“അധർമ്മ മനുഷ്യനെ” തിരിച്ചറിയൽ
“അധർമ്മി വെളിപ്പെടുത്തപ്പെടും, അവനെ കർത്താവായ യേശു നീക്കംചെയ്യും.”—2 തെസ്സലോനീക്യർ 2:8.
1, 2. നാം അധർമ്മമനുഷ്യനെ തിരിച്ചറിയുന്നത് ജീവൽപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
നാം അധർമ്മത്തിന്റെ ഒരു യുഗത്തിലാണ് ജീവിക്കുന്നത്. അത് ലോകവ്യാപകമായ ഒരു പ്രതിഭാസമാണ്. എല്ലായിടത്തും അധർമ്മികളായ ഇരപിടിയൻമാരെയുള്ള ഭയവും നമ്മുടെ ജീവനും വസ്തുവിനും അവർ ഉയർത്തുന്ന ഭീഷണിയുമുണ്ട്. എന്നിരുന്നാലും, അനേകം നൂററാണ്ടുകളായി പ്രവർത്തനത്തിലിരിക്കുന്ന വളരെയേറെ ദുഷ്ടമായ ഒരു അധർമ്മഘടകമുണ്ട്. ബൈബിളിൽ അത് “അധർമ്മ മനുഷ്യൻ” എന്നു വിളിക്കപ്പെടുന്നു.
2 ഈ അധർമ്മമനുഷ്യനെ നാം തിരിച്ചറിയുന്നത് ജീവൽപ്രധാനമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ ദൈവമുമ്പാകെയുള്ള നമ്മുടെ നല്ല നിലക്കും നമ്മുടെ നിത്യജീവന്റെ പ്രത്യാശക്കും തുരങ്കംവെക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. എങ്ങനെ? നാം സത്യം ഉപേക്ഷിക്കാനും തൽസ്ഥാനത്ത് വ്യാജങ്ങൾ വിശ്വസിക്കാനും ഇടയാക്കിക്കൊണ്ട് ദൈവത്തെ “ആത്മാവിലും സത്യത്തിലും ആരാധിക്കു”ന്നതിൽനിന്ന് വ്യതിചലിപ്പിക്കുന്നതിനാൽ. (യോഹന്നാൻ 4:23) ഈ പ്രത്യേക അധർമ്മഘടകം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും, അതുപോലെതന്നെ അവന്റെ സമർപ്പിതജനത്തെയും എതിർക്കുന്നുവെന്ന് അവന്റെ പ്രവർത്തനങ്ങളിൽനിന്ന് സ്പഷ്ടമാണ്.
3. ബൈബിൾ ഈ അധർമ്മിയിലേക്കു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നതെങ്ങനെ?
3 ബൈബിൾ ഈ അധർമ്മമനുഷ്യനെക്കുറിച്ച് നമ്മോട് 2 തെസ്സലോനീക്യർ 2:3-ലാണ് പറയുന്നത്. ദൈവാത്മാവിനാൽ നിശ്വസ്തനായി അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ആദ്യം വിശ്വാസത്യാഗം ഭവിക്കുകയും അധർമ്മമനുഷ്യൻ വെളിപ്പെടുത്തപ്പെടുകയും ചെയ്യാത്തപക്ഷം [ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തിനുള്ള യഹോവയുടെ ദിവസം] വരുകയില്ലാത്തതുകൊണ്ട് ആരും യാതൊരു പ്രകാരത്തിലും നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ.” ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ് വിശ്വാസത്യാഗം വികാസംപ്രാപിക്കുമെന്നും ഒരു അധർമ്മമനുഷ്യൻ പ്രത്യക്ഷപ്പെടുമെന്നും പൗലോസ് ഇവിടെ പ്രവചിച്ചു. യഥാർത്ഥത്തിൽ, 7-ാം വാക്യത്തിൽ “ഈ അധർമ്മത്തിന്റെ മർമ്മം ഇപ്പോൾത്തന്നെ പ്രവർത്തനത്തിലുണ്ട്” എന്ന് പൗലോസ് പ്രസ്താവിച്ചു. അതുകൊണ്ട് ഒന്നാം നൂററാണ്ടിൽ ഈ അധർമ്മമനുഷ്യൻ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.
അധർമ്മമനുഷ്യന്റെ ഉത്ഭവം
4. അധർമ്മമമനുഷ്യന്റെ കാരണഭൂതനും പിന്തുണക്കാരനും ആരാണ്?
4 ഈ അധർമ്മ മനുഷ്യനെ ആരാണ് ഉത്ഭവിപ്പിച്ചതും പിന്താങ്ങിക്കൊണ്ടിരിക്കുന്നതും? പൗലോസ് ഉത്തരം പറയുന്നു: “അധർമ്മമമനുഷ്യന്റെ സാന്നിദ്ധ്യം നശിച്ചുപോകുന്നവർക്ക് ഒരു പ്രതിഫലമെന്ന നിലയിൽ സകല വീര്യപ്രവൃത്തിയോടും വ്യാജ അടയാളങ്ങളോടും അത്ഭുത വിഷയങ്ങളോടും നീതികെട്ട സകല വഞ്ചനയോടുംകൂടെ സാത്താന്റെ വ്യാപാരശക്തിക്കൊത്തവണ്ണമാണ്, എന്തുകൊണ്ടെന്നാൽ അവർ രക്ഷിക്കപ്പെടേണ്ടതിന് സത്യത്തോടുള്ള സ്നേഹം കൈക്കൊണ്ടില്ല.” (2 തെസ്സലോനീക്യർ 2:9, 10) അതുകൊണ്ട് സാത്താനാണ് അധർമ്മ മമനുഷ്യന്റെ പിതാവും രക്ഷകനും. സാത്താൻ യഹോവയോടും അവന്റെ ഉദ്ദേശ്യങ്ങളോടും അവന്റെ ജനത്തോടും എതിരായിരിക്കുന്നതുപോലെ, അധർമ്മമനുഷ്യനും അങ്ങനെതന്നെയാണ്, അവൻ അതു തിരിച്ചറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും.
