“അധർമ്മമനുഷ്യനെ” തുറന്നുകാട്ടൽ
“എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ അവളോടുകൂടെ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ . . . അവളുടെ ബാധകളുടെ ഓഹരി ലഭിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവളെ വിട്ടുപോരുക.”—വെളിപ്പാട് 18:4.
1, 2. (എ) അധർമ്മമനുഷ്യനെ എങ്ങനെ തിരിച്ചറിയാൻ കഴിയും? (ബി) തന്നെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും എന്നാൽ രക്തപാതകമുള്ളവരുമായവരെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണമെന്താണ്? (മത്തായി 7:21-23)
ഒരു “അധർമ്മ മനുഷ്യ”ന്റെ വരവിനെക്കുറിച്ച് ദൈവവചനം മുൻകൂട്ടിപ്പറഞ്ഞു. ഈ അധർമ്മഘടകം ദൈവത്തിന്റെ സ്വർഗ്ഗീയവധാധികൃതനായ ക്രിസ്തുയേശുവിനാൽ ‘നീക്കംചെയ്യപ്പെടുകയും നാസ്തിയാക്കപ്പെടുകയുംചെയ്യു’മെന്നും അതു മുൻകൂട്ടിപ്പറഞ്ഞു. (2 തെസ്സലോനീക്യർ 2:3-8) മുൻലേഖനങ്ങൾ പ്രകടമാക്കിയിരിക്കുന്നതുപോലെ, ആ അധർമ്മമനുഷ്യൻ ക്രൈസ്തവലോകത്തിലെ വൈദികരാണ്. ദീർഘനാൾമുമ്പ് അവർ ദൈവവചനത്തിലെ സത്യങ്ങൾ ഉപേക്ഷിക്കുകയും ത്രിത്വം, നരകാഗ്നി, ദേഹിയുടെ അമർത്യത എന്നിങ്ങനെയുള്ള പുറജാതിയുപദേശങ്ങൾ സ്വീകരിക്കുകയുംചെയ്തു. കൂടാതെ, അവർ ദൈവനിയമങ്ങൾക്കു വിരുദ്ധമായ പ്രവൃത്തികൾ ഉളവാക്കി. പൗലോസ് ആർക്കെതിരെ തീത്തോസിനു മുന്നറിയിപ്പുകൊടുത്തോ അവരെപ്പോലെ, “തങ്ങൾ ദൈവത്തെ അറിയുന്നുവെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു, എന്നാൽ അവർ തങ്ങളുടെ പ്രവൃത്തികളാൽ അവനെ തള്ളിപ്പറയുന്നു, എന്തുകൊണ്ടെന്നാൽ അവർ അറെക്കത്തക്കവരും അനുസരണംകെട്ടവരും യാതൊരുതരം സൽപ്രവൃത്തിക്കും കൊള്ളാത്തവരുമാകുന്നു.”—തീത്തോസ് 1:16.
2 യേശു പറഞ്ഞു: “ആടുകളുടെ ആവരണത്തിൽ നിങ്ങളുടെ അടുക്കൽ വരുന്ന കള്ളപ്രവാചകൻമാരെ സൂക്ഷിക്കുക, എന്നാൽ അവർ അകമെ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.” കള്ളപ്രവാചകൻമാർ “വിലകെട്ട ഫലം” ഉല്പാദിപ്പിക്കുന്നു. (മത്തായി 7:15-17) വൈദികരുടെ ചീത്തഫലങ്ങുടെ ഒരു തെളിവ് അവരുടെ വമ്പിച്ച രക്തപാതകമാണ്. നൂററാണ്ടുകളിൽ അവർ കുരിശുയുദ്ധങ്ങളെയും മതവിചാരണകളെയും ദശലക്ഷങ്ങളുടെ രക്തം ചൊരിഞ്ഞിരിക്കുന്ന യുദ്ധങ്ങളെയും പിന്താങ്ങിയിരിക്കുന്നു. അവരുടെ സ്വന്തം മതങ്ങളിലെ അംഗങ്ങൾ അന്യോന്യം കൊന്നൊടുക്കിയിരിക്കുന്ന യുദ്ധങ്ങളിൽ ഇരുകക്ഷികൾക്കുംവേണ്ടി അവർ പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയുംചെയ്തിട്ടുണ്ട്. മറിച്ച്, അപ്പോസ്തലനായ പൗലോസിന് “സകല മനുഷ്യരുടെയും രക്തത്തിൽനിന്ന് ഞാൻ ശുദ്ധിയുള്ളവനാകുന്നു” എന്ന് പറയാൻ കഴിഞ്ഞു. (പ്രവൃത്തികൾ 20:26) വൈദികർ ശുദ്ധിയുള്ളവരല്ല. അങ്ങനെയുള്ളവരോട് ദൈവം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിങ്ങൾ അനേകം പ്രാർത്ഥനകൾ കഴിക്കുന്നുവെങ്കിലും ഞാൻ ശ്രദ്ധിക്കുന്നില്ല; നിങ്ങളുടെ കൈകൾ രക്തച്ചൊരിച്ചിലിനാൽ നിറഞ്ഞിരിക്കുന്നു.”—യെശയ്യാവ് 1:15.
