കാലങ്ങൾ മാറിയിരിക്കുന്നു
വിശ്വസ്തനായിരുന്ന ശലോമോൻ രാജാവിന്റെ മഹനീയമായ വാഴ്ചയിൻ കീഴിൽ പുരാതന ഇസ്രായേലിൽ ജീവിക്കുക എന്നത് എത്ര സന്തോഷകരമായിരുന്നിരിക്കണം! അതു സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും കാലഘട്ടമായിരുന്നു. ശലോമോൻ സത്യാരാധനയിൽ ഉറച്ചു നിലകൊണ്ട കാലമെല്ലാം യഹോവ ആ ജനതയെ സമൃദ്ധമായി അനുഗ്രഹിച്ചു. ശലോമോൻ രാജാവിനു ദൈവം അത്യന്തം ധനസമ്പത്തു മാത്രമല്ല, നീതിയിലും സ്നേഹത്തിലും ഭരണം നടത്തേണ്ടതിന് “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയ”വും നൽകി. (1 രാജാക്കൻമാർ 3:12) “ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കൻമാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു” എന്നു ബൈബിൾ പ്രസ്താവിക്കുന്നു.—2 ദിനവൃത്താന്തം 9:23.
യഹോവ ജനത്തിനു സുരക്ഷിതത്വവും സമാധാനവും ഏറ്റവും നല്ല വസ്തുക്കളും നൽകി. ദൈവവചനം പറയുന്നു: “യഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു.” അക്ഷരീയമായും ആലങ്കാരികമായും, ജനങ്ങൾ “ശലോമോന്റെ കാലത്തൊക്കെയും . . . താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.”—1 രാജാക്കൻമാർ 4:20, 25.
കാലങ്ങൾ മാറിയിരിക്കുന്നു. ഇന്നത്തെ ജീവിതം പണ്ടത്തെ സന്തുഷ്ടമായ നാളുകളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ശലോമോന്റെ കാലത്തേതിൽനിന്നു വിഭിന്നമായി, ഇന്നത്തെ ഒരു മുഖ്യ പ്രശ്നം ദാരിദ്ര്യമാണ്. സമ്പന്ന രാഷ്ട്രങ്ങളിൽപ്പോലും ദാരിദ്ര്യമുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിലും യൂറോപ്യൻ യൂണിയനിലും ജനസംഖ്യയുടെ 15 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയാണു ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രങ്ങളുടെ വികസന പരിപാടി അഭിപ്രായപ്പെടുന്നു.
ലോകവ്യാപകമായ സ്ഥിതി സംബന്ധിച്ച്, ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1994 എന്ന ഒരു യുനിസെഫ് (ഐക്യരാഷ്ട്ര ശിശുക്ഷേമനിധി) റിപ്പോർട്ടു പറയുന്നതനുസരിച്ചു ലോകജനസംഖ്യയുടെ അഞ്ചിലൊന്നു സമ്പൂർണ ദാരിദ്ര്യത്തിലാണു കഴിയുന്നത്. അത്തരം ജീവിതം ലോകത്തിലെ പാവപ്പെട്ടവരിൽ അനേകരെയും സംബന്ധിച്ചിടത്തോളം “കൂടുതൽ ദുഷ്കരവും ആശയറ്റതുമായി തീരുകയാണ്.”
ചില രാജ്യങ്ങളിൽ, കുതിച്ചുയരുന്ന പണപ്പെരുപ്പം ദരിദ്രരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യത്തുള്ള ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ചന്തയിൽ ഏതെങ്കിലുമൊരു വസ്തു കണ്ടിട്ട്, ‘ശരി, വീട്ടിൽ പോയി കാശ് എടുത്തുകൊണ്ടുവന്നിട്ടു വാങ്ങാം’ എന്നു ചിന്തിക്കുന്നു. ഒരുമണിക്കൂർ കഴിഞ്ഞു തിരിച്ചെത്തുമ്പോൾ പറയുന്നു ആ വിലയ്ക്കു സാധനം വാങ്ങാനാവില്ല, അതിന്റെ വില കൂടി എന്ന്. അങ്ങനെയാവുമ്പോൾ ഒരാൾക്ക് എന്തു ചെയ്യാനാവും? അതു തീർത്തും നിരാശാജനകമായ സംഗതിയാണ്.”
മറ്റൊരു സ്ത്രീ പറഞ്ഞു: ‘അതിജീവനത്തിനുള്ള നെട്ടോട്ടത്തിൽ മറ്റാവശ്യങ്ങളെപ്പറ്റി ഞങ്ങൾ മറന്നുപോകുന്നു. എങ്ങനെ ഭക്ഷണം ലഭ്യമാക്കണം എന്ന ഒറ്റ സംഗതിയേ ഇപ്പോൾ ഞങ്ങളുടെ മനസ്സിലുള്ളൂ.’
ഐക്യരാഷ്ട്രങ്ങളുടെ അഭിപ്രായത്തിൽ ഭാവി ഇരുളടഞ്ഞതായി തോന്നിക്കുന്നു. ഉദാഹരണത്തിന്, ഇപ്പോഴുള്ള ജനസംഖ്യാ നിരക്കു തുടരുകയാണെങ്കിൽ “ഒരു വ്യക്തിയുടെ ആയുഷ്കാലത്തിനുള്ളിൽ” ദരിദ്രരുടെ സംഖ്യ നാലിരട്ടിയാകും എന്നാണു യുനിസെഫ് കണക്കുകൂട്ടുന്നത്.
എന്നുവരികിലും, വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, സാമൂഹിക അവസ്ഥകളിലും ദൈവദാസർക്കു ശുഭാപ്തിവിശ്വാസത്തിനു വകയുണ്ട്. ഭാവിയെ ദോഷൈകദൃക്കോടെ വീക്ഷിക്കുന്നവരുടെ മധ്യേയാണു ജീവിക്കുന്നതെങ്കിലും ദൈവദാസർ സന്തോഷത്തോടും ആത്മവിശ്വാസത്തോടും കൂടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നു. അതിനു കാരണമെന്തെന്ന് അടുത്ത ലേഖനം വെളിപ്പെടുത്തും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
De Grunne/Sipa Press