തീരുമാനിക്കാൻ സമയമായിരിക്കുന്നതെന്തുകൊണ്ട്?
പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 16-ാം നൂററാണ്ടിൽ ദൈവം ഇസ്രായേല്യരെ “മറെറല്ലാ ജനങ്ങളിൽനിന്നും . . . ഒരു വിശുദ്ധ ജനതയായി പ്രത്യേക സമ്പത്താ”യി തിരഞ്ഞെടുക്കുകയുണ്ടായി. (പുറപ്പാട് 19:5, 6, NW) വിഗ്രഹാരാധനയാലും അയൽജനതകളുടെ ദുഷിച്ച നടപടികളാലും മലിനമാകാൻ സ്വയം അനുവദിച്ചുകൊണ്ട് തങ്ങളുടെ വിശുദ്ധിയും മതനിർമലതയും പെട്ടെന്നുതന്നെ കളഞ്ഞുകുളിച്ച അവർ സ്വയം “ദുശ്ശാഠ്യമുള്ള ജന”മായി തിരിച്ചറിയിച്ചു. (ആവർത്തനപുസ്തകം 9:6, 13; 10:16; 1 കൊരിന്ത്യർ 10:7-11) യോശുവയുടെ മരണത്തിനുശേഷം മുന്നൂറിലേറെ വർഷം ദൈർഘ്യമുള്ള ഒരു കാലഘട്ടത്തിൽ യഹോവ ന്യായാധിപൻമാരെ, വിശ്വസ്തരായ വഴികാട്ടികളെ, എഴുന്നേൽപ്പിച്ചു. അവർ ഇസ്രായേൽ ജനത്തെ സത്യാരാധനയിലേക്കു തിരിച്ചുകൊണ്ടുവരേണ്ടിയിരുന്നു. എന്നുവരികിലും, ജനങ്ങൾ “തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതി”രുന്നു.—ന്യായാധിപൻമാർ 2:17-19.
അതിനുശേഷം, സത്യാരാധനയിലേക്കു തിരിച്ചുവരാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുവേണ്ടി ദൈവം വിശ്വസ്തരായ രാജാക്കൻമാരെയും പ്രവാചകൻമാരെയും എഴുന്നേൽപ്പിച്ചു. പ്രവാചകനായ അസര്യാവ് ആസാ രാജാവിനെയും തന്റെ രാജ്യത്തുള്ള മററു മനുഷ്യരെയും യഹോവയെ അന്വേഷിക്കാൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നിടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിൽ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” ആസാ യഹൂദാ രാജ്യത്തു മതനവീകരണം നടപ്പാക്കി. (2 ദിനവൃത്താന്തം 15:1-16) തന്നിമിത്തം, യോവേൽ പ്രവാചകനിലൂടെ ദൈവത്തിനു ക്ഷണം പുതുക്കേണ്ടിവന്നു. (യോവേൽ 2:12, 13) പിന്നീട്, സെഫന്യാവും ‘യഹോവയെ അന്വേഷിക്കാൻ’ യഹൂദാ നിവാസികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. വിഗ്രഹാരാധനയും വഷളത്വവും നിർമാർജനം ചെയ്യാനുള്ള ഒരു നവീകരണപ്രസ്ഥാനത്തിൽ യുവാവായ യോശിയാ രാജാവും അപ്രകാരം പ്രവർത്തിച്ചു.—സെഫെന്യാവു 2:3; 2 ദിനവൃത്താന്തം 34:3-7.
