മതപരമായ സത്യം പ്രാപ്യമോ?
സ്വീഡനിൽ ഒരു സർവകലാശാലാ പട്ടണമായ ഉപ്പ്സലയിൽ ആത്മീയകുതുകിയായ ഒരു വ്യക്തി തന്റെ പട്ടണത്തിലുള്ള വ്യത്യസ്ത മത വിശ്വാസങ്ങളെപ്പററി, അവരുടെ ആരാധനാ സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടുപോലും, പഠിക്കാൻ തീരുമാനിച്ചു. അദ്ദേഹം അവയുടെ വൈദികരുടെ പ്രസംഗങ്ങൾ കേൾക്കുകയും ചില അംഗങ്ങളുമായി അഭിമുഖം നടത്തുകയും ചെയ്തു. “സത്യം കണ്ടെത്തി”യെന്ന ബോധ്യമുള്ളതു യഹോവയുടെ സാക്ഷികൾക്കു മാത്രമാണെന്ന് അദ്ദേഹം ശ്രദ്ധിച്ചു. മതപരമായ വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലിരിക്കെ അത്തരമൊരു അവകാശവാദം അവർക്കെങ്ങനെ നടത്താനാവുമെന്ന് അദ്ദേഹം അതിശയിച്ചു.
മതപരമായ സത്യം പ്രാപിക്കാനാവുമെന്നു നിങ്ങൾ വ്യക്തിപരമായി കരുതുന്നുണ്ടോ? ആത്യന്തിക സത്യം എന്താണെന്നു നിർണയിക്കാൻപോലും കഴിയുമോ?
തത്ത്വശാസ്ത്രവും സത്യവും
ആത്യന്തിക സത്യം മനുഷ്യവർഗത്തിന് എത്തിപ്പിടിക്കാവുന്ന ദൂരത്തല്ല എന്ന വീക്ഷണം തത്ത്വശാസ്ത്രം പഠിച്ചിട്ടുള്ളവർ വളർത്തിയെടുത്തിരിക്കുന്നു. “അസ്തിത്വത്തിന്റെയും ജീവന്റെയും ഉത്ഭവത്തെപ്പററി വിശദീകരിക്കാൻ ശ്രമിക്കുന്ന ശാസ്ത്രം” എന്നു തത്ത്വശാസ്ത്രത്തെ നിർവചിച്ചിരിക്കുന്ന കാര്യം നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ വാസ്തവത്തിൽ, തത്ത്വശാസ്ത്രം അത്രത്തോളം പോകുന്നില്ല. ഫിലോസോഫെൻസ് ഹിസ്റേറാറിയ (തത്ത്വശാസ്ത്രത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തിൽ അലി അൽബർഗ് എന്ന സ്വീഡിഷ് എഴുത്തുകാരൻ ഇങ്ങനെ എഴുതി: “തത്ത്വശാസ്ത്രപരമായ അനേകം ചോദ്യങ്ങളുടെയും സ്വഭാവം നിമിത്തം അവയ്ക്കെല്ലാം സുനിശ്ചിതമായ ഉത്തരം നൽകാൻ സാധ്യമല്ല. . . . [കാര്യങ്ങളുടെ പ്രാഥമിക തത്ത്വങ്ങളോടു ബന്ധപ്പെട്ടുള്ള] തത്ത്വമീമാംസാപരമായ പ്രശ്നങ്ങൾ ഈ . . . വിഭാഗത്തിൽപ്പെട്ടതാണെന്ന് അനേകർ അഭിപ്രായപ്പെടുന്നു.”
