ബൈബിളിന്റെ വീക്ഷണം
പൂർവികാരാധന ക്രിസ്ത്യാനികൾക്കുള്ളതോ?
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതങ്ങളിൽ, പ്രത്യേകിച്ച് കൺഫ്യൂഷ്യസ് മതക്കാരുടെയും ബുദ്ധമതക്കാരുടെയും ഷിന്റോ മതക്കാരുടെയും ജീവിതങ്ങളിൽ, പൂർവികാരാധനക്ക് ഒരു മുഖ്യ പങ്കുണ്ടെന്ന് മിക്ക ആളുകൾക്കും അറിയാം. എന്നാൽ ആഫ്രിക്കക്കാരുടെ ജീവിതത്തിന്റെ ഇഴകളിലും പൂർവികാരാധന നെയ്തുചേർത്തിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമായിരുന്നോ? യഥാർത്ഥത്തിൽ മിക്കവാറും എല്ലാ മതങ്ങളിലും, ഒരുപക്ഷേ നിങ്ങളുടേതിൽപോലും പൂർവികാരാധനയുടെ നൂലുകൾ കാണാൻ കഴിയും. മതവിജ്ഞാനവിഭാഗത്തിന്റെ ഒരു നൈജീരിയൻ പ്രൊഫസർ, ഇത് “ഒരു സാർവലൗകിക പ്രതിഭാസമാണെ”ന്ന് പറയുന്നു.
പൂർവികാരാധന എന്നാലെന്താണ്? ഒരുപക്ഷേ ഇതു സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യം ഈ നിർവചനത്തോട് യോജിച്ചേക്കാം: “[മരിച്ചവരുടെ] ആത്മാക്കൾ ജീവിച്ചിരിക്കുന്നവരുടെ വിധിയെ സ്വാധീനിക്കുന്നു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി മതചടങ്ങുകളോടെ മരിച്ച ബന്ധുക്കളെ പ്രസാദിപ്പിക്കലും ആവാഹനവും.”—ദി കൺസൈസ കൊളമ്പിയാ എൻസൈക്ലോപ്പീഡിയാ.
അപ്രകാരം, ഭക്തനായ ഒരു പൂർവികാരാധകന്റെ—ദൃഷ്ടാന്തത്തിന് തെക്കുകിഴക്കേ ഏഷ്യയിൽ വസിക്കുന്ന ഒരു ബുദ്ധമതാനുയായിയുടെ—ഭവനത്തിൽ ബന്ധത്തിൽപ്പെട്ട മരിച്ച ഒരാളുടെ ചിത്രം പ്രമുഖസ്ഥാനത്ത് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചെറിയ അൾത്താര നിങ്ങൾ കണ്ടേക്കാം. ഇവിടെയും നിങ്ങൾ സുഗന്ധധൂപം മണക്കുകയോ പ്രാർത്ഥനകൾ ഉരുവിടുന്നതും കൈ കൊട്ടുന്നതും കേൾക്കുകയൊ ചെയ്തേക്കാം. കൂടെക്കൂടെ, ഭക്തർ തങ്ങളുടെ മരിച്ച ബന്ധുവിന്റെ പ്രയോജനത്തിനുവേണ്ടി അൾത്താരയിൽ ആഹാരം വെക്കുകയൊ പുഷ്പങ്ങൾ നിരത്തിവെക്കുകയൊ ചെയ്യുന്നു.
മറെറാരു ഭൂഖണ്ഡത്തിലേക്കു നീങ്ങുക, നിങ്ങൾ അനേകം ആഫ്രിക്കക്കാർ “തങ്ങളുടെ മരിച്ചവരോടൊത്ത് ജീവിക്കുന്നതായി” കണ്ടെത്തും. സഹാറായുടെ കീഴ്ഭാഗത്തെ ആഫ്രിക്കയിലെ പൊതുവായ വിശ്വാസം ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സഹവാസവും ആശയവിനിമയവും സാധ്യമാണെന്നാണ്. “ഞങ്ങൾ ആഫ്രിക്കക്കാർ എല്ലാവരും ഞങ്ങളുടെ മരിച്ച മാതാപിതാക്കളും മററു പൂർവികരും ഞങ്ങളോടടുത്തുണ്ടെന്ന് വിചാരിക്കുന്നു,” എന്ന് ആഫ്രിക്കയിലെ പ്രൊട്ടസ്ററൻറ് വിശ്വാസത്തിന്റെ ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞൻ പറയുന്നു.
