ബൈബിളിന്റെ വീക്ഷണം
നിങ്ങൾ മരിച്ചവരെ ഭയപ്പെടണമോ?
മരണം എന്ന വിഷയം പരാമർശിക്കുമ്പോൾ പലയാളുകളും അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കാൻ മടിക്കുന്നു. എന്നാൽ ചിലർക്ക് ആ വിഷയം അസുഖകരമാണെന്നു മാത്രമല്ല, ഭയജനകവുമാണ്. അതുകൊണ്ട് ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിൽ മരിച്ചവരെക്കുറിച്ചുള്ള ഭയവുമായി ബന്ധപ്പെട്ട ആചാരങ്ങളും ചടങ്ങുകളും കണ്ടെത്തുക അസാധാരണമല്ല. ഉദാഹരണത്തിന്, നമുക്കു സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ ഭാഗത്തു കണ്ടുവരുന്ന ആചാരങ്ങൾ നോക്കാം.
ഒരു പശ്ചിമാഫ്രിക്കൻ നഗരത്തിലുള്ള ഒരു സ്ത്രീ, അവളുടെ ഒരു കുടുംബാംഗം മരിച്ചുകഴിഞ്ഞപ്പോൾ എന്തു സംഭവിച്ചുവെന്ന് കൃത്യമായി ഓർമിക്കുന്നു. അവൾ ഇങ്ങനെ വിവരിക്കുന്നു: “ഒരു ബന്ധു നിത്യവും മരണമടഞ്ഞ ആൾക്കുവേണ്ടി ഒരു പാത്രം ആഹാരം തയ്യാറാക്കി അദ്ദേഹത്തിന്റെ കിടക്കറയിൽ കൊണ്ടുപോയി ശ്രദ്ധാപൂർവം വച്ചിരുന്നു. അവൾ അടുത്തില്ലാത്തപ്പോൾ ഞാൻ പോയി ആ ആഹാരം കഴിക്കുമായിരുന്നു. ബന്ധു തിരിച്ചെത്തുമ്പോൾ അവൾ വളരെ സന്തുഷ്ടയായിരുന്നു! മരണമടഞ്ഞയാൾ ഇഷ്ടമുള്ള സാധനങ്ങൾ സ്വീകരിച്ചുവെന്ന് അവൾ വിശ്വസിച്ചു. എനിക്കു രോഗം പിടിപെടുന്നതുവരെ ഇതു കുറേ നാളത്തേക്കു തുടർന്നുകൊണ്ടിരുന്നു. എനിക്കു വിശപ്പില്ലാതാകുകയും യാതൊരു ഭക്ഷണവും കഴിക്കാൻ മേലാതാകുകയും ചെയ്തു. ഇതെന്നെ പരിഭ്രാന്തയാക്കി! ഞങ്ങളുടെ മരിച്ചുപോയ ബന്ധു നിമിത്തമാണ് എനിക്കു രോഗം പിടിപെട്ടതെന്ന് എന്റെ ബന്ധുക്കളിൽ പലരും നിഗമനം ചെയ്തു. കുടുംബത്തിലെ ആരോടെങ്കിലും അദ്ദേഹത്തിനു ദേഷ്യമുണ്ടായിരിക്കുമെന്ന് അവർ വിചാരിച്ചു.”
അതേ നഗരത്തിൽത്തന്നെ, ഒരു കുടുംബത്തിൽ ഇരട്ടകളുണ്ടായിരിക്കുകയും ഒരു കുട്ടി മരിച്ചുപോകുകയും ചെയ്താൽ മരിച്ചുപോയ കുട്ടിയെക്കുറിച്ച് ആ വീട്ടിൽ ആരും സംസാരിക്കുകയില്ല. മരിച്ചുപോയ ഇരട്ടയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ, “അവൻ അല്ലെങ്കിൽ അവൾ ഉപ്പു വാങ്ങാനായി പുറത്തുപോയിരിക്കുകയാണ്” എന്ന് കുടുംബം ആചാരപരമായി ഉത്തരം പറയും. സത്യം പുറത്തു പറഞ്ഞാൽ ജീവിച്ചിരിക്കുന്ന ഇരട്ടയുടെ ജീവൻ നഷ്ടമാകുമെന്ന് അവർ അടിയുറച്ചു വിശ്വസിക്കുന്നു.
