മതത്തിൽ തത്പരരാകേണ്ടത് എന്തുകൊണ്ട്?
ഭൂമുഖത്ത് എവിടെയായാലും ശരി, മതത്തിലുള്ള താത്പര്യം സകല രാജ്യങ്ങളിലുമുണ്ട്. അതേ സമയംതന്നെ, മതത്തിൽ യാതൊരു താത്പര്യവുമില്ലെന്നു തുറന്നു പറയുന്ന അനേകരുമുണ്ട്. പക്ഷേ, അവർക്ക് എല്ലായ്പോഴും അങ്ങനെതന്നെയാണോ തോന്നിയിട്ടുള്ളത്?
ഭൗതിക വസ്തുക്കൾകൊണ്ടു മാത്രം ഒരു വ്യക്തിക്കു വാസ്തവത്തിൽ തൃപ്തി വരുന്നില്ല. അതാണ് മനുഷ്യപ്രകൃതം. മനുഷ്യർക്ക് ആത്മീയത ആവശ്യമാണ്. ഭൗതികമായി കേവലം അത്യാവശ്യമുള്ള വസ്തുവകകൾ നേടിയെടുക്കുന്നതിനെ ചുററിപ്പററി അനുദിനജീവിതം പടുത്തുയർത്തുകയും അതോടൊപ്പം ഇടയ്ക്കിടെ വിനോദത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് ഒരു വ്യക്തിയുടെ ആന്തരിക ആവശ്യങ്ങളെ മുഴുവനായി തൃപ്തിപ്പെടുത്തുന്നില്ല. മൃഗങ്ങളെപ്പോലെയല്ല മനുഷ്യൻ. അവനു കാര്യങ്ങൾ അറിയണം. ‘ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്?’ ‘കുറെ നല്ല കാര്യങ്ങളും കുറെ മോശം കാര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ഹ്രസ്വ ജീവിതം, ഇത്രയേ ഉള്ളോ ജീവിതം?’ ഇതുപോലുള്ള ചോദ്യങ്ങൾ നിങ്ങൾ ചോദിച്ചിട്ടില്ലേ?
അതേ, ഇന്നു ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിനാളുകൾ വളർന്നുവന്നിട്ടുള്ളത് മതത്തിൽ അർഥവത്തായ ഒരു താത്പര്യം കാണിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ ചുററുപാടുകളിലാണ്. ആ സ്വാധീനം വന്നതു ചിലപ്പോൾ അവരുടെ മാതാപിതാക്കൾ, അധ്യാപകർ, സമപ്രായക്കാർ എന്നിവരിൽനിന്നോ അല്ലെങ്കിൽ ഗവൺമെൻറിൽനിന്നോ പോലുമായിരിക്കാം.
ദൈവമില്ല എന്നാണ് കമ്മ്യൂണിസ്ററ് ഭരണത്തിൻ കീഴിൽ ആളുകളെ പഠിപ്പിക്കുന്നത് എന്ന് അൽബേനിയയിൽനിന്നുള്ള ഒരു യുവാവായ സ്കാലാബ്രീനോ വിശദീകരിക്കുന്നു. തന്നെയുമല്ല, മതത്തെ കുറിച്ചു സംസാരിക്കുന്നത് അവർക്ക് അപകടം വരുത്തിവെക്കുമായിരുന്നു; അങ്ങനെ ചെയ്താൽ ചെന്നെത്തുക തടവിലായിരിക്കും. എന്നുവരികിലും, ഒരു അഭയാർഥിയായി സ്വിററ്സർലൻഡിൽ എത്തിയ ഈ വ്യക്തിക്ക് 1991-ൽ ബൈബിൾ പഠിക്കാനുള്ള അവസരമൊത്തുവന്നു. അവൻ അത് ഉപയോഗപ്പെടുത്തി. എന്തുകൊണ്ട്?
