“അധർമ്മമനുഷ്യ”നെതിരായ ദൈവത്തിന്റെ ന്യായവിധി
“നല്ല ഫലം ഉല്പാദിപ്പിക്കാത്ത ഏതു വൃക്ഷവും വെട്ടി തീയിലിടപ്പെടുന്നു.”—മത്തായി 7:19.
1, 2. അധർമ്മമനുഷ്യൻ എന്താണ്, അത് എങ്ങനെ വികാസം പ്രാപിച്ചു?
ഒരു അധർമ്മ മമനുഷ്യന്റെ വരവിനെക്കുറിച്ച് മുൻകൂട്ടിപ്പറയാൻ അപ്പോസ്തലനായ പൗലോസ് ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടപ്പോൾ അവന്റെ നാളിൽത്തന്നെ അതു പ്രത്യക്ഷപ്പെട്ടുതുടങ്ങുകയാണെന്ന് അവൻ പറഞ്ഞു. മുൻലേഖനം വിശദീകരിച്ചതുപോലെ, പൗലോസ് സത്യക്രിസ്ത്യാനിത്വത്തിൽനിന്ന് വിശ്വാസത്യാഗികളായിപ്പോകുന്നതിൽ നേതൃത്വം വഹിക്കുന്ന വ്യക്തികളുടെ ഒരു വർഗ്ഗത്തെ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു. സത്യത്തിൽനിന്നുള്ള ആ അകൽച്ച ഒന്നാം നൂററാണ്ടിന്റെ ഒടുവിൽ തുടങ്ങി, വിശേഷിച്ച് അവസാനത്തെ അപ്പോസ്തലൻമാരുടെ മരണശേഷം. അധർമ്മിവർഗ്ഗം ദൈവവചനത്തിനെതിരായ ഉപദേശങ്ങളും ആചാരങ്ങളും അവതരിപ്പിച്ചു.—2 തെസ്സലോനീക്യർ 2:3, 7; പ്രവൃത്തികൾ 20:29, 30; 2 തിമൊഥെയോസ് 3:16, 17; 4:3, 4.
2 കാലക്രമത്തിൽ, ഈ അധർമ്മിവർഗ്ഗം ക്രൈസ്തവലോകത്തിലെ വൈദികരായി വികാസംപ്രാപിച്ചു. അതിന്റെ അധികാരം, വിശ്വാസത്യാഗം ഭവിച്ച സഭകൾ പുറജാതിസംസ്ഥാനവുമായി വേളിയിലേർപ്പെട്ട നാലാം നൂററാണ്ടിൽ റോമൻചക്രവർത്തിയായിരുന്ന കോൺസ്ററന്റൈനാൽ ഉറപ്പിക്കപ്പെട്ടു. ക്രൈസ്തവലോകം ഒട്ടേറെ വിഭാഗങ്ങളായി ശിഥിലീഭവിക്കുന്നതിൽ തുടർന്നപ്പോൾ വൈദികർ ജനങ്ങളുടെമേലും മിക്കപ്പോഴും ലൗകികഭരണാധികാരികളുടെമേലും തങ്ങളേത്തന്നെ ഉയർത്തുന്നതിൽ തുടർന്നു.—2 തെസ്സലോനീക്യർ 2:4.
3. അധർമ്മമമനുഷ്യന്റെ വിധി എന്തായിരിക്കും?
3 അധർമ്മമമനുഷ്യന്റെ വിധി എന്തായിരിക്കും? പൗലോസ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അധർമ്മി വെളിപ്പെടുത്തപ്പെടും, അവനെ കർത്താവായ യേശു നീക്കം ചെയ്യുകയും . . . തന്റെ സാന്നിദ്ധ്യത്തിന്റെ പ്രത്യക്ഷതയാൽ നാസ്തിയാക്കുകയും ചെയ്യും.” (2 തെസ്സലോനീക്യർ 2:8) അതിന്റെ അർത്ഥം ദൈവം സാത്താന്റെ മുഴുവ്യവസ്ഥിതിയെയും അവസാനിപ്പിക്കുമ്പോൾ വൈദികരുടെ നാശം ഉണ്ടാകുമെന്നാണ്. ദൂത വധാധികൃത സൈന്യങ്ങളെ നയിക്കാൻ ദൈവം തന്റെ സ്വർഗ്ഗീയരാജാവായ ക്രിസ്തുയേശുവിനെ ഉപയോഗിക്കുന്നു. (2 തെസ്സലോനീക്യർ 1:6-9; വെളിപ്പാട് 19:11-21) വൈദികർ ദൈവത്തെയും ക്രിസ്തുവിനെയും അപമാനിക്കുകയും ദശലക്ഷക്കണക്കിനാളുകളെ സത്യാരാധനയിൽനിന്ന് അകററുകയുംചെയ്തിരിക്കുന്നതുകൊണ്ടാണ് അവർക്ക് ഈ വിധി വരാനിരിക്കുന്നത്.
4. അധർമ്മമനുഷ്യൻ ഏതു തത്വത്താൽ ന്യായം വിധിക്കപ്പെടും?