തദനന്തരം, ജീവനെപ്പററിയുള്ള ജീവത്പ്രധാനമായ ചോദ്യങ്ങൾക്കു തത്ത്വശാസ്ത്രത്തിലൂടെ ഉത്തരം കണ്ടെത്താൻ ശ്രമിച്ചിട്ടുള്ളവർ മിക്കപ്പോഴും അസംതൃപ്തിക്കും അതിവ്യസനത്തിനും പാത്രമാവുകയാണു ചെയ്തിട്ടുള്ളത്. ററങ്കലിനയർ ഓക്ക് ട്രസ്ഫോർമർ (ചിന്താഗതിയും മതവിശ്വാസവും) എന്ന തന്റെ ഗ്രന്ഥത്തിൽ സ്വീഡിഷ് ഗ്രന്ഥകാരനായ ഗുണാർ അസ്പലിൻ ഇങ്ങനെ പറഞ്ഞു: “ചിത്രശലഭത്തിലും കൊതുകിലുമുള്ള താത്പര്യത്തെക്കാൾ കവിഞ്ഞ താത്പര്യമൊന്നും പ്രകൃതിക്കു മനുഷ്യരിൽ ഇല്ലെന്നു നാം കാണുന്നു . . . പ്രപഞ്ചത്തിലും നമ്മുടെ ആന്തരിക ലോകത്തിലും അന്യോന്യം വർത്തിക്കുന്ന ശക്തികളുടെ മുമ്പിൽ നാം അശക്തർ, തികച്ചും അശക്തരാണ്. മനുഷ്യർ പുരോഗതിയിൽ തങ്ങളുടെ വിശ്വാസമർപ്പിക്കുകയും മെച്ചപ്പെട്ട ഒരു ഭാവി സ്വപ്നം കാണുകയും ചെയ്ത ഒരു നൂററാണ്ടിന്റെ അവസാനം ജീവനെപ്പററി സാഹിത്യങ്ങളിൽ മിക്കപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ള വീക്ഷണഗതി ഇതാണ്.”
സത്യത്തെപ്പററിയുള്ള ഒരു വെളിപാട് ആവശ്യമോ?
ജീവനെപ്പററിയുള്ള സത്യം കണ്ടെത്തുന്നതിൽ മനുഷ്യ ശ്രമങ്ങളിലൂടെ മാത്രം വിജയം കണ്ടെത്താനായിട്ടില്ലെന്നതു സ്പഷ്ടമാണ്, ഒരിക്കലും അവർക്ക് അതിനു കഴിയുകയില്ലെന്നു തോന്നുന്നു. അപ്പോൾപ്പിന്നെ, ഏതെങ്കിലും വിധത്തിലുള്ള ദിവ്യ വെളിപാട് അത്യാവശ്യമാണെന്ന നിഗമനത്തിലെത്തിച്ചേരുന്നതിനു നല്ല കാരണങ്ങളുണ്ട്. പ്രകൃതിയാകുന്ന പുസ്തകം എന്ന് അനേകർ പേർവിളിക്കുന്നത് ചിലതൊക്കെ വെളിപ്പെടുത്തുന്നുണ്ട്. ജീവന്റെ ഉത്ഭവം സംബന്ധിച്ച് അഖണ്ഡ്യമായ വിശദാംശങ്ങൾ അതു നൽകുന്നില്ലെങ്കിലും ജീവനെപ്പററി കേവലം ഭൗതികത്വപരമായ വിശദീകരണത്തിലും അധികം സംതൃപ്തികരമായ ചില സംഗതികൾ ഉണ്ടെന്ന് അതു കാണിക്കുകതന്നെ ചെയ്യുന്നു. പുല്ലിന്റെ മുളച്ചുപൊങ്ങുന്ന ഒരു നാമ്പ്, ഇടിഞ്ഞുതകരുന്ന ഗർത്തത്തിലുള്ള ഒരു കൂട്ടം പാറക്കഷണങ്ങളെ നയിക്കുന്ന നിയമത്തിൽനിന്നു വ്യത്യസ്തമായ നിയമം പിൻപററുന്നു. പ്രകൃതിയിലെ ജീവനുള്ള വസ്തുക്കൾ നിർജീവ വസ്തുക്കൾക്കു ചെയ്യാനാവാത്തവിധം സ്വയം പണിതുയർത്തുകയും ക്രമീകരിക്കുകയും ചെയ്യുന്നു. “[ദൈവത്തി]ന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു” എന്ന നിഗമനത്തിലെത്തിച്ചേരാൻ നിയമവും മതവും പഠിച്ച പ്രശസ്തനായ ഒരു വിദ്യാർഥിക്കു നല്ല അടിസ്ഥാനമുണ്ടായിരുന്നു.—റോമർ 1:20.
