വിദ്വേഷം എന്നെങ്കിലും അവസാനിക്കുമോ?
നിങ്ങൾ ടെലിവിഷൻ വാർത്താപ്രക്ഷേപണം കുറച്ചെങ്കിലും വീക്ഷിച്ചിട്ടുണ്ടെങ്കിൽ വിദ്വേഷം എന്തെന്ന് അറിയാതിരിക്കാൻ വഴിയില്ല. ഈ ലോകത്തു മിക്കവാറും ദിവസേന നടക്കുന്ന കൂട്ടക്കൊലയ്ക്കു രക്തപങ്കിലമായ വഴിച്ചാലിടുന്ന പൊതു സ്വഭാവവിശേഷമാണു വിദ്വേഷം. ബൽഫാസ്റ്റു മുതൽ ബോസ്നിയ വരെയും യെരുശലേം മുതൽ ജോഹാനസ്ബർഗ് വരെയും ഭാഗ്യഹീനരായ കാണികളാണു കൊലചെയ്യപ്പെടുന്നത്.
മിക്കപ്പോഴും അക്രമികൾക്കു തങ്ങളുടെ ഇരകളെ പരിചയമില്ല. അവർ ഒരുപക്ഷേ “എതിർ പാർട്ടി”യിൽ പെട്ടവരാണ് എന്നതാണ് അവരുടെ ഏക “കുറ്റം.” ഒരു ഭീകര മാറ്റക്കച്ചവടത്തിൽ നടക്കുന്ന അത്തരം മരണങ്ങൾ ഏതെങ്കിലും മുൻകാല അക്രമത്തിന്റെ പ്രതികാരനടപടിയോ ഒരുതരം “വർഗീയ വെടിപ്പാക്കലോ” ആണെന്നുവരാം. ഓരോ തവണ കുറ്റകൃത്യം നടക്കുമ്പോഴും അത് എതിർകക്ഷികൾ തമ്മിലുള്ള വിദ്വേഷത്തിന്റെ തീ ആളിക്കത്താൻ ഇടയാക്കുക മാത്രമാണു ചെയ്യുന്നത്.
വിദ്വേഷത്തിന്റെ ഈ ഭീകര വലയങ്ങൾ വർധിച്ചുവരുന്നതായി തോന്നുന്നു. രക്തബന്ധമുള്ള ഗോത്രങ്ങൾ, വംശങ്ങൾ, വർഗങ്ങൾ അല്ലെങ്കിൽ മത വിഭാഗങ്ങൾ എന്നിവയ്ക്കിടയിൽ രക്തപ്പുഴയൊഴുകുന്നു. വിദ്വേഷം എന്നെങ്കിലും ഇല്ലായ്മ ചെയ്യാനാവുമോ? നാം വിദ്വേഷം പ്രകടിപ്പിക്കുന്നതിനുള്ള സ്വാഭാവിക പ്രവണത സഹിതം ജനിക്കാത്തതിനാൽ അതിന് ഉത്തരം നൽകേണ്ടതിനു വിദ്വേഷത്തിന്റെ കാരണങ്ങൾ മനസ്സിലാക്കേണ്ട ആവശ്യമുണ്ട്.
വിദ്വേഷത്തിന്റെ വിത്തു പാകൽ
സാരയെവോയിൽനിന്നുള്ള ഒരു യുവ പെൺകുട്ടി, സ്ലാറ്റാ ഫീലീപോവിക് ഇതുവരെയും ദ്വേഷിക്കാൻ പഠിച്ചിട്ടില്ല. തന്റെ ഡയറിയിൽ വർഗീയ അക്രമത്തെക്കുറിച്ച് അവൾ വാചാലമായി എഴുതുന്നു: “ഞാൻ വീണ്ടും ചോദിക്കുന്നു, എന്തുകൊണ്ട്? എന്തിന്? ആരെ പഴിചാരണം? എന്റെ ചോദ്യത്തിന് ഉത്തരമില്ല. . . . എന്റെ കൂട്ടുകാരികളിലും ഞങ്ങളുടെ സുഹൃത്തുക്കളിലും ഞങ്ങളുടെ കുടുംബാംഗങ്ങളിലും സെർബിയരും ക്രൊയേഷ്യരും മുസ്ലീങ്ങളുമൊക്കെയുണ്ട്. . . . ഞങ്ങൾ നല്ലയാളുകളുമായി കൂട്ടുകൂടുന്നു, ചീത്തയാളുകളുമായല്ല. കൂടാതെ, ചീത്തയാളുകളുടെ ഇടയിലെന്നപോലെ നല്ലയാളുകളുടെ ഇടയിലുമുണ്ടു സെർബിയരും ക്രൊയേഷ്യരും മുസ്ലീങ്ങളും.”
