മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 10 ഒടുവിൽ പൂർണ്ണതയുള്ള ഗവൺമെൻറ്!
ദിവ്യാധിപത്യം: ഗ്രീക്കു വാക്കുകളായ “തെയോസ്” (ദൈവം), “ക്രാറേറാസ്” (ഒരു ഭരണം) എന്നിവയിൽനിന്ന്; അങ്ങനെ ദൈവനിർദ്ദേശത്താലോ ഭരണത്താലോ ഉള്ള ഗവൺമെൻറ്, ചിലപ്പോൾ നിയമിത പ്രതിനിധികൾ മുഖേനയുള്ളത്.
ഒരു യഥാർത്ഥ മുത്തുമാലയോ വജ്രമോതിരമോ വാങ്ങാൻ നിങ്ങൾക്കു പ്രാപ്തിയുള്ളപക്ഷം, യഥാർത്ഥത്തിലുള്ളതിന്റെ ഒരു മോശമായ അനുകരണംകൊണ്ട് നിങ്ങൾ തൃപ്തനാകുമോ? നിങ്ങൾക്കു ലഭിക്കാവുന്നതിൽവെച്ച് ഏററവും നല്ലതാണ് നിങ്ങൾക്കു കിട്ടിയിരിക്കുന്നതെന്ന് വിശ്വസിക്കത്തക്കവണ്ണം നിങ്ങൾ വഞ്ചിക്കപ്പെടാത്തപക്ഷം, സാദ്ധ്യതയനുസരിച്ച് നിങ്ങൾ തൃപ്തനായിരിക്കുകയില്ല.
ഗവൺമെൻറു സംബന്ധിച്ച്, തങ്ങൾക്ക് ഉണ്ടായിരിക്കാവുന്നതിൽവെച്ച് ഏററവും മെച്ചമായതാണു കിട്ടിയിരിക്കുന്നതെന്നു വിശ്വസിക്കാൻതക്കവണ്ണം സഹസ്രലക്ഷക്കണക്കിനാളുകൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ അവർ മോശമായ അനുകരണങ്ങളിൽ എത്തുപെട്ടിരിക്കുകയാണ്. അവർ നിരാശിതരും അസംതൃപ്തരും നിഷ്ഫലരും ആണെന്നുള്ളത് അതിശയമല്ല.
നല്ല ഗവൺമെൻറിനുവേണ്ടിയുള്ള അന്വേഷണം
ഒരു കാലത്തു ലണ്ടനിലെ സെൻറ് പോൾ കത്തീഡ്രലിലെ മുൻകാല ആംഗ്ലിക്കൻ ചർച്ചു ഡീൻ ആയിരുന്ന വില്ല്യം റാൾഫ് ഇൻഗേ 1922-ൽ എഴുതി: “ഒരു നല്ല ഗവൺമെൻറ് മാനുഷ അനുഗ്രഹങ്ങളിൽ ഏററവും മഹത്തായി നിലകൊള്ളുന്നു, എന്നാൽ ഒരു ജനതയും ഒരിക്കലും അത് ആസ്വദിച്ചിട്ടില്ല.” എന്തുകൊണ്ട്?
ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡൻറ് ആയിരുന്ന ജോൺ എഫ്. കെന്നഡിയുടെ വാക്കുകളിൽ ഒരു ഭാഗിക വിശദീകരണം കണ്ടെത്താൻ കഴിയും. “ഒരു ഗവൺമെൻറും അതിന്റെ നിർമ്മാണഘടകമായ ആളുകളേക്കാൾ മെച്ചമായിരിക്കയില്ല” എന്ന് അദ്ദേഹം പറഞ്ഞു. ഏററവും നിപുണനായ രാജ്യതന്ത്രജ്ഞൻപോലും അപൂർണ്ണനാകയാൽ, മനുഷ്യൻ സ്ഥാപിക്കുന്ന ഏതൊരു ഗവൺമെൻറും പരാജയത്തിനു വിധിക്കപ്പെട്ടിരിക്കുന്നു.
