രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദൈവത്തിനു മുഖപക്ഷമില്ല
1,900 വർഷങ്ങൾക്കു മുമ്പ് അപ്പോസ്തലനായ പത്രോസ് “ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് സൈനിക ഉദ്യോഗസ്ഥനായ കൊർന്നേല്യോസിനു സാക്ഷ്യം നൽകി. (പ്രവൃത്തികൾ 10:34, 35) കൊർന്നേല്യോസ് ദൈവഭയവും നീതിസ്നേഹവും പ്രകടിപ്പിച്ചു. അദ്ദേഹം പത്രോസ് നൽകിയ സാക്ഷ്യം കൈക്കൊണ്ട് ഒരു ക്രിസ്ത്യാനിയായിത്തീർന്നു.
അതേ തത്ത്വം ഇന്നും സത്യമായി നിലകൊള്ളുന്നു—ദൈവത്തിനു മുഖപക്ഷമില്ല. ജർമനിയിൽനിന്നുള്ള ഒരു അനുഭവത്തിലൂടെ നാം അതു മനസ്സിലാക്കുന്നു. റിപ്പോർട്ട് പിൻവരുന്നവിധം വിവരിക്കുന്നു:
“ഞങ്ങളുടെ സഭയുടെ പ്രദേശത്ത് റഷ്യാക്കാരുടെ ഒരു വലിയ പട്ടാളത്താവളമുണ്ട്. 1989-ൽ ബെർലിൻ മതിൽ പൊളിഞ്ഞ് അധികം താമസിയാതെ, പ്രസാധകരിലാർക്കെങ്കിലും റഷ്യൻ ഭാഷ അറിയാമോ എന്ന് സഭയിലെ മൂപ്പൻമാർ ചോദിച്ചു. ഞങ്ങളിൽ ചിലർക്ക് അറിയാമായിരുന്നു. ഞങ്ങൾ ആ പ്രദേശത്തു പ്രവർത്തിക്കാൻ തുടങ്ങി. അത് യഥാർഥ സന്തുഷ്ടിക്കു വകനൽകി. അങ്ങനെയുണ്ടായ അനേകം അനുഭവങ്ങളിലൊന്നാണു താഴെ കൊടുക്കുന്നത്.
“ഞാനും സ്നാപനമേൽക്കാത്ത ഒരു പ്രസാധകനുംകൂടി ഒരു സൈനിക കമാൻഡറോടു സംസാരിച്ചു. ഞങ്ങൾക്കു പറയാനുള്ളത് എന്താണെന്നു കമാൻഡർ ശ്രദ്ധിച്ചശേഷം അദ്ദേഹത്തിന്റെ പടയാളികളോടും സംസാരിക്കാൻ ഞങ്ങളെ ക്ഷണിച്ചു. ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും അവർ കേൾക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, മടങ്ങിച്ചെല്ലുന്നതിനു ഞങ്ങൾ ക്രമീകരണം ചെയ്തു.
“റഷ്യൻഭാഷ സ്ഫുടമായി സംസാരിക്കുന്ന ഒരു സഹോദരിയോട് ഞങ്ങളോടൊപ്പം ഒരു വിവർത്തകയായി വരുവാൻ ഞങ്ങൾ അഭ്യർഥിച്ചു. പട്ടാളത്താവളത്തിലെ ക്ലബിൽ ഒരു മേശയിൽ ഞങ്ങൾ സാഹിത്യങ്ങൾ നിരത്തിവെച്ചു. 68 പടയാളികളോടു സംസാരിക്കുന്നതിനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഞങ്ങൾക്കു കഴിഞ്ഞു. അതിനുശേഷം, അവർ 35 പുസ്തകങ്ങളും 100-ഓളം മാസികകളും സസന്തോഷം സ്വീകരിച്ചു. ക്ലബ് വിട്ടുപോരുമ്പോൾ സാഹിത്യങ്ങളെക്കുറിച്ച് അവർ കൂട്ടം കൂട്ടമായി ചർച്ചനടത്തുന്നതു ഞങ്ങൾ കണ്ടു.
