അധികാരത്തോടുള്ള സന്തോഷപൂരിതമായ കീഴ്പെടൽ
“നിങ്ങൾ . . . ഹൃദയപൂർവം അനുസരിച്ചു.”—റോമർ 6:17.
1, 2. (എ) ഇന്നു ലോകത്തിൽ പ്രകടമാകുന്ന ആത്മാവ് ഏത്, അതിന്റെ ഉറവിടമേത്, അതിന്റെ ഫലമെന്ത്? (ബി) തങ്ങൾ വ്യത്യസ്തരാണെന്ന് യഹോവയുടെ സമർപ്പിതദാസൻമാർ പ്രകടമാക്കുന്നതെങ്ങനെ?
“അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആത്മാവ്” ഇന്നു നടുക്കുംവിധം വ്യക്തമാണ്. അത് “ആകാശശക്തികളുടെ ഭരണാധിപ”നായ സാത്താനിൽനിന്ന് ഉത്ഭവിക്കുന്ന കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആത്മാവാണ്. ഈ ആത്മാവ്, ഈ “വായു” അഥവാ സ്വാർഥതയുടെയും അനുസരണക്കേടിന്റെയും പ്രബലമായ മനോഭാവം മനുഷ്യവർഗത്തിൽ മിക്കവരുടെയുംമേൽ “അധികാരം” അഥവാ ശക്തി പ്രയോഗിക്കുന്നു. അധികാരപ്രതിസന്ധി എന്നു വിളിക്കപ്പെടുന്ന ഒരു ഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നതിനുള്ള ഒരു കാരണം ഇതാണ്.—എഫേസ്യർ 2:2, NW.
2 സന്തോഷകരമെന്നുപറയട്ടെ, യഹോവയുടെ ഇന്നത്തെ സമർപ്പിത ദാസൻമാർ തങ്ങളുടെ ആത്മീയ ശ്വസനേന്ദ്രിയങ്ങളെ ഈ മലിനീകരിക്കപ്പെട്ട “വായു”വിനെക്കൊണ്ട് അഥവാ മത്സരാത്മാവിനെക്കൊണ്ടു നിറയ്ക്കുന്നില്ല. “ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു” എന്ന് അവർക്കറിയാം. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.” (എഫെസ്യർ 5:6, 7) അതിനുപകരം, സത്യക്രിസ്ത്യാനികൾ [യഹോവയുടെ] “ആത്മാവി”നെക്കൊണ്ടു “നിറഞ്ഞവരാ”കാൻ പരിശ്രമിക്കുന്നു. അവർ “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തിൽനിന്നു പാനം ചെയ്യുന്നു. അതാകട്ടെ, “നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും [“യുക്തിസഹവും,” NW] അനുസരണവുമുള്ളതും” ആകുന്നു.—എഫെസ്യർ 5:17, 18; യാക്കോബ് 3:17.
യഹോവയുടെ പരമാധികാരത്തിനു മനസ്സോടെ കീഴ്പെടൽ
3. മനസ്സോടെയുള്ള കീഴ്പെടലിന്റെ താക്കോൽ എന്ത്, ചരിത്രം നമ്മെ പഠിപ്പിക്കുന്ന വലിയ പാഠം എന്ത്?
3 നിയമാനുസൃതമായ അധികാരത്തെ അംഗീകരിക്കുന്നതാണ് മനസ്സോടെയുള്ള കീഴ്പെടലിന്റെ താക്കോൽ. യഹോവയുടെ പരമാധികാരത്തെ നിരാകരിച്ചാൽ സന്തുഷ്ടി കരഗതമാകില്ലെന്നു മനുഷ്യവർഗത്തിന്റെ ചരിത്രം പ്രകടമാക്കുന്നു. ആദാമിനോ ഹവ്വായ്ക്കോ അവരുടെ മത്സരം ഇളക്കിവിട്ട പിശാചായ സാത്താനോ അത്തരം നിരാകരണംകൊണ്ടു സന്തുഷ്ടി കൈവന്നില്ല. (ഉല്പത്തി 3:16-19) അധോഗതിയിലായ തന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സാത്താനു “മഹാക്രോധ”മുണ്ട്. കാരണം അവനറിയാം ചുരുങ്ങിയ സമയമേ തനിക്കുള്ളൂവെന്ന്. (വെളിപ്പാടു 12:12) അതേ, യഹോവയുടെ നീതിനിഷ്ഠമായ പരമാധികാരത്തിന്റെ സാർവത്രികമായ അംഗീകാരത്തിൻമേലാണ് മുഴുലോകത്തിലെയും മനുഷ്യവർഗത്തിന്റെ സമാധാനവും സന്തുഷ്ടിയും ആശ്രയിച്ചിരിക്കുന്നത്.—സങ്കീർത്തനം 103:19-22.
4. (എ) ഏതുതരം കീഴ്പെടലും അനുസരണവുമാണ് തന്റെ ദാസൻമാർ പ്രകടമാക്കണമെന്നു യഹോവ ആഗ്രഹിക്കുന്നത്? (ബി) നമുക്ക് എന്തിനെക്കുറിച്ചാണു ബോധ്യമുണ്ടായിരിക്കേണ്ടത്, ഇത് എങ്ങനെയാണ് സങ്കീർത്തനക്കാരൻ പ്രകടിപ്പിക്കുന്നത്?
