യഹോവ ഭരിക്കുന്നു—ദിവ്യാധിപത്യത്തിലൂടെ
“അനിശ്ചിത കാലത്തോളം യഹോവ രാജാവായിരിക്കും.”—സങ്കീർത്തനം 146:10, NW.
1, 2. (എ) ഭരണം സംബന്ധിച്ച മനുഷ്യശ്രമങ്ങൾ പരാജയമടഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (ബി) യഥാർഥത്തിൽ വിജയപ്രദമായിരുന്നിട്ടുള്ളത് ഏതുതരം ഗവൺമെൻറ് മാത്രമാണ്?
നിമ്രോദിന്റെ കാലംമുതൽ മാനവസമൂഹത്തെ ഭരിക്കാൻ മനുഷ്യർ വ്യത്യസ്ത മാർഗങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഏകാധിപത്യഭരണങ്ങളും രാജവാഴ്ചകളും പ്രഭുഭരണങ്ങളും പലതരം ജനാധിപത്യങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. അവയെയെല്ലാം യഹോവ അനുവദിച്ചിരിക്കുന്നു. തീർച്ചയായും, സർവാധികാരത്തിന്റെയും അന്തിമ ഉറവിടം ദൈവമായതുകൊണ്ട് ഒരർഥത്തിൽ വ്യത്യസ്ത ഭരണാധികാരികളെ അവിടുന്ന് അവരുടെ അപേക്ഷിക സ്ഥാനങ്ങളിൽ ആക്കിവെച്ചിരിക്കുന്നു. (റോമർ 13:1) എന്നിരുന്നാലും, ഗവൺമെൻറിനെ സംബന്ധിച്ച മമനുഷ്യന്റെ ശ്രമങ്ങളെല്ലാം പരാജയമടയുകയാണു ചെയ്തിട്ടുള്ളത്. ദീർഘകാലം നിലനിൽക്കുന്നതും ഉറപ്പുള്ളതും നീതിനിഷ്ഠവുമായ ഒരു സമൂഹത്തെ യാതൊരു മാനുഷഭരണാധികാരിയും വാർത്തെടുത്തിട്ടില്ല. ആവർത്തിച്ചാവർത്തിച്ച്, “മനുഷ്യൻ മനുഷ്യനെ അവന്റെ ദ്രോഹത്തിനായി ഭരിച്ചിരിക്കുന്നു.”—സഭാപ്രസംഗി 8:9, NW.
2 ഇതു നമ്മെ അമ്പരപ്പിക്കണമോ? തീർച്ചയായും പാടില്ല! സ്വയം ഭരിക്കാൻ സൃഷ്ടിക്കപ്പെട്ടവനല്ല അപൂർണ മനുഷ്യൻ. “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെമ്യാവു 10:23) അതുകൊണ്ടാണു മനുഷ്യചരിത്രത്തിലുടനീളം ഒരു തരത്തിലുള്ള ഗവൺമെൻറ് മാത്രം വാസ്തവത്തിൽ വിജയപ്രദമായിരുന്നിട്ടുള്ളത്. ഏതാണത്? യഹോവയാം ദൈവത്തിന്റെ കീഴിലുള്ള ദിവ്യാധിപത്യം. ബൈബിളെഴുതിയ ഗ്രീക്കു ഭാഷയിൽ, “ദിവ്യാധിപത്യ”ത്തിന്റെ അർഥം ദൈവത്താലുള്ള [തിയോസ്] ഭരണം [ക്രേറേറാസ്] എന്നാണ്. യഹോവയാം ദൈവത്തിന്റേതിനല്ലാതെ മറേറതു ഗവൺമെൻറിനാണ് ഏറെ മെച്ചമായിരിക്കാൻ കഴിയുക?—സങ്കീർത്തനം 146:10.
3. ഭൂമിയിൽ നിലവിലിരുന്നിട്ടുള്ള ദിവ്യാധിപത്യത്തിന്റെ ചില ആദിമ ദൃഷ്ടാന്തങ്ങൾ ഏവ?
3 ആദാമും ഹവ്വായും യഹോവക്കെതിരെ മത്സരിക്കുന്നതുവരെ ഏദനിൽ കുറച്ചു കാലത്തേക്കു ദിവ്യാധിപത്യഭരണമുണ്ടായിരുന്നു. (ഉല്പത്തി 3:1-6, 23) അബ്രഹാമിന്റെ കാലത്ത്, മല്ക്കീസേദെക്ക് രാജപുരോഹിതനായുള്ള ശാലേം നഗരത്തിൽ ദിവ്യാധിപത്യം നിലനിന്നിരുന്നതായി തോന്നുന്നു. (ഉല്പത്തി 14:18-20; എബ്രായർ 7:1-3) എന്നിരുന്നാലും, പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] 16-ാം നൂററാണ്ടിൽ സീനായ് മരുഭൂമിയിൽവച്ചാണു യഹോവയാം ദൈവത്തിന്റെ കീഴിലുള്ള ആദ്യത്തെ ദേശീയ ദിവ്യാധിപത്യം സ്ഥാപിതമായത്. അത് ഉണ്ടായത് എങ്ങനെയാണ്? ആ ദിവ്യാധിപത്യ ഗവൺമെൻറ് പ്രവർത്തിച്ചത് ഏതു വിധത്തിലാണ്?
ഒരു ദിവ്യാധിപത്യം ജനിച്ചിരിക്കുന്നു
4. ഇസ്രായേൽ എന്ന ദിവ്യാധിപത്യ രാഷ്ട്രത്തെ യഹോവ സ്ഥാപിച്ചതെങ്ങനെ?