3. ആഗോളപ്രാധാന്യമുള്ള ഏതു സംഭവങ്ങൾ സത്വരം സമീപിച്ചുവരുന്നു?
3 അധർമ്മമനുഷ്യനെതിരെ തന്റെ ന്യായവിധി നടത്താനുള്ള ദൈവത്തിന്റെ സമയം സത്വരം സമീപിച്ചുവരുകയാണ്. പെട്ടെന്നുതന്നെ, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, “ലോകാരംഭം മുതൽ ഇപ്പോൾവരെ സംഭവിച്ചിട്ടില്ലാത്തതും, ഇല്ല, വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം ഉണ്ടായിരിക്കും.” (മത്തായി 24:21) മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ആ കുഴപ്പത്തിന്റെ സമയം, വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെ സംഹാരത്തോടെ തുടങ്ങും, അതിൽ ക്രൈസ്തവലോകത്തിലെ മതങ്ങളും ഉൾപ്പെടുന്നു. രാഷ്ട്രീയഘടകങ്ങൾ “അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകളകയും അവളെ പൂർണ്ണമായി തീകൊണ്ടു ദഹിപ്പിക്കുകയുംചെയ്യും.” (വെളിപ്പാട് 17:16) ആ മഹോപദ്രവം “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മാകുന്ന അർമ്മഗെദ്ദോനിലെ സാത്താന്റെ ലോകത്തിന്റെ ശേഷിച്ച ഭാഗത്തിന്റെ നാശത്തോടെ അവസാനിക്കും.—വെളിപ്പാട് 16:14, 16; 19:11-21.
മററുള്ളവരെ സനേഹിക്കാനുള്ള കടപ്പാട്
4. ദൈവത്തെ “ആത്മാവോടും സത്യത്തോടുംകൂടെ” ആരാധിക്കുന്നവർ എന്തു മനസ്സിൽ പിടിച്ചുകൊള്ളണം?
4 ലോകത്തെ പിടിച്ചുകുലുക്കുന്ന ഈ സംഭവങ്ങൾ നിവസിതഭൂമിമേൽ പെട്ടെന്നു വരാനിരിക്കുന്നതുകൊണ്ട് “പിതാവിനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കുന്ന”വരുടെമേൽ എന്തു കടപ്പാടു സ്ഥിതിചെയ്യുന്നു? (യോഹന്നാൻ 4:23) ഒരു സംഗതി യേശു “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ അനുഷ്ഠിച്ചിരിക്കുകയും അവന്റെ സ്നേഹത്തിൽ നിലനിൽക്കുകയും ചെയ്യുന്നതുപോലെ, നിങ്ങൾ എന്റെ കല്പനകൾ അനുഷ്ഠിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കും. . . . ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ, നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്നുള്ളതാണ് എന്റെ കല്പന. തന്റെ ദേഹിയെ തന്റെ സ്നേഹിതർക്കായി വെച്ചുകൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹം ആർക്കുമില്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നത് നിങ്ങൾ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ എന്റെ സ്നേഹിതരാകുന്നു” എന്നു യേശു പറഞ്ഞുവെന്ന് അവർ മനസ്സിൽ പിടിക്കണം.”—യോഹന്നാൻ 15:10-14; 1 യോഹന്നാൻ 5:3.
5, 6. (എ) തങ്ങളെ തിരിച്ചറിയിക്കത്തക്കവണ്ണം എന്തു ചെയ്യാൻ യേശു തന്റെ ശിഷ്യൻമാരോടു കല്പിച്ചു? (ബി) ഇത് ഏതർത്ഥത്തിൽ ഒരു പുതിയ കല്പനയായിരുന്നു?
5 അങ്ങനെ സത്യക്രിസ്ത്യാനികൾക്ക് മററുള്ളവരെ, വിശേഷിച്ച് എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ ക്രിസ്തീയസഹോദരൻമാരെയും സഹോദരിമാരെയും സ്നേഹിക്കാനുള്ള കടപ്പാടുണ്ട്. (പ്രവൃത്തികൾ 10:34; ഗലാത്യർ 6:10; 1 യോഹന്നാൻ 4:20, 21) തീർച്ചയായും, സഹക്രിസ്ത്യാനികൾക്ക് “അന്യോന്യം ഉററ സ്നേഹ”മുണ്ടായിരിക്കണം. (1 പത്രോസ് 4:8) ഒരു ആഗോള അളവിലുള്ള അത്തരം സ്നേഹം അവരെ സത്യാരാധകരായി തിരിച്ചറിയിക്കുന്നു, എന്തെന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന തരുന്നു, ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ, നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്നുതന്നെ. നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾക്കു സ്നേഹമുണ്ടെങ്കിൽ, ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യരാകുന്നുവെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
6 ആ കല്പനസംബന്ധിച്ചു പുതിയതായി ഉള്ളതെന്താണ്? മോശൈക ന്യായപ്രമാണത്തിൻകീഴിലെ യഹൂദൻമാർക്ക് “നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക” എന്ന കല്പന കൊടുക്കപ്പെട്ടിരുന്നില്ലയോ? (ലേവ്യർ 19:18) ഉവ്വ്, എന്നാൽ “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ” എന്നു പറഞ്ഞപ്പോൾ യേശു കൂടുതലായ ചിലതു സൂചിപ്പിച്ചു. അവന്റെ സ്നേഹത്തിൽ മററുള്ളവർക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നതും ഉൾപ്പെട്ടിരുന്നു, അതുതന്നെ ചെയ്യാൻ അവന്റെ ശിഷ്യൻമാരും മനസ്സുള്ളവരായിരിക്കണം. (യോഹന്നാൻ 15:13) അത് ഔന്നത്യമേറിയ തലത്തിലുള്ള ഒരു സ്നേഹമായിരുന്നു, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള ത്യാഗം മോശൈകന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നില്ല.
