യഥാർഥവും ലോകവ്യാപകവുമായ സാഹോദര്യത്തിൽ സന്തുഷ്ടൻ
വില്ലി ഡേവിസ് പറഞ്ഞപ്രകാരം
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിനാലിൽ കടുത്ത സാമ്പത്തിക മാന്ദ്യം ലോകത്തെ ഞെരുക്കുകയായിരുന്നു. ഐക്യനാടുകളാണെങ്കിൽ സാമ്പത്തിക കുഴപ്പങ്ങളാൽ നട്ടംതിരിയുകയായിരുന്നു. ഒഹായോയിലെ ക്ലീവ്ലൻഡിൽ തൊഴിൽരഹിതർക്കുള്ള ദുരിതാശ്വാസവിതരണ കേന്ദ്രത്തിനു സമീപത്ത് ഒരു പൊലീസുകാരനും ഒരു കടുത്ത കമ്മ്യുണിസ്ററുകാരനും പരസ്പരം ഏററുമുട്ടി. അവസാനം കമ്മ്യുണിസ്ററുകാരനും അടുത്തുനിന്ന എന്റെ മുത്തശ്ശി വിന്നി വില്ല്യംസും ആ പൊലീസുകാരന്റെ വെടിയേററു പിടഞ്ഞു മരിച്ചു.
കമ്മ്യുണിസ്ററുകാർ ഈ മരണങ്ങൾക്ക് ഒരു വർഗീയ പരിവേഷം ചാർത്താൻ ശ്രമിച്ചു. കാരണം എന്റെ മുത്തശ്ശി കറുത്തവർഗക്കാരിയും പൊലീസുകാരൻ വെളുത്തവർഗക്കാരനുമായിരുന്നു. “ക്ലീവ്ലൻഡ് പൊലീസ് വർഗീയവാദികൾ,” “ഈ കൊലപാതകങ്ങൾക്കു പകരം വീട്ടുക” എന്നിങ്ങനെയുള്ള തലക്കെട്ടോടുകൂടിയ പത്രക്കുറിപ്പുകൾ അവർ വിതരണം ചെയ്തു. മുത്തശ്ശിയുടെ ശവസംസ്കാരത്തിനുവേണ്ട ഏർപ്പാടുകളും അതിന്റെ ചുമതലയുമെല്ലാം കമ്മ്യുണിസ്ററുകാരുടെ കൈകളിൽത്തന്നെയായിരുന്നു. ശവമഞ്ചം ചുമന്നവരുടെ ഒരു ചിത്രം എന്റെ പക്കലുണ്ട്. എല്ലാവരും വെള്ളക്കാർ. പാർട്ടിയംഗങ്ങളായ അവർ ഓരോരുത്തരും മുഷ്ടിചുരുട്ടിയ കൈ ഉയർത്തിപ്പിടിച്ചിരുന്നു. അങ്ങനെ ഉയർത്തിപ്പിടിച്ച കൈ പിന്നീട് കറുത്തവർഗക്കാരുടെ പാർട്ടി അടയാളമായിത്തീരുകയും ചെയ്തു.
എന്റെ മുത്തശ്ശി മരിക്കുന്ന സമയത്ത്, ഞാൻ അമ്മയുടെ ഗർഭത്തിലായിരുന്നു. നാലു മാസം കഴിഞ്ഞായിരുന്നു എന്റെ ജനനം. ഞാൻ വളർന്നുവരുകയായിരുന്നു. എന്നാൽ സംസാരത്തിനു തകരാറുണ്ടായിരുന്നു. വിക്കിവിക്കിയുള്ള സംസാരം. അതുകൊണ്ട്, സ്കൂളിൽ ആദ്യകാലത്ത് സംസാരചികിത്സ നടത്തേണ്ടിവന്നു.
എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നെ അമ്മയാണ് എന്നെയും എന്റെ സഹോദരിയെയും വളർത്തിയത്. എനിക്കു പത്തു വയസ്സായപ്പോൾ കുടുംബചെലവുകളിൽ സഹായിക്കാനായി ഞാനൊരു പണിയിലേർപ്പെട്ടു, സ്കൂൾ കഴിഞ്ഞുള്ള സമയങ്ങളിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കൽ. രണ്ടു വർഷത്തിനുശേഷം, സ്കൂൾ സമയത്തിനു മുമ്പും ശേഷവും ജോലി ചെയ്യാനാരംഭിച്ച ഞാൻ വീടിന്റെ പ്രധാന വരുമാനക്കാരനായിമാറി. അങ്ങനെയിരിക്കെ, അമ്മ ആശുപത്രിയിലായി. തുടരെത്തുടരെ പല ഓപ്പറേഷനുകളും വേണ്ടിവന്നതോടെ ഞാൻ സ്കൂൾ വിട്ട് മുഴുസമയ ജോലി തുടങ്ങി.
സഹോദരവർഗത്തിലേക്കുള്ള പരിചയപ്പെടുത്തൽ
1944-ൽ ഒരു യഹോവയുടെ സാക്ഷി “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നൊരു പുസ്തകം എന്റെ മച്ചുനന്റെ ഭാര്യക്കു കൊടുത്തു. അങ്ങനെ അവരുമായി തുടങ്ങിയ ബൈബിളധ്യയനത്തിൽ ഞാനും പങ്കുചേർന്നു. അതേവർഷംതന്നെ ഈസ്ററ്സൈഡ് സഭയിൽ ഞാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ സംബന്ധിക്കാൻ തുടങ്ങി. എനിക്കുണ്ടായിരുന്ന സംസാരത്തകരാറുതന്നെ സ്കൂൾ നിർവാഹകനായ ആൽബർട്ട് ക്രാഡക്കിനും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അതു നിയന്ത്രിക്കാൻ പഠിച്ചു. എനിക്ക് അദ്ദേഹം എന്തൊരു പ്രോത്സാഹനമായിരുന്നെന്നോ!
ഞങ്ങളുടെ പരിസരത്തു കൂടുതലും ഇററലിക്കാരും പോളീഷുകാരും ഹംഗേറിയക്കാരും യഹൂദൻമാരുമൊക്കെയായിരുന്നു. സഭയിൽ ഇക്കൂട്ടരും മററു വംശജരുമുണ്ടായിരുന്നു. വെളുത്തവർ മാത്രമടങ്ങിയ ആ സഭയിലെത്തിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാർ ഞാനും എന്റെ മച്ചുനന്റെ ഭാര്യയുമായിരുന്നു. പക്ഷേ സാക്ഷികൾ ഞങ്ങളോട് ഒരിക്കലും വർഗീയ പക്ഷഭേദം കാട്ടിയില്ല. വാസ്തവത്തിൽ, കൂടെക്കൂടെ അവർ എന്നെ അവരുടെ വീടുകളിൽ അതിഥിയായി കൊണ്ടുപോയി ഭക്ഷണം തരുമായിരുന്നു.
1956-ൽ ഞാൻ ഐക്യനാടുകളുടെ ദക്ഷിണഭാഗത്തേക്കു മാറിത്താമസിച്ചു. ശുശ്രൂഷകർ കൂടുതൽ ആവശ്യമുള്ളിടത്തു സേവിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പിന്നീട്, ഒരു വേനൽക്കാലത്ത് ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടി വടക്കുഭാഗത്തേക്കു വന്നു. അപ്പോൾ എന്നെ കാണാനെത്തിയ ക്ലീവ്ലൻഡ് സഹോദരങ്ങൾ എന്റെ പ്രവർത്തനത്തിൽ ഊഷ്മളമായ താത്പര്യം പ്രകടിപ്പിച്ചു. അവർ കാട്ടിയ താത്പര്യം എന്നെ ഈ മർമപ്രധാന പാഠം പഠിപ്പിച്ചു: എല്ലായ്പോഴും “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം.”—ഫിലിപ്പിയർ 2:4.
