“സകല രാഷ്ട്രങ്ങൾക്കും” സാക്ഷ്യം നൽകുന്നു
“രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യമായി നിവസിതഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14, NW.
1. മത്തായി 24:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ അവന്റെ ശിഷ്യൻമാരെ അതിശയിപ്പിച്ചിരിക്കാൻ കാരണമെന്ത്?
യേശുവിന്റെ മേൽപ്പറഞ്ഞ വാക്കുകൾ അവന്റെ യഹൂദ ശിഷ്യൻമാരെ എത്രമാത്രം അതിശയിപ്പിച്ചിരിക്കണം! ശുദ്ധീകരിക്കപ്പെട്ട യഹൂദർ, “അശുദ്ധ”രായ പുറജാതിക്കാരോട്, ‘വിജാതീയരോട്’ സംസാരിക്കുന്നതുതന്നെ ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം അസംബന്ധമാണ്, വെറുക്കത്തക്ക കാര്യംപോലുമാണ്.a എന്തിന്, കാര്യഗൗരവമുള്ള ഒരു യഹൂദൻ ഒരു വിജാതീയന്റെ വീട്ടിൽ പ്രവേശിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിക്കുകയില്ല! ആ യഹൂദ ശിഷ്യൻമാർക്ക് യേശുവിനെയും അവന്റെ സ്നേഹത്തെയും നിയോഗത്തെയും കുറിച്ച് വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കേണ്ടതായിട്ടുണ്ടായിരുന്നു. യഹോവയുടെ പക്ഷപാതമില്ലായ്മയെപ്പററി അവർ കൂടുതൽ കാര്യങ്ങൾ പിന്നെയും അറിയേണ്ടതുണ്ടായിരുന്നു.—പ്രവൃത്തികൾ 10:28, 34, 35, 45, ഓശാന ബൈബിൾ.
2. (എ) സാക്ഷികളുടെ ശുശ്രൂഷ എത്രത്തോളം വ്യാപകമായിരിക്കുന്നു? (ബി) സാക്ഷികളുടെ പുരോഗതിക്കു കാരണമായിട്ടുള്ള മൂന്നു ഘടകങ്ങൾ ഏവ?
2 യഹോവയുടെ സാക്ഷികൾ ഇസ്രായേൽ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ സുവാർത്ത പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോൾ എന്നത്തേക്കാളധികമായി കൂടുതൽ രാഷ്ട്രങ്ങളിൽ പ്രഘോഷിച്ചുകൊണ്ടുമിരിക്കുന്നു. 1994-ൽ 45 ലക്ഷത്തിലധികം സാക്ഷികൾ ഏതാണ്ടു 230 ദേശങ്ങളിലായി പ്രസംഗിച്ചുകൊണ്ടിരിക്കയാണ്. അവർ താത്പര്യക്കാരോടൊപ്പം ഏതാണ്ടു 45 ലക്ഷത്തോളം ഭവനബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ലോകവ്യാപകമായ മുൻവിധിയെ അഭിമുഖീകരിച്ചുകൊണ്ടാണ് ഇതു ചെയ്യുന്നതെന്നുംകൂടെ ഓർക്കണം. മുൻവിധിയുടെ അടിസ്ഥാനം മിക്കപ്പോഴും സാക്ഷികളുടെ പഠിപ്പിക്കലുകളെയും ഉദ്ദേശ്യങ്ങളെയുംകുറിച്ചുള്ള അറിവില്ലായ്മയാണ്. ആദിമ നൂററാണ്ടിലെ ക്രിസ്ത്യാനികളെക്കുറിച്ചു പറഞ്ഞപോലെതന്നെ അവരെക്കുറിച്ചും പറയാവുന്നതാണ്: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു.” (പ്രവൃത്തികൾ 28:22) എന്നാൽ, അവരുടെ വിജയകരമായ ശുശ്രൂഷയുടെ കാരണമെന്താണ്? കുറഞ്ഞപക്ഷം മൂന്നു ഘടകങ്ങളെങ്കിലും അവരുടെ പുരോഗതിക്കു കാരണമായുണ്ട്—യഹോവയുടെ ആത്മാവിന്റെ വഴിനടത്തിപ്പിനെ പിന്തുടരുന്നു, യേശുവിന്റെ പ്രായോഗികമായ രീതികൾ അനുകരിക്കുന്നു, ഫലപ്രദമായ ആശയവിനിമയത്തിന് ഏററവും ഉചിതമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
യഹോവയുടെ ആത്മാവും സുവാർത്തയും
3. നിറവേററിയ കാര്യങ്ങളെക്കുറിച്ച് എന്തുകൊണ്ടു നമുക്കു പൊങ്ങച്ചം പറയാനാവില്ല?