7. ഈ നൂററാണ്ടിൽ ഏതു മതമാണ് സ്നേഹത്തിന്റെ നിയമം അനുസരിച്ചിരിക്കുന്നത്?
7 നമ്മുടെ നൂററാണ്ടിൽ, സ്നേഹത്തിന്റെ ഈ നിയമം ഏതു മതം അനുസരിച്ചിരിക്കുന്നു? തീർച്ചയായും ക്രൈസ്തവലോകത്തിലെ മതങ്ങൾ അനുസരിച്ചിട്ടില്ല, എന്തുകൊണ്ടെന്നാൽ രണ്ടു ലോകയുദ്ധങ്ങളിലും മററു പോരാട്ടങ്ങളിലും അവർ അന്യോന്യം ശതലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയിരിക്കുന്നു. സ്നേഹത്തിന്റെ നിയമം ഭൂവ്യാപകമായി അനുസരിച്ചിരിക്കുന്നത് യഹോവയുടെ സാക്ഷികളാണ്. അവർ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ കർശനമായ നിഷ്പക്ഷത പുലർത്തിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ലാ”യിരിക്കണമെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:16) അങ്ങനെ, പൗലോസിനെപ്പോലെ, തങ്ങൾ “സകല മനുഷ്യരുടെയും രക്തത്തിൽനിന്ന് ശുദ്ധിയുള്ളവരാകുന്നു”വെന്ന് അവർക്കു പറയാൻ കഴിയും. ദൃഷ്ടാന്തത്തിന്, 1921 നവംബർ 27-ാംതീയതി വാഷിംഗ്ടൺ ഡി.സി.,യിൽ നടന്ന കൺവെൻഷനിൽ യഹോവയുടെ ദാസൻമാർ അംഗീകരിച്ച ഒരു പ്രമേയത്തിന്റെ പ്രാരംഭ ഭാഗം ശ്രദ്ധിക്കുക:
“നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും ഉപദേശങ്ങൾ അനുസരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ക്രിസ്ത്യാനികൾ എന്ന നിലയിൽ ഞങ്ങൾ ഇങ്ങനെ വിശ്വസിക്കുന്നു: യുദ്ധം കിരാതത്വത്തിന്റെ ഒരു അവശിഷ്ടവും സൻമാർഗ്ഗങ്ങൾക്ക വിനാശകരവും ക്രിസ്തീയ വ്യക്തികൾക്കു നിന്ദയും ആകുന്നു; കർത്താവായ യേശുക്രിസ്തു പഠിപ്പിച്ച തത്വങ്ങൾ യുദ്ധത്തിലോ രക്തച്ചൊരിച്ചിലിലോ ഏതെങ്കിലും രൂപത്തിലുള്ള അക്രമത്തിലോ ഏർപ്പെടുന്നതിൽനിന്ന പ്രതിഷഠിക്കപ്പെട്ട ക്രിസ്ത്യാനികളെ വിലക്കുന്നു.”
8. രണ്ടാം ലോകമഹായുദ്ധകാലത്തെ യഹോവയുടെ സാക്ഷികളെസംബന്ധിച്ച് ചരിത്രരേഖ എന്തു പറയുന്നു?
8 രണ്ടാം ലോകമഹായുദ്ധകാലത്ത് ആ വീക്ഷണം എങ്ങനെ ബാധകമാക്കപ്പെട്ടു? സകല മനുഷ്യചരിത്രത്തിലുംവെച്ച് അതിഘോരമായിരുന്ന ആ യുദ്ധത്തിൽ ഏതാണ്ട് 5 കോടിയാളുകൾ കൊല്ലപ്പെട്ടു. എന്നാൽ യഹോവയുടെ സാക്ഷികളാൽ ഒരാൾ പോലും കൊല്ലപ്പെട്ടില്ല! ദൃഷ്ടാന്തത്തിന്, മിക്കവാറുമെല്ലാ ജർമ്മൻ വൈദികരും നാസിസത്തെ സജീവമായോ നിഷ്ക്രിയമായോ പിന്താങ്ങി. മറിച്ച്, നാസിഭരണത്തിൻകീഴിലെ യഹോവയുടെ സാക്ഷികൾ കർശനമായ നിഷ്പക്ഷത പാലിക്കുകയും ഹിററ്ലറെ വാഴ്ത്താൻ അല്ലെങ്കിൽ അയാളുടെ സൈനികയന്ത്രത്തിന്റെ ഭാഗമായിരിക്കാൻ വിസമ്മതിക്കുകയുംചെയ്തു. അതുകൊണ്ട്, മററു രാജ്യങ്ങളിലെ തങ്ങളുടെ ഏതെങ്കിലും സഹോദരൻമാരെയോ മററാരെയെങ്കിലുമോ അവർ കൊന്നില്ല. മറെറല്ലാ രാജ്യങ്ങളിലുമുള്ള യഹോവയുടെ സാക്ഷികളും നിഷ്പക്ഷരായി നിലകൊണ്ടു.
