യഹോവയുടെ സ്ഥാപനം നിങ്ങളുടെ ശുശ്രൂഷയെ പിന്താങ്ങുന്നു
“വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; . . . അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.”—വെളിപ്പാടു 14:6.
1. യഹോവയുടെ സാക്ഷികൾ എങ്ങനെയാണു പരീക്ഷിക്കപ്പെട്ടിരിക്കുന്നത്, അവർ അതിജീവിച്ചിരിക്കുന്നത് എന്തുകൊണ്ട്?
ക്രിസ്തീയ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിൽ യഹോവയുടെ സ്വർഗീയ സ്ഥാപനം വഹിക്കുന്ന പങ്കു തിരിച്ചറിയുന്നത് വളരെ പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? ആകട്ടെ, യഹോവയുടെ സ്വർഗീയ സേനകളുടെ പിന്തുണയില്ലാതെ യഹോവയുടെ സാക്ഷികൾക്ക് വിദ്വേഷപൂരിതമായ ഒരു ലോകത്തിലെങ്ങും ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാൻ കഴിയുമായിരുന്നോ? കടുത്ത ദേശഭക്തിയും ഏകാധിപത്യ രാഷ്ട്രീയ വ്യവസ്ഥകളും ലോക യുദ്ധങ്ങളും നാനാതരം പ്രതികൂല അവസ്ഥകളും നിറഞ്ഞ ഒരു നൂറ്റാണ്ടിൽ സാക്ഷികൾ അത്തരം പ്രസംഗം നിവർത്തിച്ചിരിക്കുന്നു. യഹോവയുടെ സഹായം ഇല്ലായിരുന്നെങ്കിൽ സാക്ഷികൾക്ക് തങ്ങൾക്കെതിരെ ഉണ്ടായ സാർവദേശീയ മുൻവിധിയും തെറ്റിദ്ധാരണകളും മിക്കപ്പോഴും അക്രമാസക്തമായ പീഡനവും അതിജീവിക്കാൻ കഴിയുമായിരുന്നോ?—സങ്കീർത്തനം 34:7.
ലോകവ്യാപക എതിർപ്പിൻ മധ്യേ അതിജീവനം
2. ഒന്നാം നൂറ്റാണ്ടിലെയും ഇക്കാലത്തെയും യഥാർഥ ക്രിസ്ത്യാനികൾ തമ്മിലുള്ള സാമ്യമെന്ത്?
2 ഈ 20-ാം നൂറ്റാണ്ടിൽ മത-രാഷ്ട്രീയ ശത്രുക്കൾ യഹോവയുടെ വേലയെ തടസ്സപ്പെടുത്തുന്നതിനോ പ്രതിരോധിക്കുന്നതിനോ വേണ്ടി നിയമപരവും അല്ലാത്തതുമായ സാധ്യമായ എല്ലാ പ്രതിബന്ധങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ക്രിസ്തീയ സഹോദരീസഹോദരന്മാരെ പീഡിപ്പിക്കുക, അവരെ തെറ്റായി ചിത്രീകരിക്കുക, അവരെക്കുറിച്ച് കുപ്രചരണങ്ങൾ നടത്തുക, ദുഷി പറയുക തുടങ്ങി പലതും. പലരും വധിക്കപ്പെടുകപോലും ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ഇത് മഹാബാബിലോനിലെ പുരോഹിത വർഗത്തിന്റെ പ്രേരണയാൽ ആയിരുന്നു. ആദിമ ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ, അവരുടെ കാര്യത്തിലും “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നു” എന്നു പറയാവുന്നതാണ്. ക്രിസ്തുവിന്റെ കാലത്തെ യഹൂദ പുരോഹിതവർഗം അവന്റെ ശുശ്രൂഷ നിർത്താനായി നഖശിഖാന്തം പോരാടി. അതുപോലെ, പുരോഹിതവർഗവും വിശ്വാസത്യാഗികളും അവരുടെ രാഷ്ട്രീയ അനുചരന്മാരോടു ചേർന്ന് യഹോവയുടെ ജനത്തിന്റെ വിദ്യാഭ്യാസ വേല നിർത്താൻ ശ്രമിച്ചിട്ടുണ്ട്.—പ്രവൃത്തികൾ 28:22; മത്തായി 26:59, 65-67.