എന്നാൽ ഈ നിർമാണത്തിനും സംഘാടനത്തിനും പിന്നിൽ ആരെന്നു കണ്ടുപിടിക്കാൻ നമുക്കു കൂടുതലായ ഒരു വെളിപാട് ആവശ്യമാണ്. അത്തരമൊരു വെളിപാടു നിലവിലുണ്ടായിരിക്കാൻ നാം പ്രതീക്ഷിക്കേണ്ടതല്ലേ? ഭൂമിയിലെ ജീവന് ഉത്തരവാദിയായവൻ തന്റെ സൃഷ്ടികൾക്ക് തന്നെ സ്വയം വെളിപ്പെടുത്തിക്കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമല്ലേ?
ബൈബിൾ അത്തരം വെളിപാടാണെന്ന് അവകാശപ്പെടുന്നു. ഈ അവകാശവാദത്തെ അംഗീകരിക്കുന്നതിനുവേണ്ടി ഞങ്ങൾ ഈ മാസികയിൽ മിക്കപ്പോഴും നല്ല കാരണങ്ങൾ നൽകിയിട്ടുണ്ട്, ചിന്തിക്കുന്ന അനേകർ അത് അംഗീകരിച്ചിട്ടുമുണ്ട്. തങ്ങൾ എഴുതിയ കാര്യങ്ങൾ തങ്ങളുടെ സ്വന്തമല്ല എന്നു വ്യക്തമാക്കാൻ ബൈബിൾ എഴുത്തുകാർ ഉത്സുകരായിരുന്നുവെന്ന സംഗതി തികച്ചും ശ്രദ്ധേയമാണ്. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നപോലുള്ള പദപ്രയോഗങ്ങൾ 300-ലധികം പ്രാവശ്യം ബൈബിൾ പ്രവാചകൻമാർ ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. (യെശയ്യാവു 37:33; യിരെമ്യാവു 2:2; നഹൂം 1:12) ഗ്രന്ഥങ്ങളോ ലേഖനങ്ങളോ എഴുതുന്ന സ്ത്രീ പുരുഷൻമാർ സാധാരണഗതിയിൽ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഒപ്പിടാൻ വളരെ വ്യഗ്രതയുള്ളവരാണെന്ന കാര്യം നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും. എങ്കിലും, ബൈബിൾ എഴുതിയവർ തങ്ങളെ അപ്രസക്തസ്ഥാനത്തു നിർത്തുകയാണു ചെയ്തത്; ചില സന്ദർഭങ്ങളിൽ ബൈബിളിന്റെ ചില ഭാഗങ്ങൾ എഴുതിയത് ആരാണെന്നു നിർണയിക്കുകപോലും പ്രയാസമാണ്.
ബൈബിളിനെപ്പററി ശ്രദ്ധേയമായി കാണുന്ന മറെറാരു സംഗതി അതിന്റെ ആന്തരിക പൊരുത്തമാണ്. ബൈബിളിന്റെ 66 പുസ്തകങ്ങൾ 1,600-ലധികം വർഷങ്ങൾകൊണ്ട് എഴുതപ്പെട്ടതാണ് എന്നു പരിചിന്തിക്കുമ്പോൾ ഇതു തികച്ചും ശ്രദ്ധേയമാണ്. നിങ്ങൾ ഒരു പൊതു ഗ്രന്ഥശാലയിൽ പോയി 16 നൂററാണ്ടുകളുടെ കാലയളവിൽ എഴുതിയ 66 മതഗ്രന്ഥങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നു സങ്കൽപ്പിക്കുക. അതിനുശേഷം അവയെല്ലാം കൂടി ഒരു ബയൻറിട്ട വാല്യമാക്കുന്നുവെന്നിരിക്കട്ടെ. ആ വാല്യത്തിന് ഒരു പൊതു വിഷയവും പൊരുത്തമുള്ള സന്ദേശവും ഉണ്ടായിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുമോ? തീർച്ചയായും ഇല്ല. അതിന് ഒരത്ഭുതം തന്നെ വേണ്ടിവരും. ഇതു പരിചിന്തിക്കുക: ബൈബിളിലെ പുസ്തകങ്ങൾക്കു പൊതുവായ ഒരു വിഷയമുണ്ട്, അവ പരസ്പരം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ബൈബിൾ എഴുത്തുകാർ എന്ത് എഴുതണമെന്നു മാർഗനിർദേശം നൽകിയ ഒരു മികച്ച ബുദ്ധിശക്തി ഇതിനു പിന്നിൽ ഉണ്ടായിരിക്കണമെന്ന് ഇതു പ്രകടമാക്കുന്നു.