4 എന്നുവരികിലും, അത്ഭുതകരമാംവിധം സമനിലയിലുള്ള ഗുണങ്ങൾ അവനുള്ളതുകൊണ്ട് ഒരു തണുപ്പൻ അനുസരണംകൊണ്ട് യഹോവക്കു തൃപ്തിവരുന്നില്ല. അവൻ ശക്തൻതന്നെ! പക്ഷേ, അവൻ ഒരു സ്വേച്ഛാധിപതിയല്ല. അവൻ സ്നേഹത്തിന്റെ ദൈവമാണ്. തന്റെ ബുദ്ധിയുള്ള സൃഷ്ടികൾ തന്നെ സ്വമനസ്സാലെ, സ്നേഹംഹേതുവായി അനുസരിക്കണമെന്നാണ് അവന്റെ ആഗ്രഹം. അവനെ എന്നുമെന്നും അനുസരിക്കുന്നതിനെക്കാൾ മെച്ചമായ യാതൊരു സംഗതിയുമില്ലെന്ന ബോധ്യത്തോടെ, അവന്റെ നീതിനിഷ്ഠവും നിയമാനുസൃതവുമായ അധികാരത്തിൻ കീഴിൽ തങ്ങളെത്തന്നെ ആക്കിവെക്കാൻ അവർ മുഴുഹൃദയത്തോടെ തീരുമാനിക്കുന്നതുകൊണ്ട് അങ്ങനെയുള്ളവർ തന്റെ പരമാധികാരത്തിനു കീഴ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നു. തന്റെ അഖിലാണ്ഡത്തിൽ ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നതരം വ്യക്തി സങ്കീർത്തനക്കാരന്റെ ഈ വികാരങ്ങളിൽ പങ്കുചേരും: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം [“ഓർമിപ്പിക്കൽ,” NW] വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. (സങ്കീർത്തനം 19:7-9) യഹോവയുടെ പുതിയലോകത്തിൽ ജീവിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ പരമാധികാരത്തിന്റെ ശരിയിലും നീതിയിലും പൂർണമായ വിശ്വാസമുള്ള ഒരു മനോഭാവമായിരിക്കണം നമ്മുടേത്.
നമ്മുടെ രാജാവിനോടുള്ള സന്തോഷപൂരിതമായ കീഴ്പെടൽ
5. തന്റെ അനുസരണംഹേതുവായി യേശുവിനു പ്രതിഫലം ലഭിച്ചതെങ്ങനെ, നാം മനസ്സോടെ അംഗീകരിക്കുന്നത് എന്ത്?
5 സ്വർഗീയ പിതാവിനോടുള്ള കീഴ്പെടലിന്റെ ഒരു ഒന്നാന്തരം മാതൃക ക്രിസ്തുയേശുതന്നെയാണ്. അവൻ “തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു” എന്നു നാം വായിക്കുന്നു. പൗലോസ് തുടർന്നു പറയുന്നു: ‘അതുകൊണ്ടു ദൈവവും അവനെ ഏററവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടിവരും.’ (ഫിലിപ്പിയർ 2:8-11) അതേ, നമ്മുടെ നേതാവും ഭരണം നടത്തുന്ന രാജാവുമായ ക്രിസ്തുയേശുവിന്റെ മുന്നിൽ നാം സന്തോഷത്തോടെ മുട്ടുകൾ മടക്കുന്നു.—മത്തായി 23:10.
6. യേശു ജനതകൾക്ക് ഒരു സാക്ഷിയും നേതാവുമാണെന്നു തെളിയിച്ചതെങ്ങനെ, മഹാകഷ്ടത്തിനുശേഷം അവന്റെ “ആധിപത്യം” തുടരുന്നത് എങ്ങനെയായിരിക്കും?
6 നമ്മുടെ നേതാവായ ക്രിസ്തുവിനെക്കുറിച്ചു യഹോവ ഇങ്ങനെ പ്രവചിച്ചു: “നോക്കൂ! ഞാൻ അവനെ ജനതകൾക്കു സാക്ഷിയും ജനതകൾക്കു നേതാവും അധിപതിയുമായി തന്നിരിക്കുന്നു.” (യെശയ്യാവ് 55:4, NW) ഭൗമിക ശുശ്രൂഷ, മരണത്തിനും പുനരുത്ഥാനത്തിനുംശേഷം സ്വർഗത്തിലിരുന്നുകൊണ്ടുള്ള പ്രസംഗവേലയുടെ നിയന്ത്രണം എന്നിവ മുഖാന്തരം താൻ സകല ജനതകളിലെയും ആളുകൾക്കുവേണ്ടിയുള്ള പിതാവിന്റെ “വിശ്വസ്തനും സത്യവാനുമായ സാക്ഷി”യാണെന്നു യേശു സ്വയം പ്രകടിപ്പിച്ചിരിക്കുന്നു. (വെളിപ്പാടു 3:14; മത്തായി 28:18-20) പെരുകിക്കൊണ്ടിരിക്കുന്ന അത്തരം ജനതകൾ ഇപ്പോൾ “മഹാപുരുഷാര”ത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. ഇവരാണ് ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ “മഹാകഷ്ട”ത്തെ അതിജീവിക്കാൻപോകുന്നവർ. (വെളിപ്പാടു 7:9, 14) എന്നാൽ യേശുവിന്റെ നേതൃത്വം അവിടംകൊണ്ട് അവസാനിക്കുന്നില്ല. അവന്റെ “ആധിപത്യം” ഒരു ആയിരംവർഷത്തേക്കു നീണ്ടുനിൽക്കും. “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു” എന്നിങ്ങനെയുള്ള തന്റെ പേരിനു ചേർച്ചയിൽ അവൻ അനുസരണമുള്ള മനുഷ്യരോട് ഇടപെടും.—യെശയ്യാവു 9:6, 7; വെളിപ്പാടു 20:6.