പതിനേഴാം നൂററാണ്ടിലെ ഇംഗ്ലീഷ് നാടകകൃത്തായ ഫിലിപ്പ് മാസിൻജർ ഇങ്ങനെ എഴുതിയപ്പോൾ അതു ശരിയായിരുന്നു: “മററുള്ളവരെ ഭരിക്കുന്നവൻ ആദ്യം തന്റെതന്നെ നായകൻ ആയിരിക്കണം.” എന്നാൽ ഏത് അപൂർണ്ണ മനുഷ്യനാണു തന്റെതന്നെ നായകനായിരിക്കുന്നത്? വാസ്തവത്തിൽ യാതൊരു രാജ്യതന്ത്രജ്ഞനും സംഭവങ്ങളും സാഹചര്യങ്ങളും നിയന്ത്രിക്കുന്നതിനും അങ്ങനെ തന്റെതന്നെ സന്തുഷ്ടിയും ക്ഷേമവും ഉറപ്പാക്കുന്നതിനും മതിയായ അറിവും ജ്ഞാനവും ഇല്ലാതിരിക്കുമ്പോൾ ദശലക്ഷക്കണക്കിനു സഹമനുഷ്യരുടെ സന്തുഷ്ടിയും ക്ഷേമവും ഉറപ്പാക്കാൻ അത്രപോലും കഴിയുകയില്ല. അയാൾക്കു ശരിയായ തീരുമാനങ്ങൾ എടുക്കാൻ എല്ലായ്പ്പോഴും കഴിഞ്ഞാൽപോലും അവ പ്രാവർത്തികമാക്കുന്നതിനുള്ള ശക്തി ഉണ്ടായിരിക്കുകയില്ല.
അമേരിക്കൻ ഉപന്യാസകാരനായ ബ്രൂക്ക്സ് അററ്കിൻസൻ പ്രശ്നം തിരിച്ചറിഞ്ഞുകൊണ്ട്, മുൻപ് 1951-ൽ ഇങ്ങനെ നിഗമനം ചെയ്തു: “നമ്മെ ഭരിക്കുന്നതിനു നമുക്ക് അതിമാനുഷരെ ആവശ്യമാണ്—വേല വളരെ വിപുലവും ജ്ഞാനപൂർവകമായ തീരുമാനത്തിന്റെ ആവശ്യം വളരെ അടിയന്തിരവുമാണ്. എന്നാൽ കഷ്ടം, അതിമാനുഷരില്ലതന്നെ” എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്, നാലു ദശകങ്ങൾക്കുശേഷം ഇപ്പോഴും ആരും ഇല്ല.
വാസ്തവത്തിൽ ദൈവം ഒരിക്കലും മനുഷ്യൻ തന്നേത്തന്നെ ഭരിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പൂർണ്ണ ഗവൺമെൻറ് ആസ്വദിക്കുന്നതിനു മനുഷ്യർക്ക് അതിമാനുഷരാലുള്ള ഗവൺമെൻറിനേക്കാൾ അതീതമായത് ആവശ്യമായിരിക്കുന്നു. അവർക്കു ദിവ്യാധിപത്യം, ദൈവത്താലുള്ള ഗവൺമെൻറ്, ആവശ്യമാണ്.
ഏതുതരത്തിലുള്ള ദിവ്യാധിപത്യം?
ദൈവം ആദ്യ മനുഷ്യജോടിയെ ആക്കിവെച്ച ഏദനിൽ നിലവിലിരുന്ന തരത്തിലുള്ള ഗവൺമെൻറാണ് ദിവ്യാധിപത്യം. നീതിയുക്തനായ പരമാധികാരി എന്ന നിലയിൽ ദൈവം ആദിയിൽ കാര്യനിർവഹണം നടത്തുകയും അധികാരം പ്രയോഗിക്കുകയും ചെയ്തു.
യഹൂദ ചരിത്രകാരനായ ഫേവ്ളിയസ് ജോസീഫസ് 19-ഓളം നൂററാണ്ടുകൾക്കു മുമ്പ് “ദിവ്യാധിപത്യം” എന്നു ഭാഷാന്തരം ചെയ്യപ്പെട്ട ഗ്രീക്കു പദം ആദ്യമായി കണ്ടുപിടിച്ചപ്പോൾ അദ്ദേഹം അതു പുരാതന ഇസ്രയേൽ ജനതയെ പരാമർശിക്കാൻ ഉപയോഗിച്ചു. അതു കൃത്യമായ ഒരു തിരിച്ചറിയിക്കലായിരുന്നു, എന്തുകൊണ്ടെന്നാൽ ഇസ്രയേൽ അക്കാലത്തു ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനതയായിരുന്നു. അവന്റെ ഭരണം ഭൗമിക പ്രതിനിധികൾ മുഖാന്തരം പ്രയോഗിക്കപ്പെട്ടിരുന്നുവെങ്കിലും ആ ജനത യഥാർത്ഥത്തിൽ അവനാലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്.—ആവർത്തനം 7:6; 1 ദിനവൃത്താന്തം 29:23.
