ഒരു ദിവ്യാധിപത്യത്തിലെ ഇടയൻമാരും ആടുകളും
“യഹോവ നമ്മുടെ ന്യായാധിപൻ, യഹോവ നമ്മുടെ നിയമദാതാവ്, യഹോവ നമ്മുടെ രാജാവ്; അവിടുന്ന് തന്നെ നമ്മെ രക്ഷിക്കും.”—യെശയ്യാ 33:22, NW.
1. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളും ഇന്നത്തെ ക്രിസ്ത്യാനികളും ഒരു ദിവ്യാധിപത്യമാണെന്നു പറയാൻ കഴിയുന്നതെങ്ങനെ?
ദിവ്യാധിപത്യത്തിന്റെ അർഥം ദൈവത്താലുള്ള ഭരണമെന്നാണ്. യഹോവയുടെ അധികാരത്തെ അംഗീകരിക്കുന്നതും നാം ജീവിതത്തിൽ എടുക്കുന്ന ചെറുതും വലുതുമായ തീരുമാനങ്ങളിൽ അവിടുത്തെ മാർഗനിർദേശങ്ങളും പ്രബോധനങ്ങളും പിൻപററുന്നതും അതിൽ ഉൾപ്പെടുന്നു. ഒന്നാം നൂററാണ്ടിലെ സഭ ഒരു യഥാർഥ ദിവ്യാധിപത്യമായിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്കു സത്യസന്ധമായി, “യഹോവ നമ്മുടെ ന്യായാധിപൻ, യഹോവ നമ്മുടെ നിയമദാതാവ്, യഹോവ നമ്മുടെ രാജാവ്” എന്നു പറയാൻ കഴിഞ്ഞു. (യശയ്യാ 33:22, NW) അഭിഷിക്ത ശേഷിപ്പ് കേന്ദ്രമായുള്ളതിനാൽ യഹോവയാം ദൈവത്തിന്റെ ഇന്നത്തെ സ്ഥാപനവും ഒരു യഥാർഥ ദിവ്യാധിപത്യമാണ്.
ഏതു വിധങ്ങളിലാണു നാം ഇന്ന് ദിവ്യാധിപത്യപരമായിരിക്കുന്നത്?
2. യഹോവയുടെ സാക്ഷികൾ യഹോവയുടെ ഭരണത്തിനു കീഴ്പെട്ടിരിക്കുന്ന ഒരു വിധം ഏതാണ്?
2 യഹോവയുടെ ഭൗമിക സ്ഥാപനം ഒരു ദിവ്യാധിപത്യമാണെന്നു നമുക്ക് എങ്ങനെ പറയാൻ കഴിയും? കാരണം ആ സ്ഥാപനത്തിലുള്ളവർ തീർച്ചയായും യഹോവയുടെ ഭരണത്തിനു കീഴ്പെട്ടിരിക്കുന്നു. രാജാവായി യഹോവ സിംഹാസനത്തിലിരുത്തിയിരിക്കുന്ന യേശുക്രിസ്തുവിന്റെ നേതൃത്വത്തെ അവർ പിൻപററുന്നു. ദൃഷ്ടാന്തത്തിന്, അന്ത്യകാലത്ത്, വലിയ ദിവ്യാധിപതിയിൽനിന്ന്, “കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു” എന്ന നേരിട്ടുള്ള ഈ ആജ്ഞ യേശുവിനു ലഭിച്ചിരിക്കുന്നു. (വെളിപ്പാടു 14:15) യേശു അനുസരിച്ചുകൊണ്ടു ഭൂമിയിലെ കൊയ്ത്ത് ഏറെറടുക്കുന്നു. ഉത്സാഹപൂർവം സുവാർത്ത പ്രസംഗിച്ചുകൊണ്ടും ശിഷ്യരെ ഉളവാക്കിക്കൊണ്ടും മഹത്തായ ഈ വേലയിൽ ക്രിസ്ത്യാനികൾ തങ്ങളുടെ രാജാവിനെ പിന്തുണയ്ക്കുന്നു. (മത്തായി 28:19; മർക്കൊസ് 13:10; പ്രവൃത്തികൾ 1:8) അങ്ങനെ ചെയ്യുമ്പോൾ അവർ വലിയ ദിവ്യാധിപതിയായ യഹോവയോടൊത്തുള്ള സഹപ്രവർത്തകരുമാണ്.—1 കൊരിന്ത്യർ 3:9.
3. ധാർമികതയുടെ കാര്യങ്ങളിൽ ക്രിസ്ത്യാനികൾ ദിവ്യാധിപത്യത്തിന് എപ്രകാരം കീഴ്പെടുന്നു?
3 നടത്തയിലും ക്രിസ്ത്യാനികൾ ദൈവഭരണത്തിന് ആത്മാർപ്പണം ചെയ്യുന്നു. യേശു ഇങ്ങനെ പറഞ്ഞു: “സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.” (യോഹന്നാൻ 3:21) ഇന്ന്, ധാർമിക നിലവാരങ്ങൾ സംബന്ധിച്ച് അന്തമില്ലാത്ത തർക്കങ്ങളുണ്ട്. എന്നാൽ ക്രിസ്ത്യാനികളുടെ ഇടയിൽ ഈ തർക്കങ്ങൾക്കു യാതൊരു സ്ഥാനവുമില്ല. യഹോവ അധാർമികമെന്നു പറയുന്നതിനെ അവർ അധാർമികമെന്നു വീക്ഷിച്ചുകൊണ്ട് ഒരു മാരകരോഗമെന്നപോലെ അതിനെ ഒഴിവാക്കുന്നു! അവർ തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുകയും മാതാപിതാക്കളെ അനുസരിക്കുകയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പെടുകയും ചെയ്യുന്നു. (എഫെസ്യർ 5:3-5, 22-33; 6:1-4; 1 തിമൊഥെയൊസ് 5:8; തീത്തൊസ് 3:1) അങ്ങനെ, ദൈവത്തോടുള്ള ഐക്യത്തിൽ അവർ ദിവ്യാധിപത്യപരമായി പ്രവർത്തിക്കുന്നു.
