പക്വതയിലേക്കു മുന്നേറുന്നതിനുള്ള എന്റെ തീരുമാനം
കാൾ ഡക്കൗവ് പറഞ്ഞപ്രകാരം
“പക്വതയിലേക്കു മുന്നേറുക അല്ലെങ്കിൽ പാപത്തിലേക്ക് അധഃപതിക്കുക, ഇതിലേത്?” എന്നത് 1948 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) ഒരു ലേഖനത്തിന്റെ ശീർഷകമായിരുന്നു. ഐക്യനാടുകളിലുള്ള കൃഷിനിലങ്ങളിലെ ആത്മീയ അപകടാവസ്ഥയിൽനിന്ന് ദക്ഷിണ അമേരിക്കയിൽ ഏതാണ്ടു 43 വർഷക്കാലത്തെ മിഷനറി സേവനത്തിലേക്ക് ആ ലേഖനം എന്റെ ജീവിതഗതി തിരിച്ചുവിട്ടു.
മിനെസോത്തയിലെ വർഗസിൽ മരത്തടികൊണ്ടു പണിത ഒരു വീട്ടിൽ നാല് ആൺ കുട്ടികളിൽ മൂന്നാമത്തവനായി 1914 മാർച്ച് 31-നു ഞാൻ പിറന്നു. എന്റെ യൗവനകാലജീവിതം ആഹ്ലാദകരമായിരുന്നു. പിതാവിനോടൊത്തു മീൻപിടിക്കുന്നതു ഞാനോർക്കുന്നു. എന്നിരുന്നാലും, അമ്മക്ക് എന്നുംതന്നെ അസുഖമായിരുന്നതുമൂലം വീട്ടിൽ അമ്മയെ സഹായിക്കാനായി അഞ്ചാം ഗ്രേഡിൽവച്ചുതന്നെ എന്റെ പഠിത്തം നിർത്തേണ്ടിവന്നു. എനിക്കു 13 വയസ്സായപ്പോഴേക്കും അമ്മയുടെ രോഗം ശ്വാസകോശ ക്യാൻസർ ആണെന്നു രോഗനിർണയം ചെയ്യപ്പെട്ടു.
താൻ അധികനാൾ ജീവിച്ചിരിക്കുകയില്ലെന്ന് അമ്മക്കറിയാമായിരുന്നതുകൊണ്ട് തന്റെ സ്ഥാനം ഏറെറടുക്കാൻ അമ്മ എനിക്കു പരിശീലനം നൽകി. അവർ അടുക്കളയിലിരിക്കും, എന്നിട്ട് പാചകം ചെയ്യുന്നതും ബേക്ക് ചെയ്യുന്നതുമൊക്കെ എങ്ങനെയെന്നതു സംബന്ധിച്ച് എനിക്കു നിർദേശങ്ങൾ നൽകും. കൂടാതെ, തുണി അലക്കാനും ഉദ്യാനം സംരക്ഷിക്കാനും നൂറു കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കാനുമെല്ലാം അവർ എന്നെ പഠിപ്പിച്ചു. ദിവസേന ബൈബിളിലെ ഒരധ്യായം വായിക്കാനും അവർ എനിക്കു പ്രോത്സാഹനമേകി. എന്റെ പരിമിതമായ വായനാപ്രാപ്തി ഉപയോഗിച്ചു ഞാൻ അതു ചെയ്തു. പത്തു മാസം എനിക്കു പരിശീലനം നൽകിയശേഷം അമ്മ 1928 ജനുവരി 27-നു മരിച്ചു.
യുദ്ധം ഞങ്ങളുടെ ജീവിതത്തെ മാററിമറിക്കുന്നു
1939 സെപ്ററംബറിൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയശേഷം ഞങ്ങളുടെ ലൂഥറൻ പള്ളിയിൽ ഞായറാഴ്ചതോറും സൈന്യത്തിനുവേണ്ടി പ്രാർഥനകഴിച്ചുപോന്നു. കൊലചെയ്യുകയില്ലെന്ന് എന്റെ മൂത്ത സഹോദരൻ ഫ്രാങ്ക് ദൃഢനിശ്ചയം ചെയ്തിരുന്നു. തൻമൂലം പട്ടാളത്തിൽചേർന്നു പോരാടാൻ വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ അറസ്ററു ചെയ്യുകയുണ്ടായി. വിചാരണ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “നിഷ്കളങ്കരായ ആളുകളെ ഞാൻ കൊല്ലുന്നതിനുമുമ്പു നിങ്ങൾക്ക് എന്റെനേരെ നിറയൊഴിക്കാം!” അദ്ദേഹത്തെ വാഷിങ്ടൺ സംസ്ഥാനത്തിന്റെ തീരം വിട്ടുനിൽക്കുന്ന മക്നീൽ ദ്വീപിലുള്ള ജയിലിൽ ഒരു വർഷത്തെ തടവുശിക്ഷക്കു വിധിച്ചു.
