ഉദ്ദേശ്യപൂർണമായ ഒരു ജീവിതരീതി
മെൽവ എ. വീലാൻഡ് പറഞ്ഞപ്രകാരം
വർഷം 1940, മാസം മാർച്ച്. ഞാൻ സ്നാപനമേററിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. എന്റെ സഹോദരി ഫിലസ് എന്നെ സമീപിച്ചിട്ടു ചോദിച്ചു: “നിനക്കു പയനിയറിങ് ചെയ്തുകൂടേ?” “പയനിയറിങോ?” ഞാൻ ചോദിച്ചു. “മുഴുസമയവും, മിക്കവാറും എല്ലാദിവസവും പ്രസംഗിക്കണമെന്നാണോ നീ ഈ പറയുന്നത്?”
ഞാൻ ചിന്തിച്ചു, ‘ബൈബിളിനെക്കുറിച്ചുള്ള പരിമിതമായ അറിവും അതിനെക്കാളുപരി, ബാങ്കിൽ തുച്ഛമായ നിക്ഷേപവുമുള്ള എനിക്ക് എങ്ങനെ ഒരു പയനിയർ ആകാൻ കഴിയും?’ എന്നിരുന്നാലും, ഫിലസിന്റെ ചോദ്യം എന്നെ ചിന്തിപ്പിച്ചു. അതേപ്പററി ഞാൻ വളരെയധികം പ്രാർഥിക്കുകയും ചെയ്തു.
ഒടുവിൽ ഞാൻ ഇങ്ങനെ ന്യായവാദം ചെയ്തു, ‘നാം മുമ്പേ ദൈവരാജ്യം അന്വേഷിക്കുന്നുവെങ്കിൽ നമ്മെ കാത്തുപരിപാലിക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ എന്തുകൊണ്ട് എനിക്കവനിൽ വിശ്വസിച്ചുകൂടാ?’ (മത്തായി 6:33) അതുകൊണ്ട്, 1940, ജൂണിൽ ഞാൻ വസ്ത്രനിർമാണമെന്ന എന്റെ തൊഴിൽ ഉപേക്ഷിക്കുന്നതായി അറിയിപ്പു നൽകി. പിന്നീട്, ഒരു പയനിയറിങ് നിയമനത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടു വാച്ച് ടവർ സൊസൈററിയുടെ ഓസ്ട്രേലിയയിലെ ബ്രാഞ്ച് ഓഫീസിലേക്കു ഞാൻ എഴുതി.
എന്റെ ആയുഷ്കാല നിയമനം
രണ്ടാഴ്ചയ്ക്കുശേഷം എനിക്കു മറുപടി ലഭിച്ചു. ഓസ്ട്രേലിയയിലെ ഏററവും വലിയ പട്ടണമായ സിഡ്നിയുടെ നഗരപ്രാന്തമായ സ്റ്രറാത്ത്ഫീൽഡിൽ സ്ഥിതിചെയ്യുന്ന യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തിന്റെ ഗ്രൗണ്ടിൽ നടക്കാനിരുന്ന കൺവെൻഷനിൽ ഞാൻ പങ്കെടുത്തശേഷം എനിക്ക് ഒരു നിയമനം നൽകുന്നതാണ് എന്നറിയിച്ചുകൊണ്ടുള്ളതായിരുന്നു മറുപടി. കൺവെൻഷൻ കഴിഞ്ഞതിന്റെ പിറേറന്നു രാവിലെ എന്റെ നിയമനം സ്വീകരിക്കാൻ ഞാൻ ഓഫീസിൽ ഹാജരായി.
ഓഫീസിലിരുന്ന വ്യക്തി വിശദീകരിച്ചു: “ഞങ്ങൾക്കിപ്പോൾ അലക്കുശാലയിൽ വളരെ തിരക്കാണ്. നിങ്ങൾക്ക് ഏതാനും ആഴ്ചകൾ ഇവിടെ താമസിച്ചു ഞങ്ങളെ സഹായിക്കാനാവുമോ?” 1940, ആഗസ്ററിലായിരുന്നു അത്. ഞാൻ ഇപ്പോഴും അലക്കുശാലയിൽത്തന്നെയാണു വേലചെയ്തുകൊണ്ടിരിക്കുന്നത്! അന്നു വെറും 35 പേർ മാത്രമേ ആസ്ഥാനത്തെ കുടുംബത്തിലുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 276 പേരുണ്ട്.
