നിങ്ങൾ ക്ഷമിക്കുന്നവരാണോ?
ബിൽ എന്നയാളിനു തന്റെ 16 വയസ്സുകാരി മകൾ ലിസയുമായി ഒത്തുപോകുക ബുദ്ധിമുട്ടായി. നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങളേ അവർക്കിടയിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതൊക്കെ വലിയ വാക്കേററങ്ങളായി മാറുകയായിരുന്നു. അവസാനം അവളോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. അത്രക്കു രൂക്ഷമായി അവർക്കിടയിലെ പ്രശ്നം.a
കുറച്ചു നാളുകൾ കഴിഞ്ഞ്, തന്റെ ഭാഗത്താണു തെറെറന്നു മനസ്സിലാക്കിയപ്പോൾ ലിസ പിതാവിനോടു മാപ്പ് അപേക്ഷിച്ചു. എന്നാൽ ലിസയുടെ കഴിഞ്ഞകാല തെററുകൾ ക്ഷമിക്കുന്നതിനുപകരം രമ്യതയിലാകാനുള്ള അവളുടെ ശ്രമത്തെ ആ പിതാവ് പകയോടെ തള്ളി. ഒന്നാലോചിച്ചു നോക്കൂ! സ്വന്തം മകളോടു കരുണ കാണിക്കാൻ അദ്ദേഹത്തിനു മനസ്സില്ലായിരുന്നു!
നൂററാണ്ടുകൾക്കു മുമ്പ്, താൻ ചെയ്തിട്ടില്ലാത്ത ഒരു കുററത്തിന് നിർദോഷിയായ ഒരു മനുഷ്യനെ വധിക്കാൻ വിധിച്ചു. സാക്ഷികളൊക്കെയും കള്ളസാക്ഷ്യം കൊടുത്തു. രാഷ്ട്രീയ അധികാരികൾ ആ വശത്തേക്കു ശ്രദ്ധിച്ചതേയില്ല. നീതി നടപ്പാക്കാൻ അവർ മനഃപൂർവം വിസമ്മതിച്ചു. ആ നിഷ്കളങ്കനായ മനുഷ്യൻ യേശുക്രിസ്തുവായിരുന്നു. മരിക്കുന്നതിനു തൊട്ടു മുമ്പ് അവൻ ദൈവത്തോടു പ്രാർഥനാപൂർവം യാചിച്ചു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.”—ലൂക്കൊസ് 23:34.
യേശു ഹൃദയത്തിൽനിന്നു സൗജന്യമായി ക്ഷമിച്ചു. ഇക്കാര്യത്തിൽ അവനെ അനുകരിക്കാൻ അവന്റെ അനുഗാമികളോട് ആവശ്യപ്പെട്ടു. (എഫെസ്യർ 4:32) എങ്കിലും ബില്ലിനെപ്പോലെ നിഷ്കാരുണ്യം കാട്ടുന്ന അനേകരുണ്ട്. ക്ഷമിക്കാൻ അവർക്കു മനസ്സില്ല. ഇക്കാര്യത്തിൽ നിങ്ങൾ എവിടെ നിലകൊള്ളുന്നു? മററുള്ളവർ നിങ്ങളോടു തെററു ചെയ്യുമ്പോൾ അവരോടു ക്ഷമിക്കാനുള്ള മനസ്സുണ്ടോ നിങ്ങൾക്ക്? ഗുരുതരമായ തെററാണെങ്കിലോ? അതും ക്ഷമിക്കണമോ?
ക്ഷമ ഒരു വെല്ലുവിളി
ക്ഷമിക്കുകയെന്നത് എല്ലായ്പോഴും എളുപ്പമല്ല. ഈ പ്രയാസമേറിയ കാലത്ത്, മനുഷ്യബന്ധങ്ങൾ കൂടുതൽക്കൂടുതൽ പ്രശ്നങ്ങളിലകപ്പെടുകയാണ്. വിശേഷിച്ചും കുടുംബജീവിതം. പലവിധ ഞെരുക്കങ്ങളും സമ്മർദങ്ങളും കുന്നുകൂടുകയാണതിൽ. ഇതായിരിക്കും “അന്ത്യകാല”ത്തെ സ്ഥിതിവിശേഷമെന്നു ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് വളരെ നാളുകൾക്കുമുമ്പുതന്നെ പ്രസ്താവിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: “മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും . . . സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി”രിക്കും.—2 തിമൊഥെയൊസ് 3:1-4.
അപ്പോൾ, മററുള്ളവരോടു ക്ഷമിക്കാനുള്ള നമ്മുടെ കഴിവിനെ പരിശോധിക്കുന്ന ബാഹ്യസമ്മർദങ്ങൾ നാമെല്ലാം അഭിമുഖീകരിക്കേണ്ടിവരുമെന്നത് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. അതിലുമുപരി, ആന്തരിക സമ്മർദങ്ങളോടും നാം പോരാടുന്നു. “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നൻമ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിൻമയത്രേ പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ” എന്ന് പൗലോസ് വിലപിക്കുകയുണ്ടായി. (റോമർ 7:19, 20) തത്ഫലമായി, നമ്മൾ ആഗ്രഹിക്കുന്നത്ര ക്ഷമിക്കുന്നവരാകാൻ നമുക്കാവുന്നില്ല. എന്തൊക്കെയായാലും, അവകാശപ്പെടുത്തിയ അപൂർണതയും പാപവും നമ്മുടെ എല്ലാവരുടെയുംമേൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതു ചിലപ്പോഴൊക്കെ സഹമനുഷ്യരോടുള്ള അനുകമ്പയെയും അപഹരിക്കുന്നു.
നിസ്സാര തെററുകുററങ്ങൾ ക്ഷമിക്കണമെന്നു പറഞ്ഞപ്പോൾ ഒരു സ്ത്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ക്ഷമിക്കാനാവശ്യമായ ശ്രമത്തിനുതക്ക വിലയൊന്നും ആർക്കുമില്ല.” പുറമേ നോക്കുമ്പോൾ അത്തരം ഒരു അഭിപ്രായം നിർവികാരവും മരവിച്ചതും ദോഷൈകദൃഷ്ടിയുള്ളതുപോലും ആണെന്നു തോന്നിയേക്കാം. എങ്കിലും ആഴത്തിൽ നോക്കുമ്പോൾ, സ്വാർഥരുടെയും ശ്രദ്ധയില്ലാത്തവരുടെയും പകയുള്ളവരുടെയും ലോകത്തെ അഭിമുഖീകരിക്കുമ്പോൾ ആളുകൾക്ക് അനുഭവപ്പെടുന്ന ആശാഭംഗത്തെയാണ് അതു വെളിപ്പെടുത്തുന്നതെന്നു കാണാം. “ആളുകളോടു ക്ഷമിക്കുമ്പോൾ അവർ നിങ്ങളെ മുതലെടുക്കാൻ ശ്രമിക്കും. പിന്നെ അവർ തോളത്താവും ചവുട്ടിനിൽക്കുക” എന്നാണ് വേറൊരാൾ പറഞ്ഞത്.
അപ്പോൾ, ക്ഷമിക്കാനുള്ള ഒരു മനോഭാവം നട്ടുവളർത്തുകയെന്നത് ഈ അന്ത്യനാളുകളിൽ പ്രയാസകരമായിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. എന്നാലും, ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നതു ദയാപൂർവം ക്ഷമിക്കാനാണ്. (താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 2:7.) നാം ക്ഷമിക്കുന്നവരായിരിക്കേണ്ടത് എന്തുകൊണ്ട്?
[അടിക്കുറിപ്പ്]
a പേരുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.