യഹോവക്കു നിങ്ങളെ ശക്തരാക്കാൻ കഴിയും
“അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.”—യെശയ്യാവു 40:29.
1, 2. യഹോവയുടെ സമൃദ്ധമായ ശക്തിയുടെ ഏതാനും തെളിവുകൾ എന്തെല്ലാം?
“ശക്തിയിൽ സമൃദ്ധിയുള്ള” ദൈവമാണു യഹോവ. ദൈവത്തിന്റെ “നിത്യശക്തി”യുടെയും “ദിവ്യത്വ”ത്തിന്റെയും തെളിവ് അവന്റെ ഭൗതിക സൃഷ്ടികളുടെ മാഹാത്മ്യത്തിൽ നമുക്കു കാണാൻ സാധിക്കും. സൃഷ്ടികർത്തൃത്വത്തിന്റെ അത്തരം തെളിവുകൾ അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്കു യാതൊരു ഒഴികഴിവുമില്ല.—സങ്കീർത്തനം 147:5, NW; റോമർ 1:19, 20.
2 കോടിക്കണക്കിനു പ്രകാശവർഷങ്ങളുടെ അകലത്തിൽ എണ്ണമററ താരാപംക്തികളുള്ള പ്രപഞ്ചത്തിന്റെ അനന്തതയിലേക്കു ശാസ്ത്രജ്ഞൻമാരുടെ പഠനം നീളുന്നതനുസരിച്ച് യഹോവയുടെ ശക്തി കൂടുതൽക്കൂടുതൽ വ്യക്തമായി വരുകയാണ്. രാത്രിയുടെ ഇരുട്ടിൽ തെളിമയുള്ള ആകാശത്തേക്കൊന്നു കണ്ണോടിക്കുക. എന്നിട്ട്, “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എന്ന് ചിന്തിച്ച സങ്കീർത്തനക്കാരനെപ്പോലെ നിങ്ങളും ചിന്തിച്ചുപോകുന്നില്ലേ എന്നു നോക്കുക. (സങ്കീർത്തനം 8:3, 4) യഹോവ മനുഷ്യരായ നമ്മെ എത്ര നന്നായി പരിപാലിച്ചിരിക്കുന്നു! അവൻ ആദ്യ മനുഷ്യനും സ്ത്രീക്കും മനോഹരമായ ഒരു ഭൗമികഭവനം ഉണ്ടാക്കിക്കൊടുത്തു. പോഷകപ്രദവും മലിനീകരിക്കപ്പെടാത്തതുമായ ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന സസ്യവൃക്ഷലതാദികൾ വളർത്താനുള്ള ശക്തി അതിന്റെ മണ്ണിനുപോലും ഉണ്ടായിരുന്നു. മനുഷ്യനും മൃഗങ്ങൾക്കും ദൈവത്തിന്റെ ശക്തിയുടെ ഈ പ്രകടനത്തിൽനിന്നു ഭൗതിക ശക്തി ലഭിക്കുന്നു.—ഉല്പത്തി 1:12; 4:12; 1 ശമൂവേൽ 28:22.
3. പ്രപഞ്ചത്തിലെ ഭൗതിക വസ്തുക്കൾ കൂടാതെ, എന്തുകൂടെ ദൈവത്തിന്റെ ശക്തി പ്രകടിപ്പിക്കുന്നുണ്ട്?
3 ആകാശം വശ്യതയാർന്നതും ഭൂമിയിലെ സസ്യവർഗവും ജന്തുവർഗവും അത്യധികം ആഹ്ലാദദായകവുമാണെന്നതിലുപരി, അവ ദൈവത്തിന്റെ ശക്തിയും നമുക്കായി പ്രകടിപ്പിക്കുന്നു. “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (റോമർ 1:20) എന്നാൽ നമ്മുടെ ശ്രദ്ധയും വിലമതിപ്പും അർഹിക്കുന്ന അവന്റെ ശക്തിയുടെ മറെറാരു തെളിവുണ്ട്. നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാവാം, ‘പ്രപഞ്ചത്തെക്കാൾ കൂടുതലായി ദൈവത്തിന്റെ ശക്തി പ്രകടമാക്കുന്നത് എന്തായിരിക്കും?’ എന്ന്. യേശുക്രിസ്തു. അതാണ് ഉത്തരം. വാസ്തവത്തിൽ, സ്തംഭത്തിൽ തറയ്ക്കപ്പെട്ട ക്രിസ്തു “ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്” എന്ന് അപ്പോസ്തലനായ പൗലോസ് നിശ്വസ്തതയിൽ പറയുന്നു. (1 കൊരിന്ത്യർ 1:24, പി.ഒ.സി. ബൈബിൾ) ‘അത് എന്തുകൊണ്ട്?’ എന്നും ‘അതിന് എന്റെ ഇപ്പോഴത്തെ ജീവിതവുമായി എന്തു ബന്ധം?’ എന്നും നിങ്ങൾ ചോദിച്ചേക്കാം.