അടുത്തതായി, ഈ രംഗം ഭാവനയിൽ കാണുക: മൂന്നു ഭാര്യമാരുള്ള ഒരു മനുഷ്യൻ മരിക്കുന്നു. ശവസംസ്കാരത്തിന്റെ പിറ്റേന്ന് പ്രത്യേക വെള്ള വസ്ത്രങ്ങൾ ഭാര്യമാർക്കായി ഉണ്ടാക്കുന്നു. അതേസമയംതന്നെ, തടികൊണ്ടുള്ള, പുല്ലുമേഞ്ഞ ഒരു പ്രത്യേക കുളിമുറി വീടിനു സമീപത്തായി നിർമിക്കുന്നു. അവിടെവച്ച് ഈ സ്ത്രീകൾ കുളിക്കുകയും വെള്ള വസ്ത്രം ധരിക്കുകയും ചെയ്യും. അവർക്കും അവരെ സഹായിക്കാനായി നിയമിച്ചിരിക്കുന്ന ഒരു സ്ത്രീക്കുമൊഴികെ ആർക്കും ആ സ്ഥലത്തു പ്രവേശിക്കാൻ കഴിയുകയില്ല. ഈ പ്രത്യേക കുളിമുറിയിൽനിന്നു പുറത്തിറങ്ങുമ്പോൾ ഈ സ്ത്രീകളുടെ മുഖം മൂടിയിരിക്കുന്നു. “സംരക്ഷണ”ത്തിനായി ഈ സ്ത്രീകൾ സെബെ എന്നു പറയുന്ന ഒരു ചരടു മാലയും ധരിക്കുന്നു. ആചാരപരമായ ഈ കുളി 100 ദിവസം എല്ലാ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും നടത്തുന്നു. ഈ സമയത്ത് അവർക്ക് ഒരു പുരുഷനിൽനിന്നു നേരിട്ടു യാതൊന്നും സ്വീകരിക്കാൻ കഴിയുകയില്ല. ഒരു പുരുഷൻ അവർക്ക് എന്തെങ്കിലും കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അത് ആദ്യം തറയിലോ മേശപ്പുറത്തോ വയ്ക്കണം. സ്ത്രീ അത് അവിടെനിന്ന് എടുക്കും. ഈ സ്ത്രീകളുടെ കിടക്കമേൽ ഇരിക്കാനോ കിടക്കാനോ ആർക്കും അനുവാദമില്ല. വീട്ടിൽനിന്നു പുറത്തിറങ്ങുമ്പോൾ അവർ ഓരോരുത്തരും ഒരു പ്രത്യേക വടി കൊണ്ടുനടക്കണം. ഈ വടി കൈയിലുണ്ടെങ്കിൽ മരിച്ചുപോയ ഭർത്താവിന്റെ ആക്രമണത്തെ തടയാൻ കഴിയുമെന്ന് അവർ വിചാരിക്കുന്നു. മേൽപ്പറഞ്ഞ നിർദേശങ്ങൾ അനുസരിക്കാത്തപക്ഷം മരിച്ചുപോയ ഭർത്താവ് കുപിതനായിത്തീരുകയും ഉപദ്രവിക്കുകയും ചെയ്യുമെന്ന് അവർ വിചാരിക്കുന്നു.
ലോകത്തിന്റെ ആ ഭാഗത്ത് ഇത്തരം അനുഭവങ്ങൾ സാധാരണമാണ്. എന്നിരുന്നാലും, ഈ രീതികളിലുള്ള ആചാരങ്ങൾ ആഫ്രിക്കയിൽ മാത്രമല്ല ഉള്ളത്.