7. “ജീവജലത്തിന്റെ ഉറവുകളി”ലേക്കു യേശുക്രിസ്തു നമ്മെ നയിക്കണമെന്നു നാം ആഗ്രഹിക്കുന്നെങ്കിൽ താമസംവിനാ നാം എന്തു ചെയ്യണം, യേശുവും യഹോവയും നമ്മെ സ്നേഹിക്കാൻ എന്ത് ഇടയാക്കും?
7 കുഞ്ഞാടായ യേശുക്രിസ്തു പരമാർഥഹൃദയരായ ആളുകളെ “ജീവജലത്തിന്റെ ഉറവുകളി”ലേക്കു നയിക്കുകയാണ്. ജീവജലത്തിന്റെ ഈ ഉറവുകളിൽനിന്നു പ്രയോജനം നേടാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, രാജാവ് എന്നനിലയിലുള്ള അവന്റെ അധികാരത്തിനു സാമോദം കീഴ്പെടുന്നുവെന്ന് നാം നമ്മുടെ പ്രവർത്തനഗതിയാൽ താമസംവിനാ തെളിയിക്കണം. (വെളിപ്പാടു 7:17; 22:1, 2; താരതമ്യം ചെയ്യുക: സങ്കീർത്തനം 2:12.) “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹി”ക്കുന്നു എന്ന് യേശു പ്രസ്താവിച്ചു. (യോഹന്നാൻ 14:15, 21) യേശുവും പിതാവും നിങ്ങളെ സ്നേഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, അവരുടെ അധികാരത്തിനു കീഴ്പെട്ടിരിക്കുക.
മേൽവിചാരകൻമാർ സന്തോഷത്തോടെ അനുസരിക്കുന്നു
8, 9. (എ) സഭയെ പണിതുയർത്തുന്നതിനു ക്രിസ്തു എന്തു പ്രദാനം ചെയ്തിരിക്കുന്നു, ആട്ടിൻകൂട്ടത്തിന് ഈ മനുഷ്യർ ഏതു കാര്യങ്ങളിൽ മാതൃകകളായിരിക്കണം? (ബി) വെളിപ്പാടു പുസ്തകത്തിൽ ക്രിസ്തീയ മേൽവിചാരകൻമാരുടെ കീഴ്പെടൽ പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ, നീതിന്യായക്കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവർ “അനുസരണമുള്ള ഹൃദയം” തേടേണ്ടതെങ്ങനെ?
8 “സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നു.” അതിന്റെ മേൽവിചാരകൻ എന്നനിലയിൽ അവൻ സഭയെ “പണിതുയർത്തു”ന്നതിനു “മനുഷ്യരാം ദാനങ്ങ”ളെ നൽകിയിരിക്കുന്നു. (എഫേസ്യർ 4:8, 11, 12; 5:24, NW) “ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ ആധിപത്യം നടത്താ”തെ, എന്നാൽ “ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ട്” ‘തങ്ങളുടെ പരിപാലനയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചു’കൊള്ളാൻ ആത്മീയമായി പ്രായമേറിയ ഈ പുരുഷൻമാരോടു പറഞ്ഞിരിക്കുന്നു. (1 പത്രോസ് 5:1-3, NW) ആട്ടിൻകൂട്ടം യഹോവയുടേതാണ്. അതിന്റെ “നല്ല ഇടയൻ” ക്രിസ്തുവാണ്. (യോഹന്നാൻ 10:14) തങ്ങളുടെ പരിപാലനയിൽ യഹോവയും ക്രിസ്തുവും ആക്കിവെച്ചിട്ടുള്ള ചെമ്മരിയാടുകളിൽനിന്നു മനസ്സോടെയുള്ള സഹകരണം മേൽവിചാരകൻമാർ പ്രതീക്ഷിക്കുന്നതുകൊണ്ട്, അവർതന്നെ കീഴ്പെടലിന്റെ ഉത്തമദൃഷ്ടാന്തങ്ങൾ ആയിരിക്കണം.—പ്രവൃത്തികൾ 20:28.
