മത ചർച്ചകൊണ്ടുള്ള മെച്ചമെന്ത്?
ശിശുക്കൾ ആദ്യമായി ഉച്ചരിക്കുന്ന വാക്കുകൾക്കായി മാതാപിതാക്കൾ കാതോർത്തിരിക്കും. വിട്ടുവിട്ട് പെറുക്കിപ്പെറുക്കി അക്ഷരങ്ങൾ ഉച്ചരിക്കുന്നതിനിടയിൽ “മാമാ” എന്നോ “ഡാഡാ” എന്നോ ആവർത്തിച്ചു കേൾക്കുമ്പോൾ അവരുടെ മനസ്സിലാകെയൊരു കുളിർമഴ. പിന്നെ ഒട്ടും താമസമില്ല, സുഹൃത്തുക്കളോടും അയൽക്കാരോടുമൊക്കെയുള്ള വിശേഷംപറച്ചിൽ അതാകും. കുട്ടിയുടെ കന്നിവർത്തമാനം ആരെയും ഹർഷപുളകിതരാക്കും, സത്യമായും അതൊരു സദ്വാർത്തതന്നെ.
ശബ്ദങ്ങൾ, കാഴ്ചകൾ, മണം എന്നിവ ശിശുവിന്റെ ഇന്ദ്രിയങ്ങൾക്കു വിഷയമാകുമ്പോൾ അതു പ്രതികരണത്തിനിടയാക്കുന്നു. പ്രതികരണങ്ങൾ വ്യത്യസ്തമായിരിക്കാമെന്നതു ശരിതന്നെ. എന്നാൽ ഒരു കാലഘട്ടം കഴിഞ്ഞിട്ടും ഉദ്ദീപനങ്ങളോടു പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ കുട്ടിയുടെ വളർച്ചയിൽ എന്തോ തകരാറുണ്ടെന്നാവും മാതാപിതാക്കൾ വിചാരിക്കുക. സ്വാഭാവികമായും അതവരെ വിഷമിപ്പിക്കും.
പരിചയക്കാരോടു കുട്ടികൾ നന്നായി പ്രതികരിക്കും. അമ്മ കുട്ടിയെ വാരിപ്പുണർന്നു താലോലിക്കുമ്പോൾ കുട്ടിയുടെ മുഖത്തു പുഞ്ചിരി വിടരും. അതു സ്വാഭാവികമാണ്. എന്നാൽ വീട്ടിലെത്തുന്ന ഒരു ബന്ധു ഒന്നു തൊട്ടാൽമതി കുട്ടി കരയാൻ, എടുക്കാൻ ശ്രമിച്ചാലറിയാം അവന്റെ ശാഠ്യം. അവരുടെ അടുത്തു പോകുന്ന പ്രശ്നമില്ല. ഇതാണ് അനുഭവമെങ്കിലും മിക്ക ബന്ധുക്കളും പിന്നാക്കം പോകാറില്ല. കുട്ടി അവരെ കൂടുതൽക്കൂടുതൽ അറിയുന്നതോടെ, അപരിചിതത്വമെന്ന തടസ്സം വഴിമാറും. എന്തൊരാനന്ദം, കുട്ടി മെല്ലെ മെല്ലെ പുഞ്ചിരിതൂകാൻ തുടങ്ങുന്നു.
അതുപോലെ, നല്ല പരിചയമില്ലാത്ത ഒരാളുമായി മതവിശ്വാസങ്ങളെക്കുറിച്ചു തുറന്നു ചർച്ചചെയ്യാൻ മുതിർന്നവരായ പലർക്കും മടിയാണ്. വ്യക്തിപരമായ ഒരു സംഗതിയായ മതത്തെക്കുറിച്ച് ഒരപരിചിതൻ തങ്ങളോടു സംസാരിക്കാൻ ആഗ്രഹിക്കുന്നതെന്തുകൊണ്ടെന്ന് അവർക്കൊരുപക്ഷേ മനസ്സിലാകില്ലായിരിക്കാം. അനന്തരഫലം ഇതാണ്, അവർക്കും സ്രഷ്ടാവിനെക്കുറിച്ചു സംസാരിക്കുന്നവർക്കും ഇടയിൽ ഒരു വേലിക്കെട്ട്. എന്തൊക്കെയായാലും മനുഷ്യവർഗത്തിന്റെ നൈസർഗിക സ്വഭാവവിശേഷമാണല്ലോ ആരാധിക്കാനുള്ള ആഗ്രഹം. അതേക്കുറിച്ചൊന്നു സംസാരിക്കാൻപോലും അവർ വിസമ്മതിക്കുന്നു.