അവിടെവച്ച് ഫ്രാങ്ക് 300 യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. അവർ യുദ്ധത്തിൽ തികഞ്ഞ നിഷ്പക്ഷത പാലിച്ചതിന്റെ ഫലമായി തടവിലാക്കപ്പെട്ടവരായിരുന്നു. (യെശയ്യാവു 2:4; യോഹന്നാൻ 17:16) പെട്ടെന്നുതന്നെ അദ്ദേഹം അവരോടൊപ്പം സഹവസിക്കാൻ തുടങ്ങുകയും ജയിലിൽവച്ചുതന്നെ സ്നാപനമേൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സദ്പെരുമാററം കാരണം ശിക്ഷ ഒമ്പതു മാസമാക്കി കുറച്ചു. 1942 നവംബറിൽ ഫ്രാങ്കിനെ ജയിലിൽനിന്നു മോചിപ്പിച്ചതായി ഞങ്ങൾക്ക് അറിവു കിട്ടി. അതിനുശേഷം താമസിയാതെതന്നെ അദ്ദേഹം ദൈവരാജ്യത്തെപ്പററിയുള്ള സുവാർത്ത ഞങ്ങളോടു പറഞ്ഞു. ഞങ്ങളുടെ ബൈബിളിൽ ആ സന്ദേശം സസൂക്ഷ്മം പരിശോധിച്ചശേഷം ഫ്രാങ്ക് ഞങ്ങളെ പഠിപ്പിക്കുന്നതു സത്യമാണെന്നു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.
ആത്മീയ മുന്നേററത്തിനുള്ള വിലങ്ങുതടികൾ
എന്റെ അമ്മാവനോടൊപ്പം താമസിക്കുന്നതിന് 1944-ൽ മൊൻറാണയിലെ മോൾട്ടയിലേക്കു ഞാൻ താമസംമാററി. ഞങ്ങൾക്കു പൊതുവായ ഒരു സംഗതിയുണ്ടായിരുന്നു—വിവാഹം കഴിഞ്ഞ് ആറു മാസമായപ്പോൾ ഉപേക്ഷിച്ചുപോയ ഭാര്യമാർ. കൃഷിചെയ്യുന്നതിനും പാചകം ചെയ്യുന്നതിനും സഹായത്തിനായി എന്നെ കിട്ടിയതിൽ അദ്ദേഹത്തിനു സന്തോഷമായിരുന്നു, ഞങ്ങൾ ആദായത്തിന്റെ പപ്പാതി വീതിച്ചെടുക്കുമായിരുന്നു. തന്നോടൊപ്പം താമസിക്കുന്നപക്ഷം 640 ഏക്കർ (260 ഹെക്ടർ) കൃഷിയിടത്തിന്റെ അനന്തരാവകാശി ഞാനായിരിക്കുമെന്ന് അമ്മാവൻ എന്നോടുപറഞ്ഞു. ആ വർഷങ്ങളൊക്കെ ഫലസമൃദ്ധമായ കൃഷിയുടെ സമയമായിരുന്നു, അത് എനിക്ക് എത്ര ഇഷ്ടമായിരുന്നെന്നോ! ഓരോവർഷവും ഞങ്ങൾക്കു സമൃദ്ധമായ വിളവെടുപ്പായിരുന്നു, ബുഷൽ ഒന്നിന് 3.16 ഡോളർ വിലയിൽ ഗോതമ്പു വിൽക്കുമായിരുന്നു.
ഞാൻ മാൾട്ടയിലുള്ള സാക്ഷികളുടെ ഒരു ചെറിയ സഭയിൽ യോഗങ്ങൾക്കു പോകുന്നത് എന്റെ അമ്മാവന് അത്ര രസിച്ചില്ല. 1947 ജൂൺ 7-ന് വൂൾഫ് പോയിൻറിൽവച്ചുനടന്ന യഹോവയുടെ സാക്ഷികളുടെ സർക്കിട്ട് സമ്മേളനത്തിൽവച്ച് അമ്മാവൻ അറിയാതെ ഞാൻ സ്നാപനമേററു. അവിടെവച്ച് ഒരു ക്രിസ്തീയ സഹോദരൻ ഒരു പയനിയർ അഥവാ ഒരു മുഴുസമയ ശുശ്രൂഷകനായിത്തീരാൻ എന്നെ ക്ഷണിച്ചു. അത്തരമൊരു വിധത്തിൽ ജീവിതം ഉപയോഗിക്കുകയെന്നതായിരുന്നു എന്റെ ഹൃദയാഭിലാഷമെങ്കിലും അത്രയും സമയം ശുശ്രൂഷയിൽ ചെലവഴിക്കാൻ എന്റെ അമ്മാവൻ ഒരിക്കലും എന്നെ അനുവദിക്കുകയില്ലെന്നു ഞാൻ വിശദീകരിച്ചു.