“ദിവ്യാധിപത്യം” എന്ന പദം മററുഭാഷകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ, ആദ്യം മിക്കവാറും ജോസീഫസ് ഉദ്ദേശിച്ച അർത്ഥത്തിൽ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ അതു പിന്നീടു കൂടുതലായ നിഗൂഢാർത്ഥങ്ങളും കൈവരിച്ചു. ദി എൻസൈക്ലോപ്പീഡിയ ഓഫ് റിലിജിയൻ അനുസരിച്ച് അതു, “ഫറവോന്യ ഈജിപ്ററ്, പുരാതന ഇസ്രയേൽ, മദ്ധ്യകാല ക്രൈസ്തവലോകം, കാൽവിനിസം, ഇസ്ലാം, ടിബററൻ ബുദ്ധമതം മുതലായ വിഭിന്ന സംഗതികൾക്കും വിപുലമായി ബാധകമാക്കുകയുണ്ടായി.”
“ഇംഗ്ലണ്ടിലെ രാജഭരണത്തിൽ ദിവ്യാധിപത്യ രാജത്വത്തിന്റെ ഒരു ഘടകം—ലോകത്തെ ക്രമത്തിൽ കൊണ്ടുപോകുന്നതിനുള്ള ദിവ്യപദ്ധതിയിലെ മുഖ്യ ഉപകരണമെന്നനിലയിലുള്ള, രാജാവ്, ദൈവത്തിന്റെ പ്രതിനിധിയും ന്യായവിധിപ്രഖ്യാപകനുമെന്നനിലയിലുള്ള രാജാവു തന്നെ”—ഉണ്ടായിരുന്നുവെന്നു ചരിത്രകാരനായ ഡബ്ലിയു. എൻ. വാറൻ പറയുന്നു. ആധുനികനാളുകളിൽ ഈ പദം “‘പുരോഹിതാധിപത്യ’ സമൂഹങ്ങളെക്കുറിച്ചുള്ള ‘പ്രബുദ്ധമായ’ അവജ്ഞയുടെ” പ്രകടനമായിപോലും ഉപയോഗിക്കപ്പെടുന്നുവെന്ന് ജോർജ്ജ് വാഷിംഗ്ടൻ യൂണിവേഴ്സിററിയിലെ ഡിവേയ് വാല്ലസ് ജൂണിയർ വിശദീകരിക്കുന്നു.
ഇപ്പോൾ പദത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അർത്ഥത്തിന്റെ വിപുലമായ വ്യാപ്തി, അനേകം തരത്തിലുള്ള ദിവ്യാധിപത്യത്തിന്റെ ആസ്തിക്യത്തിന് അനുവദിച്ചിരിക്കുന്നു. നമുക്ക് ആവശ്യമായിരിക്കുന്നത് ഏതു തരമാണ്?
വ്യാജ ദിവ്യാധിപത്യങ്ങൾ
എഴുതപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ മാനുഷ ഗവൺമെൻറ് 4,000-ത്തോളം വർഷങ്ങൾക്കു മുമ്പ് നിമ്രോദിനാൽ സ്ഥാപിക്കപ്പെട്ടു. നോഹയുടെ പ്രപൗത്രനായിരുന്ന ഇയാൾ തന്നേത്തന്നെ ഒരു രാജാവാക്കുകയും, ബൈബിൾ അവനെ വിശദീകരിക്കുന്ന പ്രകാരം “യഹോവക്കെതിരായി ഒരു ശക്തനായ നായാട്ടുകാരൻ” (NW) ആയിത്തീരുകയും ചെയ്തു. (ഉല്പത്തി 10:8, 9) യഹോവക്കെതിരായി തന്നേത്തന്നെ ഒരു ഭരണാധിപനായി അവരോധിച്ചതിനാൽ നിമ്രോദ് തന്നേത്തന്നെ ഒരു രാഷ്ട്രീയ ദൈവമാക്കി. അങ്ങനെയായിരിക്കുന്നതിൽ അവനു ദൈവത്തിന്റെ മുഖ്യ എതിരാളിയായ, വ്യാജദൈവമായ, പിശാചായ സാത്താന്റെ പിന്തുണയുണ്ടായിരുന്നു. (2 കൊരിന്ത്യർ 4:4) അതുകൊണ്ടു നിമ്രോദിന്റെ ഭരണം യഥാർത്ഥ ദിവ്യാധിപത്യത്തിന്റെ ഒരു വ്യാജ പകർപ്പ് ആയിരുന്നു.