മുഴുസമയ ശുശ്രൂഷ വിപുലമാക്കി
ഒരു പയനിയറായി മുഴുസമയ പ്രസംഗവേലയിൽ മൂന്നു വർഷം സേവിച്ചുകഴിഞ്ഞപ്പോൾ, 1959 നവംബറിൽ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ലോകാസ്ഥാനമായ ബ്രുക്ലിൻ ബെഥേലിൽ സേവിക്കാനുള്ള ക്ഷണം എനിക്കു കിട്ടി. ഷിപ്പിങ് ഡിപ്പാർട്ടുമെൻറിലേക്കായിരുന്നു എന്റെ നിയമനം. എന്റെ ഡിപ്പാർട്ടുമെൻറ് മേൽവിചാരകനായ ക്ലോസ് ജെൻസനും കൂട്ടുതാമസക്കാരനായ വില്യം ഹാനനും എനിക്ക് ആത്മീയ പിതാക്കൻമാരായിത്തീർന്നു. ഞാൻ ബെഥേലിൽ എത്തുന്നതിനുമുമ്പുതന്നെ അവിടെ 40 വർഷമായി സേവിച്ചുകൊണ്ടിരുന്ന വെള്ളക്കാരായിരുന്നു അവരിരുവരും.
1960-കളുടെ ആരംഭത്തിൽ, ബെഥേൽ കുടുംബത്തിൽ ഏതാണ്ട് 600 അംഗങ്ങൾ ഉണ്ടായിരുന്നു. അതിൽ 20-തോളം പേർ ആഫ്രിക്കൻ അമേരിക്കക്കാരായിരുന്നു. അപ്പോഴേക്കും ഐക്യനാടുകൾ വർഗീയ ലഹളയിൽ മുങ്ങിത്തുടിക്കാൻ തുടങ്ങി. വർഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കു വിള്ളൽ വീണു. എന്നുവരികിലും, ‘ദൈവത്തിന്നു മുഖപക്ഷമില്ലെന്നും’ നമ്മളും അങ്ങനെതന്നെ പെരുമാറണമെന്നും ബൈബിൾ പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 10:34, 35) ബെഥേലിൽ ദിവസവും രാവിലെ മേശയിങ്കൽവെച്ചു ഞങ്ങൾ നടത്തിയ ചർച്ചകൾ അത്തരം സംഗതികളെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം സ്വീകരിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിനു കരുത്തേകുന്നതായിരുന്നു.—സങ്കീർത്തനം 19:7.
ബ്രുക്ലിൻ ബെഥേലിൽ സേവിക്കുമ്പോഴായിരുന്നു ഞാൻ ലോയിസ് റഫിനെ കണ്ടുമുട്ടുന്നത്. വിർജിനിയായിലെ റിക്മോണ്ടിൽ സേവിക്കുകയായിരുന്ന ആ പയനിയറെ ഞാൻ 1964-ൽ വിവാഹം കഴിച്ചു. മുഴുസമയ ശുശ്രൂഷയിൽ തുടരാനായിരുന്നു ഞങ്ങളുടെ തീരുമാനം. അതുകൊണ്ട്, വിവാഹത്തിനുശേഷം ഞങ്ങൾ ഐക്യനാടുകളുടെ ദക്ഷിണഭാഗത്തേക്കു തിരിച്ചുപോയി. ആദ്യം ഞങ്ങൾ പ്രത്യേക പയനിയർമാരായി സേവിച്ചു, അങ്ങനെ 1965 വരെ തുടർന്നു. പിന്നെ, സർക്കിട്ടു വേല ഏറെറടുക്കാനുള്ള ക്ഷണം കിട്ടി. തുടർന്നുള്ള പത്തു വർഷങ്ങളിൽ ഞങ്ങൾ കൻറക്കി, ടെക്സാസ്, ലൂസിയാന, അലബാമ, ജോർജിയ, വടക്കേ കാരലീന, മിസ്സിസ്സിപ്പി എന്നിവിടങ്ങളിലുള്ള സഭകൾ സന്ദർശിച്ചു.