അതിനുശേഷം ഉടൻതന്നെ, ഒരു മുഴുസമയ ശുശ്രൂഷകൻ ആകാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു സുഹൃത്ത് എനിക്കെഴുതിയ ഒരു കത്ത് അമ്മാവൻ പൊട്ടിച്ചുവായിച്ചു. അത്യന്തം കോപാകുലനായി അദ്ദേഹം എനിക്ക് അന്ത്യശാസനം നൽകി—ഒന്നുകിൽ പ്രസംഗവേല നിർത്തുക അല്ലെങ്കിൽ ഫാം വിട്ടുപോവുക. ആ അന്ത്യശാസനം ഒരു നല്ല കാര്യമായിരുന്നു കാരണം എനിക്കു കൃഷിപ്പണി വളരെ ഇഷ്ടമായിരുന്നു, അതുകൊണ്ട് ഞാൻ അതിൽനിന്നു സ്വയം പിൻമാറുമായിരുന്നോ എന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ടു ഞാൻ തിരികെപ്പോയി മിനസോത്തയിലുള്ള എന്റെ കുടുംബാംഗങ്ങളോടു ചേർന്നു. ഇതിനോടകം കുടുംബാംഗങ്ങളെല്ലാം സ്നാപനമേററ് ഡെട്രോയിററ് ലേയ്ക്കിലുള്ള സഭയോടൊത്തു സഹവസിക്കുകയായിരുന്നു.
പയനിയറിങ് ചെയ്യാൻ ആരംഭത്തിലൊക്കെ എന്റെ കുടുംബാംഗങ്ങൾ എന്നെ പ്രോത്സാഹിപ്പിച്ചു, എന്നാൽ 1948-ൽ അവർ ആത്മീയമായി തണുക്കാൻ തുടങ്ങി. അപ്പോഴാണ് “പക്വതയിലേക്കു മുന്നേറുക അല്ലെങ്കിൽ പാപത്തിലേക്ക് അധഃപതിക്കുക, ഇതിലേത്?” എന്ന ലേഖനം എനിക്കാവശ്യമായിരുന്ന ആത്മീയ ഉത്തേജനം പ്രദാനംചെയ്തത്. “ഉന്നമനം പ്രാപിക്കുന്ന അറിവിനൊപ്പം നിൽക്കാൻ നാം മനഃപൂർവം വിസമ്മതിക്കുന്നപക്ഷം മോശമായ പരിണതഫലങ്ങൾ ഉണ്ടാകുമെന്നതു തീർച്ചയാണ്” എന്ന് അതു മുന്നറിയിപ്പു നൽകി. “നിൽക്കുന്നിടത്തുതന്നെ നിൽക്കുകയും അധഃപതിക്കുകയും ചെയ്യുന്നതു നമുക്കു താങ്ങാനാവില്ല, മറിച്ച് നീതിയിൽ പുരോഗതിപ്രാപിക്കേണ്ടതുണ്ട്. അധഃപതിക്കുന്നതിനെതിരെയുള്ള ഏററവും വലിയ പ്രതിരോധശക്തി പുരോഗതിയാണ്” എന്ന് ആ ലേഖനം പറയുകയുണ്ടായി.
എന്റെ കുടുംബാംഗങ്ങൾ വേറെ ഒഴികഴിവുകളെല്ലാം നൽകിയെങ്കിലും അവരുടെ യഥാർഥ പ്രശ്നം സമ്പന്നരാകാനുള്ള ആഗ്രഹമാണെന്നു ഞാൻ മനസ്സിലാക്കുന്നു. കൃഷിയിൽ കൂടുതലും പ്രസംഗവേലയിൽ കുറച്ചും സമയം ചെലവിടുന്നതിന്റെ സാമ്പത്തിക പ്രയോജനങ്ങൾ അവർക്കു കാണാൻ കഴിഞ്ഞു. സമ്പത്തിനുവേണ്ടിയുള്ള ആഗ്രഹത്തിന്റെ കെണിയിലകപ്പെടുന്നതിനു പകരം ഞാൻ പയനിയറിങ് ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തി. അത് അത്ര സുകരമായിരിക്കയില്ല എന്നെനിക്ക് അറിയാമായിരുന്നു, എനിക്കൊരു പയനിയറാകാൻ കഴിയുകയില്ലെന്നുപോലും ഞാൻ വിചാരിച്ചു. അതുകൊണ്ട് 1948-ൽ വർഷത്തിലെ ഏററവും മോശമായ കാലാവസ്ഥയിൽ—ഡിസംബറിൽ—മനഃപൂർവം പയനിയറിങ് ചെയ്തുകൊണ്ട് ഞാൻ ഒരു സ്വയംപരിശോധന നടത്തി.
പയനിയർ സേവനത്തിൽ ഏർപ്പെടുന്നു
യഹോവ എന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചു. ദൃഷ്ടാന്തത്തിന്, ഒരു ദിവസം താപമാനം പൂജ്യത്തിനു താഴെ 27 ഡിഗ്രി സെൽഷിയസ് ആയിരുന്നു, അതിനുപുറമേ നല്ല തണുത്ത കാററും. ഞാൻ പതിവുപോലെ തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു. ഒരു കൈ പോക്കററിലിടുകയും മറേറ കയ്യിൽ മാസിക പിടിക്കുകയും അതു മരവിക്കുമ്പോൾ ആ കൈ പോക്കററിലിടുകയും മറേറ കയ്യിൽ മാസിക പിടിക്കുകയും ചെയ്തുകൊണ്ട് കൂടെക്കൂടെ കൈകൾ മാറിമാറി പോക്കററിലിട്ടുകൊണ്ടായിരുന്നു അതു ചെയ്തത്. ഒരു മനുഷ്യൻ എന്നെ സമീപിച്ചു. കുറേനേരമായി എന്റെ പ്രവർത്തനം വീക്ഷിക്കുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു: “ഇത്ര പ്രധാനപ്പെട്ട എന്താണ് ആ മാസികകളിലുള്ളത്? എനിക്കതിൽ രണ്ടെണ്ണം തരൂ, അതെന്താണെന്നു വായിക്കാമല്ലോ.”