4 പൊ.യു.മു. 1513-ൽ യഹോവ ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കുകയും പിന്തുടർന്നുവന്ന ഫറവോന്റെ സൈന്യങ്ങളെ ചെങ്കടലിൽ നശിപ്പിക്കുകയും ചെയ്തു. എന്നിട്ട് അവിടുന്ന് ഇസ്രായേല്യരെ സീനായ് മലയുടെ താഴ്വാരത്തേക്കു നയിച്ചു. മലയുടെ താഴ്വാരത്തിൽ അവർ പാളയമടിച്ചപ്പോൾ മോശ മുഖാന്തരം ദൈവം അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകൻമാരുടെ ചിറകിൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ. ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും.” “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ഇസ്രായേല്യർ പ്രതികരിച്ചു. (പുറപ്പാടു 19:4, 5, 8) ഒരു ഉടമ്പടി സ്ഥാപിക്കപ്പെട്ടു, അങ്ങനെ ഇസ്രായേൽ എന്ന ദിവ്യാധിപത്യ രാഷ്ട്രം പിറന്നുവീണു.—ആവർത്തനപുസ്തകം 26:18, 19.
5. യഹോവ ഇസ്രായേലിനെ ഭരിച്ചുവെന്ന് എങ്ങനെ പറയാൻ കഴിയും?
5 എന്നാൽ, മനുഷ്യനേത്രങ്ങൾക്ക് അദൃശ്യനായ യഹോവ എങ്ങനെയാണ് ഇസ്രായേലിനെ ഭരിച്ചത്? (പുറപ്പാടു 33:20) യഹോവ ആ രാഷ്ട്രത്തിനു നിയമങ്ങളും പൗരോഹിത്യവും നൽകിക്കൊണ്ടായിരുന്നു അത്. നിയമങ്ങൾ അനുസരിക്കുകയും ദിവ്യമായി കല്പിച്ച ക്രമീകരണങ്ങൾ പ്രകാരം ആരാധന നടത്തുകയും ചെയ്തവർ വലിയ ദിവ്യാധിപതിയായ യഹോവയെ സേവിച്ചു. മാത്രമല്ല, മഹാപുരോഹിതന് ഊറീമും തുമ്മീമും ഉണ്ടായിരുന്നു. അവ മുഖാന്തരം അടിയന്തിരഘട്ടങ്ങളിൽ യഹോവ മാർഗനിർദേശം പ്രദാനം ചെയ്തു. (പുറപ്പാടു 28:29, 30) കൂടാതെ, യോഗ്യതയുള്ള പ്രായമേറിയ പുരുഷൻമാർ ദിവ്യാധിപത്യത്തിൽ യഹോവയുടെ പ്രതിനിധികളായുണ്ടായിരുന്നു, കാര്യങ്ങൾ നടക്കുന്നതു ദൈവത്തിന്റെ ന്യായപ്രമാണപ്രകാരമാണെന്ന് അവർ ഉറപ്പുവരുത്തി. ഈ പുരുഷൻമാരിൽ ചിലരുടെ ചരിത്രം നാം പരിശോധിക്കുന്നപക്ഷം മനുഷ്യർ എപ്രകാരമാണു ദൈവഭരണത്തിനു കീഴ്പെട്ടിരിക്കേണ്ടതെന്നു കൂടുതൽ നന്നായി നമുക്കു മനസ്സിലാക്കാൻ പററും.
ദിവ്യാധിപത്യത്തിൻ കീഴിലെ അധികാരം
6. ഒരു ദിവ്യാധിപത്യത്തിൽ അധികാരം വഹിക്കുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നത് എന്തുകൊണ്ട്, ഈ ഉത്തരവാദിത്വം വഹിക്കുന്നതിന് എങ്ങനെയുള്ള പുരുഷൻമാർ ആവശ്യമായിരുന്നു?
6 ഇസ്രായേലിൽ അധികാരസ്ഥാനങ്ങളിൽ ഉണ്ടായിരുന്നവർക്ക് ഒരു വലിയ പദവിയുണ്ടായിരുന്നു, എന്നാൽ തങ്ങളുടെ സമനില കാത്തുസൂക്ഷിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയുമായിരുന്നു. യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തെക്കാൾ സ്വന്തം അഹം ഒരിക്കലും പ്രധാനമായിത്തീരാതിരിക്കുന്നതിന് അവർ സൂക്ഷ്മത പുലർത്തേണ്ടിയിരുന്നു. “മനുഷ്യന്നു . . . തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്ന നിശ്വസ്ത പ്രസ്താവന, ശേഷിച്ച മനുഷ്യവർഗത്തിന്റെ കാര്യത്തിൽ സത്യമായിരുന്നതുപോലെ ഇസ്രായേല്യരുടെ കാര്യത്തിലും സത്യമായിരുന്നു. ഇസ്രായേൽ ഒരു ദിവ്യാധിപത്യമാണെന്നും സ്വന്തം ഇഷ്ടമല്ല, യഹോവയുടെ ഇഷ്ടമാണു തങ്ങൾ ചെയ്യേണ്ടതെന്നും പ്രായമേറിയ പുരുഷൻമാർ ഓർത്തപ്പോൾ മാത്രമാണ് ഇസ്രായേൽ തഴച്ചുവളർന്നത്. ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ സ്ഥാപനത്തിനുശേഷം പെട്ടെന്നുതന്നെ മോശയുടെ അമ്മായിയപ്പനായ യിത്രോ, പ്രായമേറിയ പുരുഷൻമാർ എങ്ങനെയുള്ളവർ ആയിരിക്കണമെന്നു നന്നായി വർണിച്ചു. അതായത് അവർ “പ്രാപ്തിയുള്ള പുരുഷൻമാരും, ദൈവത്തെ ഭയപ്പെടുന്നവരും, ആശ്രയയോഗ്യരായ പുരുഷൻമാരും, നീതിരഹിതമായ ആനുകൂല്യം വെറുക്കുന്നവരും” ആയിരിക്കണം.—പുറപ്പാട് 18:21, NW.