9. നാസിഭരണത്തിൻകീഴിൽ ജർമ്മനിയിലും ആസ്ത്രിയായിലുമുണ്ടായിരുന്ന യഹോവയുടെ സാക്ഷികൾക്ക് എന്തു സംഭവിച്ചു?
9 യഹോവയുടെ സാക്ഷികളിലനേകർ സ്നേഹത്തിന്റെ നിയമം അനുസരിക്കുകയിൽ തങ്ങളുടെ സ്നേഹിതർക്കുവേണ്ടി തങ്ങളുടെ ജീവനെ വെച്ചുകൊടുത്തിട്ടുണ്ട്. ഫ്രീഡ്രിക്ക് സിപ്ഫെൽ രചിച്ച കിർച്ചെൻകാംഫ ഇൻ ഡൂഷെലാൻഡ (ജർമ്മനിയിലെ സഭകളുടെ പോരാട്ടം) എന്ന പുസ്തകം സാക്ഷികളെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “ഈ ചെറിയ മതസമൂഹത്തിന്റെ അംഗങ്ങളിൽ തൊണ്ണൂറേറഴു ശതമാനവും ദേശീയ സോഷ്യലിസ്ററ് [നാസി] പീഡനത്തിന്റെ ഇരകളായി. അവരിൽ മൂന്നിലൊന്ന് തൂക്കിക്കൊലയാലോ മററ് അക്രമപ്രവൃത്തികളാലോ വിശപ്പിനാലോ രോഗത്താലോ അടിമപ്പണിയാലോ കൊല്ലപ്പെട്ടു. ഈ കീഴ്പ്പെടുത്തലിന്റെ കാഠിന്യം മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ളതായിരുന്നു, ദേശീയ സോഷ്യലിസ്ററ് പ്രത്യയശാസ്ത്രത്തോട് പൊരുത്തപ്പെടുത്താൻ കഴിയാഞ്ഞ വിശ്വാസത്തിന്റെ ഫലവുമായിരുന്നു.” ആസ്ത്രിയായിൽ യഹോവയുടെ സാക്ഷികളുടെ 25 ശതമാനം വധിക്കപ്പെടുകയോ അടിച്ചുകൊല്ലപ്പെടുകയോ രോഗത്താലോ നാസിപാളയങ്ങളിലെ ക്ഷീണത്താലോ മരിക്കുകയോ ചെയ്തു.
10. സ്നേഹത്തിന്റെ നിയമം അനുസരിച്ചതുനിമിത്തം മരിച്ചവർക്ക് എന്തു വിശ്വാസമുണ്ടായിരുന്നു?
10 സ്നേഹത്തിന്റെ നിയമം അനുസരിച്ചതുകൊണ്ട് രക്തസാക്ഷികളായവർക്ക് “[തങ്ങളുടെ] വേലയും തന്റെ നാമത്തോടു [തങ്ങൾ] കാണിച്ച സ്നേഹവും മറന്നുകളയാൻതക്കവണ്ണം ദൈവം നീതികെട്ടവനല്ല” എന്ന് ഉറപ്പുണ്ടായിരുന്നു. (എബ്രായർ 6:10) “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു, എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു”വെന്ന് അവർക്കറിയാം. (1 യോഹന്നാൻ 2:17) നിത്യജീവൻ മുന്നിൽ കണ്ടുകൊണ്ട് പുനരുത്ഥാനംപ്രാപിക്കാനുള്ള ഉറപ്പുള്ള പ്രത്യാശ അവർക്കുണ്ടായിരുന്നു.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
11. യഹോവയുടെ ദാസൻമാർ ഏതു വിധങ്ങളിൽ അനുപമരായിരിക്കുന്നു, അവരിൽ ഏതു പ്രവചനം നിവർത്തിച്ചുകൊണ്ടിരിക്കുന്നു?