നേരേമറിച്ച് പ്രായമായ അനേകരുടെയും അഭിപ്രായം മറിച്ചാണ്. വെറുക്കുന്നതിനു തങ്ങൾക്ക് അനേക കാരണങ്ങൾ ഉണ്ട് എന്ന് അവർ വിശ്വസിക്കുന്നു. എന്തുകൊണ്ട്?
അനീതി. ഒരുപക്ഷേ വിദ്വേഷം ആളിക്കത്തിക്കാൻ ഉപയോഗിക്കുന്ന പ്രമുഖ ഇന്ധനം അനീതിയും മർദനവുമാണ്. “മർദനം ജ്ഞാനിയെ ഭ്രാന്തുപിടിപ്പിച്ചേക്കും” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:7, NW) ആളുകൾ ബലിയാടാക്കപ്പെടുകയോ മൃഗീയമായ പെരുമാറ്റത്തിനിരയാവുകയോ ചെയ്യുമ്പോൾ മർദകരുടെനേരെ വിദ്വേഷം വളർത്തിയെടുക്കുക അവർക്ക് എളുപ്പമായിരിക്കും. ഒരുപക്ഷേ അനീതിയോ ‘ഭ്രാന്തമോ’ എന്തുതന്നെയായിരുന്നാലും പലപ്പോഴും ഒരു മൊത്തം വിഭാഗത്തിനു നേരെയാണു വിദ്വേഷം തിരിച്ചുവിടുന്നത്.
യഥാർഥമോ സാങ്കൽപ്പികമോ ആയ അനീതിയാണു വിദ്വേഷത്തിനു പ്രധാന കാരണമെന്നിരിക്കെ അതു മാത്രമല്ല കാരണം. മുൻവിധിയാണു മറ്റൊന്ന്.
മുൻവിധി. ഒരു പ്രത്യേക വർഗീയ-രാഷ്ട്രീയ വിഭാഗത്തെ സംബന്ധിച്ചുള്ള അജ്ഞതയിൽനിന്നാണു മിക്കപ്പോഴും മുൻവിധി ഉരുത്തിരിയുന്നത്. കേട്ടുകേൾവിയോ പാരമ്പര്യ വിദ്വേഷമോ ഒന്നോ രണ്ടോ വ്യക്തികളുമായുണ്ടായ മോശമായ അനുഭവമോ നിമിത്തം ചിലർ മുഴു വർഗത്തെ അല്ലെങ്കിൽ രാഷ്ട്രത്തെ മോശമായ ഗുണങ്ങളുള്ളതായി മുദ്രയടിക്കുന്നു. ഒരിക്കൽ മുൻവിധി വേരൂന്നിയാൽ അതിന് ആളുകളെ സത്യത്തിനുനേരെ അന്ധരാക്കാൻ കഴിയും. “ചിലയാളുകളെ നമുക്കു പരിചയമില്ലാത്തതിനാൽ നാം അവരെ വെറുക്കുന്നു; നാം അവരെ വെറുക്കുന്നതുകൊണ്ട് നാം അവരെ പരിചയപ്പെടുന്നില്ല” എന്ന് ആംഗലേയ എഴുത്തുകാരനായ ചാൾസ് കേലബ് കോൾട്ടൺ അഭിപ്രായപ്പെടുന്നു.