വാസ്തവത്തിൽ, നമ്മുടെ സ്രഷ്ടാവിനെക്കുറിച്ചു പഠിക്കാൻ നാം താത്പര്യം കാണിക്കേണ്ടതാണ്. പഠിക്കാനുള്ള അവസരം ലഭിക്കുക ചിലപ്പോൾ മററുള്ളവരോടു സംസാരിക്കുമ്പോഴായിരിക്കും. അതിനു കാരണമുണ്ട്. ദീർഘനാളായിട്ട് ദൈവം തുറന്ന ആശയവിനിയമം നടത്തിക്കൊണ്ടിരിക്കുകയാണ്. നമുക്കത് എങ്ങനെയെന്നു നോക്കാം.
‘കേട്ടു പഠിക്കുക’
മനുഷ്യനുമായുള്ള ദൈവത്തിന്റെ ആദ്യത്തെ ആശയവിനിയമം ഏദെനിൽവെച്ച് ആദാമുമായിട്ടായിരുന്നു. എങ്കിലും, ആദാമും ഹവ്വായും പാപംചെയ്തശേഷം ദൈവം അവരെ വിളിച്ച് ആശയവിനിമയത്തിനു മുതിർന്നപ്പോൾ അവർക്കു താത്പര്യം ഒളിച്ചുനിൽക്കാനായിരുന്നു. (ഉല്പത്തി 3:8-13) എന്നാൽ ദൈവത്തിൽനിന്നുള്ള ആശയവിനിമയത്തെ സ്വാഗതം ചെയ്ത സ്ത്രീപുരുഷൻമാരെക്കുറിച്ച് ബൈബിൾ വിശദമായി രേഖപ്പെടുത്തുന്നുണ്ട്.
നോഹയുടെ നാളിലെ ദുഷ്ടലോകത്തിന്റെ ആസന്നമായിരുന്ന നാശത്തെക്കുറിച്ചു ദൈവം അവനുമായി ആശയവിനിയമം നടത്തി. അങ്ങനെ നോഹ ഒരു “നീതിപ്രസംഗക”നായിത്തീർന്നു. (2 പത്രൊസ് 2:5) തന്റെ തലമുറയ്ക്കുള്ള ദൈവത്തിന്റെ വക്താവ് എന്നനിലയിൽ, മനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടലുകളിൽ നോഹ വിശ്വാസം പ്രകടമാക്കിയെന്നു മാത്രമല്ല, താൻ യഹോവയുടെ ഭാഗത്താണെന്നു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. നോഹയ്ക്ക് എന്തു പ്രതികരണമാണു ലഭിച്ചത്? ദുഃഖകരമെന്നു പറയട്ടെ, “ജലപ്രളയം വന്ന് അവരെ നീക്കിക്കളയുവോളം” അവന്റെ മിക്ക സമകാലികരും “ശ്രദ്ധിച്ചില്ല.” (മത്തായി 24:37-39, NW) എന്നാൽ നമുക്കു സന്തോഷിക്കാൻ വകയുണ്ട്. നോഹയുടെ കുടുംബത്തിലെ ഏഴ് അംഗങ്ങൾ ശ്രദ്ധിച്ചു. ദൈവത്തിന്റെ നിർദേശങ്ങൾ ചെവിക്കൊണ്ട അവർ ആഗോളപ്രളയത്തെ അതിജീവിച്ചു. ഇന്നു ജീവിക്കുന്ന സകല മനുഷ്യരും അവരുടെ പിൻഗാമികളാണ്.