4. ആദാമും ഹവ്വായും ശൗലും ഏതു തെററായ മനോഭാവങ്ങളാണു പ്രകടമാക്കിയത്, ക്രിസ്ത്യാനികൾ ഒരു വ്യത്യസ്ത മനോഭാവം പ്രകടമാക്കുന്നതെങ്ങനെ?
4 ശരിയെന്ത്, തെറെറന്ത് എന്നതു സംബന്ധിച്ചു സ്വന്തം തീരുമാനങ്ങളെടുക്കാൻ ആഗ്രഹിച്ചതു നിമിത്തം ആദാമിനും ഹവ്വായ്ക്കും പറുദീസ നഷ്ടമായി. യേശു ആഗ്രഹിച്ചത് അതിന്റെ നേരെ വിപരീതമാണ്. അവിടുന്ന് ഇങ്ങനെ പറഞ്ഞു: ‘ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണു ചെയ്വാൻ ഇച്ഛിക്കുന്നത്.’ അതുതന്നെ ചെയ്യാൻ ക്രിസ്ത്യാനികളും ഉത്സാഹിക്കുന്നു. (യോഹന്നാൻ 5:30; ലൂക്കൊസ് 22:42; റോമർ 12:2; എബ്രായർ 10:7) ഇസ്രായേലിലെ ആദ്യത്തെ രാജാവായ ശൗൽ യഹോവയെ തീർച്ചയായും അനുസരിച്ചു—എന്നാൽ ഭാഗികമായി മാത്രം. ഇതു നിമിത്തം അദ്ദേഹം പരിത്യജിക്കപ്പെട്ടു. ശമുവേൽ അദ്ദേഹത്തോടു പറഞ്ഞു: “ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.” (1 ശമൂവേൽ 15:22) ഒരുപക്ഷേ, പ്രസംഗവേലയിലോ യോഗങ്ങളിൽ ഹാജരാകുന്നതിലോ ക്രമമുള്ളവരായിരുന്നുകൊണ്ട്, ഒരു പരിധിവരെ യഹോവയുടെ ഇഷ്ടം പിൻപററുകയും, എന്നിട്ട് ധാർമികതയുടെ കാര്യങ്ങളിലോ മറേറതെങ്കിലും കാര്യത്തിലോ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നത് ദിവ്യാധിപത്യപരമാണോ? തീർച്ചയായും അല്ല! ‘മുഴുദേഹിയോടെ ദൈവേഷ്ടം ചെയ്യാൻ’ നാം കഠിനശ്രമം ചെയ്യുന്നു. (എഫേസ്യർ 6:6, NW; 1 പത്രൊസ് 4:1, 2) ശൗലിനെപ്പോലെയായിരിക്കാതെ, നാം ദൈവഭരണത്തിനു പൂർണമായി കീഴ്പെടുന്നു.
ഒരു ആധുനികകാല ദിവ്യാധിപത്യം
5, 6. ഇന്നു മനുഷ്യവർഗത്തോടു യഹോവ ഇടപെടുന്നതെങ്ങനെ, ഈ ക്രമീകരണത്തോടുള്ള സഹകരണം എന്തിൽ കലാശിക്കുന്നു?
5 കഴിഞ്ഞ കാലത്തു യഹോവ ഭരണം നടത്തുകയും പ്രവാചകൻമാർ, രാജാക്കൻമാർ, അപ്പോസ്തലൻമാർ തുടങ്ങിയ വ്യക്തികളിലൂടെ അവിടുന്ന് സത്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. മേലാൽ സംഗതി അങ്ങനെ ആയിരിക്കുന്നില്ല; നിശ്വസ്ത പ്രവാചകൻമാരോ അപ്പോസ്തലൻമാരോ ഇന്നില്ല. മറിച്ച്, തന്റെ രാജകീയ സാന്നിധ്യകാലത്തു പിൻഗാമികളുടെ ഒരു വിശ്വസ്ത സംഘത്തെ, ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ”യെ, താൻ തിരിച്ചറിയിക്കുമെന്നും അതിനെ തന്റെ എല്ലാ സ്വത്തുക്കളുടെമേലും നിയമിക്കുമെന്നും യേശു പറഞ്ഞു. (മത്തായി 24:45-47, NW; യെശയ്യാവു 43:10) 1919-ൽ ആ അടിമ അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പായി തിരിച്ചറിയിക്കപ്പെട്ടു. അന്നുമുതൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്താൽ പ്രതിനിധീകരിക്കപ്പെടും പ്രകാരം അതു ഭൂമിയിലെ ദിവ്യാധിപത്യത്തിന്റെ കേന്ദ്രമാണ്. ലോകത്തിനു ചുററും, ബ്രാഞ്ച് കമ്മിററികളും സഞ്ചാരമേൽവിചാരകൻമാരും സഭാമൂപ്പൻമാരും ഈ ഭരണസംഘത്തെ പ്രതിനിധാനം ചെയ്യുന്നു.