ആഫ്രിക്കയിലെ മിക്ക ഭാഗങ്ങളിലും മരിച്ച പൂർവികരെ അവർ ജീവിച്ചിരുന്നപ്പോഴത്തെ കുടുംബത്തിന്റെയൊ സമുദായത്തിന്റെയൊ തലവൻമാരായി ഇപ്പോഴും കണക്കാക്കുന്നു. അവർ “കുടുംബകാര്യങ്ങളിലെ ആത്മീയമേൽനോട്ടം വഹിക്കുന്നയാളുകളായി” സ്ഥിതിചെയ്യുന്നുവെന്ന് പ്രൊഫസർ ഇ. ബൊലാജി ഇഡോവു ആഫ്രിക്കൻ ട്രഡീഷണൽ റിലിജിയൻ—ഏ ഡെഫനിഷൻ എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. അനുവദിച്ചുതരാനോ ഒഴിവാക്കിത്തരാനോ ഒരു പൂർവികാത്മാവിനോട് അപേക്ഷിക്കാത്ത ഒരു സംഗതിയുമില്ല. അപ്രകാരം പൂർവികരെ “ആഫ്രിക്കൻ സമുദായത്തിലെ ഐക്യത്തിന്റെ ഘടകങ്ങൾ” എന്ന പോലെ കണക്കാക്കുന്നു, ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ അനുസരിച്ച് അവരുടെ പൂജ “കുടുംബപരമായ ഐക്യദാർഢ്യത്തെ” പുരോഗമിപ്പിക്കുകയും ചെയ്യുന്നു.
ഫ്രാൻസൊ കാനഡായൊ പോലുള്ള പാശ്ചാത്യനാടുകളിൽ പള്ളികളും ചാപ്പലുകളും അൾത്താരകളും വീരപൂർവികർ എന്നു വിളിക്കപ്പെടുന്ന പുണ്യവാളൻമാർക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഊമവിഗ്രഹങ്ങളുടെ മുമ്പാകെ ഭക്തരുടെ അധരങ്ങളിൽനിന്നുള്ള പ്രാർത്ഥനകൾ ഉരുവിടുന്നു. അല്ലെങ്കിൽ, സ്വർണ്ണംപൊതിഞ്ഞ പ്രതിമകൾക്ക് ഭക്തൻമാർ നീട്ടിയ കൈകളോടെ മുട്ടിൻമേൽ നിന്നുകൊണ്ട് വഴിപാടുകൾ അർപ്പിക്കുന്നു. ക്രൈസ്തവലോകത്തിലെ മതാനുയായികൾ തങ്ങളുടെ ഭക്തിപ്രകടനം പൂർവികാരാധനയാണെന്നുള്ള ആശയത്തെ എതിർക്കുമെന്നുള്ളത് സത്യം തന്നെ; എന്നാൽ ബുദ്ധമതക്കാരനൊ ഷിന്റോ മതക്കാരനൊ ആഫ്രിക്കൻഭക്തനൊ പുഞ്ചിരിക്കുന്നു. ഈ “ക്രിസ്ത്യാനികൾ” പ്രകടമാക്കുന്ന ഭക്ത്യാദരവ് തന്റെ സ്വന്തം ആരാധനാക്രിയകളിൽനിന്ന് വളരെ വ്യത്യസ്തമല്ലെന്ന് അയാൾക്കറിയാം.
പൂർവികാരാധന എന്തിലടിസ്ഥാനപ്പെട്ടിരിക്കുന്നു?
പൂർവികാരാധനയുടെ കാതൽ മനുഷ്യവ്യക്തിയുടേതായി അതിജീവിക്കുന്ന ഒരു ഘടകത്തിലൂടെ മരിച്ചവരുടെ അസ്തിത്വം തുടരുന്നു എന്ന വിശ്വാസമാണ്. ഉഗാണ്ടൻ കത്തോലിക്കാ എഴുത്തുകാരനായ ഡാമിയൻ ല്വാസാ പറയുന്ന പ്രകാരം അത് “ദേഹിയുടെ അമർത്ത്യത”യിലുള്ള വിശ്വാസമാണ്. അങ്ങനെയുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം എത്ര ദൃഢമാണ്? “തങ്ങളുടെ പൂർവികർ ആത്മാവിൽ ജീവിച്ചിരിക്കുന്നു” എന്ന് അവകാശപ്പെടുന്ന ആഫ്രിക്കക്കാർ “ഈടുററ യാതൊരു തെളിവും കൂടാതെയാണ് അങ്ങനെ ചെയ്യുന്നത്” എന്ന് സിയറാ ലിയോണിയൻ ദൈവശാസ്ത്രജ്ഞനായ ഹാരി സായർ സമ്മതിക്കുന്നു.
