സ്ത്രീകൾക്കു പുരോഹിതപട്ടം കൊടുക്കുന്നത് ആംഗ്ലിക്കൻ പുരോഹിതൻമാരെ കലിപിടിപ്പിക്കുന്നു
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
സ്ത്രീകളെ പുരോഹിതമാരായി നിയമിക്കുന്നതു സംബന്ധിച്ച ഒരു നിർദേശം 1992 നവംബറിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതു പുരോഹിതസമിതി സ്വീകരിക്കുകയുണ്ടായി. അതിന്റെ ഫലമായി, അതൃപ്തരായ ഏതാണ്ട് 150 ആംഗ്ലിക്കൻ പുരോഹിതൻമാർ 1995-ൽ രാജിവെക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യം പ്രഖ്യാപിച്ചു. അവരിൽ പലരും റോമൻ കത്തോലിക്കാ സഭയിൽ ചേരാനാണ് പ്ലാൻ ചെയ്യുന്നത്. ഉന്നതസ്ഥാനികനായ ഒരു പുരോഹിതൻ പള്ളി കെട്ടിടം ഉൾപ്പെടെ തന്റെ മുഴു ഇടവകയും കൂടെകൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ആദ്യത്തെ സംഘത്തിന്റെ നിയമനമായിരിക്കും (ഒടുവിൽ 1994-ൽ നടന്നത്) “ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 450 വർഷ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ചടങ്ങ്” എന്ന് ലണ്ടനിലെ സൺഡെ ടൈംസ് മുൻകൂട്ടി പറഞ്ഞു.
അനേകം പുരോഹിതൻമാരും പ്രകോപിതരായിരിക്കുന്നതെന്തുകൊണ്ടാണ്? സ്ത്രീകൾ പുരോഹിതമാരായി സേവിക്കുന്നതു കേവലം ഉചിതമല്ലെന്നു ചിലർ വിചാരിക്കുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ കത്തോലിക്കാ, ഓർത്തഡോക്സ് മതങ്ങളുമായി ഒന്നിപ്പിക്കാനുള്ള അടുത്തകാലത്തെ ശ്രമങ്ങളെ പുരോഹിത സമിതിയുടെ തീരുമാനം ക്ഷതപ്പെടുത്തുമെന്നാണു മറ്റുചിലരുടെ ഭയം. വാസ്തവത്തിൽ, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണത്തെ “ഒന്നിപ്പിക്കലിനുള്ള എല്ലാ പ്രത്യാശക്കുമുള്ള ഒരു മഹാ തടസ്സമായി” പാപ്പാതന്നെ കരുതുന്നതായി ഒരു വത്തിക്കാൻ വക്താവു പ്രഖ്യാപിച്ചു.
എന്നാൽ, ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഇടവകകൾ ഓരോന്നും സ്ത്രീ പുരോഹിതകളെ ഒഴിവാക്കാനായി ഇപ്പോഴും വോട്ടു ചെയ്തേക്കാം. “സ്ത്രീ പുരോഹിതകളിൽനിന്ന് ഇടയ സംരക്ഷണം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് അതു നൽകുന്ന” ഒരു സഞ്ചാര പുരോഹിതനെ ബിഷപ്പിന്റെ സ്ഥാനത്ത് ആക്കിവെക്കാൻപോലും അവർ തീരുമാനിച്ചേക്കാം എന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.
നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം” എന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കുള്ള പൗലോസിന്റെ ബുദ്ധ്യുപദേശത്തിൽനിന്ന് എത്രയോ വ്യത്യസ്തം. (1 കൊരിന്ത്യർ 1:10) വൈരുദ്ധ്യം നുരഞ്ഞുപൊന്തുമ്പോൾ പല ഇടവകക്കാരും തങ്ങളുടേതായ സ്വന്തം തീരുമാനങ്ങൾ എടുക്കുന്നു. “മേലാൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വിശ്വാസം അർപ്പിക്കാൻ കഴിയത്തക്കവിധം അതിൽ എന്തെങ്കിലും ഉള്ളതായി ഞങ്ങൾ കാണുന്നില്ല. അത് വിട്ടുപോകുന്നതിൽ എനിക്കു സന്തോഷവും ആശ്വാസവുമേയുള്ളൂ,” ഒരു സ്ത്രീ പറഞ്ഞു.