പുറത്താക്കൽ—സ്നേഹനിർഭരമായ ഒരു കരുതലോ?
“സർവ്വശക്തിയുള്ള കർത്താവായ [“യഹോവയാം,” NW] ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” (വെളിപ്പാടു 4:8) ആ വിവരണത്തിനു ചേർച്ചയിൽ, പരിശുദ്ധ പ്രമാണങ്ങളുടെ ഉറവിടമാണു യഹോവ. ഇവ “വിശുദ്ധ ലിഖിതങ്ങളിൽ” രേഖപ്പെടുത്തിയിട്ടുണ്ട്, ഈ മാർഗനിർദേശങ്ങൾ പിൻപറ്റാൻ ക്രിസ്ത്യാനികൾ കടപ്പാടുള്ളവരുമാണ്. വാസ്തവത്തിൽ, യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധമായതെന്തും അവർ വർജിക്കണം.—2 തിമോത്തി 3:15, NW; യെശയ്യാവു 52:11.
ബൈബിൾ വ്യക്തമായി ഇങ്ങനെ കൽപ്പിക്കുന്നു: ‘നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ (1 പത്രൊസ് 1:15, 16) 19 നൂറ്റാണ്ടുകൾക്കുമുമ്പു സത്യക്രിസ്ത്യാനിത്വം നിലവിൽ വന്നതു മുതൽ ആത്മീയവും ധാർമികവുമായ അശുദ്ധിയിൽനിന്ന് അതിനെ സംരക്ഷിക്കുന്നതിനു സത്യക്രിസ്ത്യാനികൾ കഠിനമായി പോരാടിയിരിക്കുന്നു.—യൂദാ 3.
സംരക്ഷണം ആവശ്യമായിരിക്കുന്നതിന്റെ കാരണം
ധാർമികവും ആത്മീയവുമായി ശുദ്ധിയുള്ളവരായിരിക്കുക എന്ന പ്രയാസകരമായ കൃത്യത്തെ ദൈവത്തിന്റെ സകല ദാസൻമാരും അഭിമുഖീകരിക്കുന്നു. അതിനു ശക്തരായ മൂന്ന് എതിരാളികളോടു ചെറുത്തുനിൽക്കേണ്ടതുണ്ട്—സാത്താൻ, അവന്റെ ലോകം, നമ്മുടെ പാപപങ്കിലമായ ജഡിക അഭിലാഷങ്ങൾ. (റോമർ 5:12; 2 കൊരിന്ത്യർ 2:11; 1 യോഹന്നാൻ 5:19) അധാർമികരായിരിക്കുന്നതിനു മാത്രമല്ല അതിന്റെ വഴികൾ പിന്തുടരുന്നതിനും സാത്താന്റെ ലോകം നിങ്ങളെ പ്രലോഭിപ്പിക്കും. അതു നിങ്ങൾക്കു ഭൗതിക സമ്പത്തും പ്രശസ്തിയും സ്ഥാനമാനങ്ങളും അധികാരവും വാഗ്ദാനം ചെയ്യും. എങ്കിലും, സത്യാരാധന പിന്തുടരാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ സാത്താന്റെ വാഗ്ദാനങ്ങൾക്കെതിരെ ചെറുത്തുനിൽക്കുകയും “ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം” നിലകൊള്ളുകയും ചെയ്യും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ ശുദ്ധമായ സ്ഥാപനത്തിന്റെ സംരക്ഷണാത്മകവും സ്നേഹനിർഭരവുമായ പരിപാലനത്തിൻ കീഴിൽ നിലകൊള്ളാൻ ആഗ്രഹിക്കുന്നു.—യാക്കോബ് 1:27; 1 യോഹന്നാൻ 2:15-17.
