ഭിന്നിച്ചിരിക്കുന്ന സഭ—അതിന് അതിജീവിക്കാനാവുമോ?
“ക്രിസ്തുവിന്റെ രക്ഷാസത്യം പരസ്യമായി പ്രസ്താവിക്കുന്ന ഏവരും ദൃശ്യസഭയോടു ബന്ധപ്പെട്ടിരിക്കുന്നു. ക്രൈസ്തവലോകത്തിന്റെ ഭിന്നതകൾ—കിഴക്കും പടിഞ്ഞാറും ഓർത്തഡോക്സ് സഭകൾക്കിടയിലും, റോമൻ കത്തോലിക്കാ സഭയ്ക്കും നാന സഭകൾക്കിടയിലും—ഒരു സഭയ്ക്കുള്ളിലെതന്നെ ഭിന്നതകളാണ്.” (ക്രിസ്ററ്യൻസ് ഇൻ കമ്മ്യൂണിയൻ) അപ്രകാരമാണ് ഒരു ലേഖകൻ ക്രിസ്ത്യാനിത്വത്തെ വീക്ഷിക്കുന്നത്—യേശുക്രിസ്തുവിൽ എന്തെങ്കിലും തരത്തിലുള്ള വിശ്വാസമുള്ളതായി അവകാശപ്പെടുന്ന, വ്യാപകമായി ചിതറിക്കിടക്കുന്ന മതവിഭാഗങ്ങളുടെ കുടുംബം.
എന്നിരുന്നാലും, ഇത് പരസ്പരവിരുദ്ധമായ വിശ്വാസങ്ങളും പെരുമാററച്ചട്ടങ്ങളുമുള്ള ഭിന്നിച്ചിരിക്കുന്ന ഒരു കുടുംബമാണ്. “ഇപ്പോഴത്തെ ക്രിസ്ത്യാനിത്വപ്രകാരം . . . സഭയിൽ അംഗത്വം ലഭിക്കുന്നതിനു വളരെ താഴ്ന്ന യോഗ്യതകൾ മതിയാകും. ഒരു ബസിൽ യാത്രചെയ്യുന്നതിന് ഇതിലും കൂടുതൽ യോഗ്യതകൾ ആവശ്യമാണ്” എന്ന് ഒരു നിരീക്ഷകൻ പറയുന്നു. അപ്പോൾപ്പിന്നെ അതിന്റെ ആത്മീയ അവസ്ഥയെ നാം എങ്ങനെയാണു കണക്കാക്കേണ്ടത്? കത്തോലിക്കാ ബിഷപ്പായ ബേസിൽ ബട്ട്ലർ ഇങ്ങനെ ഉപസംഹരിക്കുന്നു: “വാസ്തവത്തിൽ, ഭിന്നിച്ചിരിക്കുന്ന ഒരു ക്രിസ്ത്യാനിത്വം തികച്ചും രോഗഗ്രസ്തമാണ്.” (സഭയും ഐക്യവും) എങ്ങനെയാണ് ആ രോഗം തുടങ്ങിയത്? സുഖംപ്രാപിക്കുമെന്നു പ്രതീക്ഷിക്കാൻ വകയുണ്ടോ?
“അധർമ മനുഷ്യൻ”
അനൈക്യം വികാസംപ്രാപിക്കുമെന്ന് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി. ക്രിസ്തുവിന്റെ സാന്നിധ്യം ആസന്നമാണെന്നു കരുതിയ തെസലോനിക്യയിലെ ക്രിസ്ത്യാനികൾക്ക് അദ്ദേഹം പിൻവരുന്നവിധം എഴുതി: “ഏതെങ്കിലും വിധത്തിൽ നിങ്ങളെ ആരും വഞ്ചിക്കാതിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ആദ്യം വിശ്വാസത്യാഗം സംഭവിക്കുകയും നാശപുത്രനായ അധർമ മനുഷ്യൻ വെളിപ്പെട്ടുവരികയും ചെയ്യാത്തപക്ഷം അത് [യഹോവയുടെ ദിവസം] വന്നെത്തുകയില്ല.”—2 തെസലോനിക്യർ 2:3, NW.