പിന്നീട്, ദൈവം ഒരു മുഴു ജനതയോട്, അതായത് പുരാതന ഇസ്രായേലിനോട്, ആശയവിനിയമം നടത്തുകയുണ്ടായി. മോശയിലൂടെ ദൈവം അവർക്കു പത്തു കൽപ്പനകളും സമാനമായ ബാധ്യതയോടെയുള്ള മററ് 600 നിയമങ്ങളും കൊടുത്തു. അതെല്ലാം അനുസരിക്കണമെന്ന് ഇസ്രായേല്യരോടു യഹോവ ആവശ്യപ്പെട്ടിരുന്നു. ഏഴേഴു വർഷം കൂടുമ്പോൾ, കൂടാരപ്പെരുന്നാൾ എന്ന വാർഷികാഘോഷസമയത്ത് ദൈവത്തിന്റെ നിയമം ഉറക്കെ വായിക്കേണ്ടതാണെന്നു മോശ നിർദേശിച്ചിരുന്നു. അവൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും നിന്റെ പട്ടണത്തിലുള്ള പരദേശികളെയും കൂട്ടിവരുത്തുക.” എന്ത് ഉദ്ദേശ്യത്തിൽ? “കേട്ടു പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതി”ന്. സകലരും കേട്ടു പഠിക്കണമായിരുന്നു. കേട്ടതെല്ലാം ചർച്ചചെയ്യുന്നത് അവർ എത്രമാത്രം ആസ്വദിച്ചിരിക്കാമെന്നു വിഭാവന ചെയ്യുക!—ആവർത്തനപുസ്തകം 31:10-12, NW.
അഞ്ചു നൂററാണ്ടിലധികം പിന്നിട്ടപ്പോൾ യഹൂദ്യ രാജാവായ യെഹോശാഫാത്ത് യഹോവയുടെ നിർമലാരാധന പുനരുജ്ജീവിപ്പിക്കാനുള്ള ഒരു യജ്ഞത്തിന്റെ ഭാഗമായി പ്രഭുക്കൻമാരെയും ലേവ്യരെയും സംഘടിപ്പിച്ചു. യഹോവയുടെ നിയമങ്ങൾ തദ്ദേശീയരെ പഠിപ്പിച്ചുകൊണ്ട് ഈ മനുഷ്യർ യഹൂദ്യ നഗരങ്ങളിലുടനീളം സഞ്ചരിച്ചു. ഇവ പരസ്യമായി ചർച്ചചെയ്യിക്കുകവഴി സത്യാരാധനയ്ക്കുവേണ്ടിയുള്ള തന്റെ ധീരത രാജാവ് പ്രകടമാക്കി. അദ്ദേഹത്തിന്റെ പ്രജകളുടെ കാര്യമാണെങ്കിലോ, അവർ കേട്ടുപഠിക്കണമായിരുന്നു.—2 ദിനവൃത്താന്തം 17:1-6, 9.
ചർച്ചയിലൂടെ സാക്ഷ്യം വഹിക്കൽ
തന്റെ വക്താവായി സേവിക്കാൻ ദൈവം സ്വന്തം പുത്രനെ, യേശുവിനെ, ഭൂമിയിലേക്ക് അയച്ചു. (യോഹന്നാൻ 1:14) മൂന്നു ശിഷ്യൻമാർ നോക്കിനിൽക്കെ, യേശു അവരുടെ മുമ്പിൽവെച്ചു രൂപാന്തരീകരണം പ്രാപിച്ച നേരത്ത് അവർ ദൈവത്തിന്റെതന്നെ ശബ്ദം ഇങ്ങനെ പ്രഖ്യാപിക്കുന്നതു കേട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ.” (മത്തായി 17:5) അവർ ഉടനടി അനുസരിച്ചു.