അത്തരം അനുതാപപ്രവർത്തനങ്ങൾ ഉണ്ടായിരുന്നെങ്കിലും, ആളുകളുടെ ആത്മീയ അവസ്ഥ ആശങ്കാജനകമാംവിധം കൂടുതൽക്കൂടുതൽ വഷളാവുകയായിരുന്നു. (യിരെമ്യാവു 2:13; 44:4, 5) വിഗ്രഹാരാധനാപരമായ പ്രവർത്തനങ്ങളാൽ മലിനമായ മതവ്യവസ്ഥിതിയെ നവീകരിക്കാനാവാത്തത് എന്നു വർണിച്ച യിരെമ്യാവ് അതിനെ ഇങ്ങനെ കുററംവിധിച്ചു: “കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാററുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നൻമ ചെയ്വാൻ കഴിയും.” (യിരമ്യാവു 13:23) ഇക്കാരണത്താൽ ദൈവം യഹൂദാ രാജ്യത്തിനു വളരെ കടുത്ത ഒരു ശിക്ഷ വരുത്തി. പൊ.യു.മു. 607-ൽ യെരുശലേമും അതിന്റെ ആലയവും നശിപ്പിക്കപ്പെട്ടു. അതിജീവകരെ ബാബിലോനിലേക്കു തടവുകാരായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. അവർ അവിടെ 70 വർഷം താമസിച്ചു.
ആ കാലഘട്ടം കഴിഞ്ഞപ്പോൾ ദൈവം കരുണ കാട്ടി. ഇസ്രായേല്യരെ മോചിപ്പിക്കാൻ അവൻ സൈറസ് രാജാവിനെ പ്രേരിപ്പിച്ചു. യെരുശലേമിലെത്തി ആലയം പുനർനിർമിക്കാൻ അവരുടെ ഒരു ശേഷിപ്പ് അങ്ങോട്ടു തിരിച്ചു. ഇതിൽനിന്നെല്ലാം ഒരു പാഠം പഠിക്കേണ്ടതിനുപകരം അവർ പിന്നെയും സത്യാരാധനയിൽനിന്ന് അകന്നു. അതുനിമിത്തം യഹോവ തന്റെ ക്ഷണം പുതുക്കി: “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും.”—മലാഖി 3:7.
ഇസ്രായേലിനെ തള്ളിക്കളഞ്ഞതിന്റെ കാരണം
യേശുവിന്റെ നാളിൽ ഇസ്രായേലിന്റെ മതപരമായ അവസ്ഥ എന്തായിരുന്നു? “മാനുഷികനിയമങ്ങൾ പ്രമാണങ്ങളായി” പഠിപ്പിക്കുന്ന “അന്ധരായ” വഴികാട്ടികളായിരുന്നു കപടഭക്തരായ മതനേതാക്കൻമാർ. ‘അവർ തങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ ദൈവത്തിന്റെ പ്രമാണം ലംഘിക്കുകയായിരുന്നു.’ ആ ജനത ദൈവത്തെ “അധരംകൊണ്ട്” ബഹുമാനിച്ചു. എന്നാൽ അവരുടെ ഹൃദയം അവനിൽനിന്നു വളരെ അകലെയായിരുന്നു. (മത്തായി 15:3, 4, 8, 9, 14, പി.ഒ.സി. ബൈബിൾ) ഒരു ജനത എന്നനിലയിൽ അനുതപിക്കാൻ അവർക്കു പിന്നെയും ഒരവസരംകൂടി ലഭിക്കുമായിരുന്നോ? ഇല്ല. യേശു പറഞ്ഞു: “ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തു ഫലംപുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്കപ്പെടും.” തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: യെരുശലേമിലെ ആലയമായ ‘നിങ്ങളുടെ ഭവനം പരിത്യക്തമായിത്തീർന്നിരിക്കുന്നു.’ (മത്തായി 21:43; 23:38, പി.ഒ.സി. ബൈ.) അവരുടെ കുററം അങ്ങേയററം വലുതായിരുന്നു. യേശുവിനെ മിശിഹ എന്ന് അംഗീകരിക്കാതെ അവനെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും മർദക ഭരണംനടത്തിയിരുന്ന റോമൻ കൈസറിനെ തങ്ങളുടെ രാജാവായി തിരഞ്ഞെടുക്കുകയും ചെയ്തു.—മത്തായി 27:25; യോഹന്നാൻ 19:15.
യേശു തന്റെ ശുശ്രൂഷ നിർവഹിച്ച കാലഘട്ടം ന്യായവിധിയുടെ ഒരു സമയമായിരുന്നുവെന്ന് മനസ്സിലാക്കാനൊന്നും ഇസ്രായേല്യർ കൂട്ടാക്കിയില്ല. അവിശ്വസ്തരായ യെരുശലേം നിവാസികളോടു യേശു പറഞ്ഞു: “നീ പരിശോധിക്കപ്പെടുന്ന കാലഘട്ടം നീ വിവേചിച്ചറിഞ്ഞില്ല.”—ലൂക്കോസ് 19:44, NW.