4 അധർമ്മ മനുഷ്യൻ വിധിക്കപ്പെടാനുള്ള തത്വം നൽകിക്കൊണ്ട് യേശു പറഞ്ഞു: “ആടുകളുടെ ആവരണത്തിൽ നിങ്ങളുടെ അടുക്കൽ വരുന്ന കള്ളപ്രവാചകൻമാരെ സൂക്ഷിക്കുക, എന്നാൽ അകമേ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും. ആളുകൾ ഒരിക്കലും മുള്ളുകളിൽനിന്ന് മുന്തിരിയും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴങ്ങളും ശേഖരിക്കുന്നില്ല, ഉണ്ടോ? അതുപോലെതന്നെ, ഏതു നല്ല വൃക്ഷവും നല്ല ഫലം ഉല്പാദിപ്പിക്കുന്നു, എന്നാൽ ഏതു ചീത്ത വൃക്ഷവും വിലകെട്ട ഫലം ഉല്പാദിപ്പിക്കുന്നു; ഒരു നല്ല വൃക്ഷത്തിന് വിലകെട്ട ഫലം കായിക്കാൻ കഴിയില്ല, ഒരു ചീത്ത വൃക്ഷത്തിന് നല്ല ഫലം ഉല്പാദിപ്പിക്കാനും കഴിയില്ല. നല്ല ഫലം ഉലപാദിപ്പിക്കാത്ത ഏതു വൃക്ഷവും വെട്ടി തീയിലിടപ്പെടുന്നു. . . . എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, പിന്നെയോ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.”—മത്തായി 7:15-21; തീത്തോസ് 1:16; 1 യോഹന്നാൻ 2:17 കൂടെ കാണുക.
നല്ല ക്രിസ്തീയഫലം
5. നല്ല ക്രിസ്തീയഫലത്തിന്റെ അടിസ്ഥാനമെന്താണ്, ഒരു അടിസ്ഥാനകല്പന എന്താണ്?
5 നല്ല ക്രിസ്തീയഫലത്തിന്റെ അടിസ്ഥാനം 1 യോഹന്നാൻ 5:3-ൽ കുറിക്കപ്പെട്ടിരിക്കുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “ഇതാണ് ദൈവസ്നേഹത്തിന്റെ അർത്ഥം, നാം അവന്റെ കല്പനകളനുഷ്ഠിക്കുന്നതുതന്നെ.” ഒരു അടിസ്ഥാനകല്പന ഇതാണ്: “നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം.” (മത്തായി 22:39) അങ്ങനെ, ദൈവത്തിന്റെ യഥാർത്ഥദാസൻമാർക്ക് തങ്ങളുടെ അയൽക്കാരുടെ വർഗ്ഗമോ ദേശീയതയോ പരിഗണിക്കാതെ അവരോടു സ്നേഹമുണ്ടായിരിക്കണം.—മത്തായി 5:43-48; റോമർ 12:17-21.
6. വിശേഷിച്ച് ആരോട് ക്രിസ്തീയസ്നേഹം കാണിക്കപ്പെടണം?
6 ദൈവദാസൻമാർക്ക്, വിശേഷിച്ച് തങ്ങളുടെ ആത്മീയസഹോദരൻമാരായിരിക്കുന്നവരോട്, സ്നേഹമുണ്ടായിരിക്കണം. “ആരെങ്കിലും ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്ന പ്രസ്താവന ചെയ്യുകയും പിന്നെയും തന്റെ സഹോദരനെ വെറുക്കുകയുമാണെങ്കിൽ അവൻ ഒരു നുണയനാകുന്നു. എന്തെന്നാൽ താൻ കണ്ടിരിക്കുന്ന തന്റെ സഹോദരനെ സ്നേഹിക്കാത്തവന് താൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴികയില്ല. ദൈവത്തെ സ്നേഹിക്കുന്നവൻ തന്റെ സഹോദരനെയും സ്നേഹിക്കേണ്ടതാകുന്നുവെന്ന ഈ കല്പന നമുക്ക് അവനിൽനിന്ന് ലഭിച്ചിട്ടുണ്ട്.” (1 യോഹന്നാൻ 4:20, 21) ആ സ്നേഹം സത്യക്രിസ്ത്യാനികളുടെ ഒരു തിരിച്ചറിയിക്കൽ അടയാളമായിരിക്കുമെന്ന് യേശു പറഞ്ഞു: “നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾക്ക് സ്നേഹമുണ്ടെങ്കിൽ, ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:35; റോമർ 14:19; ഗലാത്യർ 6:10; 1 യോഹന്നാൻ 3:10-12 ഇവ കൂടെ കാണുക.
7. സത്യക്രിസ്ത്യാനികൾ ലോകവ്യാപകമായി എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു?
7 സഹോദരസ്നേഹമാണ് ദൈവദാസൻമാരെ ഐക്യത്തിൽ കൂട്ടിയോജിപ്പിക്കുന്ന “പശ.” “സ്നേഹം ധരിച്ചുകൊൾക, എന്തുകൊണ്ടെന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണ്ണബന്ധമാകുന്നു.” (കൊലോസ്യർ 3:14) സത്യക്രിസ്ത്യാനികൾ ലോകവ്യാപകമായുള്ള തങ്ങളുടെ സഹോദരങ്ങളോട് ഐക്യത്തിലായിരിക്കണം, എന്തുകൊണ്ടെന്നാൽ ദൈവവചനം ഇങ്ങനെ കല്പിക്കുന്നു: “നിങ്ങൾ എല്ലാവരും യോജിപ്പിൽ സംസാരിക്കണം . . . നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടായിരിക്കരുത് . . . ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കുക.” (1 കൊരിന്ത്യർ 1:10) ഒരു ആഗോള അളവിൽ ഈ സ്നേഹവും ഐക്യവും നിലനിർത്തുന്നതിന് ഈ ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ ദൈവദാസൻമാർ നിഷ്പക്ഷരായിരിക്കണം. യേശു പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമായിരിക്കാത്തതുപോലെ അവർ ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 17:16.