5. അധർമ്മമനുഷ്യനും അവനെ അനുഗമിക്കുന്നവർക്കും എന്തു വിധി വരാനിരിക്കുന്നു?
5 അധർമ്മമനുഷ്യനോടു ചേർന്നുപോകുന്നവർ അവന്റെ അതേ വിധി—നാശം—അനുഭവിക്കും: “അധർമ്മി വെളിപ്പെടുത്തപ്പെടും, അവനെ കർത്താവായ യേശു നീക്കംചെയ്യുകയും . . . തന്റെ സാന്നിദ്ധ്യത്തിന്റെ പ്രത്യക്ഷതയാൽ നാസ്തിയാക്കുകയും ചെയ്യും.” (2 തെസ്സലോനീക്യർ 2:8) അധർമ്മമനുഷ്യന്റെയും അവന്റെ പിന്തുണക്കാരുടെയും (“നശിച്ചുപോകുന്നവർ”) നാശത്തിനുള്ള ആ സമയം “ജ്വലിക്കുന്ന അഗ്നിയിൽ തന്റെ ശക്തിയുള്ള ദൂതൻമാരുമായുള്ള കർത്താവായ യേശുവിന്റെ സ്വർഗ്ഗത്തിൽനിന്നുള്ള വെളിപ്പാടിങ്കൽ” താമസിയാതെ വരുന്നതായിരിക്കും. അപ്പോൾ “ദൈവത്തെ അറിയാത്തവരുടെയും നമ്മുടെ കർത്താവായ യേശുവിന്റെ സുവാർത്ത അനുസരിക്കാത്തവരുടെയുംമേൽ അവൻ പ്രതികാരം ചൊരിയും. ഇവർതന്നെ നിത്യനാശത്തിന്റെ ന്യായയുക്തമായ ശിക്ഷ അനുഭവിക്കും.”—2 തെസ്സലോനീക്യർ 1:6-9.
6. പൗലോസ് ഈ അധർമ്മിയെ സംബന്ധിച്ച് കൂടുതലായി എന്തു വിവരങ്ങൾ നൽകുന്നു?
6 ഈ അധർമ്മിയെ കൂടുതലായി വർണ്ണിച്ചുകൊണ്ട് പൗലോസ് പറയുന്നു: “അവൻ എതിരായി നിലയുറപ്പിക്കുകയും ‘ദൈവ’മെന്നോ ഒരു പൂജാവിഷയമെന്നോ വിളിക്കപ്പെടുന്ന സകലർക്കും മീതെ തന്നെത്താൻ ഉയർത്തുകയും ചെയ്യുന്നു, തന്നിമിത്തം അവൻ പരസ്യമായി തന്നേത്തന്നെ ഒരു ദൈവമെന്നു പ്രകടമാക്കിക്കൊണ്ട് ദൈവത്തിന്റെ ആലയത്തിൽ ഇരിക്കുന്നു.” (2 തെസ്സലോനീക്യർ 2:4) അങ്ങനെ ദൈവനിയമത്തിനു മീതെപോലും തന്നേത്തന്നെ നിർത്തുന്ന ഒരു അധർമ്മിയെ, ഒരു വ്യാജ പൂജാവിഷയത്തെ, സാത്താൻ എഴുന്നേല്പ്പിക്കുമെന്ന് പൗലോസ് മുന്നറിയിപ്പുനൽകുന്നു.
അധർമ്മിയെ തിരിച്ചറിയൽ
7. പൗലോസ് ഒരു വ്യക്തിയെ സംബന്ധിച്ചു സംസാരിക്കുകയല്ലായിരുന്നുവെന്ന് നാം നിഗമനംചെയ്യുന്നതെന്തുകൊണ്ട്, അധർമ്മമനുഷ്യൻ ആരെ പ്രതിനിധാനം ചെയ്യുന്നു?
7 പൗലോസ് ഒരൊററ വ്യക്തിയെക്കുറിച്ചു സംസാരിക്കുകയാണോ? അല്ല, എന്തുകൊണ്ടെന്നാൽ ഈ മനുഷ്യൻ പൗലോസിന്റെ നാളിൽ പ്രത്യക്ഷമായിട്ടുണ്ടെന്നും ഈ വ്യവസ്ഥിതിയുടെ അവസാനത്തിൽ യഹോവ നശിപ്പിക്കുന്നതുവരെ ആസ്തിക്യത്തിൽ തുടരുമെന്നും അവൻ പ്രസ്താവിക്കുന്നു. അങ്ങനെ, അവൻ അനേകം നൂററാണ്ടുകളിൽ സ്ഥിതിചെയ്തിരിക്കുന്നു. യാതൊരു അക്ഷരീയമനുഷ്യനും ഇത്ര ദീർഘമായി ജീവിച്ചിട്ടില്ലെന്ന് സ്പഷ്ടമാണ്. അതുകൊണ്ട് “അധർമ്മമനുഷ്യൻ” എന്ന പദപ്രയോഗം ആളുകളുടെ ഒരു സമൂഹത്തെ, വർഗ്ഗത്തെ, പ്രതിനിധാനംചെയ്യണം.
