ദിവ്യാധിപത്യത്തോട് പറ്റിനിൽക്കുക
“യഹോവ നമ്മുടെ ന്യായാധിപൻ ആകുന്നു, യഹോവ നമ്മുടെ നിയമദാതാവ് ആകുന്നു, യഹോവ നമ്മുടെ രാജാവ് ആകുന്നു.”—യെശയ്യാവു 33:22, NW.
1. ഗവൺമെന്റ് എന്ന വിഷയത്തിൽ മിക്ക ആളുകൾക്കും താത്പര്യമുള്ളത് എന്തുകൊണ്ട്?
ഗവൺമെന്റ എന്ന വിഷയം എല്ലാവർക്കും താത്പര്യമുള്ളതാണ്. നല്ല ഗവൺമെന്റ് സമാധാനവും സമൃദ്ധിയും കൈവരുത്തുന്നു. ബൈബിൾ പറയുന്നു: “രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു.” (സദൃശവാക്യങ്ങൾ 29:4) അതേസമയം, ഗവൺമെന്റ് മോശമാകുമ്പോൾ അനീതിയും അഴിമതിയും അടിച്ചമർത്തലും നടക്കും. “ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.” (സദൃശവാക്യങ്ങൾ 29:2) ചരിത്രത്തിലുടനീളം, മനുഷ്യർ അനേകം തരത്തിലുള്ള ഗവൺമെന്റുകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. സങ്കടകരമെന്നു പറയട്ടെ, ഭരണാധിപന്മാരുടെ അടിച്ചമർത്തൽ നിമിത്തം മനുഷ്യർ മിക്കപ്പോഴും ‘നെടുവീർപ്പി’ട്ടിരിക്കുന്നു. (സഭാപ്രസംഗി 8:9) പ്രജകൾക്കു നിലനിൽക്കുന്ന സംതൃപ്തി കൈവരുത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ഗവൺമെന്റ് വിജയിക്കുമോ?
2. പുരാതന ഇസ്രായേലിലെ ഗവൺമെന്റിന് “ദിവ്യാധിപത്യം” എന്ന വിശേഷണം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
2 ചരിത്രകാരനായ ജോസീഫസ് ഒരു അനുപമമായ തരം ഗവൺമെന്റിനെ കുറിച്ചു പരാമർശിക്കുകയുണ്ടായി. അദ്ദേഹം എഴുതി: “ചിലയാളുകൾ ഏകാധിപത്യ ഭരണങ്ങൾക്കും ചിലർ പ്രഭുഭരണത്തിനും മറ്റു ചിലർ ജനായത്ത ഭരണങ്ങൾക്കും രാഷ്ട്രീയ പരമാധികാരം കൊടുത്തിരിക്കുന്നു. എന്നാൽ നമ്മുടെ നിയമദാതാവ് [മോശ] ഈ വക രാഷ്ട്രീയ ഭരണരൂപങ്ങളിലൊന്നും ആകർഷിതനായില്ല, മറിച്ച് അവൻ തന്റെ ഭരണ വ്യവസ്ഥയ്ക്കു കൊടുത്ത ഘടന—വിശാലമായ അർഥത്തിൽ പറയുകയാണെങ്കിൽ—എല്ലാ പരമാധികാരവും അധികാരങ്ങളും ദൈവകരങ്ങളിൽ അർപ്പിക്കുന്ന ‘ദിവ്യാധിപത്യം’ എന്നു പരാമർശിക്കാവുന്ന ഒന്നാണ്.” (എഗൈൻസ്റ്റ് എപ്യോൻ, II, 164-5) കൺസൈസ് ഓക്സ്ഫോർഡ് ഡിക്ഷ്നറി പറയുന്ന പ്രകാരം, ദിവ്യാധിപത്യത്തിന്റെ അർഥം “ദൈവത്താലുള്ള ഒരു ഭരണരൂപം” എന്നാണ്. പ്രസ്തുത പദം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, അതിനെ അന്വർഥമാക്കുന്നതായിരുന്നു പുരാതന ഇസ്രായേലിലെ ഗവൺമെന്റ്. ഇസ്രായേല്യർക്ക് ഒരു ദൃശ്യ രാജാവ് ഉണ്ടായിരുന്നെങ്കിലും, അവരുടെ യഥാർഥ രാജാവ് യഹോവ ആയിരുന്നു. ഇസ്രായേല്യ പ്രവാചകനായ യെശയ്യാവു പറഞ്ഞു: “യഹോവ നമ്മുടെ ന്യായാധിപൻ ആകുന്നു, യഹോവ നമ്മുടെ നിയമദാതാവ് ആകുന്നു, യഹോവ നമ്മുടെ രാജാവ് ആകുന്നു.”—യെശയ്യാവു 33:22, NW.
എന്താണ് യഥാർഥ ദിവ്യാധിപത്യം?
3, 4. (എ) യഥാർഥ ദിവ്യാധിപത്യം എന്താണ്? (ബി) സമീപ ഭാവിയിൽ ദിവ്യാധിപത്യം മുഴു മനുഷ്യവർഗത്തിനും എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?