എന്നിരുന്നാലും, മറെറന്തിനെക്കാളുമുപരിയായി ബൈബിളിന്റെ ദിവ്യ ഉറവിടം തെളിയിക്കുന്ന ഒരു സവിശേഷത നിങ്ങൾ കണ്ടെത്തും. പ്രവചനങ്ങൾ—ഭാവിയിൽ സുനിശ്ചിതമായും എന്തു സംഭവിക്കും എന്നതിനെപ്പററി കാലേകൂട്ടി എഴുതപ്പെട്ട വിവരങ്ങൾ. “അന്നാളിൽ . . . സംഭവിക്കും,” “നാളുകളുടെ അന്തിമഭാഗത്തു . . . സംഭവിക്കും” എന്നീ പദപ്രയോഗങ്ങൾ ബൈബിളിലല്ലാതെ മറെറങ്ങും കാണാനാവില്ല. (യെശയ്യാവ് 2:2, NW; 11:10, 11; 23:15; യെഹെസ്കേൽ 38:18; ഹോശേയ 2:21-23; സെഖര്യാവു 13:2-4) യേശു ഭൂമിയിലേക്കു വരുന്നതിനു നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് അവന്റെ ജീവിതത്തെപ്പററി—ജനനം മുതൽ മരണം വരെ—എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ വിശദാംശങ്ങൾ പ്രദാനംചെയ്തു. ജീവിതത്തെപ്പററിയുള്ള സത്യത്തിന്റെ ഉറവാണു ബൈബിൾ എന്നല്ലാതെ ന്യായയുക്തമായ മറെറാരു നിഗമനത്തിലും എത്തിച്ചേരാൻ ആവതല്ല. “നിന്റെ വചനം സത്യമാകുന്നു” എന്ന വാക്കുകളിലൂടെ യേശുതന്നെയും അതിന് ഉറപ്പേകുന്നു.—യോഹന്നാൻ 17:17.
മതവും സത്യവും
ബൈബിളിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന അനേകർപോലും ആത്യന്തിക സത്യം പ്രാപ്യമല്ലെന്നു വിശ്വസിക്കുന്നു. യു.എസ്. വൈദികനായ ജോൺ എസ്. സ്പോൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നാം . . . നമ്മുടെ പക്കൽ സത്യമുണ്ടെന്ന ധാരണ മാററിയെടുക്കണം, അതേസമയം ആത്യന്തിക സത്യം ആർക്കും എത്തിപ്പിടിക്കാനാവില്ല എന്നു തിരിച്ചറിയുന്നതിനു മററുള്ളവർ നമ്മുടെ വീക്ഷണത്തോടു യോജിക്കുകയും വേണം.” സത്യം കണ്ടെത്തുന്നതു സംബന്ധിച്ച അത്തരം നിഷേധാത്മക വീക്ഷണത്തിന് ഒരു കാരണം ഒരു റോമൻ കത്തോലിക്കാ ഗ്രന്ഥകാരനായ ക്രിസ്ററഫർ ഡെറിക് നൽകുന്നു: “മതപരമായ ‘സത്യം’ സംബന്ധിച്ചുള്ള എന്തു സൂചനയും അറിയുക എന്ന അവകാശവാദത്തെ അർഥമാക്കുന്നു . . . ഒരുപക്ഷേ മറെറാരുവന്റെ വശത്തായിരിക്കും തെററ് എന്നു നിങ്ങൾ അനുമാനിക്കുന്നു; അതു ശരിയല്ല.”