3. ഹെൻറിക്ക ഷൂറിന്റെ നിർമലതയിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
3 പോളണ്ടിൽ 1946 മാർച്ച് 1-ന് സംഭവിച്ചത് ഉദാഹരണമായി എടുക്കാം. ഹെൻറിക്ക ഷൂർ എന്ന 15 വയസ്സുകാരി സാക്ഷി—അവളുടെ നാട് കെൽമിനടുത്തായിരുന്നു—ഒരു സമീപ ഗ്രാമത്തിൽ താത്പര്യക്കാരെ സന്ദർശിക്കാൻ ഒരു സഹോദരന്റെ കൂടെ പുറപ്പെട്ടു. നാറൊഡൊവെ ഷിഇവി സ്ബ്രൊയിനെ (ദേശീയ സായുധ സേനകൾ) എന്നു വിളിക്കപ്പെട്ട ഒരു കത്തോലിക്കാ സൈനിക വിഭാഗത്തിലെ അംഗങ്ങൾ അവരെ പിടിച്ചുകൊണ്ടുപോയി. ആ സഹോദരനെ ഭയങ്കരമായി മർദിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടില്ല. ഹെൻറിക്കയുടെ കാര്യം വ്യത്യസ്തമായിരുന്നു. കത്തോലിക്കരുടെ രീതിയിൽ കുരിശു വരയ്ക്കാൻ നിർബന്ധിച്ചുകൊണ്ട് അവർ അവളെ മണിക്കൂറുകളോളം ഭയങ്കരമായി പീഡിപ്പിച്ചു. അവളെ പീഡിപ്പിച്ച ഒരുത്തൻ ഇങ്ങനെ പറഞ്ഞു: “ഉള്ളിൽ നീ എന്തു വേണമെങ്കിലും വിശ്വസിച്ചോളൂ, എന്നാൽ ഒന്നു കുരിശു വരച്ചാൽ മതി. അല്ലാഞ്ഞാൽ നിനക്കു കിട്ടാൻ പോകുന്നതു വെടിയുണ്ടയായിരിക്കും!” അവളുടെ നിർമലത ദുർബലമായോ? ഇല്ല. ആ മതഭീരുക്കൾ അവളെ അടുത്തുള്ള ഒരു വനത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നു. എങ്കിലും, വിജയം നേടിയത് അവളായിരുന്നു! അവളുടെ നിർമലത തകർക്കുന്നതിൽ അവർ പരാജയപ്പെട്ടു.a—റോമർ 8:35-39.
4. രാജ്യപ്രസംഗ വേല അടിച്ചമർത്താൻ രാഷ്ട്രീയ-മത ഘടകങ്ങൾ ശ്രമിച്ചിരിക്കുന്നത് എങ്ങനെ?
4 നൂറിലധികം വർഷമായി ആധുനികകാല ദൈവദാസന്മാർക്ക് പരുഷവും അനാദരണീയവുമായ പെരുമാറ്റം സഹിക്കേണ്ടി വന്നിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ സാത്താന്റെ മുഖ്യധാരാ മതങ്ങളുടെ ഭാഗമല്ലാത്തതിനാലും അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കാത്തതിനാലും മുൻവിധിയുള്ള വിമർശകർക്കോ മതഭ്രാന്തു പിടിച്ച ശത്രുക്കൾക്കോ അവർ എളുപ്പത്തിൽ ഇരയാകുന്നു. രാഷ്ട്രീയ ഘടകങ്ങൾ അവരെ അതിക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട്. അനേകം സാക്ഷികൾ തങ്ങളുടെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥകൾ എന്നു വിളിക്കപ്പെടുന്ന ഭരണ സമ്പ്രദായങ്ങൾ പോലും സുവാർത്താ പ്രസംഗത്തിനു വിലങ്ങുതടി ഇടാൻ ശ്രമിച്ചിട്ടുണ്ട്. വർഷങ്ങൾ പിന്നോട്ടു പോയാൽ, 1917-ൽ, കാനഡയിലും ഐക്യനാടുകളിലും പുരോഹിതവർഗം അന്ന് ബൈബിൾ വിദ്യാർഥികൾ എന്നറിയപ്പെട്ടിരുന്ന സാക്ഷികൾക്ക് എതിരെ അട്ടിമറി പ്രവർത്തനങ്ങൾ ആരോപിച്ചിട്ടുണ്ട്. വാച്ച് ടവർ സൊസൈറ്റിയുടെ ഉദ്യോഗസ്ഥന്മാർ വ്യാജ ആരോപണങ്ങളാൽ ജയിലിലടയ്ക്കപ്പെട്ടു, എങ്കിലും പിന്നീട് അവർ കുറ്റവിമുക്തരാക്കപ്പെടുകയാണുണ്ടായത്.—വെളിപ്പാടു 11:7-9; 12:17.
5. യഹോവയുടെ ദാസന്മാർക്കു ധൈര്യം പകർന്നിട്ടുള്ള വാക്കുകളേവ?
