യഹോവയ്ക്കു യോഗ്യമാംവണ്ണം നടക്കാൻ മറ്റുള്ളവരെ സഹായിപ്പിൻ
“നിങ്ങൾ സകലവിധ സത്പ്രവൃത്തിയിലും ഫലം കായിച്ച് യഹോവയെ പൂർണമായി പ്രസാദിപ്പിക്കുവോളം അവനു യോഗ്യമാംവണ്ണം നടക്കേണ്ടതിന് . . . ഞങ്ങൾ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു.”—കൊലൊസ്സ്യർ 1:9, 10, NW.
1, 2. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഒരു സവിശേഷ ഉറവ് ഏത്?
“ഞങ്ങൾ ഒരു കൃഷിയിടത്തിലെ വാഹനഭവനത്തിലാണു താമസിക്കുന്നത്. ലളിതമായ ജീവിതം നയിക്കുന്നതിനാൽ ആളുകളുമായി സുവാർത്ത പങ്കുവെക്കാൻ ഞങ്ങൾക്കു കൂടുതൽ സമയം ലഭിക്കുന്നു. യഹോവയുമായുള്ള ഒരു സമർപ്പിത ബന്ധത്തിലേക്കു വരാൻ അനേകരെ സഹായിക്കുന്നതിനു ലഭിച്ച പദവിയാൽ ഞങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.”—ദക്ഷിണാഫ്രിക്കയിൽ മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്ന ഒരു ദമ്പതികൾ.
2 മറ്റുള്ളവരെ സഹായിക്കുന്നത് സന്തോഷം കൈവരുത്തുന്നു എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? ചിലർ രോഗികളെയും ദരിദ്രരെയും ഏകാന്തരെയുമൊക്കെ പതിവായി സഹായിക്കാൻ ശ്രമിച്ചുകൊണ്ട് സംതൃപ്തി നേടുന്നു. മറ്റുള്ളവർക്കുവേണ്ടി തങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം അവരുമായി പങ്കുവെക്കുന്നതാണെന്ന് സത്യക്രിസ്ത്യാനികൾക്ക് ഉറപ്പുണ്ട്. അതിലൂടെ മാത്രമേ അവർക്ക് യേശുവിന്റെ മറുവിലയെ അംഗീകരിക്കാനും ദൈവവുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കാനും അങ്ങനെ നിത്യജീവന് അർഹതയുള്ളവരായി നിലകൊള്ളാനും സാധിക്കൂ എന്ന് നമുക്ക് അറിയാം.—പ്രവൃത്തികൾ 3:19-21; 13:48.
3. ഏതുതരം സഹായം നമ്മുടെ ശ്രദ്ധ അർഹിക്കുന്നു?
3 എന്നിരുന്നാലും, ഇപ്പോൾത്തന്നെ ദൈവത്തെ സേവിക്കുന്ന, ക്രിസ്തീയ ‘മാർഗം’ പിൻപറ്റുന്ന, വ്യക്തികളെ സഹായിക്കുന്ന കാര്യമോ? (പ്രവൃത്തികൾ 19:9) തീർച്ചയായും നിങ്ങൾ അവരിൽ അങ്ങേയറ്റം താത്പര്യമുള്ളവരാണ്. എന്നാൽ അവരെ എങ്ങനെ കൂടുതലായി അല്ലെങ്കിൽ തുടർച്ചയായി സഹായിക്കാനാകും എന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കാം. അല്ലെങ്കിൽ, അവരെ സഹായിക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾ ഒരു തടസ്സമാണെന്നും തത്ഫലമായി സഹായിക്കുന്നതിൽനിന്ന് ഉളവാകുന്ന സംതൃപ്തി പലപ്പോഴും ലഭിക്കുന്നില്ലെന്നും നിങ്ങൾക്കു തോന്നിയേക്കാം. (പ്രവൃത്തികൾ 20:35, NW) ഈ രണ്ടു സംഗതികളെ കുറിച്ചും കൊലൊസ്സ്യർക്കുള്ള ലേഖനത്തിൽനിന്ന് നമുക്കു ചില കാര്യങ്ങൾ പഠിക്കാനാകും.
4. (എ) ഏതു സാഹചര്യത്തിലാണ് പൗലൊസ് കൊലൊസ്സ്യർക്ക് ലേഖനം എഴുതിയത്? (ബി) എപ്പഫ്രാസ് ആരായിരുന്നു, അവൻ എന്തു ചെയ്തു?
4 കൊലൊസ്സ്യയിലെ ക്രിസ്ത്യാനികൾക്കു ലേഖനം എഴുതുമ്പോൾ പൗലൊസ് അപ്പൊസ്തലൻ റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നു. എന്നിരുന്നാലും, സന്ദർശകരെ കാണാൻ അവന് അനുവാദമുണ്ടായിരുന്നു. നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്നതുപോലെ, തനിക്കുണ്ടായിരുന്ന പരിമിത സ്വാതന്ത്ര്യം ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കാൻ പൗലൊസ് പ്രയോജനപ്പെടുത്തി. (പ്രവൃത്തികൾ 28:16-30) സഹക്രിസ്ത്യാനികൾക്ക് അവനെ സന്ദർശിക്കാൻ കഴിയുമായിരുന്നു. ചിലർ കുറേക്കാലത്തേക്ക് അവനോടൊപ്പം തടവിലാക്കപ്പെടുക പോലും ചെയ്തിരിക്കാം. (കൊലൊസ്സ്യർ 1:7, 8; 4:10) അവനെ സന്ദർശിച്ചവരിൽ ഒരാളായിരുന്നു എപ്പഫ്രാസ്. ഏഷ്യാമൈനറിൽ (ഇന്നത്തെ ടർക്കി), എഫെസൊസിനു കിഴക്കായി സ്ഥിതിചെയ്യുന്ന പീഠഭൂമിയായ പ്രുഗ്യ ദേശത്തെ ഒരു നഗരമായ കൊലൊസ്സ്യയിൽ നിന്നുള്ളവനായിരുന്നു ആ തീക്ഷ്ണതയുള്ള സുവിശേഷകൻ. കൊലൊസ്സ്യയിൽ ഒരു സഭ സ്ഥാപിക്കുന്നതിൽ എപ്പഫ്രാസ് ഒരു നിർണായക പങ്ക് വഹിച്ചിരുന്നു. സമീപത്തുള്ള ലവുദിക്യ, ഹിയരപൊലി സഭകൾക്കുവേണ്ടിയും അവൻ അധ്വാനിച്ചു. (കൊലൊസ്സ്യർ 4:12, 13) പൗലൊസിനെ കാണാനായി എപ്പഫ്രാസ് റോമിലേക്കു പോയത് എന്തുകൊണ്ടാണ്? പൗലൊസിന്റെ പ്രതികരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
കൊലൊസ്സ്യർക്കു ഫലപ്രദമായ സഹായം
5. കൊലൊസ്സ്യ ലേഖനത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ പൗലൊസ് അവർക്ക് എഴുതിയത് എന്തുകൊണ്ട്?