8. അധർമ്മമനുഷ്യൻ ആരാണ്, തിരിച്ചറിയിക്കുന്ന ചില സവിശേഷതകൾ ഏവ?
8 അവർ ആരാണ്? അവർ അഹങ്കാരികളും അതിമോഹികളുമായ ക്രൈസ്തവലോകത്തിലെ വൈദികരുടെ സമൂഹമാണ് എന്ന് തെളിവു പ്രകടമാക്കുന്നു, അവർ നൂററാണ്ടുകളിൽ തങ്ങളുടെ നിയമമായി തങ്ങളേത്തന്നെ ഉയർത്തിയിരിക്കുന്നു. ക്രൈസ്തവലോകത്തിൽ ആയിരക്കണക്കിനു മതങ്ങളും വിഭാഗങ്ങളുമുണ്ടെന്നുള്ള വസ്തുതയിൽനിന്ന് ഇതു കാണാവുന്നതാണ്, ഓരോന്നിനും അതിന്റെ വൈദികരുണ്ട്, എന്നാലും ഓരോന്നും ഉപദേശത്തിലോ ആചാരത്തിലോ ഏതെങ്കിലും വശത്തിൽ മററുള്ളവക്ക് വിരുദ്ധവുമാണ്. ഈ ഭിന്നിച്ച അവസ്ഥ അവർ ദൈവനിയമം അനുസരിക്കുന്നില്ലെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്. അവർ ദൈവത്തിൽനിന്നായിരിക്കാവുന്നതല്ല. (മീഖാ 2:12; മർക്കോസ് 3:24; റോമർ 16:17; 1 കൊരിന്ത്യർ 1:10 താരതമ്യപ്പെടുത്തുക.) ഈ മതങ്ങൾക്കെല്ലാം പൊതുവിലുള്ളത് അവ ബൈബിളുപദേശങ്ങളെ മുറുകെപ്പിടിക്കുന്നില്ലെന്നുള്ളതാണ്, “എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് അതീതമായി പോകരുത്” എന്ന നിയമത്തെ ലംഘിക്കുകയും ചെയ്തിരിക്കുന്നു.—1 കൊരിന്ത്യർ 4:6; മത്തായി 15:3, 9, 14 കൂടെ കാണുക.
9. അധർമ്മമനുഷ്യൻ ബൈബിൾസത്യങ്ങൾക്കു പകരം ഏതു തിരുവെഴുത്തുവിരുദ്ധ വിശ്വാസങ്ങൾ ആനയിച്ചിരിക്കുന്നു?
9 അങ്ങനെ, ഈ അധർമ്മി ഒരു സംയുക്തവ്യക്തിയാണ്: ക്രൈസ്തവലോകത്തിലെ മതവൈദികർതന്നെ. പാപ്പാമാരായാലും പുരോഹിതൻമാരായാലും പാത്രിയർക്കീസുമാരായാലും പ്രോട്ടസ്ററൻറ് ഉപദേശിമാരായാലും അവർ ക്രൈസ്തവലോകത്തിന്റെ മതപരമായ പാപങ്ങൾക്ക് ഉത്തരവാദിത്തം വഹിക്കുന്നു. അവർ ദൈവത്തിന്റെ സത്യങ്ങളെ പുറജാതിവ്യാജങ്ങൾക്കായി കൈമാററം ചെയ്യുകയും മനുഷ്യദേഹിയുടെ അമർത്യത, നരകാഗ്നി, ശുദ്ധീകരണസ്ഥലം, ത്രിത്വം എന്നിങ്ങനെയുള്ള തിരുവെഴുത്തുവിരുദ്ധ ഉപദേശങ്ങൾ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. “നിങ്ങൾ പിശാചെന്ന നിങ്ങളുടെ പിതാവിൽനിന്നുള്ളവരാണ്, നിങ്ങൾ നിങ്ങളുടെ പിതാവിന്റെ മോഹങ്ങൾ ചെയ്യാൻ ഇച്ഛിക്കുന്നു. . . . അവൻ ഒരു നുണയനും നുണയുടെ പിതാവുമാകുന്നു” എന്ന് യേശു പറഞ്ഞ മതനേതാക്കൻമാരെപ്പോലെയാണവർ. (യോഹന്നാൻ 8:44) അവരുടെ ആചാരങ്ങളും അവരെ അധർമ്മികളായി തുറന്നുകാട്ടുന്നു, എന്തെന്നാൽ അവർ ദൈവനിയമങ്ങളെ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. അങ്ങനെയുള്ളവരോട് യേശു “അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ” എന്നു പറയുന്നു.—മത്തായി 7:21-23.
തങ്ങളെത്തന്നെ ഉയർത്തൽ
10. അധർമ്മിക്ക് രാഷ്ട്രീയഭരണാധികാരികളുമായി എന്തു ബന്ധമുണ്ടായിരുന്നിട്ടുണ്ട്?