6 ദിവ്യാധിപത്യ സ്ഥാപനത്തോടുള്ള സഹകരണം ദിവ്യാധിപത്യത്തിനു കീഴ്പെടുന്നതിലെ ഒരു അത്യന്താപേക്ഷിത ഭാഗമാണ്. അത്തരം സഹകരണം ലോകമെമ്പാടുമുള്ള മുഴു “സഹോദരവർഗ്ഗ”ത്തിലും ഐക്യവും ക്രമവും ഉളവാക്കുന്നു. (1 പത്രൊസ് 2:17) ക്രമത്തിൽ അതു യഹോവയെ സന്തോഷിപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ അവിടുന്ന് “കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.”—1 കൊരിന്ത്യർ 14:33.
ഒരു ദിവ്യാധിപത്യത്തിലെ മൂപ്പൻമാർ
7. ക്രിസ്തീയ മൂപ്പൻമാർ നിയമിക്കപ്പെടുന്നതു ദിവ്യാധിപത്യപരമായാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
7 പ്രായമേറിയ പുരുഷൻമാരുടെ അധികാരസ്ഥാനം എന്തായിരുന്നാലും, മേൽവിചാരകസ്ഥാനത്തിനായി അഥവാ പ്രായമേറിയ പുരുഷനുവേണ്ടി ബൈബിളിൽ നൽകിയിരിക്കുന്ന യോഗ്യതകളിൽ അവരെല്ലാവരും എത്തിച്ചേരുന്നു. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) കൂടാതെ, “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ” എന്ന് എഫെസോസിലെ മൂപ്പൻമാരോടുള്ള പൗലോസിന്റെ വാക്കുകൾ എല്ലാ മൂപ്പൻമാർക്കും ബാധകമാണ്. (പ്രവൃത്തികൾ 20:28) അതേ, മൂപ്പൻമാർ നിയമിതരായിരിക്കുന്നത് യഹോവയാം ദൈവത്തിൽനിന്നു വരുന്ന പരിശുദ്ധാത്മാവിനാലാണ്. (യോഹന്നാൻ 14:26) ദിവ്യാധിപത്യപരമായ നിയമനമാണ് അവർക്കുള്ളത്. കൂടാതെ, അവർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൻമേലാണ് ഇടയവേല ചെയ്യുന്നത്. ആട്ടിൻകൂട്ടം യഹോവയുടേതാണ്, മൂപ്പൻമാരുടേതല്ല. അത് ഒരു ദിവ്യാധിപത്യമാണ്.
8. ഇന്നത്തെ മൂപ്പൻമാരുടെ പൊതുവായ ചുമതലകൾ ഏവ?
8 “അവൻ ചിലരെ അപ്പൊസ്തലൻമാരായും ചിലരെ പ്രവാചകൻമാരായും ചിലരെ സുവിശേഷകൻമാരായും ചിലരെ ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും നിയമിച്ചിരിക്കുന്നു; അതു . . . വിശുദ്ധൻമാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു” എന്നു പറഞ്ഞുകൊണ്ട്, എഫേസ്യർക്കുള്ള തന്റെ ലേഖനത്തിൽ, മൂപ്പൻമാരുടെ പൊതുവായ ചുമതലകൾ അപ്പോസ്തലനായ പൗലോസ് വിവരിച്ചു. (എഫെസ്യർ 4:11, 12) “ക്രിസ്തുവിന്റെ ശരീര”ത്തിന്റെ ശൈശവത്തിൽത്തന്നെ അപ്പോസ്തലൻമാരും പ്രവാചകൻമാരും നീങ്ങിപ്പോയി. (1 കൊരിന്ത്യർ 13:8 താരതമ്യപ്പെടുത്തുക.) എന്നാൽ സുവിശേഷിക്കൽ നടത്തിക്കൊണ്ടും ഇടയവേല ചെയ്തുകൊണ്ടും പഠിപ്പിച്ചുകൊണ്ടും മൂപ്പൻമാർ ഇപ്പോഴും തിരക്കിലാണ്.—2 തിമൊഥെയൊസ് 4:2; തീത്തൊസ് 1:9.
9. സഭയിൽ ദൈവേഷ്ടത്തെ പ്രതിനിധാനം ചെയ്യാൻ മൂപ്പൻമാർ എങ്ങനെ സ്വയം ഒരുങ്ങണം?