3 ജോസീഫസ് പ്രസ്തുത പദത്തിനു രൂപം കൊടുത്തതു മുതൽ, അനേകം ജനതകളുടെ ഗവൺമെന്റുകളെ ദിവ്യാധിപത്യമായി വർണിച്ചിട്ടുണ്ട്. അവയിൽ ചിലതിന് അസഹിഷ്ണുതയും മതഭ്രാന്തും ക്രൂരമായ അടിച്ചമർത്തൽ സ്വഭാവവും ഉള്ളതായി കാണപ്പെട്ടു. അവ യഥാർഥ ദിവ്യാധിപത്യങ്ങൾ ആയിരുന്നോ? അവയ്ക്കൊന്നും ജോസീഫസ് ഉദ്ദേശിച്ച അർഥം ഉണ്ടായിരുന്നില്ല. “ദിവ്യാധിപത്യം” എന്നതിന്റെ അർഥം വികൃതമാക്കപ്പെട്ടു എന്നതാണ് പ്രശ്നം. വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അതിനെ നിർവചിക്കുന്നത് “രാഷ്ട്രം ഒരു പുരോഹിതനാലോ പുരോഹിതന്മാരാലോ ഭരിക്കപ്പെടുന്ന, പുരോഹിതന്മാർക്ക് രാജ്യഭരണത്തിലും മതപരവുമായ സംഗതികളിലും അധികാരം ഉണ്ടായിരിക്കുന്ന ഒരു തരം ഗവൺമെന്റ്” എന്നാണ്. എന്നാൽ യഥാർഥ ദിവ്യാധിപത്യം പുരോഹിതന്മാരാലുള്ള ഒരു ഗവൺമെന്റല്ല. അത് യഥാർഥത്തിൽ ദൈവഭരണമാണ്, പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ആയ യഹോവയാം ദൈവത്താലുള്ള ഗവൺമെന്റാണ്.
4 സമീപ ഭാവിയിൽ, മുഴു ഭൂമിയും ദിവ്യാധിപത്യത്തിനു കീഴിൽ ആയിത്തീരും. അത് എന്തൊരു അനുഗ്രഹമായിരിക്കും! “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ [മനുഷ്യവർഗത്തോടുകൂടെ] ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5എ) അപൂർണ മനുഷ്യരാലുള്ള പുരോഹിത ഭരണത്തിന് അത്തരം സന്തുഷ്ടി കൈവരുത്താൻ സാധിക്കുകയില്ല. ദൈവഭരണത്തിനു മാത്രമേ അതു സാധിക്കുകയുള്ളൂ. അതുകൊണ്ട്, സത്യ ക്രിസ്ത്യാനികൾ രാഷ്ട്രീയ നടപടിയിലൂടെ ദിവ്യാധിപത്യം കൊണ്ടുവരാൻ ശ്രമിക്കുന്നില്ല. തന്റേതായ സമയത്ത്, തന്റേതായ വിധത്തിൽ ലോകവ്യാപക ദിവ്യാധിപത്യം ദൈവം സ്ഥാപിക്കുന്നതിനായി അവർ ക്ഷമാപൂർവം കാത്തിരിക്കുന്നു.—ദാനീയേൽ 2:44.
5. യഥാർഥ ദിവ്യാധിപത്യം ഇന്ന് എവിടെ പ്രവർത്തനത്തിൽ ഉണ്ട്, അതു സംബന്ധിച്ച് ഏതെല്ലാം ചോദ്യങ്ങൾ ഉദിക്കുന്നു?
5 എന്നാൽ ഇപ്പോൾത്തന്നെ യഥാർഥ ദിവ്യാധിപത്യം പ്രവർത്തനത്തിലുണ്ട്. എവിടെ? ദൈവഭരണത്തിനു സ്വമേധയാ കീഴ്പെടുന്നവരുടെയും അവന്റെ ഹിതം നിറവേറ്റാൻ ഒരുമയോടെ സഹകരിക്കുന്നവരുടെയും ഇടയിൽ. അത്തരം വിശ്വസ്തർ ലോകവ്യാപക ആത്മീയ “ജനത” എന്ന നിലയിൽ അതിന്റെ ആത്മീയ “ദേശ”ത്ത് കൂട്ടിവരുത്തപ്പെട്ടിരിക്കുന്നു. അവർ ‘ദൈവത്തിന്റെ ഇസ്രായേലി’ന്റെ ശേഷിപ്പും 55 ലക്ഷത്തിലധികം വരുന്ന അവരുടെ ക്രിസ്തീയ സഹകാരികളും ആണ്. (യെശയ്യാവു 66:8; ഗലാത്യർ 6:16) അവർ “നിത്യരാജാവ്” ആയ യഹോവയാം ദൈവം സിംഹാസനസ്ഥൻ ആക്കിയിരിക്കുന്ന സ്വർഗീയ രാജാവായ യേശുക്രിസ്തുവിനു കീഴ്പെട്ടിരിക്കുന്നു. (1 തിമൊഥെയൊസ് 1:17; വെളിപ്പാടു 11:15) ഏതു വിധത്തിലാണ് ഈ സംഘടന ദിവ്യാധിപത്യം ആയിരിക്കുന്നത്? അതിന്റെ അംഗങ്ങൾ ലൗകിക ഗവൺമെന്റുകളുടെ അധികാരത്തെ എങ്ങനെ വീക്ഷിക്കുന്നു? തങ്ങളുടെ ആത്മീയ സമൂഹത്തിനുള്ളിൽ അധികാരം പ്രയോഗിക്കുന്ന മനുഷ്യർ ദിവ്യാധിപത്യ തത്ത്വം എങ്ങനെ പാലിക്കുന്നു?