ഇതിനോടകം, എന്റെ കുടുംബത്തോടൊപ്പമുള്ള സഹവാസം എന്റെതന്നെ ആത്മീയതയെ അപകടപ്പെടുത്തുകയാണെന്ന് എനിക്കു കാണാൻ കഴിഞ്ഞു. അതുകൊണ്ട് വാച്ച് ടവർ സൊസൈററിയോട് അപേക്ഷിച്ചതിന്റെ ഫലമായി എനിക്കു മൊൻറാനയിലെ മൈൽസ് സിററിയിൽ പുതിയ നിയമനം ലഭിക്കയുണ്ടായി. അവിടെ ഞാനൊരു കമ്പനി ദാസനായി—ഇപ്പോൾ അധ്യക്ഷ മേൽവിചാരകൻ എന്ന് അറിയപ്പെടുന്നു—സേവനമനുഷ്ഠിച്ചു. രണ്ടു മീററർ വീതിയും മൂന്നു മീററർ നീളവുമുള്ള ഒരു ട്രെയ്ലറിൽ കഴിഞ്ഞുകൊണ്ട് ഒരു ഡ്രൈക്ലീനിങ് ബിസിനസിൽ അംശകാലജോലിചെയ്ത് ഞാൻ സ്വയം പര്യാപ്തത നേടി. ചിലപ്പോഴൊക്കെ എനിക്ക് ഏററവും ഇഷ്ടമുണ്ടായിരുന്ന കൃഷിപ്പണിയിൽ ഏർപ്പെടുന്നതിന് എന്നെ കൂലിക്കു വിളിക്കുമായിരുന്നു.
ആ കാലയളവിൽ എന്റെ കുടുംബത്തിന്റെ വഷളായിക്കൊണ്ടിരുന്ന ആത്മീയാവസ്ഥയെപ്പററി ഞാൻ പതിവായി കേട്ടിരുന്നു. ഒടുവിൽ, അവരും ഡെട്രോയിററ് ലെയ്ക്കിലുള്ള മററു ചിലരും യഹോവയുടെ സ്ഥാപനത്തിന് എതിരായി തിരിഞ്ഞു. സഭയിലെ 17 രാജ്യ പ്രസാധകരിൽ 7 പേർമാത്രം വിശ്വസ്തരായി നിലകൊണ്ടു. എന്നെയും യഹോവയുടെ സ്ഥാപനത്തിൽനിന്നു പുറത്തുകൊണ്ടുവരണമെന്ന് എന്റെ കുടുംബാംഗങ്ങൾ ദൃഢനിശ്ചയം ചെയ്തിരുന്നു. അതിനുള്ള ഏക പരിഹാരം കൂടുതൽ പുരോഗമിക്കുകമാത്രമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ എങ്ങനെ?
മിഷനറി സേവനം പിന്തുടരൽ
1950-ൽ ന്യൂയോർക്ക് സിററിയിൽ സാർവദേശീയ കൺവെൻഷൻ നടന്നപ്പോൾ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ വിദ്യാർഥികളുടെ 15-ാമത്തെ ക്ലാസ്സിന്റെ ബിരുദദാനത്തിനു ഞാൻ സാക്ഷ്യം വഹിച്ചു. ‘ആഹ്, ഒരു വിദേശ നിയമനത്തിൽ യഹോവയെ സേവിക്കാൻ പോകുന്നവരിൽപ്പെടാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ’ എന്നു ഞാൻ ചിന്തിച്ചു.
ഞാൻ ഒരു അപേക്ഷ അയച്ചു, 1951 ഫെബ്രുവരിയിൽ തുടങ്ങിയ 17-ാമതു ഗിലെയാദ് ക്ലാസിലെ ഒരംഗമായി എന്നെ സ്വീകരിക്കുകയും ചെയ്തു. ന്യൂയോർക്കിന്റെ വടക്കൻ പ്രദേശത്തായി ഒരു കൃഷിയിടത്തിൽ സ്ഥിതിചെയ്തിരുന്ന സ്കൂളിന്റെ സ്ഥാനം വളരെ മനോഹരമായിരുന്നു. ക്ലാസ്സ് കഴിഞ്ഞുള്ള സമയം കൃഷിനിലത്ത്, തൊഴുത്തിൽ പശുക്കളോടൊപ്പമോ വിളനിലത്തുതന്നെയോ, ആയിരിക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നെന്നോ! എങ്കിലും, ഡ്രൈക്ലീനിങ്ങിൽ എന്തെങ്കിലും അനുഭവപരിചയമുള്ള ഏക വ്യക്തി ഞാനാണെന്നു രാജ്യ കൃഷിയിടത്തിലെ മേൽവിചാരകനായ ജോൺ ബൂത്ത് വിശദീകരിച്ചു. അതുകൊണ്ട് ആ വേല ചെയ്യാനാണ് എനിക്കു നിയമനം ലഭിച്ചത്.