നേരേമറിച്ച്, രാഷ്ട്രീയക്കാരും ചരിത്രകാരൻമാരും രാഷ്ട്രീയമോ ദേശീയവാദപരമോ ആയ ലക്ഷ്യങ്ങൾക്കുവേണ്ടി മനഃപൂർവം മുൻവിധിയെ പ്രോത്സാഹിപ്പിക്കുന്നു. അതിനു പ്രഥമ ദൃഷ്ടാന്തമായിരുന്നു ഹിറ്റ്ലർ. ഹിറ്റ്ലർ യൂത്ത് മൂവ്മെന്റിന്റെ ഒരു മുൻ അംഗമായ ഗേഓർഗ് ഇങ്ങനെ പറയുന്നു: “നാസി പ്രചരണം ആദ്യം യഹൂദൻമാരെയും പിന്നീട് റഷ്യാക്കരെയും അതിനുശേഷം ‘ഭരണകൂടത്തിനെതിരെയുള്ള’ സകലരെയും വെറുക്കാൻ ഞങ്ങളെ പഠിപ്പിച്ചു. ഒരു കൗമാരപ്രായക്കാരനെന്ന നിലയിൽ എന്നോടു പറഞ്ഞ സംഗതി ഞാൻ വിശ്വസിച്ചു. എന്നാൽ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു പിന്നീടു മനസ്സിലാക്കി.” നാസി ജർമനിയിലെയും മറ്റിടങ്ങളിലെയും പോലെ വർഗീയവും വംശീയവുമായ മുൻവിധിയെ വിദ്വേഷത്തിന്റെ മറ്റൊരു ഉറവായ ദേശീയവാദവുമായി കൂട്ടിക്കലർത്തിക്കൊണ്ടു ന്യായീകരിച്ചിരിക്കയാണ്.
ദേശീയവാദം, ഗോത്രവാദം, വർഗീയവാദം. ചരിത്രകാരനായ പീറ്റർ ഗേ വിദ്വേഷം നട്ടുവളർത്തൽ (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എന്തു സംഭവിച്ചുവെന്നു വിശദീകരിക്കുന്നു. “രാജ്യസ്നേഹികളുടെ യുദ്ധത്തിൽ ദേശീയവാദം മറ്റു സകലതിനെക്കാളും ശക്തിയുള്ളതായി തെളിഞ്ഞു. ഒരുവന്റെ രാജ്യത്തോടുള്ള സ്നേഹവും അതിന്റെ ശത്രുക്കളോടുള്ള വിദ്വേഷവുമാണ് നീണ്ട പത്തൊമ്പതാം നൂറ്റാണ്ട് ഉത്പാദിപ്പിച്ചിരിക്കുന്ന ഏറ്റവും ശക്തമായ സയുക്തികീകരണം (rationalization).” ജർമൻകാരുടെ ദേശീയത്വ മനോവികാരം, “വിദ്വേഷത്തിന്റെ കീർത്തനം” എന്ന ആയോധന സംഗീതം പ്രസിദ്ധമാക്കി. ബ്രിട്ടനിലും ഫ്രാൻസിലുമുള്ള വിദ്വേഷികൾ, ജർമൻ പടയാളികൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതായും കുട്ടികളെ കൊലചെയ്യുന്നതായും കഥകൾ നെയ്തെടുത്തുവെന്നു ഗേ വിശദീകരിക്കുന്നു. ബ്രിട്ടീഷ് യുദ്ധ പ്രചാരണത്തിന്റെ രത്നച്ചുരുക്കം ഒരു ആംഗലേയ പട്ടാളക്കാരനായ സിഗ്ഫ്രെഡ് സാസൂൺ ഇങ്ങനെ വിശദീകരിക്കുന്നു: “ജർമൻകാരുടെ ജീവൻ ഒടുക്കാനായിട്ടാണു മനുഷ്യൻ പിറന്നതെന്നു തോന്നി.”