ഒരു ദിവ്യാധിപത്യ സംഘടന
6. ഒരു ദൃശ്യ മാനുഷ സംഘടന ദൈവത്താൽ ഭരിക്കപ്പെടുന്നത് എങ്ങനെ?
6 ഒരു മാനുഷ സംഘടന അദൃശ്യ സ്വർഗത്തിൽ വസിക്കുന്ന യഹോവയാൽ ഭരിക്കപ്പെടുന്നത് എങ്ങനെ? (സങ്കീർത്തനം 103:19) അതു സാധ്യമാകുന്നത്, അതുമായി ബന്ധപ്പെട്ടവർ ഈ നിശ്വസ്ത ബുദ്ധ്യുപദേശം പിൻപറ്റുന്നതിനാലാണ്: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.” (സദൃശവാക്യങ്ങൾ 2:6; 3:5) “ക്രിസ്തുവിന്റെ നിയമം” പ്രമാണിക്കുകയും ബൈബിൾ തത്ത്വങ്ങൾ അനുദിന ജീവിതത്തിൽ ബാധകമാക്കുകയും ചെയ്തുകൊണ്ട് തങ്ങളെ ഭരിക്കാൻ അവർ ദൈവത്തെ അനുവദിക്കുന്നു. (ഗലാത്യർ 6:2; 1 കൊരിന്ത്യർ 9:21; 2 തിമൊഥെയൊസ് 3:16; കൂടാതെ മത്തായി 5:22, 28, 39; 6:24, 33; 7:12, 21 എന്നിവയും കാണുക.) അത് ചെയ്യുന്നതിന്, അവർ ബൈബിൾ വിദ്യാർഥികൾ ആയിരിക്കേണ്ടതുണ്ട്. (സങ്കീർത്തനം 1:1-3) പുരാതന കാലത്തെ “കുലീന മാനസരായ” ബെരോവക്കാരെപ്പോലെ, അവർ മനുഷ്യരെ പിൻപറ്റുന്നില്ല, മറിച്ച് തങ്ങൾ പഠിക്കുന്ന സംഗതികൾ ബൈബിളുമായി നിരന്തരം ഒത്തുനോക്കി ഉറപ്പു വരുത്തുന്നു. (പ്രവൃത്തികൾ 17:10, 11, NW; സങ്കീർത്തനം 119:33-36) അവർ സങ്കീർത്തനക്കാരനെപ്പോലെ പ്രാർഥിക്കുന്നു: “നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.”—സങ്കീർത്തനം 119:66.
7. ദിവ്യാധിപത്യത്തിലെ മേൽവിചാരണാ ക്രമം എന്താണ്?
7 ഏതു സംഘടനയിലും, അധികാരം പ്രയോഗിക്കുന്ന അല്ലെങ്കിൽ നിർദേശം നൽകുന്ന ആരെങ്കിലും ഉണ്ടായിരിക്കണം. യഹോവയുടെ സാക്ഷികളുടെ കാര്യത്തിലും അതു സത്യമാണ്. അവർ പൗലൊസ് അപ്പൊസ്തലൻ വിവരിച്ച അധികാര ഘടന പ്രാവർത്തികമാക്കുന്നു: “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം.” (1 കൊരിന്ത്യർ 11:3) ഇതിനോടുള്ള ചേർച്ചയിൽ, യോഗ്യരായ പുരുഷന്മാർ മാത്രമേ സഭകളിൽ മൂപ്പന്മാരായി സേവിക്കുന്നുള്ളൂ. “ഏതു പുരുഷന്റെയും തല”യായ യേശു സ്വർഗത്തിലാണെങ്കിലും, സ്വർഗത്തിൽ അവനോടൊപ്പം ഭരിക്കുന്നതിനു പ്രത്യാശയുള്ള അവന്റെ അഭിഷിക്ത സഹോദരന്മാരിൽ “ശേഷിച്ചിരിക്കുന്നവർ” ഇപ്പോഴും ഭൂമിയിലുണ്ട്. (വെളിപ്പാടു 12:17, NW; 20:6) ഇവരാണ് “വിശ്വസ്തനും വിവേകിയുമായ” സംയുക്ത അടിമ. ക്രിസ്ത്യാനികൾ യേശുവിനോടു തങ്ങളുടെ കീഴ്പെടൽ പ്രകടമാക്കുന്നു, അതുകൊണ്ടുതന്നെ ആ “അടിമ”യുടെ മേൽവിചാരണ അംഗീകരിച്ചുകൊണ്ട് യേശുവിന്റെ തലയായ യഹോവയോടും കീഴ്പെടൽ പ്രകടമാക്കുന്നു. (മത്തായി 24:45-47, NW; 25:40) ഈ വിധത്തിൽ, ദിവ്യാധിപത്യം ക്രമീകൃതമാണ്. “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.”—1 കൊരിന്ത്യർ 14:33.
8. ക്രിസ്തീയ മൂപ്പന്മാർ ദിവ്യാധിപത്യ തത്ത്വത്തെ പിന്താങ്ങുന്നത് എങ്ങനെ?