ഞങ്ങളുടെ സാഹോദര്യത്തിന് ഒരു പരിശോധന
വൻ മാററങ്ങളുടെ വർഷങ്ങളായിരുന്നു അവ. ദക്ഷിണഭാഗത്തേക്കു ഞങ്ങൾ താമസം മാററുന്നതിനു മുമ്പ്, വർഗങ്ങളെത്തമ്മിൽ അകററി നിർത്തിയിരുന്നു. വെള്ളക്കാർക്കൊപ്പം ഒരേ സ്കൂളിൽ പോകുക, ഒരേ ഭക്ഷണശാലകളിൽ പോകുക, ഒരേ ഹോട്ടലിൽ അന്തിയുറങ്ങുക, ഒരേ കടയിൽനിന്നു സാധനങ്ങൾ വാങ്ങുക എന്നിവയൊക്കെ നിയമം മുഖാന്തരം നിരോധിച്ചിരുന്നു. ഒരേ കിണററിൽനിന്നു വെള്ളം കുടിക്കുന്നതുപോലും നിരോധിച്ചിരുന്നു. എന്നാൽ 1964-ൽ യുണൈററഡ് സ്റേറററ് കോൺഗ്രസ് പൗരാവകാശ നിയമം പാസ്സാക്കി. ഗതാഗതമുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലുള്ള വിവേചനം നിരോധിക്കുന്നതായിരുന്നു ആ നിയമം. അങ്ങനെ വർഗവിവേചനത്തിനു മേലാൽ നിയമത്തിന്റെ പിൻബലമില്ലാതായി.
അതുകൊണ്ട് പ്രശ്നമിതായിരുന്നു, കറുത്തവർ മാത്രമുള്ള സഭകളിലെയും വെള്ളക്കാർ മാത്രമുള്ള സഭകളിലെയും സഹോദരീസഹോദരൻമാർ സമന്വയിച്ച് പരസ്പരം സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുമോ? അല്ലെങ്കിൽ സമൂഹത്തിൽനിന്നുള്ള സമ്മർദങ്ങളും പണ്ടേ രൂഢമൂലമായിരിക്കുന്ന വികാരങ്ങളും സമന്വയത്തിനെതിരെ മുഖംതിരിച്ചുനിൽക്കാൻ ഇടയാക്കുമോ? “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന തിരുവെഴുത്തു കൽപ്പനയ്ക്കു ചെവികൊടുക്കുക എന്നതു ഒരു വെല്ലുവിളിയായിരുന്നു.—റോമർ 12:10.
ഓർക്കാൻ കഴിയുന്നിടത്തോളം, കറുത്തവർ താഴ്ന്നവരാണ് എന്നൊരു കാഴ്ചപ്പാടായിരുന്നു വിശേഷിച്ച് ദക്ഷിണഭാഗത്തുണ്ടായിരുന്നത്. സഭകൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ ഏതാണ്ട് എല്ലാ തുറകളിലുമുള്ള ആളുകളുടെ മനസ്സിൽ ഇത് ആഴത്തിൽ വേരൂന്നിയിരുന്നു. അതുകൊണ്ട്, വെളുത്തവരായ ചിലർക്കു കറുത്തവരെ സമൻമാരായി വീക്ഷിക്കുക എളുപ്പമായിരുന്നില്ല. തീർച്ചയായും, കറുത്തവരും വെളുത്തവരുമുൾപ്പെട്ട ഞങ്ങളുടെ സാഹോദര്യത്തിന് അതൊരു പരിശോധനയായി.
