രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
പ്രക്ഷുബ്ധമായ സമയത്തു പ്രസംഗിക്കൽ
“അവസാന നാളുകളിൽ ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ ഉണ്ടായിരിക്കു”മെന്ന് അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറയുകയുണ്ടായി. (2 തിമോത്തി 3:1, NW) ആ വാക്കുകൾ എത്ര കൃത്യമാണെന്നു തെളിഞ്ഞിരിക്കുന്നു! മധ്യ അമേരിക്കയിലെ എൽ സാൽവഡോറിലെ ആളുകൾക്ക് ഇതിന്റെ തിക്താനുഭവം ഉണ്ടാവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അനേകായിരങ്ങൾക്കു ദുരിതവും മരണവും കൈവരുത്തിയ ആഭ്യന്തരയുദ്ധത്തിൽ ആ രാജ്യം വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് ഒരു പതിററാണ്ടിലധികമായി. യുദ്ധം തീർന്നു, പക്ഷേ ദുരിതം ഇപ്പോഴും തുടരുകയാണ്. യുദ്ധത്തിനുശേഷം കുററകൃത്യങ്ങളുടെ എണ്ണം കുത്തനെ ഉയർന്നു. പ്രദേശത്തെ ഒരു ടിവി കമന്റേററർ ഈയിടെ ഇങ്ങനെ പ്രസ്താവിച്ചു: “അക്രമവും കവർച്ചയുമാണ് ഇപ്പോൾ ഞങ്ങൾക്ക് അന്നന്നേക്കുള്ള അപ്പം.”
കുററകൃത്യങ്ങളുടെ ഈ തരംഗങ്ങളിൽനിന്നു യഹോവയുടെ സാക്ഷികളും മുക്തരല്ല. കവർച്ചക്കാർ അനേകം രാജ്യഹാളുകൾ കുത്തിത്തുറന്നു ശബ്ദസാമഗ്രികൾ മോഷ്ടിച്ചിട്ടുണ്ട്. ക്രിസ്തീയ യോഗങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ സായുധരായ യുവാക്കളുടെ കൂട്ടം രാജ്യഹാളുകളിലേക്ക് ഇരച്ചുകയറി അവിടെ സന്നിഹിതരായിരിക്കുന്നവരുടെ പണവും വാച്ചും മററു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾക്കുവേണ്ടി പോകവേ, അനേകം സാക്ഷികൾ കൊള്ളക്കാരുടെ കയ്യിൽപ്പെട്ട് കൊല്ലപ്പെട്ടിട്ടുപോലുമുണ്ട്.
ഈ പ്രതിബന്ധങ്ങളൊക്കെയുണ്ടായിട്ടും, എൽ സാൽവഡോറിലെ യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രസംഗിക്കാൻ കഠിനമായി പ്രയത്നിക്കുന്നതിൽ തുടരുകയാണ്. “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു” എന്ന തിരുവെഴുത്തു കൽപ്പന അനുസരിച്ചാണ് അവർ ഇതു ചെയ്യുന്നത്. (മർക്കൊസ് 13:10) ബൈബിൾ വെച്ചുനീട്ടുന്ന രാജ്യപ്രത്യാശയ്ക്കുവേണ്ടി വാഞ്ഛിക്കുന്ന അനേകമാളുകൾ ഈ രാജ്യത്ത് ഇനിയുമുണ്ട്. അവരിൽ ഓരോരുത്തരെയും സമീപിക്കാൻ സാക്ഷികൾ പാടുപെടുകയാണ്. അനൗപചാരിക സാക്ഷീകരണം ഒരു ഫലപ്രദമായ വിധമാണെന്നു തെളിയുകയാണ്.
ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ ഒരു സാക്ഷി ബൈബിളിൽ കാണുന്ന, ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ചു മററുള്ള രോഗികളോടു പറയാൻ കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗി സങ്കടത്തോടെ ഇങ്ങനെ വിലപിച്ചു: “ഞാൻ ഉടനെ മരിക്കും!” എന്നാൽ രോഗിയുടെ ഇരുളടഞ്ഞ ആ കാഴ്ചപ്പാടൊന്നും ദൈവരാജ്യസുവാർത്ത പങ്കുവെക്കുന്നതിന് ആ സാക്ഷിക്ക് ഒരു തടസ്സമായില്ല. അതിനുപകരം, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിൽനിന്നു സാക്ഷി ആ വ്യക്തിയെ വായിച്ചുകേൾപ്പിച്ചു. മരണക്കിടക്കയിലായിരുന്ന ആ മനുഷ്യനെ ഓർത്തുകൊണ്ട് ഏതാനും ദിവസങ്ങൾക്കുശേഷം ആ സാക്ഷി ആശുപത്രി വിട്ടു.
നാലു വർഷം കഴിഞ്ഞ് ആ സാക്ഷിക്കു മറെറാരു ആശുപത്രിയിൽ ചികിത്സയ്ക്കു പോകേണ്ടിവന്നു. അവിടെയെത്തിയ അദ്ദേഹത്തെ ഒരു രോഗി സമീപിച്ചിട്ട് ചോദിച്ചു: “താങ്കൾക്ക് എന്നെ ഓർമയുണ്ടോ?” അതു നാലു വർഷംമുമ്പു മരിക്കാൻപോകുന്ന അവസ്ഥയിൽ അദ്ദേഹം കണ്ട മനുഷ്യനായിരുന്നു! “ഇപ്പോൾ ഞാനും ഒരു യഹോവയുടെ സാക്ഷിയാണ്” എന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്തോരു സന്തോഷവും വിസ്മയവുമായിരുന്നു! ഭാവിയെക്കുറിച്ചുള്ള ബൈബിൾ പ്രത്യാശ സ്വീകരിച്ച അദ്ദേഹം യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ച് തന്റെ ജീവിതം യഹോവക്കു സമർപ്പിച്ചു. അദ്ദേഹം ഒരു സാക്ഷി മാത്രമല്ല, രണ്ടു വർഷമായിട്ട് ഒരു നിരന്തര പയനിയറായി മുഴുസമയസേവനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയുമായിരുന്നു.
ഈ സംഭവത്തിൽ, ഒരു അനൗപചാരിക പശ്ചാത്തലത്തിൽ വിതച്ച സത്യത്തിന്റെ വിത്ത് എത്തിയത് പ്രതികരിക്കുന്ന ഒരു ഹൃദയത്തിലായിരുന്നു. സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ എത്താൻ ആളുകളെ സഹായിക്കുന്നതിനുള്ള ഈ പദവി “ഇടപെടാൻ പ്രയാസമായ” ഈ “ദുർഘട സമയങ്ങ”ളെയൊന്നും ഗൗനിക്കാതെ പ്രസംഗവേലയിൽ തുടരാൻ സത്യക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നു.