വെറും അഞ്ചാം ഗ്രേഡുവരെ പഠിച്ച ഒരുവനു ഗിലെയാദ് അത്ര എളുപ്പമായിരുന്നില്ല. 10:30-നു ലൈററു കെടുത്തണമായിരുന്നെങ്കിലും ഞാൻ മിക്കപ്പോഴും പാതിരാത്രിവരെ പഠിക്കുക പതിവായിരുന്നു. ഒരിക്കൽ അധ്യാപകരിൽ ഒരാൾ തന്റെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. “കാൾ, നിങ്ങളുടെ ഗ്രേഡുകൾ അത്ര നല്ലതല്ലെന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
‘അയ്യോ, അവരെന്നോടു സ്ഥലം വിടാൻ പറയാൻപോവുകയാണ്,’ ഞാൻ വിചാരിച്ചു.
എന്നിരുന്നാലും, അധികം വൈകുന്നതുവരെ പഠിക്കാതെ സമയം എങ്ങനെ ഏററവും മെച്ചമായ രീതിയിൽ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് അധ്യാപകൻ എനിക്കു സ്നേഹപുരസ്സരം ചില ബുദ്ധ്യുപദേശങ്ങൾ നൽകി. ഞാൻ പേടിച്ചരണ്ടു ചോദിച്ചു: “ഗിലെയാദിൽ തുടരാനുള്ള യോഗ്യത എനിക്കുണ്ടോ?”
“കൊള്ളാം, തീർച്ചയായും. എങ്കിലും നിങ്ങൾ ഒരു ഡിപ്ലോമ നേടുമോ എന്ന് എനിക്കറിഞ്ഞുകൂടാ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
സ്കൂളിന്റെ പ്രസിഡൻറായിരുന്ന നാഥാൻ എച്ച്. നോറിന്റെ വാക്കുകളിൽ ഞാൻ സാന്ത്വനം കണ്ടെത്തി. തങ്ങളുടെ നിയമനങ്ങളിൽ നിലനിന്ന മിഷനറിമാരുടെ ഗ്രേഡിനെക്കാൾ അവർ “നിയമനത്തിൽ ഉററിരുന്നത്” ആണ് തന്നിൽ ഏറെ മതിപ്പുളവാക്കിയത് എന്ന് അദ്ദേഹം വിദ്യാർഥികളോടു നേരത്തെ പറഞ്ഞിരുന്നു.
എനിക്ക് ഏററവും പ്രയാസകരമായ വിഷയം സ്പാനിഷ് ഭാഷയായിരുന്നു. എങ്കിലും എനിക്കു പരിചയമുള്ള ശൈത്യകാലാവസ്ഥയുള്ള അലാസ്കയിൽ നിയമനം ലഭിക്കുമെന്നു ഞാൻ ആശിച്ചിരിക്കയായിരുന്നു. തന്നെയുമല്ല, എനിക്ക് ഇംഗ്ലീഷിൽ പ്രസംഗവേല ചെയ്യാനും കഴിയുമായിരുന്നു. തൻമൂലം, കോഴ്സ് പകുതിയായപ്പോൾ ദക്ഷിണ അമേരിക്കയിലെ ഇക്വഡോറിലേക്കുള്ള നിയമനം ലഭിച്ചപ്പോൾ എനിക്കുണ്ടായ വിസ്മയം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതേ, ഞാൻ സ്പാനിഷ് ഭാഷ സംസാരിച്ചേ മതിയാവൂ, അതും ചുട്ടുപൊള്ളുന്ന ഭൂമധ്യരേഖയിൽ!
ഒരു ദിവസം ഒരു എഫ്ബിഐ ഏജൻറ് ഗിലെയാദ് സ്കൂളിൽ എന്നെ സന്ദർശിച്ചു. ഡെട്രോയിററ് ലെയ്ക്കിൽ നമ്മുടെ സ്ഥാപനം വിട്ടുപോയ, കമ്പനി ദാസന്റെ മകനെക്കുറിച്ച് അദ്ദേഹം എന്നോടു ചോദിച്ചു. അപ്പോൾ കൊറിയൻ യുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ യുവാവ് താൻ ഒരു യഹോവയുടെ സാക്ഷിയാണെന്ന് അവകാശപ്പെടുകയും തൻമൂലം സൈനിക സേവനത്തിൽനിന്ന് ഒഴിവുള്ളവനാണെന്ന് അവകാശപ്പെടുകയും ചെയ്തു. അയാൾ മേലാൽ ഒരു യഹോവയുടെ സാക്ഷി ആയിരിക്കുന്നില്ലെന്നു ഞാൻ വിശദീകരിച്ചു. യാത്ര പറയുന്നേരം ആ ഏജൻറ് എന്നോടു പറഞ്ഞു: “നിങ്ങളുടെ ദൈവം നിങ്ങളുടെ വേലയിൽ സഹായിക്കട്ടെ.”