8 ക്രിസ്തീയ മൂപ്പന്മാർ ഈ ദിവ്യാധിപത്യ തത്ത്വത്തെ പിന്താങ്ങുന്നവരാണ്. എന്തെന്നാൽ പരിമിതമായ അളവിൽ തങ്ങൾക്കുള്ള അധികാരം വിനിയോഗിക്കുന്നതു സംബന്ധിച്ച് യഹോവയോടു തങ്ങൾ കണക്കു ബോധിപ്പിക്കേണ്ടവർ ആണെന്ന് അവർ തിരിച്ചറിയുന്നു. (എബ്രായർ 13:17) അവർ സ്വന്ത ജ്ഞാനത്തിലല്ല, മറിച്ച് ദൈവത്തിന്റെ ജ്ഞാനത്തിൽ ആശ്രയിച്ചുകൊണ്ടാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഇക്കാര്യത്തിൽ, അവർ യേശുവിന്റെ മാതൃക പിൻപറ്റുന്നു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ അവനായിരുന്നു. (മത്തായി 12:42) എന്നിട്ടും അവൻ യഹൂദന്മാരോടു പറഞ്ഞു: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല.” (യോഹന്നാൻ 5:19) ദാവീദിന് ഉണ്ടായിരുന്ന അതേ മനോഭാവംതന്നെയാണ് മൂപ്പന്മാർക്കും ഉള്ളത്. ദിവ്യാധിപത്യത്തിൽ അവനു സുപ്രധാന അധികാരം ഉണ്ടായിരുന്നു. എന്നിട്ടും അവൻ സ്വന്തമായ വിധമല്ല, മറിച്ച് യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിച്ചത്. അവൻ പ്രാർഥിച്ചു: “യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; . . . നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.”—സങ്കീർത്തനം 27:11.
9. ദിവ്യാധിപത്യത്തിലെ വ്യത്യസ്ത പ്രത്യാശകളും സേവന പദവികളും സംബന്ധിച്ച് സമർപ്പിത ക്രിസ്ത്യാനികൾക്ക് സമനിലയുള്ള എന്തു കാഴ്ചപ്പാട് ഉണ്ട്?
9 സഭയിൽ പുരുഷന്മാർക്കു മാത്രം അധികാരമുള്ളതിനെയും അതുപോലെതന്നെ ഒരു കൂട്ടർക്കു ഭൗമിക പ്രത്യാശയുള്ളപ്പോൾ ചിലർക്കു മാത്രം സ്വർഗീയ പ്രത്യാശയുള്ളതിനെയും ചിലർ ചോദ്യം ചെയ്തിട്ടുണ്ട്. (സങ്കീർത്തനം 37:29; ഫിലിപ്പിയർ 3:20) എന്നാൽ ഇവ ദൈവത്തിന്റെ വചനത്തിൽ വിവരിച്ചിരിക്കുന്ന ക്രമീകരണങ്ങൾ ആണെന്ന് സമർപ്പിത ക്രിസ്ത്യാനികൾക്ക് അറിയാം. അവർ ദിവ്യാധിപത്യ മനസ്കരാണ്. ബൈബിൾ തത്ത്വങ്ങൾ അംഗീകരിക്കാത്തവരാണ് സാധാരണമായി അവയെ ചോദ്യം ചെയ്യുന്നത്. മാത്രമല്ല, രക്ഷയെ സംബന്ധിച്ചിടത്തോളം യഹോവയുടെ ദൃഷ്ടിയിൽ പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്നു ക്രിസ്ത്യാനികൾക്ക് അറിയാം. (ഗലാത്യർ 3:28) സത്യ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, പ്രപഞ്ചത്തിന്റെ പരമാധികാരിയുടെ ആരാധകർ ആയിരിക്കുക എന്നതുതന്നെ സാധ്യമായ ഏറ്റവും വലിയ പദവിയാണ്. അതുകൊണ്ടുതന്നെ യഹോവ അവർക്കു നൽകുന്ന ഏതൊരു സ്ഥാനവും സ്വീകരിക്കാൻ അവർക്കു സന്തോഷമാണ്. (സങ്കീർത്തനം 31:23; 84:10; 1 കൊരിന്ത്യർ 12:12, 13, 18) തന്നെയുമല്ല, നിത്യജീവൻ, അതു സ്വർഗത്തിലായാലും പറുദീസാ ഭൂമിയിലായാലും, തികച്ചും മഹത്തായ ഒരു പ്രത്യാശയാണ്.
10. (എ) യോനാഥാൻ എന്തു നല്ല മനോഭാവം പ്രകടമാക്കി? (ബി) ക്രിസ്ത്യാനികൾ ഇന്ന് യോനാഥാന്റേതിനോടു സമാനമായ മനോഭാവം പ്രകടമാക്കുന്നത് എങ്ങനെ?