അതുപോലെ, യേശു തന്റെ ശിഷ്യൻമാരെക്കൊണ്ട് ദൈവോദ്ദേശ്യം മററുള്ളവരെ അറിയിച്ചു. എന്നാൽ ഭൂമിയിലെ ശുശ്രൂഷ നിർവഹിക്കാൻ പിന്നെയും ആറു മാസം ശേഷിച്ചിരിക്കെ, സ്വർഗരാജ്യത്തെക്കുറിച്ചുള്ള പ്രസംഗവേല വളരെ ബൃഹത്താണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ശിഷ്യൻമാർ ആവശ്യമാണെന്നും യേശു അറിയിച്ചു. ദൈവരാജ്യത്തെക്കുറിച്ച് അപരിചിതരോട് എങ്ങനെ ചർച്ചചെയ്യണമെന്ന് അവൻ 70 പേരെ പഠിപ്പിച്ചു, അതിനുശേഷമാണ് അവൻ അവരെ ആ സന്ദേശം പ്രചരിപ്പിക്കാൻ അയച്ചത്. (ലൂക്കൊസ് 10:1, 2, 9) തന്റെ സ്വർഗസ്ഥനായ പിതാവിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നതിനു തൊട്ടുമുമ്പായി യേശു തന്റെ അനുഗാമികളെ ഈ സന്ദേശത്തെക്കുറിച്ചു മററുള്ളവരോടു സംസാരിക്കാൻ മുൻകൈ എടുക്കണമെന്ന് ഉദ്ബോധിപ്പിച്ചു. അവൻ അവരോട് കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) ലോകവ്യാപകമായി, ദൈവരാജ്യ സുവാർത്ത അയൽക്കാരുമായി ചർച്ചചെയ്തുകൊണ്ട് സത്യക്രിസ്ത്യാനികൾ ഇന്ന് ആ നിയോഗം നിവർത്തിക്കുകയാണ്. സ്രഷ്ടാവായ യഹോവയെക്കുറിച്ചുള്ള സത്യത്തിനു സാക്ഷ്യം വഹിക്കാൻ ഈ ചർച്ചകൾ അവരെ പ്രാപ്തരാക്കുന്നു.—മത്തായി 24:14.
ശാന്തവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ചർച്ചകൾ
ഏതു വിധത്തിലായിരുന്നു യേശുവിന്റെ ശിഷ്യൻമാർ മററുള്ളവരുമായി തങ്ങളുടെ വിശ്വാസങ്ങൾ ചർച്ചചെയ്യേണ്ടിയിരുന്നത്? എതിരാളികളെ പ്രകോപിപ്പിക്കാനോ അവരോടു തർക്കിക്കാനോ പാടില്ലായിരുന്നു. മറിച്ച്, സുവാർത്തയെ സ്വാഗതം ചെയ്യുന്നവരെ അന്വേഷിച്ച് അതിനെ പിന്തുണക്കുന്ന തിരുവെഴുത്തു തെളിവുകൾ നൽകണമായിരുന്നു. തന്റെ പുത്രന്റെ ശിഷ്യൻമാരുമായി സമ്പർക്കം പുലർത്തിയവരുടെ പ്രതികരണങ്ങൾ ദൈവം തീർച്ചയായും നിരീക്ഷിച്ചു. കാരണം യേശു ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു: “നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.” (മത്തായി 10:40) യേശുവിന്റെ മിക്ക സമകാലികരും അവന്റെ സന്ദേശത്തെ ചെവിക്കൊണ്ടില്ല. എന്തൊരു കടുത്ത നിരാകരണം!
ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ഉപദേശിച്ചു: ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്. വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നൽകുമോ എന്നു വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതാകുന്നു.’ (2 തിമൊഥെയൊസ് 2:24, 25) ഇതിനുള്ള ഒരു മികച്ച ഉദാഹരണമാണു ഗ്രീസിലെ അഥേനയിൽ പൗലോസ് ആളുകളോടു സുവാർത്ത പ്രഖ്യാപിച്ച വിധം. അവൻ സിനഗോഗിൽവെച്ച് യഹൂദൻമാരുമായി ന്യായവാദം നടത്തി. അവൻ ദിവസേന ചന്തസ്ഥലത്ത് “കണ്ടവരോടും” സംസാരിച്ചു. നിസ്സംശയമായും ചിലരുടെ താത്പര്യം കേവലം പുതുമയുള്ള കാര്യങ്ങൾ കേൾക്കാനായിരുന്നു. എങ്കിലും ദയാപുരസ്സരമായ വിധത്തിൽ പൗലോസ് അവരോടു നേരിട്ടു സംസാരിച്ചു. ശ്രോതാക്കളോട് അനുതപിക്കാൻ ആവശ്യപ്പെടുന്ന ദൈവസന്ദേശം അവൻ അവരുമായി ചർച്ചചെയ്തു. ഏതാണ്ട് ഇന്നത്തെ ആളുകളുടേതുപോലെയായിരുന്നു അവരുടെയും പ്രതികരണം. “ചിലർ പരിഹസിച്ചു; മററു ചിലർ ഞങ്ങൾ ഇതിനെപ്പററി പിന്നെയും [‘മറെറാരു സമയത്ത്,’ NW] നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.” ചർച്ച നീട്ടിക്കൊണ്ടു പോകണമെന്നു പൗലോസ് ശഠിച്ചില്ല. തന്റെ സന്ദേശത്തെക്കുറിച്ചുള്ള പ്രസംഗത്തിനുശേഷം അവൻ “അവരുടെ നടുവിൽനിന്നു പോയി.”—പ്രവൃത്തികൾ 17:16-34.
പിന്നീട്, ‘പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും അവരോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു’വെന്നു പൗലോസ് എഫേസൂസിലെ ക്രിസ്തീയ സഭാംഗങ്ങളോടു പറഞ്ഞു. മാത്രമല്ല, അവൻ ‘ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദൻമാർക്കും യവനൻമാർക്കും സാക്ഷീകരി’ക്കുകയും [“കൂലങ്കഷമായി ചർച്ചചെയ്യുകയും,” NW] ചെയ്തു.—പ്രവൃത്തികൾ 20:20, 21.
ബൈബിൾ കാലങ്ങളിലെ ദൈവത്തിന്റെ വിശ്വസ്ത ദാസൻമാർ മതത്തെക്കുറിച്ച് എങ്ങനെ ചർച്ചചെയ്തിരുന്നുവെന്നു വെളിപ്പെടുത്തുന്നവയാണ് ഈ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ. അതുകൊണ്ട്, ഇന്ന് അനുസരണയോടെ യഹോവയുടെ സാക്ഷികൾ മററുള്ളവരുമായി മതത്തെക്കുറിച്ചു ചർച്ചചെയ്യുന്നു.
വൻനേട്ടങ്ങളുണ്ടാക്കുന്ന ചർച്ചകൾ
‘ദൈവവചനം ശ്രദ്ധിക്കുവിൻ.’ ‘അവന്റെ കൽപ്പനകൾക്കു ചെവികൊടുപ്പിൻ.’ ബൈബിളിൽ ഈ ഉദ്ബോധിപ്പിക്കലുകൾ എത്ര സ്ഥലങ്ങളിലാണു കാണുന്നത്! യഹോവയുടെ സാക്ഷികൾ അടുത്ത പ്രാവശ്യം നിങ്ങളോടു സംസാരിക്കുമ്പോൾ അത്തരം ബൈബിൾ നിർദേശങ്ങളോടു നിങ്ങൾക്കു പ്രതികരിക്കാനാവും. ബൈബിളിൽനിന്ന് അവർ കൊണ്ടുവരുന്ന സന്ദേശം ശ്രദ്ധിക്കുക. ഈ സന്ദേശം രാഷ്ട്രീയപരമല്ല, എന്നാൽ ദൈവത്താലുള്ള ഒരു സ്വർഗീയ ഗവൺമെൻറിനെ, അവന്റെ രാജ്യത്തെ, അറിയിക്കുന്ന ഒന്നാണ്. ഈ കാലഘട്ടത്തിലെ സംഘട്ടനങ്ങൾക്കുള്ള കാരണങ്ങളെ നീക്കിക്കളയുന്നതിനുള്ള ദൈവത്തിന്റെ ഉപാധിയാണിത്. (ദാനീയേൽ 2:44) അതിനുശേഷം, സ്വർഗത്തിൽനിന്നുള്ള ഈ ദൈവഭരണം മുഴുഭൂമിയെയും ഏദെൻ തോട്ടംപോലെയുള്ള ഒരു പറുദീസയാക്കി രൂപാന്തരപ്പെടുത്താനുള്ള നടപടികളെടുക്കും.