3 തങ്ങൾക്കുള്ള ഏതെങ്കിലും പ്രത്യേക സിദ്ധിയാണു വിജയത്തിനു കാരണമെന്നു യഹോവയുടെ സാക്ഷികൾ പൊങ്ങച്ചം പറയാറുണ്ടോ? ഇല്ല, കാരണം യേശുവിന്റെ വാക്കുകൾ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളോടു കല്പിച്ചിരിക്കുന്നവയെല്ലാം ചെയ്തുകഴിയുമ്പോൾ ഇങ്ങനെ പറയൂ: ഞങ്ങൾ അയോഗ്യരായ ഭൃത്യരാണ്. ഞങ്ങൾ കടമ നിർവഹിച്ചതേ ഉള്ളൂ.” സമർപ്പിച്ചു, സ്നാപനമേററ ക്രിസ്ത്യാനികൾ എന്നനിലയിൽ യഹോവയുടെ സാക്ഷികൾ, അവരുടെ ചുററുപാടുകൾ എന്തുതന്നെയായിക്കൊള്ളട്ടെ, ദൈവത്തെ സേവിക്കുന്നതിനുള്ള ഉത്തരവാദിത്വം സ്വമേധയാ ഏറെറടുത്തിരിക്കുന്നു. ചിലരെ സംബന്ധിച്ചിടത്തോളം അത് മിഷനറിമാർ എന്നനിലയിലോ ബ്രാഞ്ച് ഓഫീസുകളിലും ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നിടങ്ങളിലും സ്വമേധയാ സേവകർ എന്നനിലയിലോ മുഴുസമയ സേവനത്തിലേർപ്പെട്ടിരിക്കുന്നതിനെ അർഥമാക്കും. അത്തരം ക്രിസ്തീയ മനസ്സൊരുക്കം മററുള്ളവരെ മതപരമായ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ പയനിയർ ശുശ്രൂഷകരായി മുഴുസമയ പ്രസംഗവേലയിൽ ഏർപ്പെടുന്നതിനോ അതുമല്ലെങ്കിൽ സുവാർത്തയുടെ പ്രസാധകരെന്ന നിലയിൽ പ്രാദേശിക സഭയോടു ബന്ധപ്പെട്ടു പ്രസംഗവേലയിൽ ഭാഗികമായി ഏർപ്പെടുന്നതിനോ പ്രചോദനമേകും. ‘കടമ നിർവഹിച്ചശേഷം’ അതേപ്പററി പൊങ്ങച്ചം പറയാൻ നമുക്കാർക്കും യാതൊരവകാശവുമില്ല.—ലൂക്കൊസ് 17:10, ഓശാന ബൈബിൾ; 1 കൊരിന്ത്യർ 9:16.
4. ക്രിസ്തീയ ശുശ്രൂഷയിൻമേൽ വന്നിരിക്കുന്ന എതിർപ്പുകളെ തരണം ചെയ്തിരിക്കുന്നത് എങ്ങനെ?
4 നമുക്കു ലഭിക്കുന്ന ഏതു വിജയത്തിന്റെയും കാരണം യഹോവയുടെ ആത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തിയാണ്. സെഖര്യാ പ്രവാചകന്റെ നാളുകളിലെന്നപോലെ ഇന്നും സംഭവിക്കുന്നുവെന്നു പറയാൻ തക്ക കാരണമുണ്ട്: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” അങ്ങനെ, ലോകവ്യാപകമായി സാക്ഷികളുടെ പ്രസംഗവേലയിൽ ഉണ്ടായിട്ടുള്ള എതിർപ്പുകളെ തരണം ചെയ്തിരിക്കുന്നതു മനുഷ്യ ഉദ്യമത്താലല്ല മറിച്ച്, യഹോവയുടെ മാർഗനിർദേശവും സംരക്ഷണവും മുഖാന്തരമാണ്.—സെഖര്യാവു 4:6.
5. രാജ്യസന്ദേശം പ്രസംഗിക്കപ്പെടുന്നതിൽ യഹോവ എന്തു പങ്കുവഹിച്ചിരിക്കുന്നു?
5 രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നവരെക്കുറിച്ചു യേശു ഇങ്ങനെ പറഞ്ഞു: “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. . . . പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:45, 65) യഹോവക്കു ഹൃദയങ്ങളെയും മനസ്സുകളെയും വായിക്കുന്നതിനു കഴിയും. അവനെ ഇതിനോടകം അറിഞ്ഞിട്ടില്ലെങ്കിലും അവന്റെ സ്നേഹത്തോടു പ്രതികരിക്കാൻ സാധ്യതയുള്ളവർ ആരാണെന്ന് അവനറിയാം. ഈ അനുപമമായ ശുശ്രൂഷക്കു നേതൃത്വം നൽകുന്നതിന് അവൻ തന്റെ ദൂതൻമാരെയും ഉപയോഗിക്കുന്നു. അതുകൊണ്ടാണു യോഹന്നാൻ ദൂതൻമാരുടെ പങ്കുപററൽ ദർശനത്തിൽ കണ്ടശേഷം ഇങ്ങനെ എഴുതിയത്: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.”—വെളിപ്പാടു 14:6.
ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർ
6. രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നതിന് വ്യക്തിക്കുണ്ടായിരിക്കേണ്ട അടിസ്ഥാന മനോഭാവം എന്ത്?
6 സുവാർത്ത സ്വീകരിക്കുന്നതിന് യഹോവ ഒരു വ്യക്തിക്ക് അവസരം നൽകുന്നതിലെ മറെറാരു ഘടകം യേശുവിന്റെ പിൻവരുന്ന വാക്കുകളിൽ പ്രകടിപ്പിച്ചിരിക്കുന്നു: “തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധവാൻമാരായവർ സന്തുഷ്ടർ. സ്വർഗരാജ്യം അവരുടേതാണ്.” (മത്തായി 5:3, NW) ആത്മസംതൃപ്തനായ ഒരു വ്യക്തിയോ, സത്യം അന്വേഷിക്കാത്തവനോ ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധവാനായിരിക്കില്ല. അവൻ അഥവാ അവൾ വെറും ഭൗതികമായ, ജഡികമായ വിധത്തിലേ ചിന്തിക്കൂ. ആത്മസംതൃപ്തി ഒരു പ്രതിബന്ധമായിത്തീരുന്നു. അതുകൊണ്ട്, വീടുതോറുമുള്ള വേലയിൽ നാം കണ്ടുമുട്ടുന്ന അനേകർ സന്ദേശം തിരസ്കരിക്കുമ്പോൾ അവരുടെ അത്തരം പ്രതികരണത്തിനുള്ള എല്ലാ വ്യത്യസ്ത കാരണങ്ങളും നാം പരിഗണനയിലെടുക്കേണ്ടതുണ്ട്.