9 ഒന്നാം നൂററാണ്ടിൽ, അഭിഷിക്തരായ മേൽവിചാരകൻമാർ ക്രിസ്തുവിന്റെ വലങ്കൈ“മേൽ” ആയിരിക്കുന്നതായി പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യപ്പെടുകയുണ്ടായി. സഭയുടെ ശിരസ്സ് എന്നനിലയിൽ അവനോടുള്ള അവരുടെ കീഴ്പെടലിനെയാണ് ഇതു സൂചിപ്പിക്കുന്നത്. (വെളിപ്പാടു 1:16, 20; 2:1) ഇന്നും അങ്ങനെതന്നെയാണ്. യഹോവയുടെ സാക്ഷികളുടെ സഭകളിലെ മേൽവിചാരകൻമാർ ക്രിസ്തുവിന്റെ നിർദേശത്തിനു കീഴ്പെടുകയും ‘ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരി’ക്കുകയും വേണം. (1 പത്രൊസ് 5:6) നീതിന്യായക്കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, തന്റെ വിശ്വസ്ത വർഷങ്ങളിൽ ഇങ്ങനെ പ്രാർഥിച്ച ശലോമോനെപ്പോലെ, അവർ യഹോവയോടു പ്രാർഥിക്കണം: “ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു [“അനുസരണമുള്ള ഒരു,” NW] ഹൃദയം എനിക്കു തരേണമേ.” (1 രാജാക്കൻമാർ 3:9) യഹോവയും യേശുക്രിസ്തുവും വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കാൻ ശ്രമിക്കുന്നതിന് അനുസരണമുള്ള ഹൃദയം മൂപ്പനെ പ്രേരിപ്പിക്കും. അങ്ങനെയാവുമ്പോൾ ഭൂമിയിൽ എടുക്കുന്ന തീരുമാനം സ്വർഗത്തിൽ എടുക്കുന്ന തീരുമാനവുമായി സാധ്യമാകുന്നത്ര അടുത്ത സാമ്യത്തിലാവുകയും ചെയ്യും.—മത്തായി 18:18-20.
10. യേശു ചെമ്മരിയാടുകളോട് ഇടപെട്ടവിധത്തെ സകല മേൽവിചാരകൻമാരും അനുകരിക്കാൻ ശ്രമിക്കേണ്ടത് എങ്ങനെ?
10 അതുപോലെ, ക്രിസ്തു ചെമ്മരിയാടുകളോട് ഇടപെട്ട വിധത്തെ അനുകരിക്കാൻ സഞ്ചാരമേൽവിചാരകൻമാരും സഭാമൂപ്പൻമാരും ശ്രമിക്കും. യേശു പരീശൻമാരെപ്പോലെ ആയിരുന്നില്ല. പിൻപററാൻ പ്രയാസമായ ഒട്ടനവധി നിയമങ്ങൾ അവൻ അടിച്ചേൽപ്പിച്ചില്ല. (മത്തായി 23:2-11) ചെമ്മരിയാടുതുല്യരായവരോട് അവൻ പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:28-30) ഓരോ ക്രിസ്ത്യാനിയും “താന്താന്റെ ചുമടു ചുമക്ക”ണമെന്നതു ശരിതന്നെ. എങ്കിലും മേൽവിചാരകൻമാർ യേശുവിന്റെ മാതൃക ഓർത്തുകൊണ്ട് ക്രിസ്തീയ ഉത്തരവാദിത്വത്തിന്റെ ചുമടു “മൃദുവും” “ലഘുവു”മാണെന്നും അതു നിവർത്തിക്കുന്നതു സന്തോഷകരമായ ഒരു സംഗതിയാണെന്നും തോന്നാൻ അവരുടെ സഹോദരൻമാരെ സഹായിക്കണം.—ഗലാത്യർ 6:5.
ദിവ്യാധിപത്യപരമായ കീഴ്പെടൽ
11. (എ) ഒരു വ്യക്തി ശിരസ്ഥാനത്തെ ആദരിക്കുകയും അതേസമയം വാസ്തവത്തിൽ ദിവ്യാധിപത്യപരമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്തേക്കാവുന്നത് എങ്ങനെ? ദൃഷ്ടാന്തീകരിക്കുക. (ബി) വാസ്തവത്തിൽ ദിവ്യാധിപത്യപരമായിരിക്കുക എന്നാൽ അർഥം എന്ത്?
