മരിച്ചവരെക്കുറിച്ചുള്ള ഭയം വിപുലവ്യാപകമാണ്
സായംസന്ധ്യ. സാധാരണയിലും അൽപ്പം വൈകി നിങ്ങൾ വീട്ടിലേക്കു മടങ്ങുകയാണ്. പ്രദേശത്തുള്ള ശ്മശാനത്തിനരികിലെത്തുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പു കുറച്ചു ദ്രുതഗതിയിലാകുന്നു. രാത്രിയുടെ നിശബ്ദതയിൽ ഒരു മൊട്ടുസൂചി വീണാൽപ്പോലും നിങ്ങൾക്കു കേൾക്കാൻ കഴിയും. പൊടുന്നനവേ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് സമീപത്തെങ്ങുനിന്നോ തുളച്ചുകയറുന്ന, ഭീതിപ്പെടുത്തുന്ന ഒരു ശബ്ദം നിങ്ങളുടെ കാതുകളിൽ വന്നലയ്ക്കുന്നു. വീട്ടിലൊന്ന് എത്തിയാൽമതിയെന്നചിന്തയിൽ നിങ്ങൾ നടപ്പിന്റെ വേഗത കൂട്ടുന്നു—ഒപ്പം നാഡീസ്പന്ദനവും ദ്രുതഗതിയിലാകുന്നു.
ഒരു ശ്മശാനത്തിലോ അതിന്റെ സമീപത്തോവെച്ച് നിങ്ങൾക്കു സംഭ്രാന്തി അനുഭവപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ സാർവലൗകികമായ ഒരു മത വിശ്വാസത്താൽ—മരിച്ചുപോയവരുടെ ആത്മാക്കൾക്ക് ജീവിച്ചിരിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയും എന്ന വിശ്വാസത്താൽ—സ്വാധീനിക്കപ്പെടുകയാകാം.
മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുടെ സഹായം ആവശ്യമാണ് അല്ലെങ്കിൽ അവരെ പ്രീണിപ്പിക്കാത്തപക്ഷം അവർ ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കും എന്ന വിശ്വാസത്തിന്റെ ഫലമായി അന്ധവിശ്വാസപരമായ അനേകം ആചാരങ്ങൾ വികാസംപ്രാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചില ലാററിൻ അമേരിക്കൻ രാജ്യങ്ങളിലെ കാര്യമെടുക്കാം. ഒരു വ്യക്തി അപകടംമൂലം മരണമടയുന്നിടത്ത് ഒരു കുരിശ് സഹിതം ഒരു ചെറിയ പുര പണിതുയർത്തുന്ന ആചാരം അവിടെ അനേകർക്കുമുണ്ട്. മരിച്ചുപോയ വ്യക്തിയുടെ ദേഹിയെയോ ആത്മാവിനെയോ സഹായിക്കുന്നതിന് അല്ലെങ്കിൽ അതിൽ താത്പര്യമുണ്ടെന്നു കാണിക്കുന്നതിന് ആളുകൾ അവിടെ മെഴുതിരികൾ കത്തിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോഴെല്ലാം പ്രാർഥനകൾക്ക് “അത്ഭുതകരമായ” ഉത്തരങ്ങൾ ലഭിച്ചതായുള്ള റിപ്പോർട്ടുകൾ വിതരണം ചെയ്യുകയും തൻമൂലം ആനിമിതാ, അതായത് മരിച്ചയാളുടെ ദേഹിക്ക് അല്ലെങ്കിൽ ആത്മാവിനുവേണ്ടി പണിതുയർത്തിയ പുര ആളുകൾ പതിവായി സന്ദർശിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ചില കാര്യങ്ങൾ നിർവഹിക്കുന്നതിന് അല്ലെങ്കിൽ നേടുന്നതിന്—ഒരുപക്ഷേ ഒരു അത്ഭുത ശാന്തി നേടാൻ—മരിച്ചയാൾ തങ്ങളെ സഹായിക്കുമെങ്കിൽ തങ്ങളുടെ കൃതജ്ഞത ഒരു പ്രത്യേക രീതിയിൽ പ്രകടിപ്പിക്കുമെന്ന് അവർ അവിടെവെച്ച് മാൻഡാസ് അഥവാ വാഗ്ദാനം ചെയ്യുന്നു. നേരെമറിച്ച്, സന്നിഹിതരായിരിക്കുന്നവരെ ഭയപ്പെടുത്തിക്കൊണ്ട് ഒരു വ്യക്തിയുടെ ദേഹി രാത്രിയുടെ യാമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ടു ചെയ്തുവെന്നുംവരാം. കഴിഞ്ഞകാല സംഭവങ്ങൾ കാരണം അത്തരം ദേഹികൾ ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കുന്ന പെനാൻഡോ ആണെന്നു പൊതുവേ പറയപ്പെടുന്നു.