7. അനേകർ സത്യത്തോടു പ്രതികരിക്കാത്തത് എന്തുകൊണ്ട്?
7 അനേകർ സന്ദേശം കൈക്കൊള്ളുന്നതിൽ വിമുഖരാണ്. തങ്ങളുടെ പരമ്പരാഗത മതത്തോടു പററിനിൽക്കാൻ പിടിവാശി കാട്ടുന്നതും ചർച്ചക്കു തയ്യാറല്ലാത്തതുമാണ് അതിനു കാരണം. മററനേകർ തങ്ങളുടെ വ്യക്തിപരമായ അഭിരുചിക്കൊത്ത മതത്താൽ ആകർഷിതരാകുന്നു. ചിലർക്കാവശ്യം ദുർജ്ഞേയ മതമാണ്. വികാര വൈശിഷ്ട്യത്തിലാണു മററുചിലർക്കു താത്പര്യം. വേറെചിലരാണെങ്കിലോ, സാമൂഹിക കൂടിവരവുകൾക്കുവേണ്ടി പള്ളിയിൽ പോകുന്നു. അനേകരും ദൈവത്തിന്റെ നിലവാരങ്ങൾക്കു വിരുദ്ധമായ ജീവിതരീതി തിരഞ്ഞെടുത്തിരിക്കുകയാണ്. ഒരുപക്ഷേ അവർ അധാർമിക ജീവിതം നയിക്കുന്നുവെന്ന കാരണത്താലാകാം “എനിക്കു താത്പര്യമില്ല” എന്നു പറയുന്നത്. ഇനിയും, വിദ്യാഭ്യാസവും ശാസ്ത്രസംബന്ധമായ അറിവുമുണ്ടെന്ന് അവകാശപ്പെടുന്നവർ ബൈബിൾ അത്യന്തം ലളിതമാണ് എന്ന കാരണം പറഞ്ഞ് അതു തിരസ്കരിക്കുന്നു.—1 കൊരിന്ത്യർ 6:9-11; 2 കൊരിന്ത്യർ 4:3, 4.
8. മററുള്ളവർ തള്ളിക്കളയുന്നുവെന്ന സംഗതി നമ്മുടെ തീക്ഷ്ണതക്കു മങ്ങലേൽപ്പിക്കാൻ പാടില്ലാത്തതെന്തുകൊണ്ട്? (യോഹന്നാൻ 15:18-20)
8 ഭൂരിപക്ഷംപേരും സത്യം തള്ളിക്കളയുന്നുവെന്നത് ഈ ജീവരക്ഷാകരമായ ശുശ്രൂഷക്കുള്ള നമ്മുടെ വിശ്വാസത്തിനും തീക്ഷ്ണതയ്ക്കും മങ്ങലേൽപ്പിക്കണമോ? അപ്പോസ്തലനായ പൗലോസ് റോമർക്കെഴുതിയ പിൻവരുന്ന വാക്കുകളിൽ നമുക്കു സാന്ത്വനമടയാവുന്നതാണ്. ‘ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല! “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.’—റോമർ 3:3, 4.
9, 10. അനേക രാജ്യങ്ങളിലും എതിർപ്പുകളെ അതിജീവിച്ചിരിക്കുന്നു എന്നതിന് എന്തു തെളിവാണുള്ളത്?
9 ഒരിക്കൽ ഒട്ടുംതന്നെ പ്രതികരണമില്ലാതിരുന്നിട്ട് പിന്നീടു പ്രതികരണം കാണിച്ചിരിക്കുന്ന രാജ്യങ്ങളെക്കുറിച്ചു ലോകമെമ്പാടുനിന്നും ലഭിച്ചിരിക്കുന്ന ഉദാഹരണങ്ങളിൽനിന്നു നമുക്കു പ്രോത്സാഹനം നേടാവുന്നതാണ്. സഹൃദയരായ ആളുകളെ കണ്ടുപിടിക്കേണ്ടതുണ്ടെന്നു യഹോവയും ദൂതൻമാരും അറിയുന്നു. എങ്കിലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ സ്ഥിരോത്സാഹത്തോടെ, നിർവിഘ്നം തുടരേണ്ടതാണ്. ഏതാണ്ട് 50 വർഷം മുമ്പ് കത്തോലിക്കാ മതം ഒരു അജയ്യ തടസ്സമെന്ന നിലയിൽ പ്രബലമായിരുന്ന ചില രാജ്യങ്ങളുടെതന്നെ ദൃഷ്ടാന്തമെടുക്കുക—അയർലൻഡ്, അർജൻറീന, ഇററലി, കൊളംബിയ, പോർച്ചുഗൽ, ബ്രസീൽ, മെക്സിക്കോ, സ്പെയിൻ. 1943-ൽ സാക്ഷികൾ തുലോം കുറവായിരുന്നു. ലോകവ്യാപകമായി ആകെ 1,26,000 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ 72,000 പേർ ഐക്യനാടുകളിലായിരുന്നു. സാക്ഷികൾ അഭിമുഖീകരിച്ച അവഗണനയും മുൻവിധിയും, തുളച്ചു കടക്കാൻ സാധിക്കാത്ത ഭിത്തിപോലെ തോന്നിച്ചു. എങ്കിലും ഇന്ന് പ്രസംഗവേലയിലെ ഏററവും വിജയകരമായ ഫലങ്ങൾ ഈ രാജ്യങ്ങളിലാണ് ഉണ്ടായിരിക്കുന്നത്. അനേകം മുൻ കമ്മ്യുണിസ്ററു രാജ്യങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണു സ്ഥിതി. 1993-ൽ ഉക്രെയ്നിലെ കീവിൽവെച്ചുനടന്ന 7,402 പേരുടെ സ്നാപനം ഇതിനു തെളിവു നൽകുന്നു.