എന്നുവരികിലും, ചിന്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ പ്രസക്തമായ ചില ചോദ്യങ്ങൾ പരിചിന്തിക്കുന്നതു നിങ്ങൾക്കു പ്രയോജനപ്രദമായിരിക്കും. സത്യം പ്രാപ്യമല്ലെങ്കിൽ, “സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും” എന്ന് യേശുക്രിസ്തു എന്തിനു പറഞ്ഞു? “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ഇച്ഛിക്കുന്നു എന്ന് യേശുവിന്റെ അപ്പോസ്തലൻമാരിലൊരാൾ പറയേണ്ട കാര്യമെന്ത്? വിശ്വാസത്തോടുള്ള ബന്ധത്തിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “സത്യം” എന്ന പദം നൂറിലധികം പ്രാവശ്യം കാണാൻ കഴിയുന്നത് എന്തുകൊണ്ട്? അതേ, സത്യം അപ്രാപ്യമെങ്കിൽ അതിന്റെ ആവശ്യമെന്ത്?—യോഹന്നാൻ 8:32; 1 തിമൊഥെയൊസ് 2:3, 4.
വാസ്തവത്തിൽ, യേശു സത്യം പ്രാപ്യമെന്നു ചൂണ്ടിക്കാട്ടുക മാത്രമല്ല നമ്മുടെ ആരാധന ദൈവത്താൽ അംഗീകരിക്കപ്പെടേണ്ടതിന് അതു കണ്ടെത്തേണ്ടത് ആവശ്യമാണെന്നു കാണിക്കുകയും ചെയ്തു. ആരാധനയുടെ യഥാർഥ വിധം—യഹൂദൻമാർ യെരുശലേമിൽ ആരാധിച്ച വിധമോ ശമര്യാക്കാർ ഗെരിസിം മലയിൽ ആരാധിച്ച വിധമോ—എന്താണെന്ന് ശമര്യാക്കാരി സ്ത്രീ ആരാഞ്ഞപ്പോൾ സത്യം അപ്രാപ്യമാണെന്നു പറഞ്ഞുകൊണ്ട് യേശു ഉത്തരം നൽകിയില്ല. മറിച്ച്, അവൻ പറഞ്ഞു: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; . . . തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—യോഹന്നാൻ 4:23, 24.
‘ബൈബിൾ പലവിധങ്ങളിൽ വ്യാഖ്യാനം ചെയ്യാമല്ലോ, തൻമൂലം ആർക്കും സത്യം എന്താണെന്നു തീർച്ചപ്പെടുത്താനാവില്ല’ എന്ന് അനേകർ അവകാശവാദം ചെയ്യുന്നു. എന്നാൽ, എങ്ങനെ മനസ്സിലാക്കണം എന്ന് യാതൊരു പിടിപാടുമില്ലാത്തവണ്ണം അസ്പഷ്ടമായാണോ ബൈബിൾ യഥാർഥത്തിൽ എഴുതപ്പെട്ടിരിക്കുന്നത്? പ്രാവചനികവും പ്രതീകാത്മകവുമായ ചില ഭാഷകൾ ഗ്രഹിക്കാൻ പ്രയാസമാണെന്നു സമ്മതിച്ചേ മതിയാവൂ. ദൃഷ്ടാന്തത്തിന്, ഒട്ടുവളരെ പ്രാവചനിക ഭാഷ അടങ്ങിയിരിക്കുന്ന ദാനിയേലിന്റെ പേരിലുള്ള പുസ്തകം “അന്ത്യകാല”ത്തല്ലാതെ പൂർണമായി മനസ്സിലാവുകയില്ല എന്ന് ദൈവം ദാനിയേലിനോടു പറഞ്ഞു. (ദാനീയേൽ 12:9) ചില ഉപമകളും ചിഹ്നങ്ങളും വ്യാഖ്യാനിക്കേണ്ട ആവശ്യമുണ്ടെന്നതു സ്പഷ്ടമാണ്.