യഥാർത്ഥത്തിൽ ബൈബിളനുസരിച്ച് ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു ആത്മീയഭാഗം ഒരു വ്യക്തിക്കില്ല. സ്രഷ്ടാവു തന്നെ പറയുന്നു: “നോക്കു! സകല ദേഹികളും—അവ എനിക്കുള്ളവയാകുന്നു. പിതാവിന്റെ ദേഹിയെന്നപോലെ പുത്രന്റെ ദേഹിയും അവ എനിക്കുള്ളവയാകുന്നു—പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (യെഹെസ്കേൽ 18:4) ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ബോധമുള്ളതും ജീവിക്കുന്നതുമായ മനുഷ്യരുടെ യാതൊരു ഭാഗവും ശാസ്ത്രജ്ഞൻമാരും ഭിഷഗ്വരൻമാരും കണ്ടെത്തിയിട്ടില്ല.
കൺഫ്യൂഷ്യസിനൊ ബുദ്ധനൊ ദീർഘനാൾ മുമ്പുതന്നെ ക്രിസ്തീയപൂർവ കാലങ്ങളിലെ ഒരു ജ്ഞാനി ഇങ്ങനെ എഴുതി: “ജീവനുള്ളവർക്ക് തങ്ങൾ മരിക്കുമെന്ന ബോധമുണ്ട്; എന്നാൽ മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ അവർക്ക് ഒന്നിനെക്കുറിച്ചും ബോധമില്ല.” (സഭാപ്രസംഗി 9:5) നേരത്തെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “ഒരു ഭൗമിക മനുഷ്യൻ മരിക്കുന്നു, അവൻ എവിടെയാകുന്നു? അവന്റെ പുത്രൻമാർക്കു ബഹുമതി ലഭിക്കുന്നു, എന്നാൽ അവൻ അത് അറിയുന്നില്ല.” (ഇയ്യോബ് 14:10, 21) അങ്ങനെ, മരിച്ചവർക്ക് ‘കുടുംബകാര്യങ്ങളുടെ ആത്മീയ മേൽനോട്ടക്കാരായി’ സേവിക്കാൻ കഴിയുകയില്ല. മരണത്തിങ്കൽ ഒരുവന് “യാതൊന്നും കൊണ്ടുപോകാൻ കഴിയുകയില്ല.”—സങ്കീർത്തനം 49:10, 17-19.
ഇതിനെക്കുറിച്ചു ചിന്തിക്കുക. മരിച്ചപൂർവികർ അവർക്കു അർപ്പിക്കപ്പെടുന്ന നല്ല ആഹാരം ഭക്ഷിക്കുന്നുണ്ടോ? ഭക്ഷണം തൊടാതെ അവശേഷിക്കുന്നു എന്ന വസ്തുത മരിച്ചവർ അശക്തരാണെന്നു സൂചിപ്പിക്കുന്നില്ലേ? കൂടാതെ ജീവിച്ചിരിക്കുന്ന സന്തതികൾ അർപ്പിക്കുന്ന ഭക്ത്യാദരവൊ ബലികളൊ സംബന്ധിച്ച് അറിവുണ്ടായിരിക്കാൻ മരിച്ചവർക്കു സാധ്യമല്ല. അസ്തിത്വരഹിതരാകയാൽ അവർക്ക് തങ്ങളുടെ മുൻ കുടുംബത്തിൽ തൽപ്പരരായിരിക്കാനൊ അതിന്റെ കാര്യങ്ങളിൽ ഇടപെടാനൊ കഴിയുകയില്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “സൂര്യനു കീഴിൽ ചെയ്യപ്പെടാനുള്ള യാതൊന്നിനും അനിശ്ചിതകാലത്തോളം മേലാൽ അവർക്ക് ഓഹരിയില്ല.”—സഭാപ്രസംഗി 9:6.