യഹോവയുടെ സാക്ഷികൾ ബൈബിളിനെക്കുറിച്ചു സംസാരിച്ചപ്പോഴൊക്കെ മിക്കപ്പോഴും ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്ന ഒരു മുൻ പൊലീസ് ഡിററക്ററീവ് ഉണ്ടായിരുന്നു. എന്നാൽ കുററകൃത്യങ്ങളുടെ വർധനവു കാണേണ്ടിവന്നപ്പോൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ആകെയൊരു മനംമടുപ്പ്. അങ്ങനെയിരിക്കെ സാക്ഷികൾ പിന്നെയും സന്ദർശിച്ചു. ഇനി താൻ ബൈബിൾ സന്ദേശത്തിന്റെ തെളിവുകൾ പരിശോധിക്കാൻ ഒരുക്കമാണെന്ന് അയാൾ അറിയിച്ചു. അങ്ങനെ ഒരു ക്രമമായ അടിസ്ഥാനത്തിൽ ചർച്ചകൾ തുടങ്ങി. ഈ പൊലീസ് ഉദ്യോഗസ്ഥനു പലപ്രാവശ്യം സ്ഥലംമാററം കിട്ടിപ്പോകേണ്ടിവന്നു. പക്ഷേ സാക്ഷികൾ സന്തോഷപൂർവം ഓരോ പുതിയ സ്ഥലത്തും ചെന്ന് ചർച്ച തുടർന്നുകൊണ്ടിരുന്നു. അവസാനം ആ ഓഫീസർ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഞാൻ പരിശോധിച്ചുകൊണ്ടിരുന്ന തെളിവുകൾ ബൈബിളിൽത്തന്നെ എല്ലായ്പോഴും ഉണ്ടായിരുന്നു. എന്നോടു സംസാരിക്കുന്നതിൽ ആ സാക്ഷികൾ സ്ഥിരോത്സാഹം കാണിച്ചില്ലായിരുന്നെങ്കിൽ, ജീവിതത്തിന്റെ അർഥമെന്ത് എന്ന സംശയവുമായി ഞാൻ ഇപ്പോഴും ലോകത്തിൽത്തന്നെ ആയിരുന്നേനേ. സത്യം പഠിക്കാനിടയായി എന്നതാണു വാസ്തവം. ഇനി ഞാൻ എന്റെ സമയം എന്നെപ്പോലെ ദൈവത്തെ അന്വേഷിക്കുന്നവർക്കുവേണ്ടി ചെലവഴിക്കാൻ പോകയാണ്.”
താത്പര്യമുള്ള കേൾവിക്കാർക്കു കൂടുതലറിയാനുള്ള ആത്മാർഥ ആഗ്രഹമുണ്ടാവും. വിശ്വാസങ്ങളെക്കുറിച്ചു പറയുമ്പോൾ അവർ ന്യായമായും അവയുടെ കാരണങ്ങളും അറിയാൻ ആഗ്രഹിക്കും. (1 പത്രൊസ് 3:15) മാതാപിതാക്കളെ ചോദ്യങ്ങൾകൊണ്ടു പൊതിഞ്ഞ് അവയ്ക്ക് ഉത്തരങ്ങൾ പ്രതീക്ഷിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ, നിങ്ങളും ന്യായപൂർവം സാക്ഷികളിൽനിന്നു സാരവത്തായ ഉത്തരങ്ങൾ പ്രതീക്ഷിക്കും. സന്തോഷത്തോടെ മടങ്ങിവന്നു നിങ്ങളുമൊത്തു ബൈബിൾ സന്ദേശം കൂടുതലായി ചർച്ചചെയ്യുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം.