പിന്നീടു നിമ്രോദിന്റെ സാമ്രാജ്യത്തിലെ നിവാസികൾ ഭൂമിയിലാസകലം ചിതറിക്കപ്പെട്ടപ്പോൾ, തങ്ങളുടെ ഗവൺമെൻറുകൾ ദിവ്യാധിപത്യം ആയിരുന്നുവെന്ന്, അതായത് തങ്ങൾ ആരാധിച്ച ദൈവത്തിൽനിന്നോ ദൈവങ്ങളിൽനിന്നോ അധികാരം ലഭിച്ചതാണെന്നു വിചാരിക്കുന്നതിൽ ജനങ്ങൾ തുടർന്നു. (ഉല്പത്തി 11:1-9) “മതവും സംസ്ഥാനവും തമ്മിൽ വ്യതിരിക്തത ഇല്ലാതിരുന്ന പുരാതന പൗരസ്ത്യ സംസ്കാരത്തിന്റെ ആദിമ ഘട്ടത്തെ വിശദീകരിക്കുന്നതിനു” “ദിവ്യാധിപത്യം” ഉപയോഗിക്കാൻ തുടങ്ങി എന്നു ദി എൻസൈക്ലോപീഡിയ ഓഫ് റിലിജിയൻ പറയുന്നു.
ഫറവോന്റെ കീഴിലെ ഈജിപ്ററ്പോലെയുള്ള ചില സംസ്കാരങ്ങളിൽ രാജാവ്, ഒരു മഹാദേവിയുടെ ഭർത്താവോ ഒരു ദൈവത്തിന്റെ പുത്രനോ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. മററു സംസ്കാരങ്ങൾ, ദിവ്യമായി തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന ആശയം ഊന്നിപ്പറഞ്ഞുകൊണ്ട് രാജാവിന്റെ ഊഹിക്കപ്പെട്ടിരുന്ന ദിവ്യഗുണങ്ങളെയോ പിന്തുടർച്ചയെയോപററി യാതൊന്നും പറഞ്ഞില്ല. അലക്സാണ്ടറുടെ കാലത്തും അതിനുശേഷവുമുള്ള ഗ്രീസിൽ രാജാവു ദിവ്യനായി പരിഗണിക്കപ്പെട്ടിരുന്നു, “കാരണം, ദൈവം ലോകത്തിൽ പൊരുത്തം ആനയിക്കുന്നതുപോലെ അദ്ദേഹം തന്റെ രാജ്യത്തിനു പൊരുത്തം വരുത്തി” എന്ന് എ ഹിസ്റററി ഓഫ് പൊളിററിക്കൽ തിയറി എന്ന പുസ്തകം വിശദീകരിക്കുന്നു. ഈ ചരിത്രപുസ്തകം തുടരുന്നു: “അയാൾ സാധാരണ മനുഷ്യർക്കു ലഭിച്ചിട്ടില്ലാത്ത ഒരു ദിവ്യത്വം അവകാശപ്പെടുത്തി അങ്ങനെ അതു സ്വർഗ്ഗത്തിൽനിന്നുള്ള അനുഗ്രഹം ഇല്ലാതെ ഈ ഉന്നത സ്ഥാനം അവകാശപ്പെട്ട അയോഗ്യനായ അപഹാരിക്കു നാശം കൈവരുത്തുകയും ചെയ്തു.”