10 തങ്ങളുടെ അയൽക്കാരെ സുവാർത്ത അറിയിക്കുന്നതിന് സാക്ഷികൾ എന്തെല്ലാം മാർഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്? ചിലർ പഴിചാരിയിരിക്കുന്നതുപോലെ, ആളുകളെ മതപരിവർത്തനം ചെയ്യിക്കുന്നതിനു ഭൗതിക വസ്തുക്കൾ നൽകി പാട്ടിലാക്കുന്ന മാർഗം അവർ സ്വീകരിച്ചിട്ടുണ്ടോ? മററു ചിലർ അവകാശവാദം ചെയ്യുന്നതുപോലെ, ദരിദ്രരെയും അനഭ്യസ്തവിദ്യരെയും മാത്രമാണോ അവർ സന്ദർശിച്ചിരിക്കുന്നത്?
സുവാർത്ത എത്തിച്ചുകൊടുക്കുന്നതിനുള്ള വിജയപ്രദമായ മാർഗങ്ങൾ
11. യേശു ശുശ്രൂഷയിൽ എന്തു മികച്ച ദൃഷ്ടാന്തം വെച്ചു? (കാണുക: യോഹന്നാൻ 4:6-26.)
11 ശിഷ്യരുളവാക്കൽവേലയിൽ യേശുവും അവന്റെ ശിഷ്യൻമാരും നൽകിയിരിക്കുന്ന മാതൃകയാണു സാക്ഷികൾ ഈ നാൾവരെ പിന്തുടരുന്നത്. സമ്പന്നരോ ദരിദ്രരോ ആരായാലും ശരി എവിടെല്ലാം ആളുകളുണ്ടായിരുന്നോ—വീടുകൾ, പൊതുസ്ഥലങ്ങൾ, തടാകക്കരകൾ, കുന്നിൻചെരുവുകൾ, സിന്നഗോഗുകൾ—അവിടെല്ലാം യേശു പോയി.—മത്തായി 5:1, 2; 8:14; മർക്കൊസ് 1:16; ലൂക്കൊസ് 4:15.
12, 13. (എ) ക്രിസ്ത്യാനികൾക്കു പൗലോസ് ഒരു മാതൃക വെച്ചതെങ്ങനെ? (ബി) യഹോവയുടെ സാക്ഷികൾ പൗലോസിന്റെ മാതൃക പിൻപററിയിരിക്കുന്നതെങ്ങനെ?
12 തന്റെതന്നെ ശുശ്രൂഷയെക്കുറിച്ച് അപ്പോസ്തലനായ പൗലോസിന് ഇങ്ങനെ വളരെ കൃത്യമായി പറയാൻ കഴിഞ്ഞു: “ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ . . . കർത്താവിനെ സേവിച്ചു വന്നു എന്നും പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും . . . നിങ്ങൾ അറിയുന്നുവല്ലോ.”—പ്രവൃത്തികൾ 20:18-21.
13 അപ്പോസ്തലൻമാരുടെ മാതൃക പിന്തുടർന്നുകൊണ്ടുള്ള യഹോവയുടെ സാക്ഷികളുടെ വീടുതോറുമുള്ള ശുശ്രൂഷ ലോകപ്രസിദ്ധമാണ്. വളരെ ചെലവേറിയ പൊള്ളയായ, നിർവ്യക്തികമായ ടിവി ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം സാക്ഷികൾ സമ്പന്നരും ദരിദ്രരുമായ ആളുകളെ സമീപിച്ച് മുഖാമുഖം സംസാരിക്കുന്നു. ദൈവത്തെയും അവന്റെ വചനത്തെയുംകുറിച്ചു സംസാരിക്കാൻ അവർ വഴികൾ തേടുന്നു.b ഭൗതിക വസ്തുവകകൾ സൗജന്യമായി നൽകിക്കൊണ്ടു ചോററു ക്രിസ്ത്യാനികളെ ഉളവാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ന്യായവാദം ചെയ്യാൻ മനസ്സൊരുക്കം കാണിക്കുന്നവരോട്, മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഭൂമിയിലെ അവസ്ഥകൾക്കു മെച്ചമായ രീതിയിൽ മാററം വരുത്തുന്ന ദൈവരാജ്യഭരണം മാത്രമാണ് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.—യെശയ്യാവു 65:17, 21-25; 2 പത്രൊസ് 3:13; വെളിപ്പാടു 21:1-4.