10 ഈ അധർമ്മമനുഷ്യ വർഗ്ഗത്തിൽപെട്ടവർ ലോകഭരണാധികാരികളോട് യഥാർത്ഥമായി ആജ്ഞാപിക്കാൻതക്കവണ്ണം അഹങ്കാരവും ധാർഷ്ട്യവും പ്രദർശിപ്പിച്ചിരിക്കുന്നു. ‘രാജാക്കൻമാരുടെ ദിവ്യാവകാശം’ എന്ന തത്വത്തിന്റെ മറയിൽ തങ്ങൾ ഭരണാധികാരികളുടെയും ദൈവത്തിന്റെയും അത്യന്താപേക്ഷിത മദ്ധ്യസ്ഥരായിരിക്കുന്നതായി വൈദികർ അവകാശപ്പെട്ടിരിക്കുന്നു. അവർ രാജാക്കൻമാരെയും ചക്രവർത്തിമാരെയും കിരീടം ധരിപ്പിക്കുകയും സിംഹാസനത്തിൽനിന്നിറക്കുകയും ചെയ്തിരിക്കുന്നു. ജനസമൂഹങ്ങളെ ഭരണാധികാരികൾക്കനുകൂലമായോ എതിരായോ തിരിക്കാനും അവർ പ്രാപ്തരായിട്ടുണ്ട്. ഫലത്തിൽ, അവർ യേശുവിനെ തള്ളിക്കളഞ്ഞ യഹൂദ മുഖ്യപുരോഹിതൻമാർ പറഞ്ഞതുപോലെ “ഞങ്ങൾക്കു കൈസറല്ലാതെ രാജാവില്ല” എന്നു പറഞ്ഞിരിക്കുന്നു. (യോഹന്നാൻ 19:15) എന്നിരുന്നാലും, “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു വ്യക്തമായി പഠിപ്പിച്ചു.—യോഹന്നാൻ 18:36.
11. വൈദികർ തങ്ങളെത്തന്നെ ഉയർത്തിയിരിക്കുന്നതെങ്ങനെ?
11 തങ്ങളേത്തന്നെ സാധാരണക്കാർക്കുമീതെ കൂടുതലായി ഉയർത്തുന്നതിന് ഈ അധർമ്മിവർഗ്ഗം വ്യത്യസ്ത വസ്ത്രം, സാധാരണയായി കറുത്തത്, സ്വീകരിച്ചിരിക്കുന്നു. കൂടാതെ, അവർ മതിപ്പുളവാക്കുന്ന സകലതരം രാജചിഹ്നങ്ങളും കിരീടങ്ങളും കുരിശുകളും തൊപ്പികളും അണിഞ്ഞിരിക്കുന്നു. (മത്തായി 23:5, 6 താരതമ്യപ്പെടുത്തുക.) എന്നാൽ യേശുവിനും അവന്റെ അനുഗാമികൾക്കും അത്തരം വസ്ത്രങ്ങൾ ഇല്ലായിരുന്നു; അവർ സാധാരണക്കാരെപ്പോലെ വസ്ത്രം ധരിച്ചിരുന്നു. വൈദികർ “പിതാവ്” “പരിശുദ്ധപിതാവ്” “റവറണ്ട്” “മോസ്ററ് റവറണ്ട്” “ഹിസ് എക്സെലൻസി” “ഹിസ് എമിനൻസ്” എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും സ്വീകരിച്ചിരിക്കുന്നു, അത് കൂടുതലായി ‘സകലർക്കും മീതെ തങ്ങളേത്തന്നെ ഉയർത്തലാണ്.’ എന്നിരുന്നാലും, യേശു മതസ്ഥാനപ്പേരുകളെസംബന്ധിച്ച് “ഭൂമിയിൽ ആരെയും നിങ്ങളുടെ പിതാവ് എന്നു വിളിക്കരുത്” എന്ന് പഠിപ്പിച്ചു. (മത്തായി 23:9) അതുപോലെതന്നെ, കപടഭക്തരായ ഇയ്യോബിന്റെ ആശ്വാസകർക്ക് മറുപടി കൊടുക്കുകയിൽ എലീഹൂ “ദയവായി ഞാൻ ഒരു മനുഷ്യനോട് പക്ഷപാതിത്വം കാണിക്കാതിരിക്കട്ടെ; ഒരു ഭൗമിക മനുഷ്യന്റെമേൽ ഞാൻ ഒരു സ്ഥാനപ്പേർ വെക്കുകയില്ല” എന്നു പറയുകയുണ്ടായി.—ഇയ്യോബ് 32:21.
12. വൈദികർ യഥാർത്ഥത്തിൽ ആരെ സേവിക്കുന്നുവെന്ന് പൗലോസ് പറഞ്ഞു?
12 അന്ന് തന്റെ നാളിൽ അധർമ്മമനുഷ്യൻ പ്രവർത്തനം തുടങ്ങിയിരുന്നതായി പൗലോസ് പ്രസ്താവിച്ചപ്പോൾ ആ ഒരുവന്റെ അധർമ്മ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നവരെക്കുറിച്ചും അവൻ പറയുകയുണ്ടായി: “എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള മനുഷ്യർ ക്രിസ്തുവിന്റെ അപ്പോസ്തലൻമാരായി തങ്ങളേത്തന്നെ രൂപാന്തരപ്പെടുത്തുന്ന കള്ളയപ്പോസ്തലൻമാർ, വഞ്ചകരായ പ്രവർത്തകർ, ആകുന്നു. അത് ആശ്ചര്യമല്ല, എന്തെന്നാൽ സാത്താൻതന്നെ ഒരു വെളിച്ചദൂതനായി തന്നേത്തന്നെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് അവന്റെ ശുശ്രൂഷകരും തങ്ങളേത്തന്നെ നീതിയുടെ ശുശ്രൂഷകരായി രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അത് അത്ഭുതമൊന്നുമല്ല. എന്നാൽ അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കനുസൃതമായിരിക്കും.”—2 കൊരിന്ത്യർ 11:13-15.
സത്യാരാധനക്കെതിരായ മത്സരം
13. പൗലോസ് മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം എന്താണ്?