ഒരു അലക്കുശാലയിൽ വേലചെയ്യുക എന്നത് “ഒരു ഉദ്ദേശ്യപൂർണമായ ജീവിതരീതി”യായി ഞാൻ കരുതുന്നതെന്തുകൊണ്ടാണെന്നു നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം. പ്രത്യേകിച്ചും 50-ലധികം വർഷമായി എന്റെ വേല ഇതാണെന്നതിന്റെ വീക്ഷണത്തിൽ. അതു വിശദീകരിക്കുന്നതിനുമുമ്പ് എന്റെ ആദ്യകാല അനുധാവനങ്ങളെക്കുറിച്ചൊന്നു പറഞ്ഞോട്ടെ.
സ്പോർട്സ് ഒരു ജീവിതരീതിയായിത്തീർന്നു
1914, ജനുവരി 1-ന് അഞ്ചുമക്കളിൽ ആദ്യത്തവളായി മെൽബണിൽ ഞാൻ പിറന്നു. ഞങ്ങളുടെ മാതാപിതാക്കൾ വളരെ സ്നേഹമുള്ളവരായിരുന്നു. അവർ ഉത്തമ സ്വഭാവഗുണമുള്ളവരായിരുന്നു. ആവശ്യമെന്നുതോന്നുമ്പോഴൊക്കെ ശിക്ഷണവും നൽകിയിരുന്നു. മതപരമായി പറഞ്ഞാൽ അത്ര കർക്കശമൊന്നുമല്ലാത്ത ചുററുപാടിലാണു ഞങ്ങളെ വളർത്തിക്കൊണ്ടുവന്നത്. കാരണം ഞങ്ങളുടെ മാതാപിതാക്കൾ പള്ളിയിൽ പോകുന്നവരായിരുന്നില്ല. എന്നുവരികിലും, കുട്ടികളായ ഞങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സൺഡേസ്കൂളിൽ പോകണമെന്ന് അവർക്കു വല്യ നിർബന്ധമായിരുന്നു.
1928-ൽ സ്കൂൾ പഠനം കഴിഞ്ഞശേഷം ഞാൻ ഒരു തയ്യൽക്കാരിയായി ജോലിചെയ്യാൻ തുടങ്ങി. അന്നേരം ലഭിച്ച ഒഴിവുസമയങ്ങളിൽ അധികപങ്കും സ്പോർട്സിൽ പങ്കെടുത്തുകൊണ്ടു ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ലജ്ജാശീലത്തെ മറികടക്കുന്നതിന് അത് എന്നെ സഹായിക്കുമെന്നായിരുന്നു എന്റെ ധാരണ. ഞാൻ ഒരു ടെന്നീസ് ക്ലബിൽ ചേർന്നു മുഴുവർഷവും കളിയിൽ പങ്കെടുത്തു. ശീതകാലത്തു ബാസ്കററ്ബോളും ബേസ്ബോളും കളിക്കുകയും വേനൽക്കാലത്തു വനിതകളുടെ ക്രിക്കററ് ടീമിലെ അംഗമായി കളിക്കുകയും ചെയ്തിരുന്നു. എനിക്കു പ്രിയപ്പെട്ട കളിയായിരുന്നു ക്രിക്കററ്. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതനേടുന്നതിനുവേണ്ടി ഒരു ഫാസ്ററ് ബൗളർ എന്നനിലയിലുള്ള എന്റെ കഴിവു വികസിപ്പിച്ചെടുക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു.
സ്പോർട്സിൽനിന്നു വ്യത്യസ്തമായ ഒരു ഉദ്ദേശ്യം
ചീത്തക്കാര്യങ്ങൾ ചെയ്തവരെ നിത്യം ദണ്ഡിപ്പിക്കുന്നതിനു സ്നേഹവാനായ ദൈവം ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട് എന്ന പഠിപ്പിക്കൽ ചെറുപ്പംമുതലേ എന്നെ അലട്ടിയിരുന്നു. ഇതിലെന്തെങ്കിലും കഴമ്പുള്ളതായി എനിക്കു തോന്നിയില്ല. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി “നരകം” എന്നതിന്റെ ശരിയായ അർഥം ബൈബിളിൽനിന്നു മനസ്സിലാക്കിയപ്പോൾ എനിക്കുണ്ടായ ആനന്ദം ഒന്നു വിഭാവനം ചെയ്യൂ. അതു നടന്നത് ഇപ്രകാരമണ്:
എന്റെ സഹോദരി ഫിലസ് എന്നെക്കാൾ അഞ്ചു വയസ്സിന് ഇളയതാണ്. സ്പോർട്സിൽ പങ്കെടുക്കുന്നത് അവൾക്കും ഇഷ്ടമായിരുന്നു. ഞങ്ങൾ ഒരേ വനിതാ ക്രിക്കററ് ടീമിലെ അംഗങ്ങളുമായിരുന്നു. 1936-ൽ ജിം എന്നു പേരുള്ള ഒരു യുവാവിനെ ടീമിലെ ഒരംഗം ഫിലസിനു പരിചയപ്പെടുത്തി. അദ്ദേഹം മതത്തിൽ വളരെ തത്പരനായി അറിയപ്പെട്ടിരുന്നു. ഉടൻതന്നെ ജിം ഫിലസിനോടു ബൈബിളിലെ പഠിപ്പിക്കലുകളെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. അത് അവളിൽ വളരെ താത്പര്യമുളവാക്കി. “ഇതു യുക്തിക്കും ന്യായത്തിനും എത്രയോ നിരക്കുന്നതാണ്” എന്ന് അവൾ എന്നോടു പറയുമായിരുന്നു.