മാനുഷ ബലഹീനതകൾ നിമിത്തം സാത്താന്റെ പ്രലോഭനങ്ങൾക്കു വഴിപ്പെടുന്ന ക്രിസ്തീയ സഭയിലെ ഏതൊരംഗത്തിനും യഹോവ സഹായം പ്രദാനം ചെയ്തിട്ടുണ്ട്. സഭയെ സംരക്ഷിക്കുന്നതിനും തെറ്റുചെയ്തവർ തങ്ങളുടെ പാപത്തിനെതിരെ അനുതപിക്കേണ്ടതിനു സ്നേഹപുരസ്സരമായ സഹായം നൽകുന്നതിനും പൂർവസ്ഥിതി പ്രാപിക്കുന്നതിന് ആവശ്യമായ ക്രമപ്പെടുത്തലുകൾ നടത്തുന്നതിനുംവേണ്ടി ആത്മീയ യോഗ്യതയുള്ള മൂപ്പൻമാർ നിയമിക്കപ്പെട്ടിരിക്കുന്നു. ദുഷ്പ്രവൃത്തിയിൽ ഏർപ്പെടുന്ന ഏതൊരു ക്രിസ്ത്യാനിയും അനുതപിക്കുകയും തന്റെ വഴികൾക്കു മാറ്റംവരുത്തുകയും ചെയ്യേണ്ടതിന് അയാൾക്കു ക്ഷമാപൂർവം സഹായം നൽകേണ്ടതാണ്.—ഗലാത്യർ 6:1, 2; യാക്കോബ് 5:13-16.
പുറത്താക്കൽ സ്നേഹപുരസ്സരമായിരിക്കുന്ന വിധം
മനഃപൂർവം ദുഷ്ടമായ ഒരു ഗതി പിന്തുടരുകയും മാറ്റംവരുത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന സ്നാപനമേറ്റ യഹോവയുടെ ദാസർ അനുതാപമില്ലാത്തവരായും തന്മൂലം ക്രിസ്തീയ സഹവാസത്തിന് അയോഗ്യരായും കണക്കാക്കപ്പെടണം. (താരതമ്യം ചെയ്യുക: 1 യോഹന്നാൻ 2:19.) ശുദ്ധമായ ക്രിസ്തീയ സഭയിൽ നിലകൊള്ളുന്നതിനും അങ്ങനെ അതിനെ ദുഷിപ്പിക്കുന്നതിനും അത്തരം വ്യക്തികളെ അനുവദിച്ചുകൂടാ. അവരെ പുറത്താക്കുകതന്നെ വേണം.
ദുഷ്കൃത്യങ്ങളിലേർപ്പെടുന്നവരെ പുറത്താക്കുന്നതിലെ ഔചിത്യം പിൻവരുന്ന സാഹചര്യത്തിലൂടെ ചിത്രീകരിക്കാവുന്നതാണ്: വിദ്യാർഥികൾക്കുനേരെയുള്ള അക്രമത്തിന്റെയും കുറ്റകൃത്യത്തിന്റെയും വർധനവു നിമിത്തം ചില സ്കൂളുകൾ ഒരു നയം സ്വീകരിച്ചിരിക്കുന്നു. “ആയുധങ്ങൾ ഉപയോഗിക്കുകയോ ഉപയോഗിക്കുമെന്നു ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന വിദ്യാർഥികളെ എന്നേക്കുമായി സ്കൂളിൽനിന്നു പുറത്താക്കാൻ” ആ നയം അനുശാസിക്കുന്നതായി കാനഡയിൽ, ടൊറൊന്റോയിലുള്ള ഒരു വാർത്താപത്രമായ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. അക്രമ പ്രവർത്തനങ്ങൾക്കു വിധേയരാകാതെ വിദ്യാഭ്യാസ പരിപാടിയിൽനിന്നു പ്രയോജനമനുഭവിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ സംരക്ഷിക്കുകയാണ് ഈ പുറത്താക്കലുകൊണ്ട് ഉദ്ദേശിക്കുന്നത്.
അനുതപിക്കാത്ത ഒരു ദുഷ്പ്രവൃത്തിക്കാരനെ സഭയിൽനിന്നു പുറത്താക്കുന്നതു സ്നേഹനിർഭരമായിരിക്കുന്നത് എന്തുകൊണ്ട്? അപ്രകാരം ചെയ്യുന്നതു യഹോവയോടും അവന്റെ വഴികളോടുമുള്ള സ്നേഹത്തിന്റെ ഒരു പ്രകടനമാണ്. (സങ്കീർത്തനം 97:10) നീതിനിഷ്ഠമായ മാർഗം പിന്തുടരാൻ ആഗ്രഹിക്കുന്നവരോടുള്ള സ്നേഹപ്രകടനമാണ് ഈ പ്രവൃത്തി, കാരണം അത് അവരുടെമേൽ മോശമായ സ്വാധീനം ചെലുത്താൻ ഇടയുള്ളവരെ അവരുടെ ഇടയിൽനിന്നു നീക്കിക്കളയുകയാണ്. അതു സഭയുടെ ശുദ്ധിയും കാത്തുസൂക്ഷിക്കുന്നു. (1 കൊരിന്ത്യർ 5:1-13) കടുത്ത അധാർമികതയോ ആത്മീയ അശുദ്ധിയോ സഭയിൽ നിലകൊള്ളാൻ അനുവദിച്ചാൽ അത് ദുഷിപ്പിക്കപ്പെടുകയും പരിശുദ്ധനായ യഹോവക്കു വിശുദ്ധ സേവനം അർപ്പിക്കാനുള്ള ഔചിത്യം നഷ്ടമാക്കുകയും ചെയ്യും. കൂടാതെ, ദുഷ്പ്രവൃത്തിക്കാരന്റെ പുറത്താക്കൽ തന്റെ വഴിപിഴച്ച പെരുമാറ്റഗതിയുടെ ഗൗരവം തിരിച്ചറിയുന്നതിനും അനുതപിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അങ്ങനെ സഭയിൽ തിരികെ സ്വീകരിക്കപ്പെടുന്നതിനും അയാളെ സഹായിച്ചേക്കാം.
