എന്നെ യഥാർഥത്തിൽ സ്നേഹിച്ച കുടുംബം
ഒരു കുട്ടിക്ക്, ഏതൊരു കുട്ടിക്കും, കുടുംബം വളരെ പ്രധാനമാണ്. ഊഷ്മളവും സ്നേഹമസൃണവുമായ ഒരു കുടുംബത്തിന് ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ കഴിയും. അത് പരിശീലനത്തിലും വിദ്യാഭ്യാസത്തിലും വളർച്ചയിലും ഒരു മർമപ്രധാനമായ പങ്കുവഹിക്കുന്നു. അത് ഒരു കുട്ടിക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കുന്നു. എന്നാൽ എനിക്കു സംഭവിച്ചതുപോലെ കുടുംബത്താൽ പരിത്യജിക്കപ്പെടുന്നത് എന്തോരു അടിയാണ്!
നൈജീരിയയുടെ കിഴക്കുഭാഗത്തുള്ള ഒരു വലിയ കുടുംബത്തിലാണു ഞാൻ ജനിച്ചത്. എന്റെ പിതാവ് ഏഴു ഭാര്യമാരുള്ള ഒരു ഗോത്രത്തലവനായിരുന്നു. അദ്ദേഹത്തിന് 30 മക്കളുണ്ടായിരുന്നു. 29-ാമത്തെ കുട്ടിയായിരുന്നു ഞാൻ.
1965, എനിക്കന്നു പത്തു വയസ്സ്. ഒരു ദിവസം ഞാൻ സ്കൂൾവിട്ടു വരുമ്പോൾ ഡാഡി വരാന്തയിൽ ഇരിക്കുന്നതു കണ്ടു. പെട്ടെന്ന് രണ്ടു പുരുഷൻമാർ ബ്രീഫ്കേസുകളുമായി വളപ്പിലേക്കു കയറിവന്നു. സസന്തോഷം അഭിവാദനം ചെയ്തശേഷം തങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന് അവർ സ്വയം പരിചയപ്പെടുത്തി. എന്റെ പിതാവ് അവർ പറയുന്നതു ശ്രദ്ധയോടെ കേട്ടു. അവർ അദ്ദേഹത്തെ രണ്ടു മാസികകൾ കാണിച്ചപ്പോൾ ഡാഡി എന്നെ നോക്കി എനിക്കവ വേണമോയെന്നു ചോദിച്ചു. ഞാൻ തലയാട്ടി, അതുകൊണ്ട് അദ്ദേഹം എനിക്കുവേണ്ടി അവ വാങ്ങി.
സാക്ഷികൾ മടങ്ങിവരാമെന്നു വാഗ്ദാനം ചെയ്തു. മടങ്ങിവരുകയും ചെയ്തു. അടുത്ത രണ്ടു വർഷം അവർ എന്നോടുകൂടെ ബൈബിൾ ചർച്ചചെയ്യാൻ വന്നുകൊണ്ടിരുന്നു. എന്നിരുന്നാലും, എന്റെ ഗ്രാമത്തിൽനിന്ന് അവർ താമസിച്ചിരുന്ന സ്ഥലത്തേക്കു പത്തു കിലോമീറ്റർ നടപ്പുണ്ടായിരുന്നതിനാൽ അവർ ക്രമമായി വന്നിരുന്നില്ല.