9 ദിവ്യാധിപത്യം ദൈവഭരണമായതുകൊണ്ട്, ഫലപ്രദരായ മൂപ്പൻമാർ ദൈവേഷ്ടവുമായി നല്ലവണ്ണം പരിചയമുള്ളവരാണ്. ദിവസവും ന്യായപ്രമാണം വായിക്കാൻ യോശുവയോടു കല്പിക്കപ്പെട്ടു. മൂപ്പൻമാരും ക്രമമായി പഠിക്കുകയും തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്, വിശ്വസ്തനും വിവേകിയുമായ അടിമ പ്രസിദ്ധീകരിക്കുന്ന ബൈബിൾ സാഹിത്യങ്ങളുമായി അവർ നല്ലവണ്ണം പരിചിതരായിരിക്കുകയും വേണം. (2 തിമൊഥെയൊസ് 3:14, 15) പ്രത്യേക സാഹചര്യങ്ങളിൽ ബൈബിൾ തത്ത്വങ്ങൾ എങ്ങനെ ബാധകമാകുന്നു എന്നു കാണിക്കുന്ന വീക്ഷാഗോപുരവും ഉണരുക!യും മററു പ്രസിദ്ധീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.a എന്നിരുന്നാലും, വാച്ച് ടവർ സൊസൈററിയുടെ സാഹിത്യങ്ങളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിർദേശങ്ങൾ ഒരു മൂപ്പൻ അറിഞ്ഞിരിക്കുകയും പിൻപററുകയും ചെയ്യേണ്ടതു പ്രധാനമായിരിക്കുമ്പോൾത്തന്നെ, ആ നിർദേശങ്ങൾക്ക് ഉപോൽബലകമായിരിക്കുന്ന തിരുവെഴുത്തു തത്ത്വങ്ങളുമായും അദ്ദേഹം നല്ലവണ്ണം പരിചിതനായിരിക്കണം. ഗ്രാഹ്യത്തോടെയും അനുകമ്പയോടെയും തിരുവെഴുത്തു മാർഗനിർദേശങ്ങൾ ബാധകമാക്കാൻ കഴിയുന്ന ഒരു സ്ഥാനത്തായിരിക്കും അദ്ദേഹമപ്പോൾ.—മീഖാ 6:8 താരതമ്യപ്പെടുത്തുക.
ക്രിസ്തീയ ആത്മാവോടെ സേവിക്കൽ
10. ഏതു മോശമായ മനോഭാവത്തിനെതിരെ മൂപ്പൻമാർ ജാഗ്രത പുലർത്തണം, എങ്ങനെ?
10 പൊ.യു. 55 എന്ന വർഷത്തോടടുത്ത്, കൊരിന്തിലെ സഭയ്ക്ക് അപ്പോസ്തലനായ പൗലോസ് തന്റെ ആദ്യലേഖനം എഴുതി. അദ്ദേഹം കൈകാര്യം ചെയ്ത പ്രശ്നങ്ങളിലൊന്ന്, സഭയിൽ പ്രമുഖരായിത്തീരാൻ ആഗ്രഹിച്ച ചില പുരുഷൻമാരോടു ബന്ധപ്പെട്ടതായിരുന്നു. പൗലോസ് ഇപ്രകാരമെഴുതി: “ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തൻമാരായി; ഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നൻമാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു.” (1 കൊരിന്ത്യർ 4:8) പൊ.യു. ഒന്നാം നൂററാണ്ടിൽ, യേശുവിനോടുകൂടെ സ്വർഗീയ രാജാക്കൻമാരും പുരോഹിതൻമാരുമായി വാഴുന്നതിനുള്ള പ്രത്യാശ സകല ക്രിസ്ത്യാനികൾക്കുമുണ്ടായിരുന്നു. (വെളിപ്പാടു 20:4, 6) എന്നിരുന്നാലും, തെളിവനുസരിച്ച് ഭൂമിയിൽ ക്രിസ്തീയ ദിവ്യാധിപത്യത്തിൽ രാജാക്കൻമാരില്ല എന്ന കാര്യം കൊരിന്തിലെ ചിലർ മറന്നുകളഞ്ഞു. ഈ ലോകത്തിലെ രാജാക്കൻമാരെപ്പോലെ പ്രവർത്തിക്കുന്നതിനു പകരം, ക്രിസ്തീയ ഇടയൻമാർ യഹോവയെ സന്തോഷിപ്പിക്കുന്ന ഒരു ഗുണമായ താഴ്മ നട്ടുവളർത്തുന്നു.—സങ്കീർത്തനം 138:6; ലൂക്കൊസ് 22:25-27.
11. (എ) താഴ്മയുടെ ചില വിശിഷ്ട ദൃഷ്ടാന്തങ്ങളേവ? (ബി) മൂപ്പൻമാർക്കും മററു ക്രിസ്ത്യാനികൾക്കും തങ്ങളെക്കുറിച്ചുതന്നെ എന്തു വീക്ഷണം ഉണ്ടായിരിക്കണം?
11 താഴ്മ ഒരു ബലഹീനതയാണോ? തീർച്ചയായുമല്ല! യഹോവതന്നെ താഴ്മയുള്ളവനായി വർണിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 18:35) ഇസ്രായേലിലെ രാജാക്കൻമാർ സൈന്യത്തെ യുദ്ധത്തിനു നയിക്കുകയും യഹോവയുടെ കീഴിലുള്ള രാഷ്ട്രത്തെ ഭരിക്കുകയും ചെയ്തു. എന്നാൽ, ‘ഓരോരുത്തന്റെ ഹൃദയം സഹോദരൻമാർക്കു മീതെ അഹങ്കരിച്ചുയരാതിരിക്കാൻ’ ഓരോരുത്തരും ശ്രദ്ധിക്കേണ്ടിയിരുന്നു. (ആവർത്തനപുസ്തകം 17:20) പുനരുത്ഥാനം പ്രാപിച്ച യേശു സ്വർഗീയ രാജാവാണ്. എന്നാൽ, ഭൂമിയിലായിരുന്നപ്പോൾ അവിടുന്ന് തന്റെ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി. എന്തൊരു താഴ്മ! തന്റെ അപ്പോസ്തലൻമാർ സമാനമാംവിധം താഴ്മയുള്ളവരായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കിക്കൊണ്ടു യേശു ഇങ്ങനെ പറഞ്ഞു: “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹന്നാൻ 13:14; ഫിലിപ്പിയർ 2:5-8) എല്ലാ മഹത്ത്വവും സ്തുതിയും യഹോവയിലേക്കാണു പോകേണ്ടത്, ഏതെങ്കിലും മനുഷ്യനിലേക്കല്ല. (വെളിപ്പാടു 4:11) മൂപ്പൻമാരാണെങ്കിലും അല്ലെങ്കിലും എല്ലാ ക്രിസ്ത്യാനികളും യേശുവിന്റെ വാക്കുകളുടെ വെളിച്ചത്തിൽ തങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കണം: “ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസൻമാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.” (ലൂക്കൊസ് 17:10) മറേറതൊരു വീക്ഷണവും ദിവ്യാധിപത്യപരമല്ല.