5 ക്രിസ്തുവിന്റെ സഹോദരന്മാരുടെയും അവരുടെ വിശ്വസ്ത സഹകാരികളുടെയും സാക്ഷീകരണ വേല തടസ്സപ്പെടുത്താൻ സാത്താൻ ആകുന്ന എല്ലാ മാർഗവും അവലംബിച്ചിട്ടുണ്ട്. എന്നാൽ, അനേകം അനുഭവങ്ങൾ പ്രകടമാക്കുന്നതുപോലെ, ഭീഷണികൾക്കോ പേടിപ്പിക്കലുകൾക്കോ ശാരീരിക അക്രമത്തിനോ ജയിലുകൾക്കോ തടങ്കൽപ്പാളയങ്ങൾക്കോ മരണത്തിനോ പോലും യഹോവയുടെ സാക്ഷികളെ നിശ്ശബ്ദരാക്കാൻ കഴിഞ്ഞിട്ടില്ല. ചരിത്രത്തിൽ ഇന്നോളം വാസ്തവം അതാണ്. എലീശായുടെ വാക്കുകൾ വീണ്ടും വീണ്ടും പ്രോത്സാഹനമായി ഉതകിയിരിക്കുന്നു: ‘പേടിക്കേണ്ടാ; നമ്മോടു കൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികമാകുന്നു.’ അതിന്റെ ഒരു കാരണം, വിശ്വസ്ത ദൂതന്മാരുടെ എണ്ണം പിശാചിന്റെ സംഘത്തിൽ ഉള്ളവരെക്കാൾ കൂടുതലാണ് എന്നതാണ്.—2 രാജാക്കന്മാർ 6:16; പ്രവൃത്തികൾ 5:27-32, 41, 42.
തീക്ഷ്ണമായ പ്രസംഗവേലയെ യഹോവ അനുഗ്രഹിക്കുന്നു
6, 7. (എ) സുവാർത്ത പ്രസംഗിക്കാൻ നടത്തിയ ആദ്യകാല ശ്രമങ്ങൾ ഏവ? (ബി) 1943-ൽ തുടങ്ങി പ്രയോജനപ്രദമായ എന്തു മാറ്റം ഉണ്ടായിരിക്കുന്നു?
6 അന്ത്യം വരുന്നതിനു മുമ്പ് സാക്ഷ്യം നൽകുക എന്ന ഈ വലിയ വേല ഊർജിതമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും യഹോവയുടെ സാക്ഷികൾ ഇരുപതാം നൂറ്റാണ്ടിൽ സങ്കേതികവിദ്യയിൽ ഉണ്ടായ അനേകം പുരോഗതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1914-ൽ, “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” എന്നു വിളിക്കപ്പെട്ട എട്ടു മണിക്കൂർ നേരത്തെ ബൈബിൾ അവതരണത്തിൽ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന പാസ്റ്റർ റസ്സൽ ഗ്രാമഫോൺ റെക്കോർഡുകളിലെ ബൈബിളധിഷ്ഠിത വിവരണങ്ങളോടു സമന്വയപ്പെടുത്തിയ സ്ലൈഡുകളും ചലച്ചിത്രങ്ങളും ഉപയോഗിക്കുന്നതിന് ആദ്യ കാലത്തുതന്നെ പ്രോത്സാഹനം നൽകുകയുണ്ടായി. അക്കാലത്ത് അനേകം രാജ്യങ്ങളിലെ സദസ്സുകൾക്ക് അത് ഒരു വിസ്മയമായിരുന്നു. പിന്നീട്, 1930-കളിലും ’40-കളിലും, കൊണ്ടുനടക്കാവുന്ന ഗ്രാമഫോണുകൾ ഉപയോഗിച്ച് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായ ജെ. എഫ്. റഥർഫോർഡിന്റെ ബൈബിൾ പ്രസംഗ റെക്കോർഡുകൾ കേൾപ്പിച്ചുകൊണ്ട് വീടുതോറും പ്രസംഗിക്കുന്നതിന് പേരു കേട്ടവരായിത്തീരുന്നു സാക്ഷികൾ.
7 1943-ൽ, സൊസൈറ്റിയുടെ മൂന്നാമത്തെ പ്രസിഡന്റായ നേഥൻ എച്ച്. നോറിന്റെ മാർഗനിർദേശത്തിൻ കീഴിൽ ധീരമായ ഒരു ചുവടുവെപ്പ് നടത്തുകയുണ്ടായി. എല്ലാ സഭകളിലുമുള്ള ശുശ്രൂഷകർക്കായി ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത് ആ വർഷമാണ്. ഗ്രാമഫോൺ റെക്കോർഡുകൾ ഉപയോഗിക്കാതെ വീടുതോറും പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും സാക്ഷികൾക്കു പരിശീലനം ലഭിക്കുമായിരുന്നു. അതേത്തുടർന്ന് മിഷനറിമാർ, മുഴുസമയ പയനിയർ ശുശ്രൂഷകർ, സഭാ മൂപ്പന്മാർ, വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ചുകളിൽ ഉത്തരവാദിത്വം വഹിക്കുന്ന മേൽവിചാരകന്മാർ എന്നിവരെയൊക്കെ പരിശീലിപ്പിക്കുന്നതിനായി മറ്റു സ്കൂളുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഫലമെന്തായിരുന്നു?