മറ്റുള്ളവരിൽ ചെലുത്തുന്ന പ്രഭാവം
സഭയിലെ ഒരംഗം വ്യഭിചാരം പോലെ ഗുരുതരമായ പാപം ചെയ്യുമ്പോൾ അയാൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയല്ല ചെയ്യുന്നത്. (സദൃശവാക്യങ്ങൾ 27:11) ലൈംഗിക അധാർമികതക്കു വഴിപ്പെടുന്ന ഏതൊരു ക്രിസ്ത്യാനിയും, തന്നോടൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോത്തീഫറിന്റെ ഭാര്യ യോസേഫിനെ കരുവാക്കാൻ ശ്രമിച്ചപ്പോൾ യോസേഫ് ചിന്തിച്ചപോലെയല്ല ചിന്തിക്കുന്നത് എന്നതു തീർച്ചയാണ്. “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?” എന്നായിരുന്നു യോസേഫിന്റെ പ്രതികരണം. (ഉല്പത്തി 39:6-12) യോസേഫ് യഹോവയുടെ വിശുദ്ധ പ്രമാണങ്ങളെ ആദരിക്കുകയും ആ രംഗത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. നേരേമറിച്ച്, ഒരു വ്യഭിചാരിക്കു തന്റെ ജഡിക അഭിലാഷത്തെ തൃപ്തിപ്പെടുത്തുന്നതിൽനിന്നു തന്നെ തടഞ്ഞുനിർത്തത്തക്ക ദൈവസ്നേഹം ഇല്ലാത്തതായി തോന്നുന്നു.—ഗലാത്യർ 5:19-21.
ദൈവ കൽപ്പനകൾ ലംഘിക്കുന്ന സ്നാപനമേററ ഒരു വ്യക്തി താൻ വിശ്വാസികളായ തന്റെ ബന്ധുക്കൾക്കു വരുത്താൻ പോകുന്ന വൈകാരിക ആഘാതത്തെക്കുറിച്ചു ചിന്തയുള്ളവനല്ല. ഈ വൈകാരിക സമ്മർദം ചിലർക്കു വഹിക്കാവുന്നതിലുമധികമാണ്. തന്റെ മകൻ അധാർമികനാണെന്നു കണ്ടെത്തിയശേഷം ഒരു ക്രിസ്തീയ സ്ത്രീ ഇപ്രകാരം വിലപിച്ചു: “ഞങ്ങൾ എത്രമാത്രം മുറിവേറ്റവരും ആകുലചിത്തരുമാണെന്നു മനസ്സിലാക്കുന്ന സഹോദരീസഹോദരൻമാർ ഉണ്ടെങ്കിൽത്തന്നെ വളരെ ചുരുക്കമാണ്. . . . ഞങ്ങൾ ഹൃദയം തകർന്ന നിലയിലാണ്.” ഒരു മുഴു കുടുംബത്തിന്റെയും സൽപ്പേരിനു കളങ്കം ചാർത്തപ്പെട്ടെന്നുവരാം. വിഷാദവും ഒരളവിൽ കുറ്റബോധവും വിശ്വസ്തരായ കുടുംബാംഗങ്ങളെ വേട്ടയാടിയേക്കാം. അങ്ങനെ ദുഷ്പ്രവൃത്തിക്കാരന്റെ ദുഷ്ട ജീവിതഗതി കുടുംബാംഗങ്ങൾക്കു ഹൃദയവേദന വരുത്തുന്നു.