അപ്പോൾ ഫിലസും ഞാനും വീട്ടിൽ ഒരേ മുറിയിലാണു കഴിഞ്ഞിരുന്നത്. ദൈവരാജ്യത്തെക്കുറിച്ചു ജിം അവളോടു പറഞ്ഞുകൊണ്ടിരുന്ന കാര്യത്തിൽ എന്റെ താത്പര്യമുണർത്തുന്നതിന് അവൾ ശ്രമിച്ചുകൊണ്ടിരുന്നു. “മനുഷ്യ ഗവൺമെൻറുകൾ ചെയ്യാൻ പരാജയപ്പെട്ടതെല്ലാം അതു ചെയ്യാൻ പോകുകയാണ്” എന്ന് അവൾ ആവേശപൂർവം എന്നോടു പറഞ്ഞു. എന്നാൽ, ഇതു നമ്മെ കുഴക്കുന്നതിനുള്ള വേറൊരു മതം മാത്രമാണെന്നും വാസ്തവം പറഞ്ഞാൽ ഭാവിയെക്കുറിച്ച് ആർക്കും അറിഞ്ഞുകൂടെന്നും ഞാൻ അവളോടു തർക്കിച്ചു. എന്നാൽ ഫിലസ് അതു മുറുകെപ്പിടിക്കുകതന്നെ ചെയ്തു. കൂടാതെ, ഞാൻ വായിക്കുമെന്ന പ്രതീക്ഷയിൽ മുറിയിൽ പലയിടത്തും സാഹിത്യങ്ങൾ വെക്കുകയും ചെയ്തിരുന്നു.
ഈ പുതിയ വിശ്വാസത്തിൽ ഫിലസ് ഇത്രമാത്രം ആവേശഭരിതയായിരിക്കുന്നതിനു കാരണമെന്തെന്നറിയാൻ എനിക്കു ജിജ്ഞാസയായി. അതുകൊണ്ട് ഒരു ദിവസം ഞാൻ ഒരു ചെറുപുസ്തകം എടുത്തുനോക്കി. ഇതിനുശേഷം (ഇംഗ്ലീഷ്) എന്ന ആകർഷകമായ ശീർഷകമായിരുന്നു അതിന്റേത്. അതിന്റെ താളുകളോരോന്നായി മറിച്ചുനോക്കവേ “നരകം” എന്ന പദം ഞാൻ കണ്ടു. അത് എന്നിൽ താത്പര്യമുണർത്തി. ബൈബിളിൽ “നരകം” എന്ന പദം യഥാർഥത്തിൽ മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയെയാണു പരാമർശിച്ചിരിക്കുന്നതെന്നും നല്ലയാളുകളും ചീത്തയാളുകളും അവിടേക്കു പോകുമെന്നും ഞാൻ മനസ്സിലാക്കി. അത് എന്നെ അതിശയിപ്പിച്ചു. നരകം ഒരു ദണ്ഡനസ്ഥലമല്ലെന്നും മരിച്ചവർ നിർബോധാവസ്ഥയിലാണെന്നും അവർക്കു യാതൊന്നും അനുഭവപ്പെടുന്നില്ലെന്നും ഞാൻ മനസ്സിലാക്കി.—സഭാപ്രസംഗി 9:5, 10; സങ്കീർത്തനം 146:3, 4.
ഇതിൽ കഴമ്പുള്ളതായി എനിക്കുതോന്നി. വിശേഷിച്ചും, ഒരു സ്നേഹവാനായ ദൈവം പുനരുത്ഥാനം എന്ന അത്ഭുതത്തിലൂടെ മരിച്ചവരെ വീണ്ടും ജീവനിലേക്കു വരുത്തുമെന്ന് ആ ചെറുപുസ്തകം വിശദീകരിച്ചപ്പോൾ. (യോഹന്നാൻ 5:28, 29) ജിം ഫിലസിനോടു പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ അപ്പോൾ ഞാനും ആഗ്രഹിച്ചു. ഞാൻ കുഞ്ഞായിരുന്നപ്പോൾ പിതാവ് എനിക്കു നൽകിയിരുന്ന ചെറിയ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽനിന്ന് ചെറുപുസ്തകത്തിൽ കൊടുത്തിരുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കി. നരകത്തെപ്പററിയും മരിച്ചവരുടെ അവസ്ഥയെപ്പററിയും അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾക്ക് ഇത് ഉറപ്പുവരുത്തി.