രാജാവു ദിവ്യനാണെന്ന ഈ സങ്കൽപം ക്രിസ്തീയയുഗം എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തിലും തുടർന്നു. ട്യൂട്ടോണിക്ക് ഗോത്രങ്ങൾ കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം ചെയ്യിക്കപ്പെട്ടശേഷം രാജാവിന്റെ പ്രതാപം വർദ്ധിച്ചു. സഭയാലുള്ള കിരീടം ധരിപ്പിക്കൽ, ഭരിക്കാൻ രാജാവിനെ ദൈവംതന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നു ദ്യോതിപ്പിച്ചു. ഈ പശ്ചാത്തലത്തിൽനിന്നു രാജാക്കൻമാരുടെ ദിവ്യാവകാശം എന്നു അറിയപ്പെടുന്ന സിദ്ധാന്തം ക്രമേണ വികാസം പ്രാപിച്ചു.
“ക്രിസ്തീയ” യുഗത്തിനു മുമ്പുപോലും, റോമിലെ കൈസർമാർ ദൈവത്വം അവകാശപ്പെട്ടുകൊണ്ടു തങ്ങളുടെ ഗവൺമെൻറിനു ദിവ്യാധിപത്യം എന്ന വളച്ചൊടിച്ച അർത്ഥം നൽകി. റോമൻ കണ്ണുകളിൽ മാനുഷഭരണം ദൈവഭരണത്തിനു തുല്യമായിരുന്നു, നിമ്രോദിന്റെ രീതിപ്രകാരം തങ്ങളുടെ ഗവൺമെൻറിനെ ഒരു വ്യാജ ദിവ്യാധിപത്യം ആക്കിക്കൊണ്ടുതന്നെ. അതുകൊണ്ട് പൊതുയുഗം ഒന്നാം നൂററാണ്ടിലെ യഹൂദ വൈദികർ “ഞങ്ങൾക്കു കൈസറല്ലാതെ രാജാവില്ല” എന്നു പറഞ്ഞുകൊണ്ടു നിയുക്ത രാജാവെന്ന നിലയിൽ യേശുവിനെ നിരാകരിച്ചപ്പോൾ അവർ ഫലത്തിൽ യേശു പ്രസംഗിച്ചുകൊണ്ടിരുന്ന യഥാർത്ഥമായതിനു പകരം വ്യാജ ദിവ്യാധിപത്യത്തോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കുകയായിരുന്നു.—യോഹന്നാൻ 19:15.
യഹോവയാലുള്ള ദിവ്യാധിപത്യ ഭരണം മറേറതൊരു ഭരണരൂപത്തേക്കാളും അത്യന്തം ഉന്നതമായിരിക്കുന്നതിനാൽ അതിന്റെ മനുഷ്യനിർമ്മിത വ്യാജപകർപ്പിൽ അതിന്റെ ചില സവിശേഷതകൾ സംയോജിപ്പിക്കാൻ സാത്താൻ വിഫലശ്രമം നടത്തിയിട്ടുണ്ടെന്നുള്ളത് ആശ്ചര്യകരമല്ല. സ്വയം ഏറെറടുത്ത ഈ ദിവ്യാധിപത്യങ്ങളെല്ലാംതന്നെ അത്യുത്തമമായതിനോട് ഒട്ടുംതന്നെ അടുത്തെത്തിയില്ല. യഥാർത്ഥത്തിൽ അവയിൽ ഒന്നുംതന്നെ ദൈവത്താലോ അവന്റെ പ്രിതിനിധികളാലോ ഉള്ള ഭരണമായിരുന്നിട്ടില്ല. അവ യഥാർത്ഥമായതിന്റെ മോശമായ അനുകരണം, ഒരു വ്യാജ ദൈവത്തിന്റെ നിയന്ത്രണത്തിൻകീഴിലുള്ള അപൂർണ്ണ മാനുഷഭരണത്തിന്റെ പ്രകടനങ്ങൾ, ആയിരിക്കുന്നു.