പൊ.യു. 33-ലെ പെന്തക്കോസ്തിൽ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ആത്മാഭിഷിക്ത ശിഷ്യരുടേതായ ഒരു പുതിയ ജനതക്ക്, അഥവാ ജനത്തിന്, രൂപം കൊടുത്തു. ഇക്കൂട്ടർ എല്ലാ വർഗങ്ങളിൽനിന്നും ജനതകളിൽനിന്നുമായി തിരഞ്ഞെടുക്കപ്പെടേണ്ടവരായിരുന്നു. (പ്രവൃത്തികൾ 10:34, 35; 15:14) യഹൂദ മതവ്യവസ്ഥിതി അവസാനം നവീകരിക്കപ്പെടുമെന്നതിന് എന്തെങ്കിലും പ്രത്യാശയുണ്ടായിരുന്നോ? പൊ.യു. 70-ൽ യെരുശലേമിനെ തകർത്തു തരിപ്പണമാക്കിയ റോമൻ സൈന്യം അതിനുള്ള ഉത്തരം പ്രദാനം ചെയ്തു. ദൈവം ആ മതവ്യവസ്ഥിതിയെ സമ്പൂർണമായി തള്ളിക്കളഞ്ഞിരുന്നു.—ലൂക്കൊസ് 21:5, 6.
ക്രൈസ്തവലോകത്തിന്റെ വലിയ വിശ്വാസത്യാഗം
ഒരു “വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജന”വും വീണ്ടും രൂപംകൊണ്ടു. അതിന്റെ അംഗങ്ങളാകട്ടെ, അഭിഷിക്ത ക്രിസ്ത്യാനികളും. (1 പത്രോസ് 2:9, പി.ഒ.സി. ബൈ. ഗലാത്യർ 6:16) എന്നാൽ ആദിമ ക്രിസ്തീയ സഭപോലും മതപരമായ നിർമലത അധികനാൾ കാത്തുസൂക്ഷിച്ചില്ല.
തിരുവെഴുത്തുകൾ ഒരു വലിയ വിശ്വാസത്യാഗം, സത്യവിശ്വാസം വിട്ടുകളയൽ, മുൻകൂട്ടിപ്പറഞ്ഞിരുന്നു. യേശുവിന്റെ ഉപമയിലെ പ്രതീകാത്മക കളകൾ, അതായത് വ്യാജക്രിസ്ത്യാനികൾ, പ്രതീകാത്മക ഗോതമ്പിന്റെ, ദൈവാത്മാവിനാൽ അഭിഷിക്തരായ സത്യക്രിസ്ത്യാനികളുടെ, വളർച്ച മുരടിപ്പിക്കാൻ ശ്രമിക്കുന്നതായിരിക്കും. ദൈവത്തിന്റെ മുഖ്യ എതിരാളിയായ പിശാച് ഊട്ടിവളർത്തുന്ന വ്യാജക്രിസ്ത്യാനിത്വത്തിന്റെ വ്യാപനം “മനുഷ്യർ ഉറങ്ങുമ്പോൾ” ആരംഭിക്കേണ്ടതാണെന്ന് ഉപമ വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്റെ വിശ്വസ്തരായ അപ്പോസ്തലൻമാരുടെ മരണത്തിനുശേഷം, തത്ഫലമായി സംഭവിച്ച ആത്മീയ മയക്കത്തിന്റേതായ ഒരു കാലഘട്ടത്തിൽ, ഇതു സംഭവിച്ചു. (മത്തായി 13:24-30, 36-43; 2 തെസ്സലൊനീക്യർ 2:6-8) അപ്പോസ്തലൻമാർ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, അനേകം വ്യാജക്രിസ്ത്യാനികൾ ആട്ടിൻകൂട്ടത്തിലേക്കു നുഴഞ്ഞുകയറി. (പ്രവൃത്തികൾ 20:29, 30; 1 തിമൊഥെയൊസ് 4:1-3; 2 തിമൊഥെയൊസ് 2:16-18; 2 പത്രൊസ് 2:1-3) അപ്പോസ്തലൻമാരിൽ ഒടുവിൽ മരിച്ചതു യോഹന്നാൻ ആയിരുന്നു. പൊ.യു. ഏതാണ്ട് 98-ൽ “അന്ത്യനാഴിക,” അപ്പോസ്തലിക കാലഘട്ടത്തിന്റെ അവസാനഘട്ടം, അതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന് അവൻ എഴുതുകയുണ്ടായി.—1 യോഹന്നാൻ 2:18, 19.