7. യഹോവയാം ദൈവത്തിന്റെ കീഴിൽ അധികാരം വഹിച്ച ഒരു വ്യക്തിയെന്നനിലയിൽ മോശ ഏതു വിധങ്ങളിൽ നല്ല ദൃഷ്ടാന്തമായിരുന്നു?
7 ഇസ്രായേലിൽ വലിയ അധികാരം ആദ്യമായി പ്രയോഗിച്ചതു മോശയാണ്. ദിവ്യാധിപത്യ അധികാരമുള്ള വ്യക്തിയുടെ ഒരു നല്ല മാതൃകയായിരുന്നു അദ്ദേഹം. ഒരിക്കൽ മാനുഷ ബലഹീനത വെളിപ്പെട്ടു എന്നതു സത്യമാണ്. എന്നിരുന്നാലും, മോശ എപ്പോഴും യഹോവയിൽ ആശ്രയിച്ചു. അതുവരെ തീരുമാനിക്കപ്പെടാതിരുന്ന ചോദ്യങ്ങൾ പൊന്തിവന്നപ്പോൾ അദ്ദേഹം യഹോവയുടെ മാർഗനിർദേശം ആരാഞ്ഞു. (സംഖ്യാപുസ്തകം 15:32-36 താരതമ്യപ്പെടുത്തുക.) തന്റെ ഉയർന്ന പദവിയെ സ്വന്തം മഹത്ത്വത്തിനായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ അദ്ദേഹം എപ്രകാരമാണു ചെറുത്തുനിന്നത്? കൊള്ളാം, ലക്ഷങ്ങൾ വരുന്ന ഒരു ജനതയെ നയിച്ചുവെങ്കിലും, അദ്ദേഹം “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.” (സംഖ്യാപുസ്തകം 12:3) അദ്ദേഹത്തിനു വ്യക്തിപരമായ അഭിലാഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, പ്രത്യുത അദ്ദേഹം ദൈവമഹത്ത്വം സംബന്ധിച്ചു ചിന്തയുള്ളവനായിരുന്നു. (പുറപ്പാടു 32:7-14) മാത്രമല്ല, മോശക്കു ശക്തമായ വിശ്വാസമുണ്ടായിരുന്നു. ഒരു ദേശീയ നേതാവായിത്തീരുന്നതിനു മുമ്പ് മോശ എങ്ങനെയായിരുന്നുവെന്നു പ്രതിപാദിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിന്നു.” (എബ്രായർ 11:27) വ്യക്തമായും, രാഷ്ട്രത്തിന്റെ യഥാർഥ ഭരണാധിപൻ യഹോവയായിരുന്നുവെന്ന കാര്യം മോശ ഒരിക്കലും മറന്നുകളഞ്ഞില്ല. (സങ്കീർത്തനം 90:1, 2) ഇന്നു നമുക്ക് എന്തൊരു നല്ല ദൃഷ്ടാന്തം!
8. യഹോവ യോശുവക്ക് ഏതു കൽപ്പന നൽകി, അതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
8 ഇസ്രായേലിന്റെ മേൽവിചാരണ മോശക്കു തനിയെ കഴിയാതായപ്പോൾ, ആ ജനതയെ വിധിക്കുന്നതിൽ അദ്ദേഹത്തെ പിന്തുണയ്ക്കുമായിരുന്ന പ്രായമേറിയ 70 പുരുഷൻമാരുടെമേൽ യഹോവ തന്റെ ആത്മാവിനെ നൽകി. (സംഖ്യാപുസ്തകം 11:16-25) പിൽക്കാല വർഷങ്ങളിൽ ഓരോ നഗരത്തിനും പ്രായമേറിയ പുരുഷൻമാർ ഉണ്ടായിരിക്കുമായിരുന്നു. (ആവർത്തനപുസ്തകം 19:12; 22:15-18; 25:7-9 താരതമ്യപ്പെടുത്തുക.) മോശയുടെ മരണശേഷം യഹോവ യോശുവയെ രാഷ്ട്രത്തലവനാക്കി. ഈ പദവിയിൽ യോശുവക്കു വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നുവെന്നു നമുക്കു സങ്കൽപ്പിക്കാവുന്നതാണ്. എന്നിരുന്നാലും, അദ്ദേഹം ഒരിക്കലും വിട്ടുകളയരുതാത്ത ഒരു സംഗതിയുണ്ടെന്നു യഹോവ അദ്ദേഹത്തോടു പറഞ്ഞു: “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം [“മന്ദസ്വരത്തിൽ വായിച്ചുകൊണ്ടിരിക്കണം,” NW].” (യോശുവ 1:8) നാൽപ്പതിലേറെ വർഷത്തെ സേവനപരിചയം യോശുവക്കുണ്ടായിരുന്നെങ്കിലും അദ്ദേഹം ന്യായപ്രമാണം തുടർന്നും വായിക്കേണ്ടതുണ്ടായിരുന്നുവെന്ന കാര്യം ശ്രദ്ധിക്കുക. എത്ര ദീർഘമായ സേവനചരിത്രമോ എത്രമാത്രം പദവികളോ നമുക്കുണ്ടായിരുന്നാലും, നാമും ബൈബിൾ പഠിക്കുകയും യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും സംബന്ധിച്ചു നമ്മുടെ മനസ്സുകളെ പുതുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.—സങ്കീർത്തനം 119:111, 112.