10 അങ്ങനെ, യഹോവയുടെ സാക്ഷികൾ ശൗൽ രാജാവിന്റെ പുത്രനായ യോനാഥാനോടു സദൃശരാണ്. ദൈവഭയമുള്ളവൻ ആയിരുന്ന യോനാഥാൻ സാധ്യതയനുസരിച്ച് ഒരു മികച്ച രാജാവ് ആയിത്തീരുമായിരുന്നു. എന്നാൽ, ശൗലിന്റെ അവിശ്വസ്തത നിമിത്തം, ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായി യഹോവ തിരഞ്ഞെടുത്തത് ദാവീദിനെ ആയിരുന്നു. യോനാഥാന് ഇതിൽ നീരസം തോന്നിയോ? ഇല്ല. അവൻ ദാവീദിന്റെ ഒരു നല്ല സുഹൃത്ത് ആയിത്തീരുകയും ശൗലിൽനിന്ന് അവനെ സംരക്ഷിക്കുകയും ചെയ്തു. (1 ശമൂവേൽ 18:1; 20:1-42) സമാനമായ വിധത്തിൽ, ഭൗമിക പ്രത്യാശയുള്ളവർക്ക് സ്വർഗീയ പ്രത്യാശയുള്ളവരോട് അസൂയ ഇല്ല. സഭയിൽ ദിവ്യാധിപത്യ അധികാരമുള്ളവരോടു സത്യ ക്രിസ്ത്യാനികൾക്ക് അസൂയ ഇല്ല. മറിച്ച്, തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാർക്കുവേണ്ടി അവർ ചെയ്യുന്ന കഠിന വേല അംഗീകരിച്ചുകൊണ്ട് സത്യക്രിസ്ത്യാനികൾ “സ്നേഹത്തിൽ അസാധാരണയിലും കവിഞ്ഞ പരിഗണന അവർക്കു കൊടുക്കുക”യാണു ചെയ്യുന്നത്.—1 തെസ്സലൊനീക്യർ 5:12, 13, NW.
ലൗകിക ഭരണം സംബന്ധിച്ച ദിവ്യാധിപത്യ കാഴ്ചപ്പാട്
11. ദിവ്യാധിപത്യ ഭരണത്തിനു കീഴ്പെടുന്ന ക്രിസ്ത്യാനികൾ ലൗകിക അധികാരികളെ വീക്ഷിക്കുന്നത് എങ്ങനെ?
11 യഹോവയുടെ സാക്ഷികൾ ദിവ്യാധിപത്യമെന്ന ദൈവഭരണത്തിൻ കീഴിൽ ആണെങ്കിൽ, ദേശീയ ഭരണാധിപന്മാരോടുള്ള അവരുടെ വീക്ഷണം എന്താണ്? തന്റെ അനുഗാമികൾ ‘ലോകത്തിന്റെ ഭാഗമായിരിക്കുകയില്ല’ എന്ന് യേശു പറയുകയുണ്ടായി. (യോഹന്നാൻ 17:16, NW) എന്നിരുന്നാലും, ലൗകിക ഗവൺമെന്റുകളായ ‘കൈസരോട്’ തങ്ങൾക്കു കടപ്പാടുണ്ടെന്ന് ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. അവർ “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടു”ക്കണമെന്നു യേശു പറഞ്ഞു. (മത്തായി 22:21) ബൈബിൾ പറയുന്നതനുസരിച്ച്, മാനുഷ ഗവൺമെന്റുകൾ “അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ദൈവത്താൽ വയ്ക്കപ്പെട്ടിരിക്കുന്ന”വയാണ്. എല്ലാ അധികാരങ്ങളുടെയും ഉറവായ യഹോവ ഗവൺമെന്റുകൾ നിലനിൽക്കുന്നത് അനുവദിക്കുന്നു, അതേസമയം അവർ തങ്ങളുടെ അധികാരത്തിൻ കീഴിലുള്ളവർക്ക് നന്മ ചെയ്യണമെന്ന് അവൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, അവർ “ദൈവത്തിന്റെ ശുശ്രൂഷകൻ” ആണ്. ക്രിസ്ത്യാനികൾ അവരവരുടെ ദേശത്തെ ഗവൺമെന്റിനോട് “[തങ്ങളുടെ] മനസ്സാക്ഷി നിമിത്തം” കീഴ്പെട്ടിരിക്കുന്നു. (റോമർ 13:1-7, NW) നിശ്ചയമായും, രാഷ്ട്രം ദൈവനിയമത്തിന് എതിരായ എന്തെങ്കിലും ആവശ്യപ്പെട്ടാൽ, ക്രിസ്ത്യാനികൾ “മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരി”ക്കും.—പ്രവൃത്തികൾ 5:29, NW.
12. അധികാരികളാൽ പീഡിപ്പിക്കപ്പെടുമ്പോൾ, അവർ ആരുടെ മാതൃക പിൻപറ്റുന്നു?
12 ഗവൺമെന്റ് അധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നെങ്കിലോ? അപ്പോൾ അവർ ദീർഘകാലം വലിയ പീഡനങ്ങൾ സഹിച്ച ആദിമ ക്രിസ്ത്യാനികളുടെ മാതൃക പിൻപറ്റുന്നു. (പ്രവൃത്തികൾ 8:1; 13:50) വിശ്വാസം പലവിധങ്ങളിൽ പരിശോധിക്കപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നതിനാൽ, അവ അപ്രതീക്ഷിതമായിരുന്നില്ല. (മത്തായി 5:10-12; മർക്കൊസ് 4:17) എങ്കിലും, ആ ആദിമ ക്രിസ്ത്യാനികൾ പീഡകരോടു പ്രതികാരം ചെയ്തില്ല, സമ്മർദത്തിൻ കീഴിൽ അവരുടെ വിശ്വാസം ഉലഞ്ഞതുമില്ല. മറിച്ച്, അവർ യേശുവിന്റെ മാതൃക പിൻപറ്റി: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.” (1 പത്രൊസ് 2:21-23) അതേ, ക്രിസ്തീയ തത്ത്വങ്ങൾ സാത്താന്റെ പ്രകോപനങ്ങൾക്കു മുമ്പിൽ വിജയിക്കുകതന്നെ ചെയ്തു.—റോമർ 12:21.