11 ദൈവത്താലുള്ള ഭരണമാണ് ദിവ്യാധിപത്യം. 1 കൊരിന്ത്യർ 11:3-ൽ പ്രകടിപ്പിച്ചിരിക്കുന്ന തത്ത്വം ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. എന്നാൽ അതു മാത്രമല്ല അതിന്റെ അർഥം. ഒരു വ്യക്തി ശിരസ്ഥാനത്തോട് ആദരവു പ്രകടമാക്കുന്നതായി തോന്നിയേക്കാം. എങ്കിലും ആ വ്യക്തി ആ പദത്തിന്റെ മുഴുവനായ അർഥത്തിൽ ദിവ്യാധിപത്യമനസ്കൻ ആയിക്കൊള്ളണമെന്നില്ല. ഇതെങ്ങനെ സാധിക്കും? ദൃഷ്ടാന്തീകരിച്ചാൽ, ജനങ്ങളാലുള്ള ഗവൺമെൻറാണ് ജനാധിപത്യം. “ജനാധിപത്യത്തിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരു വ്യക്തി”യായി ജനാധിപത്യവാദിയെ നിർവചിച്ചിരിക്കുന്നു. ജനാധിപത്യവാദിയെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നു. അയാൾ ചിലപ്പോൾ ഒരു സജീവ രാഷ്ട്രീയക്കാരൻപോലും ആയിരിക്കാം. എന്നാൽ, അദ്ദേഹത്തിന്റെ പൊതുവേയുള്ള പെരുമാററത്തിൽ അയാൾ ജനാധിപത്യത്തിന്റെ അന്തസ്സത്തയെയും അത് ഉൾക്കൊള്ളുന്ന തത്ത്വങ്ങളെയും തിരസ്കരിക്കുന്നെങ്കിൽ അദ്ദേഹം വാസ്തവത്തിൽ ജനാധിപത്യവാദിയാണെന്നു പറയാനാവുമോ? അതുപോലെ, ഒരു വ്യക്തി യഥാർഥത്തിൽ ദിവ്യാധിപത്യമനസ്കൻ ആയിരിക്കാൻ ശിരസ്ഥാനത്തോടു നാമമാത്രമായ ഒരു കീഴ്പെടൽ മാത്രം മതിയായിരിക്കുന്നില്ല. അയാൾ യഹോവയുടെ വഴികളെയും ഗുണങ്ങളെയും അനുകരിക്കണം. വാസ്തവത്തിൽ അയാൾ എല്ലാവിധങ്ങളിലും യഹോവയാൽ ഭരിക്കപ്പെടണം. യഹോവ തന്റെ പുത്രനു മുഴുവനായ അധികാരം കൊടുത്തിരിക്കുന്നതുകൊണ്ട് ദിവ്യാധിപത്യമനസ്കൻ ആയിരിക്കുക എന്നതിനു യേശുവിനെ പകർത്തുക എന്നുകൂടി അർഥമുണ്ട്.
12, 13. (എ) ദിവ്യാധിപത്യപരമായിരിക്കുന്നതിൽ വിശേഷിച്ചും എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (ബി) ദിവ്യാധിപത്യ കീഴ്പെടലിൽ കുറെയേറെ നിയമങ്ങൾ അനുസരിക്കുന്നത് ഉൾപ്പെടുന്നുണ്ടോ? ദൃഷ്ടാന്തീകരിക്കുക.
12 സ്നേഹത്താൽ പ്രേരിതമായ മനസ്സോടെയുള്ള കീഴ്പെടലാണ് യഹോവ ആഗ്രഹിക്കുന്നത് എന്നോർക്കുക. അതാണ് അഖിലാണ്ഡത്തെ ഭരിക്കുന്നതിനുള്ള അവന്റെ ശൈലി. അവൻ സ്നേഹത്തിന്റെ ആളത്വംതന്നെയാണ്. (1 യോഹന്നാൻ 4:8) യേശുക്രിസ്തു “അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്ര”യുമാണ്. (ഹെബ്രായർ 1:3, പി.ഒ.സി. ബൈബിൾ) യഥാർഥ ക്രിസ്ത്യാനികൾ പരസ്പരം സ്നേഹിക്കണം എന്നാണ് അവൻ ആവശ്യപ്പെടുന്നത്. (യോഹന്നാൻ 15:17) അതുകൊണ്ട്, കീഴ്പെടുന്നവരായിരുന്നാൽ മാത്രം പോരാ, സ്നേഹിക്കുന്നവർ കൂടി ആയിരിക്കുകയും വേണം. അതാണ് ദിവ്യാധിപത്യമനസ്കൻ ആയിരിക്കുന്നതിൽ ഉൾപ്പെടുന്നത്. കാര്യം ഇങ്ങനെ ചുരുക്കിപ്പറയാം: ദിവ്യാധിപത്യം ദൈവത്താലുള്ള ഭരണമാണ്; ദൈവം സ്നേഹമാകുന്നു; അതുകൊണ്ട് ദിവ്യാധിപത്യം സ്നേഹത്താലുള്ള ഭരണമാണ്.
13 ദിവ്യാധിപത്യപരമായിരിക്കാൻ സഹോദരങ്ങൾ സകലതരം നിയമങ്ങളും അനുസരിക്കേണ്ടതാണെന്ന് ഒരു മൂപ്പൻ വിചാരിച്ചേക്കാം. “വിശ്വസ്തനും വിവേകിയുമായ അടിമ” കാലാകാലങ്ങളിൽ നൽകിയിട്ടുള്ള നിർദേശങ്ങളെ ചില മൂപ്പൻമാർ നിയമങ്ങൾ ആക്കിയിട്ടുണ്ട്. (മത്തായി 24:45, NW) ഉദാഹരണത്തിന്, സഭയിലെ സഹോദരങ്ങളെ പരിചയപ്പെടാനുള്ള സൗകര്യത്തിനുവേണ്ടി രാജ്യഹാളിൽ എല്ലായ്പോഴും ഒരേ സീററിൽത്തന്നെ ഇരിക്കാതിരിക്കുന്നതു നന്നായിരിക്കും എന്നൊരു നിർദേശം ഒരിക്കലുണ്ടായിരുന്നു. ഒരു പ്രായോഗിക നിർദേശം. അത്രയേ അതുകൊണ്ട് ഉദ്ദേശിച്ചുള്ളൂ. അല്ലാതെ അതൊരു കർക്കശ നിയമമാക്കാനായിരുന്നില്ല. എന്നാൽ അത് ഒരു നിയമമാക്കി മാററാനും അതു പിൻപററാത്തവർ ദിവ്യാധിപത്യപരമായിട്ടല്ല പ്രവർത്തിക്കുന്നത് എന്നു വിചാരിക്കാനും ചില മൂപ്പൻമാർ ചായ്വു കാണിച്ചേക്കാം. എന്നുവരികിലും, ഒരു സഹോദരനോ സഹോദരിക്കോ ഒരു പ്രത്യേക സ്ഥലത്ത് ഇരിക്കുന്നത് ഇഷ്ടമായിരിക്കാം, അതിന് അവർക്കു തക്ക കാരണവുമുണ്ടാകാം. ഒരു മൂപ്പൻ അത്തരം സംഗതികൾ സ്നേഹപൂർവം കണക്കിലെടുക്കുന്നില്ലെങ്കിൽ, അദ്ദേഹംതന്നെ വാസ്തവത്തിൽ ദിവ്യാധിപത്യപരമായിട്ടാണോ പ്രവർത്തിക്കുന്നത്? ദിവ്യാധിപത്യപരമായിരിക്കാൻ, “നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ.”—1 കൊരിന്ത്യർ 16:14.