5 കൊലൊസ്സ്യ സഭയിലെ സ്ഥിതിഗതികൾ പൗലൊസുമായി ചർച്ച ചെയ്യാൻ എപ്പഫ്രാസ് റോമിലേക്ക് ദുഷ്കരമായ ഒരു യാത്ര നടത്തി. കൊലൊസ്സ്യ ക്രിസ്ത്യാനികളുടെ വിശ്വാസത്തെയും സ്നേഹത്തെയും സുവിശേഷ വേലയെയും കുറിച്ച് അവൻ പൗലൊസിനു വിവരം നൽകി. (കൊലൊസ്സ്യർ 1:4-8) എന്നാൽ അവരുടെ ആത്മീയതയ്ക്കു ഭീഷണിയാകുന്ന സ്വാധീനങ്ങളെ കുറിച്ചുള്ള തന്റെ ആകുലതകളും അവൻ അറിയിച്ചിരിക്കാം. വ്യാജ ഉപദേഷ്ടാക്കന്മാർ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ആശയങ്ങളിൽ ചിലതിനെ ഖണ്ഡിക്കുന്ന ഒരു നിശ്വസ്ത ലേഖനം എഴുതിക്കൊണ്ട് പൗലൊസ് അതിനോടു പ്രതികരിച്ചു. യേശുക്രിസ്തുവിന്റെ സുപ്രധാന സ്ഥാനത്തിലാണ് അവൻ വിശേഷിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചത്.a മുഖ്യ ബൈബിൾ സത്യങ്ങൾ ഊന്നിപ്പറയുന്നതിൽ ഒതുങ്ങിനിന്നോ അവന്റെ സഹായം? മറ്റ് ഏതു വിധത്തിലാണ് അവനു കൊലൊസ്സ്യരെ സഹായിക്കാൻ കഴിഞ്ഞത്? മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ നമുക്ക് എന്തു പാഠങ്ങൾ പഠിക്കാനാകും?
6. കൊലൊസ്സ്യർക്കുള്ള ലേഖനത്തിൽ പൗലൊസ് എന്തിനാണ് ഊന്നൽ നൽകിയത്?
6 മറ്റുള്ളവരെ സഹായിക്കുന്നതിനോടുള്ള ബന്ധത്തിൽ നാം അവഗണിക്കാൻ ഇടയുള്ള ഒരു കാര്യം ലേഖനത്തിന്റെ പ്രാരംഭ ഭാഗത്തുതന്നെ പൗലൊസ് പരാമർശിച്ചു. കൊലൊസ്സ്യയിൽനിന്നു വളരെ ദൂരെ ആയിരുന്ന പൗലൊസിനെയും എപ്പഫ്രാസിനെയും സംബന്ധിച്ചിടത്തോളം അകലെ ആയിരുന്നുകൊണ്ടുതന്നെ സഹായിക്കുന്നതിനുള്ള ഒരു മാർഗം ആയിരുന്നു അത്. “നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ [ഞങ്ങൾ] എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു” എന്നു പൗലൊസ് ഉറപ്പിച്ചു പറഞ്ഞു. അതേ, കൊലൊസ്സ്യയിലെ ക്രിസ്ത്യാനികൾക്കു വേണ്ടി പ്രത്യേകം നടത്തിയ പ്രാർഥനകളായിരുന്നു അവ. പൗലൊസ് ഇങ്ങനെയും കൂട്ടിച്ചേർത്തു: “അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾമുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ . . . ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും [യഹോവയുടെ] ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം” എന്ന് അപേക്ഷിക്കുന്നു.—കൊലൊസ്സ്യർ 1:4, 5, 9, 10.
7, 8. വ്യക്തിപരവും സഭാപരവുമായ പ്രാർഥനകളിൽ നാം മിക്കപ്പോഴും ഏതു സംഗതി പരാമർശിക്കുന്നു?
7 യഹോവ “പ്രാർത്ഥന കേൾക്കുന്നവനാ”ണെന്നു നമുക്ക് അറിയാം. ആയതിനാൽ, അവന്റെ ഹിതത്തിനു ചേർച്ചയിലുള്ള നമ്മുടെ പ്രാർഥനകൾ കേൾക്കാൻ അവൻ മനസ്സൊരുക്കമുള്ളവനാണ് എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (സങ്കീർത്തനം 65:2; 86:6; സദൃശവാക്യങ്ങൾ 15:8, 29; 1 യോഹന്നാൻ 5:14) എന്നാൽ മറ്റുള്ളവർക്കു വേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾ എങ്ങനെയുള്ളതാണ്?