ഈ “അധർമ മനുഷ്യൻ” ക്രിസ്തീയസഭയിൽ വിശ്വാസത്യാഗവും മത്സരവും നിവേശിപ്പിച്ചു. അവൻ ആരാണ്? അത് ഒരൊററ മനുഷ്യനല്ല. മറിച്ച്, ക്രൈസ്തവലോകത്തിലെ വൈദിക വർഗമാണ്. യേശുവിന്റെ അപ്പോസ്തലൻമാരുടെ മരണത്തിനുശേഷം അധികം താമസിയാതെ ഈ വർഗം വിശ്വാസത്യാഗം ഭവിച്ച സഭയ്ക്കുമേലായി തങ്ങളെത്തന്നെ ഉയർത്തി. കാലക്രമേണ, ത്രിത്വം, മനുഷ്യദേഹിയുടെ അമർത്ത്യത തുടങ്ങിയ വിജാതീയ തത്ത്വശാസ്ത്രങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. (പ്രവൃത്തികൾ 20:29, 30; 2 പത്രൊസ് 2:1-3) മാരകമായ ഒരു വൈറസ്സിനെപ്പോലെ അത് ക്രിസ്തീയ സഭയെന്ന് അവകാശപ്പെട്ട സഭയെ നിശ്ചയമായും അനൈക്യത്തിലേക്കു നയിക്കുന്ന ഭൂതനിശ്വസ്ത ആശയങ്ങൾകൊണ്ടു നിറച്ചു.—ഗലാത്യർ 5:7-10.
ഈ ബാധയുടെ വ്യാപനം അപ്പോസ്തലനായ പൗലോസിന്റെ നാളിലേ തുടങ്ങിയിരുന്നു. അദ്ദേഹം പിൻവരുന്ന പ്രകാരം എഴുതി: “അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം.” (2 തെസ്സലൊനീക്യർ 2:7) വിശ്വാസത്യാഗമെന്ന വിഷബാധയെ തടുക്കുന്നവരായി അപ്പോസ്തലൻമാർ പ്രവർത്തിച്ചു. അവരുടെ ഏകീഭവിപ്പിക്കുന്ന സ്വാധീനം നിലച്ചപ്പോൾ പ്രതിബന്ധമില്ലാത്ത വിശ്വാസത്യാഗം അർബുദവ്യാധിപോലെ പടർന്നു പിടിച്ചു.—1 തിമൊഥെയൊസ് 4:1-3; 2 തിമൊഥെയൊസ് 2:16-18.
ഈ ‘അധർമ മനുഷ്യന്റെ’ പ്രവർത്തനങ്ങൾ യാതൊരു മങ്ങലുമേൽക്കാതെ തുടരുകയാണ്. “ലൈംഗികവും വേദാന്തപരവുമായ പീഡനത്തിനടിപ്പെട്ട സഭ”യെക്കുറിച്ച് അടുത്തയിടെ നടത്തിയ ഒരു റിപ്പോർട്ടിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു ആർച്ച്ഡീക്കൺ പിൻവരുന്നവിധം പരാതിപറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “വൈദികർ വിവാഹത്തിനു പുറമേയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടരുതെന്നുംപറഞ്ഞുള്ള പ്രമേയങ്ങൾ തള്ളപ്പെട്ടിരിക്കുകയാണ്. സ്വവർഗസംഭോഗത്തിലേർപ്പെടുന്നവരെ വാഴിച്ചിരിക്കുന്നു. അവർ നൻമയെ തിൻമയും തിൻമയെ നൻമയുമാക്കിത്തീർത്തിരിക്കുന്നു.”—ദ സൺഡേ ടൈംസ് മാഗസിൻ, ലണ്ടൻ, 1992 നവംബർ 22.
കോതമ്പും കളകളും
സത്യക്രിസ്ത്യാനിത്വം താത്കാലികമായി അപ്രത്യക്ഷമാകുമെന്നു യേശുക്രിസ്തുതന്നെയും പഠിപ്പിച്ചിരുന്നു. ക്രിസ്തീയ സഭയുടെ സ്ഥാപിക്കൽ ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തുവിതച്ചതുപോലെയാണെന്ന് അവൻ പറഞ്ഞു. എന്നാൽ, “അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു” എന്നു യേശു പറഞ്ഞു. കള പറിച്ചുകളയട്ടയോ എന്നു ദാസൻമാർ ചോദിച്ചപ്പോൾ വയലുടമ: “ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും” എന്നു പറഞ്ഞു. കോതമ്പും കളകളും എത്രനാൾ ഒന്നിച്ചു വളരും? “രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ” എന്നു വയലിന്റെ ഉടമസ്ഥൻ പറഞ്ഞു.—മത്തായി 13:25, 29, 30.