ദേശീയവാദം പോലെതന്നെ വർഗവിഭാഗത്തെയോ വംശത്തെയോ അമിതമായി ഉയർത്തുന്നത് മറ്റു വർഗങ്ങളുടെയോ വംശങ്ങളുടെയോ നേർക്കു വിദ്വേഷം ഇളക്കിവിടുന്നതിനു കാരണമായേക്കാം. അനേകം ആഫ്രിക്കൻ രാജ്യങ്ങളിലും ഗോത്രവാദം ആക്രമണത്തിനു തിരികൊളുത്തുന്നതിൽ തുടരുമ്പോൾ വർഗീയവാദം ഇപ്പോഴും പശ്ചിമ യൂറോപ്പിനെയും വടക്കേ അമേരിക്കയെയും ബാധിച്ചിരിക്കുന്നു. ദേശീയവാദവുമായി കൂടിക്കലരാനിടയുള്ള മറ്റൊരു വിഭാജ്യ ഘടകമാണു മതം.
മതം. ലോകത്തിലെ നിയന്ത്രണാതീതമായ മിക്ക യുദ്ധങ്ങൾക്കു പിന്നിലും ശക്തമായ മത സ്വാധീനമുണ്ട്. ഉത്തര അയർലണ്ടിലും മധ്യപൂർവദേശത്തും മറ്റിടങ്ങളിലും തങ്ങൾ വിശ്വസിക്കുന്ന മതത്തെപ്രതി ആളുകൾ വെറുക്കപ്പെടുകയാണ്. ഇരുന്നൂറിലധികം വർഷങ്ങൾക്കുമുമ്പ് ആംഗലേയ എഴുത്തുകാരനായ ജോനഥൻ സിഫ്റ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിദ്വേഷമിളക്കിവിടുന്ന ധാരാളം മതങ്ങൾ നമുക്കുണ്ട്, എന്നാൽ നമ്മെ പരസ്പരം സ്നേഹിപ്പിക്കുന്നതായിട്ട് അധികമൊന്നുമില്ല.”
1933-ൽ ഹിറ്റ്ലർ ഓസ്നാബ്രൂക്കിലെ ബിഷപ്പിനെ ഇപ്രകാരം അറിയിച്ചു: ‘യഹൂദൻമാരുടെ കാര്യത്തിൽ കത്തോലിക്കാ സഭ കഴിഞ്ഞ 1,500-ഓളം വർഷമായി സ്വീകരിച്ചിരിക്കുന്ന അതേ നയം തുടരുക മാത്രമാണു ഞാൻ.’ അയാളുടെ വിദ്വേഷപരമായ ആസൂത്രിത കൂട്ടക്കൊലയെ ജർമനിയുടെ മിക്ക സഭാ നേതാക്കൻമാരും ഒരിക്കലും കുറ്റം വിധിച്ചില്ല. ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പോൾ ജോൺസൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: “തങ്ങളെ ദഹിപ്പിക്കണമെന്നു വിൽപത്രങ്ങളിൽ പ്രസ്താവിച്ച കത്തോലിക്കരെ സഭ പുറത്താക്കി, . . . എന്നാൽ തടങ്കൽ അഥവാ മരണ പാളയങ്ങളിൽ വേല ചെയ്യുന്നതിൽനിന്ന് അവരെ വിലക്കാൻ അത് ഒന്നും ചെയ്തില്ല.”
ചില മതനേതാക്കൻമാർ വിദ്വേഷത്തിനുനേരെ കണ്ണടച്ചുകളയുന്നതിലും ഒരുപടി മുന്നോട്ടുപോയിരിക്കുന്നു—അവർ അതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. 1936-ൽ സ്പാനിഷ് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ ‘ദൈവത്തെ യഥാർഥത്തിൽ സാത്താന്യമായി വെറുക്കുന്ന’വരായി പയസ് XI-ാമൻ പാപ്പാ കുറ്റംവിധിച്ചെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ പക്ഷത്ത് കത്തോലിക്കാ പുരോഹിതൻമാരും ഉണ്ടായിരുന്നു. സമാനമായി, ആഭ്യന്തര യുദ്ധകാലത്ത് സ്പെയിനിന്റെ ശ്രേഷ്ഠാധ്യക്ഷനായ കർദിനാൾ ഗോമ, ‘ആയുധ യുദ്ധം കൂടാതെ അനുനയത്തിലേർപ്പെടുക അസാധ്യമാണെന്ന് അവകാശപ്പെട്ടു.’