14. (എ) അനേകം മിഷനറിമാരും പയനിയർമാരും ഒരു ശക്തമായ അസ്ഥിവാരമിട്ടിരിക്കുന്നത് എങ്ങനെ? (ബി) ജപ്പാനിലെ യഹോവയുടെ സാക്ഷികളുടെ അനുഭവത്തിൽനിന്നു നാം എന്തു പഠിക്കുന്നു?
14 സാധ്യമാകുന്നിടത്തോളം നാടുകളിൽ വേലയുടെ നടത്തിപ്പിനുവേണ്ടി മിഷനറിമാരും പയനിയർമാരും പല ദേശങ്ങളിലും ആസ്ഥാനങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അവർ അസ്ഥിവാരമിടുകയും പിന്നീട് പ്രാദേശിക സാക്ഷികൾ അതിനു നേതൃത്വം വഹിക്കുകയും ചെയ്യുന്നു. തൻമൂലം പ്രസംഗവേല തുടർന്നു കൊണ്ടുപോകുന്നതിനും ക്രമപ്പെടുത്തുന്നതിനും കൂടുതൽ വിദേശ സാക്ഷികളുടെ ആവശ്യമില്ല. അതിനു മകുടോദാഹരണമാണു ജപ്പാൻ. 1940-കളിൽ മുഖ്യമായും ഓസ്ട്രലേഷ്യയിൽനിന്നും ബ്രിട്ടണിൽനിന്നുമുള്ള മിഷനറിമാർ അവിടേക്കുപോയി. അവർ ഭാഷ പഠിച്ചെടുത്തു. യുദ്ധാനന്തരമുണ്ടായിരുന്ന ഏതാണ്ടു പ്രാകൃതമായ ചുററുപാടുകളുമായി ഒത്തിണങ്ങി, പിന്നീട് വീടുതോറുമുള്ള സേവനത്തിൽ ഏർപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാനിൽ സാക്ഷികളെ നിരോധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തീക്ഷ്ണതയുള്ള സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തെ മാത്രമേ മിഷനറിമാർക്കു കണ്ടെത്താൻ കഴിഞ്ഞുള്ളൂ. എന്നാൽ ഇന്ന് അവരുടെ സംഖ്യ 3,000-ത്തിലധികം സഭകളിലായി 1,87,000 ആയിത്തീർന്നിരിക്കുന്നു! അവരുടെ ആദ്യകാല വിജയത്തിന്റെ രഹസ്യമെന്തായിരുന്നു? 25 വർഷത്തിലേറെ സേവനപരിചയമുള്ള ഒരു മിഷനറി പറഞ്ഞു: “ആളുകളുമായി സംസാരിക്കാൻ പഠിക്കുക എന്നതു വളരെ പ്രധാനമായിരുന്നു. അവരുടെ ഭാഷ അറിയുന്നതു മുഖാന്തരം അവരെ തിരിച്ചറിയുന്നതിനും അവരുടെ ജീവിതരീതി മനസ്സിലാക്കുന്നതിനും വിലമതിക്കുന്നതിനും കഴിയും. ഞങ്ങൾ ജപ്പാൻകാരെ സ്നേഹിക്കുന്നുവെന്നു പ്രകടമാക്കേണ്ടതുമുണ്ടായിരുന്നു. ഞങ്ങളുടെ ക്രിസ്തീയ മൂല്യങ്ങളെ ബലികഴിക്കാതെതന്നെ പ്രാദേശിക സമുദായവുമായി ഇഴുകിച്ചേരാൻ ഞങ്ങളാലാവുന്ന ശ്രമം നടത്തി.”
ക്രിസ്തീയ നടത്തയും ഒരു സാക്ഷ്യം
15. സാക്ഷികൾ ക്രിസ്തീയ നടത്ത എങ്ങനെ പ്രകടമാക്കിയിരിക്കുന്നു?
15 എന്നിരുന്നാലും, ബൈബിൾ സന്ദേശം കേട്ടുമാത്രമല്ല ആളുകൾ പ്രതികരിച്ചിട്ടുള്ളത്. അവർ ക്രിസ്ത്യാനിത്വം പ്രവർത്തനപഥത്തിലും നിരീക്ഷിച്ചിട്ടുണ്ട്. ആഭ്യന്തര യുദ്ധങ്ങൾ, ഗോത്ര കലഹം, വർഗീയ ലഹള എന്നിങ്ങനെ പരിശോധനാത്മകമായ ചുററുപാടുകളിൽപ്പോലും സാക്ഷികൾക്കിടയിലെ സ്നേഹം, ഒത്തൊരുമ, ഐക്യം എന്നീ ഗുണങ്ങൾ ആളുകൾ നിരീക്ഷിച്ചിരിക്കുന്നു. എല്ലാ യുദ്ധങ്ങളിലും സാക്ഷികൾ ക്രിസ്തീയ നിഷ്പക്ഷത എന്ന വളരെ വ്യക്തമായ നിലപാടു സ്വീകരിച്ചിരിക്കുന്നു. അങ്ങനെ അവർ യേശുവിന്റെ വാക്കുകൾ നിവർത്തിച്ചിരിക്കുന്നു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
16. ക്രിസ്തീയസ്നേഹം പ്രവൃത്തിയിൽ കാണിച്ച ഒരു അനുഭവം ഏത്?