“കൊയ്ത്തോളം” അഥവാ “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ അവസാന നാളുകളിൽ വേർതിരിക്കൽ നടക്കുവോളം സത്യക്രിസ്ത്യാനികളോടൊപ്പം അനുകരണ ക്രിസ്ത്യാനികളും വളർന്നുവരും. (മത്തായി 28:20, NW) ദുഷിച്ചതും വിഭജിതവുമായ അനുകരണ ക്രിസ്തീയ സഭ രൂപീകരിക്കുന്നതിനു പിശാചായ സാത്താൻ വിശ്വാസത്യാഗികളെ ഉപയോഗിച്ചു. (മത്തായി 13:36-39) അവർ യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ ലജ്ജാകരമായ ഒരു വ്യാജപ്പകർപ്പുണ്ടാക്കി. (2 കൊരിന്ത്യർ 11:3, 13-15; കൊലൊസ്സ്യർ 2:8) നൂററാണ്ടുകളിലൂടെ സഭ ഛിന്നഭിന്നമായപ്പോൾ സത്യക്രിസ്ത്യാനിത്വത്തെ തിരിച്ചറിയുക വളരെ പ്രയാസകരമായിക്കൊണ്ടിരുന്നു.
പുതിയ വിഭാഗങ്ങൾ
ആധുനിക നാളുകളിൽ “[പു]തിയ വിഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും കരിസ്മാററിക് പ്രസ്ഥാനങ്ങൾ. വ്യക്തിപരമായ വിശ്വാസത്തിനും അനുഭവത്തിനുമാണ് അവ ഊന്നൽ നൽകുന്നത്” എന്ന് ദ ടെസ്ററിങ് ഓഫ് ദ ചർച്ചസ്—1932-1982 എന്ന ഗ്രന്ഥം പറയുന്നു. രസാവഹമെന്നു പറയട്ടെ, ചിലരുടെ കാഴ്ചപ്പാടിൽ വീണ്ടും ജനിച്ചവർ, കരിസ്മാററിക്കുകാർ, തുടങ്ങിയ പ്രസ്ഥാനക്കാർ പുതിയ വിഭാഗങ്ങളല്ല. മറിച്ച്, ആത്മീയ സുഖംപ്രാപിക്കലിന്റെ അടയാളങ്ങളാണ്. ഉദാഹരണത്തിന്, ഉത്തര അയർലൻഡ് 1850-കളിൽ അത്തരമൊരു നവീകരണം അനുഭവിക്കുകയുണ്ടായി. അത്യധികം പ്രതീക്ഷകൾ ഉണ്ടായിരുന്നു. “പ്രെസ്ബിറേററിയൻമാർ, മെഥഡിസ്ററുകാർ, സ്വതന്ത്രരായിനിൽക്കുന്ന ശുശ്രൂഷകർ എന്നിവരുടെയിടയിലെ . . . സഹോദരഭാവമുള്ള ഏകീകരണ”ത്തെക്കുറിച്ച് ഒരു റിപ്പോർട്ടു പറയുകയുണ്ടായി. “ഹർഷോൻമാദത്തിൽ ആഴ്ന്നിരിക്കൽ, മയക്കങ്ങൾ, ദർശനങ്ങൾ, സ്വപ്നങ്ങൾ, അത്ഭുതങ്ങൾ എന്നിവയെക്കുറിച്ചു പുതിയ റിപ്പോർട്ടുകൾ എന്നുംതന്നെ വന്നുകൊണ്ടിരുന്നു” എന്നും പറഞ്ഞു.—മതോദ്ധാരണങ്ങൾ [ഇംഗ്ലീഷ്].
നാടകീയമായ ഈ പ്രദർശനങ്ങൾ തന്റെ സഭയെ നവീകരിക്കുന്നതിനായുള്ള ദൈവാത്മാവിന്റെ പ്രവർത്തനമായി അനേകരും വീക്ഷിക്കുകയുണ്ടായി. “ഈ ജില്ലകളിലുള്ള ചർച്ച് ഓഫ് ഗോഡ് ഏററവും മികച്ച രീതിയിൽ നവീകരിക്കപ്പെട്ടു” എന്ന് ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടു. പ്രത്യേകമായ ഈ നവീകരണത്തെ “അൾസ്റററിന്റെ മതചരിത്രത്തിലെ അഭൂതപൂർവമായ കാലഘട്ടം” എന്നു വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും ഇതും ഇതുപോലുള്ള മററു നവീകരണങ്ങളും ആത്മീയമായി പുനർജീവിച്ചുവെന്ന് അവകാശപ്പെടുന്നവരുടെയിടയിൽ മതപരമായ ഐക്യം ഉത്പാദിപ്പിച്ചില്ല.