11 ഒരു ഹൈക്കോടതിയോട് പത്രോസും മററപ്പോസ്തലൻമാരും പറഞ്ഞ “ഞങ്ങൾ മനുഷ്യരേക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാകുന്നു” എന്ന നിയമം അനുസരിക്കുന്നതിൽ യഹോവയുടെ ദാസൻമാർ അനുപമരാണ്. (പ്രവൃത്തികൾ 5:29) യഹോവയുടെ സാക്ഷികൾ ഇതു ചെയ്യുന്നതുകൊണ്ട് അവർ “ദൈവത്തെ ഭരണാധികാരിയായി അനുസരിക്കുന്നവർക്ക് അവൻ നൽകിയിരിക്കുന്ന പരിശുദ്ധാത്മാവിനാൽ” പിന്താങ്ങപ്പെടുന്നു. (പ്രവൃത്തികൾ 5:32) അതാണ് യെശയ്യാവ് 2:2-4ലെ പ്രവചനം നിവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്ന ശക്തി. നമ്മുടെ കാലത്ത് സത്യാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നും സകല ജനതകളിൽനിന്നും മതങ്ങളിൽനിന്നുമുള്ള ആളുകൾ അതിലേക്ക് ഒഴുകിച്ചെല്ലുമെന്നും അതു മുൻകൂട്ടിപ്പറഞ്ഞു. ഒരു ഫലം ഇതായിരിക്കും: “അവർക്കു തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കേണ്ടിവരും. ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” യഹോവയുടെ ദാസൻമാർ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതത്തിനുവേണ്ടി ഒരുങ്ങുകയായതിനാൽ അവർ മേലാൽ യുദ്ധമഭ്യസിക്കുകയില്ല. അവർ സ്നേഹത്തിന്റെ നിയമം പഠിക്കുന്നു.—യോഹന്നാൻ 13:34, 35.
12. സ്നേഹത്തിന്റെ നിയമം അനുസരിക്കുന്നവർ മററുള്ളവർക്കുവേണ്ടി എന്തു ചെയ്യണം?
12 ക്രിസ്തീയസ്നേഹത്തിൽ ‘നിന്റെ അയൽക്കാരനെ നിന്നേപ്പോലെ സ്നേഹിക്കുന്നത്’ ഉൾപ്പെടുന്നതുകൊണ്ട് ദൈവത്തിന്റെ ദാസൻമാർക്ക് തങ്ങൾക്കറിയാവുന്നതു സംബന്ധിച്ച് സ്വാർത്ഥരായിരിക്കാൻ കഴികയില്ല. (മത്തായി 22:39) ദൈവത്തെ സേവിക്കാനും അവന്റെ പുതിയ ലോകത്തിൽ ജീവിക്കാനും ആഗ്രഹിക്കുന്ന അനേകർ ഇനിയുമുണ്ട്. സമയം ശേഷിച്ചിരിക്കെ, ഇവരും സ്നേഹത്തിന്റെ നിയമവും സാർവത്രിക പരമാധികാരിയായ യഹോവയാം ദൈവത്തോടു ബന്ധപ്പെട്ട മററു സത്യങ്ങളും പഠിക്കേണ്ടയാവശ്യമുണ്ട്. നമ്മുടെ ആരാധനക്കു യോഗ്യൻ യഹോവ മാത്രമാണെന്നും ആ ആരാധന എങ്ങനെ അർപ്പിക്കപ്പെടണമെന്നും അവർ പഠിപ്പിക്കപ്പെടണം. (മത്തായി 4:10; വെളിപ്പാട് 4:11) ഈ കാര്യങ്ങൾ ഇപ്പോൾത്തന്നെ പഠിച്ചിട്ടുള്ളവർക്ക് മററുള്ളവരും യഹോവയുടെ പ്രീതിയിലേക്കു വരേണ്ടതിന് അവരോടും അവയെക്കുറിച്ചു പറയാനുള്ള കടപ്പാടുണ്ട്.—യെഹെസ്ക്കേൽ 33:7-9, 14-16.
അധർമ്മമനുഷ്യനെ തുറന്നുകാട്ടൽ
13. നമ്മുടെ ലോകവ്യാപകസാക്ഷ്യത്തിന്റെ ഭാഗമായി നാം എന്ത് അറിയിക്കണം, എന്തുകൊണ്ട്?
13 “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് യേശു പറഞ്ഞു. (മത്തായി 24:14) ഈ ലോകവ്യാപക സാക്ഷ്യത്തിന്റെ ഭാഗമായി ദൈവത്തിന്റെ ദാസൻമാർ വ്യാജമതത്തിനെതിരെ, വിശേഷിച്ച്, ക്രൈസ്തവലോകത്തിലെ വൈദികർക്കെതിരായുള്ള ദൈവികന്യായവിധി അറിയിക്കാനുള്ള കടപ്പാടിൻകീഴിലാണ്. വൈദികർ ദൈവദൃഷ്ടിയിൽ കൂടുതൽ നിന്ദ്യരാണ്, എന്തുകൊണ്ടെന്നാൽ അവർ ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നു. ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വാധീനത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടാനും അതിജീവനത്തിനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കാനും കഴിയത്തക്കവണ്ണം അവരെ തുറന്നുകാട്ടേണ്ടതാണ്. യേശു പറഞ്ഞുപോലെ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും.”—യോഹന്നാൻ 8:32.
14. വ്യാജമതത്തെ സംബന്ധിച്ച് ഏതു വ്യക്തമായ സന്ദേശം ഘോഷിക്കപ്പെടണം?