8. 1943-ൽ സാക്ഷികൾ എങ്ങനെയാണു വലിയ വിശ്വാസം പ്രകടമാക്കിയത്?
8 1943-ൽ, രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കേ, 54 ദേശങ്ങളിലായി വെറും 1,29,000 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, അന്ത്യത്തിനു മുമ്പ് മത്തായി 24:14 നിവൃത്തിയാകുമെന്ന വിശ്വാസവും ദൃഢനിശ്ചയവും അവർക്കുണ്ടായിരുന്നു. ഈ ദുഷിച്ച വ്യവസ്ഥിതിയുടെ അന്ത്യം വരുത്തുന്ന സംഭവപരമ്പരകൾ നടക്കുന്നതിനു മുമ്പ് പ്രധാനപ്പെട്ട മുന്നറിയിപ്പിൻ ദൂത് പ്രഖ്യാപിക്കപ്പെടാൻ യഹോവ ഇടയാക്കുമെന്ന് അവർക്കു ബോധ്യമുണ്ടായിരുന്നു. (മത്തായി 24:21; വെളിപ്പാടു 16:16; 19:11-16, 19-21; 20:1-3) അവരുടെ ശ്രമങ്ങൾക്കു ഫലമുണ്ടായോ?
9. സാക്ഷീകരണ വേല പുരോഗമിച്ചിരിക്കുന്നു എന്നു കാണിക്കുന്ന വസ്തുതകൾ ഏവ?
9 ഇപ്പോൾ 1,00,000-ത്തിലധികം സജീവ സാക്ഷികൾ വീതമുള്ള 13 രാജ്യങ്ങളെങ്കിലുമുണ്ട്. ഈ ദേശങ്ങളിൽ പലതും കത്തോലിക്കാ സഭയ്ക്ക് അധീശത്വം ഉള്ളവയാണ്. ഇപ്പോഴത്തെ സ്ഥിതിവിശേഷം ഒന്നു ചിന്തിക്കുക. ബ്രസീലിൽ ഏതാണ്ട് 4,50,000 സുവാർത്താ പ്രസാധകരുണ്ട്. 1997-ൽ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ 12,00,000-ത്തിലധികം പേർ സംബന്ധിച്ചു. മെക്സിക്കോ മറ്റൊരു ഉദാഹരണമാണ്. ഏകദേശം 5,00,000 സാക്ഷികളുള്ള അവിടത്തെ സ്മാരക ഹാജർ 16,00,000-ത്തിലധികം ആയിരുന്നു. മറ്റു കത്തോലിക്കാ രാഷ്ട്രങ്ങൾ ഇറ്റലി (ഏതാണ്ട് 2,25,000 സാക്ഷികൾ), ഫ്രാൻസ് (ഏകദേശം 1,25,000), സ്പെയിൻ (1,05,000-ത്തിലധികം), അർജന്റീന (1,15,000-ത്തിലധികം) എന്നിവയാണ്. പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ, യഹൂദ മതങ്ങൾ അധീശത്വം പുലർത്തുന്ന ഐക്യനാടുകളിൽ ഏകദേശം 9,75,000 സാക്ഷികളുണ്ട്. അവിടെ സസ്മാരകത്തിന് 20,00,000-ത്തിലധികം പേരാണ് ഹാജരായത്. തീർച്ചയായും, നിഗൂഢ പഠിപ്പിക്കലുകളുള്ള വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനിൽനിന്നു വൻ കൂട്ടങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും കുറിച്ചുള്ള ദൈവത്തിന്റെ ലളിതവും ഉറപ്പുള്ളതുമായ വാഗ്ദാനങ്ങളിലേക്ക് അവർ തിരിയുകയാണ്.—2 പത്രൊസ് 3:13; യെശയ്യാവു 2:3, 4; 65:17; വെളിപ്പാടു 18:4, 5; 21:1-4.
ആളുകളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടൽ
10. ചില പ്രദേശങ്ങളിൽ സാഹചര്യങ്ങൾക്ക് മാറ്റം വന്നിരിക്കുന്നതെങ്ങനെ?