8 നാം മിക്കപ്പോഴും നമ്മുടെ ‘ലോകവ്യാപക സഹോദരവർഗത്തെ’ കുറിച്ചു ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുണ്ടാകാം. (1 പത്രൊസ് 5:9) അല്ലെങ്കിൽ, ഒരു ദുരന്തബാധിത പ്രദേശത്തെ ക്രിസ്ത്യാനികളെയും മറ്റുള്ളവരെയും കുറിച്ചു നാം യഹോവയോടു പ്രാർഥിച്ചേക്കാം. ഒന്നാം നൂറ്റാണ്ടിൽ, യെഹൂദ്യയിലെ ക്ഷാമത്തെ കുറിച്ചു മറ്റു സ്ഥലങ്ങളിലുള്ള ക്രിസ്ത്യാനികൾ കേട്ടപ്പോൾ, ദുരിതാശ്വാസ നിധികൾ അയയ്ക്കുന്നതിനു മുമ്പുതന്നെ അവർ അവിടത്തെ തങ്ങളുടെ സഹോദരന്മാർക്കു വേണ്ടി വളരെയേറെ പ്രാർഥിച്ചിട്ടുണ്ടാകണം. (പ്രവൃത്തികൾ 11:27-30) ഇന്ന്, മുഴു സഹോദരവർഗത്തിനോ വലിയൊരു കൂട്ടം സഹോദരങ്ങൾക്കോ വേണ്ടിയുള്ള പ്രാർഥനകൾ ക്രിസ്തീയ യോഗങ്ങളിൽ മിക്കപ്പോഴും കേൾക്കാറുണ്ട്. അത്തരം പ്രാർഥനകൾ സന്നിഹിതരായിരിക്കുന്നവർക്കു മനസ്സിലാകുന്നതും “ആമേൻ” പറയാൻ കഴിയുന്നതും ആയിരിക്കണം.—1 കൊരിന്ത്യർ 14:16.
പേരെടുത്തുപറഞ്ഞ് പ്രാർഥിക്കുക
9, 10. (എ) ഏതെങ്കിലും വ്യക്തിക്കോ വ്യക്തികൾക്കോ വേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത് ഉചിതമാണെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു? (ബി) തനിക്കുവേണ്ടി പ്രാർഥിക്കുന്നതിനോടുള്ള ബന്ധത്തിൽ പൗലൊസ് എന്തു പറഞ്ഞു?
9 എന്നാൽ, മറ്റുള്ളവർക്കു വേണ്ടി പ്രത്യേകമായി നടത്തിയ പ്രാർഥനകളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. ലൂക്കൊസ് 22:31, 32-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളെ കുറിച്ചു ചിന്തിക്കുക. അപ്പോൾ അവനു ചുറ്റും വിശ്വസ്തരായ 11 അപ്പൊസ്തലന്മാർ ഉണ്ടായിരുന്നു. നേരിടാൻ പോകുന്ന കഷ്ടകാലത്തെ തരണം ചെയ്യാൻ അവർക്ക് എല്ലാവർക്കും ദൈവസഹായം ആവശ്യമായിരുന്നു. അതുകൊണ്ട് യേശു അവർക്കു വേണ്ടി പ്രാർഥിച്ചു. (യോഹന്നാൻ 17:9-14) എന്നിരുന്നാലും, യേശു പത്രൊസിനു വേണ്ടി പ്രത്യേകം അപേക്ഷിച്ചു. മറ്റു ദൃഷ്ടാന്തങ്ങൾ: തന്റെ ബാല്യക്കാരനെ സഹായിക്കണമേ എന്ന് എലീശാ ദൈവത്തോടു പ്രത്യേകമായി പ്രാർഥിച്ചു. (2 രാജാക്കന്മാർ 6:15-17) ഗായൊസിന്റെ ശാരീരികവും ആത്മീയവുമായ സുസ്ഥിതിക്കു വേണ്ടി യോഹന്നാൻ അപ്പൊസ്തലൻ പ്രാർഥിച്ചു. (3 യോഹന്നാൻ 1, 2) മാത്രമല്ല, ഏതാനും പേരെ മാത്രം ഉദ്ദേശിച്ചുള്ള പ്രാർഥനകളും നമുക്കു ബൈബിളിൽ കാണാം.—ഇയ്യോബ് 42:7, 8; ലൂക്കൊസ് 6:28; പ്രവൃത്തികൾ 7:60; 1 തിമൊഥെയൊസ് 2:1, 2.
10 പ്രത്യേകം പേരെടുത്തുപറഞ്ഞുള്ള പ്രാർഥനകൾക്ക് പൗലൊസിന്റെ ലേഖനങ്ങൾ ഊന്നൽ നൽകുന്നു. തനിക്കു വേണ്ടിയോ തനിക്കും തന്റെ സഹകാരികൾക്കും വേണ്ടിയോ പ്രാർഥിക്കാൻ അവൻ മറ്റുള്ളവരോടു പറഞ്ഞു. കൊലൊസ്സ്യർ 4:2-4-ൽ നാം ഇങ്ങനെ വായിക്കുന്നു: “പ്രാർത്ഥനയിൽ ഉററിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ. എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിപ്പിൻ.” പ്രത്യേകമായ പ്രാർഥനകളുടെ മറ്റു ദൃഷ്ടാന്തങ്ങളും പരിചിന്തിക്കുക: റോമർ 15:31; 1 തെസ്സലൊനീക്യർ 5:25; 2 തെസ്സലൊനീക്യർ 3:2; എബ്രായർ 13:18.
11. റോമിലായിരുന്നപ്പോൾ എപ്പഫ്രാസ് ആർക്കുവേണ്ടിയാണ് പ്രാർഥിച്ചത്?