എന്നാൽ ദൈവത്തെ സത്യത്തിൽ ആരാധിക്കുന്നതിന് അത്യാവശ്യമായ അടിസ്ഥാന ക്രിസ്തീയ പഠിപ്പിക്കലുകളുടെയും ധാർമിക മൂല്യങ്ങളുടെയും കാര്യത്തിൽ ബൈബിൾ വളച്ചുകെട്ടില്ലാതെ പറയുന്നുവെന്നതു വ്യക്തമാണ്. പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾക്ക് അത് ഒട്ടും ഇടം നൽകുന്നില്ല. ക്രിസ്തീയ വിശ്വാസം “ഒന്നു” ആണെന്ന് എഫേസ്യർക്ക് എഴുതിയ ലേഖനത്തിൽ പറയപ്പെട്ടിരിക്കുന്നു, അനേകം വിശ്വാസങ്ങൾ ഉണ്ടായിരിക്കാൻ പാടില്ലെന്ന് അതു കാണിക്കുന്നു. (എഫെസ്യർ 4:4-6) ‘ബൈബിൾ അനേക വിധങ്ങളിൽ കൃത്യമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നുവരികിൽ പല വ്യത്യസ്ത “ക്രിസ്തീയ” വിഭാഗങ്ങൾ നിലവിൽ വരാൻ കാരണമെന്ത്?’ എന്ന് ഒരുപക്ഷേ നിങ്ങൾ അതിശയിച്ചേക്കാം. യേശുവിന്റെ അപ്പോസ്തലൻമാർ മരിക്കുകയും സത്യക്രിസ്ത്യാനിത്വത്തിൽനിന്നുള്ള ഒരു വിശ്വാസത്യാഗം വളർന്നുവരികയും ചെയ്ത കാലഘട്ടത്തിലേക്കു തിരിഞ്ഞുനോക്കിയാൽ ഉത്തരം കണ്ടെത്താം.
‘ഗേതമ്പും കളകളും’
ഈ വിശ്വാസത്യാഗത്തെപ്പററി യേശു ഗോതമ്പും കളകളും സംബന്ധിച്ചുള്ള തന്റെ ഉപമയിൽ മുൻകൂട്ടിപ്പറഞ്ഞു. “ഗോതമ്പ്” സത്യക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്നു; “കളകൾ” വ്യാജ അല്ലെങ്കിൽ വിശ്വാസത്യാഗികളായ ക്രിസ്ത്യാനികളെ പ്രതിനിധാനം ചെയ്യുന്നു എന്ന് യേശുതന്നെ വിശദീകരിച്ചു. “മനുഷ്യർ ഉറങ്ങുമ്പോൾ” ഒരു “ശത്രു” വന്ന് ഗോതമ്പു വയലിൽ കളകൾ വിതയ്ക്കുമെന്ന് യേശു പറഞ്ഞു. ഈ വിതയ്ക്കൽ അപ്പോസ്തലൻമാർ മരണത്തിൽ നിദ്രപ്രാപിച്ചശേഷം തുടങ്ങി. സത്യക്രിസ്ത്യാനികളോ വ്യാജക്രിസ്ത്യാനികളോ എന്ന തിട്ടമില്ലായ്മ “വ്യവസ്ഥിതിയുടെ സമാപനംവരെ” തുടരുമെന്ന് ഉപമ കാണിക്കുന്നു. തൻമൂലം, നൂററാണ്ടുകളിലുടനീളം മതപരമായ രംഗത്ത് വെറും നാമധേയ ക്രിസ്ത്യാനികൾ ആധിപത്യം പുലർത്തിപ്പോന്നതുകൊണ്ട് സത്യക്രിസ്താനികളുടെ താദാത്മ്യം അസ്പഷ്ടമായിത്തീർന്നു. എന്നിരുന്നാലും, “വ്യവസ്ഥിതിയുടെ സമാപനത്തിൽ” ഒരു വ്യതിയാനം സംഭവിക്കും. വ്യാജക്രിസ്ത്യാനികളെ സത്യക്രിസ്ത്യാനികളിൽനിന്നു വേർതിരിക്കുന്നതിന് “മനുഷ്യപുത്രൻ തന്റെ ദൂതൻമാരെ അയയ്ക്കും.” അപ്പോസ്തലൻമാരുടെ നാളിലെ നിലവാരത്തിലെത്തുന്ന സത്യക്രിസ്തീയ സഭയെ അപ്പോൾ തിരിച്ചറിയുക എളുപ്പമായിരിക്കുമെന്ന് ഇത് അർഥമാക്കുന്നു.—മത്തായി 13:24-30, 36-43, NW.