പുത്രനിലൂടെ പ്രകടമാക്കിയിരിക്കുന്ന ശക്തി
4. തന്റെ പുത്രനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ ശക്തി പ്രകടമാക്കപ്പെട്ടതെങ്ങനെ?
4 ദൈവത്തിന്റെ ശക്തി ആദ്യമായി പ്രകടമായത് തന്റെ പ്രതിച്ഛായയിൽ, തന്റെ ഏകജാത പുത്രനെ സൃഷ്ടിച്ചപ്പോഴായിരുന്നു. മറെറല്ലാ സംഗതികളെയും സൃഷ്ടിക്കുന്നതിൽ ദൈവത്തിന്റെ സമൃദ്ധമായ ശക്തി ഉപയോഗിച്ചുകൊണ്ട് ഈ ആത്മപുത്രൻ യഹോവയെ ഒരു “ശില്പി”യായി സേവിച്ചു. (സദൃശവാക്യങ്ങൾ 8:22, 30) കൊലോസ്യയിലുള്ള ക്രിസ്തീയ സഹോദരങ്ങൾക്കു പൗലോസ് എഴുതി: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും . . . സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.”—കൊലൊസ്സ്യർ 1:15, 16.
5-7. (എ) പണ്ട്, ദൈവത്തിന്റെ ശക്തിപ്രകടനങ്ങളിൽ മനുഷ്യർ ഉൾപ്പെട്ടിരുന്നതെങ്ങനെ? (ബി) ഇന്നു ക്രിസ്ത്യാനികളുടെ കാര്യത്തിൽ ദൈവത്തിന്റെ ശക്തി പ്രകടമാകാമെന്നു വിശ്വസിക്കാൻ എന്തു കാരണമുണ്ട്?
5 ‘ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട സംഗതി’കളുടെ ഭാഗമാണു നാം. അപ്പോൾ മനുഷ്യരായ നമുക്കു ദൈവത്തിന്റെ ശക്തി നീട്ടിത്തരാനാവുമോ? അപൂർണ മനുഷ്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളിൽ യഹോവ തന്റെ ദാസൻമാർക്കു ചിലപ്പോഴൊക്കെ അധികശക്തി പ്രദാനം ചെയ്തിട്ടുണ്ട്. അതു തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയായിരുന്നു. പൊതുവേ, മനുഷ്യർ 70-ഓ 80-ഓ വർഷമേ ജീവിക്കുകയുള്ളൂ എന്നു മോശയ്ക്ക് അറിയാമായിരുന്നു. (സങ്കീർത്തനം 90:10) മോശയുടെതന്നെ കാര്യമെടുത്താലോ? അവൻ 120 വയസ്സുവരെ ജീവിച്ചു. എന്നിട്ടും “അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.” (ആവർത്തനപുസ്തകം 34:7) ദൈവം തന്റെ ഓരോ ദാസൻമാർക്കും അത്രയും ദീർഘനാൾ ജീവിച്ചിരിക്കാനുള്ള പ്രാപ്തിയും അത്തരം ഊർജ്വസ്വലതയും കൊടുക്കുന്നു എന്നൊന്നും ഇത് അർഥമാക്കുന്നില്ല. എന്നാൽ മനുഷ്യനെ ശക്തീകരിക്കാൻ യഹോവക്കു കഴിയുമെന്ന് ഇതു തീർച്ചയായും തെളിയിക്കുന്നു.
6 പുരുഷൻമാരെയും സ്ത്രീകളെയും ശക്തീകരിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തി പ്രകടമാക്കുന്ന സംഗതികൾ ഇനിയുമുണ്ട്. അബ്രഹാമിന്റെ ഭാര്യയുടെ കാര്യത്തിൽ അവൻ പ്രവർത്തിച്ചത് അതിലൊന്നാണ്. ‘സാറാ വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു.’ അല്ലെങ്കിൽ ദൈവം ഇസ്രായേലിലെ ന്യായാധിപൻമാരെയും മററുള്ളവരെയും എങ്ങനെ ശക്തീകരിച്ചുവെന്നു പരിചിന്തിക്കുക: ‘ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നിവരും ശമൂവേൽ മുതലായ പ്രവാചകൻമാരും ബലഹീനതയിൽ ശക്തീകരിക്കപ്പെട്ടു.’—എബ്രായർ 11:11, 32-34.
7 അത്തരം ശക്തിക്കു നമ്മുടെ കാര്യത്തിലും പ്രവർത്തിക്കാനാവും. അത്ഭുതത്തിലൂടെ ഒരു സന്താനമുണ്ടാകാൻ നാം ഇപ്പോൾ പ്രതീക്ഷിക്കില്ലായിരിക്കാം, അല്ലെങ്കിൽ ശിംശോനെപ്പോലെ നാം ശക്തി പ്രകടിപ്പിക്കില്ലായിരിക്കാം. പക്ഷേ കൊലോസ്യയിലെ സാധാരണ മനുഷ്യരോടു പൗലോസ് സൂചിപ്പിച്ചതുപോലെ, ശക്തരാകാൻ നമുക്കു സാധിക്കും. അതേ, ഇന്നു സഭകളിൽ കാണുന്നതുപോലുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പൗലോസ് എഴുതിയത്. അവർ “പൂർണ്ണശക്തിയോടെ ബലപ്പെടേണ”മെന്ന് അവൻ പറയുകയുണ്ടായി.—കൊലൊസ്സ്യർ 1:11.