12. സ്നേഹം ക്രിസ്തീയ മൂപ്പൻമാർ നട്ടുവളർത്തേണ്ട ഒരു അത്യന്താപേക്ഷിത ഗുണമായിരിക്കുന്നത് എന്തുകൊണ്ട്?
12 താഴ്മയോടൊപ്പം ക്രിസ്തീയ മൂപ്പൻമാർ സ്നേഹവും നട്ടുവളർത്തുന്നു. “സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ” എന്നു പറഞ്ഞപ്പോൾ സ്നേഹത്തിന്റെ പ്രാധാന്യം അപ്പോസ്തലനായ യോഹന്നാൻ എടുത്തുകാട്ടി. (1 യോഹന്നാൻ 4:8) സ്നേഹമില്ലാത്ത വ്യക്തികൾ ദിവ്യാധിപത്യ മനോഭാവമുള്ളവരല്ല. അവർ യഹോവയെ അറിയുന്നില്ല. ദൈവപുത്രനെക്കുറിച്ചു ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: “യേശു . . . ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.” (യോഹന്നാൻ 13:1) ക്രിസ്തീയ സഭയിലെ ഭരണസംഘത്തിന്റെ ഭാഗമായിത്തീരാനിരുന്ന 11 പുരുഷൻമാരോടു സംസാരിക്കവേ, യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നതാകുന്നു എന്റെ കല്പന.” (യോഹന്നാൻ 15:12) യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ തിരിച്ചറിയിക്കൽ ചിഹ്നമാണ് സ്നേഹം. ഹൃദയം തകർന്നവരെയും വിലപിക്കുന്നവരെയും സ്വാതന്ത്ര്യം അതിയായി കാംക്ഷിക്കുന്ന ആത്മീയ അടിമകളെയും അത് ആകർഷിക്കുന്നു. (യെശയ്യാവു 61:1, 2; യോഹന്നാൻ 13:35) സ്നേഹം പ്രകടമാക്കുന്നതിൽ മൂപ്പൻമാർ മാതൃകയുള്ളവരായിരിക്കണം.
13. ഇന്നത്തെ പ്രശ്നങ്ങൾ ദുഷ്കരമായിരുന്നേക്കാമെങ്കിലും, എല്ലാ സാഹചര്യങ്ങളിലും നൻമ ചെയ്യാനുള്ള ഒരു പ്രേരകശക്തിയായിരിക്കാൻ ഒരു മൂപ്പന് എങ്ങനെ കഴിയും?
13 ഇന്ന്, സങ്കീർണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മിക്കപ്പോഴും മൂപ്പൻമാരോട് ആവശ്യപ്പെടുന്നു. വൈവാഹിക പ്രശ്നങ്ങൾ ആഴത്തിൽ വേരൂന്നിയതും തുടർന്നു നിലനിൽക്കുന്നതുമായിരിക്കാം. ഉൾക്കൊള്ളാൻ പ്രയാസകരമെന്നു മുതിർന്നവർ കണ്ടെത്തിയേക്കാവുന്ന പ്രശ്നങ്ങൾ യുവജനങ്ങൾക്കുണ്ട്. വൈകാരിക രോഗങ്ങൾ ഗ്രഹിക്കുക മിക്കപ്പോഴും ദുഷ്കരമാണ്. അത്തരം കാര്യങ്ങളെ നേരിടുന്ന ഒരു മൂപ്പന് എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതിരുന്നേക്കാം. എന്നാൽ, അദ്ദേഹം പ്രാർഥനാപൂർവം യഹോവയുടെ ജ്ഞാനത്തിൽ ആശ്രയിക്കുകയും, ബൈബിളിലും വിശ്വസ്തനും വിവേകിയുമായ അടിമ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങളിലും ഗവേഷണം ചെയ്യുകയും, ആടുകളോടു താഴ്മയോടെയും സ്നേഹത്തോടെയും ഇടപെടുകയും ചെയ്യുന്നെങ്കിൽ ഏററവും പ്രതികൂലമായ അവസ്ഥയിൽപ്പോലും താൻ നൻമ ചെയ്യാനുള്ള ഒരു പ്രേരകശക്തിയായിരിക്കുമെന്ന് ഒരു മൂപ്പന് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
14, 15. അനേകം നല്ല മൂപ്പൻമാരെക്കൊണ്ട് യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്നു പ്രകടമാക്കുന്ന ചില അഭിപ്രായപ്രകടനങ്ങളേവ?