8. ക്രിസ്ത്യാനികൾ ചെയ്യേണ്ടത് യേശു എങ്ങനെ പ്രകടമാക്കി?
8 യേശുവിനെ അറസ്ററ് ചെയ്യാൻ വന്ന ആളുകളിൽ ഒരാളുടെ ചെവി വെട്ടുന്നതിന് പത്രോസ് ഒരു വാൾ ഉപയോഗിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നതിന്റെ വ്യാപ്തി അവൻ പ്രകടമാക്കി. എതിരാളികളിൽനിന്ന് ദൈവപുത്രനെ സംരക്ഷിക്കാനെങ്കിലും ബലപ്രയോഗം നടത്തുന്നതിന് യേശു പ്രോൽസാഹിപ്പിച്ചോ? ഇല്ല, എന്നാൽ അവൻ പത്രോസിനോട് “നിന്റെ വാൾ അതിന്റെ സ്ഥാനത്തു തിരികെവെക്കുക” എന്നു പറഞ്ഞു. (മത്തായി 26:52) അങ്ങനെ, സത്യക്രിസ്ത്യാനികൾ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിലോ മനുഷ്യരക്തത്തിന്റെ മറേറതെങ്കിലും ചൊരിയലിലോ പങ്കെടുക്കുന്നില്ല. തങ്ങളുടെ നിഷ്പക്ഷനിലപാടു നിമിത്തം അതിനു വിസമ്മതിക്കുന്നത് അവരുടെ രക്തസാക്ഷിമരണത്തിൽ കലാശിച്ചാലും അതു സത്യമാണ്. പല നൂററാണ്ടുകളിലും, നമ്മുടെ കാലത്തുപോലും, അനേകർക്ക് ആ അനുഭവമുണ്ടായിട്ടുണ്ട്. ക്രിസ്തുവിൻകീഴിലുള്ള ദൈവരാജ്യംമാത്രമേ യുദ്ധത്തെയും രക്തച്ചൊരിച്ചിലിനെയും എന്നേക്കും നീക്കംചെയ്യുകയുള്ളുവെന്ന് അവർക്കറിയാം.—സങ്കീർത്തനം 46:9; മത്തായി 6:9, 10; 2 പത്രോസ് 3:11-13.
9. (എ) ആദ്യ ക്രിസ്ത്യാനികളെസംബന്ധിച്ച് ചരിത്രം നമ്മോട് എന്തു പറയുന്നു? (ബി) ഇത് ക്രൈസ്തവലോകത്തിലെ മതങ്ങളിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു?
9 ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ മനുഷ്യരക്തം ചൊരിയുമായിരുന്നില്ലെന്ന് ചരിത്രം സ്ഥിരീകരിക്കുന്നു. ഇംഗ്ലണ്ടിൽനിന്നുള്ള ഒരു മുൻ ദൈവശാസ്ത്രപ്രൊഫസ്സറായ പീററർ ഡി റോസാ ഇങ്ങനെ എഴുതുന്നു: “രക്തച്ചൊരിച്ചിൽ ഒരു ഗുരുതരമായ പാപമായിരുന്നു. ക്രിസ്ത്യാനികൾ വാൾപയററിനെ എതിർത്തതിന്റെ കാരണമതായിരുന്നു. . . . റോമിനെ സംരക്ഷിക്കാൻ യുദ്ധവും ബലപ്രയോഗവും ആവശ്യമായിരുന്നെങ്കിലും അതിൽ ചേരാൻ കഴികയില്ലെന്ന് ക്രിസ്ത്യാനികൾ വിചാരിച്ചു. . . . യേശുവിനെപ്പോലെ ക്രിസ്ത്യാനികൾ സ്വയം സമാധാനദൂതൻമാരായി പരിഗണിച്ചിരുന്നു; യാതൊരു സാഹചര്യങ്ങളിലും അവർക്ക് മരണത്തിന്റെ ഏജൻറൻമാരായിരിക്കാൻ കഴിയുമായിരുന്നില്ല.” മറിച്ച്, ക്രൈസ്തവലോകത്തിലെ ഭിന്നിച്ച മതങ്ങൾ സ്നേഹത്തിന്റെ കല്പന ലംഘിക്കുകയും ധാരാളം രക്തം ചൊരിയുകയും ചെയ്തിരിക്കുന്നു. അവർ സമാധാനദൂതൻമാരായിരുന്നിട്ടില്ല, എന്നാൽ കൂടെക്കൂടെ മരണത്തിന്റെ ഏജൻറൻമാരായിരുന്നിട്ടുണ്ട്.