8, 9. ഒന്നാം നൂററാണ്ടിൽ, നമ്മെപ്പോലുള്ള മനുഷ്യരോടുള്ള ബന്ധത്തിൽ യഹോവയുടെ ശക്തി പ്രകടമായതെങ്ങനെ?
8 യേശുവിന്റെ ഭൗമികശുശ്രൂഷയ്ക്കിടയിൽ, തന്റെ ശക്തി തന്റെ പുത്രനിലൂടെ പ്രവർത്തിക്കുന്നുണ്ടെന്ന് യഹോവ വ്യക്തമാക്കി. ഉദാഹരണത്തിന്, കഫർന്നഹൂമിൽ ജനക്കൂട്ടം യേശുവിനടുത്തു തടിച്ചുകൂടിയ സമയത്ത് “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.”—ലൂക്കൊസ് 5:17.
9 തന്റെ പുനരുത്ഥാനത്തിനുശേഷം ‘പരിശുദ്ധാത്മാവു അവരുടെമേൽ വരുമ്പോൾ അവർക്കു ശക്തി ലഭിക്കുമെന്ന്’ യേശു തന്റെ അനുഗാമികൾക്ക് ഉറപ്പുകൊടുക്കുകയുണ്ടായി. (പ്രവൃത്തികൾ 1:8) അത് എത്ര ശരിയായിരുന്നു! പൊ.യു. (പൊതുയുഗം) 33-ലെ പെന്തക്കോസ്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞുണ്ടായ സംഭവവികാസങ്ങൾ ഒരു ചരിത്രകാരൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “അപ്പൊസ്തലൻമാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന്നു സാക്ഷ്യം പറഞ്ഞുവന്നു.” (പ്രവൃത്തികൾ 4:33) നിർവഹിക്കാൻ ദൈവം ഏൽപ്പിച്ചുകൊടുത്ത വേല ചെയ്യാൻ ശക്തീകരിക്കപ്പെട്ട ഒരാൾ പൗലോസുതന്നെയായിരുന്നു. അവന്റെ പരിവർത്തനത്തിനും കാഴ്ചവീണ്ടുകിട്ടലിനും ശേഷം അവൻ “മേല്ക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്ക്കൊസിൽ പാർക്കുന്ന യെഹൂദൻമാരെ മിണ്ടാതാക്കി.”—പ്രവൃത്തികൾ 9:22.
10. ദൈവത്തിൽനിന്നുള്ള ശക്തി പൗലോസിന്റെ കാര്യത്തിൽ സഹായകമായതെങ്ങനെ?
10 ആയിരക്കണക്കിനു കിലോമീററർ താണ്ടിയുള്ള മൂന്നു മിഷനറി യാത്രകൾ നടത്താൻ ആവശ്യമായ ആത്മീയവും മാനസികവുമായ ശേഷിയെക്കുറിച്ചു പരിചിന്തിക്കുമ്പോൾ പൗലോസിനു കൂടുതലായ ശക്തി തീർച്ചയായും ആവശ്യമായിരുന്നു. തടവുശിക്ഷകളും പിന്നെ രക്തസാക്ഷിത്വവും, അങ്ങനെ എല്ലാത്തരം പ്രയാസങ്ങളും അവൻ സഹിച്ചു. എങ്ങനെ? അവന്റെ ഉത്തരം ഇതാണ്: ‘കർത്താവ് എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാൻ എന്നെ ശക്തീകരിച്ചു.’—2 തിമൊഥെയൊസ് 4:6-8, 17; 2 കൊരിന്ത്യർ 11:23-27.
11. ദൈവത്തിന്റെ ശക്തിയെക്കുറിച്ചു പറയവേ, പൗലോസ് കൊലോസ്യയിലെ തന്റെ സഹദാസൻമാർക്കുവേണ്ടി ഏതു പ്രത്യാശയെയാണു പരാമർശിച്ചത്?
11 കൊലോസ്യയിലുള്ള, ‘ക്രിസ്തുവിൽ വിശ്വസ്ത സഹോദരൻമാർക്ക്’ എഴുതവേ, അവർ ‘സകല സഹിഷ്ണുതെക്കും ദീർഘക്ഷമെക്കുമായി അവന്റെ [യഹോവയുടെ] മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടട്ടെ’ എന്നു പറഞ്ഞ് പൗലോസ് അവരെ ധൈര്യപ്പെടുത്തിയതു നമ്മെ അതിശയിപ്പിക്കുന്നില്ല. (കൊലൊസ്സ്യർ 1:2, 11) ആ വാക്കുകൾ പ്രാഥമികമായി അഭിഷിക്തരെ സംബോധന ചെയ്തിട്ടുള്ളവയായിരുന്നെങ്കിലും, ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിൻപററുന്ന സകലർക്കും പൗലോസ് എഴുതിയിരിക്കുന്നതിൽനിന്നു കാര്യമായ പ്രയോജനം നേടാനാവും.