10 ക്രിസ്തുയേശുവിലൂടെ യഹോവയിലേക്കു തിരിയുന്ന പലരെയും കണ്ടുമുട്ടിയത് വീടുതോറുമുള്ള പ്രവർത്തനത്തിലാണ്. (യോഹന്നാൻ 3:16; പ്രവൃത്തികൾ 20:20) എന്നാൽ മറ്റു മാർഗങ്ങളും അവലംബിച്ചിട്ടുണ്ട്. കാലം മാറിയിരിക്കുന്നു. മാറിവന്ന സാമ്പത്തിക അവസ്ഥകൾ നിമിത്തം പല സ്ത്രീകൾക്കും പുറത്തു ജോലിക്കു പോകേണ്ടി വരുന്നു. പലപ്പോഴും പ്രവൃത്തിദിനങ്ങളിൽ അനേകരെയും വീടുകളിൽ കണ്ടെത്താൻ സാധിക്കുന്നില്ല. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു. യേശുവിനെയും ആദിമ ശിഷ്യന്മാരെയും പോലെ, ആളുകളെ കണ്ടെത്താൻ കഴിയുന്ന സ്ഥലത്തേക്ക് അവർ പോകുന്നു.—മത്തായി 5:1, 2; 9:35; മർക്കൊസ് 6:34; 10:1; പ്രവൃത്തികൾ 2:14; 17:16, 17.
11. ഇന്ന് യഹോവയുടെ സാക്ഷികൾ എവിടെയൊക്കെ പ്രസംഗിക്കുന്നു, ഫലങ്ങൾ എന്തൊക്കെ?
11 സാക്ഷികൾ, വലിയ പാർക്കിങ് സ്ഥലങ്ങളിലും കമ്പോളങ്ങളിലും ഫാക്ടറികളിലും ഓഫീസുകളിലും ബിസിനസ് മേഖലകളിലും സ്കൂളുകളിലും പൊലീസ് സ്റ്റേഷനുകളിലും പെട്രോൾ പമ്പുകളിലും ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും തെരുവുകളിലും ഒക്കെയുള്ള ആളുകളോടു വിവേകപൂർവം പ്രസംഗിക്കുന്നതിൽ മുൻകയ്യെടുക്കുന്നു. വാസ്തവത്തിൽ, ആളുകളെ കണ്ടെത്താൻ കഴിയുന്നിടത്തെല്ലാം അവർ പ്രസംഗിക്കുന്നു. ആളുകൾ വീട്ടിലുള്ളപ്പോൾ സാക്ഷികൾ അവരെ അവിടെ സന്ദർശിക്കുന്നതിൽ തുടരുകയും ചെയ്യുന്നു. സാഹചര്യങ്ങൾക്ക് അനുഗുണവും പ്രായോഗികവുമായ ഈ സമീപനം ബൈബിൾ സാഹിത്യങ്ങൾ വർധിച്ച തോതിൽ വിതരണം ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നു. ചെമ്മരിയാടുതുല്യരെ കണ്ടെത്താൻ കഴിയുന്നു. പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങുന്നു. മാനവചരിത്രത്തിലേക്കും ഏറ്റവും വലിയ ഈ വിദ്യാഭ്യാസ പ്രവർത്തനം സതീക്ഷ്ണം നിർവഹിക്കുന്നത് അൻപത്തിയഞ്ച് ലക്ഷത്തിലധികം വരുന്ന സ്വമേധയാ ശുശ്രൂഷകരാണ്! അവരിൽ ഒരാളായിരിക്കുന്നതിനുള്ള പദവി നിങ്ങൾക്കുണ്ടോ?—2 കൊരിന്ത്യർ 2:14-17; 3:5, 6.
യഹോവയുടെ സാക്ഷികളെ പ്രചോദിപ്പിക്കുന്നത് എന്ത്?
12. (എ) യഹോവ തന്റെ ജനത്തെ പഠിപ്പിക്കുന്നത് എങ്ങനെ? (ബി) ഈ പഠിപ്പിക്കലിന് എന്തു ഫലമാണുള്ളത്?
12 ഇക്കാര്യത്തിലെല്ലാം സ്വർഗീയ സ്ഥാപനം വഹിക്കുന്ന പങ്കെന്താണ്? യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശയ്യാവു 54:13) ഭൂമിയിലെ തന്റെ ദൃശ്യസ്ഥാപനം മുഖാന്തരം യഹോവ ഈ ലോകവ്യാപക ഏകീകൃത സഹോദരവർഗത്തെ പഠിപ്പിക്കുകയാണ്—രാജ്യഹാളുകളിലും കൺവെൻഷനുകളിലും സമ്മേളനങ്ങളിലുമെല്ലാം. അതിന്റെ ഫലമോ, ഐക്യവും സമാധാനവും. യഹോവയുടെ പഠിപ്പിക്കലിന്റെ ഫലമായി ഒരു അപൂർവ ജനത രൂപം കൊണ്ടിരിക്കുന്നു. ഭിന്നിച്ചതും വിഭജിതവുമായ ഈ ലോകത്തിൽ എവിടെ ജീവിച്ചാലും പരസ്പരം സ്നേഹിക്കാൻ മാത്രമല്ല തങ്ങളുടെ അയൽക്കാരെയും തങ്ങളെപ്പോലെതന്നെ സ്നേഹിക്കാൻ—വെറുക്കാനല്ല—അവർ അഭ്യസിച്ചിരിക്കുന്നു.—മത്തായി 22:36-40.