സന്തോഷകരമെന്നുപറയട്ടെ, സഭകൾ സമന്വയിക്കുന്നതിനോടു മൊത്തത്തിൽ അത്ഭുതാവഹമായ ഒരു പ്രതികരണമുണ്ടായി. നൂററാണ്ടുകൾകൊണ്ട് ശ്രദ്ധാപൂർവം കരുപ്പിടിപ്പിച്ച വർഗമേൻമയുടേതായ വീക്ഷണങ്ങൾ പെട്ടെന്നു തുടച്ചുനീക്കപ്പെട്ടില്ല. എങ്കിലും സമന്വയം ആരംഭിച്ചതോടെ നമ്മുടെ സഹോദരൻമാർ അതിനു നല്ല സ്വീകരണം കൊടുത്തു. ഒന്നിച്ചുകൂടാൻ സാധിച്ചതിൽ അവരിൽ മിക്കവർക്കും ആഹ്ലാദമായിരുന്നു.
നമ്മുടെ സഭകളുടെ സമന്വയത്തിൽ സാക്ഷികളല്ലാത്തവർപോലും സഹകരിച്ചത് രസാവഹംതന്നെ. ഉദാഹരണത്തിന്, ലാനററ് അലബാമയിൽ രാജ്യഹാളിന്റെ അടുത്തു താമസിക്കുന്നവരോടു ചോദിച്ചു, കറുത്തവർ യോഗങ്ങൾക്കു വരുന്നതിൽ വിരോധമുണ്ടോ എന്ന്. പ്രായംചെന്ന ഒരു വെള്ളക്കാരി കറുത്തവർഗക്കാരനായ സഹോദരന്റെ കൈക്കു പിടിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ അയൽപക്കത്തു വന്ന് നിങ്ങളുടെ ഇഷ്ടംപോലെ നിങ്ങളുടെ ദൈവത്തെ ആരാധിച്ചോളൂ!”
എത്യോപ്യയിലെ വിശ്വസ്തരായ സഹോദരങ്ങൾ
1974-ൽ ന്യൂയോർക്കിലെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ അഞ്ചര മാസത്തെ മിഷനറി പരിശീലനം ലഭിച്ചത് ഞങ്ങളെ അത്യധികം സന്തോഷിപ്പിച്ചു. അതേത്തുടർന്നു ഞങ്ങൾക്ക് ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലേക്കു നിയമനം ലഭിച്ചു. ചക്രവർത്തിയായ ഹെയ്ലെ സെലാസ്സി സ്ഥാനഭ്രംശം സംഭവിച്ച് വീട്ടുതടങ്കലിലായ സമയമായിരുന്നു അത്. ഞങ്ങളുടെ പ്രസംഗവേലക്കു നിരോധനമുണ്ടായിരുന്നതുകൊണ്ട്, ക്രിസ്തീയ സാഹോദര്യത്തിന്റെ ഊഷ്മളതയാർന്ന അടുപ്പം ഞങ്ങൾക്കു വലിയ ആശ്വാസമായി.
ഒരുമിച്ചു ജീവിക്കാനും സേവിക്കാനും കഴിഞ്ഞ പലരും, സത്യാരാധനയോടുള്ള അവരുടെ കൂറു നിമിത്തം പിന്നീടു തടവിലായി. ഞങ്ങളുടെ പ്രിയപ്പെട്ട ചില കൂട്ടുകാർ വധിക്കപ്പെടുകപോലും ചെയ്തു. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെa ഒരു സഭയിൽ എന്റെ ഒരു സഹമൂപ്പനായിരുന്നു ആഡെരാ തെശോം. മൂന്നു വർഷം തടവിലിട്ടശേഷം അദ്ദേഹത്തെ വധിച്ചു. സ്വാഭാവികമായും അദ്ദേഹത്തിന്റെ ഭാര്യ തീരാദുഃഖത്തിലായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് ഒരു പയനിയറായി സേവിക്കാൻ തുടങ്ങിയ അവളുടെ വെട്ടിത്തിളങ്ങുന്ന സന്തുഷ്ട മുഖം കാണാൻ കഴിഞ്ഞത് ഞങ്ങൾക്കൊക്കെ എന്തോരു സന്തോഷമായിരുന്നു!