കൊലോസ്യയിൽ ശക്തീകരിക്കപ്പെട്ടു
12, 13. കൊലോസ്യർക്കുള്ള ലേഖനത്തിന്റെ പശ്ചാത്തലമെന്ത്, സാധ്യതയനുസരിച്ച് അതിനോടുള്ള പ്രതികരണം എന്തായിരിക്കണം?
12 എപ്പഫ്രാസ് എന്നു പേരായ ഒരു വിശ്വസ്ത ക്രിസ്ത്യാനിയുടെ പ്രസംഗത്തിലൂടെയാവാം ഒരുപക്ഷേ ഏഷ്യയിലെ റോമൻ പ്രവിശ്യയിൽ സ്ഥിതിചെയ്തിരുന്ന കൊലോസ്യ സഭ സ്ഥാപിതമായത്. പൊ.യു. 58-ൽ പൗലോസ് റോമിൽ തടവിലായിരുന്നെന്നു കേട്ടപ്പോൾ അപ്പോസ്തലനെ സന്ദർശിച്ച് കൊലോസ്യയിലെ സഹോദരങ്ങളുടെ സ്നേഹത്തെയും മനസ്സുറപ്പിനെയും കുറിച്ചുള്ള ഒരു ഉത്തമ റിപ്പോർട്ടു നൽകി അവനെ പ്രോത്സാഹിപ്പിക്കാൻ എപ്പഫ്രാസ് നിശ്ചയിച്ചുറച്ചതായി തോന്നുന്നു. കൊലോസ്യ സഭയിൽ പരിഹരിക്കാനുള്ള ഏതോ പ്രശ്നത്തെക്കുറിച്ച് ഒരു വിശ്വസ്തമായ റിപ്പോർട്ടും എപ്പഫ്രാസ് കൊടുത്തിരിക്കാൻ സാധ്യതയുണ്ട്. തിരിച്ച്, പ്രോത്സാഹനത്തിന്റേതും മുന്നറിയിപ്പിന്റേതുമായ ഒരു എഴുത്തു സഭയ്ക്കു വിടാൻ പൗലോസ് നിർബന്ധിതനായി. ആ ലേഖനത്തിന്റെ ഒന്നാം അധ്യായത്തിൽനിന്നു നിങ്ങൾക്കും കാര്യമായ പ്രോത്സാഹനം ലഭിച്ചേക്കാം. എന്തെന്നാൽ അതു യഹോവക്കു തന്റെ ദാസൻമാരെ എങ്ങനെ ശക്തീകരിക്കാനാവും എന്നതുസംബന്ധിച്ചു വെളിച്ചം വീശുന്നു.
13 ‘ക്രിസ്തുവിൽ വിശ്വസ്ത സഹോദരൻമാർ’ എന്ന് പൗലോസ് അവരെ വർണിച്ചപ്പോൾ കൊലോസ്യയിലെ സഹോദരീസഹോദരൻമാർക്ക് എന്തു തോന്നിയിരിക്കാമെന്നു നിങ്ങൾക്കു വിഭാവന ചെയ്യാനാവും. ‘സകലവിശുദ്ധൻമാരോടും അവർക്കുള്ള സ്നേഹത്തിനും’ അവർ ക്രിസ്ത്യാനികളായ സമയംമുതൽ ‘സുവിശേഷത്തിന്റെ ഫലം കായിച്ചതിനും’ അവരെ അഭിനന്ദിക്കേണ്ടിയിരുന്നു! നമ്മുടെ സഭയെക്കുറിച്ചും വ്യക്തിപരമായി നമ്മെക്കുറിച്ചും ഇങ്ങനെതന്നെ പറയാനാവുമോ?—കൊലൊസ്സ്യർ 1:2-8.
14. കൊലോസ്യരെ സംബന്ധിച്ച് പൗലോസിന്റെ ആഗ്രഹം എന്തായിരുന്നു?
14 റിപ്പോർട്ടു കിട്ടിയ ഉടൻ പൗലോസ് പ്രതികരിച്ചു. അവർ “കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണ”മെന്നു യാചിച്ചുകൊണ്ട് അവർക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുകയായിരുന്നുവെന്ന് അവൻ കൊലോസ്യരോടു പറഞ്ഞു. അവർ “സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണുതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും” അവൻ പ്രാർഥിച്ചു.—കൊലൊസ്സ്യർ 1:9-11.
ഇന്നും ശക്തീകരിക്കപ്പെടുന്നു
15. പൗലോസ് കൊലോസ്യർക്ക് എഴുതിയതിൽ പ്രതിഫലിച്ച അതേ മനോഭാവം നമുക്ക് എങ്ങനെ പ്രകടിപ്പിക്കാം?