11 റോമിലെ പൗലൊസിന്റെ സഹകാരിയോടുള്ള ബന്ധത്തിലും അതു സത്യമായിരുന്നു. “നിങ്ങളിൽ ഒരുത്തനായ . . . എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; . . . അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.” (കൊലൊസ്സ്യർ 4:12) “പോരാടുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം പുരാതനകാലത്തെ ഒരു കായികാഭ്യാസി ചെയ്തിരുന്നതു പോലെയുള്ള “കഠിനപരിശ്രമ”ത്തെ സൂചിപ്പിക്കുന്നു. വിശ്വാസികളുടെ ലോകവ്യാപക സംഘത്തിനു വേണ്ടിയോ മുഴു ഏഷ്യാമൈനറിലുമുള്ള സത്യാരാധകർക്കു വേണ്ടിയോ ആയിരുന്നോ എപ്പഫ്രാസ് ഉള്ളുരുകി പ്രാർഥിച്ചിരുന്നത്? അവൻ കൊലൊസ്സ്യയിൽ ഉള്ളവർക്കുവേണ്ടി പ്രത്യേകാൽ പ്രാർഥിക്കുകയായിരുന്നെന്ന് പൗലൊസ് സൂചിപ്പിച്ചു. എപ്പഫ്രാസിന് അവരുടെ അവസ്ഥ അറിയാമായിരുന്നു. അവർ ആരൊക്കെ ആയിരുന്നെന്നോ അവർ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങൾ എന്തായിരുന്നുവെന്നോ നമുക്ക് അറിയില്ല. എന്നിരുന്നാലും ചില സാധ്യതകളെ കുറിച്ചു പരിചിന്തിക്കുക. ഒരുപക്ഷേ ചെറുപ്പക്കാരനായ ലീനൊസ് പ്രചാരത്തിലിരുന്ന തത്ത്വചിന്തകളുടെ സ്വാധീനത്തിന് എതിരെ പോരാടുകയായിരുന്നിരിക്കാം. രൂഫൊസിന് യഹൂദമതത്തിൽ ആയിരുന്നപ്പോൾ പിൻപറ്റിയിരുന്ന അനുഷ്ഠാനങ്ങളോടുള്ള അഭിനിവേശത്തെ ചെറുക്കാൻ ശക്തി ആവശ്യമായിരുന്നിരിക്കാം. ഭർത്താവ് അവിശ്വാസിയായ പെർസിസിന് കുട്ടികളെ കർത്താവിന്റെ വഴികളിൽ വളർത്തിക്കൊണ്ടുവരാൻ സഹിഷ്ണുതയും ജ്ഞാനവും ആവശ്യമായിരുന്നെങ്കിൽ, ഗുരുതരമായ രോഗം ബാധിച്ചിരുന്ന അസുംക്രിതൊസിന് കൂടുതലായ ആശ്വാസം ലഭിക്കേണ്ടത് ആവശ്യമായിരുന്നു, ഇല്ലേ? അതേ, എപ്പഫ്രാസിന് തന്റെ മാതൃസഭയിലുള്ളവരെ അറിയാമായിരുന്നു. അവൻ അവർക്കുവേണ്ടി ഉള്ളുരുകി പ്രാർഥിച്ചു. കാരണം അവരെപ്പോലുള്ള അർപ്പിത വ്യക്തികൾ യഹോവയ്ക്കു യോഗ്യമാംവണ്ണം നടക്കണമെന്ന് അവനും പൗലൊസും ആഗ്രഹിച്ചു.
12. സ്വകാര്യ പ്രാർഥനകളിൽ നമുക്ക് എന്തു ചെയ്യാനാകും?
12 നമുക്കായുള്ള ഒരു മാതൃക—നമുക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരു മാർഗം—നിങ്ങൾ ഇവിടെ കാണുന്നുവോ? മുമ്പു പ്രസ്താവിച്ചതുപോലെ, വ്യത്യസ്ത ആളുകൾ സന്നിഹിതരായിരിക്കുന്നതിനാൽ ക്രിസ്തീയ യോഗങ്ങളിലെ പരസ്യ പ്രാർഥനകൾ പലപ്പോഴും പൊതുവായ കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാകും. എന്നാൽ വ്യക്തിപരമോ കുടുംബപരമോ ആയ പ്രാർഥനകളിൽ വ്യക്തികളെയും മറ്റും പ്രത്യേകം പേരെടുത്തുപറയാൻ കഴിയും. എല്ലാ സഞ്ചാരമേൽവിചാരകന്മാരെയും ആത്മീയ ഇടയന്മാരെയും വഴിനയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യാൻ നാം ചില അവസരങ്ങളിൽ ദൈവത്തോട് അപേക്ഷിക്കാറുണ്ടായിരിക്കാം. എന്നാൽ ചിലപ്പോഴൊക്കെ അവരിൽ ചിലരുടെയെങ്കിലും പേരെടുത്തുപറഞ്ഞ് പ്രാർഥിക്കാൻ നമുക്കാവില്ലേ? ദൃഷ്ടാന്തത്തിന്, നിങ്ങളുടെ സഭ സന്ദർശിക്കുന്ന സർക്കിട്ട് മേൽവിചാരകനു വേണ്ടിയോ നിങ്ങളുടെ സഭാപുസ്തകാധ്യയന നിർവാഹകനു വേണ്ടിയോ പ്രത്യേകമായി പ്രാർഥിക്കരുതോ? തിമൊഥെയൊസിന്റെയും എപ്പഫ്രൊദിത്തൊസിന്റെയും ആരോഗ്യത്തിൽ പൗലൊസിന് ഉണ്ടായിരുന്ന വ്യക്തിപരമായ താത്പര്യം ഫിലിപ്പിയർ 2:25-28-ഉം 1 തിമൊഥെയൊസ് 5:23-ഉം പ്രകടമാക്കുന്നു. നമുക്കു വ്യക്തിപരമായി അറിയാവുന്ന രോഗികളുടെ കാര്യത്തിൽ ആ വിധത്തിലുള്ള താത്പര്യം പ്രകടിപ്പിക്കാനാവില്ലേ?