രക്തപാതകിയായ മഹാബാബിലോൻ
10. മഹാബാബിലോൻ എന്താണ്, അത് അങ്ങനെ വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
10 സാത്താൻ “ഈ ലോകത്തിന്റെ ഭരണാധിപൻ,” “ഈ വ്യവസ്ഥിതിയുടെ ദൈവം” ആകുന്നു. (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:4) സാത്താൻ ക്രൈസ്തവലോകവും അവളുടെ വൈദികരും ഉൾപ്പെടെ നൂററാണ്ടുകളിൽ പണിതുയർത്തിയിരിക്കുന്ന ഭൂവ്യാപക വ്യാജമതവ്യവസ്ഥിതി അവന്റെ ലോകത്തിന്റെ ഭാഗമാണ്. ബൈബിൾ ഈ ലോകവ്യാപക വ്യാജമതവ്യവസ്ഥിതിയെ “[ആത്മീയ]വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവായ മഹാബാബിലോൻ” എന്നു വിളിക്കുന്നു. (വെളിപ്പാട് 17:5) ഇന്നത്തെ വ്യാജമതങ്ങളുടെ വേരുകൾ പുരാതന ബാബിലോൻ നഗരത്തോളം പിമ്പോട്ടുപോകുന്നു. അത് വ്യാജമതത്തിലും ദൈവത്തെ അപമാനിക്കുന്ന ഉപദേശങ്ങളിലും ആചാരങ്ങളിലും മുഴുകിയിരുന്നു. അതുകൊണ്ടാണ് പുരാതനബാബിലോന്റെ മറുഘടകം വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോൻ എന്നു വിളിക്കപ്പെടുന്നത്.
11. ബൈബിൾ മഹാബാബിലോനെസംബന്ധിച്ച് എന്തു പറയുന്നു, എന്തുകൊണ്ട്?
11 മതബാബിലോനെ സംബന്ധിച്ച് ദൈവവചനം ഇങ്ങനെ പറയുന്നു: “അവളിൽ പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽ കൊല്ലപ്പെട്ട സകലരുടെയും രക്തം കാണപ്പെട്ടു.” (വെളിപ്പാട് 18:24) ഈ ലോകത്തിലെ മതം കൊല്ലപ്പെട്ട സകലരുടെയും രക്തത്തിന് ഉത്തരവാദിയായിരിക്കുന്നതെങ്ങനെ? ഈ മതങ്ങളെല്ലാം—ക്രൈസ്തവലോകത്തിലെ മതങ്ങളും ക്രൈസ്തവേതര മതങ്ങളും ഒരുപോലെ—രാഷ്ട്രങ്ങളുടെ യുദ്ധങ്ങളെ പിന്താങ്ങുകയോ അനുകൂലിക്കുകയോ അവയുടെ നേതൃത്വം വഹിക്കുകപോലുമോ ചെയ്തിട്ടുള്ളതിനാൽത്തന്നെ; അവരോടു വിയോജിച്ച ദൈവഭയമുള്ള ആളുകളെ അവർ പീഡിപ്പിക്കുകയും കൊല്ലുകയുംചെയ്തിട്ടുണ്ട്.
ദൈവത്തെ അപമാനിക്കുന്ന ഒരു രേഖ
12. ക്രൈസ്തവലോകത്തിലെ വൈദികർ മററു മതനേതാക്കൻമാരെക്കാൾ നിന്ദ്യരായിരിക്കുന്നതെന്തുകൊണ്ട്?
12 ക്രൈസ്തവലോകത്തിലെ വൈദികർ രക്തംചൊരിയുന്നതിൽ മററു മതനേതാക്കളേക്കാൾ നിന്ദ്യരാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ തങ്ങളുടെമേൽ ദൈവനാമത്തിനു പുറമേ ക്രിസ്തുവിന്റെ നാമവും എടുത്തിരിക്കുന്നു. അങ്ങനെ അവർ ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരാൻ തങ്ങളേത്തന്നെ കടപ്പാടുള്ളവരാക്കി. (യോഹന്നാൻ 15:10-14) എന്നാൽ അവർ ആ ഉപദേശങ്ങളെ പിന്തുടർന്നിട്ടില്ല, അങ്ങനെ ദൈവത്തിൻമേലും ക്രിസ്തുവിൻമേലും വലിയ നിന്ദ വരുത്തിയിരിക്കുന്നു. രക്തച്ചൊരിച്ചിലിലെ വൈദികരുടെ ഉത്തരവാദിത്വം കുരിശുയുദ്ധങ്ങളിലും മററു മതയുദ്ധങ്ങളിലും മതവിചാരണകളിലും പീഡനങ്ങളിലും നേരിട്ടുള്ളതായിരുന്നു, സഭാംഗങ്ങൾ മററു ദേശങ്ങളിലെ തങ്ങളുടെ സഹമനുഷ്യനെ കൊന്ന യുദ്ധങ്ങളുടെ നേരെ കണ്ണടച്ചതിൽ പരോക്തവുമായിരുന്നു.
13. വൈദികർ 11 മുതൽ 13 വരെയുള്ള നൂററാണ്ടുകളിൽ എന്തിനു ഉത്തരവാദികളായിരുന്നു?