13. തങ്ങൾക്ക് എതിരെയുള്ള പീഡനത്തോടും ദുഷ്പ്രചരണങ്ങളോടും യഹോവയുടെ സാക്ഷികൾ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
13 ഇന്നും അതുതന്നെ സത്യമാണ്. യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ, 20-ാം നൂറ്റാണ്ടിൽ മർദക ഭരണാധിപന്മാർ യഹോവയുടെ സാക്ഷികളെ പീഡിപ്പിച്ചിരിക്കുന്നു. (മത്തായി 24:9, 13) ചില രാജ്യങ്ങളിൽ, ഈ ആത്മാർഥരായ ക്രിസ്ത്യാനികളുടെ നേരേ അധികാരികൾ ദ്രോഹബുദ്ധിയോടെ ഇടപെടണം എന്ന ദുഷ്ട ലാക്കോടെ ചിലർ നുണകൾ പ്രചരിപ്പിക്കുന്നു. അപ്പോഴും, അത്തരം “ദുഷ്കീർത്തി”ക്കു നടുവിലും സാക്ഷികൾ തങ്ങളുടെ നല്ല നടത്തയാൽ തങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി കാണിക്കുന്നു. (2 കൊരിന്ത്യർ 6:4, 8) സാധ്യമാകുമ്പോഴെല്ലാം, രാജ്യത്തെ അധികാരികൾക്കും കോടതിക്കും മുമ്പാകെ തങ്ങളുടെ കേസ് അവതരിപ്പിച്ച് നിരപരാധിത്വം തെളിയിക്കാൻ അവർ ശ്രമിക്കുന്നു. സുവാർത്തയ്ക്ക് നിയമ പിൻബലം നേടാൻ അവർ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നു. (ഫിലിപ്പിയർ 1:7) എന്നാൽ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തങ്ങൾക്കു ചെയ്യാനാകുന്ന സകലതും ചെയ്തശേഷം, അവർ സംഗതി യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. (സങ്കീർത്തനം 5:8-12; സദൃശവാക്യങ്ങൾ 20:22) ആദിമ ക്രിസ്ത്യാനികളെപ്പോലെ, ആവശ്യമായിവരുന്നപക്ഷം നീതിക്കുവേണ്ടി കഷ്ടം സഹിക്കാൻ അവർക്കു ഭയമില്ല.—1 പത്രൊസ് 3:14-17; 4:12-14, 16.
ദൈവമഹത്ത്വത്തിന് പ്രഥമ സ്ഥാനം കൊടുക്കുക
14, 15. (എ) ദിവ്യാധിപത്യ തത്ത്വം പിന്താങ്ങുന്നവർക്ക് ഏറ്റവും മുഖ്യം എന്താണ്? (ബി) ശലോമോൻ തന്റെ മേൽവിചാരക സ്ഥാനത്തിന്റെ കാര്യത്തിൽ താഴ്മയുടെ ഒരു നല്ല മാതൃക വെച്ചത് ഏതു സന്ദർഭത്തിൽ ആയിരുന്നു?
14 യേശു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ, അവൻ ഒന്നാമതായി പരാമർശിച്ചത് യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണമായിരുന്നു. (മത്തായി 6:9) ഇതിനോടുള്ള യോജിപ്പിൽ, ദിവ്യാധിപത്യത്തിനു കീഴ്പെട്ടു ജീവിക്കുന്നവർ സ്വന്തം മഹത്ത്വമല്ല, ദൈവത്തിന്റെ മഹത്ത്വമാണു തേടുന്നത്. (സങ്കീർത്തനം 29:1, 2) ഒന്നാം നൂറ്റാണ്ടിൽ, “ദൈവത്താലുള്ള മാനത്തെക്കാൾ” മനുഷ്യരാലുള്ള മഹത്ത്വം കാംക്ഷിച്ച് യേശുവിനെ അനുഗമിക്കാൻ വിസമ്മതിച്ച ചിലർക്ക് ഇതൊരു ഇടർച്ചക്കല്ല് ആയിരുന്നുവെന്ന് ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. (യോഹന്നാൻ 12:42, 43) തീർച്ചയായും, സ്വന്തം പ്രാമുഖ്യതയെക്കാൾ കവിഞ്ഞുള്ള സ്ഥാനം യഹോവയ്ക്ക് നൽകുന്നതിന് താഴ്മ ആവശ്യമാണ്.