എന്റെ കുടുംബം എന്നെ ഉപേക്ഷിക്കുന്നു
എന്റെ പിതാവിനു രോഗം പിടിപെട്ടു മരിച്ചപ്പോൾ എനിക്കു 12 വയസ്സായിരുന്നു. ശവസംസ്കാരം നടത്തി എട്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ ഒരു യോഗത്തിനായി കുടുംബത്തെ വിളിച്ചുകൂട്ടി. അവിടെ ഏതാണ്ട് 20 പേർ ഉണ്ടായിരുന്നു. അദ്ദേഹം ശവസംസ്കാര ചെലവുകളെക്കുറിച്ചു സംസാരിക്കാൻ പോകുകയാണെന്നാണു ഞങ്ങളെല്ലാവരും ധരിച്ചത്. എന്നാൽ, യോഗം വിളിച്ചുകൂട്ടിയത് അദ്ദേഹത്തിന്റെ ഇളയ സഹോദരനെക്കുറിച്ച്—അതായത് എന്നെക്കുറിച്ച്—ചർച്ചചെയ്യാനാണെന്നു പറഞ്ഞപ്പോൾ ഞാൻ അന്തംവിട്ടുപോയി! എന്നെ തീറ്റിപ്പോറ്റാനുള്ള പണം കുടുംബത്തിനില്ലെന്നു തോന്നുംവിധം നാലണയ്ക്കുവേണ്ടി “തെണ്ടാൻ” പോകുന്നത് എനിക്കിഷ്ടമാണെന്ന് അദ്ദേഹം അവരോടു പറഞ്ഞു. നാലണയ്ക്കു മാസികവിറ്റു ചുറ്റിനടക്കുന്നതു കുടുംബത്തിന്റെ പേരു നശിപ്പിക്കുന്ന പണിയാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെകൂടെ ആയിരിക്കാനാണ്—യഹോവയുടെ സാക്ഷികളുടെയോ കുടുംബത്തിന്റെയോ—ഞാൻ ആഗ്രഹിക്കുന്നതെന്നുവെച്ചാൽ അതു തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
എന്റെ അമ്മ മരിച്ചുപോയിരുന്നു. എന്റെ രണ്ടാനമ്മമാരിൽ ഒരാൾ എനിക്കുവേണ്ടി കരഞ്ഞപേക്ഷിച്ചു. എനിക്കു കുടുംബാവകാശം തരാതിരിക്കാനുള്ള ഒഴികഴിവായി ഇത് ഉപയോഗിക്കരുതെന്ന് അവർ യാചിച്ചു. എന്നാൽ ഒരു സ്ത്രീയുടെ അഭിപ്രായം അവർക്കത്ര കാര്യമല്ലായിരുന്നു. കുടുംബം ജ്യേഷ്ഠന്റെ പക്ഷം ചേരുകയും രണ്ടിലൊന്നു തീരുമാനിക്കാൻ എന്നോടാവശ്യപ്പെടുകയും ചെയ്തു.
ഈ സംഗതി സംബന്ധിച്ചു ചിന്തിക്കാൻ സാവകാശം തരണമെന്നു ഞാൻ ആവശ്യപ്പെട്ടു. പിറ്റേന്നു വൈകുന്നേരംവരെ സാവകാശം തരാൻ അവർ സമ്മതിച്ചു. എന്റെ മുറിയിൽ ഒറ്റയ്ക്കിരുന്നു ഞാൻ കരയാൻ തുടങ്ങി. ക്ഷീണവും അവഗണനയും ഭയവും എനിക്കു തോന്നി. എനിക്കെന്തു സംഭവിക്കുമെന്നു ഞാൻ അത്ഭുതപ്പെട്ടു.
അന്നുവരെ, ഞാൻ രാജ്യഹാളിൽ പോയിട്ടില്ലായിരുന്നു, സാക്ഷികളോടൊപ്പം പ്രസംഗവേലയിൽ പങ്കെടുത്തിട്ടുമില്ലായിരുന്നു. ബൈബിൾ പഠനങ്ങളെക്കുറിച്ച് ഉപരിപ്ലവമായ ഒരു പരിജ്ഞാനമേ എനിക്കുണ്ടായിരുന്നുള്ളൂ. പോരെങ്കിൽ എനിക്കൊന്നു സംസാരിക്കാൻ എന്റെ ഗ്രാമത്തിൽ ഒരു സാക്ഷിപോലുമില്ലായിരുന്നു.
ജീവിതത്തിൽ ആദ്യമായി ഞാൻ യഹോവയോട് അവന്റെ പേരു വിളിച്ചു പ്രാർഥിച്ചു. അവനാണു സത്യദൈവമെന്ന് ഞാൻ പഠിച്ചിട്ടുണ്ടെന്നു ഞാൻ അവനോടു പറഞ്ഞു. എന്നെ തുണയ്ക്കണമെന്നും അവനെ അപ്രീതിപ്പെടുത്തുകയില്ലാത്ത, ശരിയായ ഒരു തീരുമാനമെടുക്കാൻ എന്നെ സഹായിക്കണമെന്നും ഞാൻ യാചിച്ചു.