16 തന്നോട് അയൽസ്നേഹം കാട്ടിയവരെക്കുറിച്ച് ഒരു പ്രായംചെന്നയാൾ പ്രാദേശിക പത്രത്തിൽ “നല്ല ദമ്പതിമാർ” എന്നെഴുതി. അദ്ദേഹത്തിന്റെ ഭാര്യയുടെ മരണസമയത്ത് അവർ അദ്ദേഹത്തോടു ദയ കാണിച്ചതായി അദ്ദേഹം വിശദീകരിച്ചു. “അവൾ മരിച്ചതിൽപ്പിന്നെ . . . അവരുടെ ഇടപെടൽ അതിഗംഭീരമായിരുന്നു” എന്ന് അദ്ദേഹം എഴുതി. “അന്നുമുതൽ അവരെന്നെ ‘ദത്തെടുത്തു’ . . . , എല്ലാവിധ ജോലികളും ചെയ്ത് 74 വയസ്സുചെന്ന, ഉദ്യോഗത്തിൽനിന്നു വിരമിച്ച എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുകയാണ്. എന്നാൽ ഇതിലെ വിചിത്രമായ സംഗതി അവർ കറുത്തവരും ഞാൻ വെളുത്തവനുമാണെന്നതാണ്. അവർ യഹോവയുടെ സാക്ഷികളാണ്. ഞാൻ കത്തോലിക്കാ മതം ഉപേക്ഷിച്ചുപോന്നവനും.”
17. നാം എന്തു ഗതി ഒഴിവാക്കേണ്ടതുണ്ട്?
17 നമ്മുടെ ദൈനംദിന നടത്ത ഉൾപ്പെടെ പലവിധങ്ങളിൽ നമുക്കു സാക്ഷ്യം നൽകാനാവുമെന്നതിന്റെ ദൃഷ്ടാന്തമാണിത്. നമ്മുടെ നടത്ത ക്രിസ്തുതുല്യമല്ലെങ്കിൽ നമ്മുടെ ശുശ്രൂഷ കാപട്യംനിറഞ്ഞതും ഫലപ്രാപ്തിയില്ലാത്തതും ആയിത്തീരും. “അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും” എന്ന് യേശു പറഞ്ഞവരെപ്പോലായിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല.—മത്തായി 22:37-39; 23:3.
അടിമവർഗം ശരിയായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു
18. പരമാർഥ ഹൃദയരായ ആളുകളെ സഹായിക്കുന്നതിനു ബൈബിൾ സാഹിത്യങ്ങൾ നമ്മെ എങ്ങനെ സജ്ജരാക്കുന്നു?
18 സകല രാഷ്ട്രങ്ങളിലും സുവാർത്ത പ്രസംഗിക്കുന്നതിലെ മർമപ്രധാനമായ മറെറാരു ഘടകം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ സാഹിത്യത്തിന്റെ ലഭ്യതയാണ്. ആത്മാർഥമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന ഏതൊരുവനെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന പുസ്തകങ്ങൾ, ലഘുലേഖകൾ ലഘുപത്രികകൾ, മാസികകൾ എന്നിവ നമ്മുടെ പക്കലുണ്ട്. മുസ്ലീമിനെയോ, ഹൈന്ദവനെയോ ബുദ്ധമതക്കാരനെയോ, താവോമതക്കാരനെയോ യഹൂദനെയോ കണ്ടുമുട്ടിയാൽ ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം [ഇംഗ്ലീഷ്] എന്ന പുസ്തകമോ വൈവിധ്യമാർന്ന ലഘുലേഖകളോ ചെറുപുസ്തകങ്ങളോ ഉപയോഗിച്ചുകൊണ്ടു സംഭാഷണത്തിലേർപ്പെടുന്നതിനും ഒരുപക്ഷേ ബൈബിളധ്യയനം തുടങ്ങുന്നതിനും നമുക്കു കഴിഞ്ഞേക്കും. ഒരു പരിണാമവാദി സൃഷ്ടിയെക്കുറിച്ചു ചോദിക്കുമ്പോൾ നമുക്ക്, നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 7-ാം അധ്യായത്തിലേക്ക് അയാളുടെ ശ്രദ്ധ തിരിക്കാം. ‘ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്?’ എന്ന് ഒരു ചെറുപ്പക്കാരൻ ചോദിക്കുന്നുവെങ്കിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിലേക്ക് ശ്രദ്ധതിരിക്കാവുന്നതാണ്. ഒരുവൻ വിഷാദം, ആരോഗ്യക്ഷയം, ബലാൽസംഗം, വിവാഹമോചനം എന്നിങ്ങനെയുള്ള വ്യക്തിപരമായ പ്രശ്നങ്ങളാൽ നട്ടം തിരിയുകയാണെങ്കിൽ അത്തരം വിഷയങ്ങൾ പ്രായോഗികമായ വിധത്തിൽ ചർച്ച ചെയ്തിട്ടുള്ള മാസികകൾ അയാൾക്കുവേണ്ടി നമ്മുടെ പക്കലുണ്ട്. യേശു മുൻകൂട്ടിപ്പറഞ്ഞ അടിമവർഗം “ഉചിതമായ സമയത്ത്” ഭക്ഷണം പ്രദാനം ചെയ്തുകൊണ്ട് അതിന്റെ പങ്കു നിർവഹിക്കുകയാണ്.—മത്തായി 24:45-47, NW.