ഉചിതമായി ബൈബിൾ ഈ ദൈവത്തെ “ഈ ലോകത്തിന്റെ ഭരണാധികാരി” എന്നും “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നും വിളിക്കുന്നു. (യോഹന്നാൻ 12:31; 14:30; 2 കൊരിന്ത്യർ 4:4, NW) അതുകൊണ്ടാണ് അവന്, യേശു സ്ഥിരനിശ്ചയത്തോടെ നിരാകരിച്ച ഒരു പരിശോധനയിൽ “ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്വവും” യേശുവിനു വാഗ്ദാനം ചെയ്യാൻ കഴിഞ്ഞത്. (മത്തായി 4:8-10) യഥാർത്ഥ ദിവ്യാധിപത്യം ഏക സത്യദൈവമായ യഹോവയാലുള്ള ഭരണമാണെന്ന് അറിഞ്ഞുകൊണ്ടു യഥാർത്ഥമായതിൽ കാണപ്പെടുന്ന ദിവ്യഗുണങ്ങൾ പൂർണ്ണ സമതോലനത്തിൽ പ്രകടിപ്പിക്കാൻ അപ്രാപ്തമായ മാനുഷ നിർമ്മിത പകര ഭരണങ്ങൾ അംഗീകരിക്കുന്നതിനായി യേശു വഴിതെററിക്കപ്പെട്ടില്ല.
പൂർണ്ണ ഗവൺമെൻറു സമീപം
ഏതാനും വർഷങ്ങൾക്കു മുമ്പ് എസ്സക്സ് യൂണിവേഴ്സിററിയിലെ ഹ്യൂഗ് ബ്രോഗൻ നിഗമനം ചെയ്തു: “മനുഷ്യന്, രാഷ്ട്രീയമൃഗത്തിന്, തന്നെയും തന്റെ സംസ്കാരത്തെയും രക്ഷിക്കണമെന്നുണ്ടെങ്കിൽ, തന്റെ കാലത്തെ എന്നെന്നും പുതുമയുള്ള ആവശ്യങ്ങൾ നിറവേററുന്നതിനു ഗവൺമെൻറിന്റെ പുതിയരൂപങ്ങൾ അന്വേഷിക്കുന്നതിൽനിന്ന് വിശ്രമിക്കാൻ കഴിയുകയില്ല.” നിമ്രോദിന്റെ കാലംമുതൽ മനുഷ്യൻ അതുതന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നത്, കാലത്തിന്റെ ആവശ്യങ്ങൾ നിറവേററുന്നതിനു ഗവൺമെൻറിന്റെ പുതിയ രൂപങ്ങൾ ആവർത്തിച്ചാവർത്തിച്ച് ആസൂത്രണം ചെയ്തുകൊണ്ടുതന്നെ. എന്നാൽ മാനുഷഭരണം കേവലം ഫലപ്രദമാകുകയില്ലെന്നു തെളിയിക്കുന്നതിന് എത്രമാത്രം സമയം ആവശ്യമാണ്?
സന്തോഷപൂർവം, 1914-ൽ മാനുഷ ഗവൺമെൻറുകളിലെ ബുദ്ധിശൂന്യമായ പരീക്ഷണങ്ങൾ യഹോവയുടെ മശിഹൈകരാജ്യത്തിന്റെ സ്വർഗ്ഗത്തിലെ സ്ഥാപിക്കലിനാൽ വെല്ലുവിളിക്കപ്പെടാനുള്ള സമയം വന്നു!a ആയിരത്തിത്തൊള്ളായിരത്തിപതിനാലു മുതൽ മാനുഷ ഗവൺമെൻറുകൾ ആസ്തിക്യത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നുവെന്നുവരികിലും, ജീവിക്കുന്നത് കടംവാങ്ങിയ സമയത്താണ്. (ദാനിയേൽ 7:12) ബൈബിൾ, “അന്ത്യനാളുകൾ” എന്നു തിരിച്ചറിയിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. (2 തിമൊഥെയോസ് 3:1-5) മാനുഷ ഭരണത്തിന്റെ ആസന്നമായ നാശം സൂചിപ്പിക്കുന്ന, ഭിത്തിയിലെ കയ്യെഴുത്ത് ഒരുവനും സത്യസന്ധമായി അവഗണിക്കാൻ കഴിയാത്തവിധം സ്പഷ്ടമാണ്. അത് വകവെക്കാതിരിക്കാൻ കഴിയും, എന്നാൽ അതു മായിച്ചുകളയാൻ കഴിയുകയില്ല.