9. ന്യായാധിപൻമാരുടെ കാലത്ത് ഇസ്രായേലിൽ എന്തു സംഭവിച്ചു?
9 യോശുവക്കുശേഷം ന്യായാധിപൻമാരുടെ ഒരു പരമ്പര തന്നെയുണ്ടായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, അവരുടെ കാലത്ത് ഇസ്രായേല്യർ ആവർത്തിച്ചാവർത്തിച്ച് “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.” (ന്യായാധിപൻമാർ 2:11) ന്യായാധിപൻമാരുടെ കാലഘട്ടത്തെ സംബന്ധിച്ചു ലിഖിതരേഖ ഇപ്രകാരമാണു പറയുന്നത്: “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.” (ന്യായാധിപൻമാർ 21:25) നടത്തയും ആരാധനയും സംബന്ധിച്ച് ഓരോരുത്തരും സ്വന്തം തീരുമാനങ്ങളെടുത്തു, അനവധി ഇസ്രായേല്യർ കൈക്കൊണ്ട തീരുമാനങ്ങൾ മോശമായിരുന്നുവെന്നാണു ചരിത്രം പ്രകടമാക്കുന്നത്. ആവർത്തിച്ചാവർത്തിച്ച് അവർ വിഗ്രഹാരാധനയിലേക്കു വീണുപോയി, ചിലപ്പോൾ ഭയങ്കര കുററകൃത്യങ്ങൾപോലും ചെയ്തു. (ന്യായാധിപൻമാർ 19:25-30) എന്നിരുന്നാലും, ചിലർ മാതൃകായോഗ്യമായ വിശ്വാസം പ്രകടമാക്കി.—എബ്രായർ 11:32-38.
10. ശമുവേലിന്റെ കാലത്ത് ഇസ്രായേലിലെ ഗവൺമെൻറിനു സമൂലമാററം ഉണ്ടായതെങ്ങനെ, എന്താണ് ഇതിലേക്കു നയിച്ചത്?
10 അവസാനത്തെ ന്യായാധിപനായ ശമുവേലിന്റെ ആയുഷ്കാലത്തു ഭരണസംബന്ധമായ ഒരു പ്രതിസന്ധി ഇസ്രായേലിനെ നേരിട്ടു. രാജാക്കൻമാർ വാണിരുന്ന അയൽ ശത്രുരാഷ്ട്രങ്ങളാൽ സ്വാധീനിക്കപ്പെട്ട് തങ്ങൾക്കും ഒരു രാജാവ് വേണമെന്ന് ഇസ്രായേല്യർ ന്യായവാദം ചെയ്തു. അപ്പോൾത്തന്നെ തങ്ങൾക്ക് ഒരു രാജാവുണ്ടെന്ന കാര്യം, തങ്ങളുടെ ഗവൺമെൻറ് ഒരു ദിവ്യാധിപത്യമാണെന്ന കാര്യം, അവർ വിസ്മരിച്ചു. “അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു” എന്നു യഹോവ ശമുവേലിനോടു പറഞ്ഞു. (1 ശമൂവേൽ 8:7) നമ്മുടെ ആത്മീയ വീക്ഷണം നഷ്ടപ്പെട്ട്, നമുക്കു ചുററുമുള്ള ലോകത്താൽ എത്രയെളുപ്പം സ്വാധീനിക്കപ്പെടാൻ കഴിയുമെന്ന് അവരുടെ ദൃഷ്ടാന്തം നമ്മെ ഓർമിപ്പിക്കുന്നു.—1 കൊരിന്ത്യർ 2:14-16 താരതമ്യപ്പെടുത്തുക.
11. (എ) ഗവൺമെൻറിൽ മാററമുണ്ടായിട്ടും രാജാക്കൻമാർക്കു കീഴിൽ ഇസ്രായേൽ ഒരു ദിവ്യാധിപത്യമായി തുടർന്നുവെന്ന് എങ്ങനെ പറയാൻ കഴിയും? (ബി) ഇസ്രായേലിന്റെ രാജാക്കൻമാർക്കു യഹോവ ഏതു കൽപ്പന നൽകി, എന്ത് ഉദ്ദേശ്യത്തോടെ?
11 ഏതായാലും, യഹോവ ഇസ്രായേല്യരുടെ അപേക്ഷ അംഗീകരിച്ച് അവരുടെ ആദ്യത്തെ രാജാക്കൻമാരായി ശൗലിനെയും ദാവീദിനെയും തിരഞ്ഞെടുത്തു. ഇസ്രായേൽ യഹോവ ഭരണം നടത്തിയ ഒരു ദിവ്യാധിപത്യമായി തുടർന്നു. ഇസ്രായേലിലെ രാജാക്കൻമാർ ഇത് ഓർത്തിരിക്കേണ്ടതിന് ന്യായപ്രമാണത്തിന്റെ ഒരു സ്വന്തം പകർപ്പുണ്ടാക്കി ദിവസവും അതു വായിക്കേണ്ട കടമ അവർക്കോരോരുത്തർക്കും ഉണ്ടായിരുന്നു. “ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും . . . അവന്റെ ഹൃദയം സഹോദരൻമാർക്കു മീതെ അഹങ്കരിച്ചുയരാ”തിരിക്കേണ്ടതിനും ആയിരുന്നു രാജാക്കൻമാർ ഇങ്ങനെ ചെയ്യേണ്ടിയിരുന്നത്. (ആവർത്തനപുസ്തകം 17:19, 20) അതേ, തന്റെ ദിവ്യാധിപത്യത്തിൽ അധികാരമുള്ളവർ സ്വയം ഉയർത്തരുതെന്നും അവരുടെ നടപടികൾ ദൈവത്തിന്റെ ന്യായപ്രമാണത്തെ പ്രതിഫലിപ്പിക്കണമെന്നും യഹോവ ആഗ്രഹിച്ചു.