14 അങ്ങനെ യഹോവയുടെ സാക്ഷികൾ വ്യാജമതത്തേ സംബന്ധിച്ച അവന്റെ നിശ്വസ്തസന്ദേശം പ്രസിദ്ധമാക്കേണ്ടതാണ്: “എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ അവളോടുകൂടെ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവളെ വിട്ടുപോരുക. എന്തെന്നാൽ അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നിച്ചിരിക്കുന്നു, ദൈവം അവളുടെ അനീതിപ്രവൃത്തികൾ ഓർത്തിട്ടുമുണ്ട്. . . . ഒരു ദിവസംകൊണ്ട് അവളുടെ ബാധകൾ വരും, മരണവും വിലാപവും ക്ഷാമവുംതന്നെ, അവൾ പൂർണ്ണമായി തീകൊണ്ടു ദഹിപ്പിക്കപ്പെടും, എന്തുകൊണ്ടെന്നാൽ അവളെ ന്യായം വിധിച്ച യഹോവയാം ദൈവം ശക്തനാകുന്നു.”—വെളിപ്പാട് 18:4-8.
15. യഹോവയുടെ സമയപ്പട്ടികയിൽ 1914 എന്ന വർഷം ഒരു പങ്കു വഹിച്ചതെങ്ങനെ, ഒന്നാം ലോകമഹായുദ്ധത്തിനുശേഷം എന്തു ഫലമുണ്ടായി?
15 ഈ വ്യവസ്ഥിതിയുടെ “അന്ത്യനാളുകൾ” 1914 എന്ന നിർണ്ണായകവർഷത്തിൽ തുടങ്ങിയെന്ന് ബൈബിൾപ്രവചനങ്ങൾ പ്രകടമാക്കുന്നു. (2 തിമൊഥെയോസ് 3:1-5, 13; മത്തായി 24:3-13) ആ വർഷം മുതൽ നാം “അന്ത്യകാല”ത്താണ്. (ദാനിയേൽ 12:4) യഹോവയുടെ സമയപ്പട്ടികക്കു ചേർച്ചയായി, ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞയുടനെ അവന്റെ ദാസൻമാർ മത്തായി 24:14-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, തങ്ങളുടെ ദൈവരാജ്യപ്രസിദ്ധമാക്കൽ തീവ്രമായി വികസിപ്പിക്കാൻ തുടങ്ങി. അവർ വ്യാജമതത്തെ, വിശേഷിച്ച്, വിശ്വാസത്യാഗിനിയായ ക്രൈസ്തവലോകത്തിലെ അധർമ്മികളായ വൈദികവർഗ്ഗത്തെ കൂടുതൽ ശക്തമായി തുറന്നുകാട്ടാനും തുടങ്ങി.
16. എഴുപതു വർഷത്തിലധികമായി അധർമ്മമമനുഷ്യന്റെ തുറന്നുകാട്ടലിന് ആക്കം കൂടിയിരിക്കുന്നതെങ്ങനെ?
16 ഇപ്പോൾ 70ൽപരം വർഷമായി, ദൈവദാസൻമാർ പൂർവാധികം ശക്തിയോടെതന്നെ അധർമ്മമമനുഷ്യന്റെ വഞ്ചനാത്മകമായ പ്രവർത്തനത്തെക്കുറിച്ച് ആളുകളെ ജാഗരൂകരാക്കിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഇതു ചെയ്യുന്ന സാക്ഷികളുടെ ഏതാനും ചില ആയിരങ്ങളേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അവർ ഭൂമിയിലെല്ലാമുള്ള 60,000ത്തിൽപരം സഭകളിൽ സംഘടിതരായിരിക്കുന്ന മുപ്പത്തഞ്ചുലക്ഷത്തിൽപരം സജീവശുശ്രൂഷകരുടെ “ഒരു ശക്തമായ ജനത”യായിത്തീർന്നിരിക്കുന്നു. (യെശയ്യാവ് 60:22) ദൈവത്തിന്റെ ദാസൻമാർ വികസിതമായിക്കൊണ്ടിരിക്കുന്ന ഒരു തോതിൽ മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെ സതീക്ഷ്ണം ഘോഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, വൈദികവർഗ്ഗത്തെ അവരുടെ നിജസ്ഥിതിയിൽ ഒരു വഞ്ചകനായ അധർമ്മമനുഷ്യനായി തുറന്നുകാട്ടുകയും ചെയ്യുന്നു.
എന്തുകൊണ്ട് ഇത്ര ശക്തം?
17. യഹോവയുടെ ദാസൻമാർ അധർമ്മമനുഷ്യനെ ശക്തമായി തുറന്നുകാട്ടിയിരിക്കുന്നതെന്തുകൊണ്ട്?
