ഭിന്നിച്ചിരിക്കുന്ന സഭ—അത് എത്രകണ്ടു മോശമാണ്?
“മുൻവശത്തെ ഭിത്തി പെട്ടെന്നു നിലംപതിച്ച ഒരു പൊട്ടിപ്പൊളിഞ്ഞ പഴയ വീട്ടിൽ താമസിക്കുന്ന ഭയപരവശരായ കുടുംബാംഗങ്ങളുടെ കാര്യത്തിലെന്നപോലെ എല്ലായിടത്തുനിന്നും ശബ്ദകോലാഹലം ഉയരുന്നതായി തോന്നി. ജീസസ്സ് ചിൽഡ്രൻ ശക്തിയോടെ മദ്ദളം ആഞ്ഞടിച്ചുകൊണ്ട് കറുത്ത സിൽക്ക് സ്യൂട്ടുകൾ ധരിച്ച, കേമൻമാരായ ആംഗ്ലോ-കത്തോലിക്കരായ സ്വവർഗസംഭോഗികളെ കൂകിവിളിക്കുകയാണ്.”—ദ സൺഡേ റൈറംസ്, ലണ്ടൻ, 1993 ഏപ്രിൽ 11.
ഈ കുടുംബം ചർച്ച് ഓഫ് ഇംഗ്ലണ്ടിൽപ്പെട്ടവരാണ്. സ്ത്രീകളെ പൗരോഹിത്യത്തിലേക്കു നിയോഗിക്കുന്നതു സംബന്ധിച്ചാണു ബഹളം. അനൈക്യം സംബന്ധിച്ചുള്ള സ്പഷ്ടമായ ഈ വിവരണം മുഴു ക്രൈസ്തവലോകത്തിനും ഒരുപോലെ ബാധകമാണ്. സ്ത്രീകളെ പുരോഹിതമാരാകാൻ അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ ഓർത്തഡോക്സ് സഭയിലെ പാത്രിയാർക്കീസുമാരും പാപ്പായും തള്ളിക്കളഞ്ഞതോടെ അതിന്റെ ആത്യന്തിക ഫലമെന്ന് ഒരു റിപ്പോർട്ട് നിഗമനം ചെയ്യുന്നത്, “പുനരേകീകരണം സംബന്ധിച്ചുള്ള ക്രൈസ്തവലോകത്തിന്റെ സ്വപ്നം എന്നത്തെക്കാളേറെ വിദൂരത്തിലാണ്” എന്നാണ്.
സഭ എത്രകണ്ടു വിഭജിതമാണ്?
മത്തായി 7:21-ൽ നാം വായിക്കുന്നപ്രകാരം, അനേകർ യേശുക്രിസ്തുവിനെ കർത്താവ് എന്നു വിശ്വസിക്കുന്നതായി അവകാശപ്പെടുമെങ്കിലും തന്റെ ‘പിതാവിന്റെ ഇഷ്ടം’ ചെയ്യുന്നതിൽ പരാജയപ്പെടുമെന്ന് അവൻ പറഞ്ഞു. “ദൈവേഷ്ടം എന്താണ് എന്ന കാര്യത്തിൽ ക്രിസ്ത്യാനികളും അവരുടെ സഭകളും ഇത്രമാത്രം ആഴത്തിൽ വിഭിന്ന അഭിപ്രായം വെച്ചുപുലർത്തുന്നതിനാൽ രക്ഷയുടെ മാർഗം തേടുന്നതിനായി മത്തായിയുടെ സുവിശേഷം വായിക്കുന്ന വായനക്കാരുടെ ഇടയിൽ ഇതു സംബന്ധിച്ചുണ്ടാകുന്ന ആശയക്കുഴപ്പം പൊറുക്കേണ്ടതുണ്ട്” എന്ന് മക്ലീൻസ് മാഗസിൻ അഭിപ്രായപ്പെടുന്നു. കാനഡക്കാരുടെ ഇടയിൽ നടത്തിയ ഒരു വോട്ടെടുപ്പിനെ തുടർന്ന് ആ മാഗസിൻ ഇങ്ങനെ സൂചിപ്പിച്ചുകൊണ്ട് ഉപസംഹരിച്ചു: “വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള ബന്ധത്തിൽ കനേഡിയൻ ക്രിസ്ത്യാനികളുടെ ഇടയിൽ വളരെ വലിയ വൈപരീത്യം നിലനിൽക്കുന്നു—അത് വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലുള്ള അന്തരത്തെക്കാളും ഒരേ വിഭാഗത്തിൽത്തന്നെയുള്ള അംഗങ്ങൾക്കിടയിലാണു കൂടുതൽ.”
അതു നടത്തിയ സർവേപ്രകാരം, തങ്ങളുടെ സഭ കൃത്രിമ ജനനനിയന്ത്രണത്തിന്റെ ഉപയോഗത്തെ കുററംവിധിക്കുന്നുവെങ്കിലും 91 ശതമാനം കത്തോലിക്കർ അതിനെ അനുകൂലിക്കുന്നവരാണ്. പുരോഹിതമാരായിരിക്കാൻ സ്ത്രീകളെ അനുവദിക്കണമെന്ന് 78 ശതമാനം വിചാരിക്കുന്നു. 41 ശതമാനം “ചില പ്രത്യേക സാഹചര്യങ്ങളിൽ” ഗർഭച്ഛിദ്രം നടത്തുന്നു. “ദൈവശാസ്ത്രപരമായ ഒരുപാടു ചോദ്യങ്ങ”ളോടുള്ള ബന്ധത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കുള്ളിലുള്ളവരുടെ അഭിപ്രായവ്യത്യാസം “സഭയുടെ മുഖ്യധാരയിൽനിന്നുള്ള പിളർന്നുപോക്കിന്റെ കാരണത്തെ അടിവരയിട്ടുകാണിക്കുന്നു” എന്ന് മക്ലീൻസ് പറയുന്നു.
ഇരട്ടത്താപ്പു നയം
ധാർമിക സംഹിതയിൽ ഇരട്ടത്താപ്പു നയവും പരസ്പരവിരുദ്ധമായ നയവും സ്ഥിതിചെയ്യുന്നു. ചിലർ ബൈബിൾ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതായി അവകാശപ്പെടുമ്പോൾ മററുചിലർ അതിനെ പുച്ഛിച്ചു തള്ളുന്നു. ദൃഷ്ടാന്തത്തിന്, ടൊറൊന്റോയിലെ മെട്രോപോളിററൻ പള്ളിയിൽ നടത്തിയ സ്വവർഗസംഭോഗികളായ രണ്ടു സ്ത്രീകൾ തമ്മിലുള്ള “വിവാഹ”കർമം ദൈവഹിതത്തിനു ചേർച്ചയിലാണോ? അതിൽ പങ്കെടുത്തവർ അപ്രകാരം വിചാരിച്ചു. “ഞങ്ങളുടെ സ്നേഹം പരസ്യമായും ദൈവമുമ്പാകെയും ആഘോഷിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് അവർ പറഞ്ഞു.
“പരാതികൾ സഹിക്കവയ്യാതായപ്പോൾ ഒരു കത്തോലിക്കാ ആർച്ച് ബിഷപ്പ് ആൺകുട്ടികളെ ലൈംഗിക ദുർവിനിയോഗം ചെയ്തിരുന്ന വൈദികൻമാരെ അൾത്താര ശുശ്രൂഷകരായി ധാരാളം ആൺകുട്ടികളുള്ള സ്ഥലങ്ങളിലേക്കു മാററിയത്” എന്തുകൊണ്ടെന്ന് ഒരു കോളമെഴുത്തുകാരൻ ചോദിച്ചു. 2,000 മുതൽ 4,000 വരെ പുരോഹിതൻമാർ 1,00,000 കുട്ടികളെ ലൈംഗികദുരുപയോഗത്തിന് ഇരകളാക്കിയതായി വൈദികനായ ആൻഡ്രൂ ഗ്രീലി അഭിപ്രായപ്പെടുന്നു. മിക്കപ്പോഴും ഇതു സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കാറില്ല.
അനൈക്യമുള്ള സഭ അനൈക്യമുള്ള ജനങ്ങളെ ഉത്പാദിപ്പിക്കുന്നു. ബാൾക്കൻസിൽ സെർബിയരും ക്രോയേഷ്യരുമായ “ക്രിസ്ത്യാനികൾ” ക്രിസ്തു തങ്ങളുടെ “നീതി”യുദ്ധത്തിന്റെ മധ്യേ ഉള്ളതായി കരുതുന്നു. അനേകർ കുരിശ് ധരിച്ചുകൊണ്ടു യുദ്ധം ചെയ്യുന്നു. അതിലൊരാൾ “യുദ്ധം രൂക്ഷമാകുന്ന അവസരത്തിലെല്ലാം കുരിശ് വായിൽവെച്ചുകൊണ്ടു” യുദ്ധം ചെയ്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടു.
“നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാ”തിരിക്കണം”
ചിലകാര്യങ്ങൾ മനസ്സാക്ഷി അനുസരിച്ചു ചെയ്യുന്നതിനു ബൈബിൾ വിട്ടുകൊടുക്കുന്നു എന്നതു ശരിയാണ്. എന്നാൽ ഇത് അത്തരം ഭിന്നതകൾക്ക് ഇടം നൽകരുത്. “നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ . . . ഏകാഭിപ്രായത്തിൽ യോജിച്ചിരിക്ക”ണം എന്ന് അപ്പോസ്തലനായ പൗലോസ് വളരെ വ്യക്തമായി പ്രസ്താവിച്ചു.”—1 കൊരിന്ത്യർ 1:10; എഫെസ്യർ 4:15, 16.
അപ്പോസ്തലനായ പൗലോസ് ആ വാക്കുകൾ എഴുതി രണ്ടായിരം വർഷം കഴിഞ്ഞുള്ള “ക്രിസ്ത്യാനിത്വ”ത്തിന്റെ ഒരു സൂക്ഷ്മ നിരീക്ഷണം ചില ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. എന്തുകൊണ്ടാണ് “ക്രിസ്ത്യാനികൾ” ഇത്ര വിഭജിതരായിരിക്കുന്നത്? അത്തരമൊരു വിഭജിത സഭയ്ക്കു നിലനിൽക്കാനാവുമോ? ഏകീകൃതമായ ഒരു ക്രൈസ്തവലോകം എന്നെങ്കിലും ഉണ്ടായെന്നുവരുമോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതാണ്.
[3-ാം പേജിലെ ചിത്രം]
ഗർഭച്ഛിദ്രത്തിനെതിരെ വൈദികരുടെ പ്രകടനം
[ചിത്രത്തിനു കടപ്പാട്]
Cover and above: Eleftherios/Sipa Press