പിറ്റേന്നു വൈകുന്നേരം കുടുംബം വീണ്ടും കൂടിവരുകയും എന്നോടു തീരുമാനം ആവശ്യപ്പെടുകയും ചെയ്തു. എനിക്കു ജീവൻ നൽകിയ എന്റെ പിതാവാണ് സാക്ഷികളോടൊത്തുള്ള എന്റെ പഠനത്തിനു തുടക്കമിട്ടതെന്നു ഞാൻ വിശദീകരിച്ചു. എന്റെ മാസികകളുടെയും ബൈബിളിന്റെയും പൈസ കൊടുത്തത് അദ്ദേഹമായിരുന്നു. സാക്ഷികളോടൊത്തുള്ള എന്റെ പഠനത്തെ അദ്ദേഹം എതിർക്കാഞ്ഞ സ്ഥിതിക്ക് എന്റെ ജ്യേഷ്ഠനെന്തിനാണ് ഇതിന്റെ പേരിൽ എനിക്കെതിരെ തിരിയുന്നത് എന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവരെന്നോട് എന്തു ചെയ്താലും എനിക്കു പ്രശ്നമില്ല, എനിക്ക് യഹോവയെ സേവിച്ചേ പറ്റൂ എന്ന് ഞാൻ അവരോടു പറഞ്ഞു.
എന്റെ സംസാരം അവർക്കു പിടിച്ചില്ല. അവരിലൊരാൾ പറഞ്ഞു: “നമ്മളോടിതു പറയാൻ ഈ കൃമി ആരാണ്?” പെട്ടെന്ന് ജ്യേഷ്ഠൻ എന്റെ മുറിയിലേക്ക് അമർത്തി ചവിട്ടിവന്നിട്ട് എന്റെ തുണികളും പുസ്തകങ്ങളും ചെറിയ കാർഡ്ബോർഡ് സ്യൂട്ട്കേസും എടുത്ത് പുറത്തു മുറ്റത്തേക്കെറിഞ്ഞു.
ആ ഗ്രാമത്തിൽ താമസിച്ചിരുന്ന ഒരു സഹപാഠിയുടെയടുത്ത് ഞാൻ അഭയം തേടി. ഞാൻ അവന്റെ കുടുംബത്തോടൊപ്പം ഏതാണ്ട് അഞ്ചു മാസം താമസിച്ചു. അതിനിടെ ഞാൻ ലാഗോസിലുള്ള എന്റെ അമ്മാവന് എഴുതി. അദ്ദേഹത്തോടൊപ്പം ചെന്നു താമസിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു.
പനങ്കുരുക്കൾ ശേഖരിച്ചും വിറ്റും ഞാൻ പല മാസങ്ങൾക്കൊണ്ടു പണം സമ്പാദിച്ചു. എനിക്കു വേണ്ടി സംസാരിച്ച എന്റെ രണ്ടാനമ്മയും എനിക്കു കുറച്ചു പണം തന്നു. വേണ്ടത്ര പണമായപ്പോൾ ഞാൻ ലാഗോസിലേക്കു തിരിച്ചു. ഒരു മണൽ ട്രക്കിന്റെ പുറകിലിരുന്നാണു ഞാൻ കുറേദൂരം പോയത്.
രണ്ടാമതും പുറന്തള്ളപ്പെടുന്നു
ലാഗോസിലെത്തിയപ്പോൾ എന്റെ അമ്മാവൻ യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കുന്നു എന്നറിഞ്ഞത് എന്നെ ആഹ്ലാദിപ്പിച്ചു. രാജ്യഹാളിലെ സഭായോഗങ്ങളിൽ പെട്ടെന്നുതന്നെ ഞാൻ ഹാജരായിത്തുടങ്ങി. എന്നാൽ, എന്റെ ജ്യേഷ്ഠൻ സന്ദർശിക്കാൻ വന്നതോടെ യഹോവയെ സേവിക്കാനുള്ള അമ്മാവന്റെ താത്പര്യം പമ്പകടന്നു. യഹോവയുടെ സാക്ഷികളോടൊത്തു സഹകരിക്കുന്നതിൽ ഞാൻ തുടർന്നതുകൊണ്ട് എന്നെ സഹായിക്കുകയോ സ്കൂളിൽപ്പോകാൻ അനുവദിക്കുകയോ ചെയ്യരുതെന്നുള്ളതായിരുന്നു കുടുംബത്തിന്റെ തീരുമാനം എന്ന് അദ്ദേഹം അമ്മാവനോടു പറഞ്ഞു. അദ്ദേഹം അമ്മാവനെ ഭീഷണിപ്പെടുത്തിയിട്ടു വീട്ടിലേക്കു മടങ്ങി.