13. പ്രസംഗ വേലയിൽ ദൂതമാർഗനിർദേശം ഉണ്ടെന്ന് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
13 ഉദാസീനതയോ പീഡനമോ അഭിമുഖീകരിക്കേണ്ടി വന്നാൽപ്പോലും പ്രസംഗിക്കുന്നതിൽ തുടരാൻ സാക്ഷികളെ പ്രേരിപ്പിക്കുന്നത് സ്നേഹമാണ്. (1 കൊരിന്ത്യർ 13:1-8) തങ്ങളുടെ ജീവരക്ഷാകരമായ വേലയ്ക്കു മാർഗനിർദേശം ലഭിക്കുന്നത്, വെളിപ്പാടു 14:6 പ്രസ്താവിക്കുന്നതു പോലെ, സ്വർഗത്തിൽ നിന്നാണെന്ന് അവർക്കറിയാം. ദൂത മാർഗനിർദേശത്തിൻ കീഴിൽ പ്രസംഗിക്കപ്പെടുന്ന ഈ സന്ദേശം എന്താണ്? “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ.” രാജ്യ സുവാർത്താ പ്രസംഗം യഹോവയുടെ നാമത്തെ വാഴ്ത്തുന്നു. സൃഷ്ടികൾക്കും അന്ധമായ പരിണാമത്തിനുമല്ല, മറിച്ച് സ്രഷ്ടാവായ ദൈവത്തിനു മഹത്ത്വം നൽകാൻ ആളുകളെ ക്ഷണിക്കുന്നു. ഈ പ്രസംഗ പ്രവർത്തനം വളരെ അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തെന്നാൽ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു—മഹാബാബിലോനും സാത്താന്റെ ദൃശ്യ വ്യവസ്ഥിതിയുടെ മറ്റെല്ലാ ഘടകങ്ങൾക്കും എതിരെയുള്ള ന്യായവിധിയാണത്.—വെളിപ്പാടു 14:7; 18:8-10.
14. ഈ വലിയ പഠിപ്പിക്കൽ പരിപാടിയിൽ ആരൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
14 ഈ പ്രസംഗ വേലയിൽനിന്ന് ഒരു സമർപ്പിത ക്രിസ്ത്യാനിയും ഒഴിച്ചുനിർത്തപ്പെടുന്നില്ല. സഭയോടൊത്ത് പ്രസംഗിക്കുന്നതിൽ ആത്മീയ മൂപ്പന്മാർ നേതൃത്വം വഹിക്കുന്നു. പരിശീലനം സിദ്ധിച്ച പയനിയർമാർ ഈ വേലയിൽ പൂർണമായി ഏർപ്പെടുന്നു. ഓരോ മാസവും തങ്ങൾക്കു പ്രസംഗവേല ചെയ്യാൻ കഴിയുന്നത് ഏതാനും മണിക്കൂറുകൾ ആയിരുന്നാലും നിരവധി മണിക്കൂറുകൾ ആയിരുന്നാലും, ഈ രാജ്യ സന്ദേശത്തിന്റെ തീക്ഷ്ണതയുള്ള പ്രസാധകർ ഭൂമിയുടെ എല്ലാ ഭാഗത്തും ആ സന്ദേശം എത്തിച്ചുകൊണ്ടിരിക്കുന്നു.—മത്തായി 28:19, 20; എബ്രായർ 13:7, 17.
15. യഹോവയുടെ സാക്ഷികളുടെ പ്രസംഗത്തിന്റെ പ്രഭാവത്തെ സൂചിപ്പിക്കുന്ന ഒരു സംഗതി എന്താണ്?
15 ഈ ശ്രമങ്ങളെല്ലാം ലോകത്തിൽ എന്തെങ്കിലും പ്രഭാവം ചെലുത്തിയിട്ടുണ്ടോ? ഉണ്ട് എന്നതിന്റെ ഒരു ചെറിയ തെളിവാണ് ടിവി പരിപാടികളിലും വാർത്താ പംക്തികളിലും പലപ്പോഴും യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള വാർത്തകൾ വരുന്നുവെന്ന സംഗതി. എല്ലാവരുടെയും അടുക്കൽ എത്താനുള്ള നമ്മുടെ സ്ഥിരോത്സാഹത്തെയും നിശ്ചയദാർഢ്യത്തെയും അവ മിക്കപ്പോഴും എടുത്തുകാട്ടുന്നു. അതേ, ബഹുഭൂരിപക്ഷം ആളുകളും ഈ സന്ദേശത്തെയും സന്ദേശവാഹകരെയും തിരസ്കരിക്കുകയാണെങ്കിലും നമ്മുടെ ഉത്സാഹവും നിരന്തര സാന്നിധ്യവും ആഴമായ ഫലം ഉളവാക്കുന്നുണ്ട്!