കുടുംബാംഗങ്ങൾക്കു സ്നേഹപുരസ്സരമായ സഹായം
പുറത്താക്കപ്പെട്ട വ്യക്തികളുടെ കുടുംബാംഗങ്ങൾ അവശ്യം ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്: പുറത്താക്കൽ സ്നേഹപുരസ്സരവും സംരക്ഷകവുമാണെന്നത്. ദുഷ്പ്രവൃത്തിക്കാരനെ സഹായിക്കേണ്ടതിനു സാധ്യമായ എല്ലാ ശ്രമങ്ങളും ചെയ്യുന്നുണ്ട്. എന്നാൽ അയാൾ ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും ശാഠ്യപൂർവം അനുതപിക്കാതിരിക്കുകയും ചെയ്യുന്നുവെന്നു തെളിയുന്നപക്ഷം സഭ സംരക്ഷിക്കപ്പെടേണ്ട ആവശ്യമുണ്ട്. അപ്പോൾ, “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ” എന്നു ദൈവവചനം പിൻവരുന്നപ്രകാരം നിഷ്കർഷിക്കുന്നതുപോലെ ചെയ്യുകയല്ലാതെ നിർവാഹമില്ല. (1 കൊരിന്ത്യർ 5:13) ഒരു സാക്ഷി പറഞ്ഞതുപോലെ, “പുറത്താക്കപ്പെടൽ യഹോവയോടുള്ള വിശ്വസ്തതയുടെ പ്രശ്നമാണ്.”
കുടുംബത്തിലെ ഒരംഗം പുറത്താക്കപ്പെടുമ്പോൾ ക്രിസ്ത്യാനികളായ ബന്ധുക്കൾ വേദന അനുഭവിക്കുന്നു. അതുകൊണ്ട് അവർക്ക് ആത്മീയമായി ഉണർവേകുന്നവരായിരിക്കാൻ നിയമിത മൂപ്പൻമാർ തങ്ങളുടെ പരമാവധി ശ്രമിക്കണം. (1 തെസ്സലൊനീക്യർ 5:14) അവർക്കുവേണ്ടിയും അവരോടൊപ്പവും മൂപ്പൻമാർക്കു പ്രാർഥിക്കാവുന്നതാണ്. കെട്ടുപണിചെയ്യുന്ന തിരുവെഴുത്തുപരമായ ആശയങ്ങൾ ചർച്ച ചെയ്യാൻ ഈ വിശ്വസ്ത ക്രിസ്ത്യാനികളെ മിക്കപ്പോഴും സന്ദർശിക്കാവുന്നതാണ്. പ്രിയപ്പെട്ട ഇവരെ ക്രിസ്തീയ യോഗങ്ങൾക്കു മുമ്പും പിമ്പും ആത്മീയമായി ബലപ്പെടുത്തുന്നതിന് ആട്ടിൻകൂട്ടത്തിലെ ഇടയൻമാർ ഓരോ അവസരവും പ്രയോജനപ്പെടുത്തണം. അവരോടൊപ്പം വയൽസേവനത്തിൽ പങ്കെടുത്തുകൊണ്ടു കൂടുതലായ പ്രോത്സാഹനം നൽകാവുന്നതാണ്. (റോമർ 1:11, 12) യഹോവയുടെ ഈ വിശ്വസ്ത ദാസൻമാർക്ക് അവർ അർഹിക്കുന്ന സ്നേഹവും ശ്രദ്ധയും ആത്മീയ ഇടയൻമാർ നൽകേണ്ടതാണ്.—1 തെസ്സലൊനീക്യർ 2:7, 8.
ഒരു വ്യക്തിയുടെ പാപപങ്കിലമായ ജീവിതഗതി, അയാളുടെ കുടുംബത്തിൽ യഹോവയുടെ സേവനത്തിൽ വിശ്വസ്തയോടെ നിലകൊള്ളുന്ന ഏതെങ്കിലും അംഗത്തെ അവഗണിക്കുന്നതിനു തക്ക കാരണമാകുന്നില്ല. ഇസ്രായേലിലെ ദുഷ്ട രാജാവായിരുന്ന ശൗലിനെ ദൈവം തള്ളിക്കളഞ്ഞിരുന്നു, എന്നാൽ ശൗലിന്റെ പുത്രനായ യോനാഥാനോടുള്ള തന്റെ വാത്സല്യത്തിനു കോട്ടംതട്ടാൻ ദാവീദ് അതിനെ അനുവദിച്ചില്ല. വാസ്തവത്തിൽ ദാവീദും യോനാഥാനും തമ്മിലുള്ള ബന്ധം വളരെ ദൃഢമായിത്തീരുകയായിരുന്നു. (1 ശമൂവേൽ 15:22, 23; 18:1-3; 20:41) അതുകൊണ്ട്, യഹോവക്കെതിരെ പാപം ചെയ്യുന്ന ഒരുവന്റെ ബന്ധുക്കളായ ക്രിസ്ത്യാനികൾക്കു സഭയിലുള്ള സകലരും പിന്തുണനൽകുകയും സ്നേഹം പ്രകടിപ്പിക്കുകയും വേണം.