എന്റെ സഹോദരൻ പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ അമ്മാവൻ പാതിരാക്ക് എന്നെ വിളിച്ചെഴുന്നേൽപ്പിച്ച് എന്തോ എഴുതിയ ഒരു കടലാസ് എനിക്കു നീട്ടി. അദ്ദേഹം എന്റെ കയ്യിൽ ഒരു പേന വെച്ചിട്ട് പേരെഴുതി ഒപ്പിടാൻ എന്നോടാവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നെറ്റിചുളിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ അതെന്തോ ഗൗരവമായ സംഗതിയാണെന്ന് എനിക്കു മനസ്സിലായി. ഞാൻ ചോദിച്ചു: “അമ്മാവാ, രാവിലെ ഒപ്പിടാൻ അങ്ങെന്നെ അനുവദിക്കാത്തതെന്താ?”
തന്നെ “അമ്മാവാന്നൊന്നും വിളി”ക്കേണ്ട, പെട്ടെന്നു കടലാസിൽ ഒപ്പിട്ടാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊലപാതകനുപോലും തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ അറിയുന്നതിനുള്ള അവകാശമുണ്ടെന്നു ഞാൻ മറുപടി പറഞ്ഞു. ഒപ്പിടുന്നതിനു മുമ്പ് ആ കടലാസ് വായിക്കുന്നതിനുള്ള അവകാശം എനിക്കു തീർച്ചയായുമുണ്ടായിരുന്നു.
അപ്പോൾ, വെറുപ്പോടെ, അദ്ദേഹം അതു വായിക്കാൻ എന്നെ അനുവദിച്ചു. അതിന്റെ തുടക്കം ഏതാണ്ടിങ്ങനെയായിരുന്നു: “യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുകയില്ലെന്നു യു. യു. ഊദോം എന്ന ഞാൻ പ്രതിജ്ഞയെടുത്തിരിക്കുന്നു. എന്റെ ബാഗുകളും പുസ്തകങ്ങളും കത്തിച്ചുകളയാൻ ഞാൻ സമ്മതിക്കുകയും യഹോവയുടെ സാക്ഷികളോട് എനിക്കു മേലാൽ യാതൊരു ബന്ധവുമുണ്ടായിരിക്കുകയില്ലെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. . . .” ആദ്യത്തെ ഏതാനും വരികൾ വായിച്ചുകഴിഞ്ഞപ്പോൾ ഞാൻ ചിരിക്കാൻ തുടങ്ങി. ഞാൻ അദ്ദേഹത്തെ അനാദരിക്കുകയായിരുന്നില്ലെന്നും അത്തരമൊരു രേഖയിൽ ഒപ്പിടാൻ എനിക്കു യാതൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണെന്നും ഉടൻതന്നെ ഞാൻ വിശദീകരിച്ചു.
അമ്മാവൻ വളരെ കുപിതനാകുകയും എന്നോടു പുറത്തുകടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ ഒന്നും മിണ്ടാതെ എന്റെ തുണികളും പുസ്തകങ്ങളും സ്യൂട്ട്കേസിനകത്തു പായ്ക്കുചെയ്ത് അദ്ദേഹത്തിന്റെ വീടിനു പുറത്തുള്ള പ്രവേശനഹാളിലെ തറയിൽ പോയിക്കിടന്നു. അമ്മാവൻ എന്നെ കണ്ടു. പ്രവേശനഹാളിനും വാടകകൊടുക്കുന്നതായതുകൊണ്ട് ഞാൻ ആ കെട്ടിടത്തിൽനിന്നുതന്നെ പുറത്തുകടക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രലോഭനാത്മകമായ ഒരു വാഗ്ദാനം
ഞാൻ ലാഗോസിൽ ചെന്നിട്ടു രണ്ടാഴ്ചയേ ആയിരുന്നുള്ളൂ. അതുകൊണ്ട് എങ്ങോട്ടു പോകണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ രാജ്യഹാളിൽ കൊണ്ടുപോകാൻ വരുമായിരുന്ന സഹോദരൻ എവിടെയാണു താമസിക്കുന്നതെന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് പ്രഭാതമായപ്പോൾ സഹായത്തിനായി യഹോവയോടു പ്രാർഥിച്ചുകൊണ്ടു ഞാൻ അലഞ്ഞുനടക്കാൻ തുടങ്ങി.