17 യഹോവയുടെ ദാസൻമാർ ഈ വർഷങ്ങളിലെല്ലാം അധർമ്മമനുഷ്യനെ ശക്തമായി തുറന്നുകാട്ടിയിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഇപ്പോൾത്തന്നെ രക്ഷയുടെ മാർഗ്ഗത്തിലായിരിക്കുന്ന യഹോവയുടെ ആടുകളുടെ മഹാപുരുഷാരത്തിലെ ദശലക്ഷങ്ങൾ സാത്താന്റെ ലോകത്തിൽനിന്നും അതിന്റെ വ്യാജമതത്തിൽനിന്നും സംരക്ഷിക്കപ്പെടണം. (യോഹന്നാൻ 10:16; വെളിപ്പാട് 7:9-14) തന്നെയുമല്ല, വൈദികർ തുറന്നുകാട്ടപ്പെടാത്തപക്ഷം ഇപ്പോഴും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഭാഗമായിട്ടില്ലാത്ത പരമാർത്ഥഹൃദയികളായ ആളുകൾ ഒരു തെററായ ഗതി ഒഴിവാക്കേണ്ടതെങ്ങനെയെന്ന് അറിയുകയില്ല. അതുകൊണ്ട് അവരെ അറിയിക്കണം, യേശു തന്റെ നാളിലെ കപടഭക്തരായ മതനേതാക്കൻമാരെക്കുറിച്ച് പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ജനത്തെ അറിയിച്ചതുപോലെതന്നെ: “അവർ കുരുടൻമാരായ വഴികാട്ടികളാണ്. അപ്പോൾ, ഒരു കുരുടനായ മനുഷ്യൻ ഒരു കുരുടനായ മനുഷ്യനെ നയിക്കുന്നുവെങ്കിൽ ഇരുവരും ഒരു കുഴിയിൽ വീഴും.”—മത്തായി 15:14; 2 കൊരിന്ത്യർ 4:4; 11:13-15 കൂടെ കാണുക.
18. സത്യാന്വേഷികൾ എന്തറിയേണ്ടതുണ്ട്?
18 വൈദികർ സാത്താന്റെ ലോകത്തിന്റെ ഭാഗമാണ്. (യോഹന്നാൻ 8:44) എന്നാൽ അത് ദൈവം പെട്ടെന്നുതന്നെ തകർത്തുകളയാനിരിക്കുന്ന ഒരു ലോകമാണ്. (2 പത്രോസ് 3:11-13; 1 യോഹന്നാൻ 2:15-17) അതുകൊണ്ട് ദൈവവചനം ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “ആകയാൽ ലോകത്തിന്റെ ഒരു സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്ന ഏവനും തന്നേത്തന്നെ ദൈവത്തിന്റെ ഒരു ശത്രു ആക്കിത്തീർക്കുന്നു.” (യാക്കോബ് 4:4) വൈദികർ ആ മുന്നറിയിപ്പ് അവഗണിക്കുകയും രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നതിൽ തുടരുകയും ചെയ്യുന്നു. രാജ്യതന്ത്രജ്ഞൻമാരുടെ പ്രവർത്തനങ്ങളാൽ ഒരു മെച്ചപ്പെട്ട ലോകം ഉണ്ടാകുമെന്ന് അവർ തങ്ങളുടെ അനുഗാമികളോടു പറയുന്നു. എന്നാൽ സാത്താന്റെ കീഴിലെ ഈ ലോകം നീങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നതുകൊണ്ട് ഇത് വ്യാജമായ ഒരു പ്രത്യാശയാണ്. അതുകൊണ്ട് പ്രത്യാശക്കായി ഈ ലോകത്തിലേക്കു നോക്കുന്ന ആളുകൾ വഞ്ചിക്കപ്പെടുകയാണ്. ഈ ലോകം എങ്ങോട്ടാണ് ഗതിചെയ്യുന്നതെന്നും അതിന്റെ സ്ഥാനത്ത് എന്തു നിലവിൽവരുമെന്നുമുള്ള സത്യം അവരോടു പറയപ്പെടണം.—സദൃശവാക്യങ്ങൾ 14:12; 19:21; മത്തായി 6:9, 10; വെളിപ്പാട് 21:4, 5.
19. അടുത്ത കാലങ്ങളിൽ ചില വൈദികരുടെ ലൗകികത മാദ്ധ്യമങ്ങളിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെങ്ങനെ?
19 അടുത്ത കാലങ്ങളിൽ ചില വൈദികരുടെ ലൗകികത മാദ്ധ്യമങ്ങളിൽപോലും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഉദാഹരണമാണ് ചില ററിവി വൈദികരുടെ കാമാസക്തവും ആഡംബരപൂർവകവുമായ ജീവിതശൈലികൾ. ഒരു ആധുനിക ഗാനരചയിതാവ് “യേശു തന്റെ ടെലിവിഷൻ പ്രദർശനത്തിൽ [1,50,000 രൂപയുടെ] ഒരു റോളക്സ് [വാച്ച്] ധരിക്കുമോ?” എന്ന ശീർഷകത്തിൽ ഒരു ഗാനം രചിച്ചു. ഗാനം ഇങ്ങനെ തുടർന്നു പറയുന്നു: “യേശു ഭൂമിയിലേക്കു തിരികെ വന്നാൽ അവൻ രാഷ്ട്രീയക്കാരനായിരിക്കുമോ? അവന്റെ രണ്ടാമത്തെ ഭവനം [ആർഭാടമായ] പാം സ്പ്രിംഗ്സിൽ ആയിരിക്കുമോ, തന്റെ മൂല്യത്തെ ഒളിക്കാൻ ശ്രമിക്കുമോ?” മാത്രവുമല്ല, കൂടുതൽ കൂടുതൽ വൈദികർ സ്വവർഗ്ഗസംഭോഗത്തിനുനേരെ കണ്ണടക്കുകയോ അതു നടത്തുകയോ ചെയ്യുന്നു. ഐക്യനാടുകളിലെ കത്തോലിക്കാസഭ കുട്ടികളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയതിൽ കുററക്കാരായ പുരോഹിതൻമാർനിമിത്തം ദശലക്ഷക്കണക്കിനു ഡോളറുകൾ നഷ്ടപരിഹാരം കൊടുത്തുകൊണ്ടിരിക്കുകയാണ്.—റോമർ 1:24-27; 1 കൊരിന്ത്യർ 6:9, 10.