സാക്ഷീകരണം പൂർത്തിയാക്കാനുള്ള നമ്മുടെ ഉത്സാഹം
16. ശേഷിക്കുന്ന പരിമിതമായ സമയത്ത് എങ്ങനെയുള്ള മനോഭാവം നാം പ്രകടമാക്കണം?
16 ഈ വ്യവസ്ഥിതിക്ക് ഇനി എത്ര കാലം അവശേഷിച്ചിട്ടുണ്ടെന്ന് നമുക്കറിയില്ല. യഹോവയെ സേവിക്കുന്നതിലുള്ള നമ്മുടെ ആന്തരം ശുദ്ധമായിരിക്കുന്നിടത്തോളം കാലം നാം അത് അറിയേണ്ട ആവശ്യവുമില്ല. (മത്തായി 24:36; 1 കൊരിന്ത്യർ 13:1-3) എന്നാൽ യഹോവയുടെ സ്നേഹവും ശക്തിയും നീതിയും പ്രകടമാകേണ്ടതിനു സുവാർത്ത “മുമ്പെ” പ്രസംഗിക്കപ്പെടണമെന്നു നമുക്കറിയാം. (മർക്കൊസ് 13:10) ദുഷ്ടവും നീതിരഹിതവും അക്രമാസക്തവുമായ ഈ ലോകം അവസാനിച്ചു കാണാൻ നാം വളരെ വർഷങ്ങളായി കാത്തിരിക്കുന്നെങ്കിൽ തന്നെയും നമ്മുടെ സാഹചര്യങ്ങൾക്കു ചേർച്ചയിൽ നാം നമ്മുടെ സമർപ്പണത്തിനൊത്ത് ജീവിക്കേണ്ടതുണ്ട്. നാം ഒരുപക്ഷേ വൃദ്ധരോ രോഗികളോ ആയിരിക്കാം. എങ്കിലും, ചെറുപ്പമായിരുന്നപ്പോൾ അല്ലെങ്കിൽ നല്ല ആരോഗ്യമുണ്ടായിരുന്ന നാളുകളിൽ ഉണ്ടായിരുന്ന അതേ തീക്ഷ്ണതയോടെ യഹോവയെ സേവിക്കാൻ നമുക്ക് ഇപ്പോഴും കഴിയും. നാം മുമ്പ് ശുശ്രൂഷയ്ക്കു ചെലവഴിച്ചിരുന്ന അത്രയും സമയം അതിനു ചെലവഴിക്കാൻ നമുക്കു കഴിയാതിരുന്നേക്കാം. എന്നാൽ, യഹോവയ്ക്കുള്ള നമ്മുടെ സ്തുതിയാഗത്തിന്റെ ഗുണം നമുക്കു തീർച്ചയായും നിലനിർത്താൻ സാധിക്കും.—എബ്രായർ 13:15.
17. നമുക്കെല്ലാം സഹായകവും പ്രോത്സാഹജനകവുമായ ഒരു അനുഭവം വിവരിക്കുക.
17 അതുകൊണ്ട്, ചെറുപ്പമാണെങ്കിലും അല്ലെങ്കിലും തീക്ഷ്ണത പ്രകടമാക്കിക്കൊണ്ട് കണ്ടുമുട്ടുന്ന ഏവരുമായും പുതിയ ലോകത്തിന്റെ ക്രിയാത്മക സന്ദേശം നമുക്കു പങ്കുവെക്കാം. ഓസ്ട്രേലിയയിലെ നാണം കുണുങ്ങിയായ ഒരു ഏഴു വയസ്സുകാരിയെപ്പോലെ ആയിരിക്കാം നമുക്ക്. അവൾ അമ്മയോടൊപ്പം കടയിൽ പോയതായിരുന്നു. എല്ലാവരോടും പ്രസംഗിക്കേണ്ടത് എത്ര പ്രധാനമാണെന്ന് രാജ്യഹാളിൽവെച്ച് അവൾ കേട്ടിരുന്നു. അതുകൊണ്ട് അവൾ തന്റെ ബാഗിൽ രണ്ടു ബൈബിൾ ലഘുപത്രികകൾ കരുതി. അമ്മ സാധനങ്ങൾ വാങ്ങുന്ന തിരക്കിലായിരിക്കെ ആ കൊച്ചു പെൺകുട്ടി അപ്രത്യക്ഷയായി. അമ്മ നോക്കിയപ്പോഴോ, ആ കുട്ടി ഒരു സ്ത്രീക്ക് ലഘുപത്രിക സമർപ്പിക്കുന്നതാണു കണ്ടത്! ഒരുപക്ഷേ തന്റെ മകൾ മുഖാന്തരം ശല്യമുണ്ടായെങ്കിൽ ക്ഷമ ചോദിക്കാൻ ആ അമ്മ അവരുടെ അടുത്തേക്കു ചെന്നു. എന്നാൽ ആ സ്ത്രീ സസന്തോഷം ആ ലഘുപത്രിക സ്വീകരിച്ചിരുന്നു. പരിചയമില്ലാത്ത ഒരു വ്യക്തിയെ സമീപിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് അമ്മ പിന്നീട് മകളോടു ചോദിച്ചു. “ഒന്ന്, രണ്ട്, മൂന്ന്! എന്നു ഞാൻ പറഞ്ഞു. എന്നിട്ടങ്ങ് പോയി!”