13 ദൃഷ്ടാന്തമായി, 11 മുതൽ 13 വരെയുള്ള നൂററാണ്ടുകളിൽ ക്രൈസ്തവലോകത്തിലെ വൈദികർ കുരിശുയുദ്ധങ്ങൾ അവതരിപ്പിച്ചു. അവ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും നാമത്തിലുള്ള ഭയങ്കരരക്തച്ചൊരിച്ചിലിലും കൊള്ളയിലും കലാശിച്ചു. ശതസഹസ്രക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. കുരിശുയുദ്ധങ്ങളിൽ 1212-ൽ നടന്ന കുട്ടികളുടെ കുരിശുയുദ്ധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കപ്പെട്ട ആയിരക്കണക്കിനു കുട്ടികളുടെ ബുദ്ധിശൂന്യമായ മരണങ്ങളും ഉൾപ്പെട്ടിരുന്നു.
14, 15. കത്തോലിക്കാസഭ 13-ാം നൂററാണ്ടിൽ അവതരിപ്പിച്ച സംഗതിയെക്കുറിച്ച് ഒരു കത്തോലിക്കാ ഗ്രന്ഥകാരൻ എങ്ങനെ അഭിപ്രായം പറയുന്നു?
14 റോമൻ കത്തോലിക്കാസഭ 13-ാം നൂററാണ്ടിൽ ദൈവത്തെ അപമാനിക്കുന്ന മറെറാരു ഭീകരതക്ക് ഔദ്യോഗികമായി അനുവാദം കൊടുത്തു—മതവിചാരണ. അത് യൂറോപ്പിൽ തുടങ്ങുകയും അമേരിക്കാകളിലേക്കു വ്യാപിക്കുകയും ആറിലധികം നൂററാണ്ടുകളിൽ നീണ്ടുനിൽക്കുകയുംചെയ്തു. പാപ്പാധിപത്യത്താൽ തുടക്കമിടപ്പെടുകയും പിന്താങ്ങപ്പെടുകയുംചെയ്ത മതവിചാരണ സഭയോടു വിയോജിച്ച സകലരെയും ദണ്ഡിപ്പിക്കാനും തുടച്ചുനീക്കാനുമുള്ള ഹിംസാത്മകമായ ഒരു ശ്രമമായിരുന്നു. സഭ മുമ്പ് അക്രൈസ്തവരെ പീഡിപ്പിച്ചിരുന്നെങ്കിലും മതവിചാരണ വ്യാപ്തിയിൽ വളരെയധികം വിപുലമായിരുന്നു.
15 താൻ ഒരു “കത്തോലിക്കാ ഭക്ത”നാണെന്ന് പ്രസ്താവിക്കുന്ന പീററർ ഡി റോസാ ക്രിസ്തുവിന്റെ വികാരികൾ—പാപ്പാധിപത്യത്തിന്റെ ഇരുണ്ട വശം എന്ന തന്റെ അടുത്ത കാലത്തെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “യഹൂദൻമാരെ പീഡിപ്പിച്ചതിനും മതവിചാരണക്കും പാഷണ്ഡികളെ ആയിരക്കണക്കിനു കൊലചെയ്തതിനും നീതിന്യായനടപടിയുടെ ഭാഗമെന്ന നിലയിൽ യൂറോപ്പിലേക്ക് വീണ്ടും ദണ്ഡനം അവതരിപ്പിച്ചതിനും സഭ ഉത്തരവാദിയായിരുന്നു. . . . പാപ്പാമാർ ചക്രവർത്തിമാരെ നിയമിക്കുകയും പിരിച്ചുവിടുകയുംപോലും ചെയ്തു, അവർ തങ്ങളുടെ പ്രജകളുടെമേൽ ക്രിസ്ത്യാനിത്വം അടിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതല്ലെങ്കിൽ ദണ്ഡനവും മരണവും നടക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. . . . സുവിശേഷ സന്ദേശത്തിനു നേരിട്ട നഷ്ടം ഭയങ്കരമായിരുന്നു.” കൊലചെയ്യപ്പെട്ട ചിലരുടെ ഏക “കുററം” അവർ ഒരു ബൈബിൾ കൈവശംവെച്ചിരുന്നുവെന്നതായിരുന്നു.
16, 17. മതവിചാരണയെക്കുറിച്ച് ഏതു പ്രസ്താവനകൾ ചെയ്യപ്പെടുന്നു?
16 പതിമൂന്നാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ ഇന്നസെൻറ് മൂന്നാമൻ പാപ്പായെസംബന്ധിച്ച് ഡി റോസാ ഇങ്ങനെ പ്രസ്താവിക്കുന്നു: “[റോമൻ] ചക്രവർത്തിയായിരുന്ന ഡയക്ലീഷ്യന്റെ [മൂന്നാം നൂററാണ്ട്] കീഴിലെ അവസാനത്തേതും ഏററവും മൃഗീയവുമായ പീഡനത്തിൽ ലോകവ്യാപകമായി ഏതാണ്ട് രണ്ടായിരം ക്രിസ്ത്യാനികൾ നശിച്ചുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇന്നസെൻറ് പാപ്പായുടെ [ഫ്രാൻസിലെ “പാഷണ്ഡികൾ”ക്കെതിരായ] ഒന്നാമത്തെ ദുഷ്ട കുരിശുയുദ്ധത്തിൽ ആ സംഖ്യയുടെ പത്തിരട്ടിയാളുകൾ കൊല്ലപ്പെട്ടു. . . . ഒരു പാപ്പാ ഡയക്ലീഷ്യൻ കൊന്നതിനെക്കാൾ കൂടുതൽ ക്രിസ്ത്യാനികളെ ഒററയടിക്ക് കൊന്നുവെന്ന് കണ്ടെത്തുന്നത് ഒരു ഞെട്ടൽ ഉളവാക്കുന്നു. . . . ക്രിസ്തു എതിർത്ത സകലവും ചെയ്യുന്നതിന് ക്രിസ്തുവിന്റെ നാമം ഉപയോഗിക്കാൻ [ഇന്നസൻറിന്] മനോവിഷമമില്ലായിരുന്നു.”