മതവും രാഷ്ട്രീയശക്തിയും തമ്മിലുള്ള സഖ്യം റോമാ ചക്രവർത്തിയായ കോൺസ്ററന്റൈൻ അംഗീകരിച്ചതോടെ ക്രൈസ്തവലോകത്തിന്റെ ആത്മീയവും ഉപദേശപരവും ധാർമികവുമായ അവസ്ഥ തലകീഴായി. “നാലാം നൂററാണ്ടിൽ സഭയ്ക്കുണ്ടായ വിജയം” ക്രിസ്തീയ കാഴ്ചപ്പാടിലെടുക്കുമ്പോൾ “ഒരു ദുരന്തം” ആയിരുന്നുവെന്ന് അനേകം ചരിത്രകാരൻമാരും സമ്മതിക്കുന്നുണ്ട്. ‘ക്രൈസ്തവലോകം അവളുടെ ഉത്കൃഷ്ട ധാർമിക നിലവാരം കളഞ്ഞുകുളിക്കുകയും പുറജാതിമതങ്ങളിൽനിന്ന് “മറിയാരാധന,” “വിശുദ്ധൻമാ”രെ പൂജിക്കൽ, ത്രിത്വത്തിന്റെ ആശയം എന്നിവപോലുള്ള അനേകം ആചാരങ്ങളും തത്ത്വചിന്തകളും സ്വീകരിക്കുകയും ചെയ്തു.
ക്രൈസ്തവലോകത്തിന്റെ വ്യാജവിജയത്തിനുശേഷം അവളുടെ അവസ്ഥ ജീർണിച്ചു. പാപ്പാമാരുടെയും കൗൺസിലുകളുടെയും ഉത്തരവുകളും താത്ത്വികനിർവചനങ്ങളും ഒരു വശത്ത്. അവയ്ക്കെല്ലാം പുറമേ മതവിചാരണ, കുരിശുയുദ്ധങ്ങൾ, കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും തമ്മിലുള്ള “വിശുദ്ധ” യുദ്ധങ്ങൾ, അങ്ങനെ എന്തെല്ലാം. അവയുടെയെല്ലാം ഫലമോ, നവീകരണാതീതമായ മതവ്യവസ്ഥിതിയും.