സന്തോഷത്തോടെ സേവിക്കൽ
14, 15. (എ) യഹോവയെ സേവിക്കുന്നതിലുള്ള ചില സഹോദരൻമാരുടെയോ സഹോദരിമാരുടെയോ സന്തോഷം ഒരു മൂപ്പനു കെടുത്തിക്കളയാനാകുന്നത് എങ്ങനെ, ഇത് എന്തുകൊണ്ടാണു ദിവ്യാധിപത്യപരമല്ലാത്തത്? (ബി) അളവിനെക്കാളുപരി നമ്മുടെ സേവനത്താൽ പ്രകടമാക്കപ്പെടുന്ന സ്നേഹത്തെയാണു താൻ വിലമതിക്കുന്നതെന്ന് യേശു പ്രകടമാക്കിയതെങ്ങനെ? (സി) മൂപ്പൻമാർ എന്താണു കണക്കിലെടുക്കേണ്ടത്?
14 ദിവ്യാധിപത്യപരമായിരിക്കുക എന്നാൽ യഹോവയെ സന്തോഷത്തോടെ സേവിക്കുക എന്നും അർഥമുണ്ട്. യഹോവ “സന്തുഷ്ടനായ ദൈവ”മാണ്. (1 തിമോത്തി 1:11, NW) തന്റെ ആരാധകർ തന്നെ സന്തോഷത്തോടെ സേവിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. ഇസ്രായേൽ “ശ്രദ്ധാപൂർവം നിവർത്തി”ക്കേണ്ടിയിരുന്ന നിയമങ്ങളിൽ “നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങൾ സന്തോഷിച്ചുകൊള്ളണം” എന്നുമുണ്ടായിരുന്നെന്നു നിയമങ്ങളുടെ കടുംപിടുത്തക്കാരായവർ ഓർക്കുക. (ആവർത്തനപുസ്തകം 12:1, 18, NW) യഹോവയുടെ സേവനത്തിൽ നാം എന്ത് ഏറെറടുത്താലും അത് ഒരു സന്തോഷമായിരിക്കണം, അല്ലാതെ ഒരു ഭാരമായിരിക്കരുത്. യഹോവയുടെ സേവനത്തിൽ തങ്ങളാലാവുന്നതു ചെയ്യുമ്പോൾ സഹോദരങ്ങൾക്കു സന്തുഷ്ടി തോന്നാൻ മേൽവിചാരകൻമാർക്ക് വളരെയധികം ചെയ്യാനാകും. നേരേമറിച്ച്, മൂപ്പൻമാർക്കു ശ്രദ്ധയില്ലെങ്കിൽ അവർക്കു സഹോദരൻമാരുടെ സന്തോഷത്തെ കെടുത്തിക്കളയാനും കഴിയും. ഉദാഹരണത്തിന്, സാക്ഷീകരണത്തിൽ ചെലവഴിച്ച മണിക്കൂറിൽ സഭയുടെ ശരാശരിയിൽ എത്തിയവരെയോ അതിൽ കൂടുതൽ ചെയ്തവരെയോ പ്രശംസിച്ചുകൊണ്ട്, അതിലെത്താത്തവരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അവർ താരതമ്യം ചെയ്യുന്നെങ്കിൽ, കുറച്ചു സമയം റിപ്പോർട്ടു ചെയ്യാൻ ന്യായമായ കാരണമുണ്ടായിരുന്നേക്കാവുന്നവർക്ക് എന്തു തോന്നും? ഇത് അവരെ അനാവശ്യമായി കുററബോധമുള്ളവരാക്കി അവരുടെ സന്തോഷത്തെ കെടുത്തിക്കളയുകയില്ലേ?
