ക്രിസ്മസ് നിങ്ങൾക്ക് എന്തർഥമാക്കുന്നു?
നിങ്ങൾ എങ്ങനെ ഉത്തരം നൽകും? ക്രിസ്മസ് എന്നത്(1) കുടുംബത്തോടൊപ്പമായിരിക്കുന്നതിനുള്ള ഒരു സമയമാണ്; (2) വിരുന്നുകൾക്കുള്ള ഒരു സമയമാണ്; (3) മതപരമായ ഒരു സമയമാണ്; (4) സമ്മർദംനിറഞ്ഞ ഒരു സമയമാണ്; (5) ഗൃഹാതുരത്വം പിടിപെടുന്ന ഒരു സമയമാണ്; (6) ശബ്ദമുഖരിതമായ കച്ചവടത്തിന്റെ ഒരു സമയമാണ്.
ബ്രിട്ടനിൽ 1,000-ത്തിലധികം പേരെ ഉൾപ്പെടുത്തിയ ഒരു സർവേ നടത്തിയതിൽ ക്രിസ്മസിനെ മതപരമായ ഒരു ആഘോഷമായി കരുതിയതു വെറും 6 ശതമാനം മാത്രമാണെന്നത് അതിശയകരമായി തോന്നിയേക്കാം. അതിനു വിപരീതമായി, ക്രിസ്മസ് മുഖ്യമായും തങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനുള്ള ഒരു സമയമാണെന്നു 48 ശതമാനം കരുതി. വാസ്തവത്തിൽ, കുട്ടികൾക്കുവേണ്ടിയുള്ള ഒരു പ്രത്യേക സമയമാണ് ഇതെന്ന് അനേകരും ധരിക്കുന്നു. അതിന് ഉദാഹരണമായി, ക്രിസ്മസിന്റെ കാര്യത്തിൽ ഏററവും ഇഷ്ടപ്പെട്ടതെന്താണെന്നു 11 വയസ്സുള്ള ഒരു പെൺകുട്ടിയോടു ചോദിച്ചപ്പോൾ, “അപ്പോഴത്തെ ആവേശവും സന്തോഷാനുഭൂതിയും [കൂടാതെ] സമ്മാനങ്ങൾ കൊടുക്കലുമാണ്” എന്ന് അവൾ മറുപടി നൽകി. “‘പരമ്പരാഗത’ ക്രിസ്മസിന്റെ ഏററവും വലിയ പ്രാധാന്യം കുടികൊള്ളുന്നത് . . . നിസ്സംശയമായും ഭവനത്തിലും കുടുംബാംഗങ്ങളിലും പ്രത്യേകിച്ച് കുട്ടികളിലുമാണ്” എന്ന് ആധുനിക ക്രിസ്മസിന്റെ രൂപകൽപ്പന (ഇംഗ്ലീഷ്) സമ്മതിക്കുന്നു.
എന്നാൽ, ക്രിസ്മസ്, സമ്മാനങ്ങൾ കൈമാറുന്നതിനുവേണ്ടി സുഹൃത്തുക്കൾ ഒത്തുകൂടുന്ന ഒരു കുടുംബ ആഘോഷമായിരിക്കുന്നതു വിശേഷിച്ചും പാശ്ചാത്യ ക്രൈസ്തവലോകത്തിലാണ്. പൂർവ ഓർത്തോഡോക്സ് സഭ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ ഈസ്റററിനാണ് ആളുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. എങ്കിലും, ക്രിസ്മസ് സമയം പൊതുവേ അവധിക്കാലമാണ്.
ഒരു ‘വാണിജ്യ സംരംഭം’
ക്രിസ്മസ് “ഒരു വിസ്മയാവഹമായ വാണിജ്യവത്കരണ പ്രക്രിയയിലൂടെ കടന്നുപോയിരിക്കുന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. ഒരുപക്ഷേ, ഇക്കാര്യത്തിൽ ജപ്പാനെ കവച്ചുവെക്കുന്ന വേറൊരിടവുമില്ല.
“ജപ്പാൻകാർ മതത്തിന്റെ എല്ലാവിധ വേഷംകെട്ടലുകളും ഉപേക്ഷിച്ച് ക്രിസ്മസിനെ തികച്ചും ഒരു വാണിജ്യ സംരംഭമാക്കി മാററിയിരിക്കയാണ്” എന്ന് വാഷിങ്ടൺ ഡെയ്ലി റെക്കോർഡ് റിപ്പോർട്ടുചെയ്യുന്നു. ജപ്പാനിലെ ക്രിസ്മസ് “മതപരമായ രംഗത്ത് ഒട്ടുംതന്നെ പ്രാധാന്യം നൽകാതെ വാണിജ്യവത്കരണത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പ്രമുഖ ആഘോഷമാണ്” എന്ന് അതു കൂട്ടിച്ചേർക്കുന്നു.
ക്രിസ്തീയമെന്നു പറയപ്പെടുന്ന അനേകം രാജ്യങ്ങളിൽപ്പോലും ഈ “മതപരമായ രംഗം” മിക്കപ്പോഴും കണ്ടുപിടിക്കാൻ പ്രയാസമാണ്. ഏതാണ്ട് 40 വർഷം മുമ്പ് ഒരു ക്രിസ്മസ്-വിരുദ്ധ ലഘുഗ്രന്ഥം ഇങ്ങനെ വിലപിക്കുകയുണ്ടായി: “വ്യാപാരലോകമാണു ക്രിസ്മസിനു പ്രചാരം വർധിപ്പിച്ചിരിക്കുന്നത്. വർഷത്തിലെ ഏററവുമധികം പണമുണ്ടാക്കാനുള്ള സമയം അതാണ്. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന വ്യാപാരികൾ ക്രിസ്മസ്കാലം വരുന്നതിനുവേണ്ടി നോക്കിയിരിക്കും, ക്രിസ്തുവിനെപ്രതിയല്ല മറിച്ച്, സാമ്പത്തിക നേട്ടത്തിനുവേണ്ടി.” ആ വാക്കുകൾ ഇന്ന് എത്ര സത്യമാണ്! വർഷാവസാനമാകാൻ പിന്നെയും കാണും മൂന്നു മാസത്തിലധികം, അപ്പഴേ കേൾക്കാം അടുത്ത ക്രിസ്മസിനുവേണ്ടി സമ്മാനങ്ങൾ വാങ്ങാൻ എത്രനാൾ ബാക്കിയുണ്ടെന്ന ഓർമിപ്പിക്കലുകൾ. വർഷാവസാനമാകുമ്പോഴേക്കും കച്ചവടത്തിനു ചുറുചുറുക്കു കൂടുന്നു. കടകളുടെ മുഴുവർഷത്തെയും വിൽപ്പനയുടെ കാൽഭാഗം ക്രിസ്മസ് കാലയളവിലാണു നടക്കുന്നത്.
ക്രിസ്മസ് ഇപ്പോൾ നിങ്ങൾക്ക് എന്തർഥമാക്കിയാലും അത് എങ്ങനെ തുടങ്ങിയെന്നു നിങ്ങൾ ചിന്തിച്ചേക്കാം. വാസ്തവത്തിൽ, ക്രിസ്മസ് സമ്മാനം കൊടുക്കലിനെ ബൈബിൾ പിന്തുണയ്ക്കുന്നുണ്ടോ? ഇന്നത്തെ ക്രിസ്മസാഘോഷങ്ങൾ യഥാർഥത്തിൽ ക്രിസ്തീയമാണോ? നമുക്കു നോക്കാം.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Cover: Thomas Nast/Dover Publications, Inc., 1978