എന്നെ ആകർഷിച്ച മറെറാരു സംഗതി ദൈവത്തിനു വ്യക്തിപരമായ പേരുണ്ട്, അത് യഹോവ എന്നാണ് എന്നതായിരുന്നു. (സങ്കീർത്തനം 83:18) ദൈവം ചെയ്യുകയും സംഭവിക്കാൻ അനുവദിക്കുകയും ചെയ്ത സകല കാര്യങ്ങൾക്കും തക്ക കാരണമുണ്ടെന്നും എനിക്കു കാണാൻ കഴിഞ്ഞു. ‘എന്റെ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം എന്താണ്?’ എന്ന് എന്നോടുതന്നെ ചോദിക്കാൻ ഇത് ഇടയാക്കി. ജീവിതത്തിൽ മറെറല്ലാക്കാര്യങ്ങൾക്കും മേലായി സ്പോർട്സ് ഇത്ര കാര്യമായി എടുക്കണമോ എന്ന് അന്നുമുതൽക്കു ഞാൻ ചിന്തിക്കാൻ തുടങ്ങി.
തീരുമാനങ്ങൾ പ്രവൃത്തിപഥത്തിലേക്ക്
ജീവിതത്തെക്കുറിച്ചുള്ള എന്റെ ധാരണയ്ക്ക് എങ്ങനെ മാററം വന്നുവെന്നു ജിമ്മിനും ഫിലസിനും യാതൊരു പിടിപാടുമില്ലായിരുന്നു. എന്നാൽ ഒരു സുഹൃത്തിന്റെ പാർട്ടിക്കുവേണ്ടി ഞങ്ങൾ ക്ഷണിക്കപ്പെട്ടപ്പോൾ അവർ അതു കണ്ടുപിടിച്ചു. അന്നൊക്കെ അത്തരം സന്ദർഭങ്ങളിൽ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേററുനിന്ന് മദ്യംപകർന്ന തങ്ങളുടെ ഗ്ലാസുകളുയർത്തി ഇംഗ്ലണ്ടിലെ രാജാവിന്റെ ബഹുമാനാർഥം കുടിക്കുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ ജിമ്മിനോടും ഫിലസിനോടുമൊപ്പം അവിടെത്തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ അപ്പോഴും ഇരിക്കുന്നതു കണ്ടപ്പോൾ അവർക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല! വാസ്തവത്തിൽ, ഞങ്ങൾ ഒരനാദരവും അതുകൊണ്ട് അർഥമാക്കിയിരുന്നില്ല. എന്നാൽ ക്രിസ്ത്യാനികളെന്ന നിലയിൽ നിഷ്പക്ഷരായിരിക്കണമെന്നും അത്തരം ചടങ്ങുകളിൽ പങ്കുപററരുതെന്നും ഞങ്ങൾക്കു തോന്നി.—യോഹന്നാൻ 17:16.
എന്നുവരികിലും, എന്റെ മാതാപിതാക്കളും കുടുംബത്തിലെ മററംഗങ്ങളും ഭയന്നുപോയി. ഞങ്ങൾ അവിശ്വസ്തരാണ്, വട്ടുപിടിച്ചവരാണ് അല്ലെങ്കിൽ ഇതു രണ്ടുമാണ് എന്ന് അവർ പറഞ്ഞു! പിന്നീട്, ഫിലസും ഞാനും വനിതകളുടെ ക്രിക്കററ് ടീമിനുവേണ്ടിയുള്ള വാർഷിക സമ്മാനദാനച്ചടങ്ങിൽ ഹാജരായപ്പോൾ ദേശീയപരമായ ഒരു ചടങ്ങിൽ സമാനമായ ഒരു സംഭവമുണ്ടായി. അതിന്റെ അനന്തരഫലം ഞങ്ങൾ രണ്ടുപേരും ടീമിൽനിന്നു വിരമിച്ചുവെന്നതായിരുന്നു. ഇതു ഞാൻ വിചാരിച്ചപോലെ അത്ര പ്രയാസമുള്ളതായിരുന്നില്ല. കാരണം എന്റെ കൂറും വിശ്വസ്തതയും ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായ ക്രിസ്തുയേശുവിനോടു കാണിക്കേണ്ടിയിരിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു.