ആ യുവാവ് കൊറിയയിലെ തന്റെ ആദ്യ യുദ്ധങ്ങളിലൊന്നിൽ കൊല്ലപ്പെട്ടതായി പിന്നീട് എനിക്കറിയാൻ കഴിഞ്ഞു. ദൈവസ്ഥാപനത്തിൽ പക്വതയിലേക്കു മുന്നേറാൻ കഴിയുമായിരുന്ന ഒരുവനു ലഭിച്ച എത്ര പരിതാപകരമായ പരിണതഫലം!
ഒടുവിൽ, 1951 ജൂലൈ 22-നു ഞങ്ങളുടെ സന്തോഷപ്രദമായ ബിരുദദാന ദിനം സമാഗതമായി. എന്റെ കുടുംബാംഗങ്ങളിൽ ആരും സന്നിഹിതരല്ലായിരുന്നുവെന്നതു ശരി തന്നെ. എങ്കിലും ഞാൻ നേടിയ പുരോഗതിയുടെ ഫലമായ ഒരു ഡിപ്ലോമ കൈപ്പററിയപ്പോൾ എന്റെ സന്തോഷം പൂവണിഞ്ഞു.
ഒരു വിദേശ വയലുമായി പൊരുത്തപ്പെടൽ
അമ്മ നൽകിയ പരിശീലനം തക്കഫലം ചെയ്യുന്നതായി നിയമനത്തിൽ ഏർപ്പെട്ട ഉടനെ ഞാൻ കണ്ടെത്തി. പാചകം ചെയ്യൽ, തുണിയലക്കൽ, വെള്ളത്തിന്റെ അപര്യാപ്തത എന്നിവയൊന്നും എനിക്ക് ഒരു പുത്തരിയല്ലായിരുന്നു. എന്നാൽ സ്പാനിഷ് ഭാഷയിൽ പ്രസംഗവേല നടത്തുകയെന്നതു പുത്തരിയായിരുന്നു! ഏറെ നാളേക്ക്, എഴുതിവച്ച ഒരു പ്രസംഗം ഞാൻ ഉപയോഗിച്ചു. മൂന്നു വർഷം എടുത്തു സ്പാനിഷ് ഭാഷയിൽ ഒരു പരസ്യപ്രസംഗം നടത്തുന്നതിന്, അതും നീണ്ട കുറിപ്പുകൾ സഹിതം.
1951-ൽ ഞാൻ ഇക്വഡോറിൽ എത്തിയപ്പോൾ അവിടെ 200-ൽക്കുറവു രാജ്യപ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ 25 വർഷത്തോളം ശിഷ്യരെ ഉളവാക്കൽ ഇഴഞ്ഞുനീങ്ങുന്നതായി തോന്നി. നമ്മുടെ ബൈബിൾ പഠിപ്പിക്കലുകൾ കത്തോലിക്കാമതത്തിന്റെ തിരുവെഴുത്തുവിരുദ്ധ പാരമ്പര്യങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു. കൂടാതെ, ഏക വിവാഹ ഇണയോടു വിശ്വസ്തത പുലർത്തുന്നതു സംബന്ധിച്ചുള്ള ഞങ്ങളുടെ ബൈബിൾ പ്രബോധനങ്ങൾ പ്രത്യേകിച്ചും ജനസമ്മതിയില്ലാത്തതായിരുന്നു.—എബ്രായർ 13:4.
എന്നിരുന്നാലും, ഞങ്ങൾക്കു വളരെയേറെ ബൈബിൾ സാഹിത്യം സമർപ്പിക്കാൻ കഴിഞ്ഞു. വാഴത്തോട്ടങ്ങളുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്തിരുന്ന മച്ചാലയിലെ ഞങ്ങളുടെ ശുശ്രൂഷ ഇതു ദൃഷ്ടാന്തീകരിക്കുന്നു. ഞാനും നിക്കോളസ് വെസ്ലിയും 1956-ൽ അവിടെ എത്തിച്ചേർന്നപ്പോൾ സാക്ഷികളായി ഞങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അന്നത്തെക്കാലത്തു ഹൈവേകൾ പണിയുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്ന ചരക്കുലോറിയിൽ കയറി ഞങ്ങൾ അതിരാവിലെ യാത്രതിരിക്കും. സാമാന്യം നല്ല ദൂരം പിന്നിട്ടശേഷം ഞങ്ങൾ അതിൽനിന്നിറങ്ങി ആളുകൾക്കു സാക്ഷ്യം നൽകിക്കൊണ്ടു ഞങ്ങളുടെ താമസസ്ഥലത്തേക്കു തിരികെ നടന്നുപോരുകയും ചെയ്യും.