19, 20. അൽബേനിയയിൽ രാജ്യവേല വേഗത പ്രാപിച്ചതെങ്ങനെ?
19 ജനതകളുടെ ഇടയിൽ എത്തിച്ചേരുന്നതിന് ഈ സാഹിത്യങ്ങൾ വിഭിന്ന ഭാഷകളിൽ നിർമിക്കേണ്ടത് അത്യാവശ്യമായിരുന്നിട്ടുണ്ട്. ബൈബിളും തിരുവെഴുത്തധിഷ്ഠിത സാഹിത്യങ്ങളും 200-ലധികം ഭാഷകളിൽ എങ്ങനെ പരിഭാഷപ്പെടുത്താൻ കഴിഞ്ഞു? ഒരു ദൃഷ്ടാന്തം, അൽബേനിയയെക്കുറിച്ചുള്ളത് ഒന്നു ഹ്രസ്വമായി പരിചിന്തിക്കാം. വളരെയേറെ പ്രയാസകരമായ ചുററുപാടുകൾ. തത്ക്ഷണ ഭാഷാവരത്തിന് ഒരു ആധുനിക പെന്തക്കോസ്തുമില്ല. എന്നിട്ടും സുവാർത്ത പ്രഖ്യാപിക്കുന്നതിനു വിശ്വസ്തനും വിവേകിയുമായ അടിമക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ഇതു പ്രകടമാക്കുന്നു.—പ്രവൃത്തികൾ 2:1-11.
20 ഏതാനുംചില വർഷങ്ങൾക്കു മുമ്പുവരെ യഥാർഥ നിരീശ്വരവാദിയായിട്ടുള്ള ഏക രാജ്യമായിട്ടാണ് അൽബേനിയയെ വീക്ഷിച്ചുപോന്നത്. 1980-ൽ നാഷനൽ ജിയോഗ്രഫിക്ക് മാഗസിൻ ഇങ്ങനെ പ്രസ്താവിച്ചു: “1967-ൽ ‘ലോകത്തിലെ ആദ്യത്തെ നിരീശ്വരരാജ്യം’ എന്നു പ്രഖ്യാപിച്ചുകൊണ്ട് അൽബേനിയ [മതത്തെ] നിരോധിച്ചു. . . . അൽബേനിയയിലെ പുതുതലമുറയ്ക്ക് നിരീശ്വരവാദം മാത്രമേ അറിയാവൂ.” ഇപ്പോൾ കമ്മ്യുണിസ്ററു ഭരണം അധഃപതിച്ചസ്ഥിതിക്ക് തങ്ങളുടെ ആത്മീയ ആവശ്യം തിരിച്ചറിയുന്ന അൽബേനിയക്കാർ യഹോവയുടെ സാക്ഷികൾ ചെയ്തുവരുന്ന പ്രസംഗവേലയോടു പ്രതികരിക്കുന്നു. ഇററാലിയനും ഇംഗ്ലീഷും വശമുള്ള യുവ സാക്ഷികളടങ്ങുന്ന ഒരു ചെറിയ പരിഭാഷാ ടീം 1992-ൽ ററിറാനീയിൽ രൂപീകരിച്ചു. മററു രാജ്യങ്ങളിൽനിന്നു യോഗ്യരായ സഹോദരങ്ങൾ അവരെ സന്ദർശിച്ച് അൽബേനിയൻ അക്ഷരങ്ങൾ ലാപ്ടോപ് കമ്പ്യൂട്ടറുകളിലേക്കു പകർത്തുന്നതെങ്ങനെയെന്ന് അവരെ പഠിപ്പിച്ചു. അവർ ലഘുലേഖകളും വീക്ഷാഗോപുര മാസികയും പരിഭാഷപ്പെടുത്തിക്കൊണ്ട് തുടക്കമിട്ടു. അനുഭവപരിചയം നേടിയതനുസരിച്ച് അവർ മൂല്യവത്തായ മററു ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യുകയാണ്. ഇപ്പോൾ ആ ചെറിയ രാജ്യത്ത് (ജനസംഖ്യ 32,62,000) ഏതാണ്ട് 200 സജീവ സാക്ഷികൾ ഉണ്ട്. കൂടാതെ, 1994-ൽ 1,984 പേർ സ്മാരകത്തിനു ഹാജരാവുകയും ചെയ്തു.
നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട്
21. ഏതുതരം കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്?
21 ലോക സംഭവങ്ങൾ അതിന്റെ പരിസമാപ്തിയിലേക്കു നീങ്ങുകയാണ്. ലോകം അരാജകത്വത്തിലേക്ക്, അനിയന്ത്രിതാവസ്ഥയിലേക്കു നീങ്ങുന്നതായി തോന്നുന്നു. കാരണം, കുററകൃത്യത്തിലും അക്രമത്തിലും വർധനവ്, പ്രാദേശിക യുദ്ധങ്ങളിലെ കൂട്ടക്കൊലയും ബലാൽസംഗവും, കുത്തഴിഞ്ഞ ധാർമികതയും തദ്ഫലമായുണ്ടാകുന്ന ലൈംഗികമായി പകരുന്ന രോഗങ്ങളും, നിയമാനുസൃതമായ അധികാരികളോടുള്ള അനാദരവ് എന്നിങ്ങനെയുള്ള സംഭവവികാസങ്ങളാണ് ഇവിടെ നടമാടുന്നത്. ഉല്പത്തി പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ജലപ്രളയത്തിനുമുമ്പുള്ള കാലങ്ങൾക്കു സമാനമായ ഒരു കാലയളവിലാണു നാം ഇന്നു ജീവിക്കുന്നത്: “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.”—ഉല്പത്തി 6:5, 6; മത്തായി 24:37-39.