കേവലം അഗ്നി പ്രകാശം ചൊരിഞ്ഞ ഒരു ലോകം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ വില്യം മാൻചെസ്ററർ എഴുതുന്നു: “പതിനഞ്ചാം നൂററാണ്ടിലെയും പതിനാറാം നൂററാണ്ടിലെയും പാപ്പാമാർ റോമാ ചക്രവർത്തിമാരെപ്പോലെ ജീവിച്ചു. അവരായിരുന്നു ലോകത്തിലെ ഏററവും സമ്പന്നർ. വിശുദ്ധ സ്ഥാനമാനങ്ങൾ വിററുകൊണ്ട് അവരും അവരുടെ കർദിനാൾമാരും കൂടുതൽക്കൂടുതൽ സമ്പന്നരായി.” വലിയ വിശ്വാസത്യാഗത്തിനിടയിൽ, ചെറിയ കൂട്ടം ആളുകളോ വ്യക്തികൾ തനിച്ചോ പ്രതീകാത്മക ഗോതമ്പിന്റെ സ്വഭാവഗുണങ്ങൾ പ്രകടമാക്കിക്കൊണ്ട് സത്യക്രിസ്ത്യാനിത്വം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയുണ്ടായി. അതിന് അവർ വലിയ വില ഒടുക്കേണ്ടിവന്നു. അതേപുസ്തകം ഇങ്ങനെ പറയുന്നു: “ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, പ്രൊട്ടസ്ററൻറുകാരോ കത്തോലിക്കരോ ആയാലും ശരി, രക്തസാക്ഷിത്വത്തിന്റെ തീജ്വാലയിൽപ്പെട്ടു കരിവാളിച്ചവരായിത്തീർന്നതു ക്രിസ്ത്യാനിത്വത്തിന്റെ ശരിയായ വിശുദ്ധൻമാർ ആയിരുന്നില്ലേയെന്ന്.” പരിഷ്കർത്താക്കൾ എന്നറിയപ്പെടുന്ന മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ എന്നിവരെപ്പോലെയുള്ള മററുള്ളവർ അണഞ്ഞുപോകാത്ത മതവ്യവസ്ഥിതികൾ തട്ടിക്കൂട്ടിയെടുക്കുന്നതിൽ വിജയിച്ചു. അവയെല്ലാം കത്തോലിക്കാ സഭയിൽനിന്നു വേർപെട്ടതായിരുന്നെങ്കിലും അപ്പോഴും അതിന്റെ അടിസ്ഥാന തത്ത്വങ്ങൾതന്നെയായിരുന്നു അവർ കൂടെക്കൊണ്ടുപോയത്. അവരും രാഷ്ട്രീയ കാര്യങ്ങളിൽ ആഴത്തിൽ ഉൾപ്പെട്ടു.
മതപരമായി വീണ്ടുമൊരു ഉണർന്നെഴുന്നേൽപ്പു സാധ്യമാക്കാൻ എന്ന പേരിലുള്ള ശ്രമങ്ങളൊക്കെ പ്രൊട്ടസ്ററൻറ് മേഖലയിൽ അരങ്ങേറി. ഉദാഹരണത്തിന്, 18, 19 നൂററാണ്ടുകളിൽ ഈ ശ്രമങ്ങളുടെ ഫലമായി തീവ്രമായ വിദേശമിഷനറി പ്രവർത്തനം നടന്നു. എന്നിട്ടും, പ്രൊട്ടസ്ററൻറ് ആട്ടിൻകൂട്ടത്തിന്റെ ആത്മീയ അവസ്ഥ തീർച്ചയായും പ്രോത്സാഹജനകമല്ലെന്ന് അവയുടെ ഇടയൻമാർതന്നെ സമ്മതിക്കുന്നു. “സഭകൾക്കകത്തുതന്നെ വിശ്വാസപ്രതിസന്ധിയുണ്ട്” എന്ന് പ്രൊട്ടസ്ററൻറ് ദൈവശാസ്ത്രജ്ഞനായ ഒസ്കാർ കൂൾമാൻ ഈയിടെ സമ്മതിക്കുകയുണ്ടായി.
നവീകരണങ്ങളും എതിർനവീകരണങ്ങളും കത്തോലിക്കാ സഭയ്ക്കകത്തും പ്രോത്സാഹിപ്പിക്കുകയുണ്ടായി. 11 മുതൽ 13 വരെയുള്ള നൂററാണ്ടുകളിൽ വ്യാപകമായിരുന്ന അഴിമതിയും പുരോഹിതവർഗത്തിന്റെ വിപുലമായ സമ്പത്തും നിമിത്തം ദാരിദ്ര്യവ്രതാനുഷ്ഠാനങ്ങൾ കർശനമായി പിൻപററിയിരുന്ന ആശ്രമജീവിത പ്രസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു. എന്നാൽ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയരായ അവരെ സഭാധികാരികൾ അടിച്ചമർത്തുകയാണുണ്ടായത് എന്നാണ് പണ്ഡിതൻമാർ പറയുന്നത്. അങ്ങനെയാണ് 16-ാം നൂററാണ്ടിൽ എതിർനവീകരണപ്രസ്ഥാനം അരങ്ങേറിയത്. ട്രൻറ് കൗൺസിൽ മുൻകൈ എടുത്തു നടത്തിയ ഈ എതിർനവീകരണം ഏറിയപങ്കും പ്രൊട്ടസ്ററൻറ് നവീകരണപ്രസ്ഥാനത്തെ നേരിടാൻവേണ്ടിയായിരുന്നു.