ഒരു ദിവസം ആര് അധികം മാസിക സമർപ്പിക്കും എന്നു കാണാൻ ഞാനും നിക്കും കണക്കെടുത്തു. ഉച്ചയോളം ഞാൻ നിക്കിന്റെ മുമ്പിലായിരുന്നതായി ഓർക്കുന്നു, എന്നാൽ വൈകുന്നേരമായതോടെ ഞങ്ങൾ രണ്ടാളും 114 മാസികകളിൽത്തന്നെ നിന്നു. ഞങ്ങളുടെ മാസികാറൂട്ടിലുള്ള ആളുകൾക്കു ഞങ്ങൾ ഓരോ മാസവും നൂറുകണക്കിനു സാഹിത്യങ്ങൾ നൽകുമായിരുന്നു. ആറു തവണ ഞാൻ മാസം ആയിരത്തിലധികം മാസികകൾവീതം സമർപ്പിച്ചു. ആ മാസികകളിൽനിന്ന് എത്രയോ പേർക്കു ബൈബിൾ സത്യം പഠിക്കാനാകുമായിരുന്നുവെന്നു ചിന്തിച്ചുനോക്കൂ!
ഇക്വഡോറിൽ ആദ്യമായി സഭയുടെ സ്വന്തമായ രാജ്യഹാൾ മച്ചാലയിൽ പണിയുന്നതിനുള്ള പദവിയും ഞങ്ങൾക്കുണ്ടായി. അത് 35 വർഷം മുമ്പ് 1960-ൽ ആയിരുന്നു. ആ ആദ്യനാളുകളിൽ ഏതാണ്ടു 15 പേർ മാത്രമേ ഞങ്ങളുടെ യോഗങ്ങളിൽ ഹാജരായുള്ളൂ. ഇന്ന് മച്ചാലയിൽ പുഷ്ടിപ്രാപിക്കുന്ന 11 സഭകളുണ്ട്!
ഐക്യനാടുകളിലേക്കുള്ള ഒരു സന്ദർശനം
1970-കളുടെ അവസാനം ഞാൻ അവധിക്കാലം ചെലവഴിക്കാനായി ഐക്യനാടുകളിൽ തിരിച്ചെത്തി എന്റെ സഹോദരൻ ഫ്രാങ്കിനോടൊപ്പം ഏതാനും സമയം ചിലവഴിച്ചു. അദ്ദേഹം എന്നെ തന്റെ കാറിൽ ഒരു കുന്നിന്റെ മുകളിലേക്കു കൊണ്ടുപോയി, റെഡ് റിവർ വാലിയുടെ ബഹുദൂര ദൃശ്യം അവിടെനിന്നു ഞങ്ങൾക്കു കാണാമായിരുന്നു. തിങ്ങിനിറഞ്ഞ ഗോതമ്പുമണികളുടെ ഭാരംനിമിത്തം തലകുമ്പിട്ട വിളഞ്ഞ കതിരുകൾ കാററിലുലയുന്ന വിശാലമായ ആ വയലിന്റെ ദൃശ്യം മനോഹരമായിരുന്നു. പാതയ്ക്കു സമാന്തരമായി ഒഴുകുന്ന ഷെയിനെ നദി തിരിച്ചറിയത്തക്ക ദൂരത്തിലായിരുന്നു. എന്റെ സഹോദരൻ തന്റെ പതിവു പല്ലവി തുടങ്ങിയപ്പോൾ ആ ശാന്ത മനോഹാര്യതയുടെ ആസ്വാദനത്തിനു ഭംഗം ഭവിച്ചു.
“നീ ദക്ഷിണ അമേരിക്കയിൽ ഇങ്ങനെ വട്ടംതിരിയുന്ന ഒരു വിഡ്ഢിയല്ലായിരുന്നെങ്കിൽ ഇതു നിന്റെയുംകൂടെ ആകുമായിരുന്നു!”
ഞാൻ പെട്ടെന്നുതന്നെ ആ സംഭാഷണം മുറിച്ചു. “ഫ്രാങ്ക്, ഇവിടെവച്ചുതന്നെ ആ സംഭാഷണം ഒന്നു നിർത്തൂ.”
അദ്ദേഹം രണ്ടാമതൊരു വാക്ക് ഉച്ചരിച്ചില്ല. ഏതാനും ചില വർഷങ്ങൾക്കുശേഷം ഒരു ആഘാതത്താൽ അദ്ദേഹം പെട്ടെന്നു മൃതിയടഞ്ഞു. ഉത്തര ടെക്കോട്ടയിൽ മൊത്തം ഏതാണ്ട് ആയിരത്തിലധികം ഏക്കറുകളുള്ള (400 ഹെക്ടർ) സുന്ദരമായ മൂന്നു മേച്ചിൽപ്രദേശവും എന്റെ അങ്കിളിന്റെ മൊൻറാണയിലുള്ള, അദ്ദേഹത്തിന് അവകാശപ്പെട്ടതായിത്തീർന്ന 640 ഏക്കർ (260 ഹെക്ടർ) കൃഷിയിടവും പിന്നിൽ ഉപേക്ഷിച്ചുകൊണ്ടുതന്നെ.
ഇപ്പോൾ എന്റെ കുടുംബാംഗങ്ങളെല്ലാം മരണമടഞ്ഞു. എങ്കിലും വർഷങ്ങൾക്കു മുമ്പ് ഞങ്ങളെല്ലാവരും യഹോവയുടെ സാക്ഷികളായി ജീവിക്കാൻ തുടങ്ങിയ ഡെട്രോയിററ് ലെയ്ക്കിൽ 90 ക്രിസ്തീയ സഹോദരീസഹോദരൻമാരടങ്ങിയ ഒരു ആത്മീയ കുടുംബം എനിക്കിപ്പോൾ ഉള്ളതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.