അന്നു വൈകുന്നേരം ഞാനൊരു പെട്രോൾ പമ്പിന്റെ അടുത്തുചെന്നുപെട്ടു. ഞാൻ അതിന്റെ ഉടമസ്ഥനെ സമീപിക്കുകയും കള്ളൻമാർ മോഷ്ടിക്കാതിരിക്കുന്നതിന് എന്റെ പെട്ടി രാത്രിസമയം ഓഫീസിൽ പൂട്ടിവെക്കാമോയെന്നു ചോദിക്കുകയും ചെയ്തു. ഈ അഭ്യർഥന ഞാൻ വീട്ടിൽ പോകാത്തതെന്തെന്നു ചോദിക്കാൻ അദ്ദേഹത്തെ ജിജ്ഞാസുവാക്കിത്തീർത്തു. ഞാൻ അദ്ദേഹത്തോട് എന്റെ കഥ വിവരിച്ചു.
ദയാലുവായ അദ്ദേഹം തന്റെ വീട്ടിൽ വേലക്കാരനായി ജോലിതരാമെന്ന് എന്നോടു വാഗ്ദാനം ചെയ്തു. തന്നെ വീട്ടിൽ സഹായിക്കുകയാണെങ്കിൽ സ്കൂളിൽ അയയ്ക്കാമെന്നുപോലും അദ്ദേഹം പറഞ്ഞു. അത് പ്രലോഭനാത്മകമായ ഒരു വാഗ്ദാനമായിരുന്നു. എന്നാൽ ഒരു വീട്ടുവേലക്കാരനായിരുന്നാൽ ദിവസവും അതിരാവിലെമുതൽ രാത്രി വൈകിവരെ ജോലിചെയ്യേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. മാത്രമല്ല, കള്ളൻമാരുമായി ഗൂഢാലോചന നടത്തി വീടു കൊള്ളയടിച്ചേക്കുമെന്ന ഭയം മൂലം വേലക്കാരായ ആൺകുട്ടികൾ വീടിനു പുറത്തുള്ളവരുമായി ഇടപഴകുന്നതു നിരുത്സാഹപ്പെടുത്തിയിരുന്നു. എത്രപോയാലും സാധ്യതയനുസരിച്ച് എനിക്ക് മാസത്തിൽ ഒരു ഞായറാഴ്ച മാത്രമേ അവധി ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം കാണിച്ച താത്പര്യത്തിന് ഞാൻ ആത്മാർഥമായ നന്ദി പറഞ്ഞെങ്കിലും വാഗ്ദാനം നിരസിച്ചു. അദ്ദേഹത്തിനുവേണ്ടി ഞാനൊരു വേലക്കാരനായി സേവിച്ചാൽ രാജ്യഹാളിലെ യോഗങ്ങളിൽ പങ്കെടുക്കാൻ എനിക്കു ബുദ്ധിമുട്ടാകുമെന്നു ഞാൻ പറഞ്ഞു.
“തലചായ്ക്കാനൊരിടം പോലുമില്ലാത്തപ്പോൾ നിനക്കു യോഗങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാനാവും?” അയാൾ ചോദിച്ചു. യോഗങ്ങളിൽ ഹാജരാകാതിരിക്കാമെന്നു ഞാൻ സമ്മതിക്കുകയായിരുന്നെങ്കിൽ എനിക്കെന്റെ പിതാവിന്റെ വീട്ടിൽ താമസിക്കാമായിരുന്നു എന്നു ഞാൻ മറുപടി പറഞ്ഞു. എന്റെ മതം കാരണമായിരുന്നു എന്നെ ഇറക്കിവിട്ടത്. പെട്ടി വെക്കാനുള്ള ഒരു സ്ഥലം മാത്രമേ എനിക്ക് അദ്ദേഹത്തിൽനിന്ന് ആവശ്യമുണ്ടായിരുന്നുള്ളൂ. ഇത്രയുമായപ്പോഴേക്കും അത് എനിക്കുവേണ്ടി സൂക്ഷിക്കാൻ അദ്ദേഹം സമ്മതിച്ചു.