20. ദൈവത്തിന്റെ ദാസൻമാർ അധർമ്മമനുഷ്യനെ തുറന്നുകാട്ടിക്കൊണ്ടിരിക്കേണ്ടതെന്തുകൊണ്ട്?
20 ദൈവദാസൻമാർക്ക് അങ്ങനെയുള്ള ദുഷ്പ്രവൃത്തി അവഗണിക്കാൻ കഴികയില്ല, പിന്നെയോ മററുള്ളവരുടെ പ്രയോജനത്തിനുവേണ്ടി തുറന്നുകാട്ടപ്പെടണം. ദൈവനിയമങ്ങൾ ലംഘിക്കുന്നതിലേക്ക് വേറെ ആടുകളുടെ മഹാപുരുഷാരത്തെ നയിക്കാൻ ശ്രമിക്കുന്നവരിൽനിന്ന് അവരെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. “ചെയ്യപ്പെടുന്ന സകല മ്ലേച്ഛകാര്യങ്ങളും നിമിത്തം നെടുവീർപ്പിട്ടുകരയുന്നവരെ” അന്വേഷിച്ചുകണ്ടുപിടിക്കുകയും വലിയ ഇടയനായ യഹോവയാം ദൈവത്തിന്റെയും “നല്ല ഇടയനായ” യേശുക്രിസ്തുവിന്റെയും സംരക്ഷണാത്മകമായ മാർഗ്ഗദർശനത്തിലേക്കു കൂട്ടിച്ചേർക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്.—യെഹെസ്ക്കേൽ 9:4; യോഹന്നാൻ 10:11; സദൃശവാക്യങ്ങൾ 18:10.
21. യഹോവയുടെ സാക്ഷികൾ എന്തു പ്രഖ്യാപിക്കുന്നതിൽ തുടരും?
21 അതുകൊണ്ട്, ദൈവത്തിന്റെ ജനം അധർമ്മമനുഷ്യനായ ക്രൈസ്തവലോകത്തിലെ വൈദികർ ഉൾപ്പെടെയുള്ള സാത്താന്റെ മുഴു ലോകത്തിനുമെതിരെ ദൈവത്തിന്റെ പ്രതികാരം പ്രഖ്യാപിക്കാൻ മടിക്കുകയില്ല. അവർ വെളിപ്പാട് 14:7-ലെ ദൂതസന്ദേശത്തെ ഊർജ്ജസ്വലതയോടെ വിളംബരംചെയ്യും: “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുക, എന്തുകൊണ്ടെന്നാൽ അവനാലുള്ള ന്യായവിധിയുടെ നാഴികവന്നിരിക്കുന്നു.” അവർ ഈ വിളംബരത്തിൽ വ്യാജമതത്തെ സംബന്ധിച്ച ഈ അടിയന്തിര മുന്നറിയിപ്പും ഉൾപ്പെടുത്തും: “എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ അവളോടുകൂടെ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ . . . അവളുടെ ബാധകളുടെ ഓഹരി ലഭിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവളെ വിട്ടുപോരുക.” (w90 2⁄1)
പുനരവലോകനചോദ്യങ്ങൾ:
◻ അധർമ്മമമനുഷ്യന്റെ വിധി എന്തായിരിക്കും, എന്തുകൊണ്ട്?
◻ യഹോവയുടെ ദാസൻമാർക്ക് മററുള്ളവരെ സംബന്ധിച്ച് എന്ത് കടപ്പാടുണ്ട്?
◻ യഹോവയുടെ ജനം സകല മനുഷ്യരുടെയും രക്തത്തിൽനിന്ന് ശുദ്ധിയുള്ളവരായി നിന്നിട്ടുള്ളതെങ്ങനെ?
◻ മഹാബാബിലോനെ സംബന്ധിച്ചു നാം എന്തു ചെയ്യണം?
◻ നാം അധർമ്മമനുഷ്യനെ സംബന്ധിച്ച നമ്മുടെ ശക്തമായ സന്ദേശം തുടരുന്നതെന്തുകൊണ്ട്?
[25-ാം പേജിലെ ചിത്രം]
“ഞങ്ങൾ മനുഷ്യരെക്കാളധികം ദൈവത്തെ ഭരണാധിപതിയായി അനുസരിക്കേണ്ടതാകുന്നു”വെന്ന് അപ്പോസ്തലൻമാർ ഒരു ഹൈക്കോടതിയോടു പറഞ്ഞു
[26-ാം പേജിലെ ചിത്രം]
ലോകവും അതിലെ മതങ്ങളും എങ്ങോട്ടു ഗതിചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ആത്മാർത്ഥതയുള്ള ആളുകൾ അറിയേണ്ടതുണ്ട്