അടിസ്ഥാനകാര്യങ്ങളിൽ തങ്ങൾ യോജിപ്പുള്ളവരാണ് എന്ന് അത്തരം ആളുകൾ വാദിക്കും. ഇതേ വാദഗതികൾതന്നെയാണു ക്രൈസ്തവലോകത്തിലെ ശേഷിച്ചവരും ഉപയോഗിക്കുന്നത്. അവർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: “ക്രിസ്ത്യാനികളെ ഏകോപിപ്പിക്കുന്ന കാര്യങ്ങൾ അവരെ വിഭജിപ്പിക്കുന്ന കാര്യങ്ങളെക്കാൾ വളരെയധികം പ്രാധാന്യമുള്ളവയാണ്.” (സഭയും ഐക്യവും) “നമുക്കിടയിൽത്തന്നെയും മറെറല്ലാ സഹ ക്രിസ്ത്യാനികളുമായും ഉള്ള അടിസ്ഥാനപരമായ ഐക്യം ക്രിസ്തുവിലുള്ള സ്നാപനത്തിൽ വേരൂന്നിയിരിക്കുകയാണ്” എന്ന് ക്രൈസ്തവലോകം അവകാശപ്പെടുന്നു. (ക്രിസ്ററ്യൻസ് ഇൻ കമ്മ്യൂണിയൻ) യേശുവിൽ പൊതുവായ വിശ്വാസം ഉള്ളതുകൊണ്ട് ഭിന്നതകൾ അത്ര പ്രാധാന്യമുള്ളതല്ല എന്നു പറയുന്നത് ബലിഷ്ഠമായ ഹൃദയമുള്ളിടത്തോളം കാലം കാൻസർ ഒരു ഗൗരവമുള്ള സംഗതിയല്ല എന്നു പറയുന്നതിനു സമാനമാണ്.
മതപരമായ അത്തരം ആധുനിക പ്രസ്ഥാനങ്ങൾ ആശയക്കുഴപ്പങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം ആത്മീയ അരാജകത്വവും വളർത്തിക്കൊണ്ടുവന്നിരിക്കുന്നുവെന്നതാണു വാസ്തവം. അതിനു കാരണം പ്രലോഭനം ചെലുത്തുന്ന ഉപദേശകർ തങ്ങൾക്കായി ശിഷ്യരെ ഉളവാക്കാൻ ശ്രമിക്കുന്നുവെന്നതാണ്. ആയിരക്കണക്കിന് ആളുകളെ അടുത്തയിടെ വഴിതെററിച്ച ആത്മീയ നേതാക്കളാണു ജിം ജോൺസും ഡേവിഡ് കോരെഷും. (മത്തായി 15:14) ഒരു ബാപ്ററിസ്ററ് ശുശ്രൂഷകൻ കൂ ക്ലക്സ് ക്ലാനിന്റെ ഒരു പ്രമുഖ അംഗമാണ്. അയാൾ മതപരമായ നവീകരണത്തെ വെളുത്തവർഗക്കാരുടെ സർവാധിപത്യത്തിനായുള്ള തന്റെ പ്രചാരണവുമായി ബന്ധിപ്പിക്കുന്നു. കൂടാതെ, അതിൽ പങ്കുപററുന്നവർക്കെല്ലാം “ദിവ്യ മാർഗനിർദേശവും കാൽവരിയിൽ മരിച്ചവന്റെ [യേശുക്രിസ്തു] ധൈര്യവും നൽകപ്പെടും” എന്നും പറയപ്പെടുന്നു.
അത്ഭുതങ്ങൾ എന്നു കരുതപ്പെടുന്നവയും വീര്യപ്രവൃത്തികളും യേശുവിന്റെ നാമത്തിൽ ചെയ്യപ്പെടുന്ന അടയാളങ്ങളും സംബന്ധിച്ചെന്ത്? “കർത്താവേ, കർത്താവേ” എന്നു കേവലം പറയുന്നവരല്ല മറിച്ച് ‘തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ’ അത്രേ അവന്റെ അംഗീകാരം നേടിയെടുക്കുന്നത് എന്ന യേശുവിന്റെ ശക്തമായ മുന്നറിയിപ്പ് അനുസ്മരിക്കുക. ഇന്ന് അനേകർക്കും അവന്റെ പിതാവിന്റെ നാമം യഹോവ എന്നാണ് എന്നതുപോലും അറിഞ്ഞുകൂടാ. ‘തന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും’ ചെയ്തിട്ടുപോലും “അധർമ്മം പ്രവർത്തിക്കുന്ന”വർ ആയിരിക്കുന്നവരെക്കുറിച്ച് യേശു മുന്നറിയിപ്പു നൽകി.—മത്തായി 7:21-23.