15 എന്തൊരു ഉത്തമ മാതൃകയാണു പൗലോസ് നമുക്കായി വെച്ചത്! കഷ്ടപ്പാടുകളൊന്നും വകവെക്കാതെ അതു സഹിച്ച് സന്തോഷം നിലനിർത്താൻ ലോകമെമ്പാടുമുള്ള സഹോദരങ്ങൾക്കു നമ്മുടെ പ്രാർഥന ആവശ്യമുണ്ട്. മറെറാരു സഭയിലെയോ രാജ്യത്തിലെയോ സഹോദരങ്ങൾ ദുരിതമനുഭവിക്കുകയാണ് എന്നു വിവരം ലഭിക്കുമ്പോൾ പൗലോസിനെപ്പോലെ, നാം കൃത്യമായ ആവശ്യങ്ങൾ പറഞ്ഞ് പ്രാർഥിക്കണം. ചിലപ്പോൾ അടുത്തുള്ള ഒരു സഭ പ്രകൃതിക്ഷോഭത്തിനിരയായിട്ടുണ്ടാവാം, അല്ലെങ്കിൽ മറേറതെങ്കിലും ആത്മീയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടാവാം. ചിലപ്പോൾ ആഭ്യന്തരയുദ്ധത്താലോ ഗോത്രങ്ങൾക്കിടയിലെ പരസ്പര കൂട്ടക്കുരുതിയാലോ വീർപ്പുമുട്ടുന്ന ഒരു രാജ്യത്തു ക്രിസ്ത്യാനികൾ സഹിച്ചുനിൽക്കുകയായിരിക്കാം. ‘കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കാൻ,’ സഹിച്ചുനിൽക്കവേതന്നെ രാജ്യഫലം പുറപ്പെടുവിച്ചു മുന്നേറാൻ, പരിജ്ഞാനത്തിൽ വർധിച്ചുവരാൻ നമ്മുടെ സഹോദരങ്ങളെ സഹായിക്കണമെന്നു നാം പ്രാർഥനയിൽ ദൈവത്തോടു യാചിക്കണം. ഈ വിധം ദൈവത്തിന്റെ ദാസൻമാർ അവന്റെ ആത്മാവിന്റെ ഫലം സ്വീകരിച്ച് ‘പൂർണ്ണശക്തിയോടെ ബലപ്പെടുന്നു.’ നിങ്ങളുടെ പിതാവു നിങ്ങളെ ശ്രദ്ധിക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്യുമെന്നു നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാവുന്നതാണ്.—1 യോഹന്നാൻ 5:14, 15.
16, 17. (എ) പൗലോസ് എഴുതിയതുപോലെ, നാം എന്തിനു നന്ദിയുള്ളവരായിരിക്കണം? (ബി) ദൈവജനത വിമോചിതരും പാപമോചിതരുമാക്കപ്പെട്ടിരിക്കുന്നത് എന്തർഥത്തിലാണ്?
16 ‘വിശുദ്ധൻമാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി തങ്ങളെ പ്രാപ്തൻമാരാക്കിയ പിതാവിനു’ കൊലോസ്യർ ‘നന്ദി പറയണമെന്ന്’ പൗലോസ് എഴുതി. അവന്റെ രാജ്യത്തിന്റെ സ്വർഗീയമോ ഭൗതികമോ ആയ മേഖലയിൽ എവിടെയായിരുന്നാലും, അവന്റെ ക്രമീകരണത്തിൽ നമുക്ക് ഒരു സ്ഥാനം നൽകിയതിനു നമുക്കും നമ്മുടെ സ്വർഗീയ പിതാവിനോടു നന്ദി പറയാം. അപൂർണരായ മനുഷ്യരെ തന്റെ ദൃഷ്ടികളിൽ ദൈവം പ്രാപ്തരാക്കിയതെങ്ങനെ? പൗലോസ് തന്റെ അഭിഷിക്ത സഹോദരങ്ങൾക്ക് എഴുതി: ‘പിതാവു നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്തിരിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ട്.’—കൊലൊസ്സ്യർ 1:12-14.