19-ാം നൂററാണ്ടിന്റെ ആദ്യപകുതിയിൽ, സഭയുടെ നേതൃത്വത്തിലുള്ള നവീകരണ കാലഘട്ടത്ത് കത്തോലിക്കാ സഭ അധികാരക്കൊതിപൂണ്ട, യാഥാസ്ഥിതിക നിലപാട് എടുത്തു. എന്നാൽ സത്യക്രിസ്ത്യാനിത്വം വീണ്ടെടുക്കാൻ യഥാർഥ നവീകരണങ്ങളെന്തെങ്കിലും നടന്നതായി പറയാനാവില്ല. പ്രത്യുത, ലോകത്തിലെ മത-രാഷ്ട്രീയ-സാമൂഹിക മാററത്തിന്റെ വെളിച്ചത്തിൽ പുരോഹിതവർഗത്തിന്റെ അധികാരം നിലനിർത്താനുള്ള ശ്രമങ്ങളായിരുന്നു ഇവയൊക്കെ.
കുറേക്കൂടെ അടുത്തകാലത്ത്, 1960-കളിൽ രണ്ടാം വത്തിക്കാൻ സഭൈക്യ കൗൺസിൽ തുടങ്ങി. അപ്പോൾ തോന്നി, കത്തോലിക്കാ സഭ ആഴത്തിലുള്ള ഒരു പരിവർത്തന പ്രക്രിയയ്ക്കു തുടക്കംകുറിക്കാൻ പോകുകയാണെന്ന്. എന്നുവരികിലും, കൗൺസിലുകളിലൂടെ നവീകരണത്തിനുവേണ്ടിയെന്നു കൊട്ടിഘോഷിച്ച പ്രസ്ഥാനത്തെ ഇപ്പോഴത്തെ പാപ്പാ ഇടപെട്ടു പൊടുന്നനെ നിർത്തിവെപ്പിച്ചു. പുരോഗമനവാദികളായ സഭാംഗങ്ങളുടെ വീര്യം കെടുത്തുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. വോയ്ററിവായുടെ പുനഃസ്ഥാപനമെന്നു ചിലർ വിളിക്കുന്ന ഈ ഘട്ടത്തെ ഒരു കത്തോലിക്കാ വിഭാഗം നിർവചിക്കുന്നത് “കോൺസ്ററന്റൈനിസത്തിന്റെ പുതിയ രൂപം” എന്നാണ്. ജെസ്യൂട്ട് പത്രികയായ ലാ ചീവീൽററാ കറേറാലിക്കയിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, മററു മതങ്ങളെപ്പോലെ കത്തോലിക്കാ സഭയും അഭിമുഖീകരിക്കുന്നതു “സമൂലവും ആഗോളവുമായ ഒരു പ്രതിസന്ധിയെയാണ്: അതിൽ വിശ്വാസത്തിന്റെ വേരുകൾതന്നെയും ക്രിസ്തീയ ജീവിതവും ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സമൂലമെന്നു പറയുന്നത്. അത് ആഗോളവുമാണ്, കാരണം ക്രിസ്ത്യാനിത്വത്തിന്റെ സകല വശങ്ങളും അതിലുൾപ്പെട്ടിരിക്കുന്നു.”