മറ്റൊരു കുടുംബത്തെ കണ്ടുമുട്ടുന്നു
പെട്രോൾ പമ്പിനു പുറത്തുകിടന്നാണു ഞാൻ മൂന്നു ദിവസം ഉറങ്ങിയത്. ആഹാരം വാങ്ങാൻ എന്റെ കയ്യിൽ പണമില്ലായിരുന്നു. അതുകൊണ്ട് ആ സമയത്ത് എനിക്കു കഴിക്കാൻ യാതൊന്നുമില്ലായിരുന്നു. നാലാം ദിവസം അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ തെരുവിലൂടെ പോകുന്ന ആളുകൾക്ക് വീക്ഷാഗോപുരവും ഉണരുക!യും കൊടുക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടു. ആഹ്ലാദത്തോടെ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്ന് ഗോഡ്വിൻ ഇഡെ സഹോദരനെ അറിയുമോയെന്നു ചോദിച്ചു. ഞാൻ എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് അറിയാൻ അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട് എനിക്കു സംഭവിച്ചതെല്ലാം ഞാൻ അദ്ദേഹത്തോടു വിവരിച്ചു.
ഞാൻ പറഞ്ഞുതീർന്ന ഉടനെ അദ്ദേഹം മാസികകൾ ബാഗിലേക്കു വച്ചിട്ട് ഇങ്ങനെ ചോദിച്ചു: “ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ ഇവിടെ ലാഗോസിലുള്ളപ്പോൾ നീയെന്തിനു കഷ്ടപ്പെടണം?” അദ്ദേഹം ഒരു ടാക്സി കൈകാട്ടി വിളിച്ച് എന്റെ പെട്ടിയെടുക്കാനായി എന്നെയും കൂട്ടി പെട്രോൾ പമ്പിലേക്കു പോയി. പിന്നെ അദ്ദേഹം എന്നെ തന്റെ മുറിയിലേക്കു കൊണ്ടുപോകുകയും എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം അടുത്തു താമസിക്കുന്ന ഇഡെ സഹോദരനെ വിളിക്കാൻ ആളുവിട്ടു.
ഇഡെ സഹോദരൻ വന്നപ്പോൾ എന്നെ ആരുടെകൂടെ പാർപ്പിക്കണമെന്നതു സംബന്ധിച്ച് അവർ തമ്മിൽ തർക്കമായി. രണ്ടുപേർക്കും എന്നെ വേണമായിരുന്നു! ഒടുവിൽ എന്നെ പങ്കിടാൻ അവർ തീരുമാനിച്ചു—പകുതിസമയം ഒരാളുടെ കൂടെയും പകുതിസമയം മറ്റെയാളുടെ കൂടെയും ഞാൻ താമസിക്കുമായിരുന്നു.
അതുകഴിഞ്ഞയുടൻതന്നെ സന്ദേശം അറിയിക്കുന്ന പയ്യനായി എനിക്കു ജോലി ലഭിച്ചു. എനിക്കെന്റെ ആദ്യ ശമ്പളം ലഭിച്ചപ്പോൾ ഞാൻ രണ്ടു സഹോദരങ്ങളോടും സംസാരിക്കുകയും ആഹാരത്തിനും വാടകയ്ക്കുമായി ഞാൻ അവർക്ക് എത്ര കൊടുക്കണമെന്നു ചോദിക്കുകയും ചെയ്തു. ഒന്നും തരേണ്ടതില്ലെന്ന് അവർ ചിരിച്ചുകൊണ്ടു പറഞ്ഞു.
പെട്ടെന്നുതന്നെ ഞാൻ സായാഹ്ന ക്ലാസ്സുകൾക്കും സ്വകാര്യ ട്യൂഷനും വേണ്ടി രജിസ്റ്റർ ചെയ്തു. ക്രമേണ ഞാനെന്റെ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കി. എന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടു. സെക്രട്ടറിയെന്നനിലയിൽ ഒരു മെച്ചമായ ജോലി എനിക്കു കിട്ടി. ക്രമേണ സ്വന്തമായി ഒരു സ്ഥലവും സ്വരൂപിച്ചു.