17 നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗതികമോ എന്തായിരുന്നാലും, യഹോവയുടെ പ്രിയ പുത്രന്റെ മറുവിലായാഗം എന്ന അമൂല്യ ക്രമീകരണത്തിൽ വിശ്വാസമർപ്പിക്കുന്നതിലൂടെ സാധ്യമാകുന്ന, അന്ധകാരത്തിന്റെ ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്നുള്ള നമ്മുടെ മോചനത്തിനു നാം ദൈവത്തിനു ദിവസേന സ്തോത്രം ചെയ്യുന്നു. (മത്തായി 20:28) മറുവില തങ്ങൾക്കു പ്രത്യേകമായ വിധത്തിൽ ബാധകമാക്കിയതിൽനിന്ന് അഭിഷിക്ത ക്രിസ്ത്യാനികൾക്കു പ്രയോജനം ലഭിച്ചിരിക്കുന്നു. അങ്ങനെ അവർക്കു ‘സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാവാൻ സാധിക്കുന്നു.’ (ലൂക്കൊസ് 22:20, 29, 30) എന്നാൽ ഇപ്പോൾപ്പോലും “വേറെ ആടുക”ളും മറുവിലയിൽനിന്നു പ്രയോജനമനുഭവിക്കുന്നുണ്ട്. (യോഹന്നാൻ 10:16) സ്നേഹിതർ എന്നനിലയിൽ തന്റെ മുമ്പാകെ നീതിനിഷ്ഠമായ ഒരു നിലയുണ്ടായിരിക്കാൻ അവർക്കു ദൈവത്തിൽനിന്നു പാപമോചനം ലഭിക്കാനാവും. ഈ അന്ത്യകാലത്ത് “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രഘോഷിക്കുന്നതിൽ അവർക്ക് ഒരു വലിയ പങ്കുണ്ട്. (മത്തായി 24:14) അതിലുപരി, ക്രിസ്തുവിന്റെ ആയിരംവർഷ വാഴ്ചയുടെ അവസാനത്തോടെ സമ്പൂർണ നീതിനിഷ്ഠരും ശാരീരികമായി പൂർണരും ആയിത്തീരുന്നതിനുള്ള അത്ഭുതാവഹമായ പ്രത്യാശയും അവർക്കുണ്ട്. വെളിപ്പാടു 7:13-17-ലെ വിവരണം വായിച്ചിട്ട് മോചിതരായി അനുഗ്രഹിക്കപ്പെടുന്നതിനുള്ള തെളിവല്ലേ ഇതെന്നു നോക്കുക.
18. കൊലോസ്സ്യർക്കുള്ള ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഏത് അനുരഞ്ജനമാണ് ദൈവം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്?
18 ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യനോടു നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാൻ പൗലോസിന്റെ ലേഖനം നമ്മെ സഹായിക്കുന്നു. ക്രിസ്തുവിലൂടെ ദൈവം എന്തു നേടുകയായിരുന്നു? അത് “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാ[നായിരുന്നു]”. ഏദെനിലെ മത്സരത്തിനുമുമ്പുണ്ടായിരുന്നതുപോലെ, മുഴുസൃഷ്ടിയെയും താനുമായി സമ്പൂർണ യോജിപ്പിൽ തിരികെ കൊണ്ടുവരികയാണു ദൈവത്തിന്റെ ഉദ്ദേശ്യം. സകല സംഗതികളും സൃഷ്ടിക്കാൻ ഉപയോഗിച്ച അതേ വ്യക്തിയെത്തന്നെയാണ് ഈ അനുരഞ്ജനവും സാധ്യമാക്കാൻ ഉപയോഗിക്കുന്നത്.—കൊലൊസ്സ്യർ 1:20.
എന്തിനായി ശക്തീകരിക്കപ്പെട്ടു?
19, 20. നാം വിശുദ്ധരും നിഷ്കളങ്കരും ആയിരിക്കുന്നത് എന്തിൽ ആശ്രയിച്ചിരിക്കുന്നു?
19 ദൈവവുമായി അനുരഞ്ജനത്തിലായ നമുക്ക് ഉത്തരവാദിത്വങ്ങളുണ്ട്. ഒരിക്കൽ നാം പാപികളും ദൈവത്തിൽനിന്ന് അന്യാധീനപ്പെട്ടവരുമായിരുന്നു. എന്നാൽ ഇപ്പോൾ യേശുവിന്റെ യാഗത്തിൽ വിശ്വാസമർപ്പിച്ച്, മേലാൽ ദുഷ്ടകൃത്യങ്ങളിൽ മനസ്സുറപ്പിക്കാതെ, നാം അടിസ്ഥാനപരമായി “[ദൈവത്തിന്റെ മുമ്പിൽ] വിശുദ്ധരും നിഷ്കളങ്കരു”മായ ഒരു അവസ്ഥയിൽ “കുററമില്ലാത്തവരായി” നിലകൊള്ളുന്നു. (കൊലൊസ്സ്യർ 1:21, 22) ഒന്ന് ആലോചിച്ചു നോക്കൂ, പുരാതന നാളിലെ വിശ്വസ്ത സാക്ഷികളെക്കുറിച്ചു ദൈവത്തിനു ലജ്ജതോന്നിയിരുന്നില്ല. അതുപോലെ, നമ്മുടെ ദൈവമായി അറിയപ്പെടുന്നതിൽ അവൻ നമ്മെക്കുറിച്ചും ലജ്ജിക്കുന്നില്ല. (എബ്രായർ 11:16) ഇന്ന്, നാം അവന്റെ വിശ്രുതമായ നാമം വ്യാജമായി വഹിക്കുകയാണെന്നു പറഞ്ഞ് ആർക്കും നമ്മെ കുററപ്പെടുത്താനാവില്ല. ആ നാമത്തെ ഭൂമിയുടെ അററങ്ങളോളം പരസ്യപ്പെടുത്താൻ നാം ഭയപ്പെടുന്നെന്നും കുററപ്പെടുത്താനാവില്ല!