ബൈബിൾ എന്നൊരു പുസ്തകം ഉള്ളതായി അവൻ അൽബേനിയയിൽവെച്ചു കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതിനെക്കുറിച്ച് അവന് ഒരു വിവരവുമില്ലായിരുന്നു. അതിനാൽ, ബൈബിൾ മനസ്സിലാക്കാനുള്ള ഒരാഗ്രഹമായിരിക്കില്ല ആരംഭത്തിൽ മുഖ്യമായി അവനെ പ്രേരിപ്പിച്ചത്. മനുഷ്യവർഗത്തെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചു തനിക്കു പഠിക്കാനാവുമെന്നു മനസ്സിലാക്കിയെങ്കിലും അതിലേറെ, പ്രാദേശിക ഭാഷ മെച്ചപ്പെടുത്താനുള്ള ഒരു അവസരമായാണ് അവൻ അതിനെ കണ്ടത്. എന്നുവരികിലും, താൻ പഠിക്കുന്ന സംഗതികൾ തന്നിൽ അഗാധസ്ഥിതമായ ആത്മീയവാഞ്ഛയെ തൃപ്തിപ്പെടുത്തുകയാണെന്ന് അയാൾക്കു പെട്ടെന്നു പിടികിട്ടി. സമാധാനം കളിയാടുന്ന ഒരു പുതിയ ലോകത്തെപ്പററിയുള്ള, ആളുകൾക്ക് എന്നും ജീവിച്ചിരുന്ന് ജീവിതത്തിനു വേണ്ടുന്ന എല്ലാ സംഗതികളുടെയും സമൃദ്ധി ആസ്വദിക്കാവുന്ന ഒരു ലോകത്തെപ്പററിയുള്ള, ദൈവത്തിന്റെ വാഗ്ദത്തത്തെ സംബന്ധിച്ചു കേട്ടത് അയാളുടെ ഹൃദയത്തിന് കുളിർമ പകർന്നു. തനിക്കും കുടുംബത്തിനും ഈ പുതിയ ലോകത്തിന്റെ ഭാഗമാകാൻ കഴിയുമെന്നു മനസ്സിലാക്കിയപ്പോൾ അവന്റെ താത്പര്യം പിന്നെയും വർധിച്ചു. ഈ സുവാർത്ത തന്നിൽത്തന്നെ ഒതുക്കിവെക്കാൻ അയാൾക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൻ അൽബേനിയയിലുള്ള കുടുംബത്തെ ഫോണിൽ വിളിച്ച് ഈ വിവരം അവരുമായി പങ്കുവെച്ചു.
ബൈബിളിനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിന് ഒരു വ്യക്തിയുടെ ജീവിതത്തിൻമേൽ വൻ സ്വാധീനം ചെലുത്താനാകും. ഈ വസ്തുതയിൽ അത്ഭുതംകൂറിയ വ്യക്തിയാണ് റഷ്യയിൽ താമസിക്കുന്ന അലിക്സ്യാ. പ്രശ്നങ്ങളിലാണ്ടുപോയ അയാൾക്ക് ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചു തൃപ്തികരമായ ഒരു വിശദീകരണം കണ്ടെത്താനായില്ല. ഇനി ആത്മഹത്യതന്നെ പോംവഴി എന്ന് അയാൾ തീരുമാനിച്ചു. അതിനു മുമ്പു ഫിൻലൻഡിലേക്ക് ഒരു സുഹൃത്തിനെ കാണാൻ പോകണമായിരുന്നു. അങ്ങോട്ടുള്ള ട്രെയിൻ യാത്രക്കിടയിൽ തന്റെ പ്രശ്നങ്ങളെക്കുറിച്ച് അയാൾ സഹയാത്രികരിൽ ചിലരോടു പറഞ്ഞു. യഹോവയുടെ സാക്ഷിയായ ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം ബൈബിളിലുള്ളതുകൊണ്ട് ബൈബിൾ പഠിക്കാൻ അവൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന് അത് അത്രകണ്ടു വിശ്വാസമായില്ല. മടക്കയാത്രയിലും അദ്ദേഹത്തിനു സമാനമായ ഒരനുഭവമുണ്ടായി. ഇപ്രാവശ്യം മറെറാരു സാക്ഷിയായിരുന്നു. അതേരീതിയിലുള്ള പ്രശ്നങ്ങളായിരുന്നു തനിക്കും നേരിട്ടത്, എന്നാൽ അവയെയെല്ലാം മറികടക്കാൻ തന്നെ ബൈബിൾ സഹായിച്ചു എന്ന് അവൾ അദ്ദേഹത്തോടു പറഞ്ഞു. അവളും അദ്ദേഹത്തെ ബൈബിൾ പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫോൺ ബെല്ലടിക്കുന്നു. അതു മറെറാരു കൂട്ടുകാരിയായിരുന്നു. യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കുകയായിരുന്ന അവൾ വലിയ സന്തോഷത്തിലായിരുന്നു. ചിലപ്പോൾ തനിക്ക് ആവശ്യമുള്ളതു നൽകാൻ ബൈബിളിനു വാസ്തവത്തിൽ കഴിഞ്ഞാലോ എന്നായി പിന്നെ അയാളുടെ ചിന്ത. പക്ഷേ സഹായംകൂടാതെ അതു മനസ്സിലാക്കാനാവില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. യഹോവയുടെ സാക്ഷികളുമൊത്തു ക്രമമായി ബൈബിൾ പഠിക്കാൻ അയാൾ സമ്മതിച്ചു. തുടർന്ന്, അവരുടെ യോഗങ്ങളിൽ ഹാജരാകാനും തുടങ്ങി. സർവമനുഷ്യർക്കും പൊതുവായുള്ള പ്രശ്നങ്ങൾ യഹോവയുടെ സാക്ഷികൾക്കും ഉണ്ടായിരുന്നിട്ടും ബൈബിൾ പഠിപ്പിക്കുന്നതനുസരിച്ചു തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുമ്പോൾ അവർ അതീവ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അദ്ദേഹത്തിന് ഏറെക്കാലമൊന്നും വേണ്ടിവന്നില്ല.
“മനുഷ്യന് അപ്പംകൊണ്ടു മാത്രം ജീവിക്കാനാവില്ല” എന്നാണു മാനുഷപ്രകൃതിയെ കുറിച്ച് ഉൾക്കാഴ്ചയുണ്ടായിരുന്ന യേശു പ്രസ്താവിച്ചത്. (മത്തായി 4:4, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) അവൻ ഇതും പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:3, NW) തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് സൂക്ഷ്മ ബോധമുള്ളവർ അതു തൃപ്തിപ്പെടുത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നു. അങ്ങനെ അവർക്കു ദൈവത്തിന്റെ അനുഗ്രഹവും ലഭിക്കുന്നു. എന്നിരുന്നാലും, ഏതെങ്കിലും ഒരു സഭയിൽ ചേരുന്നതുകൊണ്ടോ മതപരമായ ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കുന്നതുകൊണ്ടോ നമ്മുടെ ആത്മീയ ആവശ്യത്തിനു തൃപ്തി വരുന്നില്ല. ആചാരനിഷ്ഠകൾ ധാരാളമുള്ള മതം ഒരുവനെ വൈകാരികമായി തൃപ്തിപ്പെടുത്തിയേക്കാം. പക്ഷേ, അവ ജീവിതപ്രശ്നങ്ങൾക്കു വാസ്തവികമായ പരിഹാരം വരുത്തുമോ? കൊള്ളാവുന്ന ചില അടിസ്ഥാന തത്ത്വങ്ങൾ ഒരു മതം പഠിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യത്തെപ്പററി ശരിയായ ധാരണ തരാൻ അതിനാവുന്നില്ലെങ്കിൽ അതു നിങ്ങളുടെ ആത്മീയ ആവശ്യത്തെ തൃപ്തിപ്പെടുത്തുമോ? അതിലുപരി, അത്തരം മതത്തിന്റെ ആചരണം ദൈവവുമായുള്ള ഒരു നല്ല ബന്ധത്തിൽ കലാശിക്കുമോ? അതില്ലാതെ ശരിയായ സംതൃപ്തിയും ഉണ്ടാകില്ല.
ഈ വിഷയത്തിൽ അനേകർ അന്വേഷണം തുടരുകയാണ്. അവർ ഇനിയും അതു കണ്ടെത്തിയിട്ടില്ല.
[3-ാം പേജിലെ ചിത്രം]
ഒരു സഭയിൽ ചേർന്നാൽ നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കു യഥാർഥത്തിൽ തൃപ്തി വരുമോ?
[4-ാം പേജിലെ ചിത്രം]
ബൈബിളിനെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ജീവിതത്തിന് ഒരു പുതിയ അർഥം കൈവരുന്നതായി അനേകർ കണ്ടെത്തിയിരിക്കുന്നു