15 പരസ്യസാക്ഷീകരണത്തിനു ചിലർ ഏതാനും മണിക്കൂറുകൾ മാററിവെക്കുന്നത് മററുള്ളവരെക്കാൾ കൂടുതൽ ശ്രമം ചെയ്തിട്ടാണ്. എന്നാൽ മററുള്ളവർ കൂടുതൽ മണിക്കൂറുകൾ മാററിവെക്കുന്നു. യുവപ്രായം, മെച്ചപ്പെട്ട ആരോഗ്യം, മററു സാഹചര്യങ്ങൾ എന്നിവ അവരെ അതിന് അനുവദിക്കുന്നു എന്നതാണ് അതിന്റെ കാരണം. ഇക്കാര്യത്തിൽ മൂപ്പൻമാർ അവരെ വിധിക്കാൻ പാടില്ല. നിശ്ചയമായും, ‘ന്യായവിധി നടത്താനുള്ള അധികാരം’ പിതാവ് യേശുവിനാണു നൽകിയിരിക്കുന്നത്. (യോഹന്നാൻ 5:27) കാണിക്ക ശരാശരിയെക്കാൾ കുറഞ്ഞുപോയി എന്നതിന്റെപേരിൽ ദരിദ്രയായ വിധവയെ യേശു വിമർശിച്ചുവോ? ഇല്ല. അവളെ സംബന്ധിച്ച് ആ രണ്ടു നാണയത്തുട്ടുകൾക്കു വാസ്തവത്തിൽ എന്തുമാത്രം മൂല്യമുണ്ടായിരുന്നു എന്ന സംഗതിയെക്കുറിച്ച് അവൻ ബോധമുള്ളവനായിരുന്നു. അവ “തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും” ആയിരുന്നു. ആ തുട്ടുകൾ യഹോവയോടുള്ള എന്തൊരു അഗാധ സ്നേഹത്തെയാണു സൂചിപ്പിച്ചത്! (മർക്കൊസ് 12:41-44) സംഖ്യ വെച്ചുനോക്കുമ്പോൾ “ശരാശരി”യിൽ താഴെ നിൽക്കുന്നവരുടെ സ്നേഹപൂർവകമായ ശ്രമങ്ങളെക്കുറിച്ചും മൂപ്പൻമാർക്ക് അത്രയുംതന്നെ ബോധമുണ്ടായിരിക്കേണ്ടേ? യഹോവയോടുള്ള സ്നേഹം വെച്ചുനോക്കുമ്പോൾ അത്തരം ശ്രമങ്ങൾ ശരിക്കും ശരാശരിയെക്കാൾ കൂടുതലായിരിക്കും!
16. (എ) മേൽവിചാരകൻമാർ സംഖ്യകൾ ഉപയോഗിച്ചു പറയുമ്പോൾ അവർക്കു വിവേചനയും നല്ല സമനിലയും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) തങ്ങളുടെ സേവനം വർധിപ്പിക്കാൻ സഹോദരൻമാരെ ഏററവും നന്നായി എങ്ങനെ സഹായിക്കാൻ കഴിയും?
16 ഇനി, ഈ അഭിപ്രായത്തെയും ഒരു പുതിയ “നിയമ”മാക്കി, അതായത് സംഖ്യകളെക്കുറിച്ച്, ശരാശരിയെക്കുറിച്ചുപോലും ഒരിക്കലും പരാമർശിക്കേണ്ടതില്ല എന്നാക്കി മാററണമോ? ഒരിക്കലും വേണ്ട! ആശയം ഇതാണ്, ശുശ്രൂഷ വികസിപ്പിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സന്തോഷത്തോടെ തങ്ങളാലാവുന്നതു ചെയ്യാൻ അവരെ സഹായിക്കുന്നതും തമ്മിൽ മേൽവിചാരകൻമാർക്ക് ഒരു സമനിലയുണ്ടായിരിക്കണം. (ഗലാത്യർ 6:4) യേശു പറഞ്ഞ താലന്തുകളുടെ ഉപമയിൽ, യജമാനൻ തന്റെ സമ്പാദ്യം ദാസൻമാർക്ക് “ഓരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ” ഏൽപ്പിച്ചുകൊടുത്തു. (മത്തായി 25:14, 15) സമാനമായി, ഓരോ രാജ്യപ്രസാധകന്റെയും കഴിവുകൾ മൂപ്പൻമാർ കണക്കിലെടുക്കണം. ഇതിനു വിവേചന ആവശ്യമാണ്. കൂടുതൽ ചെയ്യണമെങ്കിൽ ചിലർക്കു ശരിക്കും പ്രോത്സാഹനം ആവശ്യമുണ്ടായിരിക്കാം. തങ്ങളുടെ പ്രവർത്തനം നന്നായി ചിട്ടപ്പെടുത്താനുള്ള സഹായം അവർ വിലമതിച്ചേക്കാം. എങ്ങനെയായാലും, സന്തോഷത്തോടെ അവർക്കു ചെയ്യാൻ പററുന്നതു ചെയ്യാൻ അവരെ സഹായിച്ചാൽ, സാധ്യമാകുന്നിടത്ത് തങ്ങളുടെ ക്രിസ്തീയ പ്രവർത്തനം വികസിപ്പിക്കുന്നതിന് ആ സന്തോഷം അവരെ ബലിഷ്ഠമാക്കാൻ സാധ്യതയുണ്ട്.—നെഹെമ്യാവു 8:10; സങ്കീർത്തനം 59:16; യിരെമ്യാവു 20:9.
സന്തോഷപൂരിതമായ കീഴ്പെടലിൽനിന്നു വരുന്ന സമാധാനം
17, 18. (എ) സന്തോഷപൂരിതമായ കീഴ്പെടൽ നമുക്കു സമാധാനവും നീതിയും കൈവരുത്തുന്നതെങ്ങനെ? (ബി) നാം ദൈവത്തിന്റെ കൽപ്പനകൾക്കു വാസ്തവത്തിൽ ശ്രദ്ധ കൊടുക്കുന്നെങ്കിൽ നമുക്ക് എന്തെല്ലാം നേടാം?