17 “പാപ്പായുടെ നാമത്തിൽ മനുഷ്യവർഗ്ഗ ചരിത്രത്തിൽ മാനുഷസഭ്യതയുടെമേൽ നടന്ന ഏററം മൃഗീയവും നീണ്ടുനിന്നതുമായ ആക്രമണത്തിന് [മതവിചാരണക്കാർ] ഉത്തരവാദികളായിരുന്നു”വെന്ന് ഡി റോസാ പ്രസ്താവിക്കുന്നു. സ്പെയിനിലെ ഡോമിനിക്കൻ മതവിചാരണക്കാരനായിരുന്ന റേറാർക്ക്വമെഡായെക്കുറിച്ച് അദ്ദേഹം പറയുന്നു: “1483-ൽ നിയമിക്കപ്പെട്ട അദ്ദേഹം പതിനഞ്ചു വർഷം ക്രൂരഭരണം നടത്തി. അദ്ദേഹത്തിന്റെ ഇരകളുടെ എണ്ണം 1,14,000ത്തിലധികമായിരുന്നു, അവരിൽ 10,220 പേർ ദഹിപ്പിക്കപ്പെട്ടു.”
18. ഒരു എഴുത്തുകാരൻ മതവിചാരണയുടെ സ്വഭാവത്തെ എങ്ങനെ വർണ്ണിക്കുന്നു, ആറിലധികം നൂററാണ്ടുകളിൽ അതു തുടർന്നതിന് അയാൾ എന്തു കാരണം നൽകുന്നു?
18 ഈ എഴുത്തുകാരൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “മതവിചാരണയുടെ രേഖ ഏതു സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കും; കത്തോലിക്കാസഭയെ സംബന്ധിച്ച് അത് വിനാശകരമാണ്. . . . മുടക്കം കൂടാതെ ആറിലധികം നൂററാണ്ടുകളിൽ പാപ്പാധിപത്യം പ്രാഥമികനീതിയുടെ കഠിനശത്രുവായിരുന്നുവെന്നാണ് ചരിത്രം പ്രകടമാക്കുന്നത്. പതിമൂന്നാം നൂററാണ്ടു മുതൽ തുടർച്ചയായി ഒരേ നിരയിൽ വന്ന എൺപതു പാപ്പാമാരിൽ ഒരാൾ പോലും മതവിചാരണ സംബന്ധിച്ച ദൈവശാസ്ത്രത്തെയും സംവിധാനത്തെയും എതിർത്തില്ല. മറിച്ച്, ഈ മാരകമായ യന്ത്രത്തിന്റെ പ്രവർത്തനത്തോട് ഓരോരുത്തരും ഒന്നൊന്നായി തന്റെ ക്രൂരമായ പങ്ക് കൂട്ടി. മർമ്മം ഇതാണ്: പാപ്പാമാർക്ക് തലമുറതലമുറയായുള്ള ഈ പ്രായോഗിക പാഷണ്ഡതയിൽ തുടരാൻ എങ്ങനെ കഴിഞ്ഞു? അവർക്ക് ഓരോ ഘട്ടത്തിലും യേശുവിന്റെ സുവിശേഷത്തെ എങ്ങനെ നിഷേധിക്കാൻ കഴിഞ്ഞു?” അദ്ദേഹം ഉത്തരം പറയുന്നു: “പോണ്ടിഫൻമാർ ‘തെററില്ലാത്ത’ ഒരു മുൻഗാമിയെക്കാളധികമായി സുവിശേഷത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ കൂടുതലിഷ്ടപ്പെട്ടു, എന്തുകൊണ്ടെന്നാൽ അത് പാപ്പാധിപത്യത്തെത്തന്നെ വീഴിക്കുമായിരുന്നു.”
19. മിക്ക വൈദികരും വേറെ ഏതു അധർമ്മപ്രവർത്തനത്തിനു നേരെ കണ്ണടച്ചു?
19 അടിമത്വത്തിന്റെ ഉഗ്രമായ ഏർപ്പാടിലും വൈദികർ വഹിച്ച പങ്ക് നിയമവിരുദ്ധമായിരുന്നു. ക്രൈസ്തവലോകത്തിലെ രാഷ്ട്രങ്ങൾ അനേകായിരം ആഫ്രിക്കക്കാരെ തട്ടിയെടുക്കുകയും അവരെ സ്വന്തദേശങ്ങളിൽനിന്ന് ദൂരേക്കു കൊണ്ടുപോകുകയും നൂററാണ്ടുകളിൽ അടിമകളെന്ന നിലയിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയുംചെയ്തു. താരതമ്യേന ചുരുക്കം വൈദികരേ സജീവമായി എതിർത്തുള്ളു. അതു ദൈവത്തിന്റെ ഇഷ്ടമാണെന്നുപോലും അവരിൽ ചിലർ അവകാശപ്പെട്ടു.—മത്തായി 7:12 കാണുക.