20 എങ്കിലും, കൊലൊസ്സ്യർ 1:23-ൽ പൗലോസ് തുടർന്നുപറയുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും . . . നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.” അതുകൊണ്ട്, തന്റെ പ്രിയപുത്രന്റെ കാൽച്ചുവടുകൾ പിൻപററിക്കൊണ്ട് യഹോവയോടു വിശ്വസ്തമായി നിലകൊള്ളുന്നതിലാണ് അത് ഏറിയപങ്കും ആശ്രയിച്ചിരിക്കുന്നത്. യഹോവയും യേശുക്രിസ്തുവും നമുക്കുവേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തിരിക്കുന്നു! പൗലോസിന്റെ ബുദ്ധ്യുപദേശം പിൻപററിക്കൊണ്ട് നമുക്ക് അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാം.
21. ഇന്നു പുളകിതരായിരിക്കുന്നതിനു നമുക്കു വലിയ കാരണമുള്ളത് എന്തുകൊണ്ട്?
21 ‘അവർ കേട്ട സുവിശേഷം’ അതിനോടകംതന്നെ “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചു”കഴിഞ്ഞിരിക്കുന്നുവെന്നു കേട്ടതിൽ കൊലോസ്യ ക്രിസ്ത്യാനികൾ പുളകിതരായിരിക്കണം. ഇന്ന് അത് 230-ലധികം രാജ്യങ്ങളിലായി 45 ലക്ഷത്തിലധികം വരുന്ന സാക്ഷികളാൽ പ്രഘോഷിക്കപ്പെടുന്നു എന്നത് അതിലും വലിയ ആവേശമുണർത്തുന്നതാണ്. എന്തിന്, വർഷംതോറും സകല ജനതകളിൽനിന്നുമായി ദൈവവുമായി അനുരഞ്ജനത്തിലേക്കു വരുന്നത് ഏതാണ്ടു 3,00,000 ആളുകളാണ്!—മത്തായി 24:14; 28:19, 20.
22. നാം കഷ്ടപ്പാട് അനുഭവിക്കുന്നെങ്കിൽപ്പോലും ദൈവത്തിനു നമുക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും?
22 കൊലോസ്യർക്കു ലേഖനം എഴുതുമ്പോൾ വ്യക്തമായും പൗലോസ് തടവിൽ ഏകാന്തമായി കഴിയുകയായിരുന്നു. എന്നിട്ടും, തന്റെ അത്തരം അവസ്ഥയെച്ചൊല്ലി അവൻ യാതൊരുതരത്തിലും വിലപിച്ചില്ല. അതിനുപകരം അവൻ ഇതാണു പറഞ്ഞത്: “ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിക്കുന്നു.” “സന്തോഷത്തോടെ സമ്പൂർണമായി സഹിച്ചുനിൽക്കു”ക, “ദീർഘക്ഷമ പ്രകടിപ്പിക്കു”ക എന്നതിന്റെയെല്ലാം അർഥം പൗലോസിന് അറിയാമായിരുന്നു. (കൊലൊസ്സ്യർ 1:11, 24, NW) എന്നാൽ സ്വന്ത ശക്തിയിലല്ല താൻ ഇതു ചെയ്തത് എന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. യഹോവ അവനെ ശക്തീകരിച്ചിരുന്നു! അങ്ങനെതന്നെയാണ് ഇന്നും. തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിനു സാക്ഷികൾക്കു യഹോവയെ സേവിക്കുന്നതിലെ സന്തുഷ്ടി നഷ്ടപ്പെട്ടിട്ടില്ല. മറിച്ച്, “അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നൽകുന്നു; . . . യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” എന്ന യെശയ്യാവു 40:29-31-ൽ കാണുന്ന ദൈവത്തിന്റെ വാക്കുകൾ സത്യമാണെന്നു മനസ്സിലാക്കാൻ ഇടവന്നിരിക്കുന്നു.
23, 24. കൊലൊസ്സ്യർ 1:26-ൽ സൂചിപ്പിച്ചിരിക്കുന്ന പാവനരഹസ്യം എന്ത്?