“അന്ത്യകാലത്ത് [“നാളുകളുടെ അന്തിമഭാഗത്ത്,” NW] സത്യാരാധകരുടെ അത്തരമൊരു കൂടിവരവിനെക്കുറിച്ച് യെശയ്യാവിന്റെയും മീഖായുടെയും പ്രവചനങ്ങൾ മുൻകൂട്ടി പറയുന്നു. “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും” എന്ന് യെശയ്യാവ് പറയുന്നു. യെശയ്യാവിന്റെ പ്രവചനം നമ്മുടെ നാളിൽ നിറവേറിക്കൊണ്ടിരിക്കയാണെന്നു വസ്തുതകളെ സംബന്ധിച്ചുള്ള ഒരു തുറന്ന വീക്ഷണം കാണിക്കുന്നു.—യെശയ്യാവു 2:2, 3; മീഖാ 4:1-3.
എങ്കിലും, ക്രിസ്തീയ സഭയുടെ വളർച്ച ഏതെങ്കിലും മാനവ ഉദ്യമങ്ങളുടെ ഫലമല്ല. ഒരു കൂട്ടിച്ചേർക്കൽ വേലയ്ക്കുവേണ്ടി താൻ “തന്റെ ദൂതൻമാരെ അയയ്ക്കും” എന്നു യേശു മുൻകൂട്ടി പറഞ്ഞു. ഇതിന്റെ പിന്നിൽ ഒരു പ്രത്യേക ഉദ്ദേശ്യം കൂടിയുണ്ടെന്ന് അവൻ സൂചിപ്പിച്ചു: “അന്നു നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.” (മത്തായി 13:43) ലോകവ്യാപകമായി പ്രബോധനപരമായ അഥവാ വിദ്യാഭ്യാസപരമായ ഒരു വേല ക്രിസ്തീയ സഭയാൽ നടത്തപ്പെടുമെന്ന് ഇതു കാണിക്കുന്നു.
ഇന്ന് 232 രാജ്യങ്ങളിൽ തങ്ങൾ നടത്തിവരുന്ന വിദ്യാഭ്യാസവേലയിൽ യഹോവയുടെ സാക്ഷികൾ ഈ പ്രവചനത്തിന്റെ നിവൃത്തി കാണുന്നു. സാക്ഷികളുടെ വിശ്വാസങ്ങളും പെരുമാററച്ചട്ടങ്ങളും സ്ഥാപനവും ബൈബിളുമായി താരതമ്യം ചെയ്തുകൊണ്ട് ഇവ ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയുമായി യോജിപ്പിലാണെന്നു മുൻവിധിയില്ലാത്ത ആളുകൾക്ക് സ്പഷ്ടമായി കാണാൻ കഴിയും. സാക്ഷികൾ തങ്ങളുടെ വിശ്വാസം “സത്യം” എന്നു പറയുന്നത് തങ്ങൾ മേൻമയുള്ളവർ എന്ന എന്തെങ്കിലും ഭാവം കൊണ്ടല്ല. പകരം, അവർ ദൈവവചനമായ ബൈബിൾ ആഴമായി പഠിക്കുകയും മതം അളക്കുന്നതിനുള്ള ഏക അളവുകോലായി അതിനെ പിൻപററുകയും ചെയ്യുന്നതുകൊണ്ടാണ്.
ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ “സത്യം” എന്നു പരാമർശിച്ചു. (1 തിമൊഥെയൊസ് 3:15; 2 പത്രൊസ് 2:2; 2 യോഹന്നാൻ 1) അവർക്കു സത്യമായിരുന്ന സംഗതി ഇന്നു നമുക്കും സത്യമായിരിക്കണം. ബൈബിൾ പഠിച്ചുകൊണ്ട് അത് അങ്ങനെതന്നെയാണെന്ന് ഉറപ്പുവരുത്താൻ യഹോവയുടെ സാക്ഷികൾ സകലരെയും ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ മററുള്ളവരുടെതിനെക്കാൾ മികച്ച ഒരു മതം കണ്ടെത്തിയതുകൊണ്ടു മാത്രമല്ല സത്യം കണ്ടെത്തിയതുകൊണ്ടുമുള്ള സന്തോഷം നിങ്ങൾ അനുഭവിച്ചറിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു!
[5-ാം പേജിലെ ചതുരം]
സത്യത്തിനെതിരെ ചില തത്ത്വചിന്തകൾ
പ്രകൃതിതത്ത്വജ്ഞാനവാദം: മതപരമായ എല്ലാ ആശയങ്ങളും തെളിയിക്കാനാവാത്ത അസംബന്ധമാണെന്നും തത്ത്വജ്ഞാനത്തിന്റെ ഉദ്ദേശ്യം പൂർത്തിവരാൻ പ്രകൃതിശാസ്ത്രങ്ങളെ ഒരുമിപ്പിക്കുകയാണെന്നുമുള്ള ആശയം.
അസ്തിത്വപരതത്വം: ഇതിനെ പിന്തുണയ്ക്കുന്നവർ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഘോരതയാൽ അത്യധികം സ്വാധീനിക്കപ്പെട്ടു, തൻമൂലം അവർ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണത്തിൽ ദോഷൈകദൃക്കുകളായിത്തീർന്നു. മരണത്തിന്റെയും ജീവിതത്തിന്റെ ശൂന്യതയുടെയും മുമ്പിൽ മമനുഷ്യന്റെ ഉത്കണ്ഠ പരിശോധിക്കുന്നതിന് ഇത് ഊന്നൽ നൽകുന്നു. ദൈവം ഇല്ലാത്തതിനാൽ മനുഷ്യൻ ഉപേക്ഷിക്കപ്പെടുകയും തികച്ചും അലക്ഷ്യമായ ഒരു ലോകത്തിൽ അവൻ ജീവിക്കുകയും ചെയ്യുന്നുവെന്ന് അസ്തിത്വപരതത്വത്തെപ്പററിയുള്ള എഴുത്തുകാരൻ ജ്സാൻ പോൾ സാർട്രേ പറഞ്ഞു.
സംശയവാദം: അസ്തിത്വത്തെപ്പററി നിരീക്ഷണത്തിലൂടെയോ കാരണത്തിലൂടെയോ ഏതെങ്കിലും ലക്ഷ്യത്തിലോ സാർവലൗകിക അറിവിലോ—ഏതെങ്കിലും സത്യത്തിലോ—എത്തിച്ചേരുക അസാധ്യമാണ്.
തത്ത്വജ്ഞാനപദ്ധതി: നമ്മുടെ ഉറച്ച ബോധ്യങ്ങളുടെ യഥാർഥ മൂല്യം, വിദ്യാഭ്യാസം, സദാചാരം, രാഷ്ട്രീയം എന്നിവ രൂപപ്പെടുത്തുന്നപോലുള്ള മാനവ താത്പര്യങ്ങൾക്കുമേലുള്ള അവയുടെ പ്രായോഗികതയെ ആശ്രയിച്ചുമാത്രം കണക്കിടുന്നു. സത്യത്തിന് അതിൽത്തന്നെ എന്തെങ്കിലും വിലയുള്ളതായി അതു കണക്കിടുന്നില്ല.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പേജ് 3: ഇടത്തുനിന്നു രണ്ടാമത്: Courtesy of The British Museum; Right: Sung Kyun Kwan University, Seoul, Korea