ഒരുപക്ഷേ, ബൈബിളിനെക്കുറിച്ചു നിങ്ങൾക്ക് ഇപ്പോൾത്തന്നെ കുറച്ചൊക്കെ അറിയാമായിരിക്കും. നിങ്ങളുടെ ജീവിതശൈലിയിൽ കുറച്ചു മാററംവരുത്തണമെന്നു ദൈവം പ്രതീക്ഷിക്കുന്നുണ്ടെന്നു നിങ്ങൾക്കറിയാമായിരിക്കും. ദൈവത്തിന്റെ നിബന്ധനകൾ നിറവേററാൻ വലിയ ത്യാഗങ്ങൾ സഹിക്കേണ്ടിവരുമെന്നു ഭയന്ന് ആ സംഗതികൾ പിൻപററാൻ മടിക്കരുത്. അവ സന്തോഷമേ കൈവരുത്തുകയുള്ളൂ. നിങ്ങൾ പടിപടിയായി പുരോഗമിക്കുമ്പോൾ നിങ്ങൾക്ക് ഇതിനോടു വിലമതിപ്പുണ്ടാകും.
ആദ്യമായി, യഹോവ ആരെന്നും അവൻ നിങ്ങളിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നും അവൻ എന്തു വാഗ്ദാനം ചെയ്യുന്നുവെന്നും പരിചിന്തിക്കുക. ഇതു സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നുവെന്നു കാണിച്ചുതരുവാൻ സാക്ഷികളോട് ആവശ്യപ്പെടുക. അവർ പറയുന്നതു നിങ്ങളുടെ സ്വന്തം ബൈബിളിൽ പരിശോധിക്കുക. മതത്തെ സംബന്ധിച്ചുള്ള സത്യം അവതരിപ്പിക്കുന്നതിൽ സാക്ഷികൾ ന്യായയുക്തരാണെന്നു മനസ്സിലാക്കുമ്പോൾ തിരുവെഴുത്തുകളിൽനിന്ന് അവർ പങ്കുവെക്കുന്ന മററനേകം മികച്ച കാര്യങ്ങളിലേക്കു ആഴ്ന്നിറങ്ങാൻ നിങ്ങൾ ആഗ്രഹിക്കും, സംശയമില്ല.—സദൃശവാക്യങ്ങൾ 27:17.
പ്രദേശത്തെ സാക്ഷികളുടെ യോഗസ്ഥലമായ രാജ്യഹാളിൽ വന്ന് അവരെ നിരീക്ഷിക്കാൻ നിങ്ങൾക്കു സ്വാഗതമുണ്ട്. അവിടെ ദൈവവചനത്തെക്കുറിച്ചുള്ള പ്രയോജനപ്രദമായ ചർച്ചകൾ കേൾക്കാം. അവിടെ സന്നിഹിതരായിരിക്കുന്നവർ ദൈവോദ്ദേശ്യത്തെക്കുറിച്ചു പരസ്പരം സംസാരിക്കുന്നത് എങ്ങനെയെന്നു നിങ്ങൾക്കു കാണാം. ഇന്നു നമുക്കായുള്ള ദൈവേഷ്ടം സംബന്ധിച്ച സത്യം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കാൻ ഈ സാക്ഷികളെ അനുവദിക്കുക. സത്യാരാധനയെക്കുറിച്ചു ചർച്ചചെയ്യാനും അവന്റെ അംഗീകാരത്തിന്റെ മന്ദസ്മിതവും പറുദീസയിലെ നിത്യജീവനും ലഭിക്കാനുമുള്ള ദൈവത്തിന്റെ ക്ഷണത്തോടു പ്രതികരിക്കുക.—മലാഖി 3:16; യോഹന്നാൻ 17:3.
[5-ാം പേജിലെ ചിത്രം]
നോഹ യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചു തുറന്നു സംസാരിച്ചു
[7-ാം പേജിലെ ചിത്രം]
പുരാതന അഥേനയിൽ പൗലോസ് ചെയ്തതുപോലെ, യഹോവയുടെ സാക്ഷികൾ മററുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നു