13 ഈ അധർമ്മമനുഷ്യൻ വിശ്വാസത്യാഗത്തോടൊപ്പം വളരുമെന്ന് പൗലോസ് പറയുകയുണ്ടായി. യഥാർത്ഥത്തിൽ, ഈ അധർമ്മവർഗ്ഗത്തിന്റെ താദാത്മ്യം സംബന്ധിച്ച് പൗലോസ് നൽകിയ ആദ്യസൂചന “ആദ്യം വിശ്വാസത്യാഗം ഭവിക്കാത്തപക്ഷം . . . യഹോവയുടെ ദിവസം [യഹോവ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുന്ന സമയം] വരുകയില്ല” എന്നതാണ്. (2 തെസ്സലോനീക്യർ 2:2, 3) എന്നാൽ “വിശ്വാസത്യാഗം” എന്നതിനാൽ അർത്ഥമാക്കപ്പെടുന്നതെന്താണ്? ഈ സന്ദർഭത്തിൽ അത് ആത്മീയ ദൗർബല്യം നിമിത്തമുള്ള വെറുമൊരു പിൻമാററത്തെയോ വീഴ്ചയെയോ അർത്ഥമാക്കുന്നില്ല. “വിശ്വാസത്യാഗം” എന്നതിന് ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഗ്രീക്ക് പദം മററുള്ളവയുടെ കൂട്ടത്തിൽ ഒരു “കൂറുമാററ”ത്തെ അല്ലെങ്കിൽ ഒരു “മത്സര”ത്തെ അർത്ഥമാക്കുന്നു. പല ഭാഷാന്തരങ്ങൾ അത് “മത്സരം” എന്നു വിവർത്തനംചെയ്യുന്നു. വില്യം ബർക്ലേയുടെ ഭാഷാന്തരം ഇങ്ങനെ പ്രസ്താവിക്കുന്നു: “വലിയ മത്സരം നടക്കുന്നതുവരെ ആ ദിവസത്തിനു വരാവുന്നതല്ല.” ദി ജറൂസലം ബൈബിൾ അതിനെ “വലിയ വിപ്ലവം” എന്നു വിളിക്കുന്നു. അതുകൊണ്ട് പൗലോസ് ചർച്ചചെയ്യുന്നതിന്റെ സന്ദർഭത്തിൽ “വിശ്വാസത്യാഗം” സത്യാരാധനക്കെതിരായ ഒരു വിപ്ലവത്തെ അർത്ഥമാക്കുന്നു.
14. വിശ്വാസത്യാഗം കാര്യമായി വികാസംപ്രാപിച്ചുതുടങ്ങിയതെപ്പോഴായിരുന്നു?
14 ഈ വിശ്വാസത്യാഗം, ഈ മത്സരം, എങ്ങനെ വികാസംപ്രാപിച്ചു? 2 തെസ്സലോനീക്യർ 2:6-ൽ തന്റെ നാളിൽ അധർമ്മിയുടെമേൽ “ഒരു നിയന്ത്രണമായി വർത്തിക്കുന്ന സംഗതിയെ”ക്കുറിച്ച് പൗലോസ് എഴുതി. അതെന്തായിരുന്നു? അത് അപ്പോസ്തലൻമാരുടെ നിയന്ത്രണശക്തിയായിരുന്നു. പരിശുദ്ധാത്മാവിനാൽ കൊടുക്കപ്പെട്ട ശക്തമായ വരങ്ങൾസഹിതമുള്ള അവരുടെ സാന്നിദ്ധ്യം വിശ്വാസത്യാഗം അന്നു വ്യാപകമാകുന്നതിൽനിന്നു തടഞ്ഞു. (പ്രവൃത്തികൾ 2:1-4; 1 കൊരിന്ത്യർ 12:28) എന്നാൽ ഏതാണ്ട് ഒന്നാം നൂററാണ്ടിന്റെ അവസാനത്തോടെ അപ്പോസ്തലൻമാർ മരിച്ചപ്പോൾ നിയന്ത്രണതടസ്സങ്ങൾ നീക്കപ്പെട്ടു.
തിരുവെഴുത്തുവിരുദ്ധ വൈദികവർഗ്ഗം വികാസംപ്രാപിക്കുന്നു
15. യേശു ക്രിസ്തീയസഭക്കുവേണ്ടി ഏതു ക്രമീകരണം ഏർപ്പെടുത്തി?
15 യേശു സ്ഥാപിച്ച സഭ ഒന്നാം നൂററാണ്ടിൽ മൂപ്പൻമാരുടെയും (മേൽവിചാരകൻമാർ) ശുശ്രൂഷാദാസൻമാരുടെയും മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ വളർന്നുവന്നു. (മത്തായി 20:25-27; 1 തിമൊഥെയോസ് 3:1-13; തീത്തോസ് 1:5-9) ഇവരെ സഭയിൽനിന്ന് എടുത്തിരുന്നു. ഇവർ പ്രത്യേക ദൈവശാസ്ത്രപരിശീലനമില്ലാഞ്ഞ പ്രാപ്തിയുള്ള ആത്മീയ പുരുഷൻമാരായിരുന്നു, യേശുവിന് അങ്ങനെയുള്ള പരിശീലനമില്ലാഞ്ഞതുപോലെതന്നെ. തീർച്ചയായും, അവന്റെ എതിരാളികൾ അതിശയിച്ചു: “ഈ മനുഷ്യൻ സ്ക്കൂളിൽ പഠിച്ചിട്ടില്ലാത്തപ്പോൾ അയാൾക്ക് ഈ അക്ഷരജ്ഞാനം എങ്ങനെ?” (യോഹന്നാൻ 7:15) അപ്പോസ്തലൻമാരെസംബന്ധിച്ച് മതനേതാക്കൻമാർ ഇതുതന്നെ നിരീക്ഷിച്ചു: “ഇപ്പോൾ അവർ പത്രോസിന്റെയും യോഹന്നാന്റെയും സംസാരധൈര്യം കാണുകയും അവർ പഠിപ്പില്ലാത്തവരും സാധാരണക്കാരുമാണെന്ന് ഗ്രഹിക്കുകയും ചെയ്തപ്പോൾ അവർ ആശ്ചര്യപ്പെട്ടു. അവർ പതിവായി യേശുവിനോടുകൂടെയായിരുന്നുവെന്ന് അവർ അവരെ സംബന്ധിച്ചു തിരിച്ചറിയാൻ തുടങ്ങി.”—പ്രവൃത്തികൾ 4:13.