15 ഇക്കാര്യത്തിൽ ശലോമോൻ നല്ലൊരു മനോഭാവം പ്രകടമാക്കി. താൻ നിർമിച്ച മഹനീയ ആലയത്തിന്റെ സമർപ്പണ വേളയിൽ ശലോമോൻ പറഞ്ഞതും തന്റെ ഗംഭീര കെട്ടിടങ്ങളെ കുറിച്ച് നെബൂഖദ്നേസർ പറഞ്ഞതും തമ്മിൽ താരതമ്യം ചെയ്യുക. ഊതിപ്പെരുപ്പിച്ച അഹങ്കാരത്തോടെ നെബൂഖദ്നേസർ ഇങ്ങനെ വീമ്പിളക്കി: “എന്റെ രാജകീയമഹത്വത്തിനുവേണ്ടി രാജമന്ദിരമായി, എന്റെ മഹാപ്രഭാവത്താൽ ഞാൻ നിർമിച്ചതല്ലേ മഹത്തായ ഈ ബാബിലോൺ?” (ദാനീയേൽ 4:30, പി.ഒ.സി. ബൈബിൾ) ഇതിനു നേർവിപരീതമായി, ശലോമോൻ തന്റെ നേട്ടത്തെ താഴ്മയിൽ ചാലിച്ചെടുത്ത വാക്കുകളിലാക്കി: “ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?” (2 ദിനവൃത്താന്തം 6:14, 15, 18; സങ്കീർത്തനം 127:1) ശലോമോൻ സ്വയം മഹത്ത്വപ്പെടുത്തിയില്ല. താൻ യഹോവയുടെ കേവലം ഒരു പ്രതിനിധിയാണെന്ന് അറിയാമായിരുന്ന അവൻ എഴുതി: “അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.”—സദൃശവാക്യങ്ങൾ 11:2.
16. തങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താതിരിക്കുന്നതിനാൽ മൂപ്പന്മാർ ഒരു യഥാർഥ അനുഗ്രഹമാണെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
16 സമാനമായി സ്വയം മഹത്ത്വപ്പെടുത്താതെ ക്രിസ്തീയ മൂപ്പന്മാർ യഹോവയെ മഹത്ത്വപ്പെടുത്തുന്നു. അവർ പത്രൊസിന്റെ ബുദ്ധ്യുപദേശം പിൻപറ്റുന്നു: “ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാററിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ.” (1 പത്രൊസ് 4:11) പൗലൊസ് അപ്പൊസ്തലൻ “അദ്ധ്യക്ഷസ്ഥാന”ത്തെ പ്രാമുഖ്യതയുള്ള ഒരു സ്ഥാനമായിട്ടല്ല, മറിച്ച് “നല്ല വേല” എന്നാണ് വർണിച്ചത്. (1 തിമൊഥെയൊസ് 3:1) ഭരിക്കാനല്ല, സേവിക്കാനാണ് മൂപ്പന്മാർ നിയമിക്കപ്പെടുന്നത്. അവർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഉപദേഷ്ടാക്കന്മാരും ഇടയന്മാരും ആണ്. (പ്രവൃത്തികൾ 20:28; യാക്കോബ് 3:1) താഴ്മയും ആത്മത്യാഗ മനോഭാവവും ഉള്ള മൂപ്പന്മാർ സഭയ്ക്ക് ഒരു യഥാർഥ അനുഗ്രഹമാണ്. (1 പത്രൊസ് 5:2, 3) “ഇങ്ങനെയുള്ളവരെ പ്രിയപ്പെട്ടവരായി കരുതുന്നതിൽ തുടരുക”കയും ഈ “അന്ത്യകാലത്ത്” ദിവ്യാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ യോഗ്യരായ അനേകം മൂപ്പന്മാരെ പ്രദാനം ചെയ്തിരിക്കുന്നതിനു യഹോവയ്ക്കു നന്ദി പറയുകയും ചെയ്യുക.—ഫിലിപ്പിയർ 2:29, NW; 2 തിമൊഥെയൊസ് 3:1.
“ദൈവത്തെ അനുകരിപ്പിൻ”
17. ദിവ്യാധിപത്യത്തിനു കീഴിലുള്ളവർ ഏതു വിധങ്ങളിൽ ദൈവത്തെ അനുകരിക്കുന്നു?
17 “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്നു പൗലൊസ് അപ്പൊസ്തലൻ ഉദ്ബോധിപ്പിച്ചു. (എഫെസ്യർ 5:1) ദിവ്യാധിപത്യത്തിനു കീഴ്പെടുന്നവർ, അപൂർണ മനുഷ്യർ എന്ന നിലയിൽ തങ്ങളുടെ പരമാവധി ദൈവത്തെപ്പോലെ ആകാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ബൈബിൾ യഹോവയെ കുറിച്ചു പറയുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 32:3, 4) ഈ വശത്ത് ദൈവത്തെ അനുകരിക്കുന്നതിന്, ക്രിസ്ത്യാനികൾ വിശ്വസ്തതയും നീതിയും സമനിലയുള്ള നീതിബോധവും തേടുന്നു. (മീഖാ 6:8; 1 തെസ്സലൊനീക്യർ 3:6; 1 യോഹന്നാൻ 3:7) അധാർമികത, അതിമോഹം, അത്യാഗ്രഹം എന്നിങ്ങനെ ലോകത്തിനു സ്വീകാര്യമായ അനേകം സംഗതികൾ അവർ ഒഴിവാക്കുന്നു. (എഫെസ്യർ 5:5) യഹോവയുടെ ദാസന്മാർ മനുഷ്യരുടേതല്ല, ദൈവത്തിന്റെ പ്രമാണങ്ങൾ പിൻപറ്റുന്നതുകൊണ്ട്, അവന്റെ സംഘടന ദിവ്യാധിപത്യപരവും ശുദ്ധവും ആരോഗ്യാവഹവുമാണ്.