മരിച്ച പൂർവികർക്ക എന്തു പ്രത്യാശ?
ആ സ്ഥിതിക്ക് മരിച്ച പ്രിയപ്പെട്ടവരുമായി കൂടിച്ചേരാനുള്ള പ്രത്യാശയില്ലെന്നാണൊ ഇതിന്റെ അർത്ഥം. അശേഷമല്ല! പണ്ടേ മരണത്താൽ വേർപെട്ടുപോയവർ പുനരുത്ഥാനത്തിൽ ജീവനിലേക്കു തിരികെ വരുത്തപ്പെടുമ്പോൾ വീണ്ടും യോജിപ്പിക്കപ്പെടും. “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന നാഴികവരുന്നു” എന്ന് ബൈബിളിൽ യേശു വാഗ്ദാനം ചെയ്യുന്നു.—യോഹന്നാൻ 5:28, 29.
ഈ പുനരുത്ഥാന പ്രത്യാശ തന്റെ പൂർവികരെ ആരാധിച്ചിരുന്ന ഒരു ഓക്കിനാവാക്കാരി സ്ത്രീയുടെ ജീവിതത്തെ വീണ്ടും രൂപപ്പെടുത്താൻ സഹായിച്ചു. അവൾ വിശദീകരിക്കുന്നു: ‘എന്റെ ജീവിതവീക്ഷണത്തിനു മാററം ഭവിച്ചു. യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയായിത്തീർന്നത് ജീവിച്ചിരിക്കുന്ന എന്റെ ബന്ധുക്കളോടും മററുള്ളവരോടും കൂടുതൽ സ്നേഹമുള്ളവളായിരിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.’ ജീവിക്കുന്ന മാതാപിതാക്കളോടുള്ള സ്നേഹം മരിച്ച പൂർവികരോടുള്ള ഭക്ത്യാദരവിനെക്കാൾ ന്യായയുക്തമല്ലയോ? (എഫേസ്യർ 6:2, 3) അവൾ തുടരുന്നു: ‘പ്രായംകൂടിക്കൊണ്ടിരിക്കുന്ന മാതാപിതാക്കളുടെയും വല്യമ്മവല്യപ്പൻമാരുടെയും ഏകാന്തത ഞാൻ കാണുമ്പോൾ അവർ ജീവിച്ചിരിക്കുമ്പോൾത്തന്നെ എന്റെ മാതാപിതാക്കളോട് യഥാർത്ഥ ആദരവും സ്നേഹവും കാണിക്കാൻ ഞാൻ പഠിച്ചതിൽ എനിക്ക് വളരെ നന്ദിയുണ്ട്.’
കൂടാതെ, പൂർവികാരാധനയോട് ക്രിസ്ത്യാനിക്കുള്ള ഏററം ഗുരുതരമായ എതിർപ്പ് അത് ദൈവത്തിന്റെ ഈ വ്യക്തമായ കല്പനക്കെതിരായ ഒരു മത്സരഗതിയെ പ്രതിനിധാനംചെയ്യുന്നുവെന്നതാണ്: “എനിക്കെതിരെ നിനക്ക് മററു ദൈവങ്ങൾ ഉണ്ടായിരിക്കരുത് . . . എന്തുകൊണ്ടെന്നാൽ നിന്റെ ദൈവമായ യഹോവയായ ഞാൻ അനന്യമായ ഭക്തി നിഷ്ക്കർഷിക്കുന്ന ഒരു ദൈവമാകുന്നു.” (പുറപ്പാട് 20:3, 5) അതുകൊണ്ട് മരിച്ച ബന്ധുക്കളെ ആരാധിക്കുന്നതിനു പകരം യഹോവയെ ആരാധിക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുക, അവനു മാത്രമാണ് മരിച്ച ബന്ധുക്കളുമായുള്ള സന്തോഷകരമായ ഒരു പുനഃസമാഗമം സാദ്ധ്യമാക്കാൻ കഴിയുന്നത്.—വെളിപ്പാട് 20:12, 13. (g89 3/8)
[26-ാം പേജിലെ ആകർഷകവാക്യം]
“മരിച്ചവരെ സംബന്ധിച്ചിടത്തോളം അവർക്കു യാതൊന്നിനെക്കുറിച്ചും ബോധമില്ല.”—സഭാപ്രസംഗി 9:5.