16. വിശ്വാസത്യാഗം സഭാസംഘടനക്കുവേണ്ടിയുള്ള ഒന്നാം നൂററാണ്ടിലെ മാതൃകയിൽനിന്നുള്ള ഒരു വ്യതിചലനത്തിനിടയാക്കിയതെങ്ങനെ?
16 എന്നിരുന്നാലും, വിശ്വാസത്യാഗം യഹൂദവൈദികരിൽനിന്നും ഒടുവിൽ പുറജാതീയ റോമാമതപദ്ധതിയിൽനിന്നും ഉത്ഭവിച്ച സങ്കല്പനങ്ങൾ ആനയിച്ചു. കാലം കടന്നുപോകുകയും സത്യവിശ്വാസത്തിൽനിന്നുള്ള അകൽച്ച നടക്കുകയും ചെയ്തപ്പോൾ തിരുവെഴുത്തുവിരുദ്ധമായ ഒരു വൈദികവർഗ്ഗം വളർന്നുവന്നു. കിരീടം വെച്ച ഒരു പാപ്പാ കർദ്ദിനാളൻമാരുടെ ഒരു സംഘത്തിൻമേൽ ഭരിച്ചുതുടങ്ങി, അവർ ക്രമത്തിൽ നൂറുകണക്കിനു ബിഷപ്പൻമാരിൽനിന്നും ആർച്ചുബിഷപ്പൻമാരിൽനിന്നും എടുക്കപ്പെട്ടു, ക്രമത്തിൽ അവർ സെമിനാരിപരിശീലനം ലഭിച്ച പുരോഹിതൻമാരിൽനിന്ന് സ്ഥാനക്കയററം കൊടുക്കപ്പെട്ടവരായിരുന്നു. അങ്ങനെ, ഒന്നാം നൂററാണ്ടിനുശേഷം അധികം താമസിയാതെ ഒരു നിഗൂഢ വൈദികവർഗ്ഗം ക്രൈസ്തവലോകത്തിന്റെ ഭരണം ഏറെറടുത്തു. ഈ വൈദികവർഗ്ഗം ഒന്നാം നൂററാണ്ടിലെ ക്രിസ്തീയമൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും മാതൃകയിലുള്ളവരായിരുന്നില്ല, പിന്നെയോ പുറജാതീയ മതവ്യവസ്ഥിതികളുടെ മാതൃകയിലുള്ളവരായിരുന്നു.
17. വിശേഷിച്ച് എപ്പോൾ, അധർമ്മിയുടെ അധികാരം ഉറപ്പിക്കപ്പെട്ടു?
17 ക്രി.വ. മൂന്നാം നൂററാണ്ടോളം മുമ്പുതന്നെ സാധാരണക്കാരായ വിശ്വാസികൾ രണ്ടാംതരമായ അയ്മേനികളുടെ പദവിയിലേക്കു താഴ്ത്തപ്പെട്ടു. വിശ്വാസത്യാഗിയായ അധർമ്മമനുഷ്യൻ ക്രമേണ അധികാരത്തിന്റെ കടിഞ്ഞാൺ പിടിക്കാൻതുടങ്ങി. ഈ അധികാരം റോമൻ ചക്രവർത്തിയായ കോൺസ്ററന്റൈനിന്റെ വാഴ്ചക്കാലത്ത്, വിശേഷിച്ച്, ക്രി. വ. 325ലെ നിഖ്യാ കൗൺസിലിനുശേഷം ഉറപ്പിക്കപ്പെട്ടു. അന്ന് സഭയും രാഷ്ട്രവും സംയോജിപ്പിക്കപ്പെട്ടു. അങ്ങനെ, അധർമ്മമനുഷ്യൻ—ക്രൈസ്തവലോകത്തിലെ വൈദികർ—സത്യദൈവമായ യഹോവക്കെതിരായ വിപ്ലവത്തിൽ നൂററാണ്ടുകൾ നീളുന്ന വിശ്വാസത്യാഗികളുടെ ഒരു നിരയായിത്തീർന്നു. അവർ അനുസരിച്ചിരിക്കുന്ന നിയമങ്ങളും ക്രമീകരണങ്ങളും ദൈവത്തിന്റേതല്ല, അവരുടെ സ്വന്തമാണ്.
പുറജാതീയ ഉപദേശങ്ങൾ
18. ഈ അധർമ്മി ഏതു ദൈവദൂഷണപരമായ പുറജാതിയുപദേശങ്ങൾ സ്വീകരിച്ചു?