12. വിശ്വസ്തതയുടെ ഏതു ചരിത്രം ദാവീദ് രാജാവ് സൃഷ്ടിച്ചു?
12 ദാവീദ് രാജാവിനു യഹോവയിൽ വലിയ വിശ്വാസമുണ്ടായിരുന്നു. എന്നേക്കും നിലനിൽക്കുന്ന രാജാക്കൻമാരുടെ ഒരു പരമ്പരയുടെ പിതാവായിരിക്കും ദാവീദ് എന്നു ദൈവം ഉടമ്പടി ചെയ്തു. (2 ശമൂവേൽ 7:16; 1 രാജാക്കൻമാർ 9:5; സങ്കീർത്തനം 89:29) ദാവീദ് താഴ്മയോടെ യഹോവക്കു കീഴ്പെട്ടിരുന്നത് അനുകരണാർഹമാണ്. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏററവും ഉല്ലസിക്കുന്നു.” (സങ്കീർത്തനം 21:1) ജഡിക ബലഹീനത നിമിത്തം ദാവീദിനു പലപ്പോഴും തെററുപററിയെങ്കിലും പൊതുവേ അദ്ദേഹം ആശ്രയം പുലർത്തിയതു യഹോവയുടെ ശക്തിയിലാണ്, സ്വന്തം ശക്തിയിലല്ല.
ദിവ്യാധിപത്യവിരുദ്ധമായ ചെയ്തികളും മനോഭാവങ്ങളും
13, 14. ദാവീദിന്റെ പിൻഗാമികൾ സ്വീകരിച്ച ദിവ്യാധിപത്യവിരുദ്ധമായ ചില നടപടികൾ ഏവ?
13 എല്ലാ ഇസ്രായേല്യ നേതാക്കൻമാരും മോശയെയും ദാവീദിനെയും പോലെ ആയിരുന്നില്ല. ഇസ്രായേലിൽ വ്യാജാരാധനക്ക് അനുമതി നൽകിക്കൊണ്ടു പല രാജാക്കൻമാരും ദിവ്യാധിപത്യ ക്രമീകരണത്തോടു കടുത്ത അനാദരവു കാണിച്ചു. വിശ്വസ്തരായ ഭരണാധിപൻമാരിൽ ചിലർപോലും ചിലപ്പോൾ ദിവ്യാധിപത്യവിരുദ്ധമായി പ്രവർത്തിച്ചു. ശലോമോന്റെ കാര്യം വളരെ ദാരുണമായിരുന്നു, അദ്ദേഹത്തിനു വളരെ ജ്ഞാനവും സമൃദ്ധിയും ലഭിച്ചിരുന്നു. (1 രാജാക്കൻമാർ 4:25, 29) എന്നിട്ടും യഹോവയുടെ നിയമത്തെ വകവയ്ക്കാതെ അദ്ദേഹം അനവധി ഭാര്യമാരെ വിവാഹം ചെയ്യുകയും ഇസ്രായേലിൽ വിഗ്രഹാരാധന അനുവദിക്കുകയും ചെയ്തു. പിൽക്കാല വർഷങ്ങളിൽ ശലോമോന്റെ ഭരണം ക്രൂരമായിരുന്നു.—ആവർത്തനപുസ്തകം 17:14-17; 1 രാജാക്കൻമാർ 11:1-8; 12:4.
14 തന്റെ പ്രജകളുടെ മേലുള്ള ഭാരം ലഘൂകരിക്കണമെന്ന ഒരാവശ്യത്തെ ശലോമോന്റെ പുത്രനായ രഹബയാം അഭിമുഖീകരിച്ചു. ഈ സാഹചര്യം സൗമ്യതയോടെ കൈകാര്യം ചെയ്യുന്നതിനു പകരം മത്സരപൂർവം അദ്ദേഹം തന്റെ അധികാരം പ്രകടിപ്പിച്ചു കാണിച്ചു—അങ്ങനെ 12 ഗോത്രങ്ങളിൽ 10 എണ്ണം അദ്ദേഹത്തിനു നഷ്ടമായി. (2 ദിനവൃത്താന്തം 10:4-17) പിളർന്നുപോയ പത്തുഗോത്ര രാജ്യത്തിന്റെ ആദ്യത്തെ രാജാവ് യെരോബയാമായിരുന്നു. തന്റെ രാജ്യം അതിന്റെ സഹോദരീരാഷ്ട്രത്തോടു വീണ്ടുമൊരിക്കലും കൂടിച്ചേരുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ഒരു ശ്രമത്തിൽ അദ്ദേഹം കാളക്കുട്ടിയുടെ ആരാധന സ്ഥാപിക്കുകയുണ്ടായി. നയതന്ത്രപരമായി ഇതു സമർഥമായ ഒരു കരുനീക്കമെന്നു തോന്നിയിരിക്കാം, എന്നാൽ ദിവ്യാധിപത്യത്തോടുള്ള അന്ധമായ അനാദരവിനെയാണ് ഇതു കാണിച്ചത്. (1 രാജാക്കൻമാർ 12:26-30) പിന്നീട്, വളരെക്കാലത്തെ വിശ്വസ്ത സേവനത്തിന്റെ ഒടുവിൽ ദുരഭിമാനം നിമിത്തം തന്റെ സൽപ്പേര് കളങ്കപ്പെടാൻ ആസ്സാ രാജാവ് ഇടവരുത്തി. യഹോവയിൽനിന്നുള്ള ബുദ്ധ്യുപദേശവുമായി തന്റെ അടുക്കൽ വന്ന പ്രവാചകനോട് അദ്ദേഹം അപമര്യാദയായി പെരുമാറി. (2 ദിനവൃത്താന്തം 16:7-11) അതേ, ചിലപ്പോൾ നല്ല പ്രായമുള്ളവർക്കുപോലും ബുദ്ധ്യുപദേശം ആവശ്യമാണ്.