13. ഏതു തരത്തിലുള്ള സാഹചര്യങ്ങൾ നമ്മുടെ വ്യക്തിപരമായ പ്രാർഥനയിൽ ഉൾപ്പെടുത്തുന്നത് ഉചിതമാണ്?
13 മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ നാം തലയിടരുതെന്നുള്ളതു ശരിതന്നെ. എന്നാൽ നമുക്കു വ്യക്തിപരമായി അറിയാവുന്ന, നാം ഇഷ്ടപ്പെടുന്ന, ആളുകളോടുള്ള ആത്മാർഥമായ താത്പര്യം പ്രാർഥനയിൽ പ്രകടിപ്പിക്കുന്നത് ഉചിതമാണ്. (1 തിമൊഥെയൊസ് 5:13; 1 പത്രൊസ് 4:15) ജോലി നഷ്ടപ്പെട്ട ഒരു സഹോദരനു മറ്റൊരു ജോലി നൽകാൻ നമുക്കു സാധിക്കില്ലായിരിക്കാം. എങ്കിലും, വ്യക്തിപരമായ പ്രാർഥനകളിൽ നമുക്ക് ആ സഹോദരനെ പേരെടുത്തു പരാമർശിക്കാനും അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചു പറയാനും സാധിക്കും. (സങ്കീർത്തനം 37:25; സദൃശവാക്യങ്ങൾ 10:3) ‘കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രം’ വിവാഹം കഴിക്കാൻ ദൃഢനിശ്ചയം ചെയ്തതു നിമിത്തം, ഇപ്പോൾ ഭർത്താവും കുട്ടികളും ഇല്ലാത്ത, വാർധക്യത്തിൽ എത്തിയിരിക്കുന്ന ഏകാകിനിയായ ഒരു സഹോദരിയെ നിങ്ങൾക്ക് അറിയാമോ? (1 കൊരിന്ത്യർ 7:39) ആ സഹോദരിയെ അനുഗ്രഹിക്കാനും സേവനത്തിൽ വിശ്വസ്തയായി തുടരാൻ അവരെ സഹായിക്കാനും നിങ്ങളുടെ വ്യക്തിപരമായ പ്രാർഥനകളിൽ യഹോവയോട് അപേക്ഷിക്കരുതോ? ഇനി, മറ്റൊരു ഉദാഹരണം എടുക്കാം. തെറ്റു ചെയ്ത ഒരു സഹോദരന് രണ്ടു മൂപ്പന്മാർ ബുദ്ധിയുപദേശം കൊടുത്തിട്ടുണ്ടാകാം. അവർക്ക്
ഇരുവർക്കും തങ്ങളുടെ വ്യക്തിപരമായ പ്രാർഥനയിൽ ഇടയ്ക്കിടെ ആ സഹോദരനെ പ്രത്യേകം പേരെടുത്ത് പരാമർശിക്കാൻ കഴിയില്ലേ?
14. പേരെടുത്തുപറഞ്ഞുള്ള പ്രാർഥന മറ്റുള്ളവരെ സഹായിക്കുന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
14 യഹോവയിൽനിന്നുള്ള പിന്തുണയും ആശ്വാസവും ജ്ഞാനവും പരിശുദ്ധാത്മാവും അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഫലങ്ങളും ആർക്കെങ്കിലും പ്രത്യേകാൽ ആവശ്യമാണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ അവരെ വ്യക്തിപരമായ പ്രാർഥനകളിൽ ഉൾപ്പെടുത്താവുന്നതാണ്. ദൂരമോ മറ്റു സാഹചര്യങ്ങളോ നിമിത്തം അവരെ ഭൗതികമായോ നേരിട്ടോ കാര്യമായി സഹായിക്കാൻ ഒരുപക്ഷേ നിങ്ങൾക്കു കഴിയാതിരുന്നേക്കാം. എന്നിരുന്നാലും അവർക്കായി പ്രാർഥിക്കാൻ ഒരിക്കലും മറക്കരുത്. യഹോവയ്ക്കു യോഗ്യമാംവണ്ണം നടക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാം. എന്നാൽ എക്കാലവും അപ്രകാരം നടക്കുന്നതിന് അവർക്കു തീർച്ചയായും സഹായം ആവശ്യമായിരിക്കാം. ആ സഹായം നൽകുന്നതിനുള്ള ഒരു മുഖ്യ മാർഗമാണ് പ്രാർഥന.—സങ്കീർത്തനം 18:2; 20:1, 2; 34:15; 46:1; 121:1-3.
മറ്റുള്ളവരെ ബലപ്പെടുത്താനായി യത്നിക്കുക
15. കൊലൊസ്സ്യ ലേഖനത്തിന്റെ ഉപസംഹാര ഭാഗത്തിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
15 പേരെടുത്തുപറഞ്ഞുള്ള വികാരനിർഭരമായ പ്രാർഥന മാത്രമല്ല മറ്റുള്ളവരെ, പ്രത്യേകിച്ചും നിങ്ങൾക്കു പ്രിയപ്പെട്ടവരെ, സഹായിക്കാനുള്ള മാർഗം. കൊലൊസ്സ്യ ലേഖനം അതു വ്യക്തമാക്കുന്നു. സഭോപദേശപരമായ മാർഗനിർദേശവും പ്രായോഗിക ബുദ്ധിയുപദേശവും നൽകിയ ശേഷം ലേഖനത്തിന്റെ ഉപസംഹാര ഭാഗത്ത് പൗലൊസ് വെറുതെ വ്യക്തിപരമായ അഭിവാദനങ്ങൾ കൂടെ ഉൾപ്പെടുത്തുക ആയിരുന്നെന്ന് പല പണ്ഡിതന്മാരും കരുതുന്നു. (കൊലൊസ്സ്യർ 4:7-18) എന്നാൽ, ലേഖനത്തിന്റെ ഈ അവസാന ഭാഗത്ത് ശ്രദ്ധേയമായ ബുദ്ധിയുപദേശം അടങ്ങിയിരിക്കുന്നതായി നാം കണ്ടുകഴിഞ്ഞു. ഈ ഭാഗത്തുനിന്ന് ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കാനുണ്ട്.