23 ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള സുവിശേഷശുശ്രൂഷ പൗലോസിനു വളരെ പ്രധാനപ്പെട്ടതായിരുന്നു. ദൈവോദ്ദേശ്യത്തിൽ ക്രിസ്തുവിനുള്ള പങ്കിന്റെ മൂല്യം മററുള്ളവരും മനസ്സിലാക്കണമെന്ന് അവൻ ആഗ്രഹിച്ചു. അതുകൊണ്ട്, “പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം [‘പാവനരഹസ്യം,’ NW]” എന്നാണ് അവൻ അതിനെ വർണിച്ചത്. എങ്കിലും അത് എന്നും ഒരു മർമമായിത്തന്നെയിരിക്കേണ്ടതായിരുന്നില്ല. “ഇപ്പോൾ അവന്റെ വിശുദ്ധൻമാർക്കു വെളിപ്പെട്ടിരിക്കുന്നു” എന്നു പൗലോസ് കൂട്ടിച്ചേർത്തു. (കൊലൊസ്സ്യർ 1:26) ഏദെനിൽ മത്സരം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ‘സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും’ എന്നു മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് യഹോവ വരുവാനുള്ള മെച്ചപ്പെട്ട സംഗതികളുടെ ഒരു വാഗ്ദാനം കൊടുക്കുകയുണ്ടായി. (ഉല്പത്തി 3:15) അതിന്റെ അർഥമെന്തായിരുന്നു? തലമുറകളോളം, നൂററാണ്ടുകളോളം അതൊരു പിടികിട്ടാരഹസ്യമായി അവശേഷിച്ചു. അങ്ങനെയിരിക്കെയാണ് യേശു വന്നത്. അവൻ ‘സുവിശേഷംകൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തി.’—2 തിമൊഥെയൊസ് 1:10.
24 അതേ, ക്രിസ്തുവിനെയും മിശിഹൈക രാജ്യത്തെയും കേന്ദ്രീകരിച്ചുള്ളതാണ് “പാവനരഹസ്യം.” ക്രിസ്തുവിനോടൊപ്പം രാജ്യഭരണത്തിൽ പങ്കുപററുന്നവരെ പരാമർശിച്ചുകൊണ്ട് പൗലോസ് “സ്വർഗത്തിലുള്ള”വയെ സൂചിപ്പിക്കുകയുണ്ടായി. ഇവിടെ എന്നെന്നുമുണ്ടായിരിക്കുന്ന പറുദീസ ആസ്വദിക്കാനിരിക്കുന്ന “ഭൂമിയിലുള്ള”വർക്കു കണക്കററ അനുഗ്രഹങ്ങൾ വരുത്തുന്നത് ഇവരെ ഉപയോഗിച്ചുകൊണ്ടായിരിക്കും. അപ്പോൾ “ഈ മർമ്മത്തിന്റെ മഹിമാധനം” എന്നു പൗലോസ് പരാമർശിച്ചത് എത്ര ഉചിതമായിരുന്നുവെന്നു നിങ്ങൾക്കു മനസ്സിലാവും.—കൊലൊസ്സ്യർ 1:20, 27.
25. കൊലൊസ്സ്യർ 1:29-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഇപ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കണം?
25 ആ രാജ്യത്തിൽ തനിക്കുള്ള സ്ഥാനത്തിനുവേണ്ടി പൗലോസ് നോക്കിപ്പാർത്തിരുന്നു. എങ്കിലും, വെറുതെ ഇരുന്നുകൊണ്ടു പ്രത്യാശിക്കാവുന്ന ഒരു സംഗതിയല്ലായിരുന്നു അത് എന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. “ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.” (കൊലൊസ്സ്യർ 1:29) ജീവരക്ഷാകരമായ ഒരു ശുശ്രൂഷ നിറവേററാൻ യഹോവ പൗലോസിനെ ക്രിസ്തുവിലൂടെ ശക്തീകരിച്ച കാര്യം ശ്രദ്ധിക്കുക. ഇന്നു നമുക്കുവേണ്ടിയും യഹോവക്ക് അതുതന്നെ ചെയ്യാനാവും. എന്നാൽ ‘ഞാൻ ആദ്യമായി സത്യം പഠിച്ചപ്പോൾ സുവാർത്താ പ്രസംഗത്തിൽ എനിക്കുണ്ടായിരുന്ന അതേ ആത്മാവ് ഇപ്പോഴുണ്ടോ?’ എന്നു നാം സ്വയം ചോദിക്കണം. എന്താണു നിങ്ങളുടെ ഉത്തരം? ‘യഹോവയുടെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നതിൽ’ തുടരാൻ നമ്മെ ഓരോരുത്തരെയും സഹായിക്കാൻ എന്തിനു സാധിക്കും? അതിനെക്കുറിച്ചാണ് അടുത്ത ലേഖനം.
നിങ്ങൾ ശ്രദ്ധിച്ചുവോ?
◻ മനുഷ്യർക്കുവേണ്ടി യഹോവക്കു തന്റെ ശക്തി പ്രകടിപ്പിക്കാനാവുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ കൊലൊസ്സ്യർ ഒന്നാം അധ്യായത്തിലെ പൗലോസിന്റെ വാക്കുകളുടെ പശ്ചാത്തലം എന്ത്?
◻ കൊലൊസ്സ്യർ 1:20-ൽ സൂചിപ്പിച്ചിരിക്കുന്ന അനുരഞ്ജനം ദൈവം നടത്തുന്നതെങ്ങനെ?
◻ തന്റെ ശക്തിയാൽ, യഹോവക്കു നമ്മിലൂടെ എന്തു നിർവഹിക്കാൻ കഴിയും?
[8-ാം പേജിലെ ഭൂപടം/ചിത്രം]
കൊലൊസ്യ