മരിച്ചവരെക്കുറിച്ചുള്ള ഭയം വ്യാപകം
പലയാളുകളും തങ്ങളുടെ മരിച്ചുപോയ പൂർവികരെ വീക്ഷിക്കുന്ന വിധം സംബന്ധിച്ച് എൻകാർട്ടാ എന്ന ഒരു വിശ്വവിജ്ഞാനകോശം പിൻവരുന്നപ്രകാരം പ്രസ്താവിക്കുന്നു: “മരിച്ചുപോയ ബന്ധുക്കൾ . . . ശക്തരായ ആത്മജീവികളായിത്തീർന്നിരിക്കുന്നതായോ അത്ര സാധാരണമല്ലാത്ത, ദൈവ സ്ഥാനം പ്രാപിച്ചിരിക്കുന്നതായോ വിശ്വസിക്കപ്പെടുന്നു. പൂർവികർ സമൂഹത്തിലെ സജീവാംഗങ്ങൾ ആണെന്നും തങ്ങളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ കാര്യങ്ങളിൽ ഇപ്പോഴും തത്പരരാണെന്നുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമാണ് [ഈ ആശയം]. പശ്ചിമാഫ്രിക്കൻ സമൂഹങ്ങളിലും (ബാണ്ടുവും ഷോണായും) പോളിനേഷ്യയിലും മെലാനേഷ്യയിലും (ഡോബൂവും മാനസും) പല ഇൻഡോ-യൂറോപ്യൻ ജനതകളുടെ ഇടയിലും (പുരാതന സ്കാൻഡിനേവിയക്കാരും ജർമൻകാരും) പ്രത്യേകിച്ചു ചൈനയിലും ജപ്പാനിലും ഇതിനു വ്യാപകമായ തെളിവുണ്ട്. സംഭവപരമ്പരകളെ സ്വാധീനിക്കാനും ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ക്ഷേമത്തെ നിയന്ത്രിക്കാനും പ്രത്യേക ശക്തിയുള്ള പൂർവികർ വലിയ അധികാരം ചെലുത്തുന്നതായി പൊതുവേ വിശ്വസിക്കപ്പെടുന്നു. കുടുംബത്തിന്റെ സംരക്ഷണം അവരുടെ മുഖ്യ താത്പര്യങ്ങളിലൊന്നാണ്. അവർ പരമോന്നത ദൈവത്തിനും അല്ലെങ്കിൽ ദൈവങ്ങൾക്കും ആളുകൾക്കും ഇടയിലുള്ള മധ്യസ്ഥരാണെന്നും സ്വപ്നങ്ങളിൽക്കൂടിയും സ്വത്തിൽക്കൂടിയും അവർക്കു ജീവിച്ചിരിക്കുന്നവരുമായി ആശയവിനിയമം നടത്താൻ കഴിയുമെന്നും കരുതപ്പെടുന്നു. അവരോടുള്ള മനോഭാവം ഭയവും ഭക്തിയും കലർന്നതാണ്. അവഗണിക്കപ്പെട്ടാൽ പൂർവികർ രോഗവും മറ്റു ദുർഗതികളും വരുത്തിവയ്ക്കും. പ്രസാദിപ്പിക്കൽ, യാചന, പ്രാർഥന, ബലി എന്നിവ ജീവിച്ചിരിക്കുന്നവർക്കു തങ്ങളുടെ പൂർവികരുമായി ആശയവിനിയമം നടത്താൻ കഴിയുന്ന വിവിധ മാർഗങ്ങളാണ്.”
വാസ്തവത്തിൽ, മരിച്ചവരെക്കുറിച്ചുള്ള ഭയം നിമിത്തം ഒരു കുടുംബത്തിന്റെ വരുമാനം തീർന്നുപോയേക്കാം. മിക്കപ്പോഴും, മരിച്ചവരെ ഭയപ്പെടേണ്ടതുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്നവർ ആഹാരം, പാനീയം, ബലിക്കുവേണ്ടി ജീവനുള്ള മൃഗങ്ങൾ, വിലപിടിപ്പുള്ള വസ്ത്രം എന്നിവ ആവശ്യമുള്ള ചെലവേറിയ ആചാരങ്ങൾ നിഷ്കർഷിക്കുന്നു.
എന്നാൽ മരിച്ചുപോയ ബന്ധുക്കളോ പൂർവികരോ വാസ്തവത്തിൽ ഭയവും ഭക്തിയും ആവശ്യപ്പെടത്തക്ക അവസ്ഥയിലാണോ? ദൈവവചനമായ ബൈബിൾ എന്താണു പറയുന്നത്?
മരിച്ചവർക്കു നിങ്ങളെ ഉപദ്രവിക്കാൻ കഴിയുമോ?