20-ാം നൂററാണ്ടിലെ രക്തപാതകം
20. അധർമ്മമമനുഷ്യന്റെ രക്തപാതകം ഈ നൂററാണ്ടിൽ അത്യുച്ചത്തിലെത്തിയിരിക്കുന്നതെങ്ങനെ?
20 അധർമ്മമമനുഷ്യന്റെ രക്തപാതകം നമ്മുടെ നൂററാണ്ടിൽ ഒരു അത്യുച്ചത്തിലെത്തി. ശതലക്ഷക്കണക്കിനാളുകൾക്കു ജീവഹാനിവരുത്തിയ യുദ്ധങ്ങളെ, സകല ചരിത്രത്തിലുംവെച്ച് അതിഹീനങ്ങളായ യുദ്ധങ്ങളെ, വൈദികർ പിന്താങ്ങിയിരിക്കുന്നു. രണ്ടു ലോകയുദ്ധങ്ങളിൽ അവർ ഇരുപക്ഷങ്ങളെയും പിന്താങ്ങി. അവയിൽ ഒരേ മതത്തിൽപെട്ട ആളുകൾ, “സഹോദരൻമാർ,” അന്യോന്യം കൊന്നു. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രഞ്ച് കത്തോലിക്കരും അമേരിക്കൻകത്തോലിക്കരും ജർമ്മൻകത്തോലിക്കരെയും ഇററാലിയൻകത്തോലിക്കരെയും കൊന്നു. ബ്രിട്ടീഷ് പ്രോട്ടസ്ററൻറുകാരും അമേരിക്കൻപ്രോട്ടസ്ററൻറുകാരും ജർമ്മൻ പ്രോട്ടസ്ററൻറുകാരെ കൊന്നു. ചില സമയങ്ങളിൽ അവർ ഒരേ മതത്തിൽമാത്രമല്ല, ഒരേ ദേശീയപശ്ചാത്തലത്തിലുംപെട്ട മററുള്ളവരെ കൊന്നു. ക്രൈസ്തവലോകത്തിന്റെ മദ്ധ്യത്തിൽത്തന്നെയാണ് രണ്ടു ലോകമഹായുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സ്നേഹിക്കാനുള്ള കല്പന വൈദികർ അനുസരിക്കുകയും അതുതന്നെ ചെയ്യാൻ അവരുടെ അനുയായികളെ പഠിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ അതു സാദ്ധ്യമാകുമായിരുന്നില്ല.
21. യുദ്ധത്തിലെ വൈദികരുടെ ഉൾപ്പെടലിനെസംബന്ധിച്ച് ലൗകികപ്രമാണങ്ങൾ എന്തു പറയുന്നു?
21 ദി ന്യൂയോർക്ക റൈറംസ ഇങ്ങനെ ഉറപ്പിച്ചുപറഞ്ഞു: “കഴിഞ്ഞ കാലത്ത് തദ്ദേശീയ കത്തോലിക്കാപുരോഹിതാധിപത്യങ്ങൾ ഒട്ടുമിക്കപ്പോഴും സൈന്യങ്ങളെ അനുഗ്രഹിച്ചുകൊണ്ടും വിജയത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും തങ്ങളുടെ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളെ പിന്താങ്ങി, അതേസമയം മറുപക്ഷത്തെ ബിഷപ്പൻമാരുടെ മറെറാരു കൂട്ടം എതിർഫലത്തിനുവേണ്ടി പരസ്യമായി പ്രാർത്ഥിച്ചു. . . . ആയുധങ്ങൾ കൂടുതൽ മൃഗീയമായിത്തീരവേ, ക്രിസ്തീയ മനോഭാവവും യുദ്ധവും തമ്മിലുള്ള വൈപരീത്യം അനേകർക്ക് കൂടുതൽ വ്യക്തമാകുന്നതായി തോന്നുന്നു.” യു.എസ ന്യൂസ ആൻഡ വേൾഡ റിപ്പോർട്ട ഇങ്ങനെ പ്രസ്താവിച്ചു: “ക്രിസ്തീയ രാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നവ കൂടെക്കൂടെ അക്രമം പ്രയോഗിച്ചിരിക്കുന്നതുകൊണ്ട് ലോകത്തിൽ ക്രിസ്ത്യാനിത്വത്തിന്റെ അന്തസ്സിനു ഗുരുതരമായി കോട്ടംതട്ടിയിട്ടുണ്ട്.”
22. നമ്മുടെ കാലത്ത് വൈദികർ വേറെ എന്തിന് ഉത്തരവാദികളാണ്?
22 ഇന്ന് ഔദ്യോഗിക മതവിചാരണയില്ലെങ്കിലും വൈദികർ തങ്ങളോടു വിയോജിക്കുന്ന “പ്രവാചകൻമാരെയും” “വിശുദ്ധൻമാരെയും” പീഡിപ്പിക്കുന്നതിന് രാഷ്ട്രത്തിന്റെ ഭുജത്തെ ഉപയോഗിച്ചിട്ടുണ്ട്. ‘നിയമത്തിന്റെ മറപിടിച്ച് കൗശലപൂർവം ദ്രോഹം ചെയ്യാൻ’ അവർ രാഷ്ട്രീയനേതാക്കൻമാരുടെമേൽ സമ്മർദ്ദംചെലുത്തിയിട്ടുണ്ട്. ഈ വിധത്തിൽ, അവർ നമ്മുടെ നൂററാണ്ടിലെ ദൈവഭയമുള്ളവരുടെ നിരോധനത്തിനും തടവിനും പ്രഹരത്തിനും ദണ്ഡനത്തിനും, മരണത്തിനുപോലും, ഇടയാക്കിയിരിക്കുന്നു അല്ലെങ്കിൽ അവക്ക് അംഗീകാരം കൊടുത്തിരിക്കുന്നു.—വെളിപ്പാട് 17:6; സങ്കീർത്തനം 94:20, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ.