മരിച്ചവരുടെ “ആത്മാക്കളെ” പ്രീണിപ്പിക്കുന്നതിന് അനേകം ദേശങ്ങളിലും ആളുകൾ അതീവ ശ്രമം ചെലുത്തിയിരിക്കുന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കുകയും യാഗങ്ങൾ അർപ്പിക്കുകയും സാന്ത്വന വാക്കുകൾ ഉരുവിടുകയും ചെയ്യുന്നു. മരിച്ച വ്യക്തിയുടെ ആത്മാവിൽനിന്നുള്ള പ്രതികാരത്തെ തടയുന്നതിനാണ് ഈ ഉദ്യമങ്ങളെല്ലാം. ആത്മാവിനെ പ്രീണിപ്പിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ പ്രതിഫലങ്ങളിലും അനുഗ്രഹങ്ങളിലും കലാശിക്കുമെന്നാണ് കരുതിപ്പോരുന്നത്.
“യാതൊരു സംഭവവും ‘പതിവായോ സ്വാഭാവികമായോ’ സംഭവിക്കുന്നില്ലെന്ന് അനേകരും കരുതുന്നു” എന്ന് ആഫ്രിക്കയിൽനിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നു. “ഏതൊരു സംഭവവും—രോഗം, അത്യാഹിതം, വന്ധ്യത, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അമിത മഴ അല്ലെങ്കിൽ വെയിൽ, അപകടം, കുടുംബച്ഛിദ്രം, മരണം അങ്ങനെ എന്തുമായിക്കൊള്ളട്ടെ, അമാനുഷ ശക്തിയുള്ള അദൃശ്യ ആത്മാക്കളാണ് ഇതിനെല്ലാം കാരണമെന്ന് അവർ വിശ്വസിക്കുന്നു.” വേറൊരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ആളുകളുടെ വിചാരം, തങ്ങളുടെ പൂർവികരുടെ ആത്മാക്കൾ സ്വർഗത്തിൽ ഒരു സ്ഥാനം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും ഭൂമിയിൽ അവശേഷിച്ചിരിക്കുന്ന അവരുടെ ബന്ധുക്കളുടെമേൽ അവർ നിരന്തരം ശ്രദ്ധചെലുത്തുന്നുവെന്നുമാണ്. പൂർവികർ അമാനുഷ ശക്തിയുള്ളവരാണെന്നും ആ ശക്തി ഉപയോഗിച്ച് അവർക്ക് ഭൂമിയിലുള്ള ബന്ധുക്കളെ അനുഗ്രഹിച്ച് സംരക്ഷിക്കാനോ ശിക്ഷിക്കാനോ കഴിയും എന്നും ഇത് മരിച്ചവരെ ബന്ധുക്കൾ ആദരിക്കുന്നതിനെയോ അവഗണിക്കുന്നതിനെയോ ആശ്രയിച്ചിരിക്കുന്നു എന്നും കരുതിപ്പോരുന്നു.”
എന്നാൽ അത്തരം വിശ്വാസങ്ങൾ ദൈവവചനത്തോടു ചേർച്ചയിലാണോ? നിങ്ങളുടെ അഭിപ്രായമെന്താണ്?
[4-ാം പേജിലെ ചിത്രം]
ചിലിയിലെ ഒരു “ആനിമിതാ”