“1992 ജൂലൈ 4-നു മടങ്ങിച്ചെല്ലുന്നതിന് ഞങ്ങൾ ക്രമീകരണം ചെയ്തു. രാവിലെ 10:50-ന് എത്തിയപ്പോൾ, പട്ടാളക്കാർ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണെന്നു പട്ടാളത്താവളത്തിന്റെ വാതിൽക്കൽനിൽക്കുന്ന ഗാർഡ് ഞങ്ങളോടു പറഞ്ഞു. ഒരു മേജർ ഞങ്ങളെ ക്ലബിലേക്കു കൂട്ടിക്കൊണ്ടുപോയി. ലൈബ്രറിക്കുവേണ്ടി ഞങ്ങളുടെ പക്കൽനിന്നു സാഹിത്യം സ്വീകരിച്ച ഒരു സ്ത്രീ, ബാരക്കുകളിൽ പ്ലാക്കാർഡുകൾ വെച്ചുകൊണ്ട് ഞങ്ങളുടെ വരവു സംബന്ധിച്ച് അറിയിപ്പു നൽകിയതായി ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ലോകവ്യാപകമായ നമ്മുടെ വേലസംബന്ധിച്ചു മൂന്നു സഹോദരങ്ങൾ ഹ്രസ്വ ഭാഷണങ്ങൾ നടത്തി. നമുക്ക് എന്തുകൊണ്ടു ബൈബിളിൽ വിശ്വസിക്കാനാകും എന്ന് അവർ കാണിച്ചുകൊടുത്തു. പിന്നീട് സദസ്യരിൽനിന്നു ചോദ്യങ്ങൾ ക്ഷണിക്കുകയും ബൈബിളിൽനിന്ന് ഉത്തരം നൽകുകയും ചെയ്തു. ചോദ്യങ്ങളിൽ ചിലത് ഇപ്രകാരമായിരുന്നു: സൈനികസേവനത്തിൽ യഹോവയുടെ സാക്ഷികളുടെ നിലപാടെന്ത്? അവരിൽ ആരെങ്കിലും പടയാളികളാണോ? ആദ്യത്തെ തവണ എന്നോടൊപ്പം വന്ന സ്നാപനമേൽക്കാത്ത പ്രസാധകനു സംസാരിക്കാൻ ഇത് അവസരമേകി. പൂർവജർമനിയിലെ 25 വർഷത്തെ സൈനിക സേവനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അതിലെ അവസാനവർഷങ്ങൾ വ്യോമസേനയിലെ ക്യാപ്ററനായിട്ടാണു സേവനമനുഷ്ഠിച്ചിരുന്നത്. ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും എങ്ങനെ അറിയാനിടയായി എന്നും ഇപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിവരിച്ചു. പട്ടാളക്കാർക്കെല്ലാം തങ്ങൾ കേട്ടകാര്യത്തിൽ മതിപ്പുളവായി. ഏഴു മിനിററിനുള്ളിൽ ഞങ്ങൾ കൊണ്ടുപോയ എല്ലാ സാഹിത്യങ്ങളും പടയാളികൾ കൈപ്പററി. അനേകരും ബൈബിളുകൾ ആവശ്യപ്പെട്ടു. ഒരു പുസ്തകക്കടയിൽനിന്ന് ഏഴു റഷ്യൻ ബൈബിൾ വാങ്ങുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു. അവർ അത് വിലമതിപ്പോടെ കൈപ്പററി. ആത്മീയമായി ദരിദ്രരായ ഇവർക്ക് ബൈബിളിലെ വിവരങ്ങൾ നൽകുകയെന്നത് യഥാർഥത്തിൽ സന്തുഷ്ടി പകർന്ന ഒന്നായിരുന്നു. അവർ വേണ്ടവിധം പ്രതികരിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.”
സത്യമായും ദൈവം മുഖപക്ഷമുള്ളവനല്ല. പരമാർഥഹൃദയരായ ആളുകൾക്ക് അവർ ആരായിരുന്നാലും എവിടെയായിരുന്നാലും തന്റെ വചനത്തിലൂടെ അവൻ പ്രേരണയേകുന്നു. തന്നെക്കുറിച്ചും തന്റെ പുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചും അറിയുവാൻ അവൻ അവരെ ക്ഷണിക്കുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവർ അങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണ്.—യോഹന്നാൻ 17:3.