16, 17. കൊലൊസ്സ്യർ 4:10, 11-ൽ പരാമർശിച്ചിരിക്കുന്ന സഹോദരന്മാരെ കുറിച്ച് നമുക്ക് എന്തു പറയാനാകും?
16 പൗലൊസ് ഇപ്രകാരം എഴുതി: “എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും—അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ—യൂസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു [“ബലപ്പെടുത്തുന്ന ഒരു സഹായം ആയിത്തീർന്നു,” NW].”—കൊലൊസ്സ്യർ 4:10, 11.
17 പ്രത്യേക ശ്രദ്ധ അർഹിക്കുന്ന ഏതാനും സഹോദരന്മാരെ പൗലൊസ് ഇവിടെ പേരെടുത്തു പരാമർശിച്ചു. അവർ പരിച്ഛേദനക്കാർ അഥവാ യഹൂദ പശ്ചാത്തലത്തിൽ നിന്നുള്ളവർ ആണെന്ന് അവൻ പറഞ്ഞു. പരിച്ഛേദനയേറ്റ അനേകം യഹൂദന്മാർ റോമിൽ ഉണ്ടായിരുന്നു. അവരിൽ ചിലർ ഈ സമയത്ത് ക്രിസ്ത്യാനികൾ ആയിക്കഴിഞ്ഞിരുന്നു. എന്നാൽ പൗലൊസ് പരാമർശിച്ചവർ അവന്റെ സഹായത്തിന് എത്തിയിരുന്നു. സാധ്യതയനുസരിച്ച്, പുറജാതീയ പശ്ചാത്തലത്തിൽ നിന്നുള്ള ക്രിസ്ത്യാനികളുമായി സഹവസിക്കാൻ അവർ മടി കാണിച്ചില്ല. കൂടാതെ, വിജാതീയരോടു പ്രസംഗിക്കുന്നതിൽ അവർ പൗലൊസിനോടൊപ്പം സന്തോഷപൂർവം പ്രവർത്തിച്ചിട്ടുമുണ്ടാകണം.—റോമർ 11:13; ഗലാത്യർ 1:16; 2:11-14.
18. തന്നോടൊപ്പം ഉണ്ടായിരുന്ന ചിലരെ പൗലൊസ് അഭിനന്ദിച്ചത് എങ്ങനെ?
18 പൗലൊസിന്റെ അഭിപ്രായം ശ്രദ്ധിക്കുക: ‘ഇവർ എനിക്കു ബലപ്പെടുത്തുന്ന ഒരു സഹായം ആയിത്തീർന്നു.’ അവൻ ഇവിടെ ഉപയോഗിച്ച ഗ്രീക്കു പദം ബൈബിളിൽ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നില്ല. പല പരിഭാഷകരും അതിനെ “ആശ്വാസം” എന്നാണ് പരിഭാഷപ്പെടുത്തുന്നത്. എന്നാൽ, “ആശ്വാസം” എന്ന് പൊതുവെ പരിഭാഷപ്പെടുത്താറുള്ളത് മറ്റൊരു ഗ്രീക്കു പദമാണ് (പാരാക്കാലേയോ). കൊലൊസ്സ്യ ലേഖനത്തിൽത്തന്നെ പൗലൊസ് ആ പദം ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ കൊലൊസ്സ്യർ 4:11-ൽ അവൻ ആ പദമല്ല ഉപയോഗിച്ചത്.—മത്തായി 5:4; പ്രവൃത്തികൾ 4:36; 9:31; NW; 2 കൊരിന്ത്യർ 1:4; കൊലൊസ്സ്യർ 2:2; 4:8.
19, 20. (എ) റോമിൽ തന്നെ സഹായിച്ചിരുന്ന സഹോദരന്മാർക്ക് പൗലൊസ് ബാധകമാക്കിയ പദപ്രയോഗത്തിന്റെ അർഥമെന്ത്? (ബി) ആ സഹോദരന്മാർ ഏതെല്ലാം വിധങ്ങളിൽ അവനെ സഹായിച്ചിരിക്കാം?
19 പൗലൊസ് പരാമർശിച്ചവർ വാക്കുകളിലൂടെ മാത്രമായിരിക്കില്ല അവന് ആശ്വാസം പകർന്നത്. “ബലപ്പെടുത്തുന്ന ഒരു സഹായം” എന്നു കൊലൊസ്സ്യർ 4:11-ൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം മതേതര പാഠഭാഗങ്ങളിൽ ഒരു വേദനാസംഹാരിയെ പരാമർശിക്കാൻ ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ന്യൂ ലൈഫ് വേർഷൻ ഇങ്ങനെ പറയുന്നു: “അവർ എനിക്ക് എന്തൊരു സഹായമായിരുന്നു!” ടുഡെയ്സ് ഇംഗ്ലീഷ് ഭാഷാന്തരം ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “അവർ എനിക്ക് എത്ര വലിയ ഒരു സഹായമായിരുന്നു!” സമീപത്തു വസിച്ചിരുന്ന ആ സഹോദരന്മാർ പൗലൊസിന് എന്തു സഹായം ആയിരിക്കാം ചെയ്തത്?