കൂടുതലായ ബൈബിൾ പരിജ്ഞാനംകൊണ്ട് എന്റെ വിശ്വാസം കെട്ടുപണിചെയ്യുന്നതിനു ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ ക്രമമായി ഹാജരാകേണ്ടത് ആവശ്യമായിരുന്നെന്നു ഫിലസ് വിശദമാക്കി. അന്നു മെൽബണിൽ ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ, ഞായറാഴ്ചതോറും ഉച്ചതിരിഞ്ഞുള്ള യോഗങ്ങളിൽ ഞാൻ ഹാജരാകാൻ തുടങ്ങി. ദൈവത്തിന്റെ യഥാർഥ ഭൗമികസ്ഥാപനം ഇതുതന്നെയാണെന്ന് ഉടൻതന്നെ എനിക്കു ബോധ്യമായി.
താമസമന്യെ, സഭയുടെ വീടുതോറുമുള്ള പ്രസംഗവേലയിൽ പങ്കെടുക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. ആദ്യമൊക്കെ എനിക്കു മടിയായിരുന്നു. എന്നാൽ അതെങ്ങനെയാണു നടത്തപ്പെടുന്നതെന്നു കാണുന്നതിനുവേണ്ടി ഒരു ഞായറാഴ്ച ഞാൻ കൂടെപ്പോകാൻ നിശ്ചയിച്ചു. അനുഭവപരിചയമുള്ള ഒരു പ്രസാധകയോടൊപ്പം എന്നെ നിയോഗിച്ചപ്പോൾ എനിക്കു സന്തോഷമായി. അവർ ആദ്യവീട്ടിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുകയും വീട്ടുകാരിൽനിന്നു നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. ഞാൻ മനസ്സിൽ വിചാരിച്ചു, ‘ഓ, ഇത് അത്രകണ്ടു ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ. എങ്കിലും അത്രയും നന്നായി സംസാരിക്കുന്നതിനു ഞാൻ നല്ലവണ്ണം പരിശീലിക്കേണ്ടിയിരിക്കുന്നു.’ അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കെ, ആദ്യത്തെ വീടിനുശേഷം ആ സാക്ഷി എന്നോട്, “നിനക്കിനി തനിയെ ചെയ്യാൻ പററുമല്ലോ” എന്നു പറഞ്ഞപ്പോൾ എനിക്കുണ്ടായ വേവലാതി ഒന്ന് സങ്കൽപ്പിച്ചുനോക്കൂ.
“തനിച്ചോ?” അങ്കലാപ്പോടെ ഞാൻ ചോദിച്ചു! “കളിപറയല്ലേ! ആരെങ്കിലും എന്നോട് എനിക്ക് ഉത്തരം അറിയാത്ത ഒരു ചോദ്യം ഉന്നയിച്ചാൽ ഞാൻ എന്തു പറയും?” എന്നാൽ എന്റെ സുഹൃത്തു നിർബന്ധം പിടിച്ചു. അതുകൊണ്ട്, വാസ്തവത്തിൽ വിറച്ചുകൊണ്ടു ഞാൻ തനിയെ പോയി. അവർ തെരുവിന്റെ മറുവശത്തുള്ള ആളുകൾക്കു സാക്ഷ്യം നൽകുന്നതിൽ തുടർന്നു. ഒരുവിധത്തിൽ ഞാൻ ആദ്യത്തെ ആ പ്രഭാതം തള്ളിനീക്കി.
അന്നുമുതൽ ഓരോ ഞായറാഴ്ച രാവിലെയും ഞാൻ പ്രസംഗവേലയിൽ പങ്കെടുക്കാൻ തുടങ്ങി. വീട്ടുവാതിൽക്കൽവെച്ച് ആരെങ്കിലും എനിക്ക് ഉത്തരം പറയാൻ കഴിയാത്ത ഒരു ചോദ്യം ചോദിച്ചാൽ, “ഇതേക്കുറിച്ചു ഞാൻ ഗവേഷണം നടത്തിയശേഷം നിങ്ങളെ വന്നുകാണാം” എന്നു പറയുമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, എന്റെ അർഥപൂർണമായ, പുതിയ ജീവിതരീതിയിൽ തുടരുന്നതിന് ആവശ്യമായ ബലവും ധൈര്യവും യഹോവ തുടർന്നു നൽകിക്കൊണ്ടിരുന്നു. എന്റെ ജീവിതം ഞാൻ അവനു സമർപ്പിക്കുകയും 1939, ഒക്ടോബറിൽ മെൽബൺ സിററി ബാത്ത്സിൽ സ്നാപനമേൽക്കുകയും ചെയ്തു. അതേത്തുടർന്നാണു ഫിലസ് എന്നോടു പയനിയറിങ് ചെയ്തുകൂടേയെന്നു ചോദിച്ചത്. അവൾ അതിനോടകം ജിമ്മിനെ വിവാഹം കഴിച്ചിരുന്നു.