ഒരു ദിവ്യാധിപത്യത്തിന്റെ അന്ത്യം
15. യേശു ഭൂമിയിലായിരുന്നപ്പോൾ ഒരു ദിവ്യാധിപത്യത്തിലെ അധികാരമുള്ള വ്യക്തികളെന്ന നിലയിൽ യഹൂദനേതാക്കൻമാർ പരാജയപ്പെട്ടതെങ്ങനെ?
15 യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോഴും ഇസ്രായേൽ ഒരു ദിവ്യാധിപത്യമായിരുന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേലിൽ ഉത്തരവാദിത്വമുണ്ടായിരുന്ന പല പ്രായമേറിയ പുരുഷൻമാരും ആത്മീയ മനസ്കരായിരുന്നില്ല. മോശ പ്രകടമാക്കിയ സൗമ്യത നട്ടുവളർത്താൻ അവർ നിശ്ചയമായും പരാജയപ്പെട്ടു. “ശാസ്ത്രിമാരും പരീശൻമാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ” എന്ന് പറഞ്ഞപ്പോൾ അവരുടെ ആത്മീയമായി ദുഷിച്ച അവസ്ഥയിലേക്കു യേശു വിരൽ ചൂണ്ടുകയാണു ചെയ്തത്.—മത്തായി 23:2, 3.
16. ദിവ്യാധിപത്യത്തോടു തങ്ങൾക്കു യാതൊരു ആദരവുമില്ലെന്ന് ഒന്നാം നൂററാണ്ടിലെ യഹൂദനേതാക്കൻമാർ എങ്ങനെ പ്രകടമാക്കി?
16 യേശുവിനെ പൊന്തിയോസ് പീലാത്തോസിനു കൈമാറിയശേഷം, ദിവ്യാധിപത്യ കീഴ്പെടലിൽനിന്നു തങ്ങൾ എത്രമാത്രം വ്യതിചലിച്ചുപോയി എന്നു യഹൂദ നേതാക്കൻമാർ പ്രകടമാക്കി. പീലാത്തോസ് യേശുവിനെ പരിശോധിച്ച് കുററമില്ലാത്ത മനുഷ്യനെന്നു നിഗമനം ചെയ്തു. യഹൂദൻമാരുടെ മുമ്പിലേക്കു യേശുവിനെ കൊണ്ടുവന്നിട്ട് പീലാത്തോസ് ഇങ്ങനെ പറഞ്ഞു: “ഇതാ നിങ്ങളുടെ രാജാവു.” യഹൂദൻമാർ യേശുവിന്റെ മരണത്തിനായി മുറവിളി കൂട്ടിയപ്പോൾ, “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ”? എന്നു പീലാത്തോസ് ചോദിച്ചു. അതിന്, “ഞങ്ങൾക്കു കൈസരല്ലാതെ മറെറാരു രാജാവില്ല” എന്നു മഹാപുരോഹിതൻമാർ ഉത്തരം പറഞ്ഞു. (യോഹന്നാൻ 19:14, 15) അവർ രാജാവായി അംഗീകരിച്ചതു കൈസരെയാണ്, ‘യഹോവയുടെ നാമത്തിൽ വന്ന’ യേശുവിനെയല്ല!—മത്തായി 21:9.
17. ജഡിക ഇസ്രായേൽ ഒരു ദിവ്യാധിപത്യ ജനതയല്ലാതായിത്തീർന്നതെങ്ങനെ?
17 യേശുവിനെ തള്ളിക്കളയുകവഴി യഹൂദൻമാർ പുറന്തള്ളിയതു ദിവ്യാധിപത്യത്തെയാണ്, കാരണം ഭാവി ദിവ്യാധിപത്യ ക്രമീകരണങ്ങളിൽ ഒരു പ്രമുഖ വ്യക്തിയാകേണ്ട ആളായിരുന്നു യേശു. ദാവീദിന്റെ രാജകീയ പുത്രനായിരുന്ന യേശു എന്നേക്കും വാഴ്ച നടത്തുമായിരുന്നു. (യെശയ്യാവു 9:6, 7; ലൂക്കൊസ് 1:33; 3:23, 31) അതുകൊണ്ട് ജഡിക ഇസ്രായേൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയല്ലാതായിത്തീർന്നു.—റോമർ 9:31-33.
ഒരു പുതിയ ദിവ്യാധിപത്യം
18. ഒന്നാം നൂററാണ്ടിൽ ഏതു പുതിയ ദിവ്യാധിപത്യമാണു പിറന്നത്? വിശദീകരിക്കുക.