20 പൗലൊസിന് സന്ദർശകരെ കാണുന്നതിനും മറ്റും അനുവാദം ഉണ്ടായിരുന്നെങ്കിലും ഭക്ഷണം, ശീതകാല വസ്ത്രം തുടങ്ങിയ അടിസ്ഥാന വസ്തുക്കൾ വാങ്ങുന്നതുപോലെ അവന് സ്വന്തമായി ചെയ്യാൻ കഴിയാഞ്ഞ പല കാര്യങ്ങളും ഉണ്ടായിരുന്നു. പഠിക്കാൻ വേണ്ട ചുരുളുകളോ എഴുതാൻ വേണ്ട സാമഗ്രികളോ അവന് എങ്ങനെ ലഭിക്കുമായിരുന്നു? (2 തിമൊഥെയൊസ് 4:13) പൗലൊസിനു വേണ്ടി അത്തരം സാധനങ്ങൾ എത്തിക്കുകയോ എവിടെയെങ്കിലും പോകുകയോ ചെയ്തുകൊണ്ട് ആ സഹോദരന്മാർ അവനെ സഹായിക്കുന്നതായി നിങ്ങൾക്കു വിഭാവനം ചെയ്യാൻ കഴിയില്ലേ? ചില സഭകളിലെ കാര്യങ്ങൾ അന്വേഷിച്ച് അറിയാനും അവയെ കെട്ടുപണി ചെയ്യാനും അവൻ ആഗ്രഹിച്ചിരിക്കാം. തടങ്കലിലായിരുന്നുകൊണ്ട് അവന് അതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ആ സഹോദരന്മാർ പൗലൊസിൽനിന്നുള്ള സന്ദേശങ്ങൾ സഭകളിൽ എത്തിക്കുകയും അവിടെനിന്നുള്ള റിപ്പോർട്ട് അവനെ അറിയിക്കുകയും ചെയ്തിരിക്കണം. അത് എത്ര ബലപ്പെടുത്തുന്നത് ആയിരുന്നിരിക്കണം!
21, 22. (എ) കൊലൊസ്സ്യർ 4:11-ലെ വാക്കുകൾ നമുക്ക് താത്പര്യജനകം ആയിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) പൗലൊസിനോടൊപ്പം ഉണ്ടായിരുന്നവരുടെ ദൃഷ്ടാന്തം നമുക്ക് അനുകരിക്കാൻ കഴിയുന്ന ചില മാർഗങ്ങൾ ഏവ?
21 “ബലപ്പെടുത്തുന്ന ഒരു സഹായം” ആയിരിക്കുന്നതിനെ കുറിച്ചുള്ള പൗലൊസിന്റെ പരാമർശം, എങ്ങനെ മറ്റുള്ളവരെ സഹായിക്കാനാകും എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യഹോവയുടെ ധാർമിക നിലവാരങ്ങൾ പ്രമാണിക്കുകയും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുകയും പ്രസംഗവേലയിൽ പങ്കെടുക്കുകയും മറ്റും ചെയ്തുകൊണ്ട് അവർ അവനു യോഗ്യമാംവിധം നടക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ അവർ നമ്മുടെ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ പൗലൊസിനോട് ഒപ്പം ഉണ്ടായിരുന്നവരെ പോലെ, ‘ബലപ്പെടുത്തുന്ന സഹായം’ ആയിരിക്കാൻ തക്കവിധം നമുക്കു കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമോ?
22 ഏകാകിത്വത്തെ സംബന്ധിച്ച ബൈബിൾ തത്ത്വത്തോടു ജ്ഞാനപൂർവം പറ്റിനിന്ന, എന്നാൽ ഇപ്പോൾ അടുത്ത കുടുംബാംഗങ്ങൾ ആരും ഇല്ലാത്ത, ഒരു സഹോദരിയെ നിങ്ങൾക്ക് അറിയാമെങ്കിൽ, ഒരു ഭക്ഷണത്തിനോ ബന്ധുമിത്രാദികളുടെ ഒരു ചെറിയ കൂടിവരവിനോ അവരെ ക്ഷണിച്ചുകൊണ്ട് ചില കുടുംബ പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്താൻ കഴിയില്ലേ? അവധിക്കാലം ചെലവഴിക്കുന്നതിനോ കൺവെൻഷനോ പോകുമ്പോൾ നിങ്ങളോടൊപ്പം വരാൻ അവരെ ക്ഷണിക്കരുതോ? അല്ലെങ്കിൽ, നിങ്ങൾ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ അവർക്കു സൗകര്യമാണെങ്കിൽ നിങ്ങളോടൊപ്പം പോരാൻ പറയുക. വിധവമാർ, വിഭാര്യർ, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ എന്നിവരുടെയൊക്കെ കാര്യത്തിലും ഇതേ സംഗതി ബാധകമാണ്. അവരുടെ അനുഭവങ്ങൾ കേൾക്കുന്നത് പ്രോത്സാഹജനകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അല്ലെങ്കിൽ പഴവർഗങ്ങളോ കുട്ടികൾക്കുള്ള വസ്ത്രങ്ങളോ തിരഞ്ഞെടുക്കുന്നതു പോലുള്ള സാധാരണ കാര്യങ്ങളിൽ പോലും നിങ്ങൾക്ക് അവരുടെ അനുഭവപരിചയം പ്രയോജനപ്പെടുത്താനാകും. (ലേവ്യപുസ്തകം 19:32; സദൃശവാക്യങ്ങൾ 16:31) ഇതിന്റെയൊക്കെ ഫലമായി സുഹൃദ്ബന്ധം കൂടുതൽ ദൃഢമായിത്തീരും. അങ്ങനെയാകുമ്പോൾ, മരുന്നു വാങ്ങുന്നതിനും മറ്റും സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങളോടു ചോദിക്കാൻ അവർക്കു കൂടുതൽ സ്വാതന്ത്ര്യം തോന്നും. റോമിൽ പൗലൊസിനോടൊപ്പം ഉണ്ടായിരുന്ന സഹോദരന്മാർ പ്രായോഗികവും ബലപ്പെടുത്തുന്നതുമായ സഹായം അവനു ചെയ്തിട്ടുണ്ടാകണം, നിങ്ങൾക്കും അങ്ങനെ ചെയ്യാനാകും. അന്നും ഇന്നും ഫലം ഒന്നുതന്നെയാണ്, അതായത് സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ബലിഷ്ഠമാകുന്നു. മാത്രമല്ല, യഹോവയെ ഒത്തൊരുമിച്ച് വിശ്വസ്തതയോടെ സേവിക്കാനുള്ള നമ്മുടെ തീരുമാനം കൂടുതൽ ദൃഢമായിത്തീരുകയും ചെയ്യുന്നു.