17 യഹോവയുടെ നിയമാനുസൃത പരമാധികാരത്തോടുള്ള സന്തോഷപൂരിതമായ കീഴ്പെടൽ നമുക്കു വലിയ സമാധാനം കൈവരുത്തുന്നു. യഹോവയോടുള്ള പ്രാർഥനയിൽ സങ്കീർത്തനക്കാരൻ പറഞ്ഞു: “നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.” (സങ്കീർത്തനം 119:165) ദൈവത്തിന്റെ നിയമം അനുസരിക്കുന്നതിനാൽ പ്രയോജനം നമുക്കുതന്നെയാണ്. യഹോവ ഇസ്രായേലിനോടു പറഞ്ഞു: “യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”—യെശയ്യാവു 48:17, 18.
18 ക്രിസ്തുവിന്റെ മറുവിലയാഗം നമുക്കു ദൈവവുമായുള്ള സമാധാനം കൈവരുത്തുന്നു. (2 കൊരിന്ത്യർ 5:18, 19) ക്രിസ്തുവിന്റെ വീണ്ടെടുപ്പുരക്തത്തിൽ നമുക്കു വിശ്വാസമുണ്ടായിരിക്കുകയും നമ്മുടെ ബലഹീനതകളോടു പൊരുതാനും ദൈവേഷ്ടം ചെയ്യാനും നാം മനസ്സാക്ഷിപൂർവം പരിശ്രമിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക് കുററബോധങ്ങളിൽനിന്ന് ആശ്വാസം ലഭിക്കും. (1 യോഹന്നാൻ 3:19-23) പ്രവൃത്തികളോടുകൂടിയ അത്തരം വിശ്വാസം യഹോവയുടെ മുമ്പാകെ നീതിനിഷ്ഠമായ ഒരു നിലയും “മഹാകഷ്ട”ത്തെ അതിജീവിച്ച് യഹോവയുടെ പുതിയ ലോകത്തിൽ നിത്യമായി ജീവിക്കുന്നതിനുള്ള അത്ഭുതകരമായ പ്രത്യാശയും നമുക്കു നേടിത്തരുന്നു. (വെളിപ്പാടു 7:14-17; യോഹന്നാൻ 3:36; യാക്കോബ് 2:22, 23) ഇവയെല്ലാം നമുക്കു നേടാനാവും, ‘ദൈവത്തിന്റെ നിയമങ്ങൾക്കു നാം വാസ്തവത്തിൽ ശ്രദ്ധ കൊടുത്താൽ മാത്രം മതി.’
19. നമ്മുടെ ഇപ്പോഴത്തെ സന്തുഷ്ടിയും നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയും എന്തിൽ ആശ്രയിച്ചിരിക്കുന്നു, നമ്മുടെ ഹൃദയത്തിൽനിന്നുള്ള ബോധ്യത്തെ ദാവീദ് എങ്ങനെ പ്രകടമാക്കി?
19 അതേ, നമ്മുടെ ഇപ്പോഴത്തെ സന്തുഷ്ടിയും പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കാനുള്ള നമ്മുടെ പ്രത്യാശയും കേന്ദ്രീകരിച്ചിരിക്കുന്നത് അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവ് എന്നനിലയിലുള്ള യഹോവയുടെ അധികാരത്തോടുള്ള നമ്മുടെ സന്തോഷപൂരിതമായ കീഴ്പെടലിൻമേലാണ്. നമുക്ക് എന്നും ദാവീദിന്റെ വികാരങ്ങളിൽ പങ്കുചേരാം. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.”—1 ദിനവൃത്താന്തം 29:11, 13.
ഓർമിക്കാനുള്ള ആശയങ്ങൾ
◻ ഏതുതരം കീഴ്പെടലും അനുസരണവുമാണ് തന്റെ ദാസൻമാർ പ്രകടമാക്കണമെന്നു യഹോവ ആഗ്രഹിക്കുന്നത്?
◻ തന്റെ അനുസരണംഹേതുവായി യേശുവിനു പ്രതിഫലം ലഭിച്ചതെങ്ങനെ, നമ്മുടെ പ്രവർത്തനഗതിയാൽ നാം എന്തു തെളിയിക്കണം?
◻ യേശു ചെമ്മരിയാടുകളോട് ഇടപെട്ടവിധത്തെ സകല മേൽവിചാരകൻമാരും അനുകരിക്കേണ്ടത് എങ്ങനെ?
◻ ദിവ്യാധിപത്യമനസ്കനായിരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
◻ സന്തോഷപൂരിതമായ കീഴ്പെടൽ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?
[24-ാം പേജിലെ ചിത്രം]
തങ്ങളാലാവുന്നതു സന്തോഷത്തോടെ ചെയ്യാൻ മൂപ്പൻമാർ ആട്ടിൻകൂട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു
[26-ാം പേജിലെ ചിത്രം]
ഹൃദയത്തിൽനിന്നു തന്നെ അനുസരിക്കുന്നവരിൽ യഹോവ പ്രസാദിക്കുന്നു