14 “മനുഷ്യരാം ദാനങ്ങ”ളെക്കൊണ്ട് യഹോവ തന്റെ സ്ഥാപനത്തെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. (എഫേസ്യർ 4:8, NW) ദൈവത്തിന്റെ ആടുകളുടെമേൽ അനുകമ്പാപൂർവം ഇടയവേല ചെയ്യുന്ന താഴ്മയുള്ള മൂപ്പൻമാർ പ്രകടമാക്കുന്ന സ്നേഹത്തിന്റെ തെളിവു നൽകുന്ന ഹൃദയോഷ്മളമായ എഴുത്തുകൾ വാച്ച് ടവർ സൊസൈററിക്ക് ഇടയ്ക്കിടയ്ക്ക് ലഭിക്കാറുണ്ട്. ദൃഷ്ടാന്തത്തിന് ഒരു സഭാമൂപ്പൻ എഴുതുന്നത് ഇപ്രകാരമാണ്: “എന്നെ വളരെയധികം സ്വാധീനിച്ച, അല്ലെങ്കിൽ സഭയിൽ ഇപ്പോഴും സംസാരവിഷയമായിരിക്കുന്ന മറെറാരു സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം എനിക്ക് ഓർക്കാൻ കഴിയുന്നില്ല. സഹോദരങ്ങളോട് ഇടപെടുമ്പോൾ അനുമോദനത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ഒരു ക്രിയാത്മക മനോഭാവം പുലർത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ആ സർക്കിട്ട് മേൽവിചാരകൻ എന്നെ സഹായിച്ചു.”
15 ചികിത്സയ്ക്കായി വിദൂരത്തുള്ള ഒരു ആശുപത്രിയിലേക്കു യാത്ര ചെയ്യേണ്ടിയിരുന്ന ഒരു സഹോദരി എഴുതുന്നു: “വീട്ടിൽനിന്നു വളരെ ദൂരെയുള്ള ഒരാശുപത്രിയിലെ ഉത്കണ്ഠാജനകമായ ആദ്യത്തെ രാത്രിയിൽ ഒരു മൂപ്പനെ കണ്ടുമുട്ടാൻ കഴിഞ്ഞത് എത്ര ആശ്വാസപ്രദമായിരുന്നു! അദ്ദേഹവും മററു സഹോദരങ്ങളും എന്നോടൊപ്പം വളരെയേറെ സമയം ചെലവഴിച്ചു. സ്നേഹവായ്പുള്ളവരും അർപ്പിതരുമായ ആ സഹോദരങ്ങളുടെ ആശ്വസിപ്പിക്കലും പരിപാലനവും പ്രാർഥനകളും ഇല്ലാതിരുന്നെങ്കിൽ ഞാൻ അതിജീവിക്കുകപോലും ചെയ്യുമായിരുന്നില്ല എന്നു ഞാൻ അനുഭവിച്ചതു കണ്ടുനിന്ന ലോകക്കാരായ ആളുകൾക്കുപോലും തോന്നിപ്പോയി.” മറെറാരു സഹോദരി എഴുതുന്നത് ഇങ്ങനെയാണ്: “തീവ്രമായ വിഷാദത്തോടുള്ള എന്റെ പോരാട്ടത്തിൽ മൂപ്പൻമാരുടെ സംഘം ക്ഷമാപൂർവം എന്നെ വഴിനയിച്ചതുകൊണ്ടു ഞാനിന്നു ജീവനോടിരിക്കുന്നു. . . . ഒരു സഹോദരനും അദ്ദേഹത്തിന്റെ ഭാര്യക്കും എന്നോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. . . . ഞാൻ അനുഭവിച്ചുകൊണ്ടിരുന്നത് എന്താണെന്ന് അവർക്കു പൂർണമായി മനസ്സിലായില്ലെങ്കിലും, അവർ എനിക്കുവേണ്ടി സ്നേഹപുരസ്സരം കരുതി. അതാണ് എന്നെ ഏററവുമധികം സ്പർശിച്ച കാര്യം.”
16. പത്രോസ് മൂപ്പൻമാർക്ക് ഏത് ഉദ്ബോധനം നൽകുന്നു?
16 അതേ, അപ്പോസ്തലനായ പത്രോസിന്റെ വാക്കുകൾ പല മൂപ്പൻമാരും ബാധകമാക്കുന്നുണ്ട്: “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉൻമേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്വിൻ.” (1 പത്രൊസ് 5:1-3) ദിവ്യാധിപത്യമനസ്കരായ അത്തരം മൂപ്പൻമാർ എന്തൊരനുഗ്രഹമാണ്!
ദിവ്യാധിപത്യത്തിലെ ആടുകൾ
17. സഭയിലെ എല്ലാ അംഗങ്ങളും നട്ടുവളർത്തേണ്ട ചില ഗുണങ്ങൾ പറയുക.
17 എന്നാൽ, മൂപ്പൻമാർ മാത്രം അടങ്ങുന്നതല്ല ഒരു ദിവ്യാധിപത്യം. ഇടയൻമാർ ദിവ്യാധിപത്യമനസ്കർ ആയിരിക്കേണ്ടതാണെങ്കിൽ ആടുകളും അങ്ങനെതന്നെ വേണം. ഏതു വിധങ്ങളിൽ? കൊള്ളാം, ഇടയൻമാരെ നയിക്കുന്ന അതേ തത്ത്വങ്ങൾ തന്നെ ആടുകളെയും നയിക്കേണ്ടതാണ്. യഹോവയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ മൂപ്പൻമാർ മാത്രമല്ല, എല്ലാ ക്രിസ്ത്യാനികളും താഴ്മയുള്ളവരായിരിക്കണം. (യാക്കോബ് 4:6) എല്ലാവരും സ്നേഹം നട്ടുവളർത്തണം, കാരണം അതില്ലാത്തപക്ഷം യഹോവയ്ക്കുള്ള നമ്മുടെ യാഗങ്ങൾ അവിടുത്തേക്കു പ്രസാദകരമായിരിക്കില്ല. (1 കൊരിന്ത്യർ 13:1-3) ഇനിയും, മൂപ്പൻമാർ മാത്രമല്ല, നമ്മളെല്ലാവരും “ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ [യഹോവയുടെ] ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം.”—കൊലൊസ്സ്യർ 1:9.