18 വികാസംപ്രാപിച്ചുവന്ന അധർമ്മമനുഷ്യൻ പുറജാതീയമായ ഉപദേശങ്ങളും കടമെടുത്തു. ദൃഷ്ടാന്തത്തിന്, “ഞാൻ യഹോവയാകുന്നു, അതാണ് എന്റെ നാമം; ഞാൻ എന്റെ സ്വന്തം മഹത്വം മറെറാരുത്തനും കൊടുക്കുകയില്ല,” “ഞാൻ യഹോവയാകുന്നു. വേറെയാരുമില്ല. ഞാനല്ലാതെ ദൈവമില്ല” എന്നു പറയുന്ന ഏകനു പകരം ഒരു മർമ്മവും അഗ്രാഹ്യവുമായ ത്രിത്വദൈവം ആനയിക്കപ്പെട്ടു. (യെശയ്യാവ് 42:8; 45:5) ദൈവത്തിന്റെ സത്യങ്ങൾക്കു പകരമായുള്ള പുറജാതീയസങ്കൽപ്പനങ്ങൾ പോലുമായ ഈ മാനുഷിക സങ്കൽപ്പനങ്ങൾ കൂടുതലായ ഒരു ദൈവദൂഷണം ഉൾപ്പെടുത്താൻതക്കവണ്ണം വികസിപ്പിക്കപ്പെട്ടു: ബൈബിളിലെ എളിയ മറിയയെ ക്രൈസ്തവലോകത്തിന്റെ “ദൈവമാതാവാ”യുള്ള പൂജതന്നെ. അങ്ങനെ, അത്തരം വ്യാജോപദേശങ്ങളുടെ പ്രോൽസാഹകരായ വൈദികവർഗ്ഗം ക്രിസ്തു വിതച്ച നല്ല വിത്തിനെ ഞെരുക്കാൻ ശ്രമിക്കുന്നതിന് സാത്താൻ വിതച്ച “കളകളിലെ” അതിപ്രമുഖരായിത്തീർന്നു.—മത്തായി 13:36-39.
19. ക്രൈസ്തവലോകം നൂററാണ്ടുകളിൽ എങ്ങനെ ശിഥിലീഭവിച്ചിരിക്കുന്നു, എന്നാൽ എന്തു നിലനിർത്തപ്പെട്ടു?
19 മതഭിന്നതകളും പിളർപ്പുകളും ഉണ്ടായതോടെ ക്രൈസ്തവലോകം നൂറുകണക്കിനു മതങ്ങളും വിഭാഗങ്ങളുമായി ശിഥിലീഭവിച്ചു. എന്നാൽ ഓരോ പുതിയ മതവും അല്ലെങ്കിൽ മതവിഭാഗവും അതിന്റെ വൈദികരും അയ്മേനികളും എന്ന പിരിവു നിലനിർത്തി. അങ്ങനെ, അധർമ്മമനുഷ്യൻവർഗ്ഗം ഇന്നോളം നിലനിർത്തപ്പെട്ടിരിക്കുന്നു. അത് ഇപ്പോഴും അതിന്റെ വ്യതിരിക്തമായ വേഷങ്ങളും ഗംഭീരസ്ഥാനപ്പേരുകളും സഹിതം സാധാരണക്കാരുടെമേൽ അതിനെ ഉയർത്തുന്നതിൽ തുടരുന്നു. വ്യക്തമായും, അധർമ്മമനുഷ്യൻ വർഗ്ഗം അതിനെത്തന്നെ മഹത്വീകരിക്കുകയും ഒരു ദൈവതുല്യസ്ഥാനത്തേക്ക് അതിനെത്തന്നെ ഉയർത്തുകയും ചെയ്യുമെന്ന് പറഞ്ഞപ്പോൾ പൗലോസ് അതിശയോക്തി പറയുകയായിരുന്നില്ല.
പാപ്പാധികാരം
20. ഒരു കത്തോലിക്കാ പ്രമാണം പാപ്പായെ എങ്ങനെ വർണ്ണിക്കുന്നു?
20 അങ്ങനെയുള്ള മഹത്വീകരണത്തിന്റെ ഒരു ദൃഷ്ടാന്തം റോമിലെ പാപ്പാധിപത്യമാണ്. ഇററലിയിൽ പ്രസിദ്ധപ്പെടുത്തിയ, ലൂസിയോ ഫെരാരിസ് രചിച്ച ഒരു സഭാനിഘണ്ടു പാപ്പായെ “കേവലം ഒരു മനുഷ്യനായിരിക്കാതെ ദൈവമായിരിക്കത്തക്കവണ്ണമുള്ള മാന്യതയും ഔന്നത്യവുമുള്ളയാളും ദൈവത്തിന്റെ വികാരിയും” എന്നു വർണ്ണിക്കുന്നു. അദ്ദേഹത്തിന്റെ കിരീടം “സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നരകത്തിന്റെയും രാജാവെന്ന നിലയിൽ” ഒരു ത്രിഗുണ കിരീടമാണ്. അതേ നിഘണ്ടു ഇങ്ങനെ തുടരുന്നു: “പാപ്പാ, ഭൂമിയിലെ ദൈവമാണ്, ക്രിസ്തുവിന്റെ വിശ്വസ്തരുടെ ഏക പ്രഭുവാണ്, സകല രാജാക്കൻമാരിലുംവെച്ച് ഏററവും വലിയ രാജാവാണ്.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചില സമയങ്ങളിൽ പാപ്പായിക്ക് ദിവ്യനിയമത്തെ നിർവീര്യമാക്കാൻ കഴിയും.” കൂടാതെ, ദി ന്യൂ കാത്തലിക്ക ഡികഷണറി പാപ്പായെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു: “അദ്ദേഹത്തിന്റെ സ്ഥാനപതിമാർക്ക് നയതന്ത്രസമൂഹത്തിലെ മററ് അംഗങ്ങളുടെമേൽ മുൻഗണനയുണ്ട്.”
21. പാപ്പായുടെ പ്രവർത്തനങ്ങളും പത്രോസിന്റെയും ഒരു ദൂതന്റെയും പ്രവർത്തനവും തമ്മിൽ വിപരീത താരതമ്യംചെയ്യുക.