23. നാം ഓരോരുത്തരും എന്തു ചെയ്യാൻ സമയം ചെലവഴിക്കുന്നതു നല്ലതാണ്?
23 ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് നമുക്ക് ഓരോരുത്തർക്കും ചിന്തിക്കാവുന്നതാണ്. അവ കേവലം ദൃഷ്ടാന്തങ്ങൾ ആണെങ്കിലും നമ്മുടെ സഹോദരീസഹോദരന്മാരുടെ കാര്യത്തിൽ “ബലപ്പെടുത്തുന്ന ഒരു സഹായം” ആയിരിക്കാൻ കഴിയുന്ന യഥാർഥ സാഹചര്യങ്ങൾ നമ്മെ ഓർമിപ്പിക്കാൻ അവയ്ക്കു കഴിയും. നാം ജീവകാരുണ്യ പ്രവർത്തകരെ അനുകരിക്കണമെന്നതല്ല ആശയം. കൊലൊസ്സ്യർ 4:10, 11-ൽ പരാമർശിച്ചിരിക്കുന്ന സഹോദരന്മാരുടെ ലക്ഷ്യം അതായിരുന്നില്ല. അവർ ‘ദൈവരാജ്യത്തിന്റെ കൂട്ടുവേലക്കാർ’ ആയിരുന്നു. അവർ ചെയ്ത ബലപ്പെടുത്തുന്ന സഹായം ദൈവരാജ്യത്തോടു നേരിട്ടു ബന്ധപ്പെട്ടതായിരുന്നു. നമ്മുടെ കാര്യത്തിലും അതു സത്യമായിരിക്കട്ടെ.
24. മറ്റുള്ളവർ ബലപ്പെടേണ്ടതിന് നാം പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാന കാരണമെന്ത്?
24 നാം സ്വകാര്യ പ്രാർഥനകളിൽ മറ്റുള്ളവരെ പേരെടുത്തു പരാമർശിക്കുകയും അവരെ ബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇതാണ്: ‘യഹോവയെ പൂർണമായി പ്രസാദിപ്പിക്കുവോളം അവനു യോഗ്യമാംവണ്ണം നടക്കാൻ’ നമ്മുടെ സഹോദരീസഹോദരന്മാർ ആഗ്രഹിക്കുന്നുവെന്ന് നാം വിശ്വസിക്കുന്നു. (കൊലൊസ്സ്യർ 1:10, NW) ഈ വസ്തുത, കൊലൊസ്സ്യർക്കു വേണ്ടിയുള്ള എപ്പഫ്രാസിന്റെ പ്രാർഥനയെ കുറിച്ച് എഴുതവെ പൗലൊസ് ഊന്നൽ നൽകിയ മറ്റൊരു സംഗതിയോട്, അതായത് അവർ “ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേ”ണം എന്ന സംഗതിയോടു ബന്ധപ്പെട്ടിരിക്കുന്നു. (കൊലൊസ്സ്യർ 4:12) നമുക്ക് ഇത് എങ്ങനെ വ്യക്തിപരമായി ചെയ്യാനാകും? നമുക്കു നോക്കാം.
[അടിക്കുറിപ്പ്]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, (ഇംഗ്ലീഷ്) വാല്യം 1 പേജുകൾ 490-1-ഉം “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു,” പേജുകൾ 226-8-ഉം കാണുക.
നിങ്ങൾ ശ്രദ്ധിച്ചോ?
• സ്വകാര്യ പ്രാർഥനകളിൽ നമുക്ക് എങ്ങനെ കൂടുതൽ സഹായമനസ്കർ ആയിരിക്കാൻ കഴിയും?
• ചില ക്രിസ്ത്യാനികൾ പൗലൊസിന് “ബലപ്പെടുത്തുന്ന ഒരു സഹായം” ആയിരുന്നത് ഏത് അർഥത്തിൽ?
• ഏതെല്ലാം സാഹചര്യങ്ങളിൽ നമുക്ക് ‘ബലപ്പെടുത്തുന്ന സഹായം’ ആയിരിക്കാൻ കഴിയും?
• നമ്മുടെ സഹോദരീസഹോദരന്മാർ ബലപ്പെടേണ്ടതിന് നാം പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്ത്?
[18-ാം പേജിലെ ചിത്രം]
കുടുംബസഹിതം ചെറിയ വിനോദയാത്രകൾക്കു പോകുമ്പോൾ നിങ്ങൾക്ക് മറ്റൊരു ക്രിസ്ത്യാനിയെ കൂടെ ഉൾപ്പെടുത്താനാകുമോ?
[കടപ്പാട്]
Courtesy of Green Chimney’s Farm