കണക്കു ചോദിക്കുന്നു
23. ദൈവം അധർമ്മമനുഷ്യനോട് കണക്കുചോദിക്കുന്നതെന്തുകൊണ്ട്?
23 സത്യമായി, വ്യാജമതത്തിലാണ് പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽ കൊല്ലപ്പെട്ട സകലരുടെയും രക്തം കാണപ്പെടുന്നത്. (വെളിപ്പാട് 18:24) അതിഹീനമായ രക്തച്ചൊരിച്ചിൽ ക്രൈസ്തവലോകത്തിൽ നടന്നിരിക്കുന്നതുകൊണ്ട് വൈദികരുടെ കുററം ഏററവും ഗുരുതരമാണ്. ബൈബിൾ അവരെ എത്ര ഉചിതമായി ഒരു “അധർമ്മമനുഷ്യൻ” എന്നു മുദ്രയടിക്കുന്നു! എന്നാൽ ദൈവവചനം ഇങ്ങനെയും പ്രസ്താവിക്കുന്നു: “വഴിതെററിക്കപ്പെടരുത്: ദൈവം പരിഹസിക്കപ്പെടേണ്ടവനല്ല. എന്തെന്നാൽ ഒരു മനുഷ്യൻ എന്തുതന്നെ വിതച്ചാലും അത് അയാൾ കൊയ്യുകയും ചെയ്യും.” (ഗലാത്യർ 6:7) അതുകൊണ്ട് അധർമ്മികളായ വൈദികരോടു ദൈവം കണക്കു ചോദിക്കും.
24. ലോകത്തെ പിടിച്ചുകുലുക്കുന്ന ഏതു സംഭവങ്ങൾ പെട്ടെന്ന് നടക്കാനിരിക്കുന്നു?
24 യേശു: “അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ” എന്നു പറഞ്ഞു. (മത്തായി 7:23) “നല്ല ഫലം ഉല്പാദിപ്പിക്കാത്ത ഏതു വൃക്ഷവും വെട്ടി തീയിലിടപ്പെടുന്നു” എന്ന് അവൻ പ്രഖ്യാപിച്ചു. (മത്തായി 7:19) വ്യാജമതം വേശ്യാവൃത്തിയിലേർപ്പെട്ട രാഷ്ട്രീയഘടകങ്ങൾ അവക്കെതിരെ തിരിയുമ്പോൾ സകല വ്യാജമതത്തോടുംകൂടെ അധർമ്മമനുഷ്യൻ അഗ്നിമയമായ അവസാനത്തിലേക്കു വരാനുള്ള സമയം സത്വരം സമീപിച്ചുവരുകയാണ്. “അവർ വേശ്യയെ ദ്വേഷിക്കുകയും അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുകയും അവളെ തീകൊണ്ട് പൂർണ്ണമായി ദഹിപ്പിക്കുകയും ചെയ്യും.” (വെളിപ്പാട് 17:16) ലോകത്തെ പിടിച്ചുകുലുക്കുന്ന അങ്ങനെയുള്ള സംഭവങ്ങൾ പെട്ടെന്ന് നടക്കാനിരിക്കുന്നതുകൊണ്ട് ദൈവദാസൻമാർ അവ മററുള്ളവരെ അറിയിക്കണം. അവർ ഇത് എങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് അടുത്ത ലേഖനം പരിശോധിക്കും. (w90 2⁄1)
പുനരവലോകനചോദ്യങ്ങൾ
◻ അധർമ്മമനുഷ്യൻ എന്താണ്, അത് എങ്ങനെ വികാസം പ്രാപിച്ചു?
◻ സത്യക്രിസ്ത്യാനികൾ എന്തു നല്ല ഫലം ഉല്പാദിപ്പിക്കണം?
◻ മഹാബാബിലോൻ ആരാണ്, അവൾ എത്ര രക്തപാതകമുള്ളവളാണ്?
◻ അധർമ്മമനുഷ്യൻ ദൈവത്തെ അപമാനിക്കുന്ന ഏതു രേഖ ഉളവാക്കിയിരിക്കുന്നു?
◻ അധർമ്മമനുഷ്യനോടു ദൈവം എങ്ങനെ കണക്കു ചോദിക്കും?
[20-ാം പേജിലെ ചിത്രം]
കുരിശുയുദ്ധങ്ങൾ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും നാമത്തിൽ ഭയങ്കര രക്തച്ചൊരിച്ചിലിൽ കലാശിച്ചു
[കടപ്പാട]
By courtesy of The British Library
[21-ാം പേജിലെ ചിത്രം]
“തദ്ദേശീയ കത്തോലിക്കാപുരോഹിതാധിപത്യങ്ങൾ ഒട്ടുമിക്കപ്പോഴും തങ്ങളുടെ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളെ പിന്താങ്ങി”
[കടപ്പാട]
U.S. Army