അത്തരം വിശ്വാസങ്ങളുണ്ടെന്നു ബൈബിൾ സമ്മതിക്കുന്നുവെന്നറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടായിരിക്കാം. ആവർത്തനപുസ്തകത്തിൽ മരിച്ചവരെക്കുറിച്ചുള്ള ഭയവുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. അത് ഇപ്രകാരം പ്രസ്താവിക്കുന്നു: “മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരൻ, മൃതസന്ദേശവിദ്യക്കാരൻ എന്നിവരാരും നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കരുത്. ഇത്തരക്കാർ കർത്താവിനു നിന്ദ്യരാണ്.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ആവർത്തനപുസ്തകം 18:10-12, പി.ഒ.സി. ബൈബിൾ.
യഹോവയാം ദൈവം അത്തരം ചടങ്ങുകളെ കുറ്റംവിധിച്ചുവെന്നു ശ്രദ്ധിക്കുക. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവ ഒരു ഭോഷ്ക്കിൽ അധിഷ്ഠിതമാണ്. മരിച്ചവരെ സംബന്ധിച്ച ഏറ്റവും വലിയ ഭോഷ്ക്ക് ദേഹി തുടർന്നു ജീവിക്കുന്നുവെന്നതാണ്. ഉദാഹരണത്തിന്, നേരായ പാത (ഇംഗ്ലീഷ്) എന്ന മാഗസിൻ മരിച്ചവർക്ക് എന്തു സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “മരണം ദേഹിയുടെ വേർപാടല്ലാതെ മറ്റൊന്നുമല്ല. . . . ശവക്കുഴി ശരീരത്തിനുവേണ്ടി മാത്രമുള്ള സ്ഥലമാണ്, ദേഹിക്കുള്ളതല്ല.”
ബൈബിൾ ഇതിനോടു യോജിക്കുന്നില്ല. യെഹെസ്കേൽ 18:4 നിങ്ങൾ സ്വയം വായിച്ചുനോക്കുക: “നോക്കൂ, എല്ലാ ദേഹികളും എന്റേതാണ്; പിതാവിന്റെ ദേഹിയും പുത്രന്റെ ദേഹിയും ഒരുപോലെ എന്റേതാണ്; പാപം ചെയ്യുന്ന ദേഹി മരിക്കും.” (ജയിംസ് രാജാവിന്റെ ഭാഷാന്തരം) കൂടാതെ, മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് ദൈവവചനം സഭാപ്രസംഗി 9:5-ൽ വ്യക്തമായി ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” മരിച്ചവർക്കു വെക്കുന്ന ആഹാരം ജീവിച്ചിരിക്കുന്ന ആരെങ്കിലും കഴിക്കാതെ തീരുന്നില്ലാത്തതെന്തുകൊണ്ടെന്ന് ഇതു വിശദീകരിക്കുന്നു.
എന്നിരുന്നാലും, ശവക്കുഴിയിലുള്ളവരെ സംബന്ധിച്ചു ബൈബിൾ പ്രത്യാശ തരാതിരിക്കുന്നില്ല. അവർക്കു വീണ്ടും ജീവിക്കാൻ കഴിയും! ബൈബിൾ ഒരു “പുനരുത്ഥാന”ത്തെക്കുറിച്ചു സംസാരിക്കുന്നു. (യോഹന്നാൻ 5:28, 29; 11:25; പ്രവൃത്തികൾ 24:15) ദൈവത്തിന്റെ തക്ക സമയത്ത് അതു സംഭവിക്കും. അതിനിടയിൽ, മരിച്ചവരെ “ഉണർത്തുവാ”നുള്ള ദൈവത്തിന്റെ സമയംവരെ അവർ ശവക്കുഴിയിൽ ബോധരഹിതരായി “നിദ്രകൊള്ളുന്നു.”—യോഹന്നാൻ 11:11-14; സങ്കീർത്തനം 13:3.
ആളുകൾ പൊതുവേ അജ്ഞാതമായതിനെ ഭയപ്പെടുന്നു. സൂക്ഷ്മപരിജ്ഞാനത്തിന് ഒരു വ്യക്തിയെ അടിസ്ഥാനരഹിതമായ അന്ധവിശ്വാസങ്ങളിൽനിന്നു സ്വതന്ത്രനാക്കാൻ കഴിയും. ശവക്കുഴിയിലുള്ളവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം ബൈബിൾ നമുക്കു പ്രദാനം ചെയ്യുന്നു. ലളിതമായി പറഞ്ഞാൽ, നിങ്ങൾ മരിച്ചവരെ ഭയപ്പെടേണ്ടതില്ല!—യോഹന്നാൻ 8:32.