‘എന്റെ ജനമായുള്ളോരേ, അവളെ വിട്ടുപോരുവിൻ’
രോഗബാധിത ക്രൈസ്തവലോകത്തിന്റെ സൗഖ്യമാകൽ സാധ്യത എത്രത്തോളമുണ്ട്? വളരെ പരിതാപകരം. എങ്കിൽപ്പിന്നെ “വലിയ പ്രയാസമൊന്നും കൂടാതെ [സഭയിൽ] ചേരുന്നതിനും അവളുടെ നിരന്തരമായ ‘ശുദ്ധീകരണത്തിനു’വേണ്ടി അവളുടെ നിലവാരത്തിനൊത്തവണ്ണം നമ്മുടെ സഹായഹസ്തം നീട്ടുന്നതിനു”മായി കത്തോലിക്കാ ബിഷപ്പായ ബട്ട്ലർ നൽകിയ ഉപദേശം നാം കൈക്കൊള്ളണമോ? വേണ്ടേവേണ്ട! ഭിന്നിച്ചിരിക്കുന്നതും ഭിന്നതയുണ്ടാക്കുന്നതുമായ ക്രൈസ്തവലോകം അതിജീവിക്കുകയില്ല. (മർക്കൊസ് 3:24, 25) അവൾ മഹതിയാം ബാബിലോൻ എന്ന പേരുള്ള വ്യാജമത ലോകസാമ്രാജ്യത്തിന്റെ ഭാഗമാണ്. (വെളിപ്പാടു 18:2, 3) രക്തപാതകക്കുററമുള്ള ഈ മതവ്യവസ്ഥിതി ദൈവത്തിൽനിന്നുള്ള ആസന്ന നാശത്തെ അഭിമുഖീകരിക്കുകയാണ്.
യഥാർഥ ക്രിസ്ത്യാനികൾ ഈ ദുഷിച്ച മതസ്ഥാപനത്തിനുള്ളിൽ നിലകൊള്ളുന്നതിനും അങ്ങനെ അവളെ നവീകരിക്കുന്നതിനും ബൈബിൾ നിർദേശിക്കുന്നില്ല. മറിച്ച് അത് പിൻവരുന്നവിധം ഉദ്ബോധിപ്പിക്കുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു.”—വെളിപ്പാടു 18:4, 5.
“വിട്ടുപോരുവിൻ,” എങ്ങോട്ട്? സത്യക്രിസ്ത്യാനികൾ കൊയ്ത്തുകാലത്തു ലോകവ്യാപകമായ ഐക്യത്തിലേക്കു കൂട്ടിവരുത്തപ്പെടുമെന്നു യേശു പറഞ്ഞത് അനുസ്മരിക്കുക. അത്തരമൊരു കൂട്ടിവരുത്തലിനെക്കുറിച്ചു പിൻവരുന്ന വാക്കുകളിൽ പ്രവാചകനായ മീഖായും മുൻകൂട്ടിപ്പറഞ്ഞു: “തൊഴുത്തിലെ ആടുകളെപ്പോലെ, . . . ഞാൻ അവരെ ഒരുമിച്ചുകൂട്ടും.” (മീഖാ 2:12) ഇതു സംഭവിച്ചോ?
ഉവ്വ്! യഥാർഥ ക്രിസ്ത്യാനികൾ ലോകവ്യാപകമായ സാഹോദര്യത്തിലേക്കു കൂട്ടിവരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. അവർ ആരാണ്? അവർ യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയാണ്. അവർ ഐകമത്യത്തോടെ 231 രാജ്യങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവലോകത്തിന്റെ ഭിന്നതയുണ്ടാക്കുന്ന പഠിപ്പിക്കലുകൾ ത്യജിക്കുകയും ദൈവത്തെ അവന്റെ വചനത്തിലെ സത്യത്തിന്റെ അടിസ്ഥാനത്തിൽ ആരാധിക്കുകയും ചെയ്യുന്നതിന് അവർ അവസരം തേടുന്നു.—യോഹന്നാൻ 8:31, 32; 17:17.
അവരുമായി സംസാരിക്കാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. യഹോവയുടെ സാക്ഷികളെക്കുറിച്ചു കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രാദേശിക സഭയിലൂടെയോ അല്ലെങ്കിൽ ഈ മാസികയുടെ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലൂടെയോ അവരുമായി സമ്പർക്കം പുലർത്തുക.
[7-ാം പേജിലെ ചിത്രം]
‘അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്’