18. (എ) സത്യത്തെക്കുറിച്ചുള്ള ഉപരിപ്ലവമായ ഒരു അറിവു മാത്രം പോരാത്തതെന്തുകൊണ്ട്? (ബി) നമുക്കെല്ലാവർക്കും എങ്ങനെ സൂക്ഷ്മപരിജ്ഞാനത്താൽ നിറയാൻ കഴിയും?
18 സാത്താന്റെ ലോകത്തിൽ ജീവിക്കുന്നതിനാൽ വിശ്വസ്തരായി നിലകൊള്ളാൻ ശ്രമിക്കുന്നതിന്റെ പേരിൽ ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ വിഷമകരമായ തീരുമാനങ്ങളെ നിരന്തരം അഭിമുഖീകരിക്കുന്നു. വസ്ത്രധാരണം, സംഗീതം, ചലച്ചിത്രങ്ങൾ, പ്രസിദ്ധീകരണ മാധ്യമങ്ങൾ എന്നിവയിലുള്ള ലോകപ്രവണതകൾ ചിലരുടെയെങ്കിലും ആത്മീയതയ്ക്കു വെല്ലുവിളി ഉയർത്തുന്നു. നമ്മുടെ സമനില കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കുന്നതിനു സത്യത്തെക്കുറിച്ചുള്ള ഉപരിപ്ലവമായ ഒരു അറിവു മാത്രം പോര. വിശ്വസ്തരായി നിലകൊള്ളുന്നുവെന്ന് ഉറപ്പു വരുത്താൻ നാം സൂക്ഷ്മപരിജ്ഞാനംകൊണ്ടു നിറയേണ്ട ആവശ്യമുണ്ട്. ദൈവവചനത്തിനു മാത്രം നമുക്കു പ്രദാനം ചെയ്യാൻ കഴിയുന്ന വിവേകവും ജ്ഞാനവും നമുക്കാവശ്യമാണ്. (സദൃശവാക്യങ്ങൾ 2:1-5) നല്ല പഠനശീലങ്ങൾ നട്ടുവളർത്തുകയും നാം പഠിക്കുന്നതിനെക്കുറിച്ചു ധ്യാനിക്കുകയും അതു ബാധകമാക്കുകയും ചെയ്യണം എന്നാണിതിന്റെ അർഥം. (സങ്കീർത്തനം 1:1-3; വെളിപ്പാടു 1:3) “നൻമതിൻമകളെ തിരിച്ചറിയാൻ ഉപയോഗത്താൽ തങ്ങളുടെ ഗ്രഹണ പ്രാപ്തികൾ പരിശീലിപ്പിക്കപ്പെട്ട പക്വതയുള്ളവർക്കുള്ളതാണ് കട്ടിയായ ആഹാരം” എന്നു പറഞ്ഞപ്പോൾ മൂപ്പൻമാർക്കു മാത്രമല്ല, എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് പൗലോസ് അത് എഴുതിയത്.—എബ്രായർ 5:14, NW.
ഇടയൻമാരും ആടുകളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു
19, 20. മൂപ്പൻമാരോടു സഹകരിക്കാൻ എല്ലാവർക്കും ഏത് ഉദ്ബോധനങ്ങൾ നൽകിയിരിക്കുന്നു, എന്തുകൊണ്ട്?
19 ഒടുവിൽ, മൂപ്പൻമാരോടു സഹകരിക്കുന്നവർ യഥാർഥത്തിൽ ദിവ്യാധിപത്യപരമായ ഒരു ആത്മാവു പ്രകടമാക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. പൗലോസ് തിമൊഥെയോസിന് ഇപ്രകാരം എഴുതി: “നന്നായി ഭരിക്കുന്ന മൂപ്പൻമാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.” (1 തിമൊഥെയൊസ് 5:17; 1 പത്രൊസ് 5:5, 6) മൂപ്പൻസ്ഥാനം അത്ഭുതകരമായ ഒരു പദവിയാണ്, എന്നാൽ മിക്ക മൂപ്പൻമാരും പതിവായി ജോലിക്കു പോകുന്ന കുടുംബനാഥൻമാരാണ്, അവർക്കു ഭാര്യമാരുടെയും കുട്ടികളുടെയും കാര്യം നോക്കേണ്ടതുണ്ട്. അവർ സേവിക്കാൻ സന്തോഷമുള്ളവരാണ്, എന്നാൽ സഭയിലുള്ളവർ അമിതമായി വിമർശിക്കാതെയും ആവശ്യപ്പെടാതെയും അവർക്കു പിന്തുണ കൊടുക്കുമ്പോൾ അവരുടെ സേവനം ഏറെ എളുപ്പവും പ്രതിഫലദായകവുമായിത്തീരുന്നു.—എബ്രായർ 13:17.