18 എന്നിരുന്നാലും ദൈവം ജഡിക ഇസ്രായേലിനെ തള്ളിക്കളഞ്ഞത് ഭൂമിയിലെ ദിവ്യാധിപത്യത്തിന്റെ അവസാനമായിരുന്നില്ല. യേശുക്രിസ്തുവിലൂടെ യഹോവ ഒരു പുതിയ ദിവ്യാധിപത്യം സ്ഥാപിച്ചു. വാസ്തവത്തിൽ ഒരു പുതിയ ജനതയായിരുന്ന അഭിഷിക്ത ക്രിസ്തീയ സഭയായിരുന്നു അത്. (1 പത്രൊസ് 2:9) അപ്പോസ്തലനായ പൗലോസ് അതിനെ “ദൈവത്തിന്റെ യിസ്രായേൽ” എന്നു വിളിച്ചു. ക്രമേണ അതിലെ അംഗങ്ങൾ “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു” വന്നു. (ഗലാത്യർ 6:16; വെളിപ്പാടു 5:9, 10) തങ്ങൾ ഏതു ഗവൺമെൻറുകൾക്കു കീഴിലാണോ വസിച്ചത് ആ ഗവൺമെൻറുകൾക്കു കീഴ്പെട്ടിരിക്കെത്തന്നെ, ഈ പുതിയ ദിവ്യാധിപത്യത്തിലെ അംഗങ്ങളെ ഭരിച്ചതു തീർച്ചയായും ദൈവമാണ്. (1 പത്രൊസ് 2:13, 14, 17) പുതിയ ദിവ്യാധിപത്യം ജൻമമെടുത്ത് അധികം താമസിയാതെ ജഡിക ഇസ്രായേലിന്റെ ഭരണാധിപൻമാർ യേശുവിന്റെ ഒരു കൽപ്പന ശിഷ്യരിൽ ചിലർ അനുസരിക്കുന്നതു വിലക്കാൻ ശ്രമിച്ചു. പ്രതികരണമെന്തായിരുന്നു? ഞങ്ങൾ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29) തീർച്ചയായും ദിവ്യാധിപത്യപരമായ ഒരു വീക്ഷണം തന്നെ!
19. ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയെ ഏതർഥത്തിൽ ഒരു ദിവ്യാധിപത്യമെന്നു വിളിക്കാൻ കഴിയും?
19 എന്നാൽ പുതിയ ദിവ്യാധിപത്യം എങ്ങനെയാണു പ്രവർത്തിച്ചത്? കൊള്ളാം, വലിയ ദിവ്യാധിപതിയായ യഹോവയാം ദൈവത്തെ പ്രതിനിധീകരിക്കുന്ന യേശുക്രിസ്തു എന്ന ഒരു രാജാവുണ്ടായിരുന്നു. (കൊലൊസ്സ്യർ 1:13) രാജാവ് സ്വർഗങ്ങളിൽ അദൃശ്യനായിരുന്നെങ്കിലും അവിടുത്തെ ഭരണം അവിടുത്തെ പ്രജകൾക്കു യഥാർഥമായിരുന്നു, അവിടുത്തെ വാക്കുകളാണ് അവരുടെ ജീവിതത്തെ ഭരിച്ചത്. ദൃശ്യമായ മേൽവിചാരണയ്ക്കുവേണ്ടി ആത്മീയമായി യോഗ്യരായ പ്രായമേറിയ പുരുഷൻമാർ നിയമിക്കപ്പെട്ടു. അത്തരം പുരുഷൻമാരുടെ ഒരു സംഘം യരുശലേമിൽ ഒരു ഭരണസംഘമായി പ്രവർത്തിച്ചു. പൗലോസ്, തിമൊഥെയോസ്, തീത്തൊസ് എന്നിവരെപ്പോലുള്ള സഞ്ചാരമൂപ്പൻമാർ ആ സംഘത്തെ പ്രതിനിധാനം ചെയ്തു. പ്രായമേറിയ പുരുഷൻമാരുടെ അഥവാ മൂപ്പൻമാരുടെ ഒരു സംഘം ഓരോ സഭയുടെയും ചുമതല വഹിച്ചു. (തീത്തൊസ് 1:5) ഒരു ദുഷ്കരമായ പ്രശ്നം ഉയർന്നുവന്നപ്പോൾ ഈ മൂപ്പൻമാർ ഭരണസംഘവുമായോ പൗലോസിനെപ്പോലുള്ള അതിന്റെ പ്രതിനിധികളിൽ ഒരാളുമായോ കൂടിയാലോചന നടത്തി. (പ്രവൃത്തികൾ 15:2; 1 കൊരിന്ത്യർ 7:1; 8:1; 12:1 താരതമ്യപ്പെടുത്തുക.) മാത്രവുമല്ല, ദിവ്യാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതിൽ സഭയിലെ ഓരോ അംഗവും ഒരു പങ്കു വഹിച്ചു. തന്റെ ജീവിതത്തിൽ തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കാൻ ഓരോ വ്യക്തിക്കും യഹോവയുടെ മുമ്പാകെ ഉത്തരവാദിത്വമുണ്ടായിരുന്നു.—റോമർ 14:4, 12.
20. അപ്പോസ്തലിക കാലത്തിനുശേഷമുള്ള ദിവ്യാധിപത്യത്തെക്കുറിച്ച് എന്തു പറയാൻ സാധിക്കും?
20 അപ്പോസ്തലൻമാരുടെ മരണശേഷം വിശ്വാസത്യാഗം വികാസം പ്രാപിക്കുമെന്നു പൗലോസ് മുന്നറിയിപ്പു നൽകി, അതുതന്നെയാണു കൃത്യമായി സംഭവിച്ചതും. (2 തെസ്സലൊനീക്യർ 2:3) കാലം കടന്നുപോയപ്പോൾ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവരുടെ എണ്ണം ലക്ഷങ്ങളായി ഉയർന്നു, പിന്നീട് കോടികളായും. പുരോഹിതാധിപത്യം, പ്രസ്ബിറേററിയൻ സഭ, കോൺഗ്രിഗേഷനൽ സഭ തുടങ്ങി പലതരം സഭാഭരണവ്യവസ്ഥകൾ അവർ വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും, ഈ സഭകളുടെ നടത്തയോ വിശ്വാസങ്ങളോ യഹോവയുടെ ഭരണത്തെ പ്രതിഫലിപ്പിച്ചില്ല. അവ ദിവ്യാധിപത്യങ്ങളല്ലായിരുന്നു!