വിശ്വസ്തരായ അത്തരക്കാരെ അവഗണിക്കുകയോ അവരോടു ദയയില്ലാതെ പെരുമാറുകയോ ചെയ്യുന്നത് എത്ര സ്നേഹമില്ലായ്മയാണ്! വിശ്വസ്തരായ കുടുംബാംഗങ്ങൾക്കു പ്രോത്സാഹനത്തിന്റെ പ്രത്യേക ആവശ്യമുണ്ട്. അവർക്ക് ഏകാന്തത തോന്നുകയോ തങ്ങളുടെ സാഹചര്യങ്ങൾ വളരെ ദുഷ്കരമായി അനുഭവപ്പെടുകയോ ചെയ്തേക്കാം. ഒരുപക്ഷേ നിങ്ങൾക്കു ടെലഫോണിലൂടെ അവരോടൊപ്പം ഒരു ആത്മീയ നുറുങ്ങോ കെട്ടുപണിചെയ്യുന്ന അനുഭവമോ പങ്കുവയ്ക്കാവുന്നതാണ്. പുറത്താക്കപ്പെട്ട വ്യക്തിയാണു ഫോൺ എടുക്കുന്നതെങ്കിൽ ക്രിസ്ത്യാനിയായ ബന്ധുവിനോടു സംസാരിക്കണമെന്നുമാത്രം പറയുക. അത്തരം കുടുംബങ്ങളിലുള്ള വിശ്വസ്ത അംഗങ്ങളെ നിങ്ങളുടെ വീട്ടിൽ ഒരു സാമൂഹിക കൂടിവരവിനോ ഊണിനോ നിങ്ങൾക്കു ക്ഷണിക്കാവുന്നതാണ്. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ നിങ്ങൾ അവരെ കണ്ടുമുട്ടുന്നുവെങ്കിൽ ഏതെങ്കിലും വിധത്തിൽ കെട്ടുപണിചെയ്യുന്ന സഹവാസത്തിനുവേണ്ടി ആ സന്ദർഭം നിങ്ങൾ പ്രയോജനപ്പെടുത്തിയേക്കാം. പുറത്താക്കപ്പെട്ട ബന്ധുക്കളുള്ള വിശ്വസ്ത ക്രിസ്ത്യാനികൾ ഇപ്പോഴും യഹോവയുടെ ശുദ്ധമായ സ്ഥാപനത്തിന്റെ ഭാഗമാണ് എന്നോർമിക്കുക. അവർ ഒറ്റപ്പെടുന്നതിനോ നിരുത്സാഹിതരാകുന്നതിനോ വളരെ എളുപ്പമാണ്. അതുകൊണ്ട്, അവരോടു ദയയും സ്നേഹവും കാണിക്കുന്നതിന് ഉത്സുകരായിരിക്കുക. ‘സകല സഹവിശ്വാസികൾക്കും’ നൻമചെയ്യുന്നതിൽ തുടരുക.—ഗലാത്യർ 6:10.