ക്രൈസ്തവലോകത്തിലെ മതങ്ങൾ ഒരു നവീകരണ പ്രക്രിയയ്ക്കു യഥാർഥത്തിൽ വിധേയമായിട്ടില്ല, അതു ചെയ്യാൻ അവർക്കൊട്ടു സാധിക്കുമായിരുന്നുമില്ല. കാരണം സത്യക്രിസ്ത്യാനിത്വം പുനഃസ്ഥാപിക്കപ്പെടേണ്ടിയിരുന്നത് “കൊയ്ത്തു” കാലത്താണ്. അതു സംഭവിക്കുന്നത് ഒരു നിർമല സഭയിലേക്കു പ്രതീകാത്മക ഗോതമ്പ് ശേഖരിക്കുന്നതോടെയാണ്. (മത്തായി 13:30, 39) ക്രിസ്തീയം എന്നോ അല്ലെന്നോ ഒക്കെ അവകാശപ്പെട്ടുകൊണ്ട് മതത്തിന്റെ അംഗീകാരത്തോടെ ചെയ്തുകൂട്ടിയ കുററങ്ങളുടെയും ദുഷ്കൃത്യങ്ങളുടെയും നീണ്ട പട്ടികനിമിത്തം ഒരുവൻ ഈ ചോദ്യം ചോദിച്ചുപോകും, ക്രൈസ്തവലോകത്തിൽനിന്നു യഥാർഥ നവീകരണം വരുമെന്നു യാഥാർഥ്യബോധത്തോടെ പ്രതീക്ഷിക്കാനാവുമോ?
നവീകരണം അസാധ്യമോ?
വെളിപാട്, അഥവാ അപ്പോക്കലിപ്സ് പുസ്തകം “മഹാബാബിലോൻ” എന്ന നിഗൂഢനാമം വഹിക്കുന്ന ഒരു പ്രതീകാത്മക മഹാവേശ്യയെക്കുറിച്ചു പറയുന്നു. (വെളിപാട് 17:1, 5, NW) ഈ പ്രതീകത്തിന്റെ നിഗൂഢത വിശദീകരിക്കാൻ ബൈബിൾ വായനക്കാർ നൂററാണ്ടുകളായി പരിശ്രമിക്കുന്നു. പുരോഹിതവർഗത്തിന്റെ സമ്പത്തിലും അഴിമതിയിലും അനേകർക്കും മുഷിച്ചിൽ തോന്നിയിട്ടുണ്ട്. മഹാബാബിലോൻ പ്രതിനിധാനം ചെയ്യുന്നതു സഭാധികാരികളെയാണെന്നു ചിലർ ചിന്തിച്ചു. 1415-ൽ ജീവനോടെ ചുട്ടെരിച്ചു കൊല്ലപ്പെട്ട ബെഹേമിയൻ കത്തോലിക്കാ പുരോഹിതനായ യാൻ ഹസ്, 1570-ൽ തൂക്കിയിട്ടു ചുട്ടുകൊന്ന, ഇററലിയിലെ മാനവതാവാദിയായ (humanist) അന്റോണിയോ പാലാറിയോ എന്നിവർ അവരിൽ ചിലരാണ്. “അതിന്റെ ആദിമ മഹിമ”യിലേക്കു തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിൽ കത്തോലിക്കാ സഭയെ നവീകരിക്കാൻ അവർ രണ്ടുപേരും നന്നേ പാടുപെട്ടു. പക്ഷേ വിജയിച്ചില്ലെന്നുമാത്രം.
നേരേമറിച്ച്, മഹാബാബിലോൻ പ്രതിനിധാനം ചെയ്യുന്നതു സകല വ്യാജമതങ്ങളുടെയും ലോകസാമ്രാജ്യത്തെയാണെന്നു വെളിപാട് പുസ്തകത്തിന്റെ 17, 18 അധ്യായങ്ങൾ സൂചിപ്പിക്കുന്നു.a ഈ സംയുക്ത “മഹാവേശ്യ”യെ നവീകരിക്കാനാവില്ല. കാരണം “അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു.” വാസ്തവത്തിൽ, ഈ 20-ാം നൂററാണ്ടിൽ, നിലയ്ക്കാതെ രക്തംചീന്തിയ യുദ്ധങ്ങൾക്കും മനുഷ്യവർഗത്തെ കഷ്ടത്തിലാക്കുന്ന ധാർമികത്തകർച്ചയ്ക്കുമുള്ള ഉത്തരവാദിത്വം പേറേണ്ടത് കേവലം ക്രൈസ്തവലോകത്തിലെ മതങ്ങൾ മാത്രമല്ല, മിക്കവാറും എല്ലാ മതങ്ങളുംതന്നെയാണ്. അതുകൊണ്ട് ദൈവം “ബാബിലോ”നെ നാശത്തിനു വിധിച്ചിരിക്കുകയാണ്.—വെളിപ്പാടു 18:5, 8.