മതപരമായ വിദ്വേഷം കുറയുന്ന ലക്ഷണമില്ല. 1992-ൽ അതിർവരമ്പില്ലാത്ത മനുഷ്യാവകാശങ്ങൾ (ഇംഗ്ലീഷ്) എന്ന മാഗസിൻ, ഗ്രീക്ക് ഓർത്തഡോക്സ് സഭ യഹോവയുടെ സാക്ഷികൾക്കെതിരെ വിദ്വേഷം ഇളക്കിവിടുന്നതിനെ കുറ്റംവിധിച്ചു. ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതൻ 14 വയസ്സുള്ള രണ്ടു സാക്ഷികൾക്കെതിരെ പരാതി സമർപ്പിച്ചത് പല ഉദാഹരണങ്ങളിൽ ഒന്നായി അത് പരാമർശിച്ചു. പരാതിയോ? ‘തന്റെ മതം മാറ്റാൻ അവർ ശ്രമിക്കുന്നു’ എന്ന് അദ്ദേഹം അവരെപ്പറ്റി പരാതിപ്പെട്ടു.
വിദ്വേഷത്തിന്റെ പരിണതഫലങ്ങൾ
വിദ്വേഷത്തിന്റെ വിത്തുകൾ ലോകവ്യാപകമായി നടുകയും അനീതി, മുൻവിധി, ദേശീയവാദം, മതം എന്നിവയാൽ അതിനു വളംവെച്ചുകൊടുക്കുകയും ചെയ്യുന്നു. ക്രോധം, കലഹം, യുദ്ധം, വിനാശം എന്നിവയാണ് അതിന്റെ ഒഴിച്ചുകൂടാനാവാത്ത ഫലങ്ങൾ. 1 യോഹന്നാൻ 3:15-ലെ പിൻവരുന്ന പ്രസ്താവന ഇതിന്റെ ഗൗരവം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു: “സഹോദരനെ പകെക്കുന്നവൻ കുലപാതകൻ ആകുന്നു.” വിദ്വേഷം പെരുകുന്നിടത്ത് സമാധാനം—അത് നിലനിൽക്കുന്നുവെങ്കിൽത്തന്നെ—അസ്ഥിരമാണ്.
നോബൽ സമ്മാന ജേതാവും കൂട്ടക്കൊലയെ അതിജീവിച്ചവനുമായ ഏലീ വീസൽ എഴുതുന്നു: “അതിജീവകന്റെ കടമ സംഭവിച്ച കാര്യത്തിനു സാക്ഷ്യം വഹിക്കുകയാണ് . . . ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ ഇടയുണ്ട് എന്ന്, ദുഷ്ടതയെ കെട്ടഴിച്ചുവിടാൻ ഇടയുണ്ട് എന്ന് ജനങ്ങൾക്കു മുന്നറിയിപ്പു നൽകണം. വർഗവിദ്വേഷം, ആക്രമണം, വിഗ്രഹാരാധന—അവ ഇപ്പോഴും തഴച്ചുവളരുകയാണ്.” വിദ്വേഷം താനെ എരിഞ്ഞടങ്ങുന്ന തീയല്ലെന്ന് 20-ാം നൂറ്റാണ്ടിന്റെ ചരിത്രം തെളിവു നൽകുന്നു.
മനുഷ്യ ഹൃദയങ്ങളിൽനിന്നു വിദ്വേഷം എന്നെങ്കിലും പിഴുതെറിയപ്പെടുമോ? വിദ്വേഷം എല്ലായ്പോഴും വിനാശകരമാണോ അതോ അതിന് ഒരു നല്ല വശമുണ്ടോ? നമുക്കു കാണാം.