18. ദൈവത്തിന്റെ ഏറ്റവും പ്രമുഖ ഗുണം എന്ത്, ക്രിസ്ത്യാനികൾ ഈ ഗുണം പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
18 യഹോവയാം ദൈവത്തിന്റെ ഏറ്റവും പ്രമുഖ ഗുണം സ്നേഹം ആണ്. “ദൈവം സ്നേഹം ആകുന്നു” എന്ന് യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു. (1 യോഹന്നാൻ 4:8, NW) ദിവ്യാധിപത്യം ദൈവത്താലുള്ള ഭരണത്തെ അർഥമാക്കുന്നതുകൊണ്ട്, അത് സ്നേഹത്താലുള്ള ഭരണം ആണ്. യേശു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ഈ പ്രയാസകരമായ അന്ത്യനാളുകളിൽ ദിവ്യാധിപത്യ സംഘടന വളരെ ശ്രദ്ധേയമായ വിധത്തിൽ സ്നേഹം പ്രകടമാക്കിയിരിക്കുന്നു. വംശഹത്യാപരമായ ലഹള ആഫ്രിക്കയിൽ നടന്നപ്പോൾ, തങ്ങളുടെ വംശം ഏതെന്നു നോക്കാതെ യഹോവയുടെ സാക്ഷികൾ എല്ലാവരോടും സ്നേഹം പ്രകടമാക്കി. മുൻ യൂഗോസ്ലാവിയയിലെ യുദ്ധകാലത്ത്, എല്ലാ പ്രദേശത്തുമുള്ള യഹോവയുടെ സാക്ഷികൾ പരസ്പരം സഹായിച്ചു. അതേസമയം മറ്റ് മതസമൂഹങ്ങൾ വംശീയ വെടിപ്പാക്കൽ എന്നു വിളിക്കപ്പെടുന്ന നരഹത്യയിൽ പങ്കെടുക്കുകയായിരുന്നു. പൗലൊസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം യഹോവയുടെ സാക്ഷികൾ വ്യക്തിപരമായ തലത്തിൽ ബാധകമാക്കാൻ യത്നിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.”—എഫെസ്യർ 4:31, 32.
19. ദിവ്യാധിപത്യത്തിനു കീഴ്പെടുന്നവർക്ക് ഇപ്പോഴും ഭാവിയിലും എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുന്നതാണ്?
19 ദിവ്യാധിപത്യത്തിനു കീഴ്പെടുന്നവർ വലിയ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. അവർക്കു ദൈവത്തോടും സഹക്രിസ്ത്യാനികളോടും സമാധാനം ഉണ്ട്. (എബ്രായർ 12:14; യാക്കോബ് 3:17) അവർക്കു ജീവിതത്തിൽ ഒരു ഉദ്ദേശ്യമുണ്ട്. (സഭാപ്രസംഗി 12:13) അവർക്ക് ആത്മീയ സുരക്ഷിതത്വവും ഭാവി സംബന്ധിച്ച് ഉറപ്പുള്ള ഒരു പ്രത്യാശയും ഉണ്ട്. (സങ്കീർത്തനം 59:9) നിശ്ചയമായും, അവർ സകല മനുഷ്യവർഗവും ദിവ്യാധിപത്യ ഭരണത്തിൻ കീഴിൽ ആയിരിക്കുന്നതിന്റെ ഒരു പൂർവാനുഭവം ആസ്വദിക്കുകയാണ്. അന്ന്, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല” എന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 11:9) അത് എത്ര മഹനീയ സമയം ആയിരിക്കും! ഇപ്പോൾ ദിവ്യാധിപത്യത്തോടു പറ്റിനിന്നുകൊണ്ട് ആ ഭാവി പറുദീസയിൽ നമുക്കെല്ലാവർക്കും നമ്മുടെ സ്ഥാനം ഉറപ്പാക്കാം.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ എന്താണ് യഥാർഥ ദിവ്യാധിപത്യം, അത് ഇന്ന് എവിടെ കണ്ടെത്താം?
□ മനുഷ്യർ തങ്ങളുടെ ജീവിതത്തിൽ ദിവ്യാധിപത്യ ഭരണത്തിനു കീഴ്പെടുന്നത് എങ്ങനെ?
□ ദിവ്യാധിപത്യത്തിനു കീഴിലുള്ള എല്ലാവരും സ്വന്ത മഹത്ത്വത്തെക്കാൾ ദൈവമഹത്ത്വത്തിനു പ്രാധാന്യം നൽകുന്നത് ഏതു വിധങ്ങളിൽ?
□ ദിവ്യാധിപത്യത്തെ പിന്തുണയ്ക്കുന്നവർ അനുകരിക്കുന്ന ചില ദൈവിക ഗുണങ്ങൾ എന്തെല്ലാം?
[17-ാം പേജിലെ ചിത്രം]
ശലോമോൻ സ്വന്ത മഹത്ത്വത്തെക്കാൾ ദൈവമഹത്ത്വത്തിനു പ്രാധാന്യം നൽകി