1972 ഏപ്രിലിൽ ഞാൻ സ്നാപനമേറ്റു. എനിക്ക് അപ്പോൾ 17 വയസ്സായിരുന്നു. യഹോവ എനിക്കുവേണ്ടി ചെയ്തതിനെല്ലാമുള്ള, പ്രത്യേകിച്ച് ആ ദുഷ്കരമായ സമയത്ത് യഹോവ ചെയ്ത കാര്യങ്ങൾക്കുള്ള, എന്റെ വിലമതിപ്പു പ്രകടിപ്പിക്കാനായി പയനിയർ സേവനത്തിൽ പ്രവേശിക്കാൻ ഞാൻ ആഗ്രഹിച്ചു. സാധ്യമായപ്പോഴൊക്കെ ഞാനൊരു താത്കാലിക പയനിയറായി പേർചാർത്തി. അതു സ്ഥിരമായിത്തീരുന്നതിനു കുറെ വർഷങ്ങളെടുത്തു. ഒടുവിൽ, 1983-ൽ ഞാൻ നിരന്തര പയനിയറായി പേർചാർത്തി.
അപ്പോഴേക്കും ഞാനെന്റെ ആത്മീയ കുടുംബത്തെ അങ്ങേയറ്റം വിലമതിച്ചുകഴിഞ്ഞു. യേശുവിന്റെ ഈ വാക്കുകൾ എന്റെ കാര്യത്തിൽ തീർച്ചയായും സത്യമെന്നു തെളിഞ്ഞു: “ദൈവരാജ്യംനിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”—ലൂക്കൊസ് 18:29, 30.
സാക്ഷികൾ എന്നോടു യഥാർഥത്തിൽ സ്നേഹം പ്രകടിപ്പിക്കുകയും എനിക്കുവേണ്ടി കരുതുകയും ചെയ്തു. എനിക്കു പണമില്ലായിരുന്നപ്പോൾ അവർ എനിക്ക് അഭയം നൽകി. അവരുടെയും എന്റെ സ്വർഗീയ പിതാവിന്റെയും സഹായത്തോടെ ഞാൻ ആത്മീയമായി പുഷ്ടിപ്രാപിച്ചു. എനിക്കു ലൗകിക വിദ്യാഭ്യാസം ലഭിച്ചെന്നു മാത്രമല്ല, യഹോവയുടെ വഴികളെക്കുറിച്ചും ഞാൻ പഠിച്ചു.
ഈ ആളുകളെ ഉപേക്ഷിക്കാനാണ് എന്റെ സ്വാഭാവിക കുടുംബം എന്നിൽ സമ്മർദം ചെലുത്തിയത്. ഞാൻ അതിനു വിസമ്മതിച്ചപ്പോൾ എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ ആത്മീയ സഹോദരീസഹോദരൻമാർ എന്റെ സ്വാഭാവിക കുടുംബത്തെ ഉപേക്ഷിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചോ? ഇല്ലേ ഇല്ല. ബൈബിൾ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്വിൻ.”—ലൂക്കൊസ് 6:31.
എന്നെ ഉപേക്ഷിച്ച കുടുംബത്തെ സഹായിക്കുന്നു
ഞാൻ വീട്ടിൽനിന്നു പോന്നയുടനെ നൈജീരിയയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. എന്റെ ഗ്രാമം പാടേ തകർന്നു. എന്റെ പല സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ജീവൻ നഷ്ടമായി. എനിക്കുവേണ്ടി കെഞ്ചിയപേക്ഷിച്ച എന്റെ രണ്ടാനമ്മയും മരിച്ചു. സമ്പദ്സ്ഥിതിയും തകർച്ചയിലായിരുന്നു.
യുദ്ധം അവസാനിച്ചപ്പോൾ ഞാൻ വീട്ടിലേക്കു പോയി. അവിടെ, ഞാനൊരു കുട്ടിയായിരുന്നപ്പോൾ എന്നെ ഓടിച്ചുവിടുന്നതിൽ പങ്കുചേർന്ന എന്റെ സഹോദരൻമാരിൽ ഒരാളെ ഞാൻ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും രോഗികളായി ആശുപത്രിയിലായിരുന്നു. അതുകൊണ്ട് ഞാൻ സഹതാപം പ്രകടിപ്പിക്കുകയും എനിക്ക് എന്തു സഹായം ചെയ്യാനാവുമെന്നു ചോദിക്കുകയും ചെയ്തു.