ബ്രാഞ്ചിലെ സേവനം
1941, ജനുവരിയിൽ, ഞാൻ ബെഥേലിൽ—ബ്രാഞ്ച് ഓഫീസിനെ ഞങ്ങൾ അങ്ങനെയാണു വിളിച്ചിരുന്നത്—വേല ചെയ്യാൻ തുടങ്ങിയ ഉടൻതന്നെ, ഓസ്ട്രേലിയയിലെ യഹോവയുടെ സാക്ഷികളുടെ വേലയുടെ മേൽ നിരോധനം ഏർപ്പെടുത്തുകയുണ്ടായി. പിന്നീട് മിലിട്ടറി ഞങ്ങളുടെ ബെഥേൽ ഭവനം കണ്ടുകെട്ടി. അതുകൊണ്ട് എന്നെ സൊസൈററിയുടെ കൃഷിയിടം സ്ഥിതിചെയ്തിരുന്ന ഇങ്കൾബേർണിലേക്ക് അയക്കുകയുണ്ടായി. അത് പട്ടണത്തിൽനിന്നു 48 കിലോമീററർ അകലെയായിരുന്നു. 1943, ജൂണിൽ വാച്ച് ടവർ സൊസൈററിയെ നിരപരാധിയെന്നു കോടതി വിധിക്കുകയും നിരോധനം എടുത്തുമാററുകയും ചെയ്തു. ആ വർഷത്തിന്റെ അവസാനത്തോടെ ഞങ്ങളിൽ 25 പേരെ സ്റ്രറാത്ത്ഫീൽഡ് ബെഥേലിലേക്കു തിരികെ വിളിക്കുകയുണ്ടായി. അവിടെ അലക്കുശാലയിൽ വേലചെയ്തും ഭവനത്തിലെ മററു കൃത്യങ്ങളിൽ സഹായിച്ചുംകൊണ്ട് ഞാൻ വേലയിൽ തുടർന്നു.
അടുത്ത ദശകം പെട്ടെന്നു കടന്നുപോയതുപോലെ തോന്നി. പിന്നീട്, 1956-ൽ ഞാൻ ബെഥേലിലെ ഒരു സഹപ്രവർത്തകനായിരുന്ന റെറഡ് വീലാൻഡിനെ വിവാഹം ചെയ്തു. റെറഡ് വളരെ ശാന്തനും ക്ഷമയുള്ളവനുമായിരുന്നു. ഭാര്യാഭർത്താക്കൻമാർ എന്നനിലയിൽ ബെഥേലിൽ തുടരുന്നതിന് അനുവാദം കിട്ടിയപ്പോൾ ഞങ്ങൾ ആനന്ദപുളകിതരായി. ഞങ്ങൾ രണ്ടുപേരും ഓസ്ട്രേലിയാ ബ്രാഞ്ചിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പദവിയിൽ ആനന്ദിച്ചുകൊണ്ടു ഞങ്ങളുടെ അർഥപൂർണമായ ജീവിതരീതിയെ നിധിപോലെ കാത്തുകൊണ്ടു. ബെഥേൽ ജോലിക്കു പുറമേ, ക്രിസ്തുവിന്റെ ശിഷ്യൻമാരായിത്തീരാൻ മററുള്ളവരെ സഹായിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കുന്നതിലുള്ള സന്തോഷവും ഞങ്ങൾ അനുഭവിച്ചു. ഒരു ഉദാഹരണമായി നിങ്ങൾക്ക് 1993, ഒക്ടോബർ 22-ലെ ഉണരുക!യിൽ (ഇംഗ്ലീഷ്) ഒരു വീക്ക്സ് കുടുംബത്തെക്കുറിച്ചു വായിക്കാൻ കഴിയും.
എന്റെ ബെഥേൽ ജീവിതത്തിന്റെ ആദ്യത്തെ 30 വർഷത്തിനിടയിൽ രാജ്യപ്രസംഗത്തിന്റെ ഒരേരീതിയിലുള്ള വളർച്ചകാരണം 10-ഓ 12-ഓ പേർ മാത്രമേ ഞങ്ങളോടു ചേരേണ്ടിവന്നുള്ളൂ. എന്നാൽ 1970-ൽ വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവിടെ അച്ചടിക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾക്കു ശീഘ്രഗതിയിൽ മാററം വന്നു. 1972 ജനുവരിയിൽ ഒരു പുതിയ അച്ചടിശാലയുടെ നിർമാണം തുടങ്ങി. ഉടൻതന്നെ, 40 ടണ്ണുള്ള ഒരു അച്ചടിയന്ത്രം ജപ്പാനിൽനിന്ന് എത്തിച്ചേർന്നു. 1973-ഓടുകൂടി ഞങ്ങൾ മാസന്തോറും 7,00,000 മാസികകൾ അച്ചടിക്കാൻ തുടങ്ങി. ഞങ്ങളുടെ ബെഥേൽ കുടുംബം അപ്പോൾ ശരിക്കും വളരാൻ തുടങ്ങി.