ആത്മീയമായി മുന്നേറുന്നതിൽ തുടരുന്നു
കഴിഞ്ഞ 15 വർഷമായി ഇക്വഡോറിൽ ആത്മീയ കൊയ്ത്തിന്റെ വൻ വിളവെടുപ്പ് നടന്നിരിക്കുന്നു. 1980-ലെ ഏതാണ്ട് 5,000 രാജ്യപ്രസാധകരിൽനിന്ന് ഞങ്ങളിപ്പോൾ 26,000 ആയിത്തീർന്നിരിക്കുന്നു. ഇവരിൽ നൂറിലധികംപേരെ സ്നാപനമേൽക്കാൻ സഹായിക്കുന്നതിന്റെ അനുഗ്രഹം ഞാൻ കൊയ്തിരിക്കുന്നു.
ഇപ്പോൾ 80-ാം വയസ്സിൽ ശുശ്രൂഷയിൽ മാസം 30 മണിക്കൂറിൽ എത്തിച്ചേരാൻ 1951-ൽ 150 മണിക്കൂർ ക്വാട്ടായിലെത്തിച്ചേരാൻ ശ്രമിച്ചതിനെക്കാൾ അധികം കഠിനമായി ശ്രമിക്കുന്നു. 1989-ൽ എനിക്ക് വൻകുടലിൽ ക്യാൻസറുള്ളതായി അറിഞ്ഞതു മുതൽ ഞാനെന്റെ സുഖംപ്രാപിക്കൽ സമയം വായിക്കാനായി പ്രയോജനപ്പെടുത്തി. ആ വർഷംമുതൽ ഞാൻ മുഴു ബൈബിൾ 19 തവണയും യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകം 6 തവണയും വായിച്ചുതീർത്തു. ഇവ്വണ്ണം ഞാൻ ആത്മീയമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
അതേ, ഐക്യനാടുകളുടെ കൃഷിയിടത്തിൽ ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കാനുള്ള അവസരങ്ങൾ എനിക്കുണ്ടായിരുന്നു. എന്നാൽ ആത്മീയ വിളവെടുപ്പിൽ ഞാൻ ആസ്വദിച്ചിരിക്കുന്ന സന്തോഷവുമായി തുലനം ചെയ്യുമ്പോൾ ഭൗതിക സമ്പത്തിന്റെ പ്രതിഫലം ഏതുമല്ല. എന്റെ മിഷനറി സേവനത്തിൽ ഞാൻ 1,47,000-ത്തിലധികം മാസികകളും 18,000-ത്തിലധികം പുസ്തകങ്ങളും സമർപ്പിച്ചതായി ഇക്വഡോർ ബ്രാഞ്ച് എന്നെ അറിയിക്കുന്നു. ഇവയെല്ലാം ആത്മീയ വിത്തുകളായിട്ടാണു ഞാൻ കരുതുന്നത്, അതിൽ അനേകം ഇപ്പോൾത്തന്നെ മുളച്ചു വലുതായിരിക്കുന്നു; മററുള്ളവ ആളുകൾ രാജ്യസത്യത്തെപ്പററി പഠിക്കുമ്പോൾ അവരുടെ ഹൃദയങ്ങളിൽ പൊട്ടിമുളച്ചെന്നുവരാം.
എന്റെ ആത്മീയ മക്കളോടും നമ്മുടെ ദൈവമായ യഹോവയെ സേവിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന മററു ദശലക്ഷങ്ങളോടുമൊപ്പം ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു മുന്നേറുന്നതിനെക്കാൾ മെച്ചമായ വേറൊന്നിനെപ്പററിയും എനിക്കാലോചിക്കാനാവുന്നില്ല. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തിൽനിന്നു പണം ഒരുവനെ രക്ഷിക്കുകയില്ല. (സദൃശവാക്യങ്ങൾ 11:4; യെഹെസ്കേൽ 7:19) എന്നാൽ, നമ്മുടെ ആത്മീയവേലയുടെ ഫലം തുടർന്നു നിൽക്കും.—നാമോരോരുത്തരും പക്വത പ്രാപിക്കുന്നതിൽ തുടർന്നു മുന്നേറുന്നുവെങ്കിൽ.
[24-ാം പേജിലെ ചിത്രം]
1949-ൽ മൊൻറാനയിലെ മൈൽസ് സിററിയിൽ പയനിയറിങ്ങിനു തയ്യാറായി
[24-ാം പേജിലെ ചിത്രം]
1952-ൽ മിഷനറി ഭവനത്തിനുവേണ്ടി വെള്ളം വാങ്ങിക്കുന്നു
[25-ാം പേജിലെ ചിത്രം]
1957-ൽ മച്ചാലയിൽ പ്രസംഗിക്കുന്നു
[25-ാം പേജിലെ ചിത്രം]
1989-ൽ രോഗബാധിതനായശേഷം ഞാൻ 19 പ്രാവശ്യം ബൈബിൾ വായിച്ചിരിക്കുന്നു