20 “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (എബ്രായർ 13:7) അല്ല, സഹോദരങ്ങൾ മൂപ്പൻമാരെ അനുഗമിക്കാനല്ല പൗലോസ് പ്രോത്സാഹനം നൽകിയത്. (1 കൊരിന്ത്യർ 1:12) ഒരു മനുഷ്യനെ അനുഗമിക്കുന്നതു ദിവ്യാധിപത്യപരമല്ല. എന്നാൽ, സുവിശേഷ വേലയിൽ സജീവമായി പ്രവർത്തിക്കുന്ന, യോഗങ്ങളിൽ ക്രമമുള്ള, സഭയിലുള്ളവരോടു താഴ്മയോടെയും സ്നേഹത്തോടെയും ഇടപെടുന്ന ദിവ്യാധിപത്യമനസ്കനായ ഒരു മൂപ്പന്റെ തെളിയിക്കപ്പെട്ട വിശ്വാസത്തെ അനുകരിക്കുന്നതു തീർച്ചയായും ജ്ഞാനപൂർവകമാണ്.
വിശ്വാസത്തിന്റെ തെളിവ്
21. ക്രിസ്ത്യാനികൾ മോശയുടേതുപോലുള്ള വിശ്വാസം പ്രകടമാക്കുന്നത് എങ്ങനെ?
21 സത്യമായും, മാനവചരിത്രത്തിലെ ഏററവും അധഃപതിച്ച ഈ കാലത്ത് ഒരു ദിവ്യാധിപത്യ സ്ഥാപനം നിലനിൽക്കുന്നത്, വലിയ ദിവ്യാധിപതിയുടെ ശക്തിക്ക് ഒരു സാക്ഷ്യമാണ്. (യെശയ്യാവു 2:2-5) യഹോവ തങ്ങളുടെ ഭരണാധിപനെന്നു മറന്നുകളയാതെ അനുദിന ജീവിതത്തിലെ പ്രശ്നങ്ങളോടു മല്ലടിക്കുന്ന പുരുഷൻമാരും, സ്ത്രീകളും, കുട്ടികളും വരുന്ന ഏതാണ്ട് 50 ലക്ഷം പേരുടെ വിശ്വാസത്തിനും അതൊരു സാക്ഷ്യമാണ്. ‘അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിന്ന’ വിശ്വസ്തനായ മോശയെപ്പോലെതന്നെ ഇന്നത്തെ ക്രിസ്ത്യാനികൾക്കും സമാനമാംവിധം ശക്തമായ വിശ്വാസമുണ്ട്. (എബ്രായർ 11:27) ഒരു ദിവ്യാധിപത്യത്തിൽ ജീവിക്കാൻ അവർ പദവി ലഭിച്ചവരാണ്, അതു നിമിത്തം അവർ ദിവസവും ദൈവത്തിനു നന്ദി നൽകുന്നു. (സങ്കീർത്തനം 100:4, 5) യഹോവയുടെ രക്ഷാകരമായ ശക്തി അനുഭവിക്കവേ, “യഹോവ നമ്മുടെ ന്യായാധിപൻ, യഹോവ നമ്മുടെ നിയമദാതാവ്, യഹോവ നമ്മുടെ രാജാവ്; അവിടുന്ന് തന്നെ നമ്മെ രക്ഷിക്കും” എന്നു പ്രഘോഷിക്കാൻ അവർ സന്തോഷമുള്ളവരാണ്.—യശയ്യാ 33:22, NW.
[അടിക്കുറിപ്പ്]
a അത്തരം പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിൽ തിരുവെഴുത്തു മാർഗനിർദേശങ്ങൾ അടങ്ങിയ, “നിങ്ങൾക്കുതന്നെയും മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധ കൊടുക്കുക” എന്ന പുസ്തകവും ഉൾപ്പെടുന്നു. അത് സഭയിലെ നിയമിത മേൽവിചാരകൻമാർക്ക്, അഥവാ മൂപ്പൻമാർക്കുവേണ്ടി പ്രദാനം ചെയ്തിരിക്കുന്നു.
ബൈബിൾ എന്തു പ്രകടമാക്കുന്നു?
◻ ക്രിസ്ത്യാനികൾ ഏതു വിധത്തിൽ ദിവ്യാധിപത്യത്തിനു കീഴ്പെടുന്നു?
◻ ഇന്നു ദിവ്യാധിപത്യം സംഘടിതമായിരിക്കുന്നത് എപ്രകാരം?
◻ തങ്ങളുടെ ചുമതലകൾ നിറവേററാൻ മൂപ്പൻമാർ ഏതു വിധങ്ങളിൽ സ്വയം തയ്യാറാകണം?
◻ മൂപ്പൻമാർ ഏതു ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്തുന്നതും പ്രകടമാക്കുന്നതും അത്യന്താപേക്ഷിതമാണ്?
◻ ദിവ്യാധിപത്യത്തിൽ, ആടുകളും ഇടയൻമാരും തമ്മിൽ എന്തു ബന്ധം ഉണ്ടായിരിക്കണം?
[16-ാം പേജിലെ ചിത്രം]
ശരിയും തെററും സംബന്ധിച്ചു സ്വന്തം തീരുമാനങ്ങളെടുക്കാൻ ആഗ്രഹിച്ചതുകൊണ്ട് ആദാമിനും ഹവ്വായ്ക്കും പറുദീസ നഷ്ടമായി
[18-ാം പേജിലെ ചിത്രം]
ഒരു മൂപ്പൻ ആടുകളോടു താഴ്മയോടെയും സ്നേഹത്തോടെയും ഇടപെടുമ്പോൾ, അദ്ദേഹം എപ്പോഴും നൻമ ചെയ്യാനുള്ള ഒരു പ്രേരക ശക്തിയായിരിക്കും