1970-കൾ എനിക്കു ദുഃഖവും കൈവരുത്തി. ഒന്നാമത്, 1975-ൽ 80-ാം വയസ്സിൽ എന്റെ പ്രിയഭാജനമായ ഭർത്താവ് റെറഡ് മൃതിയടഞ്ഞു. പിന്നീട്, ഒരുവർഷമാകുന്നതിനുമുമ്പേ വാർധക്യംചെന്ന എന്റെ പിതാവും മരണത്തിൽ നിദ്രപ്രാപിച്ചു. യഹോവയിൽനിന്നും അവന്റെ വചനമായ ബൈബിളിൽനിന്നും എന്റെ ആത്മീയ സഹോദരീസഹോദരൻമാരിൽനിന്നും ഞാൻ ഏറെ സാന്ത്വനമടഞ്ഞു. ബെഥേലിൽ അർഥപൂർണമായ എന്റെ പ്രവർത്തനത്തിൽ തിരക്കുള്ളവളായിരുന്നതും എന്റെ ജീവിതത്തിലെ ദുഃഖകരമായ ഈ ഘട്ടത്തിൽ എന്നെ വളരെയേറെ സഹായിച്ചു.
എന്നുവരികിലും ജീവിതം താളം തെററാതെ മുന്നോട്ടുപോയി. ഒരു വിധവയായിത്തീർന്ന ഞാൻ വീണ്ടും സംതൃപ്തിയും അനുഗ്രഹങ്ങളും അനുഭവിക്കാൻ തുടങ്ങി. 1978-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ചുനടന്ന കൺവെൻഷനിൽ ഞാൻ പങ്കെടുത്തു. അതിനുശേഷം ന്യൂയോർക്കിലെ ബ്രുക്ക്ളിനിൽ സ്ഥിതിചെയ്യുന്ന വാച്ച് ടവർ സൊസൈററിയുടെ ലോകാസ്ഥാനവും സന്ദർശിച്ചു. എന്റെ നൂറുകണക്കിനു സഹോദരീസഹോദരൻമാർ അവിടെ, ബ്രുക്ക്ളിൻ ബെഥേലിൽ സന്തോഷപൂർവം വേലചെയ്യുന്ന കാഴ്ച ഇന്നുവരേക്കും എന്നിൽ ഒരു പ്രചോദനമായി നിലകൊള്ളുന്നു.
ഓസ്ട്രേലിയ ബെഥേൽ സമുച്ചയത്തിന്റെ വികസനത്തിനു പിന്നെയും പദ്ധതിയിടുകയായിരുന്നെന്ന് 1970-ന്റെ അവസാനത്തോടെ ഞങ്ങൾ അറിഞ്ഞു. എന്നിരുന്നാലും, വികസനം സ്ട്രാത്ത്ഫീൽഡിൽ ആയിരിക്കുമായിരുന്നില്ല. അവിടെ സ്ഥലമില്ലായിരുന്നു. അതിനുപകരം, 1940-കളുടെ ആരംഭത്തിലെ നിരോധനകാലത്തു ഞാൻ ജോലിചെയ്തിരുന്ന ഇങ്കൾബേർണിലുള്ള ഞങ്ങളുടെ സ്ഥലത്തു പുതിയതും വളരെ വലുതുമായ ഒരു സമുച്ചയം പണിയേണ്ടതായിവന്നു.
നിർബാധം തുടർന്ന അർഥപൂർണമായ ജീവിതം
1982, ജനുവരിയിൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ സ്ഥലത്തേക്കു മാറിയപ്പോൾ ഞങ്ങൾക്ക് എന്തൊരാവേശമായിരുന്നു! സുപരിചിതമായ ചുററുപാടുകൾ വിട്ടുപോന്നതുകൊണ്ട് ആദ്യം അൽപ്പം പ്രയാസം തോന്നിയെന്നതു ശരിയാണ്. എന്നാൽ പെട്ടെന്നുതന്നെ സുന്ദരമായ 73 കിടപ്പുമുറികളുള്ള ഞങ്ങളുടെ പുതിയ സ്ഥലം ഞങ്ങളെ രോമാഞ്ചം കൊള്ളിച്ചു. ഇപ്പോൾ ദൃഷ്ടിപായിച്ചാൽ കാണുന്നത് ഇഷ്ടികച്ചുവരുകൾക്കും നഗരപ്രാന്തത്തിലെ തെരുവുകൾക്കും പകരം പച്ചപ്പട്ടുവിരിച്ച പാടങ്ങളും കാലികൾ മേയുന്നതും ഉത്കൃഷ്ടമായ സൂര്യോദയവും സൂര്യാസ്തമയവും ആണ്—അത്യന്തം ആസ്വാദ്യമായ ഒരു രംഗവിധാനംതന്നെ.