21, 22. (എ) യഹോവ അന്ത്യകാലത്തു ദിവ്യാധിപത്യത്തെ പുനഃസ്ഥാപിച്ചിരിക്കുന്നത് എങ്ങനെ? (ബി) ദിവ്യാധിപത്യത്തെ സംബന്ധിച്ച ഏതു ചോദ്യങ്ങൾക്ക് അടുത്തതായി ഉത്തരം ലഭിക്കും?
21 ഈ വ്യവസ്ഥിതിയുടെ സമാപനകാലത്ത്, സത്യക്രിസ്ത്യാനികളെ വ്യാജ ക്രിസ്ത്യാനികളിൽനിന്നു വേർതിരിക്കുന്ന ഒരു പ്രവർത്തനം നടക്കേണ്ടിയിരുന്നു. (മത്തായി 13:37-43) ഇതു സംഭവിച്ചത്, ദിവ്യാധിപത്യത്തിന്റെ ചരിത്രത്തിലെ ആധാരവർഷമായ 1919-ലാണ്. ആ സമയത്ത് യെശയ്യാവു 66:8-ലെ പിൻവരുന്ന മഹത്ത്വമാർന്ന പ്രവചനം നിവൃത്തിയായി: “ഇങ്ങനെയുള്ളതു ആർ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി [“ജനത,” NW] ഒന്നായിട്ടുതന്നെ ജനിക്കുമോ?” ആ ചോദ്യങ്ങൾക്കുള്ള ഉത്തരം മാറെറാലി കൊള്ളുന്ന ഉവ്വ് എന്നായിരുന്നു! 1919-ൽ ഒരു വ്യത്യസ്ത “ജനത”യെന്നനിലയിൽ ക്രിസ്തീയ സഭ വീണ്ടുമൊരിക്കൽ കൂടെ അസ്തിത്വത്തിലേക്കു വന്നു. ഒററ ദിവസംകൊണ്ടെന്നപോലെ ഒരു ദിവ്യാധിപത്യ “ദേശം” പിറന്നു! അന്ത്യകാലം മുന്നേറിയപ്പോൾ, ഒന്നാം നൂററാണ്ടിൽ നിലവിലിരുന്ന സ്ഥാപനത്തോടു കഴിവതും ചേർച്ചയിൽ കൊണ്ടുവരാൻ ഈ പുതിയ ജനതയുടെ ഘടനയിൽ ചില മാററങ്ങൾ വരുത്തി. (യെശയ്യാവു 60:17) എന്നാൽ അത് എപ്പോഴും ഒരു ദിവ്യാധിപത്യമായിരുന്നു. നടത്തയിലും വിശ്വാസത്തിലും, തിരുവെഴുത്തുകളിലെ ദിവ്യമായി നിശ്വസ്തമാക്കപ്പെട്ട നിയമങ്ങളെയും തത്ത്വങ്ങളെയും അതു സദാ പ്രതിഫലിപ്പിച്ചു. അത് എല്ലായ്പോഴും സിംഹാസനസ്ഥ രാജാവായ യേശുക്രിസ്തുവിനു കീഴ്പെട്ടിരുന്നു.—സങ്കീർത്തനം 45:17; 72:1, 2.
22 ഈ ദിവ്യാധിപത്യത്തോടു സഹവസിക്കുന്നയാളാണോ നിങ്ങൾ? അതിൽ ഒരു അധികാരസ്ഥാനം നിങ്ങൾക്കുണ്ടോ? അങ്ങനെയെങ്കിൽ ദിവ്യാധിപത്യപരമായി പ്രവർത്തിക്കുക എന്നതിന്റെ അർഥം നിങ്ങൾക്കറിയാമോ? ഒഴിവാക്കേണ്ട കെണികൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? അവസാനത്തെ രണ്ടു ചോദ്യങ്ങൾ പിൻവരുന്ന ലേഖനത്തിൽ ചർച്ചചെയ്യപ്പെടുന്നതായിരിക്കും.
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ ഒരു ദിവ്യാധിപത്യം എന്നാൽ എന്ത്?
◻ ഇസ്രായേൽ ഏതു വിധത്തിലാണ് ഒരു ദിവ്യാധിപത്യമായിരുന്നത്?
◻ ഇസ്രായേൽ ഒരു ദിവ്യാധിപത്യമായിരുന്നുവെന്നു രാജാക്കൻമാരെ ഓർമിപ്പിക്കാൻ യഹോവ ഏതു ക്രമീകരണം ചെയ്തു?
◻ ക്രിസ്തീയ സഭ ഒരു ദിവ്യാധിപത്യമായിരുന്നത് ഏതു വിധത്തിലാണ്, അതു സംഘടിതമായിരുന്നത് എപ്രകാരം?
◻ നമ്മുടെ കാലത്ത് ഏതു ദിവ്യാധിപത്യ സ്ഥാപനമാണു സ്ഥാപിതമായിരിക്കുന്നത്?
[12-ാം പേജിലെ ചിത്രം]
ദിവ്യാധിപത്യപരമായി യഹോവ നിയമിച്ച രാജാവിനുപകരം യഹൂദഭരണാധികാരികൾ പൊന്തിയോസ് പീലാത്തോസിന്റെ മുമ്പാകെ അംഗീകരിച്ചതു കൈസരെയാണ്