വോർക്കു ആബേബ് എന്ന വിശ്വസ്തനായ മറെറാരു സഹോദരനെ 8 പ്രാവശ്യം വധശിക്ഷയ്ക്കു വിധിക്കുകയുണ്ടായി.* എന്നാൽ അദ്ദേഹം ഒരിക്കലും കുലുങ്ങിയില്ല! ഞാൻ അവസാനമായി അദ്ദേഹത്തെ കണ്ടപ്പോൾ, തോക്കിൻപാത്തികൊണ്ടുള്ള അടിയേററു ചതഞ്ഞരഞ്ഞ ചെവികൾ അദ്ദേഹം എനിക്കു കാണിച്ചുതന്നു. പ്രാതലും ഉച്ചഭക്ഷണവും രാത്രിഭക്ഷണവുമെല്ലാം തോക്കിൻപാത്തിതന്നെ എന്ന് അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു. പിന്നെ അദ്ദേഹം മരിച്ചു. എങ്കിലും സഹോദരങ്ങൾ അദ്ദേഹത്തെ വാത്സല്യപൂർവം ഇപ്പോഴും ഓർക്കുന്നു.
കുളിർമ പകരുന്ന ഒരോർമയാണ് എനിക്കു മറെറാരു സഹോദരനായ ഹൈലൂ യെമിറൂവിനെക്കുറിച്ചുള്ളത്.* അനുകരണാർഹമായ സ്നേഹമാണ് അദ്ദേഹം ഭാര്യയോടു കാട്ടിയത്. ഗർഭിണിയായിരിക്കുമ്പോഴാണ് അവളെ അറസ്ററു ചെയ്തത്. പ്രസവസമയം അടുത്തിരിക്കുന്നുവെന്നു കണ്ട്, അവൾക്കു പകരം താൻ ജയിലിൽ കിടക്കട്ടേയെന്ന് ജയിൽ അധികാരികളോടു ഹൈലൂ അപേക്ഷിച്ചു. വിശ്വാസവുമായി വിട്ടുവീഴ്ചക്കു തയ്യാറാകാതിരുന്ന അദ്ദേഹത്തെ പിന്നീട് അവർ വധിച്ചുകളഞ്ഞു.—യോഹന്നാൻ 15:12, 13; എഫെസ്യർ 5:28.
എത്യോപ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരുന്നതിനാൽ 1976-ൽ ഞങ്ങൾ കെനിയയിലേക്കു താമസം മാററി. കെനിയ, എത്യോപ്യ, സുഡാൻ, സെയ്ഷൽസ്, ഉഗാണ്ട, ടാൻസാനിയ എന്നിവയുൾപ്പെടെയുള്ള പൂർവാഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് ഏഴു വർഷത്തോളം ഞങ്ങൾ സഞ്ചാരവേലയിൽ സേവിച്ചു. ഞാൻ പലപ്രാവശ്യം ബറൂണ്ടിയും റുവാണ്ടയും സന്ദർശിച്ചു. ഈ രാജ്യങ്ങളിൽ നമ്മുടെ വേല നിയമപരമായി രജിസ്ററർ ചെയ്യുന്നതിനെപ്പററി അധികാരികളുമായി സംസാരിക്കാനായിരുന്നു ആ യാത്രകളെല്ലാം.