ഒരുപക്ഷേ കുറ്റബോധം കൊണ്ടായിരിക്കാം, യാതൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. കുടുംബം എന്നോടു ചെയ്തതിനു ഞാൻ പകരംവീട്ടുമെന്നു വിചാരിക്കരുതെന്നു ഞാൻ വിശദീകരിച്ചു. അവർ അറിവില്ലായ്മകൊണ്ടു ചെയ്തതാണെന്ന് എനിക്കറിയാമെന്നും ഇപ്പോൾ അദ്ദേഹത്തെ സഹായിക്കാൻ എനിക്കു യഥാർഥമായ ആഗ്രഹമുണ്ടെന്നും ഞാൻ പറഞ്ഞു.
അപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി. തന്റെ കയ്യിൽ പണമില്ലെന്നും കുട്ടികൾ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം സമ്മതിച്ചുപറഞ്ഞു. 300 ഡോളറിന് (യു.എസ്.) തുല്യമായ തുക ഞാൻ അദ്ദേഹത്തിനു കൊടുക്കുകയും ലാഗോസിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവോ എന്ന് ചോദിക്കുകയും ചെയ്തു. ലാഗോസിലേക്കു മടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന് ഒരു ജോലി തരപ്പെടുത്തിക്കൊടുക്കുകയും വന്ന് എന്റെ കൂടെ താമസിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. വീട്ടിലുള്ള ഭാര്യക്കും മക്കൾക്കും അയച്ചുകൊടുക്കാനുള്ള പണം സമ്പാദിച്ചുകൊണ്ട് അദ്ദേഹം എന്റെ കൂടെ രണ്ടു വർഷം താമസിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ താമസത്തിനും ഭക്ഷണത്തിനുമുള്ള പണം ഞാൻ സന്തോഷത്തോടെ കൊടുത്തു.
യഹോവയുടെ സാക്ഷികൾ സത്യമതം ആചരിക്കുന്നവരാണെന്നു തനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ലോകക്കാരനായിത്തീർന്നില്ലായിരുന്നെങ്കിൽ താനും ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നേനെ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ ഭാര്യക്കും കുട്ടികൾക്കും ഒരു ബൈബിളധ്യയനത്തിനു വേണ്ടി ക്രമീകരണം ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
1987-ൽ എനിക്ക് സർക്കിട്ട് വേലക്കുള്ള ക്ഷണം ലഭിച്ചു. 1991 ഏപ്രിലിൽ ഞാൻ സാറാ ഉക്പോങ്ങിനെ വിവാഹം കഴിച്ചു. സർക്കിട്ട് വേല ഉപേക്ഷിച്ച് നൈജീരിയ ബ്രാഞ്ചിൽ സേവിക്കാൻ 1993-ൽ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. ഞങ്ങൾ ആ ക്ഷണം സ്വീകരിക്കുകയും എന്റെ ഭാര്യ ഗർഭിണിയാകുന്നതുവരെ അവിടെ സേവിക്കുകയും ചെയ്തു.
ചെറുപ്പത്തിൽ എന്റെ കുടുംബം എന്നെ പുറന്തള്ളിയെങ്കിലും എന്നെ ആലിംഗനം ചെയ്യാൻ ഒരു ആത്മീയ കുടുംബം ഉണ്ടായിരുന്നു—മാതാപിതാക്കളും സഹോദരൻമാരും സഹോദരിമാരും കുട്ടികളും. ഞാൻ ആത്മാർഥമായി സ്നേഹിക്കുകയും എന്നെ ആത്മാർഥമായി സ്നേഹിക്കുകയും ചെയ്യുന്ന ഈ അതുല്യമായ ആഗോള കുടുംബത്തിലായിരിക്കുന്നത് എന്തോരാനന്ദമാണ്!—ഊദോം ഊദോ പറഞ്ഞപ്രകാരം.
[23-ാം പേജിലെ ചിത്രം]
ഊദോം ഊദോയും സാറാ ഊദോയും