറഞ്ഞപ്പോൾ, വളരെയധികം ശ്രമം നടത്തിക്കൊണ്ട്, വികാരാധീനനായി ഡാഡി ഇത്രയും പറഞ്ഞു, “മംഗളാശംസകൾ!” മിഷനറി നിയമനത്തിൽ തുടരാനുള്ള ഞങ്ങളുടെ തീരുമാനത്തെ ഡാഡി ഹൃദയാ പിന്തുണയ്ക്കുകയാണ് എന്ന് അതിൽ നിന്നു ഞങ്ങൾക്കു മനസ്സിലായി. 1987 ജൂലൈയിൽ ഡാഡി മരിച്ചു, ഒമ്പതു മാസം കഴിഞ്ഞപ്പോൾ മമ്മിയും.
വിധവയായ ചേച്ചി എനിക്ക് എഴുതിയ ഒരു കത്ത്, മാതാപിതാക്കളോടു ഞങ്ങൾക്ക് ഓരോരുത്തർക്കും ഉള്ള വിലമതിപ്പിനെ നന്നായി പ്രതിഫലിപ്പിക്കുന്നു: “ഞാൻ എന്റെ ക്രിസ്തീയ പൈതൃകം നിധി പോലെ കാക്കുന്നു. നമ്മെ മറ്റേതെങ്കിലും രീതിയിൽ വളർത്തിക്കൊണ്ടു വരാൻ നമ്മുടെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നെങ്കിൽ ഞാൻ ഇത്രയും സന്തോഷവതി ആയിരിക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ശക്തമായ വിശ്വാസവും ആത്മത്യാഗ മനോഭാവവും യഹോവയിലുള്ള പൂർണമായ ആശ്രയവും പ്രകടമാക്കുന്ന കാര്യത്തിൽ അവർ വെച്ച മാതൃക, ജീവിതത്തിലെ ദുഷ്കര സാഹചര്യങ്ങളെ തരണം ചെയ്യാൻ എന്നെ സഹായിച്ചിരിക്കുന്നു.” എഡ്വിന ഇങ്ങനെ ഉപസംഹരിച്ചു: “നമ്മുടെ സ്നേഹവാനായ യഹോവയാം ദൈവത്തിന്റെ സേവനത്തിൽ ജീവിതം കേന്ദ്രീകരിക്കുന്നതിലൂടെ നമുക്ക് എത്രമാത്രം സന്തുഷ്ടി കൈവരിക്കാമെന്നു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നമ്മെ പഠിപ്പിച്ച മാതാപിതാക്കളെ പ്രതി ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.”
[അടിക്കുറിപ്പുകൾ]
a 1988 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 11-12 പേജുകൾ കാണുക.
b 1960 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 189-91 പേജുകൾ കാണുക.
[22, 23 പേജുകളിലെ ചിത്രങ്ങൾ]
ഫൗണ്ടൻ കുടുംബം: (ഇടത്തു നിന്നു വലത്തോട്ട്) ഡൂയി, എഡ്വിന, വിന്നി, എലിസബത്ത്, മകൻ ഡൂയി; വലത്ത്: എലിസബത്തും ഡൂയിയും (മകൻ) ഹെൻഷലിന്റെ മൈക്കു പിടിപ്പിച്ച വണ്ടിയുടെ ബോണറ്റിന്മേൽ ഇരിക്കുന്നു (1937); താഴെ വലത്ത്: 16 വയസ്സുള്ളപ്പോൾ എലിസബത്ത് പ്ലാക്കാർഡ് ധരിച്ചുകൊണ്ടു പ്രചാരണത്തിൽ ഏർപ്പെടുന്നു