“അവളെ വിട്ടുപോ”രാനുള്ള സമയം ഇപ്പോഴാണ്
ഈ ദുഷ്ട “വ്യവസ്ഥിതിയുടെ സമാപനം” നടക്കുന്ന കാലഘട്ടം നമ്മുടെ നാളിനോട് ഒത്തുവരുന്നുവെന്നു ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി വെളിപ്പെടുത്തുന്നു. (മത്തായി 24:3, NW) ദൈവത്തെ ആരാധിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ആർക്കും സ്വന്തം ആശയങ്ങളും ഇഷ്ടങ്ങളും പിൻപററാനാവില്ല. അയാൾ ‘യഹോവയെ കണ്ടെത്താനാവുന്ന സമയത്ത് അവനെ അന്വേഷി’ക്കണം. അതേ, ഇപ്പോൾത്തന്നെ. കാരണം യേശു മുൻകൂട്ടിപ്പറഞ്ഞ “മഹോപദ്രവം” അടുത്തിരിക്കുകയാണ്. (യെശയ്യാവു 55:6; മത്തായി 24:21, NW) ഇസ്രായേൽ ജനങ്ങളുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ, പഴക്കത്തിൽ ഊററംകൊള്ളുന്ന ഒരു മതത്തിന്റെ ദുഷിപ്പ് ദൈവം സഹിക്കുകയില്ല. മുങ്ങാൻ പോകുന്ന ഒരു കപ്പൽ നന്നാക്കിയെടുക്കാൻ പാടുപെടുന്നതിനു പകരം, ദൈവാംഗീകാരവും രക്ഷയും ആഗ്രഹിക്കുന്ന സകലരും വെളിപ്പാടു 18:4-ലെ നിശ്വസ്ത കൽപ്പന താമസംവിനാ അനുസരിക്കണം: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ [മഹാബാബിലോനെ] വിട്ടുപോരുവിൻ.”
എന്നാൽ എങ്ങോട്ടാണു “വിട്ടുപോ”രേണ്ടത്? രക്ഷ വേറെ എവിടെ കണ്ടെത്താനാവും? തെററായ സ്ഥലത്ത് അഭയം തേടുന്നതിനുള്ള അപകടമില്ലേ? ദൈവാംഗീകാരമുള്ള ഒരേ ഒരു മതത്തെ എങ്ങനെ തിരിച്ചറിയാനാവും? വിശ്വാസയോഗ്യമായ ഉത്തരങ്ങൾ ദൈവവചനത്തിൽ മാത്രമേ കാണാനാവൂ. (2 തിമൊഥെയൊസ് 3:16, 17) കൂടുതൽ സൂക്ഷ്മമായി ബൈബിൾ പരിശോധിക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുകയാണ്. “തന്റെ നാമത്തിന്നായി” ദൈവം തിരഞ്ഞെടുത്തിരിക്കുന്ന ‘ജനം’ ആരെന്നും വരാനിരിക്കുന്ന അവന്റെ ക്രോധദിവസത്തിൽ അവൻ സംരക്ഷിക്കാനിരിക്കുന്നവർ ആരെന്നും മനസ്സിലാക്കാൻ നിങ്ങൾ പ്രാപ്തരായിത്തീരും.—പ്രവൃത്തികൾ 15:14; സെഫന്യാവു 2:3; വെളിപ്പാടു 16:14-16.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുപരമായി ശരിയായ വിധത്തിൽ പ്രതീകാത്മക മഹാബാബിലോനെ തിരിച്ചറിയാൻ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി 1988-ൽ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 33 മുതൽ 37 വരെയുള്ള അധ്യായങ്ങൾ കാണുക.
[7-ാം പേജിലെ ചിത്രം]
മതപരമായ നിങ്ങളുടെ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ, സത്യക്രിസ്ത്യാനിത്വത്തിന്റെ ജീവരക്ഷാകപ്പലിൽ കയറുക