22. എല്ലാ യഹോവയുടെ സാക്ഷികൾക്കും എന്തു ക്രിസ്തീയ ഉത്തരവാദിത്വമാണുള്ളത്?
22 നോഹയുടെകാലത്തേതുപോലെതന്നെ യഹോവ നടപടി സ്വീകരിക്കും. എന്നാൽ അവന്റെ നീതിയും സ്നേഹവും നിമിത്തം സുവാർത്തയും മുന്നറിയിപ്പിൻ സന്ദേശവും മുമ്പേ മുഴു രാഷ്ട്രങ്ങളിലും പ്രസംഗിക്കപ്പെടാൻ അവൻ ആഗ്രഹിക്കുന്നു. (മർക്കൊസ് 13:10) ഈ കാര്യത്തിൽ യഹോവയുടെ സാക്ഷികൾക്ക് ഒരു ഉത്തരവാദിത്വമുണ്ട്—ദൈവസമാധാനത്തിനു യോഗ്യരായവരെ കണ്ടെത്തി അവരെ സമാധാനത്തിനുവേണ്ടിയുള്ള അവന്റെ വഴികൾ പഠിപ്പിക്കുക എന്നത്. ഉടൻതന്നെ, ദൈവത്തിന്റെ നിശ്ചിത സമയത്തു പ്രസംഗ നിയോഗം വിജയപ്രദമായ രീതിയിൽ പര്യവസാനിക്കും. “അപ്പോൾ അവസാനം വരും.”—മത്തായി 10:12, 13; 24:14; 28:19, 20.
[അടിക്കുറിപ്പുകൾ]
a വിജാതീയരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച [ഇംഗ്ലീഷ്], വാല്യം II, പേജ് 472-4-ൽ കൊടുത്തിരിക്കുന്ന “ജാതികൾ” എന്ന വിഷയം കാണുക.
b ക്രിസ്തീയ ശുശ്രൂഷയ്ക്ക് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾക്കുവേണ്ടി 1984 ആഗസ്ററ് 15-ലെ ദ വാച്ച്ടവറിന്റെ 15-ാം പേജിലെ “എങ്ങനെ ഫലപ്രദരായ ശുശ്രൂഷകരായിത്തീരാൻ കഴിയും” എന്ന ലേഖനവും പേജ് 21-ലെ “ഫലപ്രദമായ ശുശ്രൂഷ കൂടുതൽ ശിഷ്യരെ ഉളവാക്കുന്നതിലേക്കു നയിക്കുന്നു” എന്ന ലേഖനവും കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ ആധുനികകാലത്തെ സാക്ഷികൾക്കു ശുശ്രൂഷയിൽ എന്തു വിജയം കൈവന്നിരിക്കുന്നു?
◻ അനേകരും ക്രിസ്തീയ സന്ദേശം തിരസ്കരിക്കുന്നതിനു കാരണമെന്ത്?
◻ പ്രസംഗവേലയിലെ ഏത് അപ്പോസ്തലിക രീതിയാണു സാക്ഷികൾ ഉപയോഗിക്കുന്നത്?
◻ ഫലപ്രദമായ സാക്ഷീകരണത്തിനു നമ്മുടെ പക്കൽ എന്തെല്ലാം ഉപകരണങ്ങൾ ലഭ്യമാണ്?
◻ മർക്കോസ് 13:10-നോടുള്ള ചേർച്ചയിൽ നാമെല്ലാം എന്തു ചെയ്യേണ്ടതുണ്ട്?
[19-ാം പേജിലെ ചതുരം]
രാജ്യം സജീവസാക്ഷികൾ 1943-ൽ 1993-ൽ
അർജൻറീന 374 1,02,043
ബ്രസീൽ 430 3,66,297
ചിലി 72 44,668
കൊളംബിയ ?? 60,854
ഫ്രാൻസ് രണ്ടാം ലോകയുദ്ധം—രേഖയില്ല 1,22,254
അയർലൻഡ് 150? 4,224
ഇററലി രണ്ടാം ലോകയുദ്ധം—രേഖയില്ല 2,01,440
മെക്സിക്കോ 1,565 3,80,201
പെറു പ്രവർത്തനത്തിന്റെ രേഖയില്ല 45,363
ഫിലിപ്പീൻസ് രണ്ടാം ലോകയുദ്ധം—രേഖയില്ല 1,16,576
പോളണ്ട് രണ്ടാം ലോകയുദ്ധം—രേഖയില്ല 1,13,551
പോർച്ചുഗൽ പ്രവർത്തനത്തിന്റെ രേഖയില്ല 41,842
സ്പെയിൻ പ്രവർത്തനത്തിന്റെ രേഖയില്ല 97,595
ഉറുഗ്വെ 22 9,144
വെനെസ്വേല പ്രവർത്തനത്തിന്റെ രേഖയില്ല 64,081
[17-ാം പേജിലെ ചിത്രം]
സ്പെയിൻപോലുള്ള അനേകം കത്തോലിക്കാ രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ വർധിച്ചുകൊണ്ടിരിക്കുന്നു
[18-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററുമുള്ള രാഷ്ട്രങ്ങളിൽ സജീവരാണ്