നമ്മുടെ വേലക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയശേഷം ആദ്യമായി നടന്ന ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുക്കാൻ 1992 ജനുവരിയിൽ എത്യോപ്യയിലേക്കു തിരിച്ചുചെല്ലാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമായിരുന്നു. 7,000-ത്തിലധികം പേർ സന്നിഹിതരായിരുന്നെങ്കിലും മിക്കവർക്കും തമ്മിൽ പരിചയമില്ലായിരുന്നു. കാരണം അതുവരെ കൊച്ചു കൂട്ടങ്ങളായി കൂടിയിരുന്നവരായിരുന്നു അവരൊക്കെ. കൺവെൻഷന്റെ ഓരോ ദിവസവും പരിപാടി ആരംഭിക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പുതന്നെ മിക്കവരും എത്തിച്ചേർന്നു. സ്നേഹം തുളുമ്പുന്ന നമ്മുടെ സാഹോദര്യം ആസ്വദിച്ചുകൊണ്ട് അവർ വൈകുന്നേരംവരെ അവിടെ ചെലവഴിച്ചു.
ഗോത്രവിചാരം അടക്കി
നൂററാണ്ടുകളായി ആഫ്രിക്കയിൽ ഗോത്രവിചാരം നടമാടുകയായിരുന്നു. ഉദാഹരണമായി ബറൂണ്ടിയും റുവാണ്ടയുംതന്നെ. അവിടെയുള്ള പ്രബല വംശങ്ങളായ ഹൂട്ടൂവും ടുററ്സിയും ദീർഘനാളായി പരസ്പര വൈരാഗ്യത്തിലാണ്. 1962-ൽ ഈ രാജ്യങ്ങൾ ബെൽജിയത്തിൽനിന്നു സ്വാതന്ത്ര്യം നേടിയതു മുതൽ ഈ രണ്ടു വംശജരും കാലാകാലങ്ങളിൽ ആയിരങ്ങളെയാണു പരസ്പരം കൊന്നൊടുക്കിയിട്ടുള്ളത്. അതുകൊണ്ട്, ഈ രണ്ടു വിഭാഗത്തിലുംപെട്ട ആളുകൾ യഹോവയുടെ സാക്ഷികളായിത്തീർന്ന് സമാധാനത്തിൽ ഒരുമയോടെ പ്രവർത്തിക്കുന്നതു കാണുമ്പോൾ എന്തൊരു ആഹ്ലാദം! അവർ പരസ്പരം പ്രകടമാക്കുന്ന സ്നേഹം ബൈബിൾ സത്യത്തിനു ചെവികൊടുക്കാൻ മററു പലർക്കും പ്രോത്സാഹനമായി.
അതുപോലെതന്നെയാണു കെനിയയിലെ വംശജരുടെ കാര്യം. അവരും പരസ്പര യോജിപ്പുള്ളവരായിരുന്നിട്ടില്ല. എന്നാൽ കെനിയയിൽ യഹോവയുടെ ജനത്തിന്റെ ക്രിസ്തീയ സാഹോദര്യത്തിൽ സംഗതി എത്ര വ്യത്യസ്തം! രാജ്യഹാളുകളിൽ വ്യത്യസ്ത വംശജരായ ആളുകൾ ഐക്യത്തിൽ ആരാധിക്കുന്നതു നിങ്ങൾക്കു കാണാവുന്നതാണ്. അനേകരും ഗോത്രവൈരാഗ്യമെല്ലാം വെടിഞ്ഞ് മററു വംശജരായ തങ്ങളുടെ സഹോദരീസഹോദരൻമാരോടു യഥാർഥ സ്നേഹം പ്രകടിപ്പിക്കുന്നതു കാണാൻ കഴിഞ്ഞത് എന്നെ അത്യധികം സന്തോഷിപ്പിച്ചു.