21 യേശുവിന്റെ ശിഷ്യൻമാരിൽനിന്നു വ്യത്യസ്തമായി പാപ്പാ മിക്കപ്പോഴും വളരെ സങ്കീർണ്ണമായ വേഷം ധരിക്കുകയും മനുഷ്യരുടെ അതിസ്തുതിയെ സ്വാഗതംചെയ്യുകയുംചെയ്യുന്നു. ആളുകൾ തന്നെ വണങ്ങാനും തന്റെ മോതിരത്തെ ചുംബിക്കാനും ഒരു പ്രത്യേകകസേരയിൽ തോളുകളിൽ ചുമന്നുകൊണ്ടുപോകാനും പാപ്പാ അനുവദിക്കുന്നു. പാപ്പാമാർ നൂററാണ്ടുകളിൽ എന്തു പൊള്ളപ്പകിട്ടാണ് പ്രദർശിപ്പിച്ചിട്ടുള്ളത്! തീർച്ചയായും പത്രോസിന്റെ എളിയ ലാളിത്യത്തിൽനിന്ന് എത്ര വ്യത്യസ്തം, തന്നെ പൂജിക്കാൻ തന്റെ പാദത്തിങ്കൽ മുട്ടുകുത്തിയ റോമൻ സൈനികത്തലവനായിരുന്ന കോർന്നേലിയസിനോട് പത്രോസ് “എഴുന്നേൽക്കൂ, ഞാൻ ഏതായാലും ഒരു മനുഷ്യൻ മാത്രമാണല്ലോ” എന്നു പറയുകയുണ്ടായി! (പ്രവൃത്തികൾ 10:25, 26, ദി കാത്തലിക്ക് ജറൂസലം ബൈബിൾ) അപ്പോസ്തലനായ യോഹന്നാന് വെളിപ്പാടു കൊടുത്ത ദൂതനിൽനിന്നും എന്തു വ്യത്യസ്തം! ആ ദൂതനെ ആരാധനാപൂർവം കുമ്പിടാൻ യോഹന്നാൻ ശ്രമിച്ചു, എന്നാൽ ദൂതൻ ഇങ്ങനെ പ്രഖ്യാപിച്ചു: “സൂക്തിക്കുക! അതു ചെയ്യരുത്! ഞാൻ നിങ്ങളുടെയും പ്രവാചകൻമാരായ നിങ്ങളുടെ സഹോദരൻമാരുടെയും ഈ ചുരുളിലെ വാക്കുകൾ അനുഷ്ഠിക്കുന്നവരുടെയും ഒരു സഹയടിമ മാത്രമാണ്. ദൈവത്തെ ആരാധിക്കുക.”—വെളിപ്പാട് 22:8, 9.
22. ഏതു തിരുവെഴുത്തുപരമായ നിയമത്താൽ ഈ അധർമ്മിയെ തിരിച്ചറിയാൻ കഴിയും?
22 വൈദികവർഗ്ഗത്തെ സംബന്ധിച്ച ഈ വിലയിരുത്തൽ അതികഠിനമാണോ? കള്ളപ്രവാചകൻമാരെ തിരിച്ചറിയാൻ യേശു വെച്ച ചട്ടം ബാധകമാക്കുന്നതിനാൽ നമുക്ക് ഇതു തീരുമാനിക്കാൻ കഴിയും: “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.” (മത്തായി 7:15, 16) അതുകൊണ്ട് മുൻനൂററാണ്ടുകളിലും നമ്മുടെ സ്വന്തം 20-ാം നൂററാണ്ടിലും അവരുടെ ഫലങ്ങൾ എന്താണ്? ഈ അധർമ്മമമനുഷ്യന്റെ വിധി എന്തായിരിക്കും, ആ വിധിയിൽ ആർ പങ്കുപററും? ദൈവത്തെ യഥാർത്ഥമായി ഭയപ്പെടുന്നവർക്ക് ഈ അധർമ്മമനുഷ്യനെ സംബന്ധിച്ച് എന്ത് ഉത്തരവാദിത്തമുണ്ട്? അടുത്ത ലേഖനങ്ങൾ ഈ പോയിൻറുകൾ ചർച്ചചെയ്യും. (w90 2⁄1)
പുനരവലോകനചോദ്യങ്ങൾ:
◻ അധർമ്മമനുഷ്യൻ എന്താണ്, അത് എപ്പോൾ പ്രത്യക്ഷമായി?
◻ ഈ അധർമ്മിവർഗ്ഗത്തിന്റെ ഹേതുഭൂതനെ ബൈബിൾ തിരിച്ചറിയിക്കുന്നതെങ്ങനെ?
◻ വൈദികർ തങ്ങളേത്തന്നെ ജനങ്ങൾക്കുമീതെ ഉയർത്തിയിരിക്കുന്നതെങ്ങനെ?
◻ വൈദികർ ഏതു വിശ്വാസത്യാഗപരമായ ഉപദേശങ്ങളും ആചാരങ്ങളും വികസിപ്പിച്ചെടുത്തു?
◻ പാപ്പാമാരുടെ മനോഭാവങ്ങൾ പത്രോസിന്റെയും ഒരു ദൂതന്റെയും മനോഭാവങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
[16-ാം പേജിലെ ചിത്രം]
പാപ്പാമാരിൽനിന്നു വിരുദ്ധമായി അപ്പോസ്തലനായ പത്രോസ് തന്നെ പൂജിക്കാൻ ഒരു മനുഷ്യനെ അനുവദിച്ചില്ല