യഹോവയുടെ കരുതലുകളെ വിലമതിക്കുക
ലോകവ്യാപകമായ തന്റെ ആരാധകരുടെ കുടുംബത്തിലുള്ള ഓരോരുത്തരോടും യഹോവയാം ദൈവം ആർദ്രമായ പരിഗണന കാണിക്കുന്നുവെന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും. അവന്റെ മുമ്പാകെ നീതിനിഷ്ഠമായ പാതയിൽ നടക്കാൻ നമ്മെ സഹായിക്കേണ്ടതിനു തന്റെ സ്ഥാപനം മുഖാന്തരം അവൻ സ്നേഹപുരസ്സരം ഒരു ക്രമീകരണം പ്രദാനം ചെയ്തിട്ടുണ്ട്. ഒരു കുടുംബാംഗം മനഃപൂർവം പാപം ചെയ്യുകയും അയാളെ സഭയിൽനിന്നു പുറത്താക്കേണ്ടി വരികയും ചെയ്യുന്നെങ്കിൽപ്പോലും യഥാർഥമായി അനുതപിക്കുന്നപക്ഷം അയാൾക്കു സഭയിൽ തിരികെ വരാവുന്നതാണ്. പിൻവരുന്ന ഉദാഹരണത്തിലൂടെ അതു ദൃഷ്ടാന്തീകരിക്കപ്പെടുന്നു:
അന്ന എന്നു നാം പേർ വിളിക്കുന്ന ഒരു വ്യക്തിയെ മൂപ്പൻമാർ സഹായിക്കാൻ ശ്രമിച്ചെങ്കിലും അവൾ പുകവലി, കുടി, മയക്കുമരുന്ന് എന്നിവയിലേക്കു തിരിഞ്ഞു. അവൾ അനുതപിച്ചില്ലെന്നു മാത്രമല്ല സഭയിൽ നിന്നതുമില്ല. എന്നിരുന്നാലും, യഹോവയുടെ ശുദ്ധമായ സഭയിലെ സഹവാസത്തിന്റെ അഭാവം പെട്ടെന്നുതന്നെ ഖേദത്തോടെ അന്ന തിരിച്ചറിഞ്ഞു, സഹായത്തിനായി അവനോടു പ്രാർഥിക്കുകയും ചെയ്തു. വഴിതെറ്റിപ്പോകുന്നവരുടെ കാര്യത്തിൽ മൂപ്പന്മാർ എത്രമാത്രം താത്പര്യമെടുക്കുന്നു എന്നതു താൻ മുഴുവനായി വിലമതിച്ചില്ല എന്ന് അവൾ സമ്മതിച്ചു പറയുന്നു. അന്ന വീണ്ടും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, അത് അവളെ അനുതാപത്തിലേക്കു നയിച്ചു. അതിനുശേഷം അവൾ സ്നേഹപുരസ്സരമായ, സംരക്ഷകാത്മകമായ സഭയിലേക്കു തിരികെ സ്വീകരിക്കപ്പെടുകയുണ്ടായി. വീണ്ടും അന്ന യഹോവയുടെ ഉന്നതമായ ധാർമിക പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുകയാണ്. മൂപ്പൻമാർ കാണിച്ച സ്നേഹത്തിന് അവൾ നന്ദിയുള്ളവളാണ്. അവൾ ഇങ്ങനെയും അഭിപ്രായപ്പെടുന്നു: “ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ എനിക്ക് എത്ര സഹായകമായിരുന്നുവെന്നു നിങ്ങൾക്ക് ഊഹിക്കാനേ കഴിയില്ല. യഹോവ തീർച്ചയായും നമ്മുടെ ആവശ്യങ്ങൾ നല്ലവണ്ണം നിവർത്തിച്ചു തരുന്നു.”
അതേ, സഭയിൽനിന്നു പുറത്താക്കപ്പെടുകയും എന്നാൽ പിന്നീട് അനുതപിക്കുകയും ചെയ്യുന്നവർക്കു ദൈവം ഒരു വഴിയൊരുക്കിയിരിക്കുന്നു. പുറത്താക്കൽപോലും സ്നേഹനിർഭരമായ ഒരു കരുതലാണെന്നു നാം കണ്ടുകഴിഞ്ഞു. എങ്കിലും നമ്മുടെ പരിശുദ്ധനായ ദൈവത്തിന്റെ നീതിനിഷ്ഠമായ വഴികളിൽ എല്ലായ്പോഴും പറ്റിനിന്നുകൊണ്ട് ഈ ദാരുണമായ അനുഭവം ഒഴിവാക്കുന്നത് എത്ര മെച്ചമായിരിക്കും! യഹോവയുടെ ശുദ്ധവും സ്നേഹനിർഭരവും സംരക്ഷണാത്മകവുമായ സ്ഥാപനത്തിന്റെ ഭാഗമായി അവനെ സ്തുതിക്കുന്നതിനു നമുക്കു ലഭിച്ച പദവിക്കായി നമുക്ക് എന്നും നന്ദിയുള്ളവരായിരിക്കാം.
[26-ാം പേജിലെ ചിത്രം]
സഭയിൽനിന്നു പുറത്താക്കപ്പെട്ടവരുടെ വിശ്വസ്തരായ ബന്ധുക്കളോടു നിങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്നുണ്ടോ?