18. ശ്ലാഘനീയമായ ഒരു മനോഭാവം നമുക്ക് എങ്ങനെ പ്രകടമാക്കാൻ സാധിക്കും?
18 ആ ഓസ്ട്രേലിയൻ പെൺകുട്ടിയുടേതു പോലുള്ള മനോഭാവം നമുക്കെല്ലാം ആവശ്യമാണ്, പ്രത്യേകിച്ചും അപരിചിതരുടെയും അധികാരികളുടെയുമൊക്കെ അടുക്കൽ സുവാർത്തയുമായി ചെല്ലുന്ന കാര്യത്തിൽ. തിരസ്കരിക്കപ്പെട്ടേക്കാം എന്ന ഭയം നമുക്കുണ്ടായിരുന്നേക്കാം. യേശു പറഞ്ഞത് നമുക്കു മറക്കാതിരിക്കാം: “എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയിൽ തന്നേ നിങ്ങളെ പഠിപ്പിക്കും.”—ലൂക്കൊസ് 12:11, 12.
19. നിങ്ങളുടെ ശുശ്രൂഷ സംബന്ധിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
19 സുവാർത്തയുമായി ആളുകളുടെ അടുക്കൽ ദയാപുരസ്സരം എത്തുമ്പോൾ ദൈവാത്മാവിന്റെ സഹായത്തിൽ ആശ്രയിക്കുക. അൽപ്പകാലത്തേക്കു മാത്രം ജീവിച്ചിരിക്കുന്ന അയോഗ്യരായ സ്ത്രീപുരുഷന്മാരിൽ കോടിക്കണക്കിനാളുകൾ തങ്ങളുടെ ആശ്രയം വെക്കുന്നു. നാമോ, എന്നേക്കും ജീവിച്ചിരിക്കുന്ന യഹോവയിലും അവന്റെ സ്വർഗീയ സ്ഥാപനത്തിലും—ക്രിസ്തുയേശുവിലും വിശുദ്ധ ദൂതന്മാരിലും പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളിലും—ആശ്രയിക്കുന്നു! അതുകൊണ്ട്, ഓർമിക്കുക: ‘നമ്മോടു കൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികമാകുന്നു.’—2 രാജാക്കന്മാർ 6:16.
[അടിക്കുറിപ്പുകൾ]
a കൂടുതൽ ഉദാഹരണങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1994-ന്റെ (ഇംഗ്ലീഷ്) 217-20 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവയുടെ ജനത്തിന്റെ അതിജീവനത്തിൽ ദൈവത്തിന്റെ സ്വർഗീയ സ്ഥാപനം വഹിച്ചിരിക്കുന്ന പങ്കെന്ത്?
◻ 20-ാം നൂറ്റാണ്ടിൽ ഏതു രാഷ്ട്രീയ-മത ഘടകങ്ങൾ യഹോവയുടെ സാക്ഷികളെ ആക്രമിച്ചിരിക്കുന്നു?
◻ കാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ പൊരുത്തപ്പെടുത്തിയിരിക്കുന്നത് എങ്ങനെ?
◻ പ്രസംഗിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?
[17-ാം പേജിലെ ചിത്രം]
ഹെൻറിക്ക ഷൂർ
[18-ാം പേജിലെ ചിത്രങ്ങൾ]
ജപ്പാൻ
മാർട്ടിനിക്ക്
ഐക്യനാടുകൾ
കെനിയ
ഐക്യനാടുകൾ
ആളുകളെ കണ്ടെത്താൻ കഴിയുന്ന ഏതു സമയത്തും ഏതു സ്ഥലത്തും യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നു
[20-ാം പേജിലെ ചിത്രം]
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിനായി ഗ്രാമഫോണുകൾ ഉപയോഗിച്ചിരുന്നു