1983, മാർച്ച് 19-ന്റെ മനോഹരമായ ശരത്കാല വെയിലിൽ പുതിയ കോംപ്ലക്സിന്റെ സമർപ്പണം ആഹ്ലാദകരമായരീതിയിൽ നടന്നു. ഭരണസംഘത്തിലെ അംഗമായ ലോയ്ഡ് ബാരി ഉത്തേജനം പകരുന്ന സമർപ്പണപ്രസംഗം നടത്തി. അദ്ദേഹവും ഭാര്യയും സമർപ്പണ പരിപാടിയിൽ സന്നിഹിതരായത് ഞാൻ വ്യക്തിപരമായി വിലമതിച്ചു. കാരണം വളരെ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങളെല്ലാം സ്ട്രാത്ത്ഫീൽഡ് ബെഥേലിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളവരാണ്.
രാജ്യ പ്രസംഗവേലയിൽ തുടർച്ചയായുണ്ടായ വളർച്ചയുടെ ഫലമായി ഇങ്കൾബേർണിലുള്ള ഞങ്ങളുടെ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടത് അത്യാവശ്യമായിത്തീർന്നു. 1987-ൽ ഓഫീസ് വലുതാക്കി. പിന്നീട്, 1989, നവംബർ 25-ന് താമസത്തിനുവേണ്ടി ഒരു പുതിയ അഞ്ചുനിലക്കെട്ടിടവും ഫാക്റററിയോടു ചേർത്ത് ഒരു മൂന്നുനിലക്കെട്ടിടവും സമർപ്പിക്കുകയുണ്ടായി. എത്രമാത്രം വർധനവാണ് ഉണ്ടായിരിക്കുന്നത്—ഓസ്ട്രേലിയയിൽ ഞാൻ ശുശ്രൂഷ തുടങ്ങിയപ്പോഴുണ്ടായിരുന്ന 4,000 പേരിൽനിന്ന് ഏതാണ്ട് 59,000 പേരിലേക്ക്!
അടുത്തകാലത്ത്, ജപ്പാനോടും ജർമനിയോടുമൊപ്പം ഓസ്ട്രേലിയ ബ്രാഞ്ചും സൊസൈററിയുടെ മൂന്നു റീജിനൽ എൻജിനിയറിങ് ഓഫീസുകളിലൊന്നാക്കി. ഇത് ബെഥേൽ സമുച്ചയം വീണ്ടും വികസിപ്പിക്കുന്നത് ആവശ്യമാക്കിത്തീർത്തു. മറെറാരു മൂന്നുനില ഓഫീസ് കെട്ടിടത്തിന്റെ പണി പൂർത്തിയായിരിക്കുകയാണ്. കൂടാതെ താമസത്തിനുവേണ്ടിയുള്ള അഞ്ചുനിലക്കെട്ടിടത്തിന്റെ പണിയും തീരാറായി. നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾക്കുവേണ്ടി അതിൽ 80 മുറികൾകൂടി ഉണ്ടായിരിക്കുന്നതാണ്.
അലക്കുശാലയിലെ വേല കൈകാര്യം ചെയ്യുന്നതിനുവേണ്ടി ഞങ്ങൾക്കു ജോലിക്കാരുടെ ഒരു നല്ല സംഖ്യതന്നെയുണ്ട്. എന്നാൽ, രണ്ടാഴ്ചത്തേക്ക് ഈ ഡിപ്പാർട്ടുമെൻറിനെ സഹായിക്കാനായി 1940-ൽ എന്നെ ക്ഷണിച്ച ആ ആഗസ്ററു ദിനം ഞാൻ കൂടെക്കൂടെ ഓർക്കാറുണ്ട്. ആ രണ്ടാഴ്ച 50 വർഷമായി നീണ്ടതിലും ഇത്രയും ഉദ്ദേശ്യപൂർണമായ ജീവിതരീതിയിലേക്കു യഹോവയാം ദൈവം എന്റെ കാലടികളെ നയിച്ചതിലും ഞാൻ വളരെ നന്ദിയുള്ളവളാണ്.
[21-ാം പേജിലെ ചിത്രം]
എനിക്ക് 25 വയസ്സുള്ളപ്പോൾ
[23-ാം പേജിലെ ചിത്രം]
1956-ലെ ഞങ്ങളുടെ വിവാഹദിനം
[24-ാം പേജിലെ ചിത്രം]
1938-ൽ എന്റെ സഹോദരിയും ഞാനും സ്പോർട്സിൽ ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു എന്നാൽ, ഇന്ന് എന്റെ ജീവിതം അതിലും വളരെയേറെ ഫലപ്രദമാണ്