യഹോവയുടെ മശിഹൈകരാജ്യം മുഖാന്തരമുള്ള ദിവ്യാധിപത്യഭരണം, ബൈബിളിൽ ദാനിയേൽ 2-ാം അദ്ധ്യായത്തിൽ “ബിംബത്തെ [മാനുഷഭരണത്തെ സൂചിപ്പിക്കുന്നത്] ഇരുമ്പും വാർത്ത കളിമണ്ണുംകൊണ്ടുള്ളതായ പാദങ്ങളിൽ അടിക്കുകയും അവയെ തകർക്കുകയും ചെയ്യുന്ന, കൈകളാൽ അല്ലാതെ വെട്ടപ്പെട്ട” ഒരു കല്ലിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. അതിന്റെ അർത്ഥം ദൈവത്തിന്റെ സ്ഥാപിതരാജ്യം പെട്ടെന്നുതന്നെ എല്ലാത്തരത്തിലുമുള്ള ചീത്ത മാനുഷഭരണത്തെ അടിക്കുകയും തകർക്കുകയും ചെയ്യും എന്നാണ്. എത്ര പൂർണ്ണമായി? ബൈബിൾ ഉത്തരം നൽകുന്നു: “ആ സമയത്ത് ഇരുമ്പും വാർത്ത കളിമണ്ണും താമ്രവും വെള്ളിയും സ്വർണ്ണവും എല്ലാം ഒരുമിച്ച് തകർക്കപ്പെടുകയും വേനൽക്കാലമെതിക്കളത്തിലെ പതിർപോലെ ആയിത്തീരുകയും അവയുടെ യാതൊരു അവശിഷ്ടവും കണ്ടെത്തപ്പെടാതവണ്ണം കാററ് അവയെ പറപ്പിച്ചു കളയുകയും ചെയ്യും.”—ദാനിയേൽ 2:34, 35, NW.
ദുഷ്ട മാനുഷ ഗവൺമെൻറുകൾ ഒരിക്കലും അവശിഷ്ടംപോലും കണ്ടെത്തപ്പെടാത്ത വിധത്തിൽ പൂർണ്ണമായി തുടച്ചുമാററപ്പെടേണ്ടിയിരിക്കുന്നപക്ഷം, മാനുഷഭരണത്തിന്റെ വക്താക്കൾക്കു പ്രയാസകരമായ സമയങ്ങൾ മുമ്പിൽ സ്ഥിതിചെയ്യുന്നുവെന്നതു തീർച്ചയാണ്. ദശലക്ഷക്കണക്കിനാളുകൾ ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് തങ്ങളുടെ ആശ്രയം, അഴിമതി നിറഞ്ഞ മാനുഷ ഭരണത്തിൽനിന്നു മെച്ചമായ ഒന്നിലേക്കു മാററുന്നതിലുള്ള ജ്ഞാനം കണ്ടുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷ ദുർഭരണത്താലും മോശമായ കൈകാര്യം ചെയ്യലിനാലും ഉളവാക്കപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നത് അഖിലാണ്ഡ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ഭരണത്തിനു മാത്രമാണ്. യഥാർത്ഥമായ ദിവ്യാധിപത്യത്തിനു മാത്രമെ നമ്മുടെ കാലത്തെ ആവശ്യങ്ങൾ നിറവേററാൻ കഴിയുകയുള്ളു.
“മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്ന പത്തു ഭാഗങ്ങളുള്ള ഈ തുടർലേഖനം, ഗവൺമെൻറിന്റെ കാര്യത്തിൽ ഒരു വ്യക്തിപരമായ തീരുമാനം എടുക്കുന്നതിലുള്ള പ്രാധാന്യം നിങ്ങളെ ബോധ്യപ്പെടുത്തുകയുണ്ടായി എന്ന് ഉണരുക! പ്രത്യാശിക്കുന്നു. എല്ലാററിലുമുപരിയായി ഒരു ജ്ഞാനപൂർവകമായ തീരുമാനം എടുക്കുന്നതിന് ഇതു നിങ്ങളെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു. മാനുഷ ഭരണം തുലാസിൽ തൂക്കപ്പെടുകയും കുറവുള്ളതായി കണ്ടെത്തപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങൾ എന്തു തിരഞ്ഞെടുക്കും? അതു വിലകുറഞ്ഞ ഒരു വ്യാജ പകർപ്പ് ആയിരിക്കുമോ അതോ യഥാർത്ഥമായത് ആയിരിക്കുമോ? അതു മാനുഷ ഭരണമായിരിക്കുമോ അതോ സത്യദൈവമായ യഹോവയാലുള്ള ഭരണം ആയിരിക്കുമോ?—ദാനിയേൽ 2:44; മത്തായി 6:10. (g90 12/22)
[അടിക്കുറിപ്പുകൾ]
a ദൈവത്തിന്റെ രാജ്യം 1914-ൽ സ്ഥാപിക്കപ്പെട്ടു എന്നുള്ളതിന്റെയും അപ്പോൾമുതൽ ഈ ലോകം അന്ത്യനാളുകളിൽ ആണെന്നുള്ളതിന്റെയും തെളിവുകൾക്കായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യ 1982-ൽ പ്രസിദ്ധീകരിച്ച നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 16-ഉം 18-ഉം അദ്ധ്യായങ്ങൾ കാണുക.
[20-ാം പേജിലെ ചതുരം]
യഹോവയാലുള്ള ദിവ്യാധിപത്യ ഭരണം ചെയ്യുവാൻ പോകുന്നത്
◆ ദുർബലരായ വൃദ്ധജനങ്ങളെ യൗവന ഊർജ്ജസ്വലതയിലേക്കു പുന:സ്ഥിതീകരിക്കും.—ഇയ്യോബ് 33:25.
◆ യുദ്ധങ്ങളെ ഒരു കഴിഞ്ഞകാല സംഗതിയാക്കും.—സങ്കീർത്തനം 46:9; യെശയ്യാവ് 9:7.
◆ ഓരോ കുടുംബത്തിനും ഉൽകൃഷ്ടമായ ഭവനം പ്രദാനം ചെയ്യും.—യെശയ്യാവ് 65:21.
◆ രോഗികളെയും അംഗവൈകല്യം സംഭവിച്ചവരെയും സൗഖ്യമാക്കും.—യെശയ്യാവ് 33:24; 35:5, 6.
◆ മരിച്ചവരെ ഉയിർപ്പിക്കും.—യെശയ്യാവ് 25:8: പ്രവൃത്തികൾ 24:15; വെളിപ്പാട് 20:13.
◆ ഭൂമിയെ അഴിമതിയിൽനിന്നും അധാർമ്മികതയിൽനിന്നും പാതകത്തിൽനിന്നും മോചിപ്പിക്കും.—സദൃശവാക്യങ്ങൾ 2:21, 22.
◆ സകലർക്കും സമൃദ്ധമായ ആഹാരം പ്രദാനം ചെയ്യും.—സങ്കീർത്തനങ്ങൾ 72:16; യെശയ്യാവ് 25:6.
◆ മനുഷ്യരും മൃഗങ്ങളും തമ്മിൽ ഒരു സമാധാനപരമായ ബന്ധം പുന:സ്ഥാപിക്കും—യെശയ്യാവ് 11:6-9; യെഹെസ്ക്കേൽ 34:25.
◆ സകലർക്കും അർത്ഥവത്തും പ്രതിഫലദായകവുമായ വേല നിയമിച്ചുകൊടുക്കും.—യെശയ്യാവ് 65:22, 23.
◆ ഭൂമിയെ ഒരു ആഗോള പറുദീസയായി രൂപാന്തരപ്പെടുത്തും.—യെശയ്യാവ് 35:1, 6, 7; ലൂക്കോസ് 23:43.
ഇവ മനുഷ്യർ നൽകുന്ന പൊള്ളയായ രാഷ്ട്രീയ വാഗ്ദാനങ്ങളല്ല; അവ ദൈവത്താലുള്ള വാഗ്ദാനങ്ങളാണ്, “ദൈവത്തിനു ഭോഷ്കു പറവാൻ കഴിയുകയില്ല.”—എബ്രായർ 6:18.
[21-ാം പേജിലെ ചിത്രം]
പൂർണ്ണ ഗവൺമെൻറിന്റെ നിത്യാനുഗ്രഹങ്ങൾ നിങ്ങളുടേതായിരിക്കാൻ കഴിയും!