നമ്മുടെ സാഹോദര്യത്തിൽ സന്തുഷ്ടൻ
ദൈവത്തിന്റെ സ്ഥാപനവുമായുള്ള 50 വർഷത്തെ എന്റെ സഹവാസത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഹൃദയം യഹോവയോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടുമുള്ള നന്ദിയാൽ നിറയുകയാണ്. ഭൂമിയിൽ അവർ കൈവരുത്തിയിരിക്കുന്നതെന്തെന്നു നിരീക്ഷിക്കുന്നതു തികച്ചും വിസ്മയാവഹംതന്നെ! ഇല്ല, ദൈവജനത്തിനിടയിലെ അവസ്ഥ ഒരിക്കലും പൂർണതയുള്ളതായിരുന്നില്ല, ഇപ്പോഴും അങ്ങനെയല്ല. എന്നാൽ നൂറുകണക്കിനു വർഷങ്ങളിലെ സാത്താന്റെ ലോകത്തിന്റെ വർഗീയ പഠിപ്പിക്കലുകളെ രായ്ക്കുരാമാനം തുടച്ചുനീക്കാനാവുമെന്നു പ്രതീക്ഷിക്കാനാവില്ല. എന്തൊക്കെയായാലും, നാമെല്ലാം ഇപ്പോഴും അപൂർണരാണല്ലോ.—സങ്കീർത്തനം 51:5.
ഞാൻ യഹോവയുടെ സ്ഥാപനത്തെ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ യഥാർഥവും ലോകവ്യാപകവുമായ സാഹോദര്യത്തോടുള്ള വിലമതിപ്പിനാൽ എന്റെ ഹൃദയം നിറഞ്ഞുകവിയുകയാണ്. എന്നിൽ സത്യം നട്ടുവളർത്തിയ ക്ലീവ്ലൻഡിലെ വെള്ളക്കാരായ സഹോദരൻമാരെ ഞാനിപ്പോഴും സ്നേഹപൂർവം ഓർക്കുകയാണ്. മുൻവിധിയുടെ വികാരങ്ങൾ മാററി അതിനുപകരം ഹൃദയസ്പർശിയായ സാഹോദര്യ സ്നേഹം പ്രകടിപ്പിക്കുന്ന, ദക്ഷിണ ഐക്യനാടുകളിലെ നമ്മുടെ സഹോദരങ്ങളെ കണ്ടപ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ മതിമറന്നു. പിന്നീട്, യഹോവയുടെ വചനത്തിനു വർഗവിദ്വേഷം തുടച്ചുനീക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് ആഫ്രിക്കയിൽ ചെന്ന് നേരിട്ടു കാണാൻ കഴിഞ്ഞതും എന്നെ നമ്മുടെ ലോകവ്യാപക സാഹോദര്യത്തിൽ കൂടുതൽ മതിപ്പുള്ളവനാക്കി.
തീർച്ചയായും, പുരാതന നാളിലെ ദാവീദ് രാജാവ് ഇക്കാര്യം വളരെ നന്നായി പ്രകടിപ്പിച്ചു. അദ്ദേഹം പറഞ്ഞു: “ഇതാ, സഹോദരൻമാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”—സങ്കീർത്തനം 133:1.
[അടിക്കുറിപ്പ്]
a ആഡെരാ തെശോമിന്റെയും ഹെയ്ലൂ യെമീറുവിന്റെയും ചിത്രങ്ങൾ 1992-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്തകത്തിന്റെ 177-ാമത്തെ പേജിൽ കാണാവുന്നതാണ്. 178-81 പേജുകളിൽ വോർക്കു അബേബിന്റെ അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്.
[23-ാം പേജിലെ ചിത്രം]
എന്റെ മുത്തശ്ശിയുടെ ശവസംസ്കാരം
[24-ാം പേജിലെ ചിത്രം]
ടുററ്സി, ഹൂട്ടൂ സാക്ഷികൾ സമാധാനത്തിൽ വർത്തിക്കുന്നു
[25-ാം പേജിലെ ചിത്രം]
എന